ബാംഗ്ലൂർ: വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനത്തിന് സാക്ഷ്യം വഹിച്ച ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പക്ഷേ വിജയം കൊൽക്കത്തയ്ക്കൊപ്പം നിന്നു. 183 എന്ന താരതമ്യേന മികച്ച സ്കോർ ഏറെ പരിക്കുകളൊന്നുമില്ലാതെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്. മറുപടി ബാറ്റിങിൽ ഫിൽ സാൾട്ടും സുനിൽ നരെയ്‌നും നൽകിയ മികച്ച തുടക്കമാണ് കൊൽക്കത്തയുടെ വിജയത്തിന് അടിത്തറയിട്ടത്.
50 റൺസ് നേടിയ വെങ്കിടേഷ് അയ്യരുടെ മികച്ച പ്രകടനമാണ് കൊൽക്കത്ത സ്കോറിങിന്റെ വേഗം കൂട്ടിയത്. സ്കോർ 160 കടന്നപ്പോൾ വെങ്കിടേഷിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർ കൊൽക്കത്തയ്ക്ക് പിന്നീടുള്ള കാര്യങ്ങൾ എളുപ്പമാക്കി. കളി അവസാന ഓവറുകളിലേക്ക് കടന്നപ്പോൾ തകർത്തടിച്ച ശ്രേയസ് 24 പന്തുകളിൽ നിന്നും 39 റൺസ് നേടി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിയുടെ തുടക്കം അത്ര നന്നായില്ല. 8 റൺസെടുത്ത ഫാഫ് ഡു പ്ലെസിയെ വീഴ്ത്തിക്കൊണ്ടാണ് കൊൽക്കത്ത ബാംഗ്ലൂരിന് ആദ്യ പ്രഹരമേൽപ്പിച്ചത്. തുടർന്നാണ് കോഹ്ലി-കാമറൂൺ ഗ്രീൻ സഖ്യം ബാംഗ്ലൂരിന്റെ രക്ഷകരായി എത്തിയത്. ഇരുവരും ചേർന്നുകൊണ്ട് 65 റൺസ് കൂട്ടിച്ചേർത്തെങ്കിലും ആന്ദ്രേ റസലിന്റെ ബോളിൽ ഗ്രീൻ പുറത്തായി. പിന്നീടെത്തിയ ഗ്ലെൻ മാക്സ്വെൽ 42 റൺസെടുത്ത് കോഹ്ലിക്ക് പിന്തുണ നൽകിയെങ്കിലും വലിയ ഷോട്ടിനുള്ള ശ്രമത്തിൽ മാക്സ്വെൽ പുറത്തായി.
പിന്നീടെത്തിയ രജത് പടിദാര്‍ (3), അനുജ് റാവത്ത് (3) എന്നിവർക്ക് പിടിച്ചു നിൽക്കാനായില്ല. അവസാന രണ്ട് ഓവറില്‍ കോഹ്ലി- ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ട് തകർത്തടിച്ചതോടെയാണ് 182 എന്ന നിലയിലേക്ക് ബാംഗൂർ എത്തിയത്. മിച്ചൽ സ്റ്റാർക്കിനെയാണ് കൊൽക്കത്ത നിരയിൽ നിന്നും ബാംഗ്ലൂർ ബാറ്റർമാർ തിരഞ്ഞു പിടിച്ചു പ്രഹരിച്ചത്. വിക്കറ്റൊന്നും ഇല്ലാതെ നാല് ഓവറിൽ 47 റൺസാണ് സ്റ്റാർക്ക് വിട്ടുകൊടുത്തത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്