കെ ജി ജയൻ എന്നും കെ ജി വിജയനെന്നും വേറിട്ട രണ്ട് അസ്തിത്വം ഒരു കാലത്തും മലയാളികളുടെ മുന്നിൽ ഉണ്ടായിരുന്നില്ല. ജയവിജയന്മാർ എന്ന് ഒറ്റ ശ്വാസത്തിൽ നമ്മൾ അവരെ വിളിക്കുകയും ആദരിക്കുകയും ചെയ്തു. അവർ പാടി വെച്ചതും അവർ സൃഷ്ടിച്ചതുമായ സംഗീതത്തിന്റെ പിന്നിൽ അനല്പമായ ആത്മാർപ്പണവും കഠിനാധ്വാനവും മഹാഗുരുക്കന്മാരുടെ സാന്നിധ്യവും ഇടപെടലും അവരുടെ തേച്ചു മിനുക്കലും ഉണ്ടായിരുന്നു. വലിയ പ്രതിഭകളോടൊത്താണ് ജയവിജയന്മാർ അക്കാലത്ത് ഇടപെട്ടതെന്ന് അവരുടെ ജീവിതം നിരീക്ഷിച്ചവർ രേഖപ്പെടുത്തുന്നുണ്ട്.
കർണാടക സംഗീതം ബാല്യം മുതൽ അഭ്യസിച്ചു പോന്ന ജയവിജയന്മാർ, രാമൻ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരും നൽകിയ അടിസ്ഥാന പാഠങ്ങളുടെ പിൻബലത്തിൽ, സംഗീത കോളേജ് ആകുന്നതിനു മുമ്പുള്ള സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയിൽ നിന്ന് ശെമ്മാങ്കുടിയുടെ വിദ്യാർത്ഥികളായാണ് ജയൻ ഒന്നാം ക്ലാസിൽ ഗാനഭൂഷണം പാസാവുന്ന നിലയിലേക്ക് വളർന്നു വരുന്നത്.
1964 മുതൽ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴിൽ പത്തുവർഷം കർണ്ണാടക സംഗീതം അഭ്യസിച്ച ജയവിജയന്മാർ കറ തീർന്ന സംഗീതജ്ഞരായിരുന്നു. സംഗീതവും ഭക്തിയും രണ്ടല്ല എന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ ജീവിതവുമായിരുന്നു ഇവരുടേത്. ആലത്തൂർ സഹോദരങ്ങൾ, മല്ലാടി സഹോദരങ്ങൾ, ഹൈദ്രാബാദ് ബ്രദേഴ്‌സ്, ബോംബെ സിസ്റ്റേഴ്‌സ് ഇങ്ങനെ ഒന്നിച്ചുപാടുന്ന സംഗീതജ്ഞർ തമിഴ്‌നാട്ടിൽ പലയിടത്തും തരംഗം സൃഷ്‌ടിച്ച കാലത്തൊന്നും മലയാളത്തിൽ നിന്ന് അങ്ങനെ ഒരുമിച്ചുപാടുന്ന സഹോദരങ്ങൾ ഉണ്ടായിരുന്നില്ല.
ഭക്തിയിലേക്ക് പ്രവേശിക്കാനുള്ള പ്രധാന മാർഗ്ഗം എന്ന നിലയിലാണ് ദക്ഷിണേന്ത്യ സംഗീതത്തെ സമീപിച്ചത്. ദേവീ ദേവന്മാരെ സ്തുതിച്ചു കൊണ്ടും പ്രാർത്ഥിച്ചുകൊണ്ടും മോഹിച്ചുകൊണ്ടും സംഗീതത്തിന്റെ സാഹിത്യം രൂപപ്പെട്ട ദക്ഷിണേന്ത്യയിൽ, സംഗീതം നേരിട്ട് ഭക്തിയിലേക്ക് തൊടുത്തുവെച്ച വില്ലായിരുന്നു. ഈ അവസ്ഥ മറികടക്കൽ ഒരിക്കലും എളുപ്പമായിരുന്നില്ല. എന്നാൽ സംഗീതത്തിൽ നിന്ന് ഭക്തിയെ വേർപ്പെടുത്താതെത്തന്നെ ജനകീയ ജീവിതത്തിലേക്കും ജനകീയ സംഗീതത്തിലേക്കും എങ്ങനെ പ്രവേശിക്കാം എന്നാണ് ജയവിജയന്മാർ ആലോചിച്ചത്. അവർ പാടിവച്ച പാട്ടുകളിലും അവർ സംഗീതം നിർവഹിച്ച പാട്ടുകളിലും ആവർത്തിച്ചു ശ്രമിച്ചു പോന്നത് അതിനായിരുന്നു.
കൈപ്പള്ളി കൃഷ്ണപിള്ള എഴുതി ജയവിജയന്മാർ സംഗീതം നൽകി അവർ തന്നെ ആലപിച്ച, ആരഭി രാഗച്ഛായയിലുള്ള ‘ശ്രീകോവിൽ നട തുറന്നു’ എന്ന ഒരൊറ്റ ഗാനം മതി ഈ ശ്രമങ്ങളുടെ കതിർ കനം മനസ്സിലാവാൻ. ശീർഗാഴിയെപ്പോലെ, ചെൈമ്പയെപ്പോലെ മുഴുനീളഭക്തിയിലിഞ്ഞ ശബ്‌ദം മാത്രമായിരുന്നില്ല അത്. ശബ്ദത്തിലും ആലാപനത്തിലും വഴിഞ്ഞൊഴുകുന്ന ഭക്തിയെ ജനകീയ സംഗീതത്തിൻ്റെ കുറ്റിയിൽ കൃത്യമായി കെട്ടിയിട്ടതായിരുന്നു ജയവിജയൻമാരുടെ ആ ആലാപനം. അങ്ങനെ അവരെ രൂപപ്പെടുത്തിയതിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർക്കും ഡോ. എം. ബാലമുരളികൃഷ്ണക്കും ചെൈമ്പ വൈദ്യനാഥ ഭാഗവതർക്കും കൃത്യമായ പങ്കുണ്ട്. അവരിൽ നിന്ന് ആർജ്ജിച്ചതിനെ സ്ഫുടം ചെയ്ത് മറ്റൊന്നാക്കി പരിവർത്തിപ്പിച്ചാണ് ജയവിജയന്മാർ അത് സാധ്യമാക്കിയത്.
ഗാനഭൂഷണം പഠനം കഴിഞ്ഞ് സംഗീതാദ്ധ്യാപകരായി ജോലി ചെയ്തു കൊണ്ടിരിക്കെ, വൈക്കം മഹാദേവ ക്ഷേത്രത്തിലെ കച്ചേരിക്കിടയിൽ നിന്ന് എന്നാണ് ഓർമ്മ, ജയവിജയന്മാർ ബാലമുരളീകൃഷ്ണയെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് രണ്ടു വർഷക്കാലം വിജയവാഡയിലും തുടർന്ന് മൂന്നുവർഷക്കാലം മദ്രാസിലുമായി ബാലമുരളീകൃഷ്ണയുടെ കൂടെ ഗുരുകുല സമ്പ്രദായത്തിൽ പഠിച്ചും അദ്ദേഹത്തോടൊപ്പം കച്ചേരികളിൽ പാടിയും വളരാൻ അവരെ തുണച്ചു.
പിന്നീടവർ ആ മദ്രാസ് ജീവിതകാലത്ത് ബാലമുരളീകൃഷ്ണയുടെ അനുവാദത്തോടെത്തന്നെയാണ് അവർ ചെമ്പെയുടെ ശിഷ്യന്മാരാവുന്നത്. ശെമ്മാങ്കുടിയിൽ നിന്ന് ബാലമുരളീകൃഷ്ണയിലേയ്ക്കും അവിടെ നിന്ന് ചെമ്പെയിലേക്കും ആസ്വാദകർ അനുഭവിച്ച സംഗീതാനുഭവദൂരം ഈ രണ്ട് മഹാഗായകർ അക്ഷരാർത്ഥത്തിൽ കുറച്ചു തന്നു.
കർണാടക സംഗീതക്കച്ചേരിയോടൊപ്പം സിനിമാസംഗീതത്തെയും ലളിതഗാന സംഗീതത്തെയും ജയവിജയന്മാർ ഒരേപോലെ കൊണ്ട് നടന്നു. മൂന്നു ജനുസ്സിലും മൂന്നു തരത്തിലുള്ള സംഗീത സമീപനം കൊണ്ട് അത്ഭുതം സൃഷ്ടിച്ചു. 1979 ലാണ് ബിച്ചു തിരുമല എഴുതിയ ‘ഹൃദയം ദേവാലയം’ എന്ന,പുറത്തു വരാതെ പോയ ‘തെരുവുഗീത’മെന്ന സിനിമയിലെ പാട്ട് ശിവരഞ്ജിനി രാഗച്ഛായയിൽ ജയവിജയന്മാർ ചിട്ടപ്പെടുത്തി യേശുദാസ് പാടിയത്.
കൗമാരത്തിലേക്ക് പ്രവേശിക്കുന്ന കാലത്ത് ഒരു സിനിമാഗാനം ജീവിതത്തിൻ്റെ പൂർണ്ണമായ വ്യാഖ്യാനമായിത്തീരുന്നു എന്ന് പാടി പഠിപ്പിച്ചു തന്നത് ‘ഹൃദയം ദേവാലയം’ എന്ന പാട്ടായിരുന്നു. ‘ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ,സ്വപ്നങ്ങൾ ആഘോഷം നടത്താറുണ്ടിവിടെ…’ എന്ന് തുടങ്ങി ഞങ്ങളുടെ ബാലജനസഖ്യകാലത്ത് ആ പാട്ട് ഉള്ളിലും പുറത്തും സൃഷ്ടിച്ച ആന്ദോളനം ഇന്നും മനസ്സിൽ തുടരുന്നുണ്ട്.
ഒപ്പം ‘നക്ഷത്ര ദീപങ്ങൾ തിളങ്ങീ…’ എന്ന നിത്യഹരിതഗാനവും. 1977 ൽ ഭീംസിംഗ് ചെയ്ത ‘നിറകുടം’ എന്ന സിനിമയിലാണ് ‘നക്ഷത്ര ദീപങ്ങൾ’ എന്ന യേശുദാസ് ഗാനമുള്ളത്. നവരാത്രി മണ്ഡപത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർ നടത്തുന്ന കച്ചേരിയാണ് ആ പാട്ടിന്റെ വിഷയം. അകമ്പടി സേവിക്കുന്നത് വയലിനിൽ ചൗഡയ്യയും മൃദംഗത്തിൽ പാലക്കാട് മണി അയ്യരും.
ഇവർ മൂവരും ഒന്നിക്കുന്ന അനുഭൂതി ആസ്വാദകരിലേക്കു പകരുന്നതിൽ സംഗീതസംവിധായകർ നടത്തിയ അതി സൂക്ഷ്മമായ പ്രയത്‌നമാണ് ഇന്നും ഈ പാട്ട് ആസ്വാദ്യമായിരിക്കുന്നതിന്റെ രഹസ്യം.
ആൺമക്കളില്ലാതിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതർ ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ മക്കളെപോലെ വളർത്തിയെടുത്തവരായിരുന്നു ജയവിജയന്മാർ. അവർ അവരുടെ ഹൃദയം കൊണ്ട് സൃഷ്ടിച്ച് പിതൃസ്ഥാനീയനായ ഗുരുവിന് നൽകിയ പാദദക്ഷിണ കൂടിയാണ് ആ പാട്ട്.
സിനിമയ്ക്കു വേണ്ടിയായിരുന്നില്ല ആ പാട്ട് ചിട്ടപ്പെടുത്തിയതെന്നും അതൊരു യാദൃച്ഛികാനുഭവമായിരുന്നുവെന്നും പിന്നീട് ഭിംസിംഗിൻ്റെ സിനിമയിൽ ഉപയോഗിക്കുകയായിരുന്നുവെന്നും ശ്രീ. ജയനുമായുള്ള ഒന്നുരണ്ട് അഭിമുഖങ്ങളിൽ നിന്ന് അറിയാനായിട്ടുണ്ട്. ഈ രണ്ടു പാട്ടുകളെ സ്പെസിമൻ ആയി എടുത്താൽ കർണ്ണാടക സംഗീതജ്ഞാനപദ്ധതിയിൽ അപാരമായ അറിവുണ്ടായിരിക്കെത്തന്നെ അതിനെ ജനകീയ സംഗീതപക്ഷത്ത് നിർത്തുന്നതും പരിചരിക്കുന്നതുമെങ്ങനെ എന്ന് അനുഭവിപ്പിക്കുകയായിരുന്നു ജയവിജയന്മാർ ചെയ്തത് എന്നു പറയാം.
1985 ലാണ് വിജയൻ മരിക്കുന്നത്. കച്ചേരി തിരക്കുകളുടെ കാലത്ത് മദ്രാസിൽ നിന്ന് കേരളത്തിൽ വന്ന് പാടി തിരിച്ചു പോകുന്ന വഴിയിൽ ഹൃദ്രോഗബാധയായിരുന്നു എന്നാണോർമ്മ. സ്വന്തം ജീവിതവും അതോടെ തീർന്നു പോയി എന്ന കാലത്തു നിന്ന് ജയനെ സംഗീതം തന്നെ ഉയിർപ്പിച്ചു. മലയാളി ഏറ്റവും കൂടുതൽ കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതുമായ ‘മയിൽപ്പീലി’ എന്ന മ്യൂസിക് ആൽബമാണ് ആ ഉയിർപ്പിൻ്റെ അടയാളമായത്.
ഭക്തിയോ പ്രണയമോ ആരാധനയോ അടിയറവ് പണിയലോ ജീവിതത്തെ ജീവിതവ്യമാക്കലോ ഏതൊന്നാണോ ആ സംഗീതം എന്ന് ഇനിയും വ്യതിരിക്തമാക്കാനാവാത്ത തരത്തിൽ രമേശൻ നായരെഴുതിയ വരികളിലൂടെ ജയൻ നൽകിയ സംഗീതാവിഷ്കാരം ‘മയിൽപ്പീലി’യിൽ യേശുദാസ് പാടി വെച്ചത് ഒരു ജീവിതം കൊണ്ട് ‘എന്തിനധികം’ എന്ന് നമ്മളെക്കൊണ്ട് നിസ്സംശയം പറയിപ്പിക്കുന്നു.
നാല് പതിറ്റാണ്ടു മുമ്പ് ആത്മാവിൻ്റെ കൂട്ട് എന്നു താൻ കരുതിയ സഹോദരൻ്റെ കൂട്ടു നഷ്ടപ്പെട്ട ഈ സംഗീതജ്ഞൻ അവസാന കാലം വരെയും മൃത്യുഞ്ജയം പോലെ തൻ്റെ സംഗീതത്തെ ഉപാസിച്ചു കഴിഞ്ഞു. ഇന്ന് അദ്ദേഹവും പിരിഞ്ഞു. ശ്രുതിശുദ്ധവും സ്നേഹനിർഭരവുമായ ആ നാദം കേട്ടുണർന്ന മലയാളി സ്വന്തം ഹൃദയമിടിപ്പിനൊപ്പം ആ നാദത്തെയും കൊണ്ടുനടക്കും. ഇനിയും നമ്മുടെയൊക്കെ ജീവിതത്തിൻ്റെ മഹാനിശ്ശബ്ദതയിലേക്ക് ഒരു നാദശലാക പൊട്ടി വീഴുമ്പോലെ ‘വിഷ്ണു മായയിൽ പിറന്ന വിശ്വരക്ഷകാ, വില്വപത്ര സദൃശനയന ശരണമേകണേ’ എന്ന അത്ഭുതഗാനം പൊട്ടിവീഴും.
നാലു പതിറ്റാണ്ടുകാലമായി ഒറ്റയായി പോയിട്ടും സ്നേഹം കത്തിനിന്ന ആ നാദം, പിരിഞ്ഞു പോയ ഇരട്ടയിൽ ഇന്ന് ചെന്നു ചേരുമ്പോൾ ആ ഓർമ്മ അഗ്നിമാർഗ്ഗങ്ങളിൽ ചരിക്കട്ടെ എന്ന് വിനയത്തോടെ കാലത്തിനോട് ഉറക്കെ പ്രാർത്ഥിച്ചു പോവുന്നു.
Read More
വിജു നായരങ്ങാടിയുടെ മറ്റ് രചനകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക