ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. “ടീമിനെ നയിക്കാനുള്ള അധിക ഉത്തരവാദിത്തമില്ലാതെ രോഹിത് ശര്‍മ്മയ്ക്ക് സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ ഈ തീരുമാനം വഴിയൊരുക്കുമെന്ന് ഗവാസ്‌കർ പറഞ്ഞു. ഇത് മറ്റ് കളിക്കാരെ കുറിച്ച് ആകുലപ്പെടാതെ കളിക്കാനുള്ള സ്വാതന്ത്ര്യം രോഹിത്തിന് നല്‍കും. അത് മുംബൈ ഇന്ത്യന്‍സിന് ഗുണകരമാകും,” ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
തന്റെ പ്രിയപ്പെട്ട കളിക്കാരനായ റിഷഭ് പന്തിന്റെ തിരിച്ചുവരവ് ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ‘ഞാനും റിഷഭ് പന്തിന്റെ ഒരു വലിയ ആരാധകനാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം അവന്‍ മുമ്പത്തെപ്പോലെ ആരോഗ്യവാനായിരിക്കണം. അങ്ങനെ അയാള്‍ക്ക് ഞങ്ങളെ രസിപ്പിക്കാന്‍ കഴിയണം. പരിക്കില്‍ നിന്നും തിരിച്ചുവരുന്ന പന്തിന്റെ ബാറ്റിങ്ങിന് ഒഴുക്ക് കിട്ടാന്‍ കുറച്ച് സമയമെടുക്കും. പരിശീലനം ആരംഭിച്ചത് നല്ലതാണ്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍സി പന്തിനെ ഏല്‍പ്പിക്കണം,” ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തന്റെ പ്രിയപ്പെട്ട ടീമുകളാണെന്ന് പ്രഖ്യാപിച്ച ഗവാസ്‌കര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കറുത്ത കുതിരയാകുമെന്നും അഭിപ്രായപ്പെട്ടു. “രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ ഈ ഐപിഎല്ലിലെ സൂപ്പര്‍സ്റ്റാറാകും. ജൂറേലിന് സൂപ്പര്‍ സ്റ്റാറാകും. ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങിയ ആകാശ് ദീപിന് പോലും ആര്‍സിബിയില്‍ കൂടുതല്‍ അവസരം കിട്ടും. കഴിഞ്ഞ സീസണില്‍ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ട ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിന്റെ റോളിലേയ്ക്ക് വരാനും ആകാശ് ദീപിന് കഴിയും,” ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.