എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന വാഴക്കൂമ്പ് മുട്ടത്തോരൻ തയ്യാറാക്കിയാലോ
ചേരുവകൾ
- വാഴക്കൂമ്പ് പോള- അഞ്ചെണ്ണം
- നാടൻ മുട്ട- മൂന്നെണ്ണം
- കുരുമുളക് പൊടി- അര ടീസ്പൂൺ
- പച്ചമുളക്- രണ്ട്
- മല്ലിപ്പൊടി- കാൽ ടീസ്പൂൺ
- മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
- തേങ്ങാക്കൊത്ത് -കാൽ കപ്പ്,
- ഉപ്പ്- ആവശ്യത്തിന്,
- വെള്ളം- കാൽ ഗ്ലാസ്
- ചെറിയ ഉള്ളി- 50 ഗ്രാം തൊലികളഞ്ഞ് അരിഞ്ഞത്
- കടുക് -അര ടീസ്പൂൺ
- വറ്റൽ മുളക്- രണ്ടെണ്ണം
- വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ,
- പെരുംജീരകപൊടി- കാൽ ടീസ്പൂൺ
- കറിവേപ്പില- രണ്ട് തണ്ട്
- തേങ്ങ- കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
വാഴക്കൂമ്പ് പോള ചെറുതായി അരിഞ്ഞ് കഞ്ഞിവെള്ളത്തിൽ ഇട്ടുവയ്ക്കുക (അതിന്റെ കറ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്). ശേഷം നന്നായി കഴുകി എടുക്കാം. ഇനി ഒരു മൺചട്ടി അടുപ്പിൽവച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇടുക. ശേഷം തേങ്ങാക്കൊത്ത് ഇട്ട് ഇളക്കുക. ഇനി പോള കഴുകി വച്ചിരിക്കുന്നത് ചേർത്തിളക്കാം, ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേർക്കാം. ശേഷം കാൽ ഗ്ലാസ് വെള്ളമൊഴിച്ച് രണ്ട് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇതിലേക്ക് കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പുപൊടിയും പച്ചമുളക് അരിഞ്ഞതും മല്ലിപ്പൊടിയും ചേർക്കുക. മറ്റൊരു പാൻ അടുപ്പിൽ വച്ച് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി വറുത്ത് ഇടുക്കാം. ഇത് വാഴക്കൂമ്പിലേക്ക് ചേർത്ത് ഇളക്കാം. കൂടാതെ തേങ്ങയും പെരുംജീരകം പൊടിയും ഒന്ന് ചതച്ചെടുക്കുക. തേങ്ങാക്കൂട്ടും ചേർത്ത് ഇളക്കി ചൂടായാൽ അടുപ്പിൽ നിന്ന് മാറ്റാം.
Content Highlights: Vazha koombu mutta thoran kerala naadan recipe for lunch