അടുപ്പം കൊണ്ടുമാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്‍ണ്ണമാവൂ. ദൂരെനിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രം എന്നു അപ്പോള്‍ മാത്രമാണ് മനസ്സിലാവുക. രക്തബന്ധം കൊണ്ടു വരുന്ന തുടര്‍ച്ച, നിരന്തരസാമീപ്യം കൊണ്ടുണ്ടായ ഇഴയടുപ്പം, ഒപ്പം വച്ച കാല്‍ച്ചോടുകള്‍ പൂഴ്ന്നുണ്ടായ മനസ്സിലാക്കലുകള്‍, അങ്ങനെ ഏതുമാവാം അടുപ്പത്തിനു കാരണങ്ങള്‍. അടുപ്പത്തിന്‍റെ നടുമുറ്റത്തുനിന്ന് ഒരാള്‍ മറ്റൊരാളെ വായിക്കുകയാണ്, ആ വായനയില്‍ മറ്റാരും കാണാത്ത ചില അളന്നുകുറിക്കലുകള്‍ ഉണ്ടാവും, തീര്‍ച്ച. കേള്‍വിക്കാരും വായനക്കാരും കാഴ്ചക്കാരും അറിയാതെ പോകുന്ന പ്രകാശഗോപുരങ്ങള്‍, പൊട്ടിച്ചിരികള്‍, വേവലുകള്‍, ആന്തലുകള്‍, ഒറ്റപ്പെടലുകള്‍, ഉത്സവങ്ങള്‍, ഈരടികള്‍, രസച്ചരടുകള്‍, കളിക്കമ്പങ്ങള്‍ ഒക്കെയുണ്ട് ഓരോരുത്തരുടെയും ഉള്ളില്‍. അതെല്ലാം അടുപ്പത്തിന്‍റെ കണ്ണടയിലൂടെ മാത്രം കാണാവുന്ന ചിലതാണ്…
അനുഭവങ്ങൾ, അച്ഛനിലേക്കുള്ള അടയാളങ്ങൾ
പട്ടാളത്തിൽ നിന്ന് പിരിഞ്ഞു നാട്ടിൽ സ്ഥിരതാമസമാക്കിയ മാർച്ച് മാസത്തിൽ വലിയൊരു പൊതിയുമായി അച്ഛൻ വീട്ടിൽ വന്നു കയറി. അലുമിനിയം കമ്പിക്കൂടിനകത്ത് നീലച്ചിറകുകളുള്ള ടേബിൾഫാനായിരുന്നു അതിനകത്ത്. ഫാൻ പ്രവർത്തിപ്പിച്ച് അതിന്റെ മുന്നിൽ ഏറെ നേരം നിന്നു അച്ഛൻ.
ഞങ്ങൾക്കായി നേർത്ത മുരളിച്ചയോടെ തിരിയുന്ന ഫാനിന്റെ മുന്നിൽ അച്ഛനോടൊപ്പം ഞങ്ങൾ കുട്ടികളും കാറ്റു കൊണ്ടു. വേനലിനെ പ്രതിരോധിക്കാൻ കൂടെ കൊണ്ടുവന്ന ഫാനിൽ അച്ഛൻ ഒരു മഴക്കാലം കണ്ടു. അച്ഛൻ വേനലിന്റെ കടുത്ത വിരോധി ആയിരുന്നു. ഇഷ്ടകാലം മഴക്കാലമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വേനലിന് ഇത്ര കാഠിന്യമുണ്ടായിരുന്നില്ലെങ്കിലും ചൂടു താങ്ങാൻ പറ്റാത്ത ഒരു ശരീരവും മനസ്സും മസ്തിഷ്കവുമായിരുന്നു അച്ഛന്റേത്.
വേനലിൽ, ശമിക്കാത്ത വിയർപ്പിൽ പലതവണ കുളിച്ചിട്ടും വേവൽ മാറാതെ ഒറ്റതോർത്തുമുടുത്തു അസ്വസ്ഥത പൂണ്ടു നിൽക്കുന്ന അച്ഛനെ എനിക്കറിയാം. അച്ഛന്റെ കഥകളിലും വേനലിൽ ഉരുകുന്ന മനുഷ്യരെയും പ്രകൃതിയേയും കാണാം. പട്ടാളക്കാരനായ അച്ഛൻ മഴക്കാലത്താണ് ആന്വൽ ലീവിൽ വരിക. അകവും പുറവും ഒരു പോലെ ചുട്ടുപൊള്ളിക്കുന്ന പട്ടാള ക്യാമ്പുകളിലെ വേനൽക്കാലം എങ്ങനെയായിരിക്കും അദ്ദേഹം തരണം ചെയ്തിട്ടുണ്ടാവുക എന്ന് ഞാൻ ആലോചിക്കാറുണ്ട്.
തന്നിലെ എഴുത്തുകാരന് പ്രചോദനമായിരുന്നു തിരുമാന്ധാംകുന്ന് ക്ഷേത്ര പരിസരം എന്ന് അച്ഛൻ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കെ നടയിലായിരുന്നു അച്ഛന്റെ തറവാട്. വള്ളുവനാടിന്റെ പരദേവതയുടെ പതിനൊന്നു ദിവസത്തെ പൂരക്കാലം ചുട്ടുപൊള്ളുന്ന മീന മാസത്തിലാണ്. 1974 ലെ ഏപ്രിൽ മാസത്തിൽ നാൽപ്പത്തി എട്ടാം വയസ്സിലാണ് അച്ഛൻ ഓർമ്മയാവുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി അക്കൊല്ലം പൂരക്കാലത്ത് എഴുന്നെള്ളിപ്പും മേളവും കണ്ട് ആദ്യാവസാനം അച്ഛൻ ക്ഷേത്രത്തിൽ നിറഞ്ഞു നിന്നത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
കടുത്ത വേനലിൽ നിറയെ പൂത്തു നിൽക്കുന്ന കൊന്ന മരവും കണിവെള്ളരിയും വിഷുക്കണിയും സദ്യയും അച്ഛൻ ആസ്വദിച്ചു. ഇന്നത്തെ പോലെ വേനലെന്ന് ധരിച്ച് കാലം നോക്കാതെ പൂത്തുനിൽക്കുന്ന പ്രതിഭാസം അക്കാലം കൊന്നകൾക്കുണ്ടായിരുന്നില്ല.
വിഷു കഴിയുമ്പോൾ പൂക്കൾ കളമൊഴിഞ്ഞ കൊന്നമരത്തെ അച്ഛൻ അരഞ്ഞാണമിടാത്ത കുട്ടിയോടുപമിച്ചു. പൂക്കൾ നഷ്ടപ്പെട്ട മരത്തിന്റെ ഞരമ്പുകളിൽ പടരുന്ന വേദനയിൽ സ്വയം നീറി. പുറത്തു ഗൗരവക്കാരനായിരുന്നുവെങ്കിലും ദുർബലനായിരുന്നു അച്ഛൻ. പൂരവും വിഷുവും കഴിഞ്ഞ ഒരു പ്രഭാതത്തിൽ, വരാൻ പോകുന്ന വർഷകാല പ്രലോഭനത്തിന് വഴിപ്പെടാതെ തീരുമാനിച്ചുറച്ച പോലെ സന്തതസഹചാരിയായ ചുവന്ന ലെതർ ബാഗിലെ വെളുത്ത അളുക്കിൽ ഉറക്കഗുളികകളുമായി അച്ഛൻ പാലക്കാട്ടേക്ക് ബസ് കയറി.
ഫാക്ടിലെ ഒരു ചടങ്ങിൽ എം കെ കെ നായർ , മലയാറ്റൂർ , നന്തനാർ
പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് നാട്ടിൽ ജീവിക്കാനുറച്ച അച്ഛന് അഭയമായത് ഫാക്ട് ആയിരുന്നു. അന്നത്തെ എം.ഡി എം. കെ. കെ നായർ പരസ്യ വിഭാഗത്തിൽ അച്ഛന് നിയമനം നൽകി. നിയമന ഉത്തരവു കൈപ്പറ്റി ശങ്കിച്ചു നിന്ന അച്ഛനോട് എം. കെ. കെ. നായർ കാര്യം തിരക്കി. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വേണ്ട വിധം അദ്ദേഹം മനസ്സിലാക്കിയിട്ടില്ലേ എന്നായിരുന്നു അച്ഛന്റെ സംശയം. താങ്കൾ തന്നെയല്ലെ കഥകളെഴുതുന്ന നന്തനാർ എന്ന എം. കെ. കെ. നായരുടെ മറുചോദ്യത്തിൽ എല്ലാമടങ്ങിയിരുന്നു. അവസാന കാലത്ത് ഫാക്ടിന്റെ പാലക്കാട് റിജിയണൽ ഓഫീസിന്റെ പരിധിയിലായിരുന്നു ജോലി. സമയം കിട്ടുമ്പോഴൊക്കെ വീട്ടിൽ വരും. ഗൗരവ പ്രകൃതക്കാരനായ അച്ഛന്റെ പട്ടാള മുഖത്തോടുള്ള ഭയം ക്രമേണ കുറഞ്ഞു വന്നു.
പാലക്കാട്ടെ ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അന്ന് വീട്ടിൽ നിന്നിറങ്ങിയത്. അന്നോ പിറ്റേ ദിവസമോ വീട്ടിൽ എത്തിച്ചേരേണ്ട അച്ഛനെ കുറിച്ച് ഒരു വിവരമില്ലാതായപ്പോൾ എന്റെ മനസ്സ് എന്തോ ആകുലപ്പെട്ടു. എനിക്കന്ന് പതിനെട്ട് വയസ്സാണ് പ്രായം.
നാലാം ദിവസം രാവിലെ ക്ലാസ്സ് മുറിക്ക് പുറത്ത് ഫാക്ടിൽ ജോലി ചെയ്യുന്ന അമ്മാമന്റെ മുഖം കണ്ടപ്പോൾ പുസ്തകങ്ങൾ കൂട്ടികെട്ടി ഇരിപ്പിടത്തിൽ നിന്ന് ഞാൻ എണീറ്റു. ഞങ്ങൾ പാലക്കാട്ടെത്തിയപ്പോഴേക്കും ശരീരം ലോഡ്ജ് മുറിയിൽ നിന്ന് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ലോഡ്ജ് മുറിയിൽ അച്ഛന്റെ ശരീരം തിരിച്ചറിഞ്ഞ ഫാക്ടിലെ സഹപ്രവർത്തകനും എഴുത്തുകാരനുമായ ശത്രുഘ്നൻ ദുഃഖം ഘനീഭവിച്ച മുഖത്തോടെ ഓടി നടന്നിരുന്നു.
വേനലിനോടും ഉഷ്ണത്തോടും വൈരമായിരുന്ന അച്ഛൻ ചൂടിന്റെ ക്രൗര്യമിയന്ന ഏപ്രിൽ മാസത്തിൽ സ്വയം തണുത്തുറഞ്ഞ് മോർച്ചറിയിൽ കിടക്കുന്നത് ഞാൻ മാത്രമേ കണ്ടുള്ളു. സന്ധ്യയോടെ യാക്കരയിലെ പൊതുശ്മശാനത്തിൽ അച്ഛൻ പുകച്ചുരുളുകളായി ആകാശത്തേക്ക് പറന്നുയരുന്നതിനും ഞാൻ സാക്ഷിയായി.
നാൽപ്പത്തിയെട്ട് വയസ്സ് ഒരു എഴുത്തുകാരനെ സംബന്ധിച്ച് യൗവ്വനമാണ്. ആദ്യ കഥ തന്നെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു കാണാൻ ഭാഗ്യമുണ്ടായ എഴുത്തുകാരനാണ് അച്ഛൻ. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള പുരസ്കാരം മുപ്പത്തിയെട്ടാം വയസ്സിൽ തേടിയെത്തി.
കഥകൾക്കും നോവലിനുമായി പത്രാധിപരും പ്രസാധകരും നിരന്തരം കത്തുകളെഴുതി. അരക്ഷിതമായ ബാല്യകാലത്തെയും പട്ടാള ജീവിതത്തെയും അതിശയകരമായി അച്ഛൻ മറികടന്നു. അതിനിടയിൽ കുടുംബമായി. സാമ്പത്തിക ഭദ്രത കൈവരിച്ചു. എഴുത്തുകാരൻ എന്ന നിലയിൽ പ്രശസ്തനായി.
പട്ടാള ജീവിതം കഴിഞ്ഞ് നാട്ടിലെത്തി അറുപതു വയസ്സുവരെ ജോലി ചെയ്യാവുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലിക്കാരനായി . കുടുംബസ്ഥനും എഴുത്തുകാരനുമായി തുടർന്നും ജീവിക്കാൻ താല്പര്യപ്പെടാതെ അച്ഛൻ ആത്മഹത്യയിൽ അഭയം പ്രാപിക്കുമ്പോൾ എനിക്ക് താഴെ രണ്ടു സഹോദരങ്ങളുണ്ടായിരുന്നു. അച്ഛമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു.
നന്തനാരുടെ ഭാര്യ പി രാധ മക്കളായ സുധാകരൻ , ഹരിഗോവിന്ദൻ, തുളസി എന്നിവർക്കൊപ്പം
ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ ഡിപ്ളോമ പഠനത്തിന് ശേഷം അച്ഛന്റെ സുഹൃത്തായ ആർ. ആർ നായരുടെ സ്ഥാപനത്തിൽ ജോലിക്കാരനായി ഞാനും പാലക്കാട്ടെത്തി. വിധി നിയോഗം പോലെ ഒരു ദിവസം എനിക്ക് ആ ലോഡ്ജിൽ പോകേണ്ടി വന്നു. അച്ഛൻ അവസാന ശ്വാസം വലിച്ച, ജീവിതത്തിന്റെ വാതിൽ കൊട്ടിയടച്ച രണ്ടാം നിലയിലെ ഇരുപത്തിരണ്ടാം നമ്പർ മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ഒരു നിമിഷം ഞാൻ മുറിക്കു പുറത്തു നിന്ന് അച്ഛനെ കൈകൂപ്പി പ്രാർത്ഥിച്ചു. മനസ്സിൽ പിതൃസ്വരൂപം നിറഞ്ഞു കയറി.
തന്റെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലും പ്രസാധകരിലും പുതിയ പതിപ്പുകളിലും അച്ഛൻ ഏറെ ശ്രദ്ധാലുവായിരുന്നു. മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ലെങ്കിലും അവസാന കാലത്ത് കുറെ കാര്യങ്ങൾ എന്നെയും പഠിപ്പിക്കാൻ ശ്രമിച്ചു. അതിന്റെ പിന്നിൽ നിശ്ചയിച്ചുറപ്പിച്ചതിന്റെയും പറഞ്ഞേൽപ്പിക്കലിന്റേയും സൂചനകൾ ഉണ്ടായിരുന്നുവെന്ന് പിൽക്കാലത്ത് തോന്നിയിട്ടുണ്ട്.
അച്ഛൻ പറയാതെ പറഞ്ഞേൽപ്പിച്ച പുസ്തക പ്രസാധന കാര്യങ്ങൾ നോക്കി നടത്താനുള്ള ചുമതല എന്നിൽ വന്നു ചേർന്നതും അത് കൃത്യമായി പാലിക്കാൻ സാധിക്കുന്നതിലുമുള്ള ചാരിതാർഥ്യതയും ഇന്ന് ഞാൻ അനുഭവിക്കുന്നു. അച്ഛന്റെ എല്ലാ കൃതികളും ഇന്ന് ലഭ്യമാണ്. പ്രസാധകരും സന്തോഷത്തോടെ അവ പ്രസിദ്ധീകരിക്കുന്നതു കൊണ്ട് മരണാനന്തരം മറക്കപ്പെട്ട ഒരു എഴുത്തുകാരനായി മാറിയില്ല നന്തനാർ.
അച്ഛനെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹത്തിന്റെ ജീവിതവും അനുഭവിച്ചറിഞ്ഞതിനേക്കാൾ കേട്ടറിഞ്ഞതാണ് കൂടുതലും. ഇഷ്ടപ്പെട്ട ഋതുവായ മിഥുനമാസത്തിലെ ഒരു മഴ ദിവസമാണ് അച്ഛന്റെ ജനനം. സമ്പന്നമായ ഒരു കുടുംബത്തിലാണ് ജനിച്ചതെങ്കിലും കുടുംബ ബന്ധങ്ങളിലെ ഉലച്ചിൽ മൂലം ദാരിദ്യത്തിന്റെ ബാല്യത്തിലാണ് വളർന്നത്.
ഒന്നാം ക്ലാസ്സിൽ ചേർന്നത് തന്നെ പത്താമത്തെ വയസ്സിലാണ്. പഠിക്കാൻ ബുദ്ധിയുള്ള കുട്ടിയായിരുന്നുവെങ്കിലും നാലണ ഫീസടക്കാൻ സാധിക്കാതെ വന്നപ്പോൾ സ്കൂൾ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വിശപ്പിനോട് കലഹിച്ച് പകൽ മഴുവൻ പുഴയ്ക്കക്കരെ കുന്നിൻ പുറങ്ങളിലും റെയിൽപാളങ്ങളിലൂടെയും അലഞ്ഞു നടന്നു. അങ്ങനെ ഒരു യാത്രയിൽ പരിചയക്കാർ ആരുമില്ലെന്ന് ഉറപ്പു വരുത്തി ഒരു വീട്ടിലെ പിണ്ഡ സദ്യക്ക് ശേഷമുള്ള സർവാണി സദ്യയിൽ ഊണ് കഴിച്ച് വയറിലെ ശൂന്യതക്ക് താൽക്കാലിക ശമനം നൽകിയ സംഭവം ‘അനുഭവങ്ങൾ’ എന്ന നോവലിൽ പറയുന്നുണ്ട്.
സഹോദരന്മാരായ പി സി കേശവൻ , പി സി നാരായണൻ , നന്തനാർ , സഹോദരി പി സി പാറുക്കുട്ടി , അമ്മ പി സി നാണിക്കുട്ടി അമ്മ , ഭാര്യ പി രാധ
‘അനുഭവങ്ങൾ’ നൂറുശതമാനവും ആത്മകഥാംശമുള്ള അച്ഛന്റെ അവസാന നോവലാണ്. അതിലെ നായകൻ ഗോപി നന്തനാർ തന്നെയാണ്. കഥാകാരനെ ആത്മഹത്യയിലേക്ക് നയിച്ച മരണത്തോടുള്ള മമത ഗോപിയിലും പ്രകടമാണ്. ഒടുവിൽ ഉപജീവനം തേടി പട്ടാളത്തിൽ ചേരുന്ന ‘മോചനം’ എന്ന അധ്യായത്തോടെ നോവൽ അവസാനിക്കുന്നു. അച്ഛനെ വായിച്ചു തുടങ്ങേണ്ടത് ‘അനുഭവങ്ങളി’ൽ നിന്നാണ് എന്ന് അദ്ദേഹത്തെ പഠിച്ചവർ പറയുന്നു.
ചാരുകസേരയിൽ മലർന്നു കിടക്കുന്ന അച്ഛനെ കേട്ടെഴുതാൻ അനേകം അവസരങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അച്ഛന്റെ ശബ്ദത്തിലും എന്റെ കൈപ്പടയിലുമാണ് ‘അനുഭവങ്ങൾ’ പൂർണ്ണമായും എഴുതപ്പെട്ടത്. നോവൽ പറഞ്ഞു തരുമ്പോൾ പലപ്പോഴും അദ്ദേഹം അസ്വസ്ഥനാവുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അച്ഛന്റെ വേഗത്തിൽ എഴുതി ഒപ്പമെത്താൻ ഞാൻ ഏറെ പ്രയാസപ്പെട്ടു. അച്ഛൻ തന്റെ ജീവിതം പറയുകയല്ലേ എന്ന് ഞാൻ ശങ്കിച്ചുവെങ്കിലും ചോദിക്കാൻ ധൈര്യമുണ്ടായില്ല. ‘മരണത്തെ സ്നേഹിച്ചു കൊണ്ടു ജീവിക്കുക. ജീവിതത്തെ വെറുത്തു കൊണ്ടു ജീവിക്കുക.’ ഈ വരികൾ പറഞ്ഞ ശേഷം അച്ഛൻ ഏറെ നേരം മൗനിയായി. ചുവന്ന ചട്ടയുള്ള രജിസ്റ്ററിൽ നോവലിന്റെ കൈയ്യെഴുത്തു പ്രതിയെ വിധിക്കു വിട്ടുകൊടുത്തു കൊണ്ട് മരണാനന്തര ലോകത്തെ അനുഭൂതികൾ തേടി അച്ഛൻ യാത്രയായി.
അച്ഛന്റെ സുഹൃത്തുക്കളായ ശത്രുഘ്നനും പി.എ വാസുദേവനും വീട്ടിൽ വന്ന് കൈയ്യെഴുത്തു പ്രതി മാതൃഭൂമിയിൽ കൊടുത്തു. ആ വർഷം തന്നെ നമ്പൂതിരിയുടെ വരകളോടെ നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അന്ന് നോവൽ കേട്ടെഴുതുമ്പോൾ ‘അനുഭവങ്ങൾ’ അച്ഛന്റെ അവസാന സൃഷ്ടിയാകുമെന്നോ ഭാവിയിൽ ഏറെ ചർച്ച ചെയ്യപ്പെടുമെന്നോ കരുതിയതല്ല.
സിനിമകൾ വിടാതെ കണ്ടിരുന്നു അച്ഛൻ. ജീവിച്ചിരിക്കുമ്പോൾ തന്റെ ഒരു കൃതി സിനിമയായി കാണണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. മരണ ശേഷം തന്റെ ജീവിതം തന്നെ സിനിമയായ അപൂർവ്വതയും അച്ഛനവകാശപ്പെട്ടതാണ്. സംവിധായകൻ എം. ജി ശശി, ‘അനുഭവങ്ങൾ’ക്ക് ‘അടയാളങ്ങൾ’ എന്ന പേരിൽ ചലച്ചിത്രഭാഷ്യം നൽകി. ‘അടയാളങ്ങൾ’ അനേകം പുരസ്കാരങ്ങൾ കരസ്ഥമാക്കി.
കോവിലന് ഒപ്പം നന്തനാർ
വിശപ്പും മഴയോടുള്ള പ്രണയവും മരണാഭിവാഞ്ഛയും ഇത്രയും ആവേശത്തോടെ കഥകളിൽ സന്നിവേശിപ്പിച്ച എഴുത്തുകാരൻ മലയാള സാഹിത്യത്തിൽ ഉണ്ടാവില്ല. അങ്ങാടിപ്പുറം ദേശവും കുടുംബവും പട്ടാളവുമാണ് അച്ഛന് കഥകൾ നൽകിയത്.
കൗമാരം പിന്നിട്ട് പട്ടാളത്തിൽ ചേരുന്നവരെയുള്ള കാലയളവിൽ അച്ഛനിലെ വായനക്കാരനെയോ എഴുത്തുകാരനേയോ എവിടെയും പരാമർശിച്ചു കേട്ടിട്ടില്ല. എന്നാൽ അദ്ദേഹം നല്ലൊരു കേൾവിക്കാരനും കഥകൾ മെനഞ്ഞെടുത്ത് കേൾവിക്കാരെ അദ്ഭുതപ്പെടുത്തുന്ന മികച്ച കഥ പറച്ചിലുകാരനായിരുന്നുവെന്നും ബാല്യകാല സുഹൃത്തും പിന്നീട് അനന്തു എന്ന തൂലികാനാമത്തിൽ കഥകളെഴുതി പ്രശസ്തനാവുകയും ചെയ്ത വി. കെ ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്.
പട്ടാളത്തിന്റെ അച്ചടക്കത്തിൽ സ്വന്തം പേരു വെച്ച് എഴുതാനുള്ള തടസ്സങ്ങൾ കാരണമാവാം പി. സി. ഗോപാലൻ നന്തനാരും വി. വി. അയ്യപ്പൻ കോവിലനും കെ. ഇ. മത്തായി പാറപ്പുറത്തുമായി വേഷം മാറി കഥകളെഴുതിയത്. അവർ കൂട്ടുകാരും, പ്രായം കൊണ്ട് ഒന്നു രണ്ടു വയസ്സിന് അച്ഛൻ ജൂനിയറുമായിരുന്നു.
പാറപ്പുറത്ത് വീട്ടിൽ വന്നാൽ രണ്ടും മൂന്നും ദിവസം താമസിക്കും. അച്ഛന്റെ തിരഞ്ഞെടുത്ത കഥകൾ പ്രസിദ്ധീകൃതമാവുന്നത് പാറപ്പുറത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡണ്ടായ സമയത്താണ്. അച്ഛൻ പഠിച്ച അങ്ങാടിപ്പുറത്തെ തരകൻ സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാർ ആശംസകളുമായി എത്തിച്ചേർന്നു.
സാഹിത്യത്തിൽ ഉറൂബും എസ്.കെ പൊറ്റെക്കാടുമായിരുന്നു അച്ഛന്റെ മാതൃകകൾ. അച്ഛന്റെ സംഭാഷണങ്ങളിൽ എപ്പോഴും കടപ്പാടോടെ കടന്നു വന്നിരുന്ന രണ്ടു വ്യക്തിത്വങ്ങളായിരുന്നു എം. കെ. കെ. നായരും മാതൃഭൂമിയുടെ പത്രാധിപരായിരുന്ന എൻ. വി. കൃഷ്ണവാരിയരും.
എഴുതാനും വായിക്കാനും ധാരാളം സ്ഥലവും സ്വസ്ഥതയുമുള്ള അമ്മയുടെ വീട്ടിൽ താമസിക്കാനാണ് അച്ഛൻ ഇഷ്ടപ്പെട്ടിരുന്നത്. അച്ഛന്റെ മാസ്റ്റർ പീസ് എന്ന് വിലയിരുത്തപ്പെടുന്ന ‘ഉണ്ണിക്കുട്ടന്റെ ലോക’ത്തിലെ പ്രകൃതിയും വീടും ജീവിത ക്രമങ്ങളും അമ്മയുടെ തറവാട്ടിൽ ഞങ്ങൾ കണ്ടു വളർന്ന സാഹചര്യങ്ങളാണ്.
മത്സരങ്ങളുടെയും ഒറ്റപ്പെടലിന്റേയും ലോകത്ത് വീർപ്പുമുട്ടുന്ന പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നാവുന്ന ബാല്യമാണ് ഉണ്ണിക്കുട്ടന്റേത്. അരനൂറ്റാണ്ടിന് മുമ്പുള്ള കേരള പ്രകൃതിയുടെയും ഗ്രാമജീവിതത്തിന്റെയും സ്നേഹബന്ധങ്ങളുടെയും മിഴിവാർന്ന ചിത്രം വരച്ചു വെച്ചിട്ടുള്ള ഈ കൃതി പ്രായഭേദമെന്യേ അമ്പതു വർഷം കഴിഞ്ഞും വായിക്കപ്പെടുന്നു.
പട്ടാളത്തിലെ സഹപ്രവർത്തകർക്കൊപ്പം നന്തനാർ
വള്ളുവനാടൻ സാഹിത്യകാരൻ, പട്ടാള കാഥികൻ എന്നീ അടയാളപ്പെടുത്തലുകൾക്ക് പുറമെ ബാലസാഹിത്യകാരൻ എന്ന പദവിയും ഈ കൃതിയിലൂടെ അച്ഛന് ചാർത്തി കിട്ടിയിട്ടുണ്ട്. ഈ നോവലിലെ ഉണ്ണിക്കുട്ടൻ ഞാനാണ് എന്ന് പലരും കരുതിയിട്ടുണ്ട്. ചോദിച്ചിട്ടുമുണ്ട്. എന്നാൽ അച്ഛൻ പല കാലങ്ങളിൽ കണ്ട ഉണ്ണിക്കുട്ടന്മാരെ ചേർത്തുവെച്ച് രൂപപ്പെടുത്തിയതാണ് ഇതിലെ ഉണ്ണിക്കുട്ടൻ എന്നാണ് എന്റെ വിശ്വാസം.
മൂന്നു മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ ജനുവരിയിലാണ് തൊണ്ണുറു കഴിഞ്ഞ അമ്മ രാധ ഞങ്ങളെ വിട്ടുപിരിഞ്ഞത്. അച്ഛനുമൊത്തു ജീവിച്ച കാലത്തെ സ്മരണകളിൽ മുഴുകിയും വീട്ടിൽ വരുന്ന വിദ്യാർത്ഥികളോട് അച്ഛന്റെ സാഹിത്യവും ജീവിതവും പറഞ്ഞും മക്കളെയും പേരക്കുട്ടികളെയും വീടിനെയും പരിപാലിച്ചും ജീവിച്ച അമ്മയുടെ വേർപാടിലൂടെ ഒരു വിലാസം കൂടി നഷ്ടമായിരിക്കുന്നു.
ഏഴു നോവലുകളും പതിനൊന്ന് കഥാസമാഹാരങ്ങളും ഒരു നാടകവുമാണ് കഷ്ടിച്ച് കാൽ നൂറ്റാണ്ടു മാത്രം നീണ്ടു നിന്ന അച്ഛന്റെ സർഗ്ഗാത്മക കാലത്ത് പ്രസിദ്ധീകൃതമായത്. നന്തനാർ ഓർമ്മയായി അഞ്ചു പതിറ്റാണ്ടു കഴിഞ്ഞിട്ടും തലമുറകൾ പലതും വന്നിട്ടും സാഹിത്യത്തിൽ ആധുനിക കഥാഖ്യാന പരീക്ഷണങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ കൃതികൾ ഇപ്പോഴും നന്നായി വായിക്കപ്പെടുന്നുണ്ട്.
വള്ളുവനാടൻ മലയാളത്തിന്റെ തെളിമയും പച്ചയായ ജീവിതത്തോടു ചേർന്നു നിൽക്കുന്ന കഥാസന്ദർഭങ്ങളും വളച്ചുകെട്ടില്ലാത്ത ലളിതമായ ആഖ്യാന ശൈലിയുമായിരിക്കാം അദ്ദേഹത്തെ വായനക്കാർക്ക് പ്രിയപ്പെട്ട എഴുത്തുകാരനായി നില നിർത്തുന്നത്.
എവിടെ ചെന്നാലും നന്തനാരുടെ മക്കൾ എന്ന നിലക്ക് ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹവാത്സല്യങ്ങളും പരിഗണനയും നന്തനാരെ മലയാളികൾ അത്ര മാത്രം ഓർത്തു വെക്കുന്നു എന്നതിന്റെ തെളിവാണ്.
അങ്ങാടിപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വള്ളുവനാടൻ സാംസ്കാരിക വേദി സർവ്വീസ് ബാങ്കിന്റെ സഹകരണത്തോടെ നവാഗത എഴുത്തുകാർക്കായി നന്തനാർ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. അച്ഛന്റെ സർഗാത്മകതയെ ഇന്നും ആദരിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ അടയാളമായി അതു നിലകൊള്ളുന്നു.
വായനക്കാർക്കും എഴുതാം
‘അടുപ്പത്തിന്‍റെ കണ്ണട’യിലൂടെ കണ്ടു കണ്ടെഴുതുന്ന കുറിപ്പുകള്‍ ആരെക്കുറിച്ചുമാവാം. മകളെ /മകനെക്കുറിച്ചാവാം, ഭാര്യയെ/ഭര്‍ത്താവിനെക്കുറിച്ചാവാം, അയല്‍പക്കക്കാരന്‍ /കാരിയെക്കുറിച്ചാവാം, സഹപ്രവര്‍ത്തകനെ/ കയെക്കുറിച്ചാവാം, സന്തതസഹചാരിയെ/എതിരാളിയൈക്കുറിച്ചാവാം, ജീവിച്ചിരിക്കുന്നതോ മണ്‍മറഞ്ഞതോ ആയ ഒരാളെ കുറിച്ചാവാം, ചുറ്റുവട്ടത്തുനില്‍ക്കുന്നതോ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നതോ ആയ ആളെക്കുറിച്ചാവാം. ദിശ പിരിഞ്ഞുപോയ ഒരാളെക്കുറിച്ചാവാം, ആരെ കുറിച്ചുമാവാം. അടുപ്പം ഒരു കണ്ണടയാവണം എന്നു മാത്രം.