ചില്ലറ ശാരീരികാസ്വസ്ഥതകൾ കൊണ്ട് വലഞ്ഞ ഒരു രാത്രിക്കു ശേഷം മനസ്സിനെ തളർത്തുന്ന ഒരു വാർത്തയാണ് എനിയ്ക്കായി കാത്തുവെച്ചിരിക്കുന്നത് എന്ന് തീരെ പ്രതീക്ഷിച്ചില്ല. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്തതിനാൽ പലതും ഞാൻ വൈകിയാണ് അറിയാറ്.
രാവിലെ തന്നെ രാംമോഹൻ പാലിയത്ത് വിളിച്ച് കിഷോർ ആത്മഹത്യ ചെയ്ത വിവരം പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ മരവിച്ചിരുന്നു പോയി. രാം മോഹന് തെറ്റില്ലെന്ന് അറിഞ്ഞിട്ടും അത് ശരിയാവല്ലേ എന്ന പ്രാർത്ഥനയോടെ കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന ജോസഫ് ആൻ്റണിയെ വിളിച്ചു. അദ്ദേഹം അറിഞ്ഞിരുന്നില്ല, പക്ഷെ പത്തുമിനിറ്റിനകം തിരിച്ചുവിളിച്ച് അത് ശരിയാണ് എന്നു പറഞ്ഞു.
എന്നിട്ടും എൻ്റെ ബുദ്ധികൊണ്ടുപോലും അത് അംഗീകരിക്കൻ എനിക്കു വിഷമമായിരുന്നു. പിന്നീട് കിഷോറിൻ്റെ സുഹൃത്ത് അരുന്ധതിയെ വിളിച്ചപ്പോഴാണ് താമസിക്കുന്ന ഫ്ലാറ്റിൻ്റെ കോംപ്ലകിസിൽ ഉള്ളവർ പ്രശ്നം ഉണ്ടാക്കുന്നത് കാരണം കിഷോർ തറവാട്ടിലേയ്ക്ക് മാറിയതും വീട്ടുകാർപോലും കൂടെ നില്ക്കാത്തത് കിഷോറിനെ തളർത്തിയിരുന്നുവെന്നതും മനസ്സിലാക്കിയത്.
അമ്മ വയസ്സായ കാരണം ജ്യേഷ്ഠൻ്റെ കൂടെയാണെന്നും താനിടയ്ക്ക് തറവാട്ടിൽ പോയി നിൽക്കാറുണ്ടെന്നും പറഞ്ഞിട്ടുണ്ടായിരുന്ന കാരണം അവിടെയാണ് എന്നത് ഇത്ര വലിയ പ്രശ്നത്തിൻ്റെ പേരിലാണ് എന്ന് എന്നോട് പറഞ്ഞിരുന്നില്ല.
കോഴിക്കോട്ടേയ്ക്ക് പോകാമെന്ന് അരുന്ധതി പറഞ്ഞു. അങ്ങനെ ഒരു കിഷോറിനെ കാണാൻ വയ്യെന്ന് ഞാൻ അരുന്ധതിയെ അറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയെന്നും സുഹൃത്തുക്കൾ കാണുന്നതിനോട് താല്പര്യമില്ലാത്ത കാരണം സംസ്കാരം വേഗം നടത്തിയെന്നും അരുന്ധതി പറഞ്ഞു. കിഷോർ ഇനി ഈ ഭൂമിയിൽ ഇല്ല എന്ന യാഥാർത്ഥ്യം എൻ്റെ ബുദ്ധി പതുക്കെ അംഗീകരിക്കുകയായിരുന്നു.
കിഷോർ എനിക്ക് മകനെപ്പോലെയായിരുന്നു. കിഷോർ യുഎസ്സിലും ഞാൻ വാൻകോവറിലും ഉണ്ടായിരുന്ന സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഏതാണ്ട് രണ്ട് ദശകാലത്തെ സൗഹൃദം.
ഭർത്താവ് മോഹൻ കോമൺവെൽത്ത് ഓഫ് ലേണിംഗിൽ ജോലി ചെയ്തിരുന്ന ആ കാലത്ത് ഒരുപാട് ഔദ്യോഗിക യാത്രകൾ ചെയ്യുമായിരുന്നു. ആ സമയത്ത് ലൈബ്രറികളും ഇൻ്റർനെറ്റുമായിരുന്നു എനിക്ക് കൂട്ട്.
അന്ന് ഞാൻ കമ്പ്യൂട്ടർ പരിശീലിച്ചുവരുന്നതേയുള്ളൂ. അപ്പോഴാണ് ‘രാഗകൈരളി’ എന്ന സൈറ്റ് ശ്രദ്ധയിൽപ്പെട്ടത്. എൻ്റെ ജ്യേഷ്ഠൻ സിനിമാഗാന’ങ്ങൾ തിരയുന്നതിൽ ഏറെ കമ്പമുള്ള ആളായിരുന്നു. ‘രാഗകൈരളിയിൽ ഞാൻ എത്തിയപ്പോഴേക്കും ജ്യേഷ്ഠൻ വിടപറഞ്ഞിരുന്നു.
പാട്ടിനെക്കുറിച്ച് അറിയുന്നതോടൊപ്പം ആ സൈറ്റിൻ്റെ ‘Dedicated To The Lesbians And Gays Of Kerala’ എന്ന ഉപശീർഷകമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. തുറന്നു പറയുന്നതിലെ ചങ്കൂറ്റം എന്നെ ആകർഷിച്ചു.
ഗാനങ്ങളിലൂടെയാണ് പരിചയപ്പെട്ടതെങ്കിലും ഞങ്ങളുടെ സൗഹൃദം വളർന്നത് സാഹിത്യത്തിലൂടെയാണ്. മാധവികുട്ടിയാണ് കിഷോറിൻ്റെ എക്കാലത്തേയും പ്രിയ എഴുത്തുകാരി. യുഎസ്സിൽ പുതിയ വീടു വാങ്ങിയപ്പോൾ ചെല്ലാൻ നിർബന്ധിച്ചെങ്കിലും അമേരിക്കൻ സന്ദർശനത്തിന് എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. ആ സമയത്ത് ഞാൻ അയച്ച് കൊടുത്ത പുസ്തകങ്ങളുടെ കൂട്ടത്തിലെ മാധവികുട്ടയുടെ കഥകൾ ആ എഴുത്തുകാരിയെ അറിയാൻ ഏറെ പ്രയോജനപ്പെട്ടു എന്ന് കിഷോർ പറയുമായിരുന്നു.
യുഎസ്സിൽ നിന്ന് നാട്ടിലേക്കു വരുന്നു എന്ന ആശയം പങ്കുവെച്ചപ്പോൾ അതു വേണോ എന്നതായിരുന്നു എൻ്റെ സംശയം. അവിടെയും വിവേചനങ്ങൾ നേരിടുന്നതിനെക്കുറിച്ച് കിഷോർ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും നാട്ടിലെത്തിയശേഷം കുറെ നാൾ കിഷോർ മഹാമൗനത്തിലായിരുന്നു.
നാട്ടിലെ അന്തരീക്ഷം കിഷോറിനെപ്പോലെ ഒരാളെ എങ്ങിനെയൊക്കെ വീർപ്പുമുട്ടിക്കുന്നുണ്ടാകും എന്ന് എനിക്ക് ഊഹിക്കാൻ പറ്റുമായിരുന്നു. കുറച്ചുകാലത്തിനു ശേഷം കിഷോർ വീണ്ടും സൗഹൃദം പുലർത്തി. LGBTQ പ്രശ്നങ്ങളുമായി ക്രിയാത്മകമായ ഇടപടൽ നടത്തി. ‘രണ്ടു പുരുഷൻമാർ ചുംബിക്കുമ്പോൾ-മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’ ഒരു വലിയ സംഭവമായി.
ക്വിയറള , ഗാമ എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളെക്കുറിച്ചും കുടുംബത്തിൽ ചേച്ചിനൽകുന്ന പിന്തുണയെക്കുറിച്ചും സഹപ്രവർത്തകയും തന്നെ പൂർണ്ണമായി അംഗീകരിച്ച സുഹൃത്തുമായ വ്യക്തിയുടെ മരണം ഏൽപ്പിച്ച മുറിവുകളെക്കുറിച്ചും ലൈഗിക ചായ്‌വ് മറച്ചുവെച്ച് വിവാഹിതരാകുന്നവരുടെ കാര്യത്തെക്കുറിച്ചും കിഷോർ പറഞ്ഞുകൊണ്ടിരുന്നു. ഈ പലവിധം ഞെരുക്കങ്ങൾക്കിടയിലും സംഗീതമായിരുന്നു കിഷോറിനെ നിലനിർത്തിയിരുന്നത്.
അപ്പോഴേക്കും കിഷോർ ഒരു പുതിയ ഫ്ലാറ്റു വാങ്ങി കോഴിക്കോട് താമസമായിരുന്നു.അവിടെ വന്ന് താമസിക്കണമെന്ന് അഭ്യർത്ഥിച്ചു. ആയിടക്കാണ് ഡോ. എം. ലീലാവതിയുടെ ഒരു ഡോക്യുമെൻ്ററിയുടെ ഭാഗമായി കോഴിക്കോട് ചിലരുടെ സൗണ്ട് ബൈറ്റ് എടുക്കാൻ പോകേണ്ടിവന്നത്.
ആദ്യത്തെ പ്രാവശ്യം എംടിയുടെ പ്രതികരണം എടുക്കാൻ പറ്റാത്തകാരണം ഒരു പ്രാവശ്യം കൂടി പോകേണ്ടി വന്നു. ഈ രണ്ടു സന്ദർശനങ്ങളിലും ഒരു മകൻ്റെ സ്നേഹത്തോടെയും കരുതലോടെയുമുള്ള കിഷോറിൻ്റെ പെരുമാറ്റം ജോലിയുടെ കാഠിന്യം കുറച്ചു.
രണ്ടാമത്തെ പ്രാവശ്യം രാവിലെ ഒമ്പത് മണിക്കാണ് എംടി സമയം തന്നത്. ഒട്ടും വൈകരുത് അത് എംടിക്ക് ഇഷ്ടപ്പെടില്ല എന്ന് അഭിമുഖം ഏർപ്പാടാക്കി തന്ന കാരശ്ശേരി മാഷ് പ്രത്യേകം പറഞ്ഞു. അതുകൊണ്ട് തലേ ദിവസം പോയി കിഷോറിൻ്റെ ഫ്ലാറ്റിൽ താമസിച്ചു.
നല്ല മഴ പെയ്യുന്ന രാത്രിയോടടുക്കുന്ന സമയത്താണ് ഞാൻ കോഴിക്കോട്ടെത്തിയത്. ഏറ്റവും ഊഷ്മളതയോടെ എന്നെ സ്വീകരിക്കാൻ കിഷോർ ഉണ്ടായിരുന്നു. പ്രാദേശികമായ രുചി ഭേദങ്ങളെക്കുറിച്ചും പാട്ടിനെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ചിത്രങ്ങളിലൂടെ കുടുംബത്തെ പരിചയപ്പെടുത്തിയും ഞങ്ങൾ ഏറെനേരം സംസാരിച്ചു.
‘രണ്ടു പുരുഷൻമാർ ചുംബിക്കുമ്പോൾ’ എന്ന പുസ്തകത്തിൻ്റെ ഒരു കോപ്പി എംടിക്ക് നല്കണമെന്ന ആഗ്രഹം കിഷോർ പറഞ്ഞു.
തീർച്ചയായും കൊടുക്കാം എന്ന് ഞാൻ സമാധാനിപ്പിച്ചു. അഭിമുഖത്തിനുശേഷം കിഷോർ എംടിക്കു പുസ്തകം നൽകുന്ന ദൃശ്യം ഭംഗിയായി ക്യാമറയിൽ പകർത്തി പ്രതാപ് ജോസഫ്, കിഷോറിന് നൽകി.
എൻ്റെ വണ്ടി വൈകിട്ടായതുകൊണ്ട് പകൽ സമയം ഞങ്ങൾ അളകാപുരിയിൽ ഉണ്ടായിരുന്ന അജയ് പി മങ്ങാടിനെ പോയി കണ്ടു. മാതൃഭൂമി ആപ്പീസിൽ പോയി. മഴ ചാറാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരു കുട വാങ്ങിത്തന്നു. പകൽ മുഴുവൻ ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു.
അതുകഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ കിഷോർ എൻ്റെ ഫോൺ എടുക്കാതെയായി. എനിക്കത് വേദനാജനകമാണെന്ന് ഞാൻ പലവട്ടം പറഞ്ഞു. പ്രതീക്ഷയോടെ ഞാൻ വീണ്ടും വിളിക്കുമായിരുന്നു.
ഒരു ദിവസം കിഷോർ പെട്ടെന്ന് ഫോൺ എടുത്തു. കുറച്ചുനാൾ മുമ്പ് മലയാളം നിർബന്ധ വിഷയമാക്കണം എന്നതു സംബന്ധിച്ച് കിഷോർ എഴുതിയ ലേഖനത്തെ എൻ്റെ ഒരു സുഹൃത്ത് കടുത്ത ഭാഷയിൽ വിമർശിച്ചെന്നും ഞാനും അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതുമായിരുന്നു കിഷോറിൻ്റെ വാദം.
ഈ രണ്ടു ലേഖനങ്ങളും വാസ്തവത്തിൽ ഞാൻ വായിച്ചിരുന്നില്ല. ലേഖനത്തെക്കുറിച്ച് കിഷോർ സൂചിപ്പിച്ചതുമാത്രമായിരുന്നു എൻ്റെ അറിവ്. പക്ഷെ എല്ലാവരും എന്നെ പ്രശ്നക്കാരൻക്കാരനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന തോന്നൽ കിഷോർ ശക്തമായി പ്രകടിപ്പിച്ചു. പറഞ്ഞതെല്ലാം ഞാൻ നിശബ്ദയായി കേട്ടു. അതാണ് ആ സന്ദർഭത്തിൽ ഉചിതം എന്ന് എനിക്ക് അറിയാമായിരുന്നു.
പിന്നീടും ഞാൻ വല്ലപ്പോഴും മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു. ‘മഴവിൽക്കണ്ണിലൂടെ മലയാള സിനിമ’ എന്ന പുസ്തക പ്രസിദ്ധീകരണ വിവരം ഡിസിയുടെ ഗ്രൂപ്പിൽ കണ്ട് ഞാൻ അത് കിഷോറിനയച്ചു. എൻ്റെ പുസ്തകങ്ങൾ പുറത്തു വരുന്നത് എന്നെക്കാൾ മുമ്പ് ടീച്ചർ അറിയുന്നുവോ എന്ന് പറഞ്ഞ് അന്ന് ഏറെ ആഹ്ളാദത്തോടെ കിഷോർ സംസാരിച്ചു.
സംഘടനാപ്രവർത്തനത്തിനും മറ്റ് കാര്യങ്ങൾക്കുമായി എറണാകുളത്തെത്തുമ്പോൾ എൻ്റെ കൂടെ താമസിക്കുകയും അല്ലെങ്കിൽ പരിപാടി നടക്കുന്ന സ്ഥലത്തുചെന്നു കാണുകയും ചെയ്തിരുന്നത് കൊണ്ട് ഇതിനകം കിഷോർ എൻ്റെ കുടുംബാംഗങ്ങൾക്കും സുപരിചിതനായികഴിഞ്ഞിരുന്നു.
പാട്ടിനെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് പണ്ടൊരിക്കൽ കിഷോർ സൂചിപ്പിച്ചിരുന്നു. പാട്ടിനെക്കുറിച്ച് എനിക്ക് വലിയ ഗ്രാഹ്യമില്ലെങ്കിലും എൻ്റെ പൊട്ടത്തരങ്ങൾക്ക് ക്ഷമയോടെ കിഷോർ അതേകുറിച്ച് പറഞ്ഞുതരികയോ പാടിത്തരികയോ ചെയ്യുമായിരുന്നു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കഴിഞ്ഞപ്പോൾ കിഷോറിൻ്റെ സെഷൻ്റെ ലിങ്ക് എനിക്കയച്ചുതന്നു. എന്തേ എന്നോട് പറയാഞ്ഞത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അന്ന് വരുമായിരുന്നു എന്ന് ഞാൻ പരിഭവിച്ചു. അത് ഒരു എഴുത്തുകാരൻ എന്ന നിലയിൽ കിഷോറിൻ്റെ ആത്മധൈര്യത്തെ വർധിപ്പിച്ചിട്ടുണ്ടാകും എന്ന് ഞാൻ കരുതി. ധാരണ തെറ്റായിരുന്നു.
ഫെബ്രുവരി 19ന് കിഷോറിൻ്റെ പിറന്നാളായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഓർമ്മവന്നപ്പോഴാണ് ഞാൻ പിറന്നാളാശംസകൾ ക്ഷമാപൂർവ്വം അറിയിച്ചത്. അടുത്തകൊല്ലം 19ന് തന്നെ ഞാൻ വിളിച്ച് ആശംസ അറിയിക്കും എന്ന് ഉറപ്പും കൊടുത്തു.
സോഷ്യൽ മീഡിയയിൽ ഒട്ടും ഇല്ലാത്തത് കാരണം ഞാൻ പലതും കാണില്ല. കിഷോർ എഴുതുന്നത് അറിയിക്കണമെന്ന് ഞാൻ നിർബന്ധിച്ച് പറഞ്ഞു. തീർച്ചയായും അയയ്ക്കാം എന്ന് പറഞ്ഞതാണ്, അതു കഴിഞ്ഞ് ഞാൻ വിളിച്ചില്ല.
വിളിച്ചിരുന്നുവെങ്കിൽ ഈ അത്യാഹിതം ഒഴിവാക്കാമായിരുന്നു എന്ന അമിത വിശ്വാസം ഒന്നും എനിക്കില്ല. എങ്കിലും എൻ്റെ മനസ്സിൽ ആഴത്തിൽ മുറിവുണ്ടാക്കിയാണ് കിഷോർ കടന്നു പോയത്. ഈ യാഥാർത്ഥ്യം അത് മനസ്സ് കൊണ്ട് അംഗീകരിച്ചേ മതിയാകൂ എന്ന് ഓർമ്മിപ്പിച്ച് ‘ന്യൂസ് മിനിറ്റിൻ്റെ’ കിഷോറിനെക്കുറിച്ചുള്ള ലേഖനം ദയാവായ്പോടെ മകൻ അയച്ചു തന്നു.
കരുതലോടെ തന്നെ ഭർത്താവും ഒപ്പം നിന്നു. കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും പഴികളും ഇല്ലാത്ത ഒരു ലോകത്തിലേക്ക് കിഷോർ പോയിക്കഴിഞ്ഞു. അരികുവൽക്കരിക്കപ്പെട്ടവരെ ഒപ്പം ചേർത്തു നിർത്തുന്നു എന്ന് അവകാശപ്പെടുന്ന പരിഷ്കൃതരെന്ന് ഭവിക്കുന്ന ഒരു സമൂഹത്തിന് എന്തു സന്ദേശമാണ് കിഷോറിൻ്റെ മരണം നൽകുന്നത്? നമ്മുടെ അല്പത്തരങ്ങളും പൊള്ളത്തരങ്ങളും ഓർത്ത് ലജ്ജിക്കാം.
പ്രിയ കിഷോർ, വേദനയോടെ വിട…
Read More: