തിമൂറിന്റ ശാപവും നടക്കാതെ പോയ ആഗ്രഹവും
സിൽക്ക് റോഡിന്റെ പ്രധാന വിജ്ഞാന കേന്ദ്രമായിരുന്നു സമർഖണ്ഡ്. സത്യത്തിൽ ഈ റോഡിനെ പേപ്പർ റോഡ് എന്നും വിളിക്കാമായിരുന്നു. സമര്ഖണ്ഡില് നിന്നുള്ള പേപ്പറാണ് ഒട്ടകപ്പുറത്തു കയറ്റി ലോകത്തിന്റെ പല ഭാഗത്തേക്കും പോയത്. സമര്ഖണ്ഡില് നിന്നുള്ള പേപ്പറിന്റെ ഗുണം ലോക പ്രശസ്തമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ രാജ്യങ്ങൾ കടലാസ്സ് നിർമാണം ആരംഭിക്കുന്നതുവരെ ഈ കച്ചവടം തുടര്‍ന്ന്.
പ്രിന്റിങ് അത്രയേറെ പ്രചാരത്തിലാവാത്ത കാലമാണ്. കടലാസിൽ എഴുതിയാണ് പുസ്തകങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരം പുസ്തകങ്ങൾ വാങ്ങാൻ ആളുകളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. അപ്പോഴാണ് ബുഖാറയിലെ ഒരു പുസ്തക വിൽപ്പനക്കാരൻ 990 ൽ ഇബ്ൻ സിന എന്ന് പേരുള്ള ഒരു കുട്ടിയെ തെരുവിൽ കാണുന്നത്. അയാളുടെ നിർബന്ധം കൊണ്ടാണ് ആ കുട്ടി അരിസ്റ്റോട്ടിലിന്റെ മെറ്റാ ഫിസിക്സ് എന്ന പുസ്തകം വാങ്ങുന്നത്.
എന്തായാലും അങ്ങനെ വാങ്ങിയ പുസ്തകം ആ കുട്ടിയുടെ ചിന്തയെയും ജീവിതത്തെയും നിർണായകമായ സ്വാധീനമായി. അവിസെന്നയെ, നമ്മൾ ബുഖാറയിലൂടെ യാത്ര ചെയ്തപ്പോൾ കണ്ടതാണല്ലോ. ഈ ചെറിയ കുട്ടി പിൽക്കാലത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി മാറി.
ഡോ ഇക്‌ബാലിന്റേയും പി ഗോവിന്ദപ്പിള്ളയുടെയും പുസ്തകങ്ങളിൽ അവിസന്നയെ കുറിച്ച് എഴുതിയിരുന്നത് ഞാൻ ഓർത്തു. അന്ന് അദ്ദേഹം ജനിച്ച വളർന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമെന്നൊന്നും ഓർത്തതേയില്ല. അവിസെന്ന എഴുതിയ ‘ബുക്ക് ഓഫ് ഹീലിംഗ്’ (സൗഖ്യമാക്കലിന്റെ പുസ്തകം) പതിനേഴാം നൂറ്റാണ്ട് വരെ വൈദ്യ ശാസ്ത്ര വിദ്യാർത്ഥികളുടെ പാഠപുസ്തകമായി തുടർന്നു.
ഈ നഗരം ബുഖാറ പോലെ പുരാതനം, ആധുനികം എന്ന വേർതിരിവിലല്ല. എല്ലാം സമഞ്ജസമായി നിറഞ്ഞുനിൽക്കുകയാണ്. കാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നത് പോലെ. ഒരുകാലത്തു ജെങ്കിസ് ഖാന്റെ ആക്രമണത്തിൽ തകർന്ന ഈ നഗരത്തെ പുനരുജ്ജീവിപ്പിച്ചത് തിമൂറാണ്.
ചെറുപ്പത്തിൽ കാലിൽ ഒരു അസ്ത്രം തുളച്ചുകയറിയതിനു ശേഷം അദ്ദേഹം മുടന്തനായ തിമൂർ എന്നും അറിയപ്പെട്ടു.തിമൂറിന് ശേഷം വന്നവരും നഗരത്തിന്റെ അമൂല്യമായ ഈ സൗന്ദര്യത്തെ അതേപോലെ നിലനിർത്തി. അതിൽ പ്രധാനി ആയിരുന്നു ഉലുഗ് ബേഗ്. എന്തായിരുന്നു ശാസ്ത്ര ഗവേഷണ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവന?
ഒരു കാലത്ത് ഇസ്‌ലാമിക് നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്നു സമർഖണ്ഡ്. അതിന്റെ മനോഹരമായ ദൃഷ്ടാന്തമായിരുന്നു ഇപ്പോഴും കുറച്ചുഭാഗം അവശേഷിക്കുന്ന ജ്യോതിശാസ്ത്ര ഒബ്‌സർവേറ്ററി. ആയിരം വർഷം മുൻപ് ഈ രാജ്യത്തിന്റെ ഭരണാധികാരിയും പണ്ഡിതനുമായിരുന്ന ഉലുഗ് ബെഗ് സ്ഥാപിച്ച ജ്യോതി ശാസ്ത്ര ഒബ്സർവേറ്ററി ഇപ്പോഴും ഇവിടെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്.
ഇനി ഞങ്ങൾ അങ്ങോട്ടാണ് പോകുന്നത്. 1420 ൽ ആണ് ഈ ഒബ്‌സർവേറ്ററി സ്ഥാപിക്കുന്നത്. അക്കാലത്ത് ലോകത്തുണ്ടായിരുന്ന ഏറ്റവും വലിയ ജ്യോതിശാസ്ത്ര ഒബ്‌സർവേറ്ററി ആയിരുന്നു അത്. നിരീക്ഷണശാലയുടെ ഏറ്റവും പ്രധാന ഭാഗമായ ഫഖ്‌രി സെക്സ്റ്റന്റ് 40.04 മീറ്റർ നീളത്തിൽ ആധുനിക പൂർവ ജ്യോതിശാസ്ത്ര കേന്ദ്രങ്ങളിലെ ഏറ്റവും വലിയ സെക്സ്റ്റന്റ്റ് ആയിരുന്നു. രണ്ട് മീറ്റർ വീതിയിൽ മല തുരന്നുണ്ടാക്കിയ വലിയൊരു ട്രെഞ്ചിൽ സ്ഥാപിച്ച ഈ ഉപകരണം ഇപ്പോഴും വലിയ പഴക്കം തോന്നാതെ നമ്മുക്ക് കാണാം.
ഇതല്ലാതെ പഴയ ഒബ്സർവേറ്ററിയുടെ മറ്റ് ഭാഗങ്ങളെല്ലാം തകർന്നും വിസ്മൃതിയിലാണ്ടും പോയി. എന്നാൽ അക്കാലത്തുപയോഗിച്ച വിവിധ നിരീക്ഷണ ഉപകരണങ്ങളുടെ മോഡലുകൾ അസ്‌ട്രോലാബുകൾ, ക്വാഡ്രന്റുകൾ എന്നിവയൊക്കെ അടുത്തുള്ള മ്യൂസിയത്തിൽ ശേഖരിച്ചിട്ടുണ്ട്.
ഇവിടെ ഉലുഗ് ബെഗ് നടത്തിയ ശാസ്ത്ര പഠനങ്ങളുടെ പ്രാധാന്യം എന്തായിരുന്നു? അക്കാലത്ത് അദ്ദേഹവും അവിടെയുള്ള ശാസ്ത്ര സംഘവും ഒരു സൗര വർഷത്തിന്റെ നീളം അളന്നപ്പോൾ ഇപ്പോൾ നമ്മൾ കണ്ടെത്തിയ അളവിനേക്കാൾ 25 സെക്കന്റിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് കേൾക്കുമ്പോൾ ആരാണ് അത്ഭുതപ്പെടാത്തത്.
കോപർനിക്കസിനും ടൈക്കോ ബ്രാഹേയ്ക്കും നൂറ് വർഷം മുൻപാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത് എന്നോർക്കണം.
ഈ വിസ്മയം ആലോചിച്ചു ഞങ്ങൾ മ്യൂസിയത്തിന്റെ പ്രധാന അങ്കണത്തിൽ എത്തിയപ്പോൾ അവിടെ വലിയൊരു സംഘം സ്ത്രീ സഞ്ചാരികളുടെ നിര കാണാം. പ്രായം കൂടിയ മുസ്‌ലിം സ്ത്രീകളാണ്. വലിയ ഗ്രൂപ്പായി ബഹളം കൂട്ടി വന്നിരിക്കയാണ്. എന്നാൽ എന്തൊരത്ഭുതം. ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടപ്പോൾ അവർക്ക് ഞങ്ങൾ അവിടെയുള്ള പരമ്പരാഗത ശാസ്ത്ര സൗധത്തെക്കാൾ കൗതുകമുള്ള കാഴ്ചയായി മാറി.
പിന്നീട് ബിന്ദുവിനൊപ്പം സെൽഫിയെടുക്കാനുള്ള മത്സരമാണ്. ഗ്രൂപ്പായും ഓരോരുത്തർക്ക് വേണ്ടിയും സെൽഫിയോ സെൽഫി. ഞങ്ങൾക്ക് കരയണോ ചിരിക്കണോ എന്നറിയില്ല. ഹും, സ്വന്തം നാടും നാട്ടുകാരും ഞങ്ങൾക്ക് ഇത്രയും ബഹുമാനം ഒരിക്കലും തന്നിട്ടില്ല. കാണിച്ചുകൊടുക്കണം തിരിച്ചുചെല്ലുമ്പോൾ, ഞങ്ങൾ ഓർത്തു.
ഇതെല്ലാം കഴിഞ്ഞ് താഴേക്ക് നടന്നപ്പോൾ അതാ അവിടെ താര മനോഹര ലിപികൾ കുറിച്ച കടലാസുമായി ചിന്തയിൽ ആണ്ടിരിക്കുന്ന ഉലെഗ് ബെഗിന്റെ കൂറ്റൻ പ്രതിമ. പ്രതിമകൾ എങ്ങനെ നിർമ്മിക്കണം എന്നതിന് ഈ നാട്ടിൽ നിന്ന് നമ്മുടെ ശിൽപികൾ ചില പാഠങ്ങൾ എടുക്കണമെന്ന് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ പല ശില്പങ്ങളും ഒരാളുടെ ഭൗതിക ശരീരമാണ്. ഇവിടെ ഒരു മനസ്സാണ് നമ്മൾ കാണുന്നത്. ചിന്തയുടെ, ശാന്തമെങ്കിലും തീക്ഷ്ണമായ ഭാവമുള്ള മുഖം. ഇരിപ്പും കാലുകൾ വയ്ക്കുന്ന രീതിയും കയ്യിലുള്ള കടലാസിലെ എഴുത്തുകളും നമ്മിലേക്ക് വേറൊരു കാലത്തിന്റെ ചൈതന്യത്തെയാണ് പ്രവഹിപ്പിക്കുന്നത്. എത്ര സമയം ഈ ശില്പം നോക്കി നിന്നു എന്ന് ഞങ്ങൾക്കറിയില്ല. മാത്രമല്ല ഈ മനോഹര ശില്പത്തിന് സമീപം നിൽക്കുമ്പോൾ വൈജ്ഞാനിക സമൂഹങ്ങൾ എങ്ങനെയാണ് തകരുന്നത് എന്നോർത്ത് നമ്മൾ അമ്പരന്നേക്കും.
ഇന്ത്യയ്ക്കുമുണ്ടായിരുന്നു ഒരുകാലത്തു ഇതേപോലെയുള്ള ധിഷണാശാലികളായ വൈജ്ഞാനിക നേതൃത്വം. ആര്യഭടനും സംഗ്രാമ മാധവനുമൊക്കെ അറിവിന്റെ വികസ്വരമാകുന്ന പാതയിൽ ഏറെ മുന്നോട്ടുനടന്നു. നിർഭാഗ്യവശാൽ പുരോഹിതന്മാരാൽ നിയന്ത്രിക്കപ്പെടുന്ന മതങ്ങൾ അനുഷ്ടാനങ്ങൾക്കും ആചാരങ്ങൾക്കും മുൻകൈ കൊടുത്തു. വിജ്ഞാന അന്വേഷണം പിറകിലായിപ്പോയി.
“ശരിക്കും ശാസ്ത്രത്തിന്റെ വികസനം പലരും കരുതുന്നതുപോലെ യൂറോപ്യൻ ഏകശിലാധിഷ്ഠിതമായിരുന്നില്ല. വളരെ ബഹുസ്വരമായ (പ്രധാനമായും വ്യാപാരം മുഖേന) പല കൊടുക്കൽ വാങ്ങലുകളും നടത്തിയാണ് അത് മുന്നോട്ടു പോയത്. പ്രത്യേകിച്ച് അസ്ട്രോണമിയും ഗണിതവും.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ രംഗങ്ങളിൽ ഡെവലപ്പ്മെന്റുകൾ ഉണ്ടായിട്ടുണ്ട് – ഇന്ത്യയിലുൾപ്പെടെ. വ്യത്യാസം വരുന്നത് ലോജിക്കൽ തിങ്കിങ്ങിനെ പരിപോഷിപ്പിക്കുന്ന, വിജ്ഞാനത്തെ സാർവ്വജനീനമാക്കുന്ന പൊളിറ്റിക്കൽ സെറ്റപ്പ് ഇന്ത്യയിലുൾപ്പെടെ മിക്ക സമൂഹങ്ങളിലും ഉണ്ടായിരുന്നില്ല എന്നതാണ്. അതുകൊണ്ട് യൂറോപ്പിലുണ്ടായ റിനെയ്‌സൻസ് ഇവിടങ്ങളിലൊന്നും ഉണ്ടായില്ല” ശാസ്ത്ര ഗവേഷകനായ രാജീവ് പട്ടത്തിൽ ഇങ്ങനെയാണ് ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കുറിച്ചത്.
അക്കാലത്തു എങ്ങനെയാണ് വിജ്ഞാനം രാജ്യങ്ങൾക്കിടയിലും സാമ്രാജ്യങ്ങൾക്കിടയിലും പ്രചരിച്ചത്? എന്തായാലും ഇന്നത്തെ യാത്ര ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു.
സിൽക്ക് റോഡിന്റെ കാലം മുതലുള്ളത് എന്ന് പ്രശസ്തമായ സിയോബ് ബസാറിൽ നിന്ന് ഒരു കുപ്പി വൈൻ വാങ്ങിയാലോ എന്നൊരു ചിന്ത. അങ്ങനെ അങ്ങോട്ടായി നടപ്പ്. അവിടെ എത്തിയപ്പോൾ എന്താണെന്നറിയില്ല ഗേറ്റിൽ സെക്യൂരിറ്റി അബുവിനെ തടഞ്ഞു. എന്താ കാര്യം എങ്ങോട്ട് പോകുന്നു, അവർ ചോദിച്ചു. അബു ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ ആൽക്കഹോൾ ഷോപ്പ് എന്ന് എഴുതി കാണിച്ചപ്പോൾ അവർക്ക് സന്തോഷം. ഈ ചെറിയ കശപിശക്കിടയിൽ ഒരു ഉസ്ബെക്ക് സുന്ദരി അബുവിന്റെ കവിളിൽ പിടിച്ച് ‘”തും സെ പ്യാർ ഹേ…” എന്ന് പറഞ്ഞ് ചെറിയ ഒരു നുള്ളും കൊടുത്ത് കടന്നുപോയി.
തിരിച്ചു ഹോംസ്റ്റേ വരെ നടക്കാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ഈ നഗരങ്ങളിൽ എത്ര നടന്നാലും നമുക്ക് മതിവരില്ല. അങ്ങനെ ഉദാസീനം നടക്കുമ്പോൾ വഴിയരികിൽ നിന്ന് മനോഹരമായ ഒരു സംഗീതം ഒഴുകിയെത്തി. വലിയൊരു കെട്ടിടത്തിൽ നിന്നാണ് സംഗീതം വരുന്നത്. ഇതെന്താ, ഏതെങ്കിലും ഓപ്പറ തീയേറ്റർ ആയിരിക്കുമോ എന്ന് സംശയിച്ചാണ് ഞങ്ങൾ അങ്ങോട്ട് കയറിയത്. വലിയ ഇംപീരിയൽ റഷ്യൻ സ്റ്റൈൽ കെട്ടിടമാണ്.
പുറത്തുനിൽക്കുന്ന ചിലരോട് ഞങ്ങൾ ചോദിച്ചു, “ഇതൊരു തീയേറ്റർ ആണോ?”
അവർ കൗതുകത്തോടെ ഞങ്ങളെ നോക്കി.
“നിങ്ങൾ ഇന്ത്യയിൽ നിന്നാണോ, ഹിന്ദുസ്ഥാനി?”
അതേ എന്ന് കേട്ടപ്പോൾ അവർക്കുണ്ടായ സന്തോഷ പ്രഹർഷം നിങ്ങൾക്ക് ഊഹിക്കാമല്ലോ.
“വരൂ വരൂ… മുകളിലാണ് ഫങ്ഷൻ… മുകളിലേക്ക് വരൂ.”
എന്താണ് സംഭവം എന്നറിയാൻ ഞങ്ങൾ മുകളിലേക്ക് കയറിയപ്പോഴാണ് ഞെട്ടിപ്പോയത്. അവിടെ എന്തോ വലിയൊരു ആഘോഷം നടക്കുകയാണ്. ഇത്രയും പകിട്ടാർന്ന ഒരു ബാങ്ക്വറ്റ് ഹാൾ നമ്മുടെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും ഞങ്ങൾ കണ്ടിട്ടില്ല. രണ്ടായിരം അടിയെങ്കിലും വിസ്തൃതി ഉള്ള വിശാലമായ ഹാളാണ്. ഉയർന്ന മച്ചിൽ നിന്ന് സമൃദ്ധമായി വിന്യസിച്ചിരിക്കുന്ന ഷാൻഡലിയറിൽ വെള്ളിവെളിച്ചം പ്രതിധ്വനിക്കുന്നു.
കല്യാണമാണ് എന്നാണ് ഞങ്ങൾക്ക് ആദ്യം തോന്നിയത്. സമർഖണ്ഡിലെ ഉന്നത സമൂഹത്തിൽ നിന്നുള്ള എല്ലാ സുന്ദരികളും സുന്ദരന്മാരും അവിടെ എത്തിയിട്ടുണ്ട് എന്ന് തോന്നി. എല്ലാവരും അതിമനോഹരമായ വേഷ വിധാനങ്ങളിലാണ്. ഒരുഭാഗത്തു ലൈവ് സംഗീതത്തിന്റെ തിരയിളകുന്നു. മുഴുവൻ അതിഥികളും കൂടെ പാടുകയും നൃത്തം ചെയ്യുകയുമാണ്. ഒരു ഭാഗത്ത് വലിയൊരു പോളാർ ബെയർ, അപ്പുറത്ത് ഒരു ബ്രൗൺ ബെയർ. എല്ലാവരും നൃത്തം ചവുട്ടുന്നു. നൂറു കണക്കിന് ടേബിളുകളിലായി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ നിരത്തിവച്ചിരിക്കുന്നു.
മുഷിഞ്ഞ ഓവർകോട്ടും പാന്റ്സുമൊക്കെയിട്ട ഞങ്ങളെ കണ്ടാൽ ഈ ആഡംബര സമൃദ്ധിയിൽ ഇന്ത്യയിൽ നിന്നുള്ള അഗതികൾ ആണെന്നെ തോന്നൂ. എന്നാൽ ഞങ്ങളുടെ രൂപമോ ഭാവമോ അവർക്കു പ്രശ്നമായി തോന്നിയില്ല. ഇന്ത്യയിൽ നിന്നുള്ള, ഷാരുഖ് ഖാന്റെ നാട്ടിൽ നിന്നുള്ള, അപൂർവ അതിഥികളാണ് ഞങ്ങൾ.
“വരൂ ഭക്ഷണം കഴിക്കൂ…” എല്ലാവരും ഞങ്ങളെ ക്ഷണിക്കുകയാണ്. പലതരം പിലാഫുകൾ, പലതരത്തിൽ വേവിച്ച മാംസം, സാലഡുകൾ, മധുര പലഹാരങ്ങൾ.
ഒപ്പം വലിയ കുപ്പിയിൽ നിന്ന് ഷോട്ട് ഗ്ലാസ്സുകളിലേക്കു പകരുന്ന വോഡ്‌ക, വായിലേക്ക് ഒറ്റ കമഴ്ത്താണ്. ഞങ്ങൾക്ക് ഞങ്ങളുടെ ഇൻഫീരിയോറിട്ടി കോംപ്ലെക്സ് മാറ്റാനുള്ള ഏക പോംവഴി ഇങ്ങനെ ധാരാളം വോഡ്‌ക അകത്താക്കുക എന്നത് മാത്രമാണ്. ഒരു ഗ്ലാസ് ഒഴിയുമ്പോഴേക്കും അടുത്തത് നിറയ്ക്കും. ഒറ്റ മൊത്താണ്. അങ്ങനെ നാലഞ്ചെണ്ണം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് കുറച്ചു ധൈര്യം തിരിച്ചുകിട്ടി അപ്പോഴാണ് എന്താണ് സംഭവം എന്ന് ചുറ്റുപാടും ഉള്ളവരോട് ചോദിക്കാൻ തോന്നിയത് .
അബു ഗൂഗിളിൽ ചോദിച്ചു.
“തോയ് തോയ്…?” അതായത് കല്യാണമാണോ എന്ന്.
അതിമനോഹരമായി വസ്ത്രധാരണം ചെയ്ത ടർക്കിക് സൗന്ദര്യത്തിന്റെ മൂർത്തിമത്ഭാവമായി തോന്നുന്ന ഒരാൾ ചിരിച്ചുകൊണ്ട് ഞങ്ങളോട് വിശദീകരിച്ചു.
“അല്ല, ഇത് ഒരു സുന്നത് കല്യാണമാണ്,” വോഡ്‌കയുടെ ലഹരിയിൽ അയ്യാൾ പറഞ്ഞത് എന്താണ് എന്ന് വിശദമാക്കാൻ പാന്റിന്റെ മുകളിൽ വിരൽ നീട്ടി നിർത്തി ആ പ്രക്രിയ എങ്ങനെയാണ് എന്ന് ഞങ്ങളോട് കൈകൊണ്ട് ഡെമോൺസ്‌ട്രേറ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ സ്നേഹത്തിന് അയാൾ ഒരു ഷോട്ട് വോഡ്ക കൂടി ഞങ്ങൾക്ക് ഒഴിച്ചു.
നോക്കിയപ്പോൾ സുന്നത് കഴിഞ്ഞ പയ്യൻ വലിയ ഹോളിന്റെ പ്രധാന സ്ഥലത്തു സുസ്മേര വദനനായി ഇരിപ്പുണ്ട്. ചുറ്റുപാടും നടക്കുന്ന വാദ്യഘോഷങ്ങളൊന്നും അവനെ ബാധിക്കുന്നില്ല.
അപ്പോഴേക്കും ചിലർ ഞങ്ങളെ ഡാൻസ് ചെയ്യാനായി ക്ഷണിച്ചു. ഒപ്പം പാട്ടുകാർ ചില ഹിന്ദി പാട്ടുകൾ തുടങ്ങി. ഇന്ത്യയുടെ പ്രത്യേക ആദരവിനായി. എന്തും ചെയ്യും എന്നൊരു നിലയിലായിരുന്നു അപ്പോൾ ഞങ്ങൾ. ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാനായി പാടുകയോ ഡാൻസ് ചെയ്യുകയോ എന്തും ചെയ്യാം. എന്നാൽ എന്തൊരു കഷ്‌ടമാണ്. എനിക്ക് ഒരൊറ്റ നൃത്ത ചുവടുപോലും നന്നായി വയ്ക്കാൻ അറിയില്ല. ബിന്ദു കുറച്ചൊക്കെ മാനേജ് ചെയ്യുന്നുണ്ട്. അബു വോഡ്ക കഴിച്ചു സ്റ്റക്ക് ആയി നിൽക്കുകയാണ്.
ഞങ്ങളെ ക്ഷണിച്ചവർ അതിമനോഹരമായാണ് നൃത്തം ചെയ്യുന്നത്. മധ്യ വയസ്കനായ ആധുനിക വേഷധാരിയായ പുരുഷൻ ഗംഭീരമായി ഡാൻസ് ചെയ്യുന്നു. കൂടെ പരമ്പരാഗത തജിക് വസ്ത്രം ധരിച്ച യുവതി അമ്പരപ്പിക്കുന്ന ഭംഗിയിലാണ് നൃത്തം ചെയ്യുന്നത്. അവരോട് കിടപിടിക്കാൻ കഴിയില്ല എന്ന് ഉറപ്പാണെങ്കിലും ചടങ്ങിന്റെ ഓളം കളയാതെ ഞങ്ങളും നൃത്തം ചെയ്തു. വലിയ കയ്യടിയാണ് ഞങ്ങൾക്ക് കിട്ടിയത്.
രാത്രി പുലരുവോളം ഈ ഡാൻസും പാട്ടും തീറ്റയും കുടിയും തുടരും എന്ന് തോന്നുന്നു. എന്തായാലും തിരിച്ചു ഹോംസ്റ്റേ എത്തണമല്ലോ എന്ന് കരുതി എല്ലാവരോടും യാത്ര പറഞ്ഞു, കൂടുതൽ വോഡ്‌ക മോന്തി ഞങ്ങൾ യാത്ര പറഞ്ഞു.
പുറത്തിറങ്ങി പുരാതന ചരിത്ര മന്ദിരങ്ങൾ നിറഞ്ഞ പാതയിലൂടെ വീണ്ടും നടക്കുമ്പോൾ ഉറങ്ങി എണീറ്റിട്ടും തീരാത്ത ഒരു സ്വപ്നമാണിത് എന്ന് ഞങ്ങൾക്ക് തോന്നി. സമയം രാത്രി പത്തുമണിയോളം ആയിട്ടുണ്ട്.
റോഡിൽ മറ്റാരുമില്ല. എന്നാൽ ഞങ്ങൾക്ക് ഒരു ഭയവും തോന്നിയില്ല. ചില കഫേകൾ മാത്രം രാത്രിയിൽ തുറന്നിരിപ്പുണ്ട്.
വീട്ടിലേക്ക് ഇനി ഏറെ വഴിയില്ല. അപ്പോഴാണ് നന്നായി വസ്ത്രം ധരിച്ച സുന്ദരിയായ ഒരു യുവതി കയ്യിൽ ഒരുകുട്ടിയുമായി ഒരു ഇടവഴി കടന്നു ഞങ്ങളുടെ അടുത്തെത്തിയത്. ഞങ്ങൾക്ക് കുറച്ചു കൗതുകം തോന്നി. ഈ രാത്രിയിൽ ഈ പെൺകുട്ടി തനിച്ച്. അതും ഒരു കൊച്ചു കുട്ടിയുമായി. അവൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു. എന്റെ തോളിൽ കൈവച്ചുകൊണ്ട് അപ്രതീക്ഷിതമായി പറഞ്ഞു:
“ഈ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ എന്തെങ്കിലും തരാമോ?”
ഇപ്പോഴാണ് ഞങ്ങൾ ശരിക്കും ഞെട്ടിയത്. ഈ രാജ്യത്തിന്റെ ഈയൊരു മുഖം ഞങ്ങൾക്ക് എത്ര അപരിചിതം. ഈ രാത്രിയിൽ ഈ പെൺകുട്ടി ഭിക്ഷ യാചിക്കുകയാണ്. ഞങ്ങളെക്കാൾ നന്നായി അവൾ വസ്ത്രം ധരിച്ചിട്ടുണ്ട്.. എന്നാൽ രാത്രിയിൽ ഇവൾ ഭക്ഷണത്തിനായി യാചിക്കുകയാണ്. ഞെട്ടലിനിടയിൽ കൈവശമുണ്ടായിരുന്ന കുറെ പതിനായിരം സോം നോട്ടുകൾ ഞങ്ങൾ അവളുടെ കയ്യിൽ വച്ചുകൊടുത്തു.
എന്നാൽ ആ കൊച്ചു പെൺകുട്ടിയെക്കുറിച്ചുള്ള ചിന്തകൾ ഞങ്ങളെ വിട്ടുമാറുന്നില്ല. ഇന്ത്യയിൽ നമുക്ക് പരിചിതമായ ദാരിദ്ര്യത്തിന്റെ രൂപം ഇതല്ല. അവിടെ ദാരിദ്ര്യം നമ്മെ ഓരോ ദിവസവും തുറിച്ചുനോക്കിക്കൊണ്ടിരിക്കും. അതിൽനിന്ന് രക്ഷപെടാൻ നമ്മൾ മുഖം തിരിക്കും. ഹർഷ് മന്ദർ പറയുന്ന ‘ലൂക്കിങ് എവേ.’ ഇവിടെ ഇവൾ ഈ നഗരത്തിൽ എത്രമാത്രം സുരക്ഷിത ആയിരിക്കും. എന്തായിരിക്കും അവളുടെ ഭാവി. എന്താണ് അവളുടെ പശ്ചാത്തലം. ഒരു ഉത്തരവും തരാതെ അവൾ ഞങ്ങൾ കൊടുത്ത നിസ്സാരമായ പണവുമായി ഇരുട്ടിൽ നടന്നുമറഞ്ഞു.
രാത്രി ബിന്ദുവിന് സ്വപ്‌നങ്ങൾ നിറഞ്ഞതായിരുന്നു.
പിറ്റേ ദിവസമാണ് തിമൂറിന്റെ ഖബർ കാണാനായുള്ള യാത്ര. ഡൽഹിയിലും ആഗ്രയിലുമുള്ള ഷാജഹാന്റെയും ഹുമയൂണിന്റെയും ഖബറുകൾ കണ്ടിട്ടുള്ള നമുക്ക് ഗുർ-ഇ-അമീർ വലിയ ഗൃഹാതുരത്വം പകരും. ദില്ലി ശവകുടീര നഗരി എന്ന് വിഷ്ണുനാരായണൻ നമ്പൂതിരി വിശേഷിപ്പിച്ചതുപോലെയാണ് സമർഖണ്ഡും. ചരിത്രത്തിന്റെ അപൂർണമായ അവശേഷിപ്പുകളായി ഓർമ്മകളായി ധാരാളം ശവകുടീരങ്ങൾ.
ഗുർ-ഇ-അമീർ എന്നാൽ രാജാവിന്റെ ശവകുടീരം എന്നർത്ഥം. എന്നാൽ ഇവിടെത്തന്നെയാണ് തിമൂറിന്റെ മക്കളായ ഷാരുഖിനെയും മിറാൻ ഷായെയും അടക്കം ചെയ്തിരിക്കുന്നത്. ഇവിടെത്തന്നെയാണ് ഉലുഗ് ബേഗും അന്ത്യ വിശ്രമം കൊള്ളുന്നത്. തിമൂറിന്റെ ഗുരുവായിരുന്ന സയ്യിദ് ബറാക്കയും ഇവിടെത്തന്നെ.അങ്ങനെ തിമുറിഡ് ഡൈനാസ്റ്റിയുടെ കുടുംബ ഖബർ ആയി ഇവിടം മാറി.
പ്രധാനമായും ഒറ്റ കപ്പോളയാണ്. നിറം നേരത്തെ കണ്ടപോലെ വിവിധതരം നീലകൾ. ഒപ്പം കണ്ണഞ്ചിക്കുന്ന സ്വർണ വർണം. ഉള്ളിൽ ചരിത്രം തളം കെട്ടി നിൽക്കുമ്പോഴെന്നപോലെയുള്ള നിശ്ശബ്ദതയാണ്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള സാമ്രാജ്യങ്ങൾ ഉയരുകയും നിലംപൊത്തുകയും ചെയ്യുന്നതിന്റെ ഓർമ്മകൾ നമുക്കുള്ളിൽ തിരയടിക്കുകയാണ്.
ഈ ഖബർ ഈ ദേശവാസികൾക്ക് ഇപ്പോഴും അന്ധമായ വിശ്വാസങ്ങളുടെ ഇരുണ്ട ഭൂമികയാണ്. ഈ ഖബർ ഇവിടെനിന്നും മാറ്റാനുള്ള ഒരു ശ്രമം പിൽക്കാലത്തു നാദിർഷ നടത്തുകയുണ്ടായി. എന്നാൽ യാത്രയുടെ പാതിയിൽ ആ ശ്രമം വിഫലമായി. ഇതിന്റെ തുടർച്ചയാണ് എന്ന് പറയുന്നു സമർഖണ്ഡിന്റെ ഖ്യാതിയിലും ഇടിവുണ്ടായി.
തിമൂറിന്റെ യഥാർത്ഥ ഖബർ എവിടെയാണ് എന്നതിനെച്ചൊല്ലി തർക്കം പോലുമുണ്ടായി. ഈ തർക്കത്തിന് ഒരു തീരുമാനമുണ്ടാക്കാൻ 1941 ൽ ജോസഫ് സ്റ്റാലിൻ പ്രശസ്ത ആന്ത്രപ്പോളജിസ്റ്റായ മിഖായിൽ ഗെറാസിമോവിനെ നിയോഗിച്ചു. ഇതറിഞ്ഞ നാട്ടുകാർ ഭയവിഹ്വലരായി. തിമൂറിന്റെ ശവകുടീരത്തിന് ഒരു ശാപമുണ്ട് എന്നും ഇത് ആരെങ്കിലും തുറന്നാൽ അവർക്ക് വലിയ അപകടമുണ്ടാവും എന്നായിരുന്നു പ്രാദേശിക വിശ്വാസം.
ഇത്തരം അന്ധ വിശ്വാസങ്ങളെ കൂസുന്നവരായിരുന്നില്ല സോവിയറ്റ് ശാസ്ത്രജ്ഞർ. അവർ പ്രാദേശിക പ്രതിഷേധം വകവയ്ക്കാതെ ഖബർ തുറന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സുഗന്ധ തൈലങ്ങളുടെ മണത്തിനൊപ്പം അതിനുള്ളിൽ അവർ തിമൂറിന്റെ ശാപം ആലേഖനം ചെയ്തത് കണ്ടുവത്രെ.
“എന്റെ ഖബർ തുറക്കുന്നവർ എന്നെക്കാൾ ക്രൂരനായ ഒരു അക്രമണകാരിയെ തുറന്നുവിടുകയാണ് ചെയ്യുന്നത്.”
ഇതൊന്നും ഗൗനിക്കാതെ ശാസ്ത്രജ്ഞർ ഖബർ തുറന്നു ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു പഠിച്ചു.
ഇതിനു മൂന്നാം ദിവസം 1941 ജൂൺ 22 ന് ഹിറ്റ്‌ലർ റഷ്യയെ ആക്രമിച്ചു. മുപ്പത് ദശലക്ഷം ജനങ്ങൾ മരണമടഞ്ഞ ഒരു യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്.
ഗെറാസിമോവ് ഞെട്ടിപ്പോയി. ഒടുവിൽ സ്റ്റാലിനെ നിർബന്ധിച്ചു ബോധ്യപ്പെടുത്തി ശരീര ഭാഗങ്ങൾ തിരിച്ചു മറവുചെയ്ത് ഖബർ അടക്കുകയാണുണ്ടായത് എന്നാണ് കഥ.
തിമൂറിന്റെ ഖബറിൽ നിൽക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നാവുന്ന ഈ കഥ ഞങ്ങൾക്ക് ഓർമവന്നു. ഇതിൽ എത്ര മാത്രം സത്യമുണ്ടാവും. പിരമിഡുകളുടെ ശാപം എന്നപോലെ തിമൂറിന്റെ ശാപവും വെറുമൊരു വിശ്വാസം മാത്രമാണോ? ഹിറ്റ്‌ലറിന്റെ ആക്രമണം വെറുമൊരെ യാദൃച്ഛികത മാത്രമായിരുന്നോ? ഗെറാസിമോവിനെ പോലൊരു ഉന്നത ശാസ്ത്രജ്ഞനെപ്പോലും ഈ ശാപം ഭയപ്പെടുത്തിയതെങ്ങനെ?
യാത്രകൾ ബാക്കിവയ്ക്കുന്നത് ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങൾ കൂടിയാണ്.
ഖബർ മുഴുവൻ നിശബ്ദമായി പ്രാർത്ഥിക്കുന്ന വിശ്വാസികളാണ്.
ഇനി കാണാനുള്ളത് ഷാഹി സിൻഡയാണ്. ഇവിടെയാണ് പ്രവാചകനായ കുസം ഇബ്ൻ അബ്ബാസിന്റെ ഖബർ. പ്രോഫറ്റ് മുഹമ്മദിന്റെ കസിൻ ആയിരുന്ന കുസും 676 ലാണ് ഒരു സൈന്യവുമായി ഇസ്ലാം പ്രചരിപ്പിക്കാൻ ഇങ്ങോട്ട് വരുന്നത്. വലിയ യുദ്ധ വിജയങ്ങൾ ഉണ്ടായെങ്കിലും പ്രാർത്ഥന സമയത്ത് മലകളിൽ നിന്ന് വന്ന പാഗൻ സംഘങ്ങളാൽ കുസും അടക്കമുള്ളവർ കൊല ചെയ്യപ്പെട്ടു. എന്നാൽ അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ല എന്നതാണ് ഇപ്പോഴുമുള്ള വിശ്വാസം. അങ്ങനെയാണ് ഈ സമുച്ചയം ഷാഹി സിന്ദാ (ജീവിക്കുന്ന രാജാവ്) എന്നറിയപ്പെടുന്നത്.
ഈ മന്ദിരത്തിന്റെ സൗന്ദര്യമോ ആത്മീയ പ്രഭാവമോ വിശേഷിപ്പിക്കാൻ ഞങ്ങൾക്ക് ഒരു കഴിവുമില്ല. എന്നെങ്കിലും ഒരിക്കൽ ഈ കഥാകഥനം വായിക്കുന്നവർക്കും ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന ആത്മീയവും സൗന്ദര്യപരവുമായ ഉന്നതി ആസ്വദിക്കാൻ കഴിയട്ടെ എന്നെ ആഗ്രഹിക്കാൻ പറ്റൂ.
ഇനിയുള്ള യാത്ര നഗരത്തിന്റെ അതിർത്തിയിലുള്ള അഫ്രൊസിയാബ് മ്യൂസിയത്തിലേക്കാണ്. പതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ ആക്രമണത്തിൽ തകർന്ന അഫ്രൊസിയാബ് (Afrasiyab) എന്ന പുരാതന നഗരത്തിന്റെ അവശിഷ്ടമാണ് ഈ മ്യൂസിയം. വളരെ യാദൃച്ഛികമായി ഒരു റോഡ് നിർമ്മാണത്തിനിടയ്ക്കാണ് ഈ പുരാതന അവശിഷ്ടങ്ങൾ 1965ൽ കണ്ടെത്തുന്നത്.
സോഗ്ദിയാൻ സാമ്രാജ്യത്തിന്റെ ചരിത്രം പഠിക്കാൻ സഹായിക്കുന്ന ചിത്രങ്ങളും ഉപകരണങ്ങളും ആയുധങ്ങളും ഖബറുകളുമൊക്കെ വിശാലമായ മൺകൂനകളിൽ ചിതറിക്കിടക്കുന്നു, 1970 ലാണ് മ്യൂസിയത്തിന്റെ നിർമാണം പൂർത്തിയാവുന്നത്. മ്യൂസിയത്തിനോട് ചേർന്നുള്ള വിശാലമായ മൺകൂനകളിലൂടെ ഞങ്ങൾ നടന്നു. അവിടെ ചിതറിക്കിടക്കുന്നത് നൂറ്റാണ്ടുകൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളുടെ ബാക്കിപത്രമാവുമോ? ഇതിൽ ഒരെണ്ണം കൈവശപ്പെടുത്തിയാലോ? അങ്ങനെ തോന്നൽ ഉണ്ടായെങ്കിലും ചരിത്രത്തിനെ അതിന്റെ പാതയിൽ തന്നെ വിട്ട് ഞങ്ങൾ മ്യൂസിയം മുഴുവൻ നടന്നുകണ്ടു.
ഇവിടെ ഇപ്പോൾ തിമൂറിന്റെ ഖബറിനെക്കാൾ വലിയ മൗസോളിയം ഇപ്പോൾ പണിതിരിക്കുന്നത് ഇസ്ലാം കരിമോവിനാണ്. എന്തുകൊണ്ടോ അത് കാണാൻ ഞങ്ങൾക്ക് വലിയ താൽപ്പര്യം തോന്നിയില്ല. മൗസോളിയത്തിന് മുന്നിലുള്ള വലിയ പാതയിലൂടെ മുന്നോട്ട് നടന്ന് ഞങ്ങൾ വിജനമായ ഒരു പാർക്കിന്റെ ഒരു വശത്തെത്തി. അവിടെനിന്നു താഴേക്ക് കടക്കാൻ ഒരു ചെറിയ ഗേറ്റ് കാണാം. ഇതെങ്ങോട്ടാണ് എന്ന് കണ്ടുപിടിക്കാനാണ് ഞങ്ങൾ ഉള്ളിലേക്ക് കടന്നത്.
അതെന്തൊരു അത്ഭുത ലോകമായിരുന്നു. സമർഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട സെമിത്തേരിയിൽ ആണ് ഞങ്ങൾ എത്തിയത്. ഇങ്ങനെ ഒരു സെമിത്തേരി നമ്മൾ അപൂർവമായേ കാണൂ. ഈ ശവകുടീര നഗരിയിൽ ഇതേവരെ കണ്ട പുരാതന ഖബർ അല്ല. നമ്മുടെ കാലത്ത് ജനിച്ചു ജീവിച്ച മനുഷ്യരുടെ കല്ലറകൾ.
ഓരോ സ്മാരകശിലയും വിസ്തൃതമായി ഉയർത്തിക്കെട്ടിയിരിക്കുന്നു. ഓരോന്നിലും മരിച്ചുപോയ വ്യക്തിയുടെ വലിയ ചിത്രങ്ങളോ ശില്പങ്ങളോ ഉണ്ട്. അതിന് കീഴെ അവരെക്കുറിച്ചെഴുതിയ മനോഹരമായ കവിതകൾ ആലേഖനം ചെയ്തിട്ടുണ്ട്. ഒന്നിൽ അകാലത്തിൽ മരിച്ച മകളെക്കുറിച്ച് അമ്മ എഴുതിയ ഒരു കവിത. പ്രേമികളുടെ നിരർത്ഥകമായ ആത്മ നൊമ്പരങ്ങൾ. ദാർശനിക ചിന്തകൾ. ചുറ്റും മനോഹരമായി തയ്യാർ ചെയ്ത പൂന്തോട്ടങ്ങൾ. ജീവിച്ചിരുന്ന കാലത്ത് അവർക്ക് ലഭിച്ച പ്രശംസ, പതക്കങ്ങളും ബാഡ്ജുകളും ഇതിനൊപ്പമുണ്ട്.
ധാരാളം കമ്മ്യൂണിസ്റ്റ് പാർട്ടി അടയാളങ്ങൾ പലതിലും കാണാം. പുറംലോകത്ത് നിന്ന് മാറ്റിയാലും ഇവയൊന്നും ഒരു ഖബറിൽ നിന്ന് മാറ്റുക എളുപ്പമല്ല. ഒരു വ്യക്തി ജീവിച്ചിരുന്നപ്പോൾ എങ്ങനെയോ അതേ വൈവിധ്യം ഇവിടെയും നിലനിർത്താനാണ് ആളുകൾ ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു.
നൂറുകണക്കിന് ഖബറുകൾ അടങ്ങിയ വിശാലമായ ഒരു സെമിത്തേരി. കണ്ണെത്താത്ത ദൂരത്തോളം ഇതെല്ലാം വ്യാപിച്ചുകിടക്കുകയാണ്. സന്ധ്യ മയങ്ങിയ സമയമാണ്. ആകാശത്ത് അപ്രതീക്ഷിതമായി ഒരു വലിയ സംഘം പക്ഷികൾ കൂട്ടമായി പറന്നുയർന്നു. ചുവന്ന ആകാശത്തെ കീറിമുറിച്ചുകൊണ്ട് അവ ചക്രവാളത്തിലേക്ക് പറന്നു. പതുക്കെ സെമിത്തേരിയിൽ ഇരുട്ട് വീണു. ഞങ്ങൾ താഴേക്കിറങ്ങി.
അന്ന് രാത്രി തിരിച്ചു നടക്കുമ്പോൾ റെഗിസ്ഥാന്റെ മുൻപിലുള്ള വലിയ പൂന്തോട്ടത്തിലാണ് ഒമർ ഖയ്യാമിന്റെ പ്രതിമ കാണുന്നത്. ജനിച്ചത് പേർഷ്യയിൽ, ഇപ്പോഴത്തെ ഇറാൻ, ആണെങ്കിലും ഒമർ ഖയ്യാം ജീവിതത്തിന്റെ വലിയൊരു കാലം ചെലവിട്ടത് സമർഖണ്ഡിലാണ്. കവി മാത്രമല്ല ഗണിത ശാസ്ത്രജ്ഞനും ശാസ്ത്രജ്ഞനും ദാർശനികനുമായിരുന്നു ഒമാർ ഖയ്യാം. ഇവിടെവച്ചാണ് അദ്ദേഹം പ്രശസ്തമായ ‘റൂബായത്’ എഴുതുന്നത്. ഇവിടെ വച്ചാണ് സമർഖണ്ഡിലെ കൊട്ടാരത്തിലുള്ള ഒരു കവയിത്രിയുമായി പ്രണയത്തിലാവുന്നത്.
സ്ത്രീകളെക്കുറിച്ചും വീഞ്ഞിനെക്കുറിച്ചുമാണ് അദ്ദേഹം എഴുതിയത്. ഇസ്‌ലാമിന്റെ വിശ്വാസങ്ങൾക്ക് എതിരായിരുന്നു ഈ എഴുത്തുകൾ.
ഈ നഗരത്തിൽ ആദ്യമെത്തുമ്പോൾ തന്നെ അവിശ്വാസി എന്ന് മുദ്ര കുത്തി ഒമർ ഖയ്യാമിനെ വധിക്കാനാണ് ശ്രമമുണ്ടായത്. ഇതിന് നേതൃത്വം നൽകിയത് ഓർഡർ ഓഫ് അസാസിൻസ് എന്ന സംഘമാണ്. ഇവരുടെ പ്രവർത്തനങ്ങളാണ് പിന്നീട് ഇംഗ്ലീഷിൽ Assassination എന്ന വാക്കിന് രൂപം നൽകിയത് എന്ന് നമ്മൾ കേട്ടിട്ടുണ്ടല്ലോ.
എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഇദ്ദേഹത്തിന്റെ ബുദ്ധിശക്തി കണ്ടു വിസ്മയിച്ച ജഡ്ജി കവിതകൾ എഴുതാൻ തോന്നുമ്പോൾ എഴുതാനായി ചൈനീസ് കടലാസ്സിൽ നിർമിച്ച ഒരു നോട്ടുബുക്ക് സമ്മാനമായി നൽകുകയാണുണ്ടായത്. ‘നിങ്ങൾക്ക് തോന്നുമ്പോഴൊക്കെ അതിൽ എഴുതൂ. എന്നാൽ പുറത്തു ആരെയും കാണിക്കരുത്.” അദ്ദേഹം പറഞ്ഞു.
ഒടുവിൽ ഈ പ്രദേശങ്ങളെ ഏറെ സ്വാധീനിച്ച സൂഫി ആത്മീയതയുടെ ഹൃദയമായി ഈ കവിതകൾ മാറി. എന്നാൽ ഒമർ ഖയ്യാം ജീവിച്ചിരുന്ന കാലത്തു ഈ കവിതകൾ പുറംലോകം കണ്ടില്ല. ഏറെക്കാലത്തിന് ശേഷം എഡ്‌വേഡ് ഫിറ്റസ്ജ്‌റാൾഡ് ആണ് ഈ കവിതകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്.
അമീർ മൽഔഫ് എഴുതിയ ‘സമർഖണ്ഡ്’ എന്ന നോവലിൽ ഈ കഥകളൊക്കെയുണ്ട്. രാത്രിയിൽ സമർഖണ്ഡിൽ ഒമർ ഖയ്യാമിന്റെ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഈ ചിത്രങ്ങൾ ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി.
സമർഖണ്ടിൽ നിന്ന് താഷ്കന്റിലേക്ക് ഇവിടത്തെ സ്പീഡ് ട്രെയിനിൽ പോകണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. നിർഭാഗ്യവശാൽ ഞങ്ങൾ ചെന്നപ്പോഴേക്കും ടിക്കറ്റ് എല്ലാം തീർന്നിരുന്നു. അങ്ങനെ സ്പീഡ് ട്രെയിൻ അകലെനിന്ന് കണ്ടു ഭംഗിയൊക്കെ ആസ്വദിച്ച് തിരിച്ചുപോകാനേ കഴിഞ്ഞുള്ളു.
അഫ്രോസിയാബ് എന്നാണ് ഈ ട്രെയിൻ ലൈനിന്റെ പേര്. ഉസ്ബെക്കിസ്ഥാന്റെ പഴയ നാഗരികതയുടെ ഓർമ്മയ്ക്കായി നൽകിയിരിക്കുന്ന പേര്. ഈ ട്രെയിൻ വന്നതോടെ ബുഖാറയിൽ നിന്ന് താഷ്കെന്റ് വരെയുള്ള 600 കിലോമീറ്റർ ഏഴു മണിക്കൂറിൽ നിന്ന് മൂന്നു മണിക്കൂർ ഇരുപത് മിനിറ്റ് ആയി കുറഞ്ഞു.
മണിക്കൂറിൽ 210 കിലോമീറ്റർ ആണ് ഇപ്പോഴുള്ള സ്പീഡ്. 2011 ലാണ് ഈ സ്പീഡ് ട്രെയിൻ പ്രവർത്തനം ആരംഭിച്ചത്. എല്ലാ ദിവസവും ഇവിടെനിന്നു താഷ്കെന്റ് സർവീസുണ്ട്. അതുകൊണ്ടുതന്നെ ടിക്കറ്റ് കിട്ടും എന്നായിരുന്നു ഞങ്ങളുടെ ഒരു തോന്നൽ. നിർഭാഗ്യവശാൽ ഈ ആഗ്രഹം നടക്കാതെപോയി.
-തുടരും