നസറുദീൻ ഹോജയെ നേരിൽ കണ്ട യാത്ര
ജലാലാബാദിലെ (Jalal-Abad) ബസ് സ്റ്റാൻഡിൽ ഞങ്ങൾക്ക് ചെറിയ ഒരു അബദ്ധം പറ്റി. അയാളുടെ ഭാഷ ഞങ്ങൾക്ക് മനസ്സിലാവാതെ പോയതാണോ അതോ അയാൾ ഞങ്ങളെ പറ്റിച്ചതാണോ? ബസിന്റെ അതെ ചാർജിൽ ഷെയർ ടാക്സിയിൽ ആർസലംബോബിൽ (Arsalanbob) എത്തിക്കാം എന്നാണ് അയാൾ ഞങ്ങളോട് പറഞ്ഞത് എന്ന് കരുതിയാണ് ആ കാറിൽ ഞങ്ങൾ കയറുന്നത്. പകുതി വഴി കഴിഞ്ഞപ്പോൾ പ്രധാന വഴിയിൽ നിന്നുള്ള തെരുവിൽ ഇയാൾ കാർ നിർത്തി. ഇതുവരെയെ പോകൂ, അയാൾ പറഞ്ഞു. ആർസലംബോബിലേക്ക് ഇനിയും വഴിയുണ്ട്. ഭാഷയറിയാതെ ഇയാളോട് എന്ത് തർക്കിക്കാൻ. എങ്കിലും ഇത്തരം ചെറിയ അനീതികൾ വരുമ്പോൾ, ശ്രദ്ധിക്കണം അനീതികൾ വരുമ്പോൾ മാത്രം ബിന്ദുവിന്റെ സ്വഭാവം മാറും. പഴയ കാലത്തുനിന്ന് നാഗവല്ലി വീണ്ടും അവതരിക്കുന്നതുപോലെ തോന്നും.
“വിടമാട്ടെ…” ബിന്ദു അലറി.
തൊണ്ട അടഞ്ഞതിനാൽ ശബ്ദം കൃത്യമായല്ല പുറത്തുവരുന്നത്. ഏതോ ഒരു കിർഗിസ് വാക്കാണ് ബിന്ദു ഉദ്ദേശിച്ചത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
“വിടമാട്ടെ…” ബിന്ദു ശബ്ദമുയർത്തുന്നത് കണ്ട ഡ്രൈവർ വിരണ്ടു. അയാൾ കഴിയുന്നത്ര താഴ്മയിൽ ആശയ വിനിമയത്തിൽ വന്ന പ്രശ്നം വിശദീകരിച്ചു. ക്ഷമാശീലയായ ആശാൻ ഒടുവിൽ അയാളോട് പൊറുത്തു.
നടുറോഡിൽ വഴിയാധാരമായി ഭാണ്ഡക്കെട്ടുകളുമായി അന്തംവിട്ടു നിൽക്കുന്ന ഞങ്ങളെ രക്ഷിച്ചത് അതേവഴിക്ക് പോകുന്ന അവധിക്ക് വന്ന ഒരു സൈനികനാണ്.
അയാളുടെ പഴക്കം ചെന്ന പൊളിഞ്ഞ കാറിൽ ആർസലാൻബോബിലേക്കു കടന്നപ്പോഴാണ് ഈ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവൻ ഞങ്ങൾ കണ്ടത്.
ഏഷ്യയിലെ ഏറ്റവും വലിയ വാൾനട്ട് ഫോറസ്റ്റാണ് ഇവിടെയുള്ളത്. ഈ പ്രദേശത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഏറ്റവുമധികം സ്വാധീനിക്കുന്നു എന്ന് മാത്രമല്ല ധാരാളം വിശ്വാസങ്ങളും പഴംകഥകളും ഈ കൃഷിയുമായി ബന്ധപ്പെട്ടു നിൽക്കുന്നുണ്ട്.
പ്രവാചകനായ മുഹമ്മദ് കൊടുത്തയച്ച വിത്തുകളിലൊന്നാണ് ഇപ്പോൾ അറുപതിനായിരം ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വാൾനട്ട് വനം എന്നാണ് ഒരു വിശ്വാസം. ഈ വനമേഖലയിൽ നിന്നാണ് അലക്‌സാണ്ടർ ചക്രവർത്തി വാൽനട്ടിന്റെ വിത്തുകൾ യൂറോപ്പിലേക്ക് കൊണ്ടുപോയത് എന്ന് മറ്റൊരു കഥ. അതുകൊണ്ടാണത്രെ ഇതിനു ഗ്രീക്ക് നട്ട് എന്ന് ഒരു പേരുണ്ടായത്.
കിർഗിസ്ഥാനിനുള്ളിൽ 95 ശതമാനം ഉസ്‌ബെക്കുകാർ താമസിക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. അതുകൊണ്ടുതന്നെ സാംസ്കാരികമായി ഏറെ വ്യത്യസ്തമായി തോന്നുന്ന ഇടം.
ഞങ്ങൾ ചെന്നിറങ്ങിയപ്പോൾ തന്നെ ഈ വ്യത്യാസം പ്രകടമായി. ഏറെക്കുറെ അന്തർമുഖരായ കിർഗിസുകാരിൽ നിന്ന് വ്യത്യസ്തമായി പ്രകടമായ ബഹിർമുഖത്വവും സൗഹൃദവും പ്രകടിപ്പിക്കുന്നവരാണ് ഉസ്‌ബെക്കുകാർ. ഇതിന്റെ വിസ്മയകരമായ പ്രകടനം ഇനിയുള്ള യാത്രകളിൽ ഞങ്ങൾ കാണാനിരിക്കുന്നതേയുള്ളു.
പട്ടണത്തിന്റെ നടുക്കുള്ള തെരുവിൽ ഞങ്ങളെ വിട്ടിട്ട് പട്ടാളക്കാരനായ ഡ്രൈവർ യാത്ര പറഞ്ഞു. അയാളുടെ ലീവ് തീരാറായി. ഇനി തിരിച്ചു പട്ടാള ബാരക്കിലേക്ക് പോകണം. അയാളുടെ പൊളിഞ്ഞ കാർ ഞങ്ങൾ കൗതുകത്തോടെ നോക്കി.
ലാഡ എന്ന പഴയ സോവിയറ്റ് കാറാണ്. പഴയ ഫിയറ്റ് കമ്പനിയുമായി ചേർന്ന് നിർമിച്ചതിനാൽ നമ്മുടെ നാട്ടിൽ കാണുന്ന ഫിയറ്റ് കാറിന്റെ ഒരു സാമ്യം തോന്നും. 1970 കളിൽ സോവിയറ്റ് കാലത്ത് വലിയ പ്രിയമുള്ള ഒരു ബജറ്റ് കാറായിരുന്നു ഇത്. സോവിയറ്റ് കാലത്തിന് ശേഷവും ഇത്തരം കാറുകൾ ധാരാളമായി ഇങ്ങോട്ട് സെക്കൻഡ് ഹാൻഡായി ഇറക്കുമതി ചെയ്യാൻ തുടങ്ങി. ബസാറിൽ ഇറങ്ങി ഞങ്ങൾ ചുറ്റും നോക്കി. അവിടെ കാണുന്നതെല്ലാം ഇത്തരം ലാഡാ കാറുകൾ തന്നെ.
ഞങ്ങളെ കണ്ടയുടൻ മധ്യവയസ്സു തോന്നിക്കുന്ന നിറയെ സ്വർണപ്പല്ലുകളുള്ള ഒരാൾ സ്വയം പരിചയപ്പെടുത്തി: ഞാൻ ഇബ്രാഹിം, നിങ്ങൾ താമസ സ്ഥലം നോക്കുന്നുണ്ടോ?
നേരത്തെതന്നെ ഒരു ഹോംസ്റ്റേ ബുക്ക് ചെയ്തിട്ടുണ്ട്. ഹുസൈൻ ഞങ്ങളെത്തേടി ഇപ്പോൾ ഇവിടെ എത്തും എന്ന് പറഞ്ഞിട്ടുമുണ്ട്, ഞങ്ങൾ വിശദീകരിച്ചു.
ഓ, ഹുസൈൻ, അദ്ദേഹം എന്റെ വളരെ നല്ല സുഹൃത്താണ്. ഞങ്ങൾക്കൊക്കെ ഇവിടെ ചെറിയ ഹോംസ്റ്റേകളുണ്ട്. നിങ്ങൾക്ക് സമയം കിട്ടിയാൽ എന്റെ വീട്ടിലേക്കു കൂടി വരൂ, ഇബ്രാഹിം ക്ഷണിച്ചു.
താമസിക്കാതെ ഹുസൈനും എത്തി. ഒപ്പം ലാഡയുമായി ഒരു ഡ്രൈവറും. ബസാറിൽ നിന്ന് ഒരല്പം ദൂരമേ ഉള്ളൂ ഹുസൈന്റെ വീട്ടിലേക്ക്. അവിടെ ചെന്ന് വിശ്രമിച്ചിട്ട് ഇറങ്ങാം, അദ്ദേഹം പറഞ്ഞു. ഇബ്രാഹിമിനോട് വീണ്ടും കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
അതിമനോഹരമായ ഒരു വീടാണ്. ഞങ്ങൾ ഇതേവരെ താമസിച്ച മറ്റുപല കിർഗിസ് വീടുകളും എന്നപോലെ നിറയെ പൂന്തോപ്പുകൾ നിറഞ്ഞ മുറ്റവും നിറപ്പകിട്ടാർന്ന കാർപെറ്റുകൾ വിരിച്ച മുറികളൂം വൃത്തിയുള്ള മെത്തകളും വിരിപ്പുകളും അതീവ ജാഗ്രതയോടെ വൃത്തിയായി സൂക്ഷിക്കുന്ന ബാത്റൂമുകളും നമ്മളെ കുറച്ചൊന്നു അങ്കലാപ്പിലാക്കും. ഞങ്ങൾ സാമാന്യം മുഷിഞ്ഞ വസ്ത്രങ്ങൾ നിറഞ്ഞ ഭാണ്ഡവുമായാണ് വന്നിരിക്കുന്നത്. കുളിയും നനയുമൊക്കെ തഥൈവ. ഹോംസ്റ്റേകളിൽ പാലിക്കേണ്ട മര്യാദകൾ കൃത്യമായി എഴുതിവെച്ചിട്ടുണ്ട്.
“ഇത് ഒരു കുടുംബം താമസിക്കുന്ന സ്ഥലമാണ്. വല്ലാതെ ബഹളമുണ്ടാക്കാതെ നോക്കണം. വീര്യം കൂടിയ മദ്യവും പുകവലിയും ഒഴിവാക്കണം. സ്ഥലം വൃത്തിയാക്കി വയ്ക്കണം.”
എന്നാൽ ഹുസൈനും കുടുംബവും വളരെ സ്നേഹത്തോടെയാണ് നമ്മളെ സ്വീകരിക്കുന്നത്. ഭാര്യയും മകനും മകന്റെ ഭാര്യയും ഇവിടെ താമസിക്കുന്നുണ്ട്. മകൻ ഡ്രൈവറാണ്. ഹോംസ്‌റ്റേയിൽ താമസിക്കുന്നവർക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കുന്നത് മരുമകളാണ്. നമ്മുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി നല്ല സസ്യ ഭക്ഷണം നേരത്തെതന്നെ ഉണ്ടാക്കിവച്ചിരിക്കുന്നു.
ഭക്ഷണത്തിന് ശേഷം ഞങ്ങൾ ഈ ചെറിയ പട്ടണത്തിലൂടെ ഒന്ന് കറങ്ങാൻ പോയി. പൊടിപിടിച്ച ചെറിയ തെരുവാണ്. ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്. അരുവിയുടെ തീരത്ത് മഞ്ഞ പൂക്കൾ നിറഞ്ഞ ചെറിയ മരങ്ങൾ. ടാറിടാത്ത, പൊടിയുയരുന്ന ചെറിയ ഗ്രാമീണ പാതയാണ്. വലിയ തിരക്കൊന്നും കണ്ടില്ല. ഒന്നോ രണ്ടോ കടകൾ അടഞ്ഞുകിടക്കുന്നു.
അപ്പോഴതാ വരുന്നു ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് ഒരു പഴഞ്ചൻ കഴുതപ്പുറത്ത് നസറുദീൻ ഹോജ. പഴയ അമർചിത്ര കഥകളിൽ കണ്ടതുപോലെ തന്നെ. ഊശാൻതാടി. പിന്നിലേക്ക് കെട്ടിയ മുടി. അഴഞ്ഞ പഴയ ഒരു കോട്ട്. പാളത്താർ പോലെ പാൻ്റ്. അദ്ദേഹം കഴുതപ്പുറത്തിരുന്ന് ഞങ്ങളെ ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയാണ്.
ഈ കാഴ്ച ഞങ്ങൾ വായുംപൊളിച്ചാണ് കണ്ടുനിന്നത്. അദ്ദേഹം പൊടിപിടിച്ച പാതയിൽ മറഞ്ഞതോടെ തൊട്ടുപിറകെ അഞ്ചു വയസ്സ് തോന്നുന്ന ഒരു വികൃതി ചെക്കൻ വരുന്നു മറ്റൊരു കഴുതപ്പുറത്ത് കയറി. ആഹാ, ഇവിടത്തെ ദേശീയ വാഹനമാണ് എന്ന് തോന്നുന്നു കഴുത. ഞങ്ങൾക്ക് ഉത്സാഹമായി. ഒരു ഭാഗത്ത് സോവിയറ്റ് ലാഡ കാറുകൾ, മറുഭാഗത്ത് കഴുതകൾ. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിന്നുള്ള സഞ്ചാര സഹായികൾ.
കുറേക്കാലം മുൻപ് ഷില്ലോങ്ങിൽ വച്ച് ഇന്ത്യൻ വ്യോമ സേനയ്‌ക്കൊപ്പം അരുണാചൽ പ്രദേശിലെ അനീനി എന്ന ഗോത്ര മേഖലയിൽ പോയത് എനിക്ക് ഓർമ്മ വന്നു. ഒരു സൈക്കിൾ പോലുമില്ലാത്ത ആ ഗോത്രവാസികളുടെ പുറംലോകവുമായുള്ള ഏക ബന്ധം ഇന്ത്യൻ വ്യോമസേനയുടെ AN 32 വിമാനങ്ങൾ ആയിരുന്നു. അവർക്ക് വേണ്ട റേഷനെല്ലാം കിട്ടിയിരുന്നത് ഈ വിമാനത്തിലൂടെയാണ്. സാങ്കേതിക വിദ്യകൾ താണ്ടുന്ന ദൂരങ്ങളെക്കുറിച്ച് അന്ന് അത്ഭുതപ്പെട്ടത് ഞാനോർത്തു.
ഞങ്ങൾ നടന്ന് ബസാറും കഴിഞ്ഞ് പ്രഖ്യാതമായ വാൾനട്ട് കാടുകളിൽ ചെന്നപ്പോഴേക്കും വാൾനട്ടിന്റെ വിളവെടുപ്പ് ഏകദേശം കഴിഞ്ഞിരിക്കുന്നു. എങ്കിലും ചന്തയിൽ അവിടവിടെയായി ചെറിയ കൂടുകളിൽ വാൾനട്ട് വില്പനയ്ക്ക് വെച്ചിട്ടുണ്ട്. അഞ്ചോ ആറോ കിലോമീറ്റർ നടന്നാലേ വനത്തിന്റെ പ്രധാന ഭാഗത്തു എത്താൻ കഴിയൂ. കുത്തനെയുള്ള വഴികളാണ്. ഞങ്ങൾ കുറച്ചുനടന്നു പരിശ്രമം ഉപേക്ഷിച്ചു. 2000 സോം കൊടുത്താൽ ജീപ്പ് കിട്ടും. രണ്ടു വെള്ളച്ചാട്ടങ്ങളുമുണ്ട്. അവിടെയെല്ലാം പോയിട്ട് വരാം. ഡ്രൈവർ ക്ഷണിച്ചു. എങ്കിൽ അങ്ങനെയാവട്ടെ എന്ന് ഞങ്ങളും കരുതി. സരസനായിരുന്നു ഡ്രൈവർ. അയാളുടെ പൊട്ടിപ്പൊളിഞ്ഞ ഇംഗ്ലീഷിൽ ഈ സ്ഥലത്തിന്റെ കഥകൾ അയാൾ പറഞ്ഞുതന്നു.
പതിനൊന്നാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്നു ആർസലാൻബോബ് ആട്ട. അദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോൾ ഈ ചെറിയ ഗ്രാമം അറിയപ്പെടുന്നത്. മധ്യേഷ്യയിൽ അപൂർവമായ നൊമാഡിക് സംസ്കാരങ്ങളും വിശ്വാസങ്ങളുമുണ്ട്. പ്രധാനമായും പ്രകൃതിയെ ആരാധിക്കുന്നവർ. ഇവരുടെ വിശ്വാസ രീതികളെക്കുറിച്ചു് വളരെ അതിശയോക്തി കലർന്ന ധാരാളം കഥകളുമുണ്ട്.
പൗലോ കൊയ്‌ലോ എഴുതിയ ‘സാഹിർ’ എന്ന നോവൽ ഖസക്കിസ്ഥാനിലെ ഇത്തരത്തിലുള്ള പ്രകൃതി ആരാധനയെക്കുറിച്ചാണ്. ടെൻഗ്രിസ് എന്ന മത വിശ്വാസത്തെക്കുറിച്ചും ഈ നോവലിൽ പറയുന്നുണ്ട്. പൗലോ കൊയ്‌ലോയുടെ സ്ഥിരം ശൈലിയിൽ അതിവൈകാരികമായിട്ടാണ് ഈ മത വിശ്വാസം അവതരിപ്പിക്കുന്നത്. അത്തരത്തിൽ ടെൻഗ്രിസ് വിശ്വാസം ഇവിടെ നിലനിൽക്കുന്നതായി ഞങ്ങൾ കണ്ടതുമില്ല.
ഉച്ച ഭക്ഷണത്തിന് ശേഷം പട്ടണത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ചെറിയ ഒരു നടപ്പ്. ഈ നടപ്പ് വെറുതെയായില്ല. വഴിയിൽ ഒരു വിവാഹ സൽക്കാരമാണ്. ഞങ്ങളെ കണ്ടയുടൻ അവർ സ്നേഹത്തോടെ വിരുന്നിന് ക്ഷണിച്ചു. വരൻ അവിടെയുണ്ട്, ധാരാളം സുഹൃത്തുക്കളാൽ വലയപ്പെട്ട്. എന്നാൽ വധുവിനെ എവിടെയും കാണാനില്ല.
സമാന്തരമായി ഒരു സംഘം ഗായകർ വാദ്യോപകരണങ്ങളുമായി ഉസ്ബക്ക് പ്രേമ ഗാനങ്ങൾ ആലപിക്കുന്നു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ. സസ്യാഹാരികൾ പതിവുപോലെ തഴയപ്പെട്ടു. അവർ എന്നെ രൂക്ഷമായി നോക്കി.
ഞാൻ അതൊന്നും ശ്രദ്ധിക്കാതെ എനിക്ക് കിട്ടിയ ഒരു പ്ലേറ്റ് പിലാഫ് ഒരുഭാഗത്ത് ഒതുങ്ങിയിരുന്ന് കഴിച്ചുതുടങ്ങി. ഇനി രാത്രി ഹുസ്സൈന്റെ വീട്ടിൽ നിന്ന് വീണ്ടും പിലാഫ് കഴിക്കണം. ഈ സൽക്കാരം അറിഞ്ഞിരുന്നെങ്കിൽ അത് ക്യാൻസൽ ചെയ്യാമായിരുന്നു.
എന്തായാലും വരനും സുഹൃത്തുക്കളും ഞങ്ങൾക്കൊപ്പം പടമെടുത്തു. പാട്ട് കുറച്ചുനേരം ആസ്വദിച്ചതിന് ശേഷം ഞങ്ങൾ നടപ്പ് തുടർന്നു.
ഹോംസ്‌റ്റേയിൽ അടുത്ത മുറികളിൽ മൂന്നു റഷ്യക്കാരാണ്. പല സ്ഥലങ്ങളിലും കണ്ടപോലെ യുദ്ധത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടവർ. എന്നാൽ ഇവിടെ കണ്ടവരെല്ലാം വല്ലാത്ത വിഷാദം പിടിപെട്ടതുപോലെ തോന്നി. പലരും മുഴുവൻ സമയവും മുറിക്കുള്ളിൽ ചെലവഴിക്കുകയോ അപൂർവമായി പുറത്തിറങ്ങി ചെസ്സ് കളിക്കുകയോ മാത്രം ചെയ്യും.
“എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല. ഭാര്യയെയും മകളെയും കണ്ടിട്ട് ഏറെക്കാലമായി.” ആർക്കിടെക്ച്ചറിൽ ബിരുദം നേടി കുറേക്കാലം കൺസ്ട്രക്ഷൻ രംഗത്തു പണിയെടുത്ത ആന്ദ്രേവ് പറഞ്ഞു.
“എന്റെ ഭാര്യ ഒരു സൈക്കോളജിസ്റ്റാണ്. ഞാനും ഇപ്പോൾ ഒരു ട്രെയിൻഡ് സൈക്കോളജിക്കൽ കൗൺസിലർ ആണ്. എന്നാൽ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ സമീപിക്കണം എന്ന് ഞങ്ങൾക്ക് ഒരു ധാരണയുമില്ല. സോവിയറ്റ് കാലത്തു നിന്ന് പുറത്തുവന്നപ്പോൾ വലിയ സ്വാതന്ത്ര്യം ഞങ്ങൾ അനുഭവിച്ചു. എന്നാൽ ഇപ്പോൾ പലപ്പോഴും ഈ സ്വാതന്ത്ര്യത്തിന് എന്താണ് അർത്ഥം എന്ന് ഞങ്ങൾ ആലോചിക്കും. സോവിയറ്റ് കാലത്തു കുറഞ്ഞപക്ഷം തൊഴിലും വീടും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പായിരുന്നു. ഇപ്പോൾ എന്തുചെയ്യണം എന്നറിയാതെ ഞങ്ങൾ രാജ്യം വിട്ട് പലായനം ചെയ്യുന്നു.”
രാഷ്ട്രീയം സംസാരിച്ചു മനോഹരമായ സായാഹ്നം സങ്കീർണമാക്കണ്ട എന്ന് കരുതി ഞങ്ങൾ ആന്ദ്രേവിന്റെ പ്രവർത്തന മേഖലയായ ആർക്കിടെക്ച്ചറിനെ കുറിച്ച് ചോദിച്ചു. പ്രത്യേകിച്ച് സോവിയറ്റ് കാലത്തേ കെട്ടിട നിർമാണ ശൈലി. അപ്പോഴാണ് ബ്രൂട്ടലിസ്റ്റ് ആര്കിടെക്ച്ചർ, സ്റ്റാലിനിസ്റ്റ് ആർക്കിടെക്ച്ചർ എന്നീ വാക്കുകൾ ഞങ്ങൾ കേൾക്കുന്നത്.
സത്യത്തിൽ തികച്ചും പ്രയോജനവാദപരമായ ശൈലിയാണ് ബ്രൂട്ടലിസം. പുറത്തുനിന്നു നോക്കുമ്പോൾ വെറും കോൺക്രീറ്റും കമ്പിയും മാത്രമേ കാണൂ. നിങ്ങൾ താഷ്‌ക്കന്റിൽ ചെല്ലുമ്പോൾ ഇത് കൃത്യമായി കാണാം. കെട്ടിട നിർമാണത്തിന് പഴയ കാല്പനികതയുടെ ഒരംശവും ഇതിൽ കാണുകയില്ല, ആന്ദ്രേവ് വിശദീകരിച്ചു. സോവിയറ്റ് റിയലിസത്തിന്റെ ഒരു രൂപമാണ് സ്റ്റാലിനിസ്റ്റ് ആർക്കിടെക്ച്ചർ.
ആന്ദ്രേവ് കൂടുതൽ സമയവും സംസാരിച്ചത് മകളെപ്പറ്റിയും ഭാര്യയെപ്പറ്റിയുമാണ്. മകന് സ്കൂളുമായി ഒട്ടും തന്നെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. ടീച്ചർമാർക്ക് അവനെയൊട്ടു മനസ്സിലാവുന്നുമില്ല.” താൻകൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് അത് വളരെ സഹായമാവുമായിരുന്നു.
“രണ്ടു കുട്ടികളെ വളർത്തിയതിന്റെ അനുഭവത്തിൽ ഞാൻ ഒരു കാര്യം പറയാം.” ഞാൻ പറഞ്ഞു.
“നമുക്ക് ഒരു മുൻ പരിചയവും ഇല്ലാത്ത ഒരു മേഖലയാണ് പാരന്റിങ്. വിവാഹം കഴിക്കുന്നു, കുട്ടികൾ ഉണ്ടാവുന്നു, അവരെ ലോകത്തിന് പ്രാപ്തരാക്കാൻ നാം നിയുക്തരാകുന്നു. എന്നാൽ ഇതിനു വേണ്ട ഒരു പരിശീലനവും നമുക്ക് കിട്ടുന്നില്ല…എന്തായാലും ഞങ്ങൾ ഒരു ചെറിയ ഉപദേശം തരട്ടെ… കുട്ടികളെ ഓർത്തു വെറുതെ ടെൻഷൻ അടിക്കരുത്. അവർ നമുക്ക് തീരെ പരിചയമില്ലാത്ത ഒരു ലോകത്താണ് വളരാൻ പോകുന്നത്. അവരുടെ അടിസ്ഥാനപരമായ കഴിവുകൾ വളരുന്നു എന്ന് ഉറപ്പു വരുത്തുക. അവർ നല്ല മനുഷ്യരായി വളരുന്നു എന്ന് ഉറപ്പ് വരുത്തുക. രക്ഷാകർത്താക്കൾ എന്ന നിലക്ക് നമുക്ക് ഇതേ ചെയ്യാനുള്ളൂ.”
എന്റെ പ്രഭാഷണം കേട്ട് ആന്ദ്രേവ് ചിരിച്ചു. “സൈക്കോളജിസ്റ്റുകൾ എന്ന നിലക്ക് ഞങ്ങൾ സ്ഥിരമായി നൽകുന്ന ഉപദേശം ഇതാണ്. എന്നാൽ സ്വന്തം അനുഭവം വരുമ്പോൾ കാര്യം മാറി.”
ഈ ചർച്ച കേട്ട് അബു ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പാരന്റിങ് രീതികളുടെ വൈചിത്ര്യങ്ങൾ എപ്പോഴും ചർച്ചയിൽ വരാറുണ്ട്. എങ്കിലും അബുവും ബാലുവും പൊതുവെ ഞങ്ങൾക്ക് പേരെന്റ്റ്സ് എന്ന നിലയ്ക്ക് പാസ് മാർക്ക് നൽകിയേക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ഇന്ത്യയെക്കുറിച്ചു പറയൂ, പൊതുവെ ഒന്നും സംസാരിക്കാത്ത സ്ലാവ് പറഞ്ഞു. “ഇന്ത്യൻ ആത്മീയത ഞങ്ങൾക്ക് വലിയ താൽപ്പര്യമുള്ള വിഷയമാണ്. രമണ മഹർഷിയെക്കുറിച്ചൊക്കെ ഞാൻ വായിച്ചിട്ടുണ്ട്.”
ഞാൻ വാപൊളിച്ചിരുന്നുപോയി. കിർഗിസ്ഥാന്റെ പൊതുവെ സഞ്ചാരികൾ കുറവുള്ള ഈ വന മേഖലയിൽ നൊമാഡിക് ആത്മീയ സംസ്കൃതി ജീവിത രീതിയുടെ ഭാഗമായ ജനങ്ങളുടെയിടയിൽ ഒരു ചെറിയ വീട്ടിൽ ഞങ്ങളിരുന്ന് കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള റഷ്യയിൽ നിന്ന് പലായനം ചെയ്ത ചെറുപ്പക്കാരുമായി രമണ മഹർഷിയെക്കുറിച്ചു സംസാരിക്കുന്നു.
ഞങ്ങൾ താമസിക്കുന്ന നഗരത്തിൽ നിന്ന് ഏറെ അകലെയല്ല രമണ മഹർഷിയുടെ ആശ്രമം, ഞാൻ പറഞ്ഞു. സോമർസെറ്റ് മോം എഴുതിയ നോവലിലെ ഒരു കഥാപാത്രം രമണ മഹർഷിയെ തേടി ഞങ്ങളുടെ നഗരത്തിലാണ് വരുന്നത്.
“ഏതാണ് ആ നോവൽ?” വ്ലാദിമിർ ചോദിച്ചു.
റേസഴ്സ് എഡ്ജ്, (The Razor’s Edge) ഞാൻ പറഞ്ഞു.
“ഈയടുത്തു ഒരു തമാശയുണ്ടായി.” വ്ളാദിമിർ പറഞ്ഞു “ ഈ രമണ മഹർഷി ചിലപ്പോഴൊക്കെ എന്റെ വായനയിൽ കടന്നു വരുന്നു. അത്ഭുതം എന്ന് പറയട്ടെ ഒരു ശാസ്ത്ര പുസ്തകത്തിലാണ് അടുത്തിടെ ഇദ്ദേഹം വന്നു ചാടിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചെഴുതുമ്പോൾ ഒരു വിദ്വാൻ രമണ മഹർഷിയെ ഉദ്ധരിക്കുന്നു. AIയുടെ അടുത്ത പടി സ്വയം ബോധം (Self Awareness), Consciousness എന്നിവയുള്ള കംപ്യൂട്ടറുകളാണ്. അപ്പോൾ എന്താണ് സ്വയം ബോധം (Self Awareness), Consciousness എന്നിവ? അദ്ദേഹം രമണ മഹർഷിയെ ഉദ്ധരിക്കുന്നു:
“ഞാൻ ആരാണ്? ശരീരമല്ല, കാരണം അത് ചീഞ്ഞു പോകും. മനസ്സല്ല, കാരണം ശരീരത്തോടൊപ്പം തലച്ചോറും ഇല്ലാതെയാവും. വ്യക്തിത്വമോ വികാരങ്ങളോ അല്ല. കാരണം അവയെല്ലാം മരണത്തോടൊപ്പം അപ്രത്യക്ഷമാവും. ഈ ആത്മീയ തലത്തിലേക്ക് എത്തുന്ന യന്ത്രങ്ങളെക്കുറിച്ചാണ് ലേഖകൻ പറയുന്നത്.” വ്ലാദിമിർ ചിരിച്ചു.
“അവിശ്വാസികളായ ആത്മീയാന്വേഷികൾക്കു പ്രിയങ്കരനായ സന്യാസിയാണ് രമണ മഹർഷി.” ഞാൻ പറഞ്ഞു. എന്നെപ്പോലെ എന്ന് ചൂണ്ടിക്കാട്ടിയില്ല.
പോൾ ബ്രെന്റൺ ‘എ സെർച് ഇൻ സീക്രട്ട് ഇന്ത്യ’ എന്ന പുസ്തകം രമണ മഹർഷിയെ പാശ്ചാത്യ വായനക്കാരിൽ എത്തിക്കുന്നതിൽ ഏറെ സഹായിച്ചു. പല ഹോംസ്റ്റേ ലൈബ്രറികളിലും ഈ പുസ്തകം കാണാറുണ്ട്.
അപ്പോഴേക്കും രാത്രി ഭക്ഷണവുമായി ഹുസൈനും കുടുംബാംഗങ്ങളുമെത്തി. ഇവിടെ പൊതുവെ എല്ലാവർക്കും പ്രിയപ്പെട്ട പിലാഫാണ് ഉണ്ടാക്കിയിരിക്കുന്നത്. സസ്യാഹാരികൾക്ക് മാംസം ചേർക്കാത്ത പിലാഫ്.
പിറ്റേന്നുള്ള യാത്രയിൽ മാർക്കറ്റിൽ ഇബ്രാഹിമിനെ വീണ്ടും കണ്ടു.
ആർസലാൻബോബിലെ വാൾനട്ട് കൃഷിയുടെ ചരിത്രമാണ് ഇത്തവണ ഇബ്രാഹിം പറഞ്ഞത്. സോവിയറ്റ് കാലത്തു ഈ ഭൂമി പൂർണമായും സർക്കാർ ഉടമസ്ഥതയിൽ ആയിരുന്നു. എന്നാൽ തൊണ്ണൂറുകൾക്ക് ശേഷം ഈ ഭൂമി 99 വർഷത്തെ പാട്ടത്തിന് ഒരു സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നു.
ഇതോടെ ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥ പൂർണമായും മാറി. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയുമൊക്കെ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ചർച്ച ശ്രദ്ധിച്ചുകൊണ്ടിരുന്ന ഹുസൈനാകട്ടെ ഇബ്രാഹിമിനോട് യോജിക്കുന്നുമുണ്ടായിരുന്നില്ല. ഇപ്പോഴാണ് കൃത്യമായ വിപണി ഉണ്ടായത്, ഹുസൈൻ പറയുന്നു. ശരി മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള തർക്കം തുടരട്ടെ. ഞങ്ങൾക്ക് യാത്ര തുടരാറായി.