മുന്തിരിവള്ളികൾക്കിടയിലൂടെ മാനത്ത് നോക്കിയപ്പോൾ മഞ്ഞ് പായുന്നത് കണ്ടു. തോപ്പിനറ്റത്ത് സോളമനെയും സോഫിയയെയും പോലെ രണ്ട് പേരുണ്ടായിരുന്നു. മനുഷ്യരായാലും പ്രേതങ്ങളായാലും മുന്തിരിവള്ളികൾക്ക് ഇളക്കം തട്ടില്ലെന്ന വിശ്വാസത്തിൽ ഞാൻ തിരിഞ്ഞുനടന്നു. ഫാം ഓഫീസിൽ പോയി കണക്കുകൾ ശരിയാക്കിയപ്പോൾ നേരമേറെ വൈകി.
പെരിയപുരത്തെ ഇലക്ട്രിക്ക് ലൈനുകളെ ഓർമിപ്പിക്കുന്ന തോപ്പ് വിട്ടകന്നു. തണുത്തുകൊണ്ടിരുന്ന രാത്രിയിൽ ദേഹത്ത് സൂചി കുത്തുന്ന മാതിരി കുളിര് കേറിയെങ്കിലും കോടമഞ്ഞ് സുന്ദരമെന്ന് എനിക്ക് തോന്നി, വെയിലിനെ കുറിച്ച് അങ്ങനെ തോന്നുന്നത് അപൂർവം മാത്രമാണ്, കൃത്യമായി പറഞ്ഞാൽ വൈകുന്നേരം താഴുമ്പോൾ.
വഴിവെളിച്ചങ്ങളുടെ പ്രകാശമില്ലാതായ സർവീസ് റോഡിൽ ബൈക്കിന്റെ ഹെഡ്‌ലൈറ്റ് മാത്രം വെട്ടം നൽകി. റോഡരികിൽ പാർക്ക് ചെയ്ത ആ ലോറി കണ്ടപ്പോൾ ഒരുനിമിഷം വെള്ളാർ നദിക്കരെയെന്ന പോലെ തോന്നി.
ചെയ്യാനുണ്ടായിരുന്ന ഒരേയൊരു കാര്യം അയാളെയും കൊണ്ട് രക്ഷപ്പെടുക എന്നതാണ്. തിരിച്ചുപോയി ഫാമിൽ രാത്രി ചെലവഴിക്കുക എന്നത് കൂടുതൽ അപകടകരമാണ്, ജോലിക്കാർ പറഞ്ഞ് പരത്തിയ പ്രേതശല്യം തന്നെ കാരണം.
ബൈക്ക് കുറച്ച് കൂടി മുന്നിലേയ്ക്ക് കൊണ്ടുപോയ ശേഷം ഏത് ഭാഷക്കാരനെന്ന് പോലുമറിയാതെ ഉറക്കെ വിളിച്ചു.
“വന്ന് കേറ്…”
ഹൈവേ മേൽപ്പാലം വഴി വലിയ ശബ്ദം മുഴക്കിക്കൊണ്ട് പോകുന്ന കണ്ടെയ്‌നർ വണ്ടികളുടെ ബഹളത്തിനിടയിലും അയാളത് വ്യക്തമായി കേട്ടെന്ന് തോന്നുന്നു.
തറയിൽ കിടന്ന വലിയ കല്ലെടുത്ത് ഒരാളുടെ ദേഹത്തേയ്ക്ക് വലിച്ചിട്ട ശേഷം മറ്റവനെ ചവിട്ടി വീഴ്ത്തി അയാൾ ഓടി ബൈക്കിൽ കയറി. കയ്യിൽ അത്യാവശ്യം വലിയൊരു മുറിവുണ്ട്.
“പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകുവോ സർ, ഒരുപാട് ചോര വരുന്നുണ്ട്.” ആരുടെയൊക്കെയോ പ്രതീക്ഷ അയാളുടെ കണ്ണുകളിൽ കണ്ടു.
“ബാംഗ്ലൂരിൽ നിന്ന് ലോഡ് എടുക്കാൻ വരുന്നതാണ് സർ. വല്ലാത്ത ക്ഷീണം തോന്നിയത് കൊണ്ട് വണ്ടി ഓരം നിർത്തി ഒന്ന് ഉറങ്ങാൻ കിടന്നതാ. സിറ്റി കേറിയ ശേഷം നിർത്തിയാൽ മതിയായിരുന്നു.”
അയാളെ അവിടെത്തന്നെ ഇറക്കിവിട്ട് തിരികെപ്പോയാലോ എന്നാലോചിച്ചു. വന്നുകയറുന്ന തണുപ്പിലും തീവ്രമായ ഒരു ഭയം. നാളെയും ഈ വഴി വരേണ്ടതാണ് എന്ന് ചിന്തിച്ചപ്പോൾ നാട്ടിലേയ്ക്കുള്ള ബസ് ഓർമ വന്നു.
“ഞങ്ങടെ കയ്യിൽ എന്തുണ്ടാവും എന്നാണ് ഇവന്മാർ വിചാരിക്കുന്നത്. അയ്യായിരത്തിനും പത്തായിരത്തിനും വേണ്ടിയാണോ! ഒരു സേഫ്റ്റിയും ഇല്ല സർ, ഒരാഴ്ച മുൻപാണ്…” അയാളുടെ തൊണ്ട വരണ്ട് ശബ്ദം പാതിയിൽ നിന്നു.
“സർ ഇവിടെ എന്ത് ചെയ്യുന്നു?”
“ഫാമിലി ബിസിനസ് ആണ്” ഞാൻ കൂടുതൽ വിശദീകരിക്കാൻ നിന്നില്ല.
ആശുപത്രിയിലേക്ക് അതിവേഗം പൊയ്ക്കൊണ്ടിരിയ്ക്കുമ്പോഴും രണ്ട് ദിവസം മുൻപ് കിട്ടിയ ആ കത്ത് എന്റെ മനസ് വീണ്ടും വായിച്ചു. തമിഴിൽ ചെറിയ വാചകങ്ങൾ കൂട്ടി വായിക്കാനറിയുന്നതിനാൽ വായിച്ചെടുക്കാൻ ബുദ്ധിമുട്ടിയില്ല.
“തമ്പീ നല്ലായിരിക്കാ” മറ്റൊന്നും തന്നെ ആ കത്തിലുണ്ടായിരുന്നില്ല.
പഴയ കമ്പനിയിലെ സൂപ്പർവൈസറായ ശിവരാജണ്ണൻ അയച്ചുതന്നതാണ്. എന്റെ പേരിൽ അവിടുത്തെ വിലാസത്തിൽ വന്നതായിരുന്നു ആ കത്ത്.
ആറ് മാസം നീണ്ട പെരിയപുരം ജീവിതത്തിനിടയിൽ തമ്പി എന്ന് വിളിച്ചിരുന്നത് ശിവരാജൻ മാത്രമായിരുന്നു. അതല്ലാതെ, സ്നേഹത്തോടെ അങ്ങനൊരു വിളി കേട്ടത് ഒരേയൊരു തവണ മാത്രമാണ്. അയാൾ തന്നെയായിരിക്കും ആ കത്തിന്റെ ഉടമ. പക്ഷേ, ഫോൺ നമ്പർ സൂക്ഷിക്കാനുള്ള ബന്ധമൊന്നും അതിനുശേഷം ഉണ്ടായിരുന്നില്ല. എന്തുകൊണ്ടായിരിക്കാം അയാൾ വീണ്ടും ഓർമിച്ചത്?
കതിരേശനെ മാത്രമല്ല, ശിവരാജനെയും ശർമയേയും ഒക്കെ എനിക്ക് ഓർമ വന്നു.
***
മുംബൈയിലെ ഹെഡ്ഓഫീസിൽ സമാധാനമായി ചെയ്തുകൊണ്ടിരുന്ന ഡോക്യുമെന്റേഷൻ ജോലി മടുത്തപ്പോൾ സൈറ്റ് വർക്ക് ചോദിച്ച് വാങ്ങിയതാണ്. പെരിയപുരത്ത് എത്തിപ്പോൾ വെയിലും ചൂടുകാറ്റും ശരീരത്തിൽ ഉപ്പുവിതറുന്ന പോലെ തോന്നി.
പെരിയപുരത്തും അരിയല്ലൂരും തിരുച്ചിയും വിരുതാചലത്തുമായി നാല് പവർ സ്റ്റേഷൻ സൈറ്റുകൾ. പെരിയപുരത്ത് പവർ സ്റ്റേഷൻ മുഴുവനായി നിർമിക്കുന്ന വലിയൊരു പ്രോജക്റ്റ് ആണ്. അവിടെ സൈറ്റ് എന്ന് പറയാൻ ഒന്നുമില്ല. റെയിൽവേ ട്രാക്കിനടുത്ത് പൊങ്ങിയും താണുമിരിക്കുന്ന മണൽപ്പരപ്പ്. അതിന്റെ തുടർച്ചയായി, വലത് ഭാഗത്തേയ്ക്ക് മരുഭൂമി പോലെ പരന്ന് കിടക്കുന്ന ചുവന്ന പശിമരാശി മണ്ണ്.
ആ വഴിയിൽ റെയിൽവേ പാതയ്ക്കരികിലൂടെ ഒന്ന് നീണ്ട നിവർന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് പോകുന്ന മൺപാത. ഒറ്റപ്പെട്ട് കിടക്കുന്ന മരങ്ങൾ. അതിലൂടെ ഏറെ ദൂരം പോയാൽ ഹൈവേയിലേയ്ക്ക് പോകുന്ന സബ്റോഡിൽ എത്തും. പക്ഷേ, വഴി വളരെ മോശമാണ്. വണ്ടികൾക്ക് പോകാൻ പറ്റുന്ന കണ്ടീഷനാണോ എന്നറിയാൻ അതിന്റെ അറ്റം വരെ നടന്നുനോക്കി. വിയർപ്പടങ്ങിയ ശേഷം കൈകളിൽ ഒരു ഉപ്പുകണ്ടം തന്നെ കണ്ടു.
സൈറ്റിനടുത്ത് ചെല്ലുമ്പോൾ തന്നെ ട്രാക്കിൽ നിന്നുള്ള മനുഷ്യവിസർജ്യങ്ങളുടെ ഗന്ധമാണ്. മറ്റൊരു ദിക്കിൽ ലോ വോൾട്ടേജ് ഇലക്ട്രിക്ക് ലൈനുകൾ പന്തലുപോലെ വിരിച്ച പാതകളുള്ള തെരുവുകൾ. സൈറ്റിലേയ്ക്കുള്ള പ്രധാന വഴി അതാണ്.
സൈറ്റിന് വേണ്ടി കണ്ടെത്തിയ ഈ സ്ഥലം ജെ സി ബി ഉപയോഗിച്ച് നിരപ്പാക്കലായിരുന്നു ആദ്യത്തെ ജോലി. സൈറ്റ് ഓഫീസിൽ അന്ന് ശിവരാജണ്ണനും ബില്ലിങ് എഞ്ചിനീയർ ശർമാജിയും മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ പെരിയപുരത്ത് ട്രെയിൻ ഇറങ്ങി ഏതാനും ആഴ്ചകൾക്കകം അവരും എത്തി.
ഭൂമി നിരപ്പാക്കി മാർക്കിങിന് സ്ഥലമൊരുക്കി. അതിന് ശേഷമാണ് ഫൗണ്ടേഷനുള്ള കുഴിയെടുക്കലും മറ്റ് കാര്യങ്ങളും ആരംഭിക്കുക. ഫൗണ്ടേഷൻ പണി അല്ലാതെ ഇലക്ട്രിക്കൽ പരിപാടികളൊന്നും ശിവരാജണ്ണന് അറിയില്ലെന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ എനിക്ക് മനസിലായി. എങ്കിലും, ഒരു അമ്മയുടെ വാത്സല്യത്തോടെ മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കിത്തരികയും സ്നേഹത്തോടെ കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന അയാൾ അവിടെയുള്ളതിൽ വലിയ ആശ്വാസം തോന്നി.
ശിവരാജണ്ണൻ മിക്കപ്പോഴും സൈറ്റിൽ വരാറില്ല. ഭക്ഷണത്തിന് സമയമാവുമ്പോൾ അയാളുടെ കോൾ വരും.
“തമ്പീ, ശാപ്പാട് റെഡിയായിച്ച്, വീട്ട്ക്ക് വാപ്പാ…”
ശിവരാജണ്ണൻ കുളിച്ച് ഭസ്മം തൊട്ട് തലയിൽ ഒരു തോർത്തും കെട്ടി അടുക്കളയിൽ പരിപ്പ് കറി ഇളക്കുന്ന കാഴ്ച ഏപ്രിൽ മാസത്തിലെ കൊടും ചൂടിൽ കുളിർമയേകി. എന്റെ കയ്യിൽ ഇത്തിരി കറി വീഴ്ത്തിക്കൊണ്ട് മുറി മലയാളത്തിൽ അയാൾ ചോദിക്കും.
“തമ്പീ, പാകം ആച്ചാ ന് നോക്ക്…”
സൈറ്റ് ഓഫീസ് നിർമിക്കുന്നതിന്റെ ചുമതല ശർമയ്ക്കായിരുന്നു. ശർമ പലപ്പോഴും അവിടെയുണ്ടാവാറില്ല. സൗത്ത് ഇന്ത്യയിലെ പല സൈറ്റുകളും ഓഫീസുകളും അവന് നടന്നുതീർക്കേണ്ടതുണ്ട്. തമിഴ്നാട്ടിൽ എഞ്ചിനീയറിങ് പഠിച്ച ശർമയ്ക്ക് ഭാഷ അത്യാവശ്യം അറിയുന്നതിനാൽ ഞങ്ങൾ മൂന്ന് പേരും നല്ല കൂട്ടായി. ശർമ വരുന്ന ദിവസങ്ങളിൽ മൂവരും നിലാവ് പരക്കുവോളം ബിയർ കുടിക്കും.
പ്രധാനപ്പെട്ട ചില പവർസ്റ്റേഷൻ ഉപകരണങ്ങൾ സൈറ്റിലേക്കെത്തുമെന്ന അറിയിപ്പ് കിട്ടിയ ദിവസവും ഞങ്ങൾ ഒന്നിച്ചുകൂടിയിരുന്നു. ശർമയ്ക്ക് രാവിലെ ബോംബെ ഹെഡ് ഓഫീസിലേയ്ക്ക് പോകേണ്ടതിനാൽ അൽപ്പം നേരത്തെ തന്നെ പരിപാടി തുടങ്ങി.
സംസാരിക്കാൻ എന്തെങ്കിലുമൊരു ടോപ്പിക്ക് വേണമല്ലോ എന്ന് കരുതിയാവണം പ്രേതാനുഭവങ്ങളെ പറ്റി ശർമ പറഞ്ഞു തുടങ്ങി. ഈ വീട്ടിൽ വച്ച് തന്നെ ചില അനുഭവങ്ങളുണ്ടായെന്നും അവൻ കൂട്ടിച്ചേർത്തു. സംസാരിച്ച് പോകുന്നതിനിടയിൽ ശർമയുടെ ചുമലിലുള്ള തോർത്ത് ചൂണ്ടിക്കൊണ്ട് അതുവരെ മിണ്ടാതിരുന്ന ശിവരാജണ്ണൻ പറഞ്ഞു.
“തമ്പീ, ഇന്ത ടവൽ ഇങ്ക എപ്പടി വന്താച്ച്. ഇത് അശൈയിൽ ഇരുന്തത് താനെ”
ടെറസിലെ അശയിൽ ഉണക്കാൻ ഇട്ടിരുന്ന തോർത്ത് ആണ് ശർമയുടെ ചുമലിൽ കിടക്കുന്നത് എന്ന ശിവരാജണ്ണന്റെ വാദം ഞങ്ങൾ സമ്മതിച്ചുകൊടുത്തില്ല. അത് അങ്ങനെ തന്നെയാണെന്ന് അയാൾ വീണ്ടും വാദിച്ചുകൊണ്ടിരിക്കെ ഞങ്ങൾക്ക് ചെറുതായി ഭയം വന്നുതുടങ്ങി.
ശിവരാജണ്ണന്റെ മുഖത്ത് വലിയൊരു ഭാവമാറ്റം ഞങ്ങൾ കണ്ടു.
“നിങ്ങള് വെറുതെ പേടിപ്പിക്കാതിരി.” ഞാൻ അയാളുടെ തോളത്ത് കൈവച്ച് ഒന്ന് കുലുക്കിയപ്പോഴേയ്ക്കും അയാൾ പെട്ടെന്ന് ചാടിയെഴുന്നേറ്റു, ഒപ്പം ഞങ്ങളും.
നെഞ്ചത്തും നെറ്റിയിലും ഭസ്മം തൊട്ട അയാൾ കോമരത്തെ പോലെ വിറയ്ക്കുകയായിരുന്നു. അതിനിടയിൽ ചില പ്രത്യേക ശബ്ദങ്ങളും പുറപ്പെടുവിച്ചു. അതുവരെയില്ലാത്ത ഒരു കാറ്റ് വന്ന് ജനാലവാതിലിനെ കൊട്ടിയടച്ചപ്പോൾ ഞങ്ങളിരുവരും ഒരുപോലെ ഞെട്ടി ആ ദിശയിലേയ്ക്ക് നോക്കി.
“ഇങ്കെ എതുവോ ഒന്ന് ഇരുക്ക് തമ്പി. ഇങ്കെ വാസ്തു ശരിയില്ലെ, ഒന്നും ശരിയില്ലെ, ഭഗവതി ഇന്ത വീട്ടുവാസല്ക്ക് കൂടെ വര്തില്ലേ”
ശിവരാജണ്ണൻ പിന്നീട് പറഞ്ഞതൊന്നും ഞങ്ങൾക്ക് മനസിലായില്ല. ഏതോ അജ്ഞാതഭാഷ പറഞ്ഞുകൊണ്ടയാൾ ഞങ്ങൾക്ക് നേരെ ഭസ്മം വീശിയെറിഞ്ഞു.
താഴത്തെ ഫ്ലോറിൽ കിടന്നുറങ്ങുന്ന വീട്ടുമുതലാളിയും കുടുംബവും ഉണരും എന്നായപ്പോൾ ഞാൻ രണ്ടും കൽപ്പിച്ച് പൂജാമുറിയിൽ ചെന്ന് അവിടെയുണ്ടായിരുന്ന ബാക്കി ഭസ്മമെടുത്ത് അയാളുടെ തലയിൽ വച്ചു. ഏതോ ഒരു തമിഴ് കോവിലിലെ പൂജാരിയെന്നോണം ഞാൻ കണ്ണടച്ചുധ്യാനിച്ചു. ശിവരാജണ്ണൻ ഒന്നടങ്ങണം എന്ന പ്രാർത്ഥനയായിരുന്നു അത്.
എന്റെ പ്രാർത്ഥന കേട്ടിട്ടാവണം അയാൾ അനുസരണയോടെ കുറെ നേരം കൈകൂപ്പി നിന്നു. അത്ഭുതം പ്രവർത്തിപ്പിച്ച സുവിശേഷക്കാരന്റെ സന്തോഷത്തോടെ ഞാൻ ശർമയെ നോക്കി.
ശിവരാജണ്ണൻ ഉടനെ മുറിയിൽ പോയി ഹാൻഡ് ബാഗിനകത്തിരുന്ന കവടിയും നൂലുകളും എടുത്തുകൊണ്ട് വന്ന് എന്തോ വിശേഷവസ്തുവിനെ പോലെ ഞങ്ങളെ കാട്ടി. ഊരിൽ അയാൾ സാമിയാട്ടം നടത്തുന്ന കാര്യവും അയാൾക്ക് സാമി എല്ലാം കാട്ടിത്തരുമെന്നും പറഞ്ഞു. സ്വതവേ നല്ല ധൈര്യമുള്ള ശർമാജി വിറങ്ങലിച്ച് നിസ്സംഗമായി നിൽക്കുന്നത് ഞാൻ കണ്ടു.
ശിവരാജണ്ണനെ ഉറക്കിക്കിടത്തിയ ശേഷം ഭയം കാരണം ഞങ്ങൾ ടെറസിൽ പോയി സിഗരറ്റ് പുകച്ചു. എന്നിട്ടും പേടി മാറാത്തതിനാൽ, സൈറ്റിൽ പോയി പായ വിരിച്ച് കിടക്കാമെന്ന ധാരണയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തിറങ്ങി.
“ഉസ്‌കോ അകേലാ ചോഡ്കെ ആയാ നാ… കൽ സുബേ തക് ഉസ്‌കോ ഭൂത് ഖാ ജായേഗാ, തോ?” ശർമാജി പെട്ടന്ന് ബൈക്ക് നിർത്തി എന്നോട് ചോദിച്ചു.
ശിവരാജണ്ണനെ പ്രേതം പിടിക്കുമെന്ന ഭയത്തിൽ ഞങ്ങൾ പെട്ടെന്നുതന്നെ തിരിച്ചെത്തി. ഒരു കണ്ണ് വാതിലിനപ്പുറത്തേയ്ക്ക് നീട്ടിവച്ച് നോക്കിയപ്പോൾ ബാക്കിയുള്ള ബിയർ കൂടി അകത്താക്കി മലർന്ന് കിടന്നുറങ്ങുകയായിരുന്നു അയാൾ.
പിറ്റേ ദിവസം രാവിലെ ശിവരാജണ്ണൻ ബാഗ് പായ്ക്ക് ചെയ്യുന്നത് കണ്ടാണ് ഞാൻ എഴുന്നേറ്റത്. കണ്ണ് തിരുമ്മിയെഴുന്നേറ്റ് അത്ഭുതത്തോടെ അയാളെ നോക്കി.
“എങ്കെ പോറെ അണ്ണാ?”
“തമ്പീ, സാമി കൂപ്പിട്ടാച്ച് നേത്ത്.”
“ഏത് സാമി?”
“നേത്ത് നൈറ്റ്, ഞാപകമില്ലിയാ” ചോറുവിളമ്പിത്തരുമ്പോൾ കാണിക്കാറുള്ള അതേ വാത്സല്യത്തോടെ അയാൾ ചോദിച്ചു.
ഞാൻ ഒരൽപ്പം ഭയപ്പാടോടെ തലകുലുക്കി.
“നാളെ ഊരുക്കോയിലിലെ സാമിയാട്ടം മുറപടിയാ പണ്ണണം, ഊരുക്കാരങ്കളെല്ലാം വരുവാങ്കെ, മൂന്ന് നാളേയ്ക്ക് പോയി വരെ, ഇന്ത വീട്ട്ക്കാക പ്രാർത്ഥനൈ പൺട്രെ” അയാൾ കൈകൂപ്പി ആകാശത്തേയ്ക്ക് നോക്കി.
സാമിയെ പിണക്കണ്ട എന്ന് കരുതി ഞാൻ അത് സമ്മതിച്ചുകൊടുത്തു.
“നല്ലാ സാപ്പിട് എനാ” അയാൾ ഗേറ്റ് അടച്ചു നടന്നകന്നപ്പോൾ ഞാൻ ഒറ്റയ്ക്കായ പോലെ തോന്നി. ശർമാജി ആണെങ്കിൽ പാതി ഉറക്കത്തിൽ രാവിലത്തെ ട്രെയിനിന് ബോംബെയ്ക്ക് പോയിരുന്നു. ഇനിയൊരു തിരിച്ചുവരവില്ല എന്നവൻ നിശ്ചയിച്ചപോലെ.
***
അടുത്ത ദിവസമാണ് ലോഡുമായി വണ്ടി വരുന്നത്, നാല് സൈറ്റുകളിലേയ്ക്കുമുള്ള സർക്യൂട്ട് ബ്രേക്കറുകളാണ്. എന്താണ് ചെയ്യേണ്ടത് എന്ന് ഒരൈഡിയയും ഇല്ല. ക്രെയിൻ വച്ച് ഇറക്കാം. പക്ഷെ, നല്ല ഉയരമുള്ള സാധനങ്ങളാണ്. പെരിയപുരം സൈറ്റിലേയ്ക്ക് എങ്ങനെ കൊണ്ടുപോകും?
പന്തലുപോലെ തണൽ വിരിച്ച പെരിയപുരത്തെ LV ലൈനുകളിലേയ്ക്ക് ഞാൻ നോക്കി. ബ്രേക്കർ തട്ടി ഏതെങ്കിലും ലൈൻ പൊട്ടിയാൽ കഴുത്തിൽ കത്തി വീഴും.
പെരിയപുരത്തെ പോലെ അരിയല്ലൂരിലും വിരുതാചലത്തും തിരുച്ചിയിലും ഈ പ്രശ്‌നങ്ങളില്ല എന്ന് സൈറ്റ് വിസിറ്റ് നടത്തിയപ്പോൾ മനസ്സിലായിരുന്നു. അവിടെയൊക്കെ മെയിൻ റോഡിന്റെ സൈഡിൽ തന്നെയാണ് സൈറ്റുകളുള്ളത്.
പിറ്റേന്ന് പുലർച്ചെ ഉറക്കമുണരുന്നതിന് മുൻപ് ലോറിയിൽ സഹായിയായി വരാമെന്നേറ്റ രാമറുടെ കോൾ വന്നു. പനി ആണ്, വരാൻ പറ്റില്ല എന്ന് അയാൾ പുലമ്പുന്നുണ്ടായിരുന്നു. തലേ ദിവസം റെയിൽവേ സ്റ്റേഷനടുത്തുള്ള എം ആർ പിയുടെ മുൻപിൽ നീണ്ടുനിവർന്ന് കിടക്കുന്നത് കണ്ടപ്പഴേ എനിക്ക് സംശയമുണ്ടായിരുന്നു.
എട്ട് മണി കഴിഞ്ഞപ്പോൾ ലോറി ഡ്രൈവറുടെ കോൾ എത്തി.
“സർ എങ്കെ വരണം?”
ഡ്രൈവറോട് ഹൈവേയിൽ നിൽക്കാൻ പറഞ്ഞ് ഒരു ഓട്ടോ പിടിച്ച് ഞാൻ അങ്ങോട്ടേയ്ക്ക് പോയി. കൈലാസനാഥർ ക്ഷേത്രത്തിൽ ചിത്തിരൈ ബ്രഹ്മോത്സവം നടക്കുന്ന സമയമായിരുന്നു. വഴിയിലെങ്ങും പൂക്കളും വർണക്കടലാസുകളും.
ഓരം നിർത്തിയ വണ്ടിയുടെ പുറകിൽ സർക്യൂട്ട് ബ്രേക്കറുകളും മുൻപിൽ അയാൾക്ക് വലിക്കാനുള്ള ബീഡിപ്പായ്ക്കുകളുമായിരുന്നു.
കള്ളിമുണ്ട് മുറുക്കിക്കെട്ടി അയാൾ പുറത്തിറങ്ങി. കട്ടിങ് ചായ കുടിച്ചുകൊണ്ട് പേരും നാടും ചോദിച്ച് പരിചയപ്പെട്ടു. പേര് കതിരേശൻ, തെക്കൻ തമിഴ്‌നാട്ടിലെ അംബാസമുദ്രം സ്വദേശിയാണ്.
പെരിയപുരത്ത് കേട്ടുപരിചയിച്ച തമിഴിൽ നിന്ന് ഏറെ വ്യത്യസ്തമായ ശൈലിയാണ് അയാളുടേത്. ചുരുള മുടിയും തള്ളിനിൽക്കുന്ന മീശയുമുള്ള അയാൾക്ക് ഏറിപ്പോയാൽ 35 വയസ് പ്രായം കാണും. കഴുത്തിൽ ചരടും അതിലൊരു ഏലസും മുറുകിക്കിടപ്പുണ്ടായിരുന്നു.
ചായയ്ക്ക് ശേഷം, പൊരുൾ എങ്ങനെ ഇറക്കാനാണ് പ്ലാൻ എന്ന് അയാൾ ചോദിച്ചു. ആദ്യം പെരിയപുരത്ത് ഇറക്കിയ ശേഷം പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് പോകാമെന്ന് ധാരണയുണ്ടാക്കി. പെരിയപുരത്ത് സാധനമിറക്കാൻ ക്രെയിൻ റെഡിയാണെങ്കിലും സൈറ്റിലേയ്ക്ക് സാധനങ്ങൾ എങ്ങനെയെത്തിക്കും എന്ന അങ്കലാപ്പ് ഞാൻ പങ്കുവച്ചു.
കഴിഞ്ഞയാഴ്ച മാസ്റ്റുകൾ ഇറക്കാനായി വന്ന ഒരു ലോറിക്കാരൻ മെയിൻ റോഡ് സൈഡിൽ ഇറക്കി തിരികെപ്പോയതാണ്. ഇയാളും അങ്ങനെയെന്തെങ്കിലും ഉടക്കുവർത്തമാനം പറയുമോ എന്ന് ഭയന്നു.
ചായയ്ക്ക് ശേഷം കതിരേശൻ വീണ്ടും ഒരു ബീഡി കത്തിച്ചു.
ഒരു വലിയ കമ്പെടുത്ത് ലോ വോൾട്ടേജ് ലൈനുകൾ പതുക്കെ ഉയർത്തിപ്പിടിക്കേണ്ടിവരുമെന്ന് അയാൾ പറഞ്ഞു.
“ലേബേഴ്സ് ആരും ഇല്ലയാ സർ?”
അന്നേരം ഞാൻ കമ്പനി ഡയറക്ടറുടെ വാക്കുകളോർത്തു. “നീ തന്നെ വണ്ടിയിൽ പോണം, വിലപ്പെട്ട മുതലാണ്, ഒരു ലേബർ മാത്രം മതി, ശിവരാജനോട് പറ, അയാൾ അറേഞ്ച് ചെയ്യും.”
ശിവരാജൻ അറേഞ്ച് ചെയ്ത ലേബർ രാമറാണെങ്കിൽ വിസ്കിയിൽ കുളിച്ച് കിടക്കുന്നു. തലയ്ക്ക് വെളിവില്ലാത്തവരെയൊന്നും ഈ പണി ഏൽപ്പിക്കരുത് എന്ന് ശിവരാജണ്ണനോട് പറഞ്ഞതാണ്. ഇനി സാമി ഇറങ്ങിപ്പോകും വരെ അയാളെ വിളിക്കാനും നിർവാഹമില്ല.
“ഞാൻ തന്നെ പിടിക്കാം”
“റിസ്ക് സാർ”
“അത് പരവായില്ല, നോക്കി പിടിക്കാം” ഞാൻ നിസംഗമായി സർക്യൂട്ട് ബ്രേക്കറുകളിലേയ്ക്ക് നോക്കി.
ഹൈവേയിൽ നിന്ന് മെയിൻ റോഡിൽ കയറി രണ്ട് കിലോമീറ്റർ പോയാൽ വലത്തേയ്ക്കുള്ള വഴിയിലൂടെയാണ് സൈറ്റിലേക്ക് പോകേണ്ടത്. മെയിൻ റോഡിലേയ്ക്ക് തിരിഞ്ഞ് പത്തടി പിന്നിട്ട ഉടനെ പൊലീസുകാർ വണ്ടി വളഞ്ഞു. പകൽ പത്ത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ റോഡിൽ ചരക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.
ഉത്സവം നടക്കുന്നതിനാൽ സാധാരണയിലും അധികം തിരക്കുണ്ടായിരുന്ന റോഡിൽ ചരക്ക് ലോറി കണ്ടതോടെ അവർ വല്ലാതെ ഒച്ചയിട്ടു.
വണ്ടി പൊലീസുകാർ വളഞ്ഞപ്പോൾ സഹായിക്കാൻ എന്ന വ്യാജേന ഒരാൾ അടുത്തുകൂടിയിരുന്നു.
“അന്ത ആള്ക്കിട്ടെ പേസാതെ” അയാളെ കണ്ടയുടനെ കതിരേശൻ എന്നോട് പറഞ്ഞു. പൊലീസുകാരെ കണ്ട് ഭയന്നുപോയ ഞാൻ കതിരേശൻ പറയുന്നത് കേൾക്കാതെ അയാളോട് ചോദിച്ചുകൊണ്ടിരുന്നു.
“ഇന്ത വഴി പോക മുടിയാതാ അണ്ണാ”
അയാൾ പൊലീസുകാരുടെ അടുത്ത് വെറുതെ വട്ടം കൂടി നിന്നു. അവരോട് എന്തോ കുശലം ചോദിക്കുന്നത് മാതിരി ഒന്ന് പരുങ്ങുകയും തിരികെ വണ്ടിയുടെ അടുത്ത് വന്ന് നിൽക്കുകയും ചെയ്തു. ഇന്നേരമത്രയും ആരെയൊക്കെയോ കോൾ ചെയ്യുന്ന മട്ടിൽ അയാൾ ഫോൺ ചെവിക്ക് മുട്ടിക്കുന്നുണ്ടായിരുന്നു.
ഫൈൻ കൊടുത്ത ശേഷം പോലീസുകാർ വിട്ടെങ്കിലും സഹായിക്കാൻ വന്നയാൾ ലോറിയിൽ ചാടിക്കയറിയിരുന്നു. നല്ല ഉയരവും അതിനൊത്ത തടിയുമുള്ള അയാൾ കയറിയപ്പോൾ തന്നെ വണ്ടി ഒന്ന് കുലുങ്ങിയതായി തോന്നി. നാട്ടിലെ ആദ്യത്തെ ദുബായ്ക്കാരനെ പോലെ വെള്ളയിൽ കറുത്ത വരകളുള്ള ടി ഷർട്ടും കാസിയോയുടെ സിൽവർ സ്ട്രാപ്പ് വാച്ചും അയാൾ ധരിച്ചിരുന്നു.
ആറ് മണി വരെ ഈ റൂട്ടിൽ പോകാൻ പറ്റാത്തതിനാൽ സൈറ്റിനടുത്തുള്ള മണൽപരപ്പ് വരെയെത്തുന്ന സബ്റോഡ് പിടിക്കാമെന്ന ഐഡിയ ഞാൻ കതിരേശനുമായി പങ്കുവച്ചു. അയാളുടെ മുൻപിൽ വച്ച് ഒന്നും പറയരുത് എന്ന് കതിരേശൻ ആംഗ്യം കാണിച്ചു.
ഞങ്ങൾ പറയുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു പഴനിച്ചാമി എന്ന് പരിചയപ്പെടുത്തിയ ആ മനുഷ്യൻ. അത് അയാളുടെ ശരിയായ പേരാണോ എന്ന് പോലും ഉറപ്പില്ല.
താൻ കാരണമാണ് വണ്ടി റിലീസ് ചെയ്തതെന്ന് മുതലെടുപ്പിന്റെ ഭാഷയിൽ പറഞ്ഞുകൊണ്ടിരിക്കെ, ഡാഷ്ബോഡിൽ കണ്ട ബീഡിപ്പായ്ക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത് അയാൾ വെറുതെ ചുണ്ടത്ത് വച്ചു. മംഗലശ്ശേരി കാർത്തികേയനെ പോലെ കത്തിക്കാത്ത ബീഡി നാവ് കൊണ്ട് ഇരുവശങ്ങളിലേയ്ക്കും തള്ളിക്കൊണ്ടിരുന്നു. വണ്ടിയിൽ നിന്നിറങ്ങാൻ അഭ്യർത്ഥിച്ചിട്ടും അയാൾ കൂട്ടാക്കിയില്ല. വിൻഡോയുടെ മേലെ താളം പിടിച്ച് കണ്ണിറുക്കി ചിരിച്ച പഴനിച്ചാമിയെ കണ്ടപ്പോൾ ഒരു കൊള്ളത്തലവന്റെ പിടിയിലകപ്പെട്ട പോലെ എനിക്ക് തോന്നി.
ലോഡ് അയാളുടെ ആളുകൾ ഇറക്കിത്തരുമെന്നും 10,000 രൂപ തരണമെന്നും പറഞ്ഞപ്പോൾ എന്റെ കിളി പാറി. ഞാൻ കതിരേശന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അയാൾ പഴനിച്ചാമിയെ നിസംഗമായി നോക്കുന്നത് കണ്ടു. പഴനിച്ചാമി ആരെയോ ഫോൺ ചെയ്യാനൊരുങ്ങുകയായിരുന്നു.
ക്രെയിൻ വച്ച് മാത്രം ഇറക്കാൻ പറ്റുന്ന പവർ സ്റ്റേഷൻ ഉപകരണങ്ങളെ ഞാൻ തിരിഞ്ഞൊന്ന് നോക്കി. നിധി കാക്കുന്ന ഭൂതത്തെ പോലെ ബാംഗ്ലൂരിൽ നിന്ന് കതിരേശൻ കൊണ്ടുവന്നതാണ്. അൺലോഡിങ്ങിനിടെ തട്ടുകയോ മുട്ടുകയോ ചെയ്‌താൽ ലക്ഷങ്ങളാണ് നഷ്ടമാകുക എന്ന് പറഞ്ഞിട്ടൊന്നും പഴനിച്ചാമി വിട്ടുതരുന്നില്ല.
പഴനിച്ചാമിക്കെന്ത് സർക്യൂട്ട് ബ്രേക്കർ? അങ്ങനൊരു പേര് പോലും അയാൾ ഇന്നേവരെ കേട്ടിട്ടില്ലെന്ന് തോന്നി. വീടുകളിലൊക്കെ ഉള്ള ചിന്ന സർക്യൂട്ട് ബ്രേക്കറുടെ പെരിയ വേർഷൻ എന്നൊക്കെ പറഞ്ഞ് അയാളെ ബോധിപ്പിക്കുന്ന എന്നെ കതിരേശൻ പുച്ഛത്തോടെയാവും അന്നേരം നോക്കിയിരുന്നത് എന്നുറപ്പാണ്.
ഹൈവേയിൽ നിന്ന് സബ്‌റോഡിൽ കയറിയതും, മുൻപേ പൊട്ടിക്കിടന്ന ഒരു LV ലൈൻ ലോറിയിലിരുന്ന സർക്യൂട്ട് ബ്രേക്കർ തട്ടിയാണ് പൊട്ടിയതെന്ന് പറഞ്ഞുകൊണ്ട് അയാൾ ബഹളം വച്ചു. എന്തോ മഹാപാതകം ചെയ്തവരെന്ന പോലെ ഞങ്ങളെ നോക്കി കൈക്കുഴ തിരിച്ച ശേഷം ഫോണിൽ ഏതോ നമ്പർ തപ്പാൻ തുടങ്ങി. ഇ ബി ഓഫീസിൽ വിളിച്ചു പറഞ്ഞാൽ വലിയ ഫൈൻ അടക്കേണ്ടിവരുമെന്നൊക്കെ അയാൾ ഭീഷണിപ്പെടുത്തിയപ്പോൾ എനിക്ക് കരയണമെന്ന് തോന്നി. അതുവരെ ഒന്നും മിണ്ടാതിരുന്ന കതിരേശൻ ഉടനെ വണ്ടി സൈഡാക്കി.
“ഇത്ക്കെല്ലാം അഴാതെ, ഫ്രോഡ് സർ ഇവനെല്ലാം.”
ഞാൻ കതിരേശൻ പറയുന്നത് കേൾക്കാതെ ഒരു 500 രൂപയെടുത്ത് പഴനിച്ചാമിക്ക് കൊടുത്തു.
“ദയവ് സെയ്ത് പോങ്ക, നിങ്ങൾ ഈ പറയുന്ന പത്തായിരമൊന്നും കമ്പനി ഞങ്ങൾക്ക് അലോട്ട് ചെയ്ത് തരില്ല. എല്ലാവരും ജീവിക്കാൻ അല്ലേ അണ്ണാ ഈ പാടൊക്കെ പെടുന്നത്.” ആരോടാണ് എന്ന ബോധം പോലുമില്ലാതെ ഞാൻ അയാളെ തൊഴുതുനിന്നു. ജീവിക്കണമെങ്കിൽ പഴനിച്ചാമിയുടെ കൃപ വേണമെന്ന് എനിക്ക് തോന്നിയിരിക്കണം.
പക്ഷേ, പഴനിച്ചാമിക്ക് ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല.
“ഇത് കമ്മി താ”. അയാൾ നോട്ട് ഒന്ന് കുടഞ്ഞ ശേഷം തൃപ്തിയാവാത്തത് പോലെ ചിരിച്ചു.
അയാളുടെ നനഞ്ഞ ചിരിയൊഴികെ മറ്റെല്ലാം നിശബ്ദമായിരുന്നു. ലോറിക്ക് മീതെ കത്തിരിവെയിൽ ആളിയപ്പോൾ പെട്ടെന്നൊരു ശബ്ദം വലത് ഭാഗത്ത് നിന്ന് കേട്ടു.
“ലേയ്” അതിന് തെക്കൻ തമിഴ്‌നാടിന്റെ ശൗര്യമുണ്ടായിരുന്നു.
കതിരേശൻ പഴനിച്ചാമിയെ തന്നെ തുറിച്ചുനോക്കുന്നത് കണ്ടു.
പഴനിച്ചാമിയുടെ മുഖത്തൊരു വിറയൽ. അതുവരെ അധികാരഭാവത്തിൽ നിന്ന അയാൾ ഒന്നുലഞ്ഞ പോലെ.
“ലേയ്, കൊടുക്കുറതെ വാങ്കിട്ട് വായ് മൂടി എറങ്ക്.” തിരുനെൽവേലിയുടെ വീര്യമുറ്റുന്ന കണ്ണുകളോടെ കതിരേശൻ പുറത്തേയ്ക്ക് വിരൽ ചൂണ്ടി.
അയാൾ കതിരേശനെ നോക്കാൻ മെനക്കെടാതെ പണം മടക്കി പോക്കറ്റിലിട്ടു. കണ്ണാടിയിൽ നോക്കി മുടി ചീകിയൊതുക്കിയ ശേഷം എന്നോട് മാത്രം സലാം പറഞ്ഞ് ഇറങ്ങി.
“സർ എതുക്ക് സാർ അവന്ക്ക് കാശ് കൊടുത്തേ, പണം എന്നാ സുമ്മാ കെടയ്ക്കുമാ, നീങ്ക കൊടുത്തിട്ടേ, അതിനാലെ എനക്ക് ഒന്നുമേ ചൊല്ല മുടിയലേ.”
സൈറ്റ് മാനേജ് ചെയ്ത് പരിചയമില്ലെന്ന് എന്റെ അങ്കലാപ്പ് കണ്ടപ്പോൾ കതിരേശന് മനസിലായി.
“ഇത്ക്കെല്ലാം ഭയപ്പെടാതെ സർ”
പേടിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം എന്ന് വ്യക്തമാക്കിക്കൊണ്ട് അയാൾ വളയം പിടിച്ച് മുന്നോട്ട് നോക്കിയിരുന്നു. കണ്ണ് പോലും ചിമ്മാതെ വളരെ ശ്രദ്ധയോടെയാണ് അയാൾ വണ്ടിയോടിക്കുന്നത് എന്ന് തോന്നി. തല ഒരേ പൊസിഷനിൽ തന്നെ പിടിച്ച് കണ്ണുകൾ വശങ്ങളിലേക്ക് മുഴുവനായും മോണിറ്റർ ചെയ്യുന്നത് പോലെ.
കുറെ ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ ഇലക്ട്രിക്ക് ലൈനുകൾ താഴ്ന്നിറങ്ങിയ ഒരു ജങ്ഷൻ എത്തി, കമ്പെടുത്ത് ലൈനുകൾ പതുക്കെ ഉയർത്തി വരുമ്പോഴേയ്ക്കും ആളുകൾ ഓടിക്കൂടി ബഹളമുണ്ടാക്കി. രാകിമിനുക്കിയ അരുവാക്കത്തിയുമായി ഓടിയടുക്കുന്ന തമിഴ് സിനിമകളിലെ വില്ലർ സംഘത്തെ എനിക്ക് ഓർമ വന്നു.
കറിക്കരിയുന്ന കത്തിയുമായി ചില സ്ത്രീകളെയും കൂട്ടത്തിൽ കണ്ടു. കറണ്ട് അവിടെ വലിയ വിഷയം തന്നെയാണെന്ന് അപ്പോൾ മനസിലായി.
“യാര് ഇതുക്ക് എഞ്ചിനീയർ, എങ്കട അവൻ” കൂട്ടത്തിൽ അത്യാവശ്യം ഇലക്ട്രിക്കൽ സെൻസ് ഉള്ള ആളായിരിക്കണം എഞ്ചിനീയറെ തിരക്കിയത്.
അത് കേട്ടതോടെ ലൈനുകൾ ഉയർത്തുന്ന എന്റെ കൈകൾ വിറച്ച് കമ്പ് താഴോട്ട് വീണു. ഉള്ള ധൈര്യം സംഭരിച്ച് “നാൻ താൻ” എന്നും പറഞ്ഞ് താഴേയ്ക്ക് ചാടിയപ്പോൾ ആൾക്കൂട്ടം അരണ്ട് രണ്ടടി പിന്നോട്ട് പോയി. പിന്നെയും അവർ ഇരച്ചെത്തുമ്പോഴേയ്ക്കും കതിരേശൻ ലോറിയിൽ നിന്നിറങ്ങി നടുവിലേക്ക് വന്നു.
“അവർ സൂപ്പർവൈസർ താ” അയാൾ എന്നോട് പതുക്കെ കണ്ണിറുക്കി. ലൈൻ കമ്പികൾ പൊട്ടിക്കില്ലെന്ന് വാക്ക് കൊടുത്ത് അവരെ മയപ്പെടുത്തി തിരിച്ചയച്ചു.
“സാർ, എഞ്ചിനീയർ നെല്ലാം ചൊല്ലാതെ, ചുമ്മാ പണം കേപ്പാര്”
കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ ടാറിട്ട റോഡ് തീർന്ന് ചുവന്ന മണ്ണ് നിറഞ്ഞ പ്രദേശത്തെത്തി. അങ്ങിങ്ങായുള്ള ഒറ്റമരങ്ങൾ വെയിലിൽ തണൽ കാട്ടി വിളിച്ചെങ്കിലും കുറച്ചേറെ ദൂരം പോകാനുണ്ടായിരുന്നു.
റോഡിന്റെ അവസ്ഥ മോശമാണെങ്കിൽ കൂടിയും സർക്യൂട്ട് ബ്രേക്കറുകൾക്ക് കേടുപാടുകൾ പറ്റാതെ എങ്ങനെയെങ്കിലും പോകാമെന്ന് അയാൾ തീരുമാനിച്ചു. ബീഡി വലിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി തുറന്ന് എനിക്ക് നൽകി, ഞാൻ ആർത്തിയോടെ അത് കുടിച്ചുതീർത്തു. ബീഡി വേണോ എന്ന് അയാൾ ദയയോടെ ചോദിച്ചു. ഈ ചൂടത്ത് സിഗരറ്റ് പോലും വലിക്കാൻ പറ്റില്ലെന്ന് എനിക്ക് തോന്നി.
കുലുക്കമുള്ള മൺ റോഡിൽ വളരെ പതുക്കെ ഞങ്ങൾ നീങ്ങി.
ട്രെയിനിന്റെ ശബ്ദം തെളിഞ്ഞ് കേട്ടപ്പോൾ സൈറ്റ് എത്താറായെന്ന് മനസിലായി.
“ഇന്നും കൊഞ്ച ദൂരം താൻ” മണൽപ്പരപ്പൊരു കടലെന്നും ലോറിയൊരു കപ്പലെന്നും അന്നേരം എനിക്ക് തോന്നി. ദൂരെ കര കാണുന്ന നാവികരുടെ സന്തോഷം ഞങ്ങൾ ഇരുവരുടെയും മുഖത്ത് കണ്ടു.
“മൊതൽലിയെ ഇന്ത വഴി വന്തിരിക്കലാം സർ”
ബീഡിക്കറയുള്ള പല്ലുകൾ കാട്ടി അയാൾ ചിരിച്ചു.
***
പെരിയപുരത്ത് സർക്യൂട്ട് ബ്രേക്കർ ഇറക്കിയ ശേഷം സെങ്കുറിച്ചി ഉളുന്തൂർപേട്ട് വഴി വിരുതാചലത്തേക്ക് പോയി.
വിരുദ്ധാഗിരീശന്റെ ഗോപുരവും കടന്ന് പോയപ്പോൾ ഓറഞ്ച് വർണം പെയ്ത് തുടങ്ങിയിരുന്നു. അവിടെ ക്രെയിൻ ഒക്കെ തരപ്പെടുത്തി അൺലോഡിങ് കഴിഞ്ഞപ്പോഴേയ്ക്കും നേരം ഇരുട്ടി. ഇനി അരിയല്ലൂരും തിരുച്ചിയും അൺലോഡ് ചെയ്യാനുണ്ട്.
പത്ത് മണിക്കുള്ളിൽ അരിയല്ലൂർ എത്തിയാൽ അൺലോഡ് ചെയ്യാമെന്നുള്ള ധാരണയിൽ ഇറങ്ങിയെങ്കിലും പാതി വഴിയിൽ വെള്ളാർ നദി പിന്നിട്ടപ്പോൾ തന്നെ പത്ത് മണി കഴിഞ്ഞിരുന്നു.
“സർ, ഇപ്പൊ അങ്കെ പോനാൽ യാരും ഇരുക്കമാട്ടെ, ടയേഡ് ആയിടിച്ച്, തൂങ്കീട്ട് കാലെയിലെ പോലാം. ഇന്ത ഇടം കൊഞ്ചം സേഫാ തെരിയിത്.” രാവിലെ പോകാമെന്നുള്ള അയാളുടെ സജഷൻ ശരിയാണെന്ന് എനിക്ക് തോന്നി. ലോറിയിൽ സുഖമായി ഉറങ്ങാൻ പറഞ്ഞിട്ട് അയാൾ തന്റെ ഫോൾഡബിൾ കട്ടിലെടുത്ത് പുറത്ത് വിരിച്ചു.
റോഡിന് താഴെയുള്ള ചോളപ്പാടങ്ങളിൽ നിലാവ് പെയ്യുന്നുണ്ടായിരുന്നു. നീരൊഴുക്കും ചാലുകളിലെ വെള്ളത്തിന്റെ ശബ്ദം ഒച്ചയില്ലാ ഇരുട്ടിൽ തെളിഞ്ഞുകേട്ടു.
“ആനയും പുലിയും ഒന്നും വര മാട്ടേ ല്ലേ?”
“മനുഷ്യങ്കൾ വന്താ താ സർ ഭയക്കണം…” പുതപ്പെടുത്ത് മുഖം മറയ്ക്കുന്നതിനിടയിൽ അയാൾ ചിരിക്കാൻ മറന്നില്ല.
പിറ്റേന്ന് പകൽ മരക്കൂട്ടങ്ങൾ നിറഞ്ഞ റോഡിലൂടെ അരിയല്ലൂരേക്ക് അടുക്കുമ്പോൾ കുന്നിൻ പുറത്ത് മങ്ങാൻ മടിച്ചിരുന്ന ചന്ദ്രനെ കണ്ടു. ഭാരിച്ച വെള്ളക്കുടങ്ങളുമായി പോകുന്ന സ്ത്രീകളെയും ആട്ടിൻകൂട്ടങ്ങളെ മേയ്ക്കുന്ന വൃദ്ധന്മാരെയും കണ്ടു.
അരിയല്ലൂരിൽ ജിപ്സികളുടെ കുടിലുകളുണ്ടായിരുന്നു. ഒടുങ്ങാത്ത യാത്രകളും ഇടത്താവളങ്ങളും മാത്രമുള്ളവരെന്ന് ഞാൻ അവരെ സഹതപിച്ചു. കുടിലുകൾ താണ്ടിയ ശേഷം കണ്ണാടി കണ്ടപ്പോൾ യാത്ര തീരുന്നതിന്റെ ആനന്ദം നിറഞ്ഞിരിപ്പുണ്ടായിരുന്നു.
അരിയല്ലൂരിലെ അൺലോഡിങ് കഴിഞ്ഞ ശേഷം വീണ്ടും പല ജനപഥങ്ങൾ താണ്ടി കാവേരിക്കരയിലെത്തി. പാലം കടന്ന് തിരുച്ചിപ്പട്ടണം കയറി.
തിരുച്ചിയിൽ കത്തിരി വെയിൽ ആളിയടങ്ങിയ വൈകുന്നേരം. തമിഴ്നാടിന്റെ വെയിൽ താഴുന്ന നേരത്ത് അത്രയും നേരം അനുഭവിച്ചതിനൊക്കെയും കുളിർമയേകുന്ന ഒരു അനുഭവമാണ്. ശാന്തസുന്ദരമായ ഒരു ഓറഞ്ച് വർണം, അതിന് മുകളിൽ നീലിമ, അതിനും മേലെ ഇരുട്ട്, ചെറിയ തണുപ്പുള്ള ഒരു കാറ്റ്.
അത് പോലൊരു ശാന്തത അന്നേരം എനിക്ക് തോന്നി.
അൺലോഡിങ് കഴിഞ്ഞ് തിരുനെൽവേലിയിലേയ്ക്ക് പോകാനൊരുങ്ങിയ കതിരേശൻ എനിക്കൊരു കട്ടിങ് ചായ വാങ്ങി നൽകി. ഞാൻ അയാളോട് ഒരു ബീഡി ചോദിച്ചു.
കത്തിത്തീർന്ന ബീഡി നിലത്തിട്ട് ഡ്രൈവിങ് സീറ്റിലേയ്ക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു.
“തമ്പീ, പോയി വരെ”
ഒഴിഞ്ഞ ലോഡുമായി കാഴ്ചയിൽ അയാൾ മറയും വരെ ഞാൻ അവിടെ നിന്ന് ബീഡി വലിച്ചു.
***
തിരുച്ചിയിൽ നിന്ന് ബസിൽ പെരിയപുരം പോകുമ്പോൾ പേരക്കുട്ടിയോടൊത്ത് ആദ്യത്തെ പിറന്നാളാഘോഷിക്കുന്ന ശിവരാജണ്ണന്റെ ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസിൽ കണ്ടു. സ്റ്റാറ്റസ് ഹൈഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അയാൾക്കറിയില്ലായിരുന്നു.
ബസ്റ്റാന്റിൽ നിന്ന് ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നു, മൂന്ന് ദിവസം എന്ന് പറഞ്ഞ് പോയ ആൾ രണ്ടാം ദിനം തന്നെ തിരിച്ചെത്തി ചോറും പരിപ്പുകറിയും തയ്യാറാക്കി എന്നെ കാത്തിരിപ്പുണ്ട്.
അയാളെ കണ്ടയുടൻ ഞാൻ കോളറിന് പിടിച്ചു.
“എന്നെ ഈ നരകത്തിലിട്ട് ഇവിടുന്ന് മുങ്ങാൻ വേണ്ടി നിങ്ങൾ പ്ലാൻ ചെയ്ത ഡ്രാമയല്ലേ സാമിയാട്ടം?”
“തമ്പീ, കേട്ടാൽ നീ എനക്ക് ലീവ് കൊടുക്കമാട്ടെ, പേരനോടെ ഫസ്റ്റ് ബർത്ത്ഡേ, അവനോടെ അപ്പ ജയ്പൂർ പക്കം താ ഇരുക്ക്. നമ്മളത് വിട മോശമാന സൈറ്റ്. നാമ കൂടെ ഇല്ലേനാ യാര് ഇരുപ്പാര്.”
ബാഗ് തുറന്ന് പൊതിഞ്ഞുകൊണ്ടുവന്ന കേക്ക് എടുത്ത് അയാൾ എന്റെ വായിൽ തിരുകിക്കേറ്റി.
“അനാ അന്നേക്ക് നൈറ്റിലെ സാമി വന്തത് ഉൺമൈ, സാമിക്കിട്ടെ മന്നിപ്പ് കേട്ട് അന്ത സിറ്റിവേഷൻ യൂസ് പണ്ണിട്ടെ.”
അന്ന് ശിവരാജണ്ണനിൽ വന്ന സാമി ശരിയായ സാമിയാണെന്ന് എനിക്ക് തോന്നി. എന്തായാലും, ഉപകാരങ്ങൾക്ക് കൂടെയെത്തുന്ന സാമി തന്നെ സാമി.
പുലിപ്പുറത്തിരിക്കുന്ന മലെ മഹദേശ്വര സ്വാമിയുടെ ഫോട്ടോയ്ക്ക് കീഴെയിരുന്ന് ആ ദിവസങ്ങളെ ആകെ ഓർമിച്ചെടുത്തപ്പോഴേയ്ക്കും അയാളുടെ കൈ ഡ്രസ് ചെയ്തിരുന്നു. ഓർമകളുടെ മേലെ കത്തിരിവെയിൽ ആളിയപ്പോൾ ഞാൻ അയാളോട് ചോദിച്ചു.
“ഒരാഴ്ച മുൻപ് എന്തോ നടന്നെന്ന് പറഞ്ഞില്ലേ?”
“സാർ, വേലൂരിനടുത്ത് വച്ച് ഇത് പോലൊരു സംഭവം. പക്ഷെ, നിങ്ങളെപ്പോലെ ആരും…”
അയാൾ പറയുന്ന ബാക്കി കാര്യങ്ങൾ കേൾക്കാൻ നിൽക്കാതെ ഷർട്ടിൽ കിടന്ന ഹെഡ്‌സെറ്റെടുത്ത് ഞാൻ ചെവിയിൽ കുത്തി.
“ഫാമിൽ നിന്നൊരു അർജന്റ് കോൾ.”
പുറത്തിറങ്ങി ഒരു സിഗരറ്റ് വലിക്കാൻ തോന്നിയെങ്കിലും ഒറ്റയ്ക്കിറങ്ങാൻ ഭയന്ന് വരാന്തയിൽ തന്നെ നിന്നു.
പഴനിച്ചാമി സൈറ്റിൽ തിരക്കി വന്നതിന്റെ പിറ്റേന്നാൾ ഇളയച്ഛന്റെ ഫാമിന് മുൻപിൽ ബസിറങ്ങിയത് എനിക്കോർമ്മ വന്നു. കത്തിരിവെയിലിന്റെ ചൂടിൽ നിന്ന് കോടമഞ്ഞിന്റെ തണുപ്പിലേയ്ക്ക് ഇറങ്ങിയ ദിവസം മുതൽ ഞാൻ അത് ആസ്വദിച്ച് വരികയായിരുന്നു.
പക്ഷേ, ആശുപത്രിയുടെ മുൻവശത്ത് കെട്ടിക്കിടന്ന കോടയ്ക്ക് അതുവരെയില്ലാത്ത ഒരു നിഗൂഢത തോന്നി. അപ്പോൾ, എവിടെയുമെങ്ങും ഇരിപ്പുറക്കാത്ത ഒരു ജിപ്സി തന്നെയാണ് ഞാനെന്ന് മനസിലായി.
Read More: അർജുൻ രവീന്ദ്രൻ എഴുതിയ കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക