റിസർവ് ബാങ്ക് ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റസ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ബാങ്കിന്റെ ചില സേവനങ്ങൾക്ക് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാർച്ച് മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നുമാണ് നിർദേശം. ഇത് കമ്പനിയുടെ ബിസിനെയും ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം, ഫെബ്രുവരി 1-ന് പേടിഎം ഓഹരികൾ 20 ശതമാനം ഇടിഞ്ഞ്, ലോവർ സർക്യൂട്ട് പരിധിയിലെത്തി. നിരോധനം നിലവിൽ പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകൾ, ഫാസ്ടാഗ്, എൻസിഎംസി (നാഷണൽ കോമൺ മൊബിലിറ്റി കാർഡ്) കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് ബാധിക്കുന്നത്.
നിങ്ങൾ, അക്കൗണ്ടിൽ പണമുള്ള പേടിഎം ഉപഭോക്താവാണെങ്കിൽ, യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്), എഎംപിഎസ് (ഇൻസ്റ്റന്റ് പേയ്‌മെൻ്റ് സേവനം), ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻ്റ്) പോലുള്ള സേവനങ്ങളിലൂടെ പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാം.
ഒരു ഇടപാടിന് 25,000 രൂപ എന്ന പരിധിയിൽ ഉപയോക്താക്കൾക്ക് ഈ സേവനങ്ങളിലേക്ക് പണം മാറ്റാം. കൂടാതെ ഒരാൾക്ക്, പേടിഎം വാലറ്റിൽ നിന്ന് ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ദിവസം 1,00,000 രൂപ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. ഇതുകൂടാതെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്‌ക്കുമ്പോൾ ഇത് 3 ശതമാനം ഇടപാട് ഫീസും ഇടാക്കുമെന്നതും ശ്രദ്ധിക്കണം. 25,000 രൂപ ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ, 750 രൂപയാണ് ഇടപാട് ഫീസായി നൽകേണ്ടത്.
നിലവിൽ, പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ നിന്നോ പേടിഎം വാലറ്റിൽ നിന്നോ മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല, കൂടാതെ ഫെബ്രുവരി 29ന് ശേഷവും ഉപയോക്താക്കൾക്ക് സേവനം ഉപയോഗിക്കുന്നത് തുടരാം. എന്നാൽ, നിങ്ങൾക്ക് അധികമായി പേടിഎം വാലറ്റിലേക്കുള്ള തുക ക്രെഡിറ്റ് ചെയ്യാൻ കഴിയില്ല. നിരോധനത്തെ തുടർന്ന്, വാലറ്റുകൾ, ഫാസ്ടാഗ്, എൻസിഎംസി അക്കൗണ്ടുകൾ തുടങ്ങിയ സേവനങ്ങൾ ഉടൻ തന്നെ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് പേടിഎം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
പേടിഎം-ന് പകരമായി ഇന്ത്യക്കാർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റ് സേവനങ്ങൾ
ഫോൺ പേ, ഗൂഗിൾ പേ, ഭാരത് പേ തുടങ്ങിയ സമാന സേവനങ്ങൾ ഇന്ത്യയിലെ ജനപ്രിയവും സുരക്ഷിതവുമായ പേയ്‌മെന്റ് സേവനങ്ങളാണ്. മറ്റ് ഉപയോക്താക്കൾക്ക് പണമയക്കാനും സ്വീകരിക്കാനും ഈ സേവനങ്ങൾ ഉപയോക്താക്കളെ അനുവധിക്കുന്നു. ഫേൺ പേ പോലുള്ള സേവനങ്ങൾ വാലറ്റ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
പേടിഎം-ൽ നിന്ന് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാം?
നിങ്ങളുടെ പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാൻ ഈ നിർദ്ദേശങ്ങൾ പാലിക്കുക:
- നിങ്ങളുടെ ഫോണിൽ പേടിഎം ആപ്പ് തുറക്കുക
- നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ബാങ്കിംഗ്, പേയ്‌മെൻ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
- “ബാങ്ക് അക്കൗണ്ട്” തിരഞ്ഞെടുക്കുക
- “യുവർ ബാങ്ക് അക്കൗണ്ട്” തിരഞ്ഞെടുത്ത് തുക നൽകുക
- “പേടിഎം പേയ്‌മെൻ്റ് ബാങ്ക്” തിരഞ്ഞെടുത്ത് പിൻനമ്പർ നൽകി ഇടപാട് പൂർത്തിയാക്കുക