മനുഷ്യ ജീവിതത്തിൽ സാരമായതു ചില മുന്തിയ സന്ദർഭങ്ങൾ മാത്രമാണെന്ന് നിരീക്ഷിച്ചത് വൈലോപ്പിള്ളിയാണ്. അത് ഊഞ്ഞാലാടുമ്പോൾ തോന്നുന്ന തോന്നലുകൾ പോലെയൊക്കെയേയുളളുവെന്നും കവി പറഞ്ഞു വച്ചു. (മർത്യായുസ്സിൽ സാരമായതു ചില/മുന്തിയ സന്ദർഭങ്ങൾ, അല്ല മാത്രകൾ മാത്രം.ആയതിൽ ചിലതിപ്പോൾ ആടുമീ ഊഞ്ഞാലെണ്ണ /നീയൊരു പാട്ടും കൂടി പാടിനിർത്തുക പോകാം).
അങ്ങിങ്ങ് വീണു കിടക്കുന്ന വെയിലിന്റെ ചീളുകൾ, കാറ്റിനനുസരിച്ച് നിഴലുകൾ മാറിക്കളിച്ച് പെട്ടെന്ന് ഏതോ കണ്ണാടിക്കഷ്ണത്തിൽ തട്ടി പ്രകാശ വർണങ്ങളായി പരിണമിക്കുന്ന നിമിഷമാണത്.
ഇതിനു സമാനമായി സാഹിത്യ വാരഫലത്തിൽ പ്രൊഫസർ എം കൃഷ്ണൻ നായർ റോഡ് മുറിച്ചു കടക്കാൻ നിൽക്കുമ്പോൾ കടന്നു പോകുന്ന ബസിന്റെ ജനാലയിൽ കാമുകിയുടെ മുഖം ഒരു നിമിഷത്തേക്ക് കാണുന്നതു പോലെയാണെന്ന് അതെന്നും രസിപ്പിക്കുകയുണ്ടായി.
ജീവിതത്തിൽ അധികവും ബോറൻ നിമിഷങ്ങളാണെന്നും അത് വെട്ടി മാറ്റി രസകരമായ നിമിഷങ്ങൾ മാത്രം ചേർത്തു വച്ചാൽ കഥയായി എന്ന് പറയാറുണ്ട്. അങ്ങനെ വായനക്കാരനെ രസിപ്പിക്കുന്ന കഥ പറയുന്നതെങ്ങെനെ എന്നാലോചിച്ചാൽ പ്ലോട്ടിലെത്താം (plot). സത്യത്തിൽ കഥയ്ക്ക് പ്ലോട്ട് ആവശ്യമാണോ? പ്ലോട്ട് ഉണ്ടെങ്കിൽ ഒരു കഥ വിജയിക്കുമെന്ന് ഉറപ്പിക്കാമോ എന്നീ ചോദ്യങ്ങളിലേക്ക് കടക്കും മുൻപ് പ്ലോട്ട് എന്താണെന്ന് ഒന്നു കൂടി നോക്കാം.
എന്താണ് സംഭവിക്കുന്നത് അതാണ് പ്ലോട്ട് എന്നു പറയാം. (Plot Happens). പ്ലോട്ട് ആൻഡ് സ്ട്രക്ചർ (Plot and Structure, 2004) എന്ന പുസ്തകത്തിൽ ജയിംസ് സ്കോട്ട് ബെൽ എന്ന എഴുത്താശാൻ പ്ലോട്ടിനെ Lock എന്നെ താക്കോൽ കൊണ്ടാണ് നിർദ്ധാരണം ചെയ്യുന്നത്. നായിക (Lead), ലക്ഷ്യം (Objective), മൽപ്പിടിത്തം (Confrontation), തറപറ്റിക്കൽ (Knockout) എന്നിവയാണ് പ്ലോട്ടിനു വേണ്ടതെന്ന് ബെൽ പറയുന്നു. അതായത് നായികയ്ക്ക് ഒരു ലക്ഷ്യമുണ്ട്. അതിന്റെ പൂർത്തീകരണത്തിനായുളള പ്രയത്നത്തിൽ അവൾ ധാരാളം വെല്ലുവിളികൾ നേരിടുന്നു. ഒടുവിൽ വില്ലനെ/വെല്ലുവിളികളെ തറ പറ്റിച്ച്/തരണം ചെയ്ത് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നു.
ഒന്നാലോചിച്ചാൽ ഇത് വളരെ ലളിതമായ, കാലാകാലമായി നാം കഥ പറച്ചിലിൽ സ്വീകരിക്കുന്ന മൂന്ന് ആക്ടുകളുളള ഘടന തന്നെയാണെന്ന് കാണാം. തുടക്കം, തുടർച്ച, ഒടുക്കം. ആദ്യ ഭാഗത്ത് നായികയുടെ പശ്ചാത്തലവും ലക്ഷ്യവും വിശദമാക്കുന്നു. രണ്ടാം ഭാഗത്ത് തുടരെ വരുന്ന വെല്ലുവിളികളാണ്. മൂന്നാം ഭാഗത്ത് നായിക വിജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നു.
ഒന്നുരണ്ട് കച്ചവട സിനിമകളെങ്കിലും കണ്ടിട്ടുളള ആർക്കും ഈ ഫോർമുല അറിയുകയും ചെയ്യൂം. പക്ഷെ, ഈ സൂത്രവാക്യത്തിൽ പ്രയോഗിച്ചതു കൊണ്ടു മാത്രം നോവൽ/സിനിമ നന്നാവുകയോ വിജയിക്കുകയോ ചെയ്യണമെന്നില്ല. വിജയം എന്നതിന് ഇവിടെ കുറച്ച് വായനക്കാരെയെങ്കിലും സ്പർശിക്കുക, അവരുമായി കണക്ട് ചെയ്യുക എന്ന അർത്ഥം മാത്രമേയുളൂളൂ. ഇവിടെയാണ് ജീവിതത്തെയോ കലയേയോ ഫോർമുലകളിലേക്കൊതുക്കാനാവില്ലെന്ന് നാം വീണ്ടും തിരിച്ചറിയുന്നത്. ജീവിതം പോലെ തന്നെ നല്ല കലയും അപ്രതീക്ഷിതവും വിശദീകരണങ്ങൾക്ക് അതീതവുമാണ്.
ജീവിതത്തിലെ വിരസ നിമിഷങ്ങളെ വെട്ടി മാറ്റി, താല്പര്യമുണർത്താൻ സാധ്യതയുളള വിശദാംശങ്ങളും സംഭവങ്ങളും മാത്രം ചേർത്ത് നോവലെഴുതുക എന്നതാണ് നാട്ടുനടപ്പെന്നു നാം കണ്ടു. എങ്കിലും ഇതിനു നേരെ എതിർ ധ്രൂവത്തിൽ നിൽക്കുന്ന എഴുത്തുകാരുമുണ്ട്. അവരിൽ പ്രമുഖനാണ്, ഒരുപക്ഷെ, കഴിഞ്ഞ ദശകത്തിൽ ഏറ്റവും പ്രശസ്തനായ നോവലിസ്റ്റ് കാൾ ഓവ് ക്നോസ്ഗാർഡ്.
ക്നോസ്ഗാർഡിന്റെ ‘മൈ സ്ട്രഗ്ൾ” ഒരു സെൻസേഷൻ തന്നെയായിരുന്നല്ലോ. 3600 ഓളം പേജുകളുളള, ആറു പുസ്തകങ്ങളിലായി ക്നോസ്ഗാർഡ് ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും ബോറൻ നിമിഷങ്ങളെ, banal എന്ന് ഇംഗ്ലീഷിൽ പറയുന്ന നിമിഷങ്ങളെ അതീവ വിശദമായി ആവിഷ്‌ക്കരിക്കുകയാണ്. ഒരു ജന്മദിന പാർട്ടിയുടെ വിവരണം പോലും ഏതാണ്ട് അമ്പത് പേജുകളോളം നീളുന്നു.
കൗമരത്തിൽ ഒരു ബിയർ കാൻ ഒളിപ്പിച്ചത്, മുടി വെട്ടുന്നത്, പല്ലു തേക്കുന്നത് എന്നു വേണ്ട നിത്യ ജീവിതത്തിലെ ഏറ്റവും സാധാരണ നിമിഷങ്ങളുടെ ഒരു ബൃഹദ് ആഖ്യാനമാണ് ഈ നോവൽ. ഇതിനെ വേണമെങ്കിൽ ആത്മകഥ നോവൽ രൂപത്തിൽ എന്നു വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ, വായനകാരെ കബളിപ്പിക്കാനോ, ഏതെങ്കിലും തരത്തിൽ തെറ്റിദ്ധരിപ്പിക്കാനോ അല്ല നോവലിസ്റ്റ് ശ്രമിക്കുന്നത്. അങ്ങേയറ്റം സത്യസന്ധതയോടേ സ്വന്തം ജീവിതത്തിലെ സംഭവങ്ങളേയും, അനുഭവങ്ങളേയും, മറ്റ് മനുഷ്യരേയും കുറിച്ച് അതിദീർഘമായി പ്രതിപാദിക്കുകയാണ് ഈ നോവൽ പരമ്പര.
തീർച്ചയായും മറ്റൊരാളുടെ നോവലിൽ സ്വന്തം ജീവിതം മറയില്ലാതെ പ്രത്യക്ഷപ്പെടുന്നത് എല്ലാ മനുഷ്യർക്കും താല്പര്യമുളള കാര്യമല്ലല്ലോ. അതു കൊണ്ടു തന്നെയാണ് കുടുംബാംഗങ്ങളിൽ ചിലരെങ്കിലും ക്നോസ്ഗാർഡ് നെതിരെ നിയമനടപടികൾ പോലും കൊണ്ടു വന്നത്. ചില ‘കഥാപാത്രങ്ങളെ’ മുൻകൂട്ടി നോവൽ കാണിച്ച് അനുവാദം വാങ്ങിയ ശേഷമാണ് നോവൽ പ്രസിദ്ധീകരിച്ചത് എന്നു പറയപ്പെടുന്നു.
എഴുത്താശാന്മാർ നിർദ്ദേശിക്കുന്ന ഫോർമുലക്ക് കടകവിരുദ്ധമായി എഴുതപ്പെട്ട ഈ നോവൽ എങ്ങനെയാണ് ഇത്രയും ശ്രദ്ധിക്കപ്പെട്ടത്? നോവൽ ചെയ്യുന്നത് മറ്റൊരു ജീവിതം സ്വന്തം ജീവിതം പോലെ തന്റെ മനസ്സിൽ ജീവിക്കാൻ വായനക്കാരെ സജ്ജമാക്കുകയാണ്. ഇത് ചെയ്യുന്നതാകട്ടേ, നേരത്തെ പറഞ്ഞ വിശദാംശങ്ങളുടേ സൂക്ഷ്മതയും നിറവും കൊണ്ടാണ്.
ഒരു നിരൂപകൻ എഴുതിയത് ക്നോസ്ഗാർഡിന്റെ ജീവിതത്തെക്കുറിച്ച് വായനക്കാർക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് അറിയാവുന്നതിനെക്കാൾ കൂടുതൽ അറിയാമെന്നാണ്. ക്നോസ്ഗാർഡിന്റെ സിഗരറ്റ് വലിയുടെ രീതികൾ, അയാളുടെ ലൈംഗിക താല്പര്യങ്ങൾ, അയാളുടെ ജീവിതത്തിലെ അപമാനങ്ങൾ, മക്കളുമായും, മാതാപിതാക്കളുമായും മറ്റ് കുടുംബാഗങ്ങളുമായും, സുഹൃത്തുക്കളുമായും, ഉളള അയാളുടെ ബന്ധങ്ങളുടെ ഏറ്റവും സൂക്ഷമായ വിവരങ്ങൾ, എന്തിന്, അയാളുടെ എ ടി എം കാർഡിന്റെ പിൻ നമ്പർ വരെ വായനക്കറിയാം എന്ന തരം അടുപ്പമാണ് വായനക്കാര്അനുഭവിക്കുന്നത്. അഥവാ, ക്നോസ്ഗാർഡിനെ ജീവിതം സ്വന്തം ജീവിതമായി ഭാവനയിൽ അനുഭവിച്ച പ്രതീതിയാണ് വായനക്കാരിൽ അവശേഷിക്കുന്നത്.
ക്ഷുദ്ര നിമിഷങ്ങളിലെ ജീവിതത്തിന്റെ ആർജ്ജവമുളള കലാവിഷ്ക്കാരമാണ് അത്. ‘സ്പ്രിങ്’ (2016) എന്ന പുസ്തകത്തിലും ക്നോസ്ഗാർഡിന്റെ ഈ പറഞ്ഞ സവിശേഷതകളെല്ലാം കൂടുതൽ മിഴിവോടെ പ്രത്യക്ഷപ്പെടുന്നത് കാണാം. തന്റെ മൂന്നു മാസം മാത്രം പ്രായമുളള മകളോടുളള സംഭാഷണം പോലെയാണ് ഈ കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നത്. എഴുത്തുകാരൻ വീട്ടു ജോലികൾ ചെയ്യുന്നതും, ഡയപ്പർ മാറ്റുന്നതും, പാലു കൊടുക്കുന്നതും, കുട്ടികളെ സ്കൂളിൽ കൊണ്ടു വിടുന്നതും, ഇടയ്ക്ക് സിഗരറ്റ് വലിക്കാനും എഴുതാനും കുറച്ചു നേരം ഒളിവിൽ പോകുന്നതും ഒക്കെ എല്ലാ വിശദാംശങ്ങളോടും കൂടി ഈ പുസ്തകത്തിലും പ്രതിപാദിക്കപ്പെടുന്നു.
കമ്പ്യൂട്ടർ ഗെയിം കളിക്കുന്ന മകനോട് “എന്തെങ്കിലും വായിച്ചൂടേ” എന്ന ചോദ്യത്തിന് “വായന ബോറിങ് ആണ്” എന്നാണ് മകൻ മറുപടി പറയുന്നത്. “എങ്കിൽ നീ പോയി വേഷമെങ്കിലും മാറ്, ഇനി അതും ബോറിങ് ആണോ,” എന്ന അച്ഛന്റെ ചോദ്യത്തിന്, മകന്ചിരിച്ചു കൊണ്ടു പറയുന്ന മറുപടി. “എവരിതിങ് ഈസ് ബോറിങ്” എന്നാണ്.
തന്റെ ജീവിതത്തിന്റെ നിസ്സാരതയേയും അപമാനങ്ങളേയും അതിജീവിക്കാനുളള ക്നോസ്ഗാർഡിന്റെ ശ്രമമാണ് ‘മൈ സ്ട്രഗ്ൾ’ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലജ്ജ (shame) ആണ് ആ നോവലിന്റെ പിന്നണിയിലെ പ്രധാന വികാരമെന്നും. സധാരണ മനുഷ്യർ ഉള്ളിൽക്കൊണ്ടു നടക്കാൻ താല്പര്യപ്പെടുന്ന അത്തരം അനുഭവങ്ങളെ തുറന്നെഴുതി അവയെ മറികടക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നു. ‘സ്പ്രിംങ്ങി‘ൽ ക്നോസ്ഗാര്ഡ് എഴുതുന്നു: ‘നമ്മുടെ പിഴവുകളും പരാജയങ്ങളും മൂടി വെക്കാൻ നാം കഥകൾ ഉണ്ടാക്കി നമ്മെ തന്നെ വഞ്ചിക്കുന്നു. ആത്മ വഞ്ചനയാണ് ഏറ്റവും മാനുഷികമായ കാര്യം.’
ഈ സർവ്വസാധാരണമായ പ്രതികരണത്തെ – ആത്മ വഞ്ചനയെ – പ്രതിരോധിക്കാൻ കൂടിയുളള ശ്രമമാണ് ക്നോസ്ഗാർഡിന്റെ എഴുത്ത് എന്നു തോന്നുന്നു. അതിനു വേണ്ടി എഴുത്തുകാരന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരവും, വേദനാജനകവും ആയ വിശദാംശങ്ങൾ വരെ എടുത്തു പുറത്തിടുന്നു. ‘നിനക്ക് സ്വന്തമയി ഒരു മുഖം ഉണ്ടെങ്കിൽ മുഖം നോക്കാൻ നിനക്ക് ഞാൻ ഒരു കണ്ണാടി തരാം,’ എന്ന് മറ്റൊരു കവി.
ആ പ്രക്രിയയിൽ എഴുത്തുകാരൻ ആകാശ വർണങ്ങളും, പൂക്കളും, പുല്ലും, മൂടൽ മഞ്ഞും, വെയിലും, കാറ്റും, മണ്ണും എല്ലാം രേഖപ്പെടുത്തി വെക്കുന്നു. ആ ചെറിയ ചെറിയ കാഴ്ചകളിലേക്ക് ഉണർന്നിരിക്കുന്നു; അവയിൽ ജീവിക്കുന്നു. ഇത്തരം നിസ്സാര നിമിഷങ്ങളിലാണ് ദൈവം ഒളിഞ്ഞിരിക്കുന്നത് എന്ന പോലെ.
Read More