പ്രതിപക്ഷ നേതാവ് , കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവരെ പദവികളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികൾ സോണിയ ഗാന്ധിക്ക് കത്തയച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
കോൺഗ്രസ് പാർട്ടിയിൽ അടിയന്തരമായി പുനസംഘടന ആവശ്യമാണ്. അല്ലാത്തപക്ഷം പാർട്ടി ഇരുട്ടിലാകുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
നേതൃമാറ്റം ലക്ഷ്യമാക്കിയാണ് യൂത്ത് കോൺഗ്രസ് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തെ ജംബോ കമ്മിറ്റികളും കെപിസിസിയും ഡിസിസികളും പിരിച്ചുവിടണം. കെഎസ്‌യുവിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും സംസ്ഥാന കമ്മിറ്റികൾ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സോണിയ ഗാന്ധിക്ക് കത്തയച്ചത്.
യൂത്ത് കോൺഗ്രസ് കോൺഗ്രസ് കത്തയച്ചതിനോട് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിൻ്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്. തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശ്‌നം തണുപ്പിക്കാനുള്ള ശ്രമമാണ് നേതൃത്വം നടത്തിയത്.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനുമായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. പാർട്ടിയിലും പാർലമെൻ്ററി പാർട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.