റാഞ്ചി: ഒട്ടേറെ വിമർശനങ്ങൾക്ക് ശേഷം തന്റെ ഫോം വീണ്ടെടുത്ത ശുഭ്മാൻ ഗിൽ തന്റെ നാലം ടെസ്റ്റിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന കാഴ്ച്ചയ്ക്കാണ് റാഞ്ചിയിലെ നാലാം ടെസ്റ്റ് വേദിയായത്. ഒപ്പം തുടക്കക്കാരന്റെ യാതൊരു സമ്മർദ്ദവുമില്ലാതെ ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ അതിമനോഹരമായി ബാറ്റ് വീശിയ ധ്രുവ് ജുറൽ ഭാവി ഇന്ത്യക്ക് മുതൽക്കൂട്ടാവുമെന്ന് ഒരിക്കൽക്കൂടി അടിവരയിടുന്നതും റാഞ്ചിയിൽ കണ്ടു.
90, 39 നോട്ടൗട്ട് എന്നീ റൺ നേട്ടങ്ങളിലൂടെ അഞ്ച് വിക്കറ്റ് വിജയത്തിന് വിലമതിക്കാനാവാത്ത സംഭാവനകളാണ് ഗില്ലും ജുറലും ചേർന്ന് ടീമിന് നൽകിയത്. ഇരുവരും ചേർന്ന് ഇന്ത്യയ്ക്കായി വിജയറൺ നേടിയപ്പോൾ ഡ്രസ്സിംഗ് റൂമിൽ, ഒരു മണിക്കൂർ മുമ്പ് വരെ പിരിമുറുക്കത്തിലായിരുന്ന ഇന്ത്യൻ ക്യാമ്പ് ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. രോഹിത് ശർമ്മ, കൈകൾ കൂപ്പി നിശ്ശബ്ദ പ്രാർത്ഥനയിലേതുപോലെ, സഹതാരങ്ങളെ ആശ്ലേഷിച്ചു. വിശാലമായ പുഞ്ചിരിയോടെ കോച്ച് രാഹുൽ ദ്രാവിഡ് അവരുടെ ശ്രമത്തെ അഭിനന്ദിച്ചു.
സമീപകാലത്ത് ഇന്ത്യ നേടിയ പരമ്പര വിജയങ്ങളിൽ ഏറ്റവും വിലപ്പെട്ടതായാണ് ക്രിക്കറ്റ് ലോകം ഈ വിജയത്തെ കാണുന്നത്. സമ്മർദ്ദത്തെ അതിജീവിച്ച യുവതാരങ്ങളാണ് ഈ പരമ്പരയിലെ എടുത്ത് പറയേണ്ട ഒരു കാര്യം. വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയും ഇല്ലാതെയിറങ്ങിയ ഇന്ത്യൻ നിര അതിന്റെ എല്ലാ സമ്മർദ്ദങ്ങളും ആദ്യ ടെസ്റ്റിൽ പ്രകടമാക്കിയതോടെ തോൽവിയായിരുന്നു ഫലം. എന്നാൽ ആദ്യ ടെസ്റ്റിലെ ഇന്ത്യയെ അല്ല രണ്ടാം ടെസ്റ്റ് മുതൽ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നതെന്ന് പിന്നീടുള്ള മത്സരഫലങ്ങൾ തെളിയിച്ചു.
പരമ്പരയിൽ ഒരു ഗെയിം ഡൗണിൽ തളരാതെ തിരിച്ചുവന്ന യുവനിരയടങ്ങിയ ടീം ഇന്ത്യ എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് തിരിച്ചടിച്ചു. റാഞ്ചിയിലെ പരാജയത്തിലൂടെ ആദ്യ ടെസ്റ്റ് വിജയത്തിലൂടെ വലിയ സ്വപ്നങ്ങൾ കണ്ട ഇംഗ്ലണ്ടിന് കനത്ത പ്രഹരമായി മാറി. ബെൻ സ്റ്റോക്സിന്റെ ഇംഗ്ലീഷ് പട പരമ്പരയിലുടനീളം തങ്ങളുടെ പരമാവധി പൊരുതി നോക്കിയെങ്കിലും ജോ റൂട്ടിന്റെ ഒറ്റാൾ പോരാട്ടം പോലെ പലതും ഫലമില്ലാത്ത പരിശ്രമങ്ങളായി മാറി. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ബേസ് ബോൾ അടക്കമുള്ള തങ്ങളുടെ തന്ത്രങ്ങൾ മേൽക്കോയ്മായായി പറഞ്ഞ ഇംഗ്ലണ്ടിന് അതൊന്നും തന്നെ മൈതാനത്ത് ഫലപ്രദമാക്കാൻ കഴിഞ്ഞില്ല.
പക്ഷേ സ്റ്റീവ് സ്മിത്തും പാറ്റ് കമ്മിൻസും കെയ്ൻ വില്യംസണും ജോ റൂട്ടും ഫാഫ് ഡു പ്ലെസിസും ഹാഷിം അംലയും പോലെ ചെറുത്തുനിന്ന പലരുമുണ്ടെങ്കിലും ഇന്ത്യ കീഴടങ്ങാതെ തുടരുന്നു എന്നതാണ് ഈ പരമ്പര വിജയവും വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിച്ച രണ്ട് ഇംഗ്ലണ്ട് നായകന്മാർക്കൊപ്പം തന്റെ പേര് കൂടി ചേർക്കാനുള്ള ബെൻ സ്റ്റോക്സിന്റെ മോഹത്തിനാണ് ഇന്ത്യൻ യുവനിര അവസാന ടെസ്റ്റിന് മുമ്പ് തന്നെ കർട്ടനിട്ടിരിക്കുന്നത്.
സ്കോർ
ഇംഗ്ലണ്ട്: 353, 145
ഇന്ത്യ: 307, 61 ഓവറിൽ 192/5 (രോഹിത് ശർമ 55, ശുഭ്മാൻ ഗിൽ 52 നോട്ടൗട്ട്, ധ്രുവ് ജൂറൽ 39 നോട്ടൗട്ട്, യശസ്വി ജയ്‌സ്വാൾ 37; ഷോയിബ് ബഷീർ 3/79).