അന്തമാൻ നിക്കോബാർ ദ്വീപിൻ കൂട്ടത്തിലെ ഒരു സുപ്രധാനമായ ദ്വീപാണ് സെന്റിനൽ ദ്വീപ്. ലോകമെമ്പാടുള്ള ശാസ്ത്രജ്ഞർക്ക് ഏറെ താൽപര്യം ഉളവാക്കിയ ദ്വീപാണത്. ആയിരക്കകണക്കിന് വർഷങ്ങൾ മുമ്പ് ജീവിച്ച ശിലായുഗത്തിലെ മനുഷ്യരുടെ ജീവിതശൈലി, വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും ഉള്ള വന്യമനോഹരമായ ജീവിതം.
പുറമെ നിന്നുള്ള ഓരോ ഇടപെടലും നഖശിഖാന്തം എതിർക്കുന്നു ഈ മനുഷ്യർ. കടൽ മുഖാന്തരം ആരെങ്കിലും അടുക്കാൻ ശ്രമിച്ചാൽ അമ്പെയ്തു കൊല്ലും, ആകാശം വഴി വിമാനം പറത്തിയാൽ കല്ലെറിയാൻ ശ്രമിക്കും. നമ്മുടെ ശരീരത്തിൽ ബാധിച്ച അണുബാധയൊന്നും ഇവർക്ക് ലക്ഷം വർഷങ്ങളായി ബാധിക്കാത്തത് കൊണ്ടും കുത്തിവെയ്പ് ഒന്നും ഇതുവരെ ചെയ്യാത്തത് കൊണ്ടും നമ്മളിൽ ആരെങ്കിലും അവിടെ പോയാൽ തന്നെ നമ്മുടെ ശരീരത്തിലെ അണുക്കൾ ബാധിച്ചു അവർ മരിക്കും എന്നാണ് കണക്ക് കൂട്ടൽ. അതു കൊണ്ട് തന്നെ ഇന്ത്യൻ ഗവണ്മെന്റിന്റെ ഉത്തരവുണ്ട് ആ ദ്വീപിൽ ആരും അതിക്രമിച്ചു കയറരുത് എന്ന്.
ഇതറിഞ്ഞോ അറിയാതെയോ ആണെന്നറിയില്ല ഒരു അമേരിക്കൻ മിഷനറി ദ്വീപിലേക്ക് എത്താൻ ശ്രമിച്ചു, കൊല്ലപ്പെട്ടു എന്നത് ദുഃഖകരമായ വാർത്തയാണ് അടുത്തിടെ ഈ ദ്വീപിനെ വീണ്ടും വാർത്തകളിൽ നിറച്ചത്. സർക്കാരിന്റെ ഉത്തരവ്, ശാസ്ത്രഞ്ജന്‍മാരുടെ ഗവേഷണം എല്ലാം നിലവിൽ ഉണ്ട്, രാജ്യാന്തരതലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന ദ്വീപാണ്. ആ സാഹചര്യത്തിൽ ഇങ്ങനെ അവിടെ എത്താൻ ശ്രമിക്കണോ എന്നൊക്കെ ഞാൻ ആലോചിച്ചു.
മറ്റൊരു കാരണം കൂടിയുണ്ട് എനിക്ക് ഈ ദ്വീപിനോട് അതീവ സ്നേഹം തോന്നാൻ. ആ സ്നേഹത്തിന് കാരണം ഇന്നല്ലെങ്കിൽ പിന്നെ എന്നാണ് ഞാൻ പറയേണ്ടത്. അതു കൊണ്ട് ഇന്ന് തന്നെ പറയാം.
ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം, പ്രത്യേകിച്ച് അമ്മമാരെ സംബന്ധിച്ചടത്തോളം അടുക്കള എന്നത് ഒരു ദ്വീപാണ്. അവരല്ലാതെ മറ്റാരും കയറാൻ ശ്രമിക്കാത്ത, അവിടെയുള്ള ഒന്നും മറ്റാരും തൊട്ടു നോക്കാത്ത ഒരു ദ്വീപ്, അങ്ങനെ ദ്വീപിൽ കഴിയുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായ എനിക്ക് അതേക്കുറിച്ച് പറയാതെ പറ്റിലല്ലോ. കാരണം, അടുക്കള ദ്വീപിൽ അരഞ്ഞ്, പൊടിഞ്ഞ്, തിളച്ച്, കരിഞ്ഞ് തീരുന്ന ജീവിതം വേറെയാരും കാണുന്നില്ലല്ലോ, അല്ലെങ്കിൽ കണ്ടതായി നടിക്കുന്നില്ലല്ലോ.
ചുരുക്കി പറഞ്ഞാൽ സാവിത്രി രാജീവൻ എഴുതിയ കവിതയിലെ പോലെ ‘അടുക്കളയിലെ തേഞ്ഞു തീരുന്ന വീട്ടുപകരണമാണ് ഞാൻ… അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വന്ന ഒരു വീട്ടുപകരണമാണ് ഞാൻ,’ എന്നതാണ് ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ, പ്രത്യേകിച്ച് അമ്മമാരുടെ അവസ്ഥ. ആ അവസ്ഥയ്ക്ക് ഒരു മാറ്റമാണ് ഈ ദ്വീപ്. അതു കൊണ്ട് ആ ‘രഹസ്യം’ പറയാം.
അടുക്കളയില്ലാത്തൊരു ദ്വീപാണത്.
എന്റെ സ്വപ്നങ്ങളിലെ ദ്വീപ്. ചോറും മൂന്ന് തരം കറികളും വെയ്ക്കണ്ട പെടാപ്പാടില്ല, മാവിന് അരി തലേന്ന് വെള്ളത്തിൽ ഇടേണ്ട, അതിരാവിലെ എണീറ്റ് ആട്ടണ്ടാ. സ്ത്രീകളും പുരുഷനമാരെ പോലെ പകലന്തിയോളം പുറം ലോകത്ത് മേഞ്ഞു നടക്കുന്നു, തുറസ്സായ സ്ഥലങ്ങളിൽ എന്ത് വേഷം ധരിക്കണം എന്ന വേവലാതി ഇല്ലാതെ അലഞ്ഞു തിരിയുന്നു.
ഇനിയിപ്പോ ആ യുഗത്തിലേക്കു തിരിച്ചു പോകാൻ നമുക്ക് ബുദ്ധിമുട്ടാണെങ്കിലും, മുന്നോട്ടുള്ള യാത്രയിൽ, ഒരു മഹാമാരി ബാധിച്ച് ജീവിതം തന്നെ മാറ്റിമറിക്കേണ്ടി വന്ന മനുഷ്യർ, തീർച്ചയായും വീട്ടിലെ സമവാക്യങ്ങൾക്ക് മാറ്റം വരുത്താൻ മനസ്സ് വെക്കണം.
വീട്, ആ വീട്ടിൽ ജീവിക്കുന്ന എല്ലാവരുടെയും ആണ്, എല്ലാവർക്കും തുല്യ ഉത്തരവാദിത്തം ഉണ്ട്. ഭക്ഷണം എല്ലാവരുടെയും ആവശ്യമാണ്, അതു കൊണ്ട് അടുക്കളയിലെ ജോലി എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
കോവിഡും ലോക്ക്ഡൗണുമൊക്കെയായി മക്കളും ഭർത്താവും വീട്ടിലിരിക്കെ നിരന്തരമായ വീട്ടുജോലികളും ആവശ്യങ്ങളും കൊണ്ട് ബുദ്ധമുട്ടുന്ന അമ്മമാരോടാണ്: പത്ത് വയസ്സ് കഴിഞ്ഞ കുട്ടികളെ പാചകത്തിൽ പങ്കെടുപ്പിക്കുക, ഇന്ന കൂട്ടാൻ വേണമെങ്കിൽ ഇത്ര ഉള്ളിയും തക്കാളിയും അരിയണം, ഇത്ര ഇഞ്ചിയും വെള്ളുള്ളിയും നന്നാക്കണം, അതു കൊണ്ട് എല്ലാവരും കൂടെ അടുക്കളയിലേക്കു വന്നാട്ടെ, നമുക്ക് ഒരുമിച്ചാക്കാം ഈ ആഘോഷം. അതായത് വീട്ടിലെ ദ്വീപ് എല്ലാവർക്കും ഉള്ളതാക്കാം.
ലോക്ക്ഡൗൺ കാലത്തു ചോറിനു കറി പോരാ, കറിക്കു രുചി പോരാ, തേങ്ങയ്ക്കു അരവു പോരാ, മസാലയ്ക്കു ചൊടി പോരാ എന്നൊക്കെ രായ്ക്കുരാമാനം സങ്കോചമില്ലാതെ അഭിപ്രായം പുറപ്പെടുവിക്കുന്ന പുരുഷന്മാരെ അറിയിക്കുക.
കൊറോണ വൈറസ് കൂടുതൽ ബാധിക്കുന്നതു പുരുഷന്മാരെ ആണത്രേ! ചൈനയിലും ഇറ്റലിയിലും നിന്നുള്ള ഡാറ്റാ സ്ഥിരീകരിക്കുന്നത് മരണം കൂടുതലും പുരുഷന്മാർ ആണെന്ന്.
അതു കൊണ്ടു കൊറോണ, കൊറോണാന്തര കാലം ഒരുപാട് സമവാക്യങ്ങൾ തിരുത്തി എഴുതാൻ തയ്യാറാകുക. ലളിത ജീവിതം, ഉന്നത ചിന്ത. ചോറിനു ഒരു കറി ശീലിക്കുക, ഉടയാടകൾ സ്വയം ഇസ്തിരി ഇടുക, വീട്ടുജോലികൾ തുല്യമായി പങ്കു വെയ്ക്കുക.
നന്ദി പറയാൻ പഠിക്കുക, ക്ഷമ ചോദിക്കാൻ പഠിക്കുക.
എന്താ നിന്റെ ആഗ്രഹം?
നിനക്ക് എന്തു ചെയ്യാനാ ഇഷ്ടം?
ഇങ്ങനെയുള്ള സംഭാഷണങ്ങൾ ഭാര്യയോട്.
അമ്മയ്ക്കിന്ന് വിശ്രമം, രാത്രി ഞാൻ ഭക്ഷണം ഉണ്ടാക്കി തരാം എന്ന് മക്കൾ.
അതേയുള്ളു, അതു മാത്രമേയുള്ളൂ മുന്നോട്ടുള്ള മാർഗ്ഗം!
ഇനി ഇത് കൊണ്ടൊന്നും തൃപ്തി വന്നില്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ‘ദ് ഗ്രേറ്റ്‌ഇന്ത്യൻ കിച്ചൻ’ നിർബന്ധമായും കാണിക്കുക.
കേരള വനിത ശിശു വകുപ്പിന്റെ ‘ഒരമ്മയെന്നത് സർവ്വം സഹ’ അല്ല, സർവ്വ ജോലികളും എടുക്കുന്ന യന്ത്രമല്ല, എല്ലാരേയും പോലെ ജോലിയെടുത്താൽ വിശ്രമം അവകാശമുള്ള, സന്തോഷവും ക്ഷീണവും ദുഃഖവും അനുഭവിക്കുന്ന ഒരു സാധാരണ വ്യക്തിയാണെന്നുള്ള പോസ്റ്റർ വീട്ടിലെ നാല് ചുവരിലും ഒട്ടിക്കുക. ദിവസവും അത് വായിക്കുക. ഒരു കോവിഡ് കാല മാതൃദിനത്തിന്റെ ഓർമ്മക്കായി.
The post Mothers Day: അടുക്കളയില്ലാത്ത ദ്വീപ് appeared first on Indian Express Malayalam.