മൂന്നാമത്തേതിനല്ലേ സാർ, മൂന്നാമത്തേതിനല്ലേ ” വോട്ടിങ് മെഷീനടുത്തേക്ക് ചെന്ന വോട്ടറുടെ ചോദ്യം കേട്ട് ഞങ്ങൾ എല്ലാ പോളിംഗ് ടീമും ഒരു നിമിഷം അത്ഭുതത്തോടെ തലയുയർത്തി. “നിങ്ങളുടെ ഇഷ്ടം” ഒരൊറ്റ ശബ്ദമായി ഞങ്ങളുടെ മറുപടി. ഈ മറുപടി ബൂത്തിലെ പോളിങ് ഏജൻറുമാരുടെയും മുഖത്ത് ചിരി പടർത്തി. അവരും സംതൃപ്തരായി. ഇതാണ് ജനാധിപത്യം . ആരുടെയും നിർബന്ധത്തിനു വഴങ്ങാതെ തങ്ങളുടെ കണ്ണിൽ യോഗ്യനാണെന്ന് തിരിച്ചറിഞ്ഞ നേതാവിനെ തിരഞ്ഞെടുത്ത് ഭരണചക്രം ഏൽപ്പിക്കാനുള്ള നമ്മുടെ അവകാശവിനിയോഗം. അവിടെ ഇരുന്ന ഏതെങ്കിലും ഒരു വ്യക്തി അതെയെന്നോ അല്ലാ എന്നോ അർത്ഥത്തിൽ തല അനക്കിയിരുന്നെങ്കിൽ…
രാവിലെ കലക്ഷൻ സെന്ററിലേക്ക് പോകുമ്പോൾ ഭയാശങ്കകൾ ഏറെയായിരുന്നു. കോവിഡ് മഹാമാരി, പ്രായമേറിയ നടക്കാൻപോലും വിഷമിക്കുന്ന ഒരു കേന്ദ്ര ഉദ്യോഗസ്ഥൻ ഇതുവരെ വോട്ട് പോലും രേഖപ്പെടുത്താത്ത ബാങ്ക് ഓഫിസര്‍, കന്നട മാത്രം സംസാരിക്കാൻ അറിയുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ഇവരൊക്കെ ഉൾപ്പെടുന്ന പോളിങ് ടീം, ദൂരെയുള്ള പോളിങ് ബൂത്ത് ഇതൊക്കെയായിരുന്നു ആശങ്കകൾ.
കലക്ഷൻ സെൻററിൽ എത്തിയപ്പോൾ വലിയൊരാൾക്കൂട്ടം. കൂട്ടംകൂടി തന്നെയാണ് എല്ലാവരുടെയും നിൽപ്പ്. മുഖത്ത് മാസ്ക് ഉണ്ടെങ്കിലും അസ്ഥാനത്തായിരുന്നു പലരുടേതും. തുമ്മലും ചീറ്റലും കുരയും ചിരിയുമെല്ലാം പരസ്യമായിത്തന്നെ. ലോകത്തെമ്പാടും കോവിഡ് ജീവിതവുമായി മത്സരിക്കുന്നുണ്ടെന്ന കാര്യം തിരഞ്ഞെടുപ്പിനിടയിൽ പലരും മറന്നതുപോലെ തോന്നി.
പോളിങ് സാമഗ്രികൾ വാങ്ങാനായി മുതിർന്ന ഓഫീസർമാർ ഗേറ്റിനകത്തും മറ്റുള്ളവർ ഗേറ്റിന് പുറത്തും. രണ്ടിടത്തും അകലമേ പാലിക്കുന്നില്ല. ഓരോ ബൂത്തിനും വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും അതിൽ ആരും കയറി ഇരിക്കുന്നില്ല. ഞാനും എന്റെ സഹ പോളിങ് ഓഫീസറും പൊരിവെയിലിൽ വാഹനത്തിന് അടുത്തേക്ക് മാറിനിന്നു. വാഹനം തുറക്കാനോ അതിൽ കയറി ഇരിക്കാനോ ഞങ്ങൾക്ക് പറ്റിയില്ല. ഉച്ചയായപ്പോഴേക്കും പോളിങ് സാമഗ്രികൾ എടുത്തു വരാൻ വീണ്ടും കലക്ഷൻ സെന്ററിലേക്ക് പോയി. റൂട്ട് ഓഫീസറും ഡ്രൈവറും സഹായിച്ചു എല്ലാം വണ്ടിയിലെത്തിച്ചു. സാമഗ്രികൾ പരിശോധിക്കാൻ തുടങ്ങിയപ്പോൾ മഷിയും മറ്റു ചിലതും ഇല്ല എന്ന് അറിഞ്ഞു. ബൂത്തിൽ എത്തിക്കുമെന്ന വൈകിയെത്തിയ വിവരം ആശ്വാസമേകി.
സാങ്കേതികതയുടെ ഔന്നത്യത്തിലെത്തിയിട്ടും, മികച്ച ഗതാഗത സംവിധാനം ഉണ്ടായിട്ടും പോളിങ് സാമഗ്രികൾ ശേഖരിച്ച് ബൂത്തിലെത്തേണ്ടുന്ന സാഹചര്യം ആണ് ഇപ്പോഴും ഇവിടെ നിലനിൽക്കന്നത്. ഇതൊക്കെ നേരിട്ട് ബൂത്തിലേക്ക് എത്തിച്ചു തന്നിരുന്നെങ്കിൽ കൂട്ടം കൂടലും ഗതാഗത തടസവും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയും ഒഴിവാക്കാമായിരുന്നു. കോവിഡ് സാഹചര്യത്തിലെങ്കിലും ഈ സാധ്യതയെ കുറിച്ച് അധികൃതർക്ക് ആലോചിക്കാമായിരുന്നു എന്ന് ഇതൊക്കെ കണ്ടപ്പോൾ തോന്നി.
ഉച്ച കഴിഞ്ഞ് പോളിങ് സ്റ്റേഷനിൽ എത്തി. ഉടനെ തന്നെ ജോലികൾ ആരംഭിച്ചു. വോട്ടിങ് കമ്പാർട്ട്മെൻറ് സെറ്റ് ചെയ്യൽ, സ്റ്റാറ്റ്യൂട്ടറി/ നോൺ സ്റ്റാറ്റ്യൂട്ടറി കവർ സീൽ പതിക്കൽ, ഫോമുകൾ പൂരിപ്പിക്കൽ, വോട്ടേഴ്സ് സ്ലിപ്പ് കെട്ടുകളാക്കൽ, സ്ഥാനാർത്ഥി പട്ടിക എഴുതി ചുവരിൽ പഠിക്കൽ, പോസ്റ്ററുകൾ പതിക്കൽ ഇങ്ങനെ രാത്രി 12 മണി വരെ നീളുന്ന ജോലിഭാരം. ഡിജിറ്റലൈസേഷൻ സാർവത്രികമായ കാലത്തും ഇത്തരം ഫോമുകളും എഴുത്തു കുത്തുകളും എന്തിന് വേണ്ടി എന്ന ചോദ്യം പലരും ഉള്ളിൽ ചോദിക്കുന്നുണ്ടായിരുന്നു. ചിലർ പരസ്യമായും.
ഞങ്ങളുടെ പോളിങ് സ്റ്റേഷൻ പരിധിയിലെ പ്രദേശവാസികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും മാനവികതയുടെ മുഖം അനിതര സാധാരണമായിരുന്നു. ഞങ്ങൾ എല്ലാവർക്കും ആവശ്യമായ ഭക്ഷണം വെള്ളം, തലചായ്ക്കാനൊരിടം എന്നിവ ഒരുക്കി തരുന്നതിൽ രാഷ്ട്രീയമോ, ലിംഗഭേദമോ സ്ഥാനമാനമോ ഒന്നും അവർ നോക്കിയില്ല. അതിരാവിലെ നാല് മണിക്ക് ഉണർന്ന് ദേഹശുദ്ധി വരുത്തി മോക്ക് പോളിങ്നായി ഞങ്ങൾ ഒരുങ്ങി. പോളിങ് ഏജൻറ്മാർ 5.30 ന് തന്നെ എത്തി .പരസ്പര ബഹുമാനത്തോടെ സ്നേഹത്തോടെ എല്ലാ സ്ഥാനാർഥികൾക്കും അവർ വോട്ട് ചെയ്തു. പോളിങ് പരിധിയെക്കുറിച്ചും വോട്ടർമാരെ കുറിച്ചും നല്ലൊരു ധാരണ അവർ നൽകി.
ഏഴ് മണിയോടെ പോളിങ് ആരംഭിച്ചു. പിന്നെ ഒന്നിനും നേരം ഉണ്ടായില്ല .പണിയോട് പണി തന്നെ. പേര് വിളിക്കൽ ആളെ തിരിച്ചറിയൽ, ഒപ്പിടീക്കൽ, കൈവിരലിൽ മഷി പുരട്ടൽ, ഓപ്പൺ വോട്ട്, വോട്ട് ചലഞ്ചിങ്, ടെൻഡർ വോട്ട് അങ്ങനെ, അങ്ങനെ… വൈകുന്നേരം ഏഴുമണിയോടെ പോളിംഗ് അവസാനിച്ചു.
ഈ നീണ്ട ജോലിസമയത്തിനിടയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്ഥലമോ സൗകര്യമോ പോളിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. ഇതിനായി അടുത്ത വീടിനെ ആശ്രയിക്കേണ്ടിവന്നു. ശൗചാലയം ഇല്ലാത്ത, കുടിവെള്ളം പോലും ലഭിക്കാത്ത ഇത്തരം സ്ഥലം പോളിങ് സ്റ്റേഷനാക്കിയപ്പോൾ അടുത്ത വീട്ടുകാർ ജനാധിപത്യത്തിലെ ദൈവദൂതരായി.
അങ്ങനെയൊരു വീടും വീട്ടുകാരും ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നേൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കാൻ പോലും സാധിക്കുന്നില്ല.കോവിഡ് കാലത്താണ് എന്നതൊന്നും നോക്കാതെ ആരും അറിയാത്ത ആ വീട്ടുകാർ കാണിച്ച മനുഷ്യ സ്നേഹം വോട്ടെടുപ്പില്ലാതെ തന്നെ ഞങ്ങൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മനസ്സിൽ ജയിച്ചു.
എല്ലാം കഴിഞ്ഞ് മൊട്ടുസൂചി മുതൽ വിവിപാറ്റ് വരെ കവറിലാക്കി പെട്ടിയിൽ ഒതുക്കി മുദ്ര ചെയ്ത് വാഹനത്തിൽ കയറി ഇരിക്കുമ്പോൾ സാമൂഹിക രാഷ്ട്രീയ സന്നദ്ധപ്രവർത്തകരെല്ലാം ഒത്തുകൂടി. അവരോടുള്ള അകമഴിഞ്ഞ നന്ദി ഞങ്ങൾ രേഖപ്പെടുത്തി .മനുഷ്യരെല്ലാം നന്മ നിറഞ്ഞവർ മാത്രമാണ്. അവിടെ നിന്നിറങ്ങുമ്പോൾ എന്‍റെ മനസ്സ് പറഞ്ഞത് ഇത് മാത്രമാണ്.
ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ കഴിഞ്ഞ ചാരിതാർത്ഥ്യമുണ്ടെങ്കിലും ഇനിയും ഈ പ്രക്രിയ കാലാനുസൃതമായി മാറാനുണ്ടെന്ന് ഈ തിരഞ്ഞെടുപ്പും ഓർമ്മിപ്പിച്ചു. വോട്ടിങ് മെഷീൻ എന്ന മാറ്റം മാത്രമാണ് ഇത്രയും കാലമായി തിരഞ്ഞെടുപ്പിലെ ആധുനികവൽക്കരണം. ആധുനിക സാങ്കേതിക വിദ്യ വളരെയേറെ മുന്നോട്ട് പോയി. എന്നാൽ നമ്മളുടെ തിരഞ്ഞെടുപ്പ് പഴയ രീതികളിൽ തന്നെ തുടരുകയാണ്.
കോവിഡ് കാലത്ത് തിരഞ്ഞെടുപ്പിൽ വിവിരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പരീക്ഷിച്ചു തുടങ്ങാമായിരന്നു. രണ്ട് തിരഞ്ഞെടുപ്പുകൾ തദ്ദേശവും, നിയമസഭയും വന്നുപോയി. ഇതിൽ രണ്ടിലും ചെറിയ തോതിലെങ്കിലും ഈ സാധ്യതകൾ ഇത്തവണ തുടങ്ങി വച്ചിരുന്നുവെങ്കിൽ ഭാവിയിൽ അത് മുന്നോട്ട് കൊണ്ടുപോകുന്നതിന് കൂടുതൽ വേഗമേറിയേനെ എന്ന് തോന്നി.
The post കാലം മാറിയിട്ടും മാറാത്ത തിരഞ്ഞെടുപ്പ് ശീലങ്ങൾ appeared first on Indian Express Malayalam.