കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജിയോ അവരുടെ ജിയോഫോൺ ഉപയോക്താക്കൾക്കായി പുതിയ സൗജന്യ പ്ലാനുകൾ പുറത്തിറക്കി. മഹാമാരിയുടെ കാലത്ത് റീചാർജ് ചെയ്യാൻ കഴിയാത്ത ജിയോഫോൺ ഉപയോക്താക്കൾക്ക് കമ്പനി ഓരോ മാസവും 300 മിനിറ്റിന്റെ സൗജന്യ ഔട്ട്ഗോയിംഗ് കോളുകൾ നൽകും. ഫോൺ റീചാർജ് ചെയ്ത ജിയോഫോൺ ഉപയോക്താക്കൾക്കും ഇതിനു തുല്യമായ പ്ലാൻ സൗജന്യമായി ലഭിക്കും.
“കോവിഡ് മഹാമാരിയുടെ ഈ അത്യപൂർവ്വമായ സമയത്ത്, ഉപയോക്താക്കൾ എല്ലാവരും കണക്റ്റഡ് ആയി ഇരിക്കണമെന്നും എല്ലാവർക്കും താങ്ങാവുന്ന രീതിയിൽ കണക്‌ഷൻ ലഭ്യമാക്കണമെന്നും ജിയോ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യർ” ജിയോ പറഞ്ഞു.
ജിയോ റിലയൻസ് ഫൗണ്ടേഷനുമായി ചേർന്നാണ് ജിയോഫോൺ ഉപയോക്താക്കൾക്ക് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. 300 മിനിറ്റ് മാസ ക്വാട്ടയിൽ നിന്ന് ദിവസേന 10 മിനിറ്റ് സൗജന്യമായി ജിയോഫോൺ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും. പുതിയ പ്ലാൻ പ്രകാരം റീചാർജ് ചെയ്യുന്ന ഉപയോക്താവിന് അതെ റീചാർജ് സൗജന്യമായും ലഭിക്കും. അതായത് 75 രൂപയുടെ ഒരു പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താവിന് 75 ന്റെ തന്നെ ഒരു പ്ലാൻ സൗജന്യമായി ലഭിക്കും.
Read Also: കോവിഡ് വാക്സിൻ റജിസ്ട്രേഷൻ: വ്യാജ ആപ്ലിക്കേഷനുകൾ സൂക്ഷിക്കുക
നിലവിൽ ജിയോഫോൺ ഉപയോക്താക്കൾക്കായി അഞ്ചു പ്ലാനുകളാണ് ജിയോ നൽകുന്നത്. 70 രൂപയുടേത് മുതൽ 749 രൂപയുടെ വരെ പ്ലാനുകളാണ് അവ. 75 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് ദിവസേന 100എംബി ഡാറ്റയും ഒപ്പം 30 എസ്എംഎസുമായി ആകെ 3ജിബി ഡാറ്റ ലഭിക്കും. 125 രൂപയുടെ പ്ലാനിൽ ദിവസേന 500എംബി ഡാറ്റയും ആകെ 14ജിബി ഡാറ്റ മൊത്തത്തിലും 28 ദിവസത്തേക്ക് ലഭിക്കും. ഈ പ്ലാനിൽ 300 എസ്എംഎസ് സൗജന്യമാണ്. 155 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് ദിവസേന 1ജിബി ഡാറ്റയും ദിവസേന 100 എസ്എംഎസും ദിവസേന 28 ദിവസത്തേക്ക് ലഭിക്കും. 185 രൂപയുടെ പ്ലാനിൽ ദിവസേന 2ജിബി ഡാറ്റയും 100 എസ്എംഎസുമാണ് ലഭിക്കുക.
ജിയോഫോൺ പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനായ 749 രൂപയുടെ പ്ലാന് 336 ദിവസമാണ് കാലാവധി. ഇതിൽ ദിവസേന 2ജിബി ഡാറ്റയും 50 എസ്എംഎസും ലഭിക്കും. ജിയോഫോണിന്റെ എല്ലാ പ്ലാനുകളും ജിയോ ടിവി ഉൾപ്പടെയുള്ള ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ ഉൾപ്പടെയായാണ് ലഭിക്കുക. ജിയോ സിം ജിയോ ഫോണിൽ ആണെങ്കിൽ മാത്രമാണ് ഈ പ്ലാനുകൾ പ്രവർത്തിക്കുക. അതുപോലെ ഡാറ്റയുടെ ദിവസേനയുള്ള ഉപയോഗപരിധി കഴിഞ്ഞാൽ വേഗത 64കെബിപിഎസ് ആയി കുറയുകയും ചെയ്യും.
The post ജിയോഫോൺ ഉപയോക്താക്കൾക്ക് 300 മിനിറ്റ് ഫ്രീ ഔട്ട്ഗോയിംഗ്; കോവിഡ്ക്കാലത്ത് ജിയോയുടെ പുതിയ പ്ലാൻ appeared first on Indian Express Malayalam.