കാൻബറ: ഓസ്ട്രേലിയൻ നഗരമായ വിക്ടോറിയയിലെ പട്രോളിങ് ഇല്ലാത്ത ഫിലിപ്പ് ദ്വീപ് ബീച്ചിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ നാല് ഇന്ത്യക്കാർ മുങ്ങി മരിച്ചതായി കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
മെൽബണിലെ കോൺസുലേറ്റ് ജനറലിന്റെ സംഘം മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു.
ജനുവരി 25 ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ന് മൂന്ന് സ്ത്രീകളും ഒരു പുരുഷനും വെള്ളത്തിൽ മുങ്ങിതാഴുന്നതായി വിവരം അറിഞ്ഞ എമർജൻസി സർവീസ് പ്രതികരിച്ചതായി വിക്ടോറിയ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വെള്ളത്തിൽ നിന്ന് പുറത്തെടുത്ത രണ്ട് സ്ത്രീകളും പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്.
ബീച്ചിൽ പോയ കൂട്ടുകുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. മരിച്ചവരെ ഔദ്യോഗികമായി തിരിച്ചറിയേണ്ടതുണ്ടെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു.