മതാതീത ആത്മീയതയുടെ ആധുനിക കാലത്തെ പ്രവാചകനായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. സൂഫി സന്യാസിയെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്, ഭക്തി പ്രസ്ഥാനത്തിലെ ദാർശനികരായ കവികളെപ്പോലെയും. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകനായിരുന്നു അദ്ദേഹം. സൂഫി – ഭക്തിപ്രസ്ഥാന ചരിത്രത്തിലെ മഹാ ദാർശനികരെപ്പോലെ അദ്ദേഹവും മനുഷ്യാനുഭവത്തിന്റെ വലിയൊരു പൂർണതയായാണ് ദൈവത്തെ കണ്ടത്.
ഞാൻ ക്രിസ്തുമതത്തെ വിമർശിച്ചുകൊണ്ട് ‘ക്രിസ്ത്യാനികൾ’ എന്ന ഒരു പുസ്തകമെഴുതിയപ്പോൾ അത് പ്രകാശനം ചെയ്യാൻ ക്ഷണിച്ചത് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെയാണ്. അഞ്ച് വർഷം മുമ്പ് അദ്ദേഹം അത് നിർവഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് ഞാനിപ്പോൾ ഓർമിക്കുന്നത്. പ്രായാധിക്യം കൊണ്ട് ശബ്ദം ഇടറുന്നുണ്ടായിരുന്നെങ്കിലും തന്റെ ദൈവ സങ്കൽപ്പം അദ്ദഹം വിശദീകരിച്ചത് മറ്റൊരു മത നേതാവിനും കഴിയാത്ത ഉൾക്കരുത്തോടെയായിരുന്നു.
Also Read: മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഓർമയായി
അദ്ദേഹം പറഞ്ഞു “…. ഈ ഇദ്ദേഹം നല്ലവനാണെന്ന് ഞാൻ പറഞ്ഞാൽ എന്റെ ആശയത്തോട് യോജിക്കുന്നുവെന്നല്ലാതെ അദ്ദഹം നല്ലവനായിരിക്കണമെന്ന് നിർബന്ധമില്ല. അത് ഞാൻ നല്ലവനാണോ അല്ലയോ എന്നതിനെ ആശ്രയിച്ചാണ് ഇദ്ദേഹം നല്ലവനാണോ എന്നതിരിക്കുന്നത്. അതുകൊണ്ട് നമ്മുടെ ധാരണയിൽ നിന്നാണ് നമ്മൾ ദൈവത്തെ സൃഷ്ടിക്കുന്നത്.”
ദൈവത്തെ രക്ഷിക്കാനായി നടക്കുന്നവരുടെ സമൂഹത്തിൽ മാർ ക്രിസോസ്റ്റത്തിന്റെ വാക്കുകൾ നവോത്ഥാനത്തിന്റെ സന്ദേശം ഉൾക്കൊണ്ടു. അദ്ദേഹത്തെ ആരാധനാപൂർവം കണ്ട സമൂഹം ഈ വാക്കുകളിലെ പ്രവാചക സ്വരം എത്രമാത്രം ഉൾക്കൊള്ളുകയുണ്ടായി? അതിനുത്തരം നിരാശാജനകമാകും.
ക്രിസ്തുമത ചരിത്രത്തെ വിമർശിക്കുന്നതിനും അദ്ദേഹം മടി കാണിച്ചില്ല. ഈ പ്രസംഗത്തിൽ ദൈവത്തെപ്പറ്റി തുടർന്ന് ഇങ്ങനെ പറഞ്ഞു “ദൈവത്തെ മനസിലാക്കുന്നതെങ്ങനെയാ? നമ്മിൽ കൂടി ദൈവത്തെ മനസിലാക്കുകയാണോ അതോ ദൈവത്തിൽ കൂടി നമ്മളെ മനസ്സിലാക്കുകയാണോ? നമ്മൾ അധികവും ദൈവത്തെ സൃഷ്ടിക്കുന്നവരാ. ദൈവത്തെ രക്ഷിക്കാനായി ദൈവത്തെ നശിപ്പിക്കുന്ന മാർഗങ്ങൾ. ക്രിസ്തീയ ചരിത്രം പഠിക്കുകയാണെങ്കിൽ നമുക്കറിയാം, എത്രയോ ആളുകളെ കൊന്നു; എന്തെല്ലാം ചതികൾ, എന്തെല്ലാം വഞ്ചനകൾ. എല്ലാം എന്തിനാ? ദൈവത്തിന് ആപത്തു വരരുത്. ദൈവത്തിന് നാശം വരാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യുകയാണ്. അതാണോ വേണ്ടിയത്? ദൈവം നിശ്ചയിക്കണം ദൈവം ആരാണ് എന്ന്. നാം ദൈവത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണയിൽ വസിക്കുന്നവരാണ്. ദൈവത്തെ അറിയേണ്ടത് ദൈവത്തിലൂടെയാണ്.” കബീറിന്റെയും ഗുരുനാനാക്കിന്റെയുമെല്ലാം ദൈവ ദർശനത്തിനു സമാനമാണിത്.
പുതിയൊരു ഭക്തി പ്രസ്ഥാനത്തിന് പക്ഷെ, നായകൻ മാത്രമേ ഉണ്ടായുള്ളു, അനുയായികളുണ്ടായില്ല. യാഥാസ്ഥിക മനസുകൾക്ക് അദ്ദേഹത്തിന്റെ വാക്കുകൾ ഉൾക്കൊള്ളുക എളുപ്പമായിരുന്നില്ല. കാലത്തിനു മുമ്പെയാണ് ഏതൊരു നവോത്ഥാന നായകനെപ്പോലെ അദ്ദേഹവും നടന്നത്. എന്നാൽ മലയാളികൾ മതങ്ങൾക്കെല്ലാം അതീതമായ ഒരു മഹാവ്യക്തിത്വമായി അദ്ദേഹത്തെ ഉൾക്കൊണ്ടു എന്നത് പ്രധാനമാണ്.
പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു “അന്യനിൽ ദൈവത്തെ കാണാൻ സാധിക്കുന്നവന് മാത്രമേ ലോകത്തിൽ ദൈവത്തെ കാണാൻ കഴിയൂ. ഇതാണ് ഇന്നത്തെ ആവശ്യം.” ഇതായിരുന്നു അദ്ദേഹത്തിന്റെ ദർശനങ്ങളുടെ ചുരുക്കം. എപ്പോഴും തമാശകളിലൂടെ മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇങ്ങനെയൊരു ദർശനം കൈമാറാൻ കൂടിയാണ് അതിലൂടെയെല്ലം ശ്രമിച്ചുകൊണ്ടിരുന്നത്.
മാർ ക്രിസോസ്റ്റത്തിന്റെ ആത്മീയ സാന്നിധ്യം നിലനിൽക്കുന്ന സമൂഹത്തിൽ ഈ വാക്കുകൾ നമ്മളോട് സംസാരിച്ചുകൊണ്ടേയിരിക്കും. മനുഷ്യരെ അത് കൂടുതൽ വിവേകികളാക്കി മാറ്റേണ്ടതാണ്.
The post ആധുനിക കാലത്തെ പ്രവാചക സ്വരം appeared first on Indian Express Malayalam.