സിഡ്‌നി : സിഡ്‌നിയിലെ പടിഞ്ഞാറൻ മേഖലയിലുള്ള ഒരു ഓർത്തോഡെക്സ് പള്ളിയിൽ നടന്ന ആക്രമണത്തിൽ, പ്രസ്തുത മതത്തിന്റെ മുതിർന്ന നേതാവായ ബിഷപ്പിനെ കുത്തിയും, മറ്റ് മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തതായി പോലീസ് സ്‌ഥിരീകരിച്ചു.
വൈകുന്നേരം 7 മണിക്ക് ശേഷമാണ്, സിഡ്നിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ഉള്ള -വേക്ക്‌ലിയിലെ- ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ആക്രമണം നടന്നത്.
ബിഷപ്പ് പ്രസംഗം നടത്തുന്ന സമയത്താണ് സംഭവം. പ്രസംഗം ഓൺലൈനിൽ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു.
അൽപ്പനേരം കൊണ്ട് തന്നെ, നിരവധി പൊലീസും ആംബുലൻസ് ടീമുകളും സ്ഥലത്തെത്തി. പരിക്കേറ്റവരിൽ 60 കൾ, 50 കൾ, 30 കൾ, 20 കൾ എന്നിങ്ങനെ പ്രായമുള്ള നാല് പുരുഷന്മാർ ഉൾപ്പെടുന്നു. എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലിവർപൂൾ ആശുപത്രിയിലെ അത്യാഹിത വിഭാഗം ലോക്ക്ഡൗണിലാണെന്ന റിപ്പോർട്ടുകളുമുണ്ട്.
ഇന്നത്തെ പ്രസംഗം ഹിസ് ഗ്രേസ് ബിഷപ്പ് മാർ മാരി ഇമ്മാനുവേൽ നടത്തുന്നുവെന്ന് പള്ളി നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. ഓർത്തഡോക്സ് സമൂഹത്തിൽ ബിഷപ്പ് പ്രശസ്തനാണെങ്കിലും വിവാദങ്ങൾ ഉളവാക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ഓൺലൈനിൽ ഷെയർ ചെയ്യപ്പെടുന്നു.
2021 ജൂണിൽ കൊറോണ വൈറസ് ലോക്ക്ഡൗൺ സമയത്ത് നിയന്ത്രണങ്ങളെയും വാക്സിൻ നിർബന്ധങ്ങളെയും വിമർശിച്ചപ്പോൾ അദ്ദേഹം ശ്രദ്ധ ആകർഷിച്ചു.
ആക്രമണത്തിന് കാരണമായത് എന്താണെന്ന് സൂചനയില്ല.
ഒരു മനുഷ്യനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് (NSW) പൊലീസ് സ്ഥിരീകരിച്ചു. “ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അദ്ദേഹം അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നു,” ഒരു പ്രസ്താവനയിൽ പറഞ്ഞു. “ആക്രമണത്തിനിരയായവർ ഗുരുതരമായ പരിക്കുകളാണ് ഏറ്റുവാങ്ങിയത്, NSW ആംബുലൻസിന്റെ, പാരാമെഡിക് ജീവനക്കാർ അവർക്ക് ചികിത്സ നൽകുന്നുണ്ട്. വൻതോതിലുള്ള പൊലീസ് വിന്യാസം സംഭവസ്‌ഥലത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്.പൊതുജനങ്ങളോട് ഈ പ്രദേശം ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു,” എന്നും പോലീസ് വക്താക്കൾ പ്രസ്താവനയിൽ പറഞ്ഞു.
സിഡ്‌നിയിലെ വെസ്റ്റ്‌ഫീൽഡ്, ബോണ്ടി ജംഗ്ഷൻ ഷോപ്പിംഗ് സെന്ററിൽ ആറ് പേരെ കുത്തിക്കൊന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്. ഈ രണ്ട് സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സൂചനയില്ല.