ബെംഗളൂരു> ലൈംഗികപീഡനക്കേസിൽ കർണാടക ഹാസനിലെ മുൻ എം.പി. പ്രജ്ജ്വല് രേവണ്ണയുടെപേരിൽ മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ചു. ജെഡിഎസ് ജനപ്രതിനിധിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കുറ്റപത്രം. 1691 പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണസേന (എസ്.ഐ.ടി.) ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില് സമർപ്പിച്ചു.
2020 മുതല് 2023 ഡിസംബർ വരെ പലതവണ പ്രജ്ജ്വൽ വനിതാ നേതാവായ യുവതിയെ പീഡിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
പീഡനദൃശ്യം മൊബൈല് ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്താനായി ഉപയോഗിക്കയും ചെയ്തു. ഹാസനിലെ പ്രജ്ജ്വലിന്റെ എം.പി. ഓഫീസിന് അകത്താണ് ആദ്യപീഡനം.
വിദ്യാർഥിനികളെ പിന്നാക്കക്ഷേമ വിഭാഗത്തിന്റെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ സഹായം തേടിയെത്തിയപ്പോഴായിരുന്നു അന്ന് എംപിയായിരുന്ന പ്രജ്വലിന്റെ ചൂഷണം.
പീഡനദൃശ്യം പുറത്താക്കുമെന്നുപറഞ്ഞ് വീണ്ടും പീഡനത്തിനിരയാക്കി. ഇതിന് പിന്നാലെ വീഡിയോ കോൾ വഴിയും ലൈംഗികാതിക്രമം തുടർന്നു.
120 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് കേസുകളാണ് പ്രജ്ജ്വലിന്റെ പേരിൽ രജിസ്റ്റര് ചെയ്തിരിക്കുന്നത്. മേയ് 31-ന് അറസ്റ്റിലായ പ്രജ്ജ്വല് ഇപ്പോള് പരപ്പന അഗ്രഹാര സെന്ട്രയല് ജയിലില് ജുഡീഷ്യല് കസ്റ്റഡിയിലാണ്. വീട്ടുവേലക്കാരിക്കും പാചകക്കാരിക്കും എതിരായ പീഡന കേസുകളിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
തുടർച്ചയായ പീഡന പരാതികൾ ഉയരുകയും ഇയാളുടെ പീഡനങ്ങളുടെ മൂവായിരത്തോളം വീഡിയോകൾ പുറത്താവുകയും ചെയ്തതോടെ രാജ്യം വിട്ട് രക്ഷപെടാൻ ശ്രമം നടത്തിയിരുന്നു. തിരിച്ചെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി മുന്നണി സ്ഥാനാർഥിയായിരുന്നു. പ്രജ്ജ്വൽ രേവണ്ണ പ്രധാനമന്ത്രി നരേദന്ദ്ര മോദിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പിന്നീട് വിവാദത്തിലായി.