ഉറക്കത്തിൽ പോലും ഇന്ത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു രാജ്യം
രാവിലെ തന്നെ ഒരു ടാക്സിയിൽ ഞങ്ങൾ വിസ പോയിന്റിൽ എത്തി. രണ്ടു രാജ്യങ്ങളെയും വേർതിരിക്കുന്ന വിശാലമായ നോ മാൻസ് ലാൻഡ്. വലിയൊരു മതിൽ. ചുറ്റുപാടും മുള്ളുവേലികൾ. ഒരു നൂറ്റാണ്ടിലേറെ ഒറ്റ രാജ്യമായി ജീവിച്ചിരുന്നവർ. എന്നാൽ ഇന്ന് നിരന്തരമായ അതിർത്തി തർക്കത്തിലും സംഘർഷത്തിലും ജീവിക്കുന്നവർ.
ഞങ്ങൾ ആദ്യമായാണ് റോഡ് വഴി പേപ്പർ വിസ ഉപയോഗിച്ച് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ നോക്കുന്നത്. ഇവിടെ എന്താണ് സംവിധാനം എന്ന് കണ്ടറിയണം. സത്യത്തിൽ സാമാന്യം ടെൻഷനുണ്ട്.
ടെൻഷന് പ്രധാന കാരണം ഉസ്ബക്ക് അതിർത്തിയെക്കുറിച്ച് അബു ആവശ്യത്തിൽ കൂടുതൽ ഗൂഗിൾ ഗവേഷണം നടത്തിയതാണ്. കിർഗിസ്താനിൽ നിന്ന് വിഭിന്നമായി ഉസ്ബെക്കിസ്ഥാനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിതമാണ്. പഴയ കാല സോവിയറ്റ് സോവനീറുകൾ പോലും കൈവശം വയ്ക്കുന്നത് കുറ്റമാകും എന്നാണ് പലരും പേടിപ്പിച്ചത്. മാത്രമല്ല അബുവിന്റെ വാട്സ്ആപ് ബാക്ക്ഗ്രൗണ്ട് ഡി പി ഒരു അരിവാൾ ചുറ്റികയാണ്.
ഉസ്ബെക്ക് പട്ടാളത്തെ പേടിച്ച് അബു വാട്സ്ആപ്പ് ഐ ഡി പോലും തത്ക്കാലം നിർവീര്യമാക്കി എന്ന് പറഞ്ഞാൽ അവന്റെ പേടി മനസ്സിലായല്ലോ. എന്നാൽ ബിഷ്കെക്കിൽ നിന്ന് മേടിച്ച സോവിയറ്റ് സോവനീറുകൾ, ടാങ്കികൾക്ക് കൊടുക്കാനുള്ള സ്റ്റാലിൻ ഉൾപ്പടെ, ഞങ്ങളുടെ ബാഗുകളിലുണ്ട്. ഉസ്ബെക്ക് അതിർത്തി പൊലീസ് ഇതൊക്കെ എടുത്ത് പരിശോധിക്കുമോ? ഞങ്ങളെ അറസ്റ്റ് ചെയ്യുമോ? ഇങ്ങനെ പലവിധ ഭയങ്ങളുമായാണ് ഞങ്ങൾ അതിർത്തി ചെക്‌പോസ്റ്റിൽ എത്തുന്നത്.
നീണ്ട മുൾവേലി കടന്നു ആദ്യത്തെ എൻക്ലോഷർ കഴിഞ്ഞു രണ്ടാമത്തെ മുറിയിലാണ് വിസ പരിശോധന. വലിയൊരു സംഘം സുരക്ഷ ഉദ്യോഗസ്ഥർ യൂണിഫോമിട്ട് അവിടെ നിൽപ്പുണ്ട്. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മിനിറ്റുപോലും എടുത്തില്ല വിസ സ്റ്റാമ്പ് ചെയ്തു തരാൻ. എന്നാൽ സെക്യൂരിറ്റി പോസ്റ്റിൽ എത്തിയപ്പോഴാണ് ബഹു തമാശ.
യു ഇന്ത്യൻ? ഹിന്ദുസ്ഥാനി? സെക്യൂരിറ്റിയിലെ ചെറുപ്പക്കാരനായ ഉദ്യോഗസ്ഥൻ സാകൂതം നോക്കിക്കൊണ്ട് അബുവിനോട് ചോദിച്ചു.
“അതെ. കേരള, ഇന്ത്യ,” അബു പറഞ്ഞു. അബു പരവശമായി ചിരിച്ചു. “ആ ചെഗുവേര എന്റെയല്ല…”
“ഐ ആം എ ഡിസ്കോ ഡാൻസർ…” സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബാഗും പരിശോധനയുമൊക്കെ കളഞ്ഞു ഒഫീഷ്യൽ യൂണിഫോമിൽ ഡാൻസ് ചെയ്യാൻ തുടങ്ങി. അയാളുടെ കൂടെയുള്ള സഹായികൾ ഞങ്ങളെ ആരാധനയോടെ നോക്കി.
ഞങ്ങൾ കുറച്ചുനേരം വാ പൊളിച്ചു നിന്നുപോയി. ഒരു രാജ്യത്തിന്റെ സെക്യൂരിറ്റിയിൽ ഇങ്ങനെ ഒരു പ്രതികരണം ഞങ്ങൾ പ്രതീക്ഷിച്ചതേ ഇല്ല. ഇത് വെറുമൊരു തുടക്കം മാത്രം ആയിരുന്നു. ഈ രാജ്യത്തിന്റെ ഏതു കോണിലും ഞങ്ങൾക്ക് കിട്ടാൻ പോകുന്ന സ്വീകരണത്തിന്റെ ഒരു ചെറിയ മാതൃക ആയിരുന്നു ഇത്.
റോഡിൽ, ട്രെയിനിൽ, ഹോട്ടലുകളിൽ, പാർക്കുകളിൽ എല്ലായിടത്തും ഇന്ത്യയിൽ നിന്ന് വരുന്ന വിരുന്നുകാരെ ഇവർ അതിരുവിട്ട ആഹ്ലാദത്തോടെ സ്വീകരിച്ചു. ഷാരൂഖ് ഖാൻ, മിഥുൻ ചക്രബർത്തി, അമിതാബ് ബച്ചൻ, അമീർ ഖാൻ… ഇങ്ങനെ ബോളിവുഡ് സിനിമയിലെ ഓരോ നായകരെയും അവർ പേരെടുത്തു പറഞ്ഞു ചോദിച്ചു. ബോളിവുഡ് സിനിമയുടെ നാട്ടിൽ നിന്ന് വരുന്നവർക്ക് ഒരു മിനി സെലിബ്രിറ്റി സ്റ്റാറ്റസ് കൊടുത്തു.
ഒരു ജനത മറ്റൊരു രാജ്യത്തെ ഇത്രയേറെ അകമഴിഞ്ഞ് സ്നേഹിക്കും എന്നത് ഞങ്ങൾക്ക് അവിശ്വസനീയമായ ഒരു അനുഭവം ആയിരുന്നു. ഇതിന്റെ കൂടുതൽ രസകരമായ കഥകൾ പിറകെ പറയാം. ഇപ്പോൾ ഞങ്ങൾ അതിവേഗം സെക്യൂരിറ്റി ക്ലിയറൻസ് കഴിഞ്ഞു പുറത്തേക്കിറങ്ങി.
അതിർത്തി കടക്കാൻ മൊത്തം ഒരു മണിക്കൂർ എടുത്തു എന്ന് കൂട്ടിയാലും ഞങ്ങളുടെ മൊത്തം സമയത്തെ അത് ബാധിച്ചതേയില്ല. കിർഗിസ്ഥാനിൽ നിന്ന് ഒരു മണിക്കൂർ പിന്നിലാണ് ഉസ്‌ബെക്കിസ്ഥാൻ സമയം നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ ഒൻപത് മണിക്ക് ഓഷ് (Osh) വിട്ട ഞങ്ങൾ കൃത്യം ഒൻപത് മണിക്ക് ആൻഡിജാനിൽ (Andijan) എത്തി.
പുതിയ ഒരു രാജ്യത്ത് എത്തിയ സ്ഥിതിക്ക് ഇനി നമുക്ക് ഈ രാജ്യത്തിന്റെ ചില അടിസ്ഥാന വിവരങ്ങൾ ഗൂഗിൾ ചെയ്തു നോക്കാം. കിർഗിസ്ഥാനിൽ എത്തിയപ്പോഴും നമ്മൾ ഇങ്ങനെ ചെയ്തിരുന്നല്ലോ. നമ്മുടെ പരിചയമുള്ള സ്ഥലങ്ങളുമായി ബന്ധപ്പെടുത്തി പറഞ്ഞുനോക്കാം. അതാവും എളുപ്പം.
വലിപ്പം കേരളത്തിന്റെ പന്ത്രണ്ടിരട്ടി വരും. ജനസംഖ്യ കേരളത്തേക്കാൾ ഒരല്പം കുറവ്. ഏകദേശം മൂന്നുകോടി. തലസ്ഥാനം താഷ്കെന്റ്. പ്രധാനമായും ഉസ്ബെക്ക് ജനതയാണ്, 84 ശതമാനം. ബാക്കി റഷ്യൻ, തജിക്, ഖസാക് വംശജർ. 88 ശതമാനം മുസ്‌ലിം മതത്തിലുള്ളവർ. കുറച്ചു ക്രിസ്ത്യാനികളും മറ്റുള്ളവരും. അൻപത് ശതമാനം ജനങ്ങളും നഗരങ്ങളിൽ താമസിക്കുന്നു. 100 ശതമാനം സാക്ഷരത. ജീവിത ദൈർഘ്യം 74 വയസ്സ്.
ശരി, തൽക്കാലം ഇത്രയും വിവരം വച്ച് മുന്നോട്ട് പോകാം. വരേ, വരേ പുതിയ കാര്യങ്ങൾ കണ്ടെത്താം.
കിർഗിസ്ഥാനിലെ അതിർത്തിയിൽ നിന്ന് മുപ്പത് കിലോമീറ്റർ മാത്രം അകലെയാണ് ആൻഡിജാൻ നഗരം. ഇന്ത്യൻ ചരിത്രവുമായി ബന്ധമുള്ളവർക്ക് സവിശേഷ താൽപ്പര്യമുള്ള ഒരു സ്ഥലമാണിത്. കാരണം ഇന്ത്യൻ ചരിത്രത്തിൽ നിർണായകമായി ഇടപെട്ട മുഗൾ ചക്രവർത്തി ബാബർ ജനിച്ചത് ഇവിടെയാണ്. ഇവിടെ നിന്നാണ് ബാബർ പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് വരുന്നത്. ഇവിടെ ഏറ്റവും പ്രധാനമായി കാണാനുള്ളതും ബാബർ മ്യൂസിയമാണ്.
എന്നാൽ ഇപ്പോൾ ആൻഡിജാൻ എന്ന് ഗൂഗിൾ ചെയ്തുനോക്കിയാൽ മുഗൾ ചരിത്രമല്ല വലിയൊരു കൂട്ടക്കൊലയുടെ കഥയാണ് പ്രധാനമായും കാണുക. സമകാലിക ചരിത്രത്തിൽ ഈ നഗരം രക്തക്കറകളാൽ പങ്കിലമായിരിക്കുന്നു 2002 ലെ ആൻഡിജാൻ കൂട്ടക്കൊലയിൽ ആയിരത്തിലേറെയാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്.
എന്തായാലും ആദ്യം കുറച്ച് പ്രാതൽ ആവാം. അതിർത്തിയിലുള്ള ചെറിയ ഹോട്ടലിൽ തന്നെ ഞങ്ങൾ കയറി. ഒരു കിലോമീറ്ററിനിപ്പുറം രണ്ട് ജനതകൾ തമ്മിലുണ്ടാകാവുന്ന വ്യത്യാസങ്ങൾ അപ്പോൾ തന്നെ കണ്ടുതുടങ്ങി. പൊതുവെ അന്തർമുഖരായ കിർഗിസിൽ നിന്ന് വ്യത്യസ്തമായി വലിയ തമാശക്കാരും ബഹളക്കാരുമാണ് ഉസ്ബെക്കുകൾ എന്ന് തോന്നും.
ചായക്കടയിൽ വലിയൊരു സംഘം സഹായികൾ ഞങ്ങളെ പൊതിഞ്ഞ് എന്തൊക്കെയാണ് കഴിക്കാനുള്ളത് എന്ന് വിശദീകരിക്കാൻ തുടങ്ങി. ഞങ്ങൾ തത്ക്കാലം ഒരു നോനിലും മുട്ടയിലും ചായയിലും പ്രാതൽ ഒതുക്കി. ഉസ്ബക്ക് ഭക്ഷണ പരിചയം പതുക്കെ തുടങ്ങാം.
ഇവിടെയെങ്കിലും സസ്യാഹാരം വല്ലോം കിട്ടുമോ, അകലെ ഒരു രോദനം കേട്ടു എന്നത് എന്റെ തോന്നലാണോ?
പുതിയ രാജ്യത്തെത്തുമ്പോൾ പ്രധാനമായും രണ്ടു മാറ്റങ്ങൾ ഉണ്ടാവും. കയ്യിലുള്ള സിം മാറ്റണം. കോച് കോറിൽ കണ്ട ബെൽജിയൻ പെൺകുട്ടികൾ അവരുടെ കയ്യിലുള്ള ഉസ്ബെക്ക് സിം ഞങ്ങൾക്ക് സമ്മാനമായി തന്നിരുന്നു. ഇപ്പോൾ നോക്കിയിട്ട് അത് കാണാനില്ല. ഉസ് എന്നതാണ് ഇവിടെ പ്രയയോജനപ്പെടുന്ന സിം എന്നും അവർ ഉപദേശിച്ചിരുന്നു. ആൻഡിജാനിലേക്ക് ഞങ്ങളെ കൊണ്ടുപോയ ഡ്രൈവർ ഉത്സാഹശാലിയാണ്. വഴിയിലുള്ള ഒരു കടയിൽ നിർത്തി മൂന്ന് പേർക്കും വേണ്ട സിമ്മുകൾ റെഡിയാക്കി തന്നു. ഇനി വേണ്ടത് ഉസ്ബക്ക് കറൻസിയാണ്. അത് കുറച്ച് കയ്യിലുണ്ട്. ബാക്കി പിന്നീടാവാം.
എന്തായാലും ആദ്യം ഞങ്ങൾക്ക് ഒരു താമസ സ്ഥലം കണ്ടെത്തണം. ഇതുവരെയുള്ള യാത്രകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കിട്ടിയത് ഒരു ഹോട്ടലാണ്. ആൻഡി ജാനിലെ പ്രധാന ബസാറിനോട് ചേർന്നുള്ള ഒരു മൂന്ന് നില കെട്ടിടം. എന്നാൽ ഹോംസ്റ്റേകളിൽ കാണുന്നത്ര സൗഹൃദ അന്തരീക്ഷം.
ചെന്നപ്പോൾ തന്നെ ഹോട്ടൽ ഉടമയും ജീവനക്കാരും ഞങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാൻ മത്സരിക്കുകയാണ്. എല്ലാവരെയും ഫോട്ടോ എടുത്ത് സന്തോഷിപ്പിച്ചു ഞങ്ങൾ രണ്ടു ചെറിയ മുറികൾ കരസ്ഥമാക്കി. ഇതൊരു ഡോർമിറ്ററി പോലെയാണ്. സ്പ്രിങ് ബെഡുള്ള രണ്ടു ചെറിയ കട്ടിലുകള്‍. നല്ല വെളുത്ത വിരി. കമ്പിളി. ഒരു ചെറിയ മേശ. കസേര. ഇത്രയുമേ ഉള്ളൂ. മുറികൾക്ക് പൊതുവായ ടോയ്‌ലെറ്റുകളാണ്. എല്ലാം നല്ല വൃത്തിയാണ് എന്നത് നല്ല കാര്യം. ഇന്ത്യൻ രൂപയിൽ രണ്ടായിരം നൽകേണ്ടി വന്നു എന്ന് മാത്രം. എന്തായാലും ഞങ്ങൾ മുറി പൂട്ടി നഗരം കാണാനിറങ്ങി.
ഇവിടെ ആദ്യത്തെ കടമ്പ ആവശ്യത്തിന് ഉസ്ബക്ക് സോം സംഘടിപ്പിക്കുക എന്നതാണ്. ഉസ്ബക്ക് സോം ഒരു രസികൻ കറൻസിയാണ്. നമ്മുടെ ഒരു രൂപ ഇവിടത്തെ നൂറു സോമാണ്. അതായത് ഇരുപത് രൂപയുടെ കാപ്പി കുടിക്കാൻ രണ്ടായിരം സോം കൊടുക്കണം എന്നർത്ഥം.
കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ അഭൂതപൂർവമായ വിലക്കയറ്റമാണുണ്ടായത്. 1993 ൽ സോവിയറ്റിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു സോം ദേശീയ കറൻസി ആക്കിയപ്പോൾ ഒരു റഷ്യൻ റൂബിളിന് ഏഴു ഉസ്ബക്ക് സോം എന്നായിരുന്നു വിപണന നിരക്ക്. ഇപ്പോൾ ഒരു ഡോളറിനു ഏകദേശം 12000 സോം കൊടുക്കണം.
അങ്ങനെ പ്രാതലിനു 40000 സോമും മുറിക്ക് രണ്ടു ലക്ഷം സോമുമൊക്കെ കൊടുത്തു ലക്ഷാധിപതികളായി നമുക്ക് കുറച്ചുകാലം ജീവിക്കാം. ഹോട്ടൽ ഉടമസ്ഥൻ തന്നെ അത്യവശ്യത്തിന് വേണ്ട കറൻസി മാറ്റിത്തന്നു. ആദ്യമായാണ് ഞങ്ങൾ ഒരു ലക്ഷത്തിന്റെയും രണ്ടു ലക്ഷത്തിന്റെയും മറ്റും നോട്ടുകൾ കാണുന്നത്. ഏറ്റവും കുറഞ്ഞ കറൻസി ആയിരം സോമാണ്. അങ്ങനെ ഏകദേശം പത്തുലക്ഷം സോം സംഘടിപ്പിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി.
കറൻസിയുടെ കാര്യം പറയുമ്പോൾ ഒരു കാര്യം പ്രത്യേകം പറയണം. അബുവിന്റെ ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് ഈ രണ്ടു രാജ്യങ്ങളിലും ഞങ്ങളെ വളരെ സഹായിച്ചു. പതിനായിരം രൂപയ്ക്ക് തുല്യമായ സോം കിട്ടുമ്പോൾ 180 രൂപ കമ്മീഷൻ എടുക്കും എന്നതൊഴിച്ചാൽ ഈ രണ്ടു വലിയ രാജ്യങ്ങളിലും എവിടെയും ദേശീയ കറൻസിക്ക് വേണ്ടി ഞങ്ങൾക്ക് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല.
കറൻസിയുടെ വിലയിടിവുള്ള രാജ്യങ്ങളിൽ യാത്ര ചെലവ് കുറവാണ് എന്നൊരു ധാരണ നമ്മുടെ ചില കക്ഷികൾക്ക് ഉണ്ട് എന്ന് തോന്നുന്നു. എന്നാൽ അതും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. വിലനിലവാരം നോക്കിയാൽ ഉസ്‌ബെക്കിസ്ഥാൻ കിർഗിസ്താനെക്കാൾ ചെലവ് കൂടിയിരുന്നു എന്നാണ് ഞങ്ങളുടെ അനുഭവം.
വലിയൊരു ബസാറിന്റെ നടുവിലാണ് ഞങ്ങളുടെ ഹോട്ടൽ. ചന്തയിൽ നൂറുകണക്കിന് വലിയ തണ്ണിമത്തൻ കൂട്ടിയിട്ടിട്ടുണ്ട്. ലോകം മുഴുവൻ കീഴടക്കാൻ പോയ ബാബർ തന്റെ നാട്ടിലെ തണ്ണിമത്തൻ കിട്ടിയില്ലെങ്കിൽ ലോകം മുഴുവൻ കീഴടക്കിയിട്ട് എന്താണ് കാര്യം എന്ന് വിലപിച്ചതായി കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ബസാറിൽ നിറഞ്ഞുകവിഞ്ഞു കിടക്കുന്ന വലിയ തണ്ണീർ മത്തനുകൾ ഞങ്ങളെ ചരിത്രത്തിന്റെ അഗാധതകളിലേക്ക് കൊണ്ടുപോയി.
ഹോട്ടലിൽ നിന്നിറങ്ങി പതിവുപോലെ നഗരത്തിലൂടെ വെറുതെ നടന്നു. ബസാറിൽ വലിയ തിരക്കാണ്. ഈ രാജ്യങ്ങളിൽ നമുക്ക് പരിചിതമായ വലിയ പാതകളും ചത്വരങ്ങളുമാണ് ഇവിടെയും. ഞങ്ങൾ താമസിക്കുന്ന റോഡിന് അഭിമുഖമായി നഗരത്തിലെ ഏറ്റവും വലിയ പള്ളിയാണ്. തൊട്ടടുത്ത് ആധുനികതയുടെ പ്രഘോഷണമായി വലിയൊരു മാളും.
എന്തായാലും ആദ്യം കാണേണ്ടത് ബാബറിന്റെ ഖബർ തന്നെയാണ്.
ഏകദേശം പത്തു കിലോമീറ്ററുണ്ട് സിറ്റി സെന്ററിൽ നിന്ന് ബോഗിഷമോൾ കുന്നിലുള്ള ബാബർ മ്യൂസിയത്തിലേക്ക്. ഇവിടെയും ഉസ്, മൊബൈൽ സിം ഉപയോഗിച്ച് എൺപതിനായിരം സോം കൊടുക്കാം എന്ന കരാറിൽ ഞങ്ങൾ യാൻഡെക്സ് ബുക്ക് ചെയ്തു.
“ഞാൻ എന്റെ മകന് അമീർഖാൻ എന്നാണ് പേരിട്ടിരിക്കുന്നത്…” ഞങ്ങൾ ഇന്ത്യയിൽ നിന്നാണ് എന്നറിഞ്ഞ ഉടൻ ഡ്രൈവർ പറഞ്ഞു. ഞങ്ങളെ പ്രീതിപ്പെടുത്താൻ കാർ സ്റ്റീരിയോയിൽ ചില ഹിന്ദി പാട്ടുകൾ ഇടുകയും ചെയ്തു. അയാൾ സന്തോഷത്തോടെ കൂടെ പാടുകയും താളമിടുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇതല്ല ഞങ്ങളുടെ ഭാഷയെന്നും ഹിന്ദി 25 പ്രധാന ഭാഷകളിൽ ഒന്ന് മാത്രമാണെന്നും ഇന്ത്യയിൽ ഇരുപതിനായിരത്തിലേറെ ഭാഷകളും ഉപ ഭാഷകളും ഡയലക്ടുകളും ഉണ്ടെന്നു ഇവരോട് ആര് പറഞ്ഞു കൊടുക്കും എന്ന് ഞങ്ങൾ ഓർത്തു. എന്തായാലും ഹിന്ദി പാട്ട് ആസ്വദിച്ചും ഡ്രൈവറുടെ ബോളിവുഡ് സ്നേഹം അനുഭവിച്ചും ഞങ്ങൾ ബാബറിന്റെ സവിധത്തിലെത്തി.
വിശാലമായ പാർക്കിന്റെ തുടക്കത്തിൽ തന്നെ ബാബറിന്റെ അതിമനോഹരമായ ഒരു ശില്പമുണ്ട്. സാഹിറിദ്ദിൻ മുഹമ്മദ് ബാബർ. ലോകം മുഴുവൻ കീഴടക്കിയ ഒരു സാമ്രാജ്യാധിപതിയെ ഇങ്ങനെയും ചിത്രീകരിക്കാമോ എന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കും. ഒരല്പം വളഞ്ഞു, തല കുനിച്ചു, കൈകെട്ടി, ഒരു കാൽ ഒരല്പം നീട്ടി, വല്ലാത്തൊരു ചിന്തയിൽ ഇരിക്കുന്ന ബാബറിനെ കാണുമ്പൊൾ നമ്മളും ഈ പ്രതിമയിൽ എന്ന പോലെ ചിന്താഗ്രസ്തരാവും.
സത്യത്തിൽ സാമ്രാജ്യങ്ങൾ സൃഷ്ടിച്ച ബാബറിനെയല്ല നമ്മൾ ഇവിടെ കാണുന്നത്. “പ്രശസ്തി രണ്ടാം അസ്തിത്വമാണ്, എന്നാണ് ബുദ്ധിമാന്മാർ പറയുന്നത്” (Wise People Call Glory a Second Existence) എന്നെഴുതിയ കവിയെയാണ്.
“വർഷം 899 ൽ റമദാൻ മാസത്തിൽ ഫെർഗാന എന്ന പ്രവിശ്യയിൽ പന്ത്രണ്ടാം വയസ്സിൽ ഞാൻ രാജാവായി.” എന്ന് ലളിതമായാണ് ബാബർ തന്റെ ജീവിതകഥ ബാബർനാമ ആരംഭിക്കുന്നത്.
ആൻഡിജനിലാണ് ജനിച്ചതെങ്കിലും അദ്ദേഹം വളർന്നത് കാബൂളിലും കൂടുതൽ കാലം ജീവിച്ചത് ആഗ്രയിലും അവസാനം അടക്കം ചെയ്തത് കാബൂളിലുമായിരുന്നു. ആഗ്രയിൽ നിന്നും കാബൂളിൽ നിന്നുമുള്ള മണ്ണ് കൊണ്ടുവന്നാണ് 1993ല്‍ ഈ സ്മാരക പാർക്ക് പണിതത് എന്ന് ഇവിടെ സൂചിപ്പിച്ചിരിക്കുന്നു.
ബാബർനാമയിൽ അദ്ദേഹം ഈ സ്ഥലത്തെക്കുറിച്ചു പ്രത്യേകം പരാമർശിച്ചിട്ടുമുണ്ട്. തനിക്ക് നടക്കാനും ധ്യാനിക്കാനും പറ്റിയ ഒരു സ്ഥലമായാണ് അദ്ദേഹം ഈ സ്ഥലത്തെ വിശേഷിപ്പിച്ചത്. ഈ നഗരം വിടുന്നതിനു മുൻപ് അവസാനമായി വിട പറയാൻ അദ്ദേഹം ഇവിടെ വരികയും ചെയ്തു. ലോകത്തു പലസ്ഥലത്തു നിന്ന് കൊണ്ടുവന്നിട്ടുള്ള മരങ്ങൾ ഈ വിസ്തൃതമായ പൂന്തോട്ടത്തിൽ വളർന്നു നിൽപ്പുണ്ട്.
ഈ പ്രദേശത്തോട് പ്രത്യേകമായ ഒരു ഇഷ്ടം ബാബറിന് ഉണ്ടായിരുന്നു എന്ന് തീർച്ച. തന്റെ കുട്ടിക്കാലത്തെ സവിശേഷമായ ചില സൗഹൃദങ്ങൾ, അതിലൊന്ന് ഒരു ആൺകുട്ടിയുമായിട്ടായിരുന്നു, അദ്ദേഹം വൈകാരികമായി ആത്മകഥയിൽ എഴുതുന്നുണ്ട്.
ഞങ്ങൾ എത്തിയപ്പോഴേക്കും അഞ്ചു മണിയായി. മ്യൂസിയത്തിന്റെ സമീപം ആരെയും കാണാനില്ല. ടിക്കറ്റ് ബൂത്തിൽപോലും ആരുമില്ല. മ്യൂസിയം ഇന്ന് കാണാൻ പറ്റും എന്ന് തോന്നുന്നില്ല. ഞങ്ങൾ എന്തായാലും ബാബർ എന്ന കവിയുടെ ഓർമ്മക്കായി ഈ പാർക്കിൽ കുറച്ചുനേരം മൗനമായി ഇരുന്നു.
ഇപ്പോൾ ബാബറിന്റെ ഓർമ്മകൾ തന്നെ മറയ്ക്കാൻ ശ്രമിക്കുന്ന ഒരു ഭരണകൂടമാണല്ലോ ഇന്ത്യയിൽ ഇപ്പോഴുള്ളത് എന്ന് ഓർക്കുകയും ചെയ്തു.
തകർന്ന ബാബ്‌റി മസ്‌ജിദ് പറയുന്നത് ചരിത്രത്തെ പുനരാഖ്യാനം ചെയ്യുന്നതിന്റെ ശ്രമങ്ങളെക്കുറിച്ചാണ്. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ദില്ലി സുൽത്താൻ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയതിന്റെ ഓർമ്മയ്ക്കായി ബാബർ 1526ൽ പണികഴിപ്പിച്ച കാബൂൾ ബാഗ് പള്ളി കാണാൻ ഒരിക്കൽ പാനിപ്പത്തിൽ പോയത് ഞങ്ങൾക്ക് ഓർമ്മ വന്നു. പാനിപ്പത്ത് നഗരത്തിലൂടെ ഏറെ അലഞ്ഞതിനുശേഷമാണ് ഈ സ്മാരകം കണ്ടെത്താനായത്. മറ്റ് പല സ്മാരകങ്ങൾക്കും ഉള്ളതുപോലെ ബോർഡുകളോ ദിശാസൂചികളോ കണ്ടില്ല. പരിസരവാസികൾക്കും ഇതിനെപ്പറ്റി കാര്യമായൊന്നും അറിവുണ്ടായിരുന്നില്ല. ബാബർ ചരിത്ര പുസ്തകങ്ങളിൽ നിന്നുപോലും വിസ്മൃതമാകുന്ന ഒരു കാലം വരുമോ? അങ്ങനെ ഒരു കാലഘട്ടത്തിന്റെ ചരിത്രം മുഴുവൻ മായ്ക്കാൻ കഴിയുമോ?
എന്തായാലും ചിന്താധീനനായിരിക്കുന്ന ബാബറിനോട് യാത്ര പറഞ്ഞ് ഞങ്ങൾ മറ്റൊരു യാൻഡക്സിൽ ഹോട്ടലിലേക്ക് മടങ്ങി.
താമസിക്കുന്ന ഹോട്ടലിന് താഴെയുള്ള റെസ്റ്റോറന്റിലെ പിള്ളേർക്ക് ഞങ്ങളെ കണ്ടപ്പോഴുള്ള സന്തോഷം വിവരിക്കാൻ കഴിയില്ല.
“നമാസ്തേ, നമാസ്തേ…”
ഞങ്ങളും സന്തോഷത്തോടെ പ്രത്യഭിവാദനം ചെയ്തു.
ഷാരുഖ് ഖാന്റെ നാട്ടുകാരെ എങ്ങനെ സന്തോഷിപ്പിക്കണം എന്നതിനുള്ള മത്സരമായിരുന്നു എന്ന് തോന്നി. ഭക്ഷണമൊക്കെ പിന്നീടാവാം. .ഇപ്പോൾ ഹിന്ദുസ്ഥാനികൾക്കൊപ്പം ഫോട്ടോ. ഹിന്ദി പാട്ടുകളുടെ ആലാപനം. ശരി, ഇനി ഭക്ഷണം കഴിച്ചാലോ?
ഞങ്ങൾ അവരോട് വീണ്ടും പറഞ്ഞു.
ബേസ് മ്യാസ, ബേസ് മ്യാസ… ഞങ്ങൾ മാംസം കഴിക്കില്ല
റെസ്റ്റോറന്റിൽ പലതരം സാലഡുകൾ നുറുക്കി വച്ചിട്ടുണ്ട്. വേവിച്ച മുതിരയും പുഴുങ്ങിയ പച്ചക്കറികളും മറ്റുചില ധാന്യക്കൂട്ടുകളും പയറുകളും സോസുകളും. ഇതെല്ലാം പലതരത്തിൽ മിക്സ് ചെയ്ത് ഒരു പ്ളേറ്റിലാക്കി അവർ ബിന്ദുവിനും അബുവിനും കൊടുത്തു. എന്തായാലും സന്തോഷമായി. ഇതിൽ മാംസമൊന്നും കണ്ടില്ല
എന്താണ് ഈ ഭക്ഷണത്തിന്റെ പേര്? പേരറിഞ്ഞാൽ അടുത്ത ഭക്ഷണ ശാലകളിൽ ആ പേര് പറഞ്ഞാൽ മതിയല്ലോ, ഞങ്ങളോർത്തു.
“ഓ ഇതാണ് ബിഷ്‌ടെക്… ബി ഐ എസ് എച് ടി ഇ കെ. ഒരു കക്ഷി വിശദീകരിച്ചു
കൊള്ളാം. ഒടുവിൽ ഒരു സസ്യ ഭക്ഷണത്തിന്റെ പേര് കിട്ടിയല്ലോ.
അങ്ങനെ സന്തോഷമായി ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് എനിക്കത് കത്തിയത്
അബൂ…നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ പേര് എന്തായിരുന്നു
ബിഷ്‌ടെക് ….അതെ ബിഷ്‌ടെക്
എടാ മണ്ടാ …അവർ പറഞ്ഞത് ബീഫ് സ്റ്റീക്ക് എന്നാണ്. ബീഫിന്റെ കൂടെ തരുന്ന പലതരം അനുസാരികൾ മാത്രമാണ് നിങ്ങൾ ഇപ്പോൾ കഴിച്ചത്.
ബിന്ദുവും അബുവും തലയിൽ കൈവച്ചിരുന്നുപോയി
എന്തായാലും എനിക്ക് കുശലായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഉസ്‌ബെക്കിലെ ഏറ്റവും പ്രധാന ഭക്ഷണമാണ് ഇവിടെ കിട്ടുന്ന പിലാഫ്. നമ്മൾ ഇതിനെ പുലാവ് എന്നൊക്കെ വിളിച്ച് പച്ചക്കറി മാത്രമിട്ട് ഒരു അകന്ന ബന്ധുവിനെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ആര്യഭവനിൽ കിട്ടുന്ന പുലാവും ഈ പിലാഫും തമ്മിൽ ഒരു സാദൃശ്യവുമില്ല. ബീഫും മട്ടനും കുതിരയിറച്ചിയും എന്ന് വേണ്ട എല്ലാത്തരം ഇറച്ചിയും പലതരം പച്ചക്കറികളും ബിരിയാണി അരിയും പലതരം സുഗന്ധ വ്യഞ്ജനങ്ങളും ചേർന്ന നമ്മുടെ ബിരിയാണിയുടെ ഒരു മൂത്ത ചേട്ടൻ. ഞാൻ കിട്ടുന്ന അവസരത്തിലൊക്കെ ഇത് അടിച്ചു കേറ്റി.
ഈ വിഭവത്തിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം കഥകളുണ്ട്. ഒന്നിൽ അരിസ്റ്റോട്ടിൽ തന്റെ ശിഷ്യനായ അലക്‌സാണ്ടർക്ക് ഉപദേശിച്ച ഒരു വിഭവമാണെന്നും തണുപ്പ് പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന സൈനികർക്ക് ഇത് വളരെ പ്രയോജനപ്പെടും എന്ന് പറയുകയും ചെയ്തുവത്രേ.
മറ്റൊരു കഥയിൽ ഈ വിഭവം സൃഷ്ടിച്ചത് അവിസെന്ന ആണ്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്ന ഇദ്ദേഹം ബുഖാറയിൽ ആണ് ജനിച്ചത്. ബുഖാറയിലെ രാജാവിന്റെ മകനെ ചികിത്സിക്കാൻ അവിസെന്ന നിയുക്തനാവുന്നു. എന്താണ് രോഗം എന്ന് അന്വേഷിച്ച അവിസെന്ന ഒരു പ്രണയ തകർച്ചയാണ് പയ്യന്റെ രോഗത്തിന് കാരണം എന്ന് കണ്ടെത്തുന്നു.
ഒരു യാത്രയ്ക്കിടയിൽ ഒരു പെൺകുട്ടിയെ കണ്ട് അവൻ അനുരാഗ വിവശനാകുന്നു. എന്നാൽ സാമൂഹ്യമായി ഏറെ വ്യത്യസ്തമായ സാഹചര്യത്തിലുള്ള ആ കുട്ടിയെ അയാൾക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല. ഇതോടെ അയാൾ രോഗാതുരനാവുന്നു. ഇവനെ ചികിത്സിക്കാനാണ് അവിസെന്ന പിലാഫ് ഉണ്ടാക്കിയതത്രെ. എന്തായാലും പിൽക്കാലത്ത് ഒരു ഔഷധ ഭോജനം എന്നപോലെ പിലാഫ് മധ്യേഷ്യൻ രാജ്യങ്ങളിൽ പ്രചാരമാർജിച്ചു.
ഈ പ്രദേശങ്ങളിൽ പ്രചാരമുള്ള ഒരു ചൊല്ല് ഉസ്താദ് ഹോട്ടൽ സിനിമയിൽ പറയുന്നത് പോലെ മറ്റു വിഭവങ്ങൾക്കൊപ്പം സ്നേഹവും ചേർത്താണ് പിലാഫ് ഉണ്ടാക്കേണ്ടത് എന്നാണ്
പിറ്റേ ദിവസം ആൻഡിജനിലൂടെ വെറുതെ കറങ്ങി. വഴിയിൽ കണ്ട മധ്യ വയസ്‌കന് ഞങ്ങൾക്ക് പഴങ്ങൾ വാങ്ങിത്തന്നേ പറ്റൂ. വേറൊരു യുവാവ് അബുവിന്റെ ഫോൺ വാങ്ങി അതിൽ എഴുതി: നിങ്ങൾക്ക് എന്ത് സഹായം വേണമെങ്കിലും പറയൂ.
സത്യത്തിൽ ഞങ്ങൾക്ക് കരച്ചിൽ വന്നു. ഈ സ്നേഹത്തിൽ ഒരു കാപട്യവുമില്ല. നിരുപാധികമായ സ്നേഹം.
ഈ സ്നേഹത്തിന് അതീവ രസകരമായ ഒരു ചരിത്രമുണ്ട്.
ഇന്ത്യയിലേക്കുള്ള ഉസ്ബെക്ക് അംബാസഡർ ആയിരുന്ന സുറാത് മിർക്കാസിമോവ് ആണ് ഒരു ഇന്ത്യൻ പത്രപ്രവർത്തകനോട് ഈ ചരിത്രം പറയുന്നത്.
“വർഷം 1954. ഞാൻ അന്ന് താഷ്‌ക്കന്റിലെ പ്രശസ്തമായ 24 ആം നമ്പർ സ്കൂളിൽ പഠിക്കുകയാണ്. പിൽക്കാലത്തു ഈ സ്കൂൾ ലാൽബഹാദൂർ ശാസ്ത്രിയുടെ പേരിലാണ് അറിയപ്പെടുന്നത്. അക്കാലത്തു നഗരത്തിൽ ചില വിശിഷ്ട വ്യക്തികൾ വിരുന്നുവന്നു. നഗരത്തിൽ നടക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും വന്ന നർഗീസ്, രാജ്‌കപൂർ, ദേവാനന്ദ് തുടങ്ങിയവർ. പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ പ്രത്യേക താപ്പൽര്യമാണ് ഈ സന്ദർശനത്തിന് കാരണം. അന്ന് കാണിച്ച സിനിമകൾ ‘ആവാര,’ ‘ബൈജു ബാവ്‌റ,’ ‘ദോ ബീഗ സമീൻ.’ ഹോ ഈ സിനിമകളും ഈ താരങ്ങളും… ഇവരെ കണ്ടപ്പോഴുണ്ടായ വികാരം… ഇപ്പോൾ ആലോചിക്കുമ്പോഴും എനിക്ക് രോമാഞ്ചമുണ്ടാകുന്നു. എനിക്ക് എന്തോ മാറ്റം സംഭവിച്ചതുപോലെ തോന്നി.”
സുറാത്തിനേയും അവരുടെ തലമുറയെയും അതേവരെ അപരിചിതമായിരുന്ന ഒരു സിനിമാ സംസ്കാരം അവിശ്വസനീയമാം വിധം സ്വാധീനിച്ചു തുടങ്ങുകയായിരുന്നു. അവരിൽ ചിലർ ഹിന്ദിയും ഉറുദുവും പഠിക്കുകപോലും ചെയ്തു.
“ ഈ ഭാഷ പഠനത്തിനും ചില പ്രത്യേകതകളുണ്ട്. അന്ന് ഹിന്ദിയും ഉർദുവും അറിയുന്നവർ അവിടെയില്ല. അപ്പോഴാണ് താഷ്കെന്റിലെ സെൻട്രൽ ജയിലിൽ അക്കാദമിക് സ്കോളർ ആയ മദൻ മോഹൻ ഹർദത് എന്നൊരു ഇന്ത്യൻ തടവുകാരനുണ്ട് എന്ന് ഞങ്ങൾ അറിയുന്നത്. ജയിലിൽ നിന്ന് പുറത്തുവന്നതിന് ശേഷം അദ്ദേഹം ഞങ്ങളെ ഈ ഭാഷകൾ പഠിപ്പിക്കാൻ തുടങ്ങി. ഇദ്ദേഹം യഥാർത്ഥത്തിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ അധ്യാപകൻ ആയിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ അദ്ദേഹം യു എസ് എസ് ആറിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ യാത്ര ചെയ്യുന്നതിനിടെ അഫ്ഘാൻ അതിർത്തിയിൽ വച്ച് ചാരപ്രവർത്തനം സംശയിച്ചു തടവിലാവുകയായിരുന്നു. 1961 ൽ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചുപോവുകയും ആരാലും ശ്രദ്ധിക്കപ്പെടാതെ 1985 ൽ മരിക്കുകയും ചെയ്തു.”
എന്തായാലും ഹിന്ദി സിനിമ ഉസ്ബക്കിസ്ഥാനിൽ ഒരു ആവേശമായി തുടർന്നു. വലിയ സിനിമ സംസ്കാരമുള്ള സ്ഥലമായിരുന്നു യു എസ് എസ് ആർ എന്ന് നമുക്ക് അറിയാമല്ലോ. എന്നാൽ അവ ഏറ്റവുമധികം നടന്നത് റഷ്യയെ കേന്ദ്രീകരിച്ചാണ്. പഴയ സോവിയറ്റ് ബ്ലോക്കുകളിൽ ആകർഷകമായ ഏറെ സിനിമകൾ ഉണ്ടായില്ല.
“അത് മാത്രമല്ല അന്നത്തെ സോവിയറ്റ് സിനിമകൾ ഒരുതരം സോഷ്യൽ റിയലിസം സിനിമകൾ ആയിരുന്നു.” ഞങ്ങളുടെ ഹോട്ടൽ ഉടമസ്ഥനായ അക്മൽ പറഞ്ഞു. “ അപ്പോഴാണ് പ്രണയവും കണ്ണീരും കലർന്ന സിനിമകൾ ഇന്ത്യയിൽ നിന്ന് വരുന്നത്. ഞങ്ങൾ എങ്ങനെ ഇന്ത്യൻ സിനിമകളെ പ്രേമിക്കാതിരിക്കും?”
റഷ്യയിലായിരുന്ന സമയത്തു തീയേറ്ററിൽ ‘ആവാര’ സിനിമ കണ്ട അനുഭവം എം പി പരമേശ്വരൻ പറയാറുണ്ട്. ‘ആവാരാ ഹും…’ എന്ന ഗാനരംഗം കണ്ട ഉടനെ തീയേറ്ററിൽ എല്ലാവരും ആഹ്‌ളാദം കൊണ്ട് തുള്ളിച്ചാടിയത്രേ. ആ ഗാനത്തിന് ഏതോ ഒരു റഷ്യൻ നാടോടി ഗാനത്തിനോട് സാദൃശ്യമുണ്ടത്രെ.
എഴുപതു വർഷം മുൻപ് തുടങ്ങിയ ഈ പ്രേമം ഒരു മാറ്റവുമില്ലാതെ ഇപ്പോഴും തുടരുന്നു എന്നതാണ് അത്ഭുതം.
ഞങ്ങൾ ആലോചിക്കുകയായിരുന്നു. ഇന്ത്യയിൽ എത്രപേർക്ക് ഉസ്‌ബെക്കിസ്ഥാൻ എന്നൊരു രാജ്യം ഉണ്ട് എന്ന് തന്നെ അറിയാം. എന്നാൽ ഉസ്ബക്ക് ജനതയാകട്ടെ ഉറക്കത്തിലും ഉണർവിലും ഇന്ത്യ എന്നൊരു രാജ്യത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു.
ഹിന്ദി പാട്ടുകൾ പാടാൻ കഴിവുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇവരെ കൂടുതൽ ആകർഷിക്കാൻ കഴിഞ്ഞേനെ.
ജനപ്രിയ സംസ്കാരത്തെ പൊതുവെ ഒരല്പം അവജ്ഞയോടെ സമീപിക്കുന്ന മലയാളി ബുജികളുടെ സ്വാധീനമാണ് എനിക്ക് കൂടുതൽ. എന്നാൽ ഇവിടെ യാത്ര ചെയ്തപ്പോൾ പോപ്പുലർ സംസ്കാരത്തെയും പോപ്പുലർ സംസ്കാരത്തിന് വൈവിധ്യമാർന്ന ജനതകൾ തമ്മിൽ ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള കഴിവിനെയും നമ്മൾ എത്ര കുറച്ചേ മനസ്സിലാക്കിയിട്ടുള്ളു എന്നും ഞങ്ങൾക്ക് തോന്നി. ഇക്കാര്യം പറഞ്ഞ് ദൂരദർശനിൽ എന്റെ പ്രിയ സുഹൃത്തായ ബൈജുചന്ദ്രൻ എന്നെ ശകാരിക്കാറുണ്ട്.
എന്തായാലും തിരിച്ചുചെന്നാൽ ബൈജുവിന് ശിഷ്യപ്പെട്ട് ബോളിവുഡ് സിനിമയുടെ ചരിത്രം കൂടുതൽ പഠിക്കണം. ഇനി മധ്യേഷ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ അവസരമുണ്ടായാൽ സത്യജിത് റേയും മൃണാൾ സെന്നും അടൂർ ഗോപാലകൃഷ്ണനും ഒന്നുമല്ല സമകാലിക ഹിന്ദി സിനിമയാണ് കാണേണ്ടത് എന്നും ഞങ്ങൾ ഉറപ്പിച്ചു. പറ്റുമെങ്കിൽ ചില പാട്ടുകൾ പാടാനും ഒരല്പം നൃത്ത ചുവടുകൾ വയ്ക്കാനും പഠിക്കണം.
ഈ യാത്രയിൽ ഉസ്ബെക്ക്, കിർഗിസ് സംഗീതം കേൾക്കണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അബു കുറെയൊക്കെ സംഘടിപ്പിച്ചു കേൾക്കുന്നുണ്ട്.
എന്റെ സംഗീത അഭിരുചി വാൻഗോഗിന്റെ ചെവിപോലെയാണ് എന്ന് അബുവും ബാലുവും കളിയാക്കാറുണ്ട്. ശരിയാണ്. എനിക്ക് സംഗീതത്തോട് പലപ്പോഴും ഒരു അക്കാദമിക് താൽപ്പര്യമാണ്. ഗോപാലകൃഷ്ണൻ എല്ലാ ദിവസവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന സംഗീതം ശ്രവിച്ചാണ് ഈ പരിമിതി മറികടക്കാൻ ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും പ്രയോജനമില്ല എന്നാണ് ബിന്ദു പറയുന്നത്.
പിറ്റേന്ന് നഗരത്തിലൂടെ വീണ്ടും നടന്നു. ഇനിയാണ് സോവിയറ്റ് കാലത്തിനു ശേഷമുള്ള ഉസ്ബെക്കിസ്ഥാന്റെ ചരിത്രം പഠിക്കാനുള്ള അവസരം. കിർഗിസ്താനിൽ എന്ന പോലെ ഗോർബച്ചേവിന്റെ വിശ്വസ്തനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയും ആയിരുന്ന ഇസ്ലാം കരിമോവ് ആണ് സ്വതന്ത്ര ഉസ്ബെക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ്റ് ആയിവരുന്നത്. എന്നാൽ കിർഗിസ്താനിലെ ആദ്യ പ്രസിഡന്റായിരുന്ന അസ്കർവിൽ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ ഏകാധിപത്യ പ്രവണതകളുടെ തുടർച്ചയാണ് കരിമോവ് കാണിച്ചത്. അയാൾ ഈ രാജ്യം കണ്ട ഏറ്റവും കഠിനമായ ഏകാധിപത്യത്തിനാണ് രൂപം കൊടുത്തത്. ഏറ്റവുമധികം വേട്ടയാടപ്പെട്ടത് കമ്മ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റുകളുമായിരുന്നു.
ഇന്ന് നമ്മൾ ആൻഡിജാൻ എന്ന് ഗൂഗിൾ ചെയ്താൽ കാണുന്നത് ബാബറിന്റെ കഥയല്ല. ‘ആൻഡിജാൻ കൂട്ടക്കൊല’ എന്നാണ്. രാവിലെ നടക്കുമ്പോൾ ഈ കൂട്ടക്കൊല നടന്ന ബാബർ സ്ക്വയറിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഇസ്‌ലാമിസ്റ്റുകൾക്കെതിരെ നടന്ന ഈ പൊലീസ് അതിക്രമത്തിൽ 187 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതിന് മൂന്നിരട്ടി മരണമുണ്ടായി എന്നാണ് മറ്റു പല കണക്കുകളും പറയുന്നത്. ഇസ്‌ലാമിസത്തിനെതിരായ പോരാട്ടം എന്നാണ് കരിമോവ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അയാളുടെ ഏകാധിപത്യ ശൈലിയ്ക്കുള്ള മറ മാത്രമായിരുന്നു ഈ കൂട്ടക്കൊല എന്ന് പിന്നീട് ലോകം തിരിച്ചറിഞ്ഞു.
സോവിയറ്റ് തകർച്ചക്ക് ശേഷം ഇവിടെ ഒരു ഇസ്ലാമിസ്റ്റ് ലിബറേഷൻ പാർട്ടി സജീവമായി എന്നത് ശരിയാണ്. ഈ പ്രദേശത്തു ശരിയ നിയമങ്ങൾ നടപ്പാക്കാൻ അവർ ശ്രമം തുടങ്ങി. ഇസ്ലാം കരിമോവ് ഇവർക്കെതിരെ ശക്തമായ നടപടികൾ തുടങ്ങി. താഷ്‌ക്കന്റിൽ കരിമോവിനെ ഉന്നം വച്ച് നടന്ന ബോംബ് ആക്രമണത്തിൽ അയാൾ രക്ഷപ്പെട്ടെങ്കിലും പതിനാറോളം പേർ അന്ന് മരണമടഞ്ഞു. ഇതിന്റെ ദുഖകരമായ തുടർച്ചയാണ് പിന്നീട് ആൻഡി ജാനിൽ അരങ്ങേറിയത്.
പാവപ്പെട്ട കുടുംബത്തിലാണ് 1938 ൽ ഇസ്ലാം കരിമോവ് ജനിക്കുന്നത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു സാമ്പത്തിക വിഭാഗത്തിൽ പ്രവർത്തിക്കുമ്പോഴാണ് താരതമ്യേന ചെറിയ പ്രായത്തിൽ ഇയാളെ ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ആയി നിയമിക്കുന്നത്. എന്നാൽ ഗോർബച്ചേവിന്റെ തുറന്ന നയങ്ങൾക്ക് കരിമോവ് അനുകൂലമായിരുന്നില്ല.
ഗോർബച്ചേവിനെതിരെ പരമ്പരാഗത കമ്മ്യൂണിസ്റ്റുകാർ നടത്തിയ പട്ടാള അട്ടിമറിയിൽ അയാൾ പങ്കെടുക്കുകയും ചെയ്തു. എന്നാൽ കലാപം (coup) പരാജയപ്പെട്ടു. ഉസ്‌ബെക്കിസ്ഥാൻ സ്വതന്ത്രമായി. കരിമോവ് പുതിയ രാജ്യത്തെ ഏകാധിപതിയായി തുടരുകയും ചെയ്തു. മധ്യേഷ്യ കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയായി കരിമോവ് മാറുകയും ചെയ്തു.
രാജ്യത്തിൻറെ സാമ്പത്തിക അവസ്ഥയും പരിതാപകരമായി മാറി. സോഷ്യലിസ്റ്റ് കാലത്തു ഉറപ്പുണ്ടായിരുന്ന തൊഴിലും വീടും ഭക്ഷണവും ഇല്ലാതായി. ലക്ഷക്കണക്കിന് ഉസ്‌ബെക്കുകാർ ജോലി തേടി മോസ്കോയിലേക്ക് പോയി.
പ്രശ്നത്തിന്റെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാതെ ഇങ്ങനെ തൊഴിൽതേടി പോകുന്നവരെ കളിയാക്കുകയാണ് കരിമോവ് ചെയ്തത്.
“ഇപ്പോൾ ഉസ്ബെക്കിസ്ഥാനിൽ മടിയന്മാർ ഇല്ല.” അയാൾ പറഞ്ഞു: “മടിയന്മാർ എന്ന് ഞാൻ ഉദ്ദേശിക്കുന്നത് മോസ്‌കോയിൽ പോയി അവിടത്തെ തെരുവുകൾ അടിച്ചുവാരുന്നവരെയാണ്. ഒരു കഷണം റൊട്ടിക്ക് വേണ്ടി അങ്ങോട്ട് പോകുന്നവരെ ഓർത്ത് എനിക്ക് കഷ്ടം തോന്നുന്നു.”
എന്നാൽ ഇങ്ങനെ പോകുന്നവർ അയക്കുന്ന പണമാണ് ഉസ്ബെക്കിസ്താന്റെ സമ്പത്തിൽ അഞ്ചിലൊരു ഭാഗം എന്ന് പ്രസിഡണ്ട് പറയുന്നുമില്ല.
ഈ ദുഃഖകരമായ ചരിത്രം പിന്നിട്ട് മുന്നോട്ട് നടക്കുമ്പോൾ നമ്മൾ കാണുന്നത് അത്യാധുനികമായ ഒരു നഗരമാണ്. കണ്ണഞ്ചിക്കുന്ന വെളിച്ചവും തുടർച്ചയായി ഫാസ്റ്റ് ഫുഡ് ശൃംഖലയുമുള്ള ഒരു നഗരം. ഏതു യൂറോപ്യൻ രാജ്യത്തിലും കാണുന്ന ലക്ഷ്വറി.
നഗരവാസികൾ നല്ല ഭംഗിയായി പാശ്ചാത്യ വേഷവിധാനങ്ങൾ ധരിച്ചവരാണ്. അപൂർവം ചിലർ തലമറച്ചിരിക്കുന്നു എന്നതൊഴിച്ചാൽ ഇസ്‌ലാമിക സ്വാധീനം എവിടെയും കാണാനില്ല. പുരുഷന്മാർക്ക് നീട്ടി വളർത്തിയ താടിയുമില്ല. എന്നാൽ കിർഗിസ്ഥാനിൽ ഞങ്ങൾ കണ്ട ഉസ്‌ബെക്കുകാർ താടി നീട്ടി വളർത്തിയിരുന്നു എന്ന് ഞങ്ങൾ ഓർത്തു. അപൂർവമായി ജലാലാബാദിൽ കറുത്ത നിക്കാബ് ധരിച്ച സ്ത്രീകളെയും കണ്ടു. അതൊന്നും ഇവിടെ ഉസ്ബെക്കിസ്ഥാനിൽ കാണാനില്ല.
പഴയ കമ്മ്യൂണിസ്റ്റുകാരെയും ഇപ്പോഴത്തെ ഭരണാധികാരികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു കാര്യം ഇസ്ലാം തീവ്ര വാദത്തിനെതിരെ അവരെടുത്ത കടുത്ത നിലപാടാണ്. ഇരുവരും അനുവദിച്ചത് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള പരമ്പരാഗത മധ്യേഷ്യൻ മൂല്യങ്ങൾ ഉൾച്ചേർന്ന ഒരു മോഡറേറ്റ് ഇസ്ലാം ആണ്. ഇസ്ലാമിക് വസ്ത്രധാരണം നിരോധിക്കപ്പെട്ടു. മോസ്കുകൾ സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. തജികിസ്താനിലും ഖസക്കിസ്ഥാനിലും ഏതാണ്ട് ഇതേപോലെയാണ് അവസ്ഥ.
ആൻഡിജാൻ സ്ഥിതി ചെയ്യുന്ന ഫെർഗാന വാലിയുടെ വിവിധ ഭാഗങ്ങൾ ഇപ്പോൾ ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ വിഭജിക്കപ്പെട്ടു കിടക്കുന്നു. 1917 ലെ സോവിയറ്റ് വിപ്ലവത്തിന്റെ കാലത്തു ഇവിടെ മുഴുവൻ പള്ളികളായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണകാലത്തു പരിമിതമായ മത അവകാശങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകൾ ഈ അവസരം പ്രയോജനപ്പെടുത്തി ആധുനിക വേഷവിധാനങ്ങളിലേക്ക് മാറുകയും ചെയ്തു.
എന്തായാലും മത തീവ്രവാദത്തിനെതിരേ കർക്കശമായ നടപടികളെടുത്ത ഭരണകൂടങ്ങളാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഈ പ്രദേശങ്ങൾ ഭരിച്ചത് എന്നതുകൊണ്ടുണ്ടായ ഒരു പ്രയോജനം ഈ മധ്യേഷ്യൻ രാജ്യങ്ങൾ ഇപ്പോൾ ആധുനിക മതേതര രാഷ്ട്രങ്ങളായി മാറി എന്നതാണ്. ഇതേപോലെയായിരുന്നു ഇറാനും അഫ്ഘാനിസ്ഥാനുമൊക്കെ ഒരു കാലത്ത്. എന്നാൽ മത തീവ്രവാദം പിടിമുറുക്കിയതോടെ ഈ സമൂഹങ്ങൾക്ക് എന്ത് സംഭവിച്ചു എന്നത് നമ്മൾ കണ്ടുകഴിഞ്ഞു.
എന്തായാലും വളരെക്കാലം പാശ്ചാത്യ സഞ്ചാരികൾക്ക് ആൻഡിജാനിൽ യാത്രാവിലക്കുകൾ ഉണ്ടായിരുന്നു. കിർഗിസ്ഥാനിൽ നിന്ന് ഇവിടെ വരുന്നവർ ഏറെ സമയം ഇവിടെ ചെലവഴിക്കാറുമില്ല.
ഞങ്ങളാകട്ടെ ഈ തെരുവുകളിലൂടെ അലസമായി ഏറെദൂരം നടന്നു.
എന്തായാലും ഞങ്ങൾ കണ്ടത് ഏറെ വിജനമായ നഗര ചത്വരങ്ങളാണ്. ബാബർ സ്‌ക്വയറിൽ ബാബറിന്റെ വലിയൊരു പ്രതിമ നിൽക്കുന്നു. മറ്റു പഴയ സോവിയറ്റ് നഗരങ്ങളിൽ കണ്ടപോലെ വിശാലമായ റോഡുകളും നടപ്പാതകളും പൂന്തോട്ടങ്ങളും ഇവിടെയുമുണ്ട്. നടപ്പാതയിൽ റോഡിന് അഭിമുഖമായി ഇട്ടിരിക്കുന്ന ചാരുബഞ്ചുകളിൽ പ്രായമേറിയ ആളുകൾ വെയിൽ കാഞ്ഞിരിപ്പുണ്ട്. പ്രണയികളായ ചിലർ പരസ്പരം ആലിംഗനം ചെയ്തു നടക്കുന്നു.
ക്രൂരമായ ഇടപെടലുകൾക്ക് ശേഷം തീവ്ര ഇസ്ലാമിക് പ്രസ്ഥാനങ്ങൾ ഉസ്ബെക്കിസ്ഥാനിൽ ഇല്ലാതായി. ഇപ്പോൾ അവയുടെ ചില അവശിഷ്ടങ്ങൾ പുറത്തുവരുന്നതായി കാണാറുണ്ട്. എന്നാൽ പൊതു സമൂഹം മതാധിഷ്ഠിതമല്ലാത്ത ഒരു ജീവിത ശൈലിയിലേക്ക് മാറിക്കഴിഞ്ഞു. വഴിയിൽ കണ്ട ചില കുട്ടികൾ അബുവിന് ചില ഉസ്ബക്ക് നാണയങ്ങൾ സമ്മാനമായി കൊടുത്തു. പകരം ഇന്ത്യൻ നാണയങ്ങൾ കയ്യിലുണ്ടോ എന്നും ചോദിച്ചു. നിർഭാഗ്യവശാൽ ഞങ്ങളുടെ കയ്യിൽ ഒറ്റ ഇന്ത്യൻ നാണയം പോലുമില്ല. ഇത്തരം രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തെ നാണയങ്ങൾ, ചെറിയ സോവനീറുകൾ എന്നിവ കൈവശം വയ്ക്കുന്നത് നല്ലതാണ് എന്ന് തോന്നി. നമ്മൾ യാത്ര കഴിഞ്ഞ് പോന്നാലും നമ്മുടെ രാജ്യത്തിന്റെയും നമ്മുടെ യാത്രയുടെയും ചെറിയ ചില ഓർമ്മകൾ അവരുടെ വീടുകളിൽ ബാക്കിയുണ്ടാവുമല്ലോ.