മരിച്ച കുഞ്ഞുങ്ങള്‍
തുമ്പികള്‍ പറക്കുന്ന
ചെമ്മാനച്ചെരുവില്‍ ഞാന്‍
കണ്ണു ചിമ്മാതെ നോക്കി_
യിരുന്നൊരുറക്കത്തില്‍
തുമ്പികളല്ല കുഞ്ഞു
മാലാഖമാരാണവ-
രെന്നെന്‍റെ സ്വപ്നം മിസൈല്‍
വീണാകെ തകര്‍ന്നു പോയ്.
കുഞ്ഞുമക്കളേ,ചോര-
യിറ്റുന്നൊരുടലുമായ്
നെഞ്ചകം പൊട്ടിത്തൂവി
വീണതോ ധരാധീനം?
അമ്മമാരുടെ കണ്ണീര്‍
മിഴിയില്‍ മുങ്ങിക്കേറി
വെണ്‍ചിറകിലായ്, പാറി_
പ്പോവതെങ്ങനന്തമായ്?
അറിവീലനശ്വര-
രാകുവാന്‍ കൊല്ലപ്പെട്ട
അവനീബാലാത്മക്ക-
ളഗ്നിയില്‍ സ്ഫുടം ചെയ്തോര്‍
അനഘമതിക്രമ-
കാരികള്‍ക്കുള്ളത്തിലായ്
അപരാധമീ ചെയ്തി-
യെന്നനുബോധാര്‍ത്ഥമായ്
തുമ്പമാര്‍ന്നനവദ്യം
തുമ്പികളെന്നായ് സ്വാത്മം
വെണ്ണലയായിപ്പാറാം
സന്ദേശം സമാരാദ്ധ്യം.
കുഞ്ഞുചോദ്യം
തകര്‍ന്ന വീടിന്റെ
തറയില്‍ മണ്‍കൂനയ്-
ക്കടിയില്‍ക്കാണുന്നു-
ണ്ടൊരു കുഞ്ഞിക്കൈ.
ഒരാളുമില്ലതി-
ന്നരികെ ചോരയി-
ലെഴുതിയതെന്താ-
ണതില്‍ രേഖാങ്കിതം?
ഉടലതുണ്ടാവാ-
മടര്‍ന്ന വാര്‍പ്പിന്റെ-
യടിയിലെങ്ങാനു-
മവള്‍തന്‍ മാതാവും.
ഒരു കുഞ്ഞിക്കൈ-
യതു ചോദിക്കയാം
തകര്‍ക്കുന്നെന്തിനാ-
യൊരു രാഷ്ട്രം,വംശം?
ഉടലതു മണ്ണി-
ലമര്‍ന്നിരിക്കിലും
ഒരു വിരല്‍ ചൂണ്ടി-
യിരിപ്പതെന്‍ നേര്‍ക്കും.
പറയൂ ലോകമേ
പകരമില്ലാത്ത
കൊലയ്ക്കു കാവലാ-
യിരിപ്പതെന്തിനായ്?
രക്താംബരം
കിടപ്പുണ്ടനങ്ങാതെ
കുഞ്ഞുങ്ങള്‍ നിരയായി
ഉറങ്ങിക്കിടപ്പെന്നു
തോന്നുമാറനങ്ങാതെ.
പുതച്ചിട്ടുണ്ട് പുലര്‍-
വെയിലെന്നാരോ വെള്ള
പുലരും ലോകം കിനാ-
ക്കാണുകയാവാമവര്‍.
ചിലരോ രക്തം കൊണ്ട്
മൈലാഞ്ചിയണിഞ്ഞവര്‍
ചിലരോ രക്തം വാര്‍ന്നു
നീലയായ് പൊഴിഞ്ഞവര്‍
ചിലരോ രക്തം കുട-
ഞ്ഞെന്ന പോലുടലാര്‍ന്നോര്‍
ചിലരോ രക്തത്തിലേ
കുളിച്ചു കിടപ്പവര്‍
ചിലരോ കൈകാലറ്റോര്‍
കോടിയ മുഖമായോര്‍
തലയറ്റവര്‍ അംഗ-
ഭംഗമാര്‍ന്നഴലറ്റോര്‍
എങ്ങനെ കാണും കാണാ-
ക്കാഴ്ചകളപരാധം
വിങ്ങുമാറാത്മാഹന്ത
നിറയ്ക്കും പരബോധം?