കിർഗിസ്ഥാന്റെ തലവര തിരുത്തിയ മലയാളി
ഇവിടെ നിന്ന് പോകുന്നതിന് മുൻപ് ആപ്പിൾത്തോട്ടത്തിൽ എർലീനയുമായി ഒരു ഫോട്ടോ എടുത്തു. എന്തുകൊണ്ടോ എർലീന ഒരല്പം വികാരഭരിതയായി എന്ന് തോന്നുന്നു. നിങ്ങളോട് ഒരു പ്രത്യേക അടുപ്പം തോന്നുന്നു, അവർ പറഞ്ഞു. “എന്നെ ഇടയ്ക്കിടയ്ക്ക് ഓർക്കണം. അബൂ…” അവർ നീട്ടി വിളിച്ചു.
ഇതാണ് യാത്രകളുടെ ഒരു പ്രശ്നം. ഒരു ചെറിയ ഇടവേളയിലാണ് ഈ സൗഹൃദങ്ങൾ ഉണ്ടാവുന്നത്. എന്നാൽ ആ കുറഞ്ഞ സമയം അത് വല്ലാത്തൊരു ഹൃദയ ബന്ധമായി തോന്നും. ഈ ബന്ധം നമ്മൾ എക്കാലവും കാത്തുവയ്ക്കും എന്നൊക്കെ പറയും. പണ്ടൊക്കെ ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രകളിലാണ് ഇത് സംഭവിക്കുക. മൂന്നു ദിവസം ഒന്നിച്ചുള്ള യാത്ര. ഫോൺ നമ്പറും അഡ്രസുമൊക്കെ കൈമാറും.
എന്നാൽ പുറത്തിറങ്ങി പഴയ ജീവിതത്തിന്റെ സാധാരണത്വത്തിൽ എത്തുന്നതോടെ ഇതൊക്കെ എല്ലാവരും മറക്കും. എർലീനയ്ക്കും ഇതറിയാം. എത്ര പേർ ഈ വീട്ടിൽ വന്നു താമസിക്കുകയും യാത്ര പറഞ്ഞുപോവുകയും ചെയ്തിട്ടുണ്ടാവണം. അവരിൽ ചിലരൊക്കെ യാത്ര വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ഈ ചെറിയ പട്ടണത്തിലെ സ്നേഹനിധിയായ ആതിഥേയയെ കുറിച്ച് സംസാരിച്ചിട്ടുമുണ്ടാകും. എന്നാൽ ഓർമ്മകൾ ശലഭ ജീവികളാണ്. തൂവലുകൾ പൊഴിഞ്ഞു പതുക്കെ നിലംപതിക്കുന്ന സമയത്തിന്റെ ശബ്ദമില്ലാത്ത ചിറകടികൾ.
കോച്കോറിൽ നിന്ന് ഞങ്ങൾക്ക് പോകേണ്ടത് അർസലാൻബോബ് വഴി ഓഷിലേക്കാണ്. നിർഭാഗ്യവശാൽ കോച് കോറിൽ നിന്ന് നേരെ വടക്കോട്ട് പോകുന്ന റോഡിന്റെ അവസ്ഥ തീർത്തും മോശം എന്നാണ് റിപ്പോർട്ട്. മൊത്തം പൊളിഞ്ഞു കിടക്കുകയാണ്. ടാക്സിക്കാർ വന്നേക്കും. എന്നാൽ വലിയ ചാർജ് ആകും.അതുകൊണ്ടുതന്നെ ബിഷ്കെക്കിൽ തിരിച്ചുപോയി അവിടെനിന്ന് പുതിയ റോഡിൽ ജലാലാബാദിലേക്ക് പോകാനാണ് എല്ലാവരും നിർദേശിക്കുന്നത്.
സത്യത്തിൽ ഈ അപരിചിതമായ വഴിയിലൂടെ പോകണം എന്ന് ആഗ്രഹമില്ലാഞ്ഞല്ല. മാത്രമല്ല കിർഗിസ് രാഷ്ട്രീയത്തിലെ ഏറ്റവും അപകടകരമായ സംഭവങ്ങൾ ഈ വഴിയിലുണ്ട്. വിശാലമായ ആളൊഴിഞ്ഞ പർവതങ്ങളിൽ നിന്ന് ലോകത്തിന് അമൂല്യമായ ധാതുക്കളും ലോഹങ്ങളും കിട്ടിയേക്കും എന്ന് കരുതി സോവിയറ്റ് കാലം മുതൽ പലതരം പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. കിർഗിസ്ഥാനിൽ സ്വർണത്തിന്റെ വലിയ ഖനികളുണ്ട്. ഇതിൽ ഗവേഷണം നടത്താനെത്തിയ ജാപ്പനീസ് ശാസ്ത്രജ്ഞരെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേപോലെ ആണവ ഇന്ധനമായ യുറേനിയം ഖനി സോവിയറ്റ് കാലത്ത് വലിയ ആകർഷണമായിരുന്നു. ഇപ്പോൾ ഈ പ്രദേശം പൂർണമായും അടഞ്ഞുകിടക്കുകയാണ്. എന്ന് മാത്രമല്ല മൈലൂ സൂ എന്ന ഗ്രാമം 1968 ലുണ്ടായ വലിയ അപകടത്തിന് ശേഷം കടുത്ത ആണവ വികിരണത്താൽ മനുഷ്യർക്ക് ആവാസയോഗ്യം അല്ലാതെയായിരിക്കുന്നു. എന്നാൽ ഇപ്പോഴും മൂവായിരത്തോളം ആളുകൾ ഇവിടെ ജീവിക്കുന്നുമുണ്ട്. ആണവ വികിരണത്തിന്റെ, പുറം ലോകം ഇതേവരെ കേൾക്കാത്ത കഥകൾ സോവിയറ്റ് ഇരുമ്പ് കർട്ടനു പിറകിൽ ഇനിയും കിടപ്പുണ്ടാവും. തജിക്കിസ്ഥാനു മായും ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ ഈ ധാതു-ലോഹ സമ്പത്തിന് വേണ്ടിയാണ്.
ഇങ്ങോട്ടൊന്നും ഇപ്പോൾ യാത്ര സുഗമമല്ല. എന്തായാലും ദുഷ്‌കരമായ ഈ വഴിയിലൂടെ യാത്ര ചെയ്യണ്ട എന്ന് തീരുമാനിച്ച് ഞങ്ങൾ ബിഷ്കെക്കിലേക്ക് തിരിച്ച് യാത്ര ചെയ്യാൻ തീരുമാനിച്ചു. എന്തായാലും ബിഷ്കെക്കിൽ ഞങ്ങൾക്ക് ഒരു കടം ബാക്കിയുണ്ട്. അവിടെ റഷ്യൻ ബാലേ കാണണം. എങ്കിൽ അങ്ങനെ യാത്രയാവട്ടെ എന്നായി തീരുമാനം.
കോച് കോറിൽ നിന്ന് ബിഷ്കെക്കിലേക്കുള്ള യാത്രയിൽ ഡ്രൈവർ ഒന്നും തന്നെ സംസാരിക്കാൻ താൽപ്പര്യം കാണിച്ചില്ല. മനോഹരമായ വഴിയാണ്. ഇടയ്ക്കൊക്കെ ഖസക്കിസ്ഥാന്റെ അതിർത്തികൾ കാണാം. അപൂർവം സമയത്തു ആ രാജ്യത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നും തോന്നും. മുള്ളുവേലികളും അരുവികളും നിരത്തി നട്ടിരിക്കുന്ന വൃക്ഷങ്ങളും ചേർന്ന് പണ്ട് ഒരു രാജ്യമായിരുന്ന ഒരു ഭൂ പ്രദേശത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. മറ്റൊരു കൗതുകം പഴയ റെയിൽവേ വാഗണുകൾ വീടുകളായി പരിവർത്തനം ചെയ്തതാണ്. ഈ വഴിയിൽ പണ്ടൊരു റെയിൽ ലൈൻ ഉണ്ടായിരുന്നു. അത് ഉപയോഗശൂന്യമായതോടെ പഴയ വാഗണുകൾ ആളുകൾ കയ്യേറി വീടുകൾ ആക്കിയതാണ് എന്ന് തോന്നുന്നു. അപൂർവം സ്ഥലങ്ങളിൽ ഇതൊക്കെ വർക്ക് സൈറ്റിൽ തൊഴിലാളികൾക്ക് താമസിക്കാനുള്ള ലായങ്ങളാണ്.
യാത്രയിൽ റോഡിന്റെ ഇരുവശത്തും അതിമനോഹരമായി പണിത ഖബറുകൾ നിറഞ്ഞ ശ്മശാനങ്ങൾ കാണാം. വളരെ ഉയരത്തിൽ മഴയിലും കാറ്റിലും പകുതി ദ്രവിച്ച് നിൽക്കുന്ന മൺകൂടാരങ്ങൾ പോലെ ഇവ ഉയർന്നുനിൽക്കുന്നു. ഒരു കാലത്ത് നൊമാഡുകളായി ജീവിച്ചിരുന്ന കിർഗിസ് ജനത ഇത്ര മനോഹരമായ വാസ്തുശില്പങ്ങൾ മരിച്ചവരുടെ ഓർമ്മയ്‌ക്ക് വേണ്ടി പണിതത് എന്തിനായി രിക്കാം?
പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിൽ ഇവരുടെ ഇടയിൽ മുസ്‌ലിം വിശ്വാസം ഉണ്ടായിരുന്നില്ല. ഇവർ കൂടുതലും പ്രകൃതിയെ ആരാധിച്ചു. മരിച്ചപ്പോൾ നദിയുടെ കരയിൽ സംസ്കരിച്ചു. ഖബറിന് മുകളിൽ പക്ഷികളുടെയും മൃഗങ്ങളുടെയും ചെടികളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തു. പിൽക്കാലത്ത് സോവിയറ്റ് ആധിപത്യത്തിൽ നൊമാഡിക് ജീവിതം ഏതാണ്ട് ഇല്ലാതായി. അക്കാലം മുതലാണ് ഇത്തരത്തിലുള്ള ഖബറുകൾ രൂപം കൊള്ളുന്നത്.
ഖബറുകൾ കണ്ടപ്പോൾ ബിൽ ബ്രൈസൺ പറഞ്ഞ പഴയ ഒരു തമാശ എനിക്ക് ഓർമ്മ വന്നു. ബിൽ ബ്രൈസന്റെ ബുക്കുകളിൽ അദ്ദേഹം സ്വന്തം അച്ഛനെപ്പറ്റി പലപ്പോഴും എഴുതാറുണ്ട് ..അതിൽ Dad’s Jokes ..അച്ഛന്റെ തമാശകൾ എന്നൊരു കഥയുണ്ട് ..
ബിൽ ബ്രൈസന്റെ അച്ഛൻ എപ്പോഴെല്ലാം സെമിത്തേരിയുടെ സമീപത്തുകൂടി ഡ്രൈവ് ചെയ്യുമോ അപ്പോഴൊക്കെ ആവർത്തിക്കുന്ന ഒരു തമാശയുണ്ട്
“You Know, people are dying to go there…”
ആദ്യം ഈ തമാശ കേട്ടപ്പോൾ കുട്ടികളും ഭാര്യയും സുജന മര്യാദ ഓർത്തു ചിരിച്ചു. പക്ഷെ, പ്രശ്‌നം എന്താണെന്നു വച്ചാൽ എപ്പോഴൊക്കെ സെമിത്തേരിക്ക് സമീപം പോവുമോ അപ്പോഴൊക്കെ അദ്ദേഹം ഈ തമാശ ആവർത്തിക്കും. ഇതിനെയാണ് ബിൽ ബ്രൈസൺ അച്ഛൻ തമാശകൾ എന്ന് വിളിച്ചു കളിയാക്കുന്നത്.
എന്റെ തമാശകളോട് ബാലുവും അബുവും പ്രതികരിക്കുന്നത് ഏതാണ്ട് ഇതേപോലെയാണ്. ഇവിടെ വേറൊരു പ്രശ്നം കൂടിയുണ്ട്
മില്ലനിയൽസ്, z ജനറേഷൻ, y ജനറേഷൻ എന്നിങ്ങനെ ഇപ്പോഴത്തെ തലമുറയിൽ പലവിധ താരങ്ങൾ ഉണ്ട്. ഇവർ എന്റെ തലമുറയെ ബൂമർ (boomar) ജനറേഷൻ എന്നാണ് വിളിക്കുക എൺപതുകളിൽ, ലോകത്തു, ഉപഭോക്തൃ ഉല്പന്നങ്ങളുടെ ബൂം ഉണ്ടായ കാലത്തുള്ളവരാണ് ഈ ബൂമറുകൾ.
ഈ ബൂമർ തമാശകൾ കേൾക്കുമ്പോൾ എന്റെ മക്കൾ ഉറക്കെ ചിരിക്കും. ഞാൻ പറയാൻ ശ്രമിക്കുന്ന തമാശകളിലെ തമാശയില്ലായ്മ കണ്ടിട്ടാണ് അവർ കളിയാക്കി ചിരിക്കുന്നത്. ഈ ബൂമർ തലമുറയുടേത് വളരെ സങ്കടകരമായ കാര്യമാണ്. അവരുടെ തമാശ കേട്ടാൽ പിള്ളേർ കളിയാക്കി ചിരിക്കും. പിള്ളേര് പറയുന്ന തമാശ ബൂമറുകൾക്കു മനസ്സിലാവുകയുമില്ല. ഞങ്ങളുടെ യാത്രകളിലും ഈ പ്രശ്നം എപ്പോഴുമുണ്ടാവും. ബൂമറായ അച്ഛന്റെ ചളി തമാശകൾ പൊതുവെ നന്നായി സ്വീകരിക്കപ്പെടാറില്ല. അബുവിന്റെ തമാശകൾ വ്യാഖ്യാനത്തോടെ അല്ലാതെ മനസ്സിലാവുകയുമില്ല.
വലിയ സ്പീഡിലാണ് മൗനിയായ ഡ്രൈവർ വണ്ടിയോടിക്കുന്നത്. ഇവിടെയുള്ള എല്ലാ വഴികളിലും കാണുന്ന പോലെ പൊളിഞ്ഞ ഒരു വണ്ടിയാണ്. ഇടയ്ക്ക് സ്പീഡോമീറ്റർ 200 ൽ സ്പർശിച്ചു എന്ന് തോന്നി. അബു അമ്പരപ്പോടെ എന്നെ നോക്കി. കുറച്ചുകഴിഞ്ഞപ്പോൾ അത് സ്പീഡോമീറ്ററിന്റെ കുഴപ്പമാണ് എന്നും മനസ്സിലായി. എന്തായാലും സുരക്ഷിതമായി ഞങ്ങൾ ബിഷ്കെക്കിൽ തിരിച്ചെത്തി.
ഈ സ്പീഡിലുള്ള യാത്രയിലാണ് മധ്യേഷ്യൻ രാജ്യങ്ങളിലെ റോഡപകടങ്ങളുടെ കണക്കെടുക്കണം എന്ന് ഞങ്ങൾക്ക് തോന്നിയത്. പോകുന്ന വഴിയിൽ എവിടെയും തകർന്നുകിടക്കുന്ന ഒരു വണ്ടി പോലും കണ്ടില്ല എന്നതും ഞങ്ങൾ ശ്രദ്ധിച്ചു. കണക്ക് നോക്കിയപ്പോൾ പ്രതിശീർഷ അനുപാതം നോക്കിയാൽ കേരളത്തിൽ ഉണ്ടാവുന്ന മരണങ്ങളുടെ പകുതി മാത്രമാണ് ഈ രാജ്യങ്ങളിൽ എന്ന് ഞങ്ങൾ മനസിലാക്കി. കേരളത്തിൽ ഒരു വർഷം 4000 മരണങ്ങളാണ് റോഡപകടങ്ങളിൽ ഉണ്ടാവുന്നത്. അതിന്റെ പകുതി മാത്രമാണ് ഈ രാജ്യങ്ങളിൽ കണ്ടത് എന്നർത്ഥം. എന്തുകൊണ്ടാവുമിത്?
ഒരു റഷ്യൻ സഹോദരിയും സഹോദരനും നടത്തുന്ന ചെറിയ ഒരു ഹോട്ടലിലാണ് അന്ന് ഞങ്ങൾ താമസിച്ചത്. വളരെ അടുപ്പത്തോടെയാണ് ആ പെൺകുട്ടി ഞങ്ങളോട് സംസാരിച്ചത്. യുദ്ധത്തിന്റെ കഥകൾ പറയുമ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞു. ‘അയാൾ ചാവട്ടെ..” രോഷത്തോടെ അവൾ പറയുന്നത് പുട്ടിനെക്കുറിച്ചാണ്. റഷ്യയിൽ നിന്നും പുറത്തേക്ക് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരിൽ പെട്ടവരാണ് ഇവരും.
ഇവൾ വലിയൊരു പ്രകൃതി സ്നേഹിയാണ്. പ്രകൃതി പാഠങ്ങൾ നൽകുന്ന ഫേസ്ബുക്കിൽ പേജിൽ അവൾ ഞങ്ങളെ സുഹൃത്തുക്കളായി ചേർത്തു.
അന്ന് രാത്രി ഞങ്ങൾ ബിഷ്കെക്ക് സ്റ്റേറ്റ് തിയറ്റർ ഓഫ് ഓപ്പറ ആൻഡ് ബാലേ സന്ദർശിക്കാനെത്തി. ഈ നഗരത്തിലെ ഏറ്റവും പ്രൗഢമായ ഒരു കെട്ടിടമാണിത്. ക്ലാസ്സിക് ഗ്രീക്ക് ശൈലിയിൽ പണിത ഈ കെട്ടിടത്തിൽ അന്ന് രാത്രി ലഭിച്ച ദൃശ്യ ശ്രാവ്യ അനുഭവം അതിമനോഹരമായിരുന്നു
ഒരു അമേച്വർ സംഘമാണ് അന്ന് ബാലേ അവതരിപ്പിച്ചത്. ഒരാൾക്ക് മുന്നൂറ് സോം മാത്രമാണ് പ്രവേശന ഫീസ്. സാധാരണ ഗതിയിൽ ഒരാൾക്ക് 3000 സോം വരെ കൊടുക്കണം. ഭാഷയുടെ പരിമിതികൾ മറികടന്ന് സംഗീതവും അഭിനയവും ഹാസ്യാഭിനവും കലർന്ന രംഗാവിഷ്‌ക്കാരം.
നേരത്തെ ഓപ്പറ കണ്ട അനുഭവം ഞങ്ങൾക്ക് ആർക്കുമില്ല. ആദ്യമായാണ് ഓപ്പറ കാണുന്നതെങ്കിൽ അതിനുമുൻപ് ചെറിയ പരിശീലനം ആവശ്യമാണ് എന്ന് കേട്ടിട്ടുണ്ട്. എന്താണ് കഥ, ആരുടെ സംഗീതമാണ് എന്നതൊക്കെ അറിഞ്ഞിരിക്കണം. ഞങ്ങൾ ഇതൊന്നുമില്ലാതെയാണ് പോയത്. എന്നാൽ ഭാഷ മനസിലാവാതെ തന്നെ ഇതിലെ ഓരോ രംഗവും ഞങ്ങൾക്ക് ഏറെ ആകർഷകമായി തോന്നി.
രാത്രിയിൽ ഹോട്ടലിലേക്ക് നടക്കുമ്പോൾ ഞങ്ങൾ ഒരു സ്വപ്ന സഞ്ചാരത്തി ലാണ് എന്ന് തോന്നി. വൈദ്യുതി വിളക്കുകൾ കൊണ്ട് അലങ്കരിച്ച നഗരവീഥി കളും നിലാവ് നിറഞ്ഞ പൂന്തോട്ടങ്ങളും നഗരത്തിന് പ്രത്യേക ഭംഗി നൽകി. ഞങ്ങൾ ഏതു രാജ്യത്താണ്, ഏതു നഗരത്തിലൂടെയാണ് ഞങ്ങൾ നടക്കുന്നത്, നിലാവ് നിറഞ്ഞ ഈ രാത്രി ഞങ്ങളോട് എന്താണ് പറയുന്നത്.
എന്തായാലും അന്ന് രാത്രി നമ്മുടെ സസ്യാഹാരികൾ ഭക്ഷണം കഴിക്കാതെ പട്ടിണി സഹിച്ചു ഉറങ്ങി.
ഞങ്ങൾ ബിഷ്കെക്കിലാണ് എന്നറിഞ്ഞപ്പോൾ പ്രശസ്‌ത യാത്രികനും പ്രിയ സുഹൃത്തുമായ മുസഫർ അഹമ്മദ് ഞങ്ങൾക്കെഴുതി:
“ബിഷ്കെകിൽ ഒരു ഗംഭീര മലയാളിയുണ്ട്. പറ്റുമെങ്കിൽ അദ്ദേഹത്തെ നിങ്ങൾ കാണണം.”
“ഒരു റഷ്യന്‍ നാടോടിക്കഥ പോലെ അടിമുടി അതിശയങ്ങള്‍ നിറഞ്ഞതാണ് റഫീഖിന്റെ ജീവിതം. കോഴിക്കോട് നരിക്കുനിക്കടുത്ത എരവന്നൂര്‍ ഗ്രാമത്തില്‍ നിന്ന് പതിനേഴാം വയസ്സില്‍ നാട് വിട്ട ഈ അഞ്ചാം ക്ലാസുകാരന്‍ നാല്‍പത്തിമൂന്ന് വയസ്സ് പിന്നിട്ടപ്പോഴേക്ക് പഴയ സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ നിന്ന് മുറിഞ്ഞുപോയ കിര്‍ഗിസ്ഥാന്‍ എന്ന രാജ്യത്തിന്റെ പ്രതിരോധമന്ത്രിയില്‍ നിന്ന് ആ രാജ്യത്തിന്റെ ഉന്നത സൈനികപദവിയായ മേജര്‍ ജനറല്‍ പദവി ഏറ്റെടുത്ത അത്യന്തം വിസ്മയകരമായ കഥയാണിത്.”
പ്രകൃതിവാതക സ്രോതസ്സുകളുടെ അക്ഷയഖനിയാണ് മധ്യേഷ്യന്‍ ശൈലനിരകളെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയുടെ നട്ടെല്ല് പോലെ നീണ്ട പൈപ്പ് ലൈനുകള്‍ ഐശ്യര്യത്തിലേക്കുള്ള കിര്‍ഗിസ്ഥാന്റെ ചോരയോട്ടക്കുഴലുകളാകാന്‍ അധികകാലം വേണ്ടി വന്നില്ല.
തജികിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്‌മേനിസ്ഥാന്‍ എന്നിവയുമായി ഇറാന്റെ പൈപ്പ് ലൈന്‍ നിര്‍മാണത്തിനുള്ള വിജയസാധ്യത കണ്ടറിഞ്ഞ ചില ഇറാനി വ്യവസായികളുമായുള്ള റഫീഖ് ഷെയ്ഖിന്റെ ബന്ധം ഈ രംഗത്ത് വലിയ അവസരങ്ങളാണ് തുറന്നത്. ഇറാനില്‍ നിന്ന് കിര്‍ഗിസ്ഥാനിലേക്കുള്ള പൈപ്പ് ലൈന്‍ നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത റഫീഖിന്റെ കമ്പനിക്ക് നിര്‍ദിഷ്ട സമയത്തിനു മുമ്പ് തന്നെ പദ്ധതി പൂര്‍ത്തിയാക്കാനായി. ഈ കരാര്‍ റഫീഖിന് കിര്‍ഗിസ്ഥാനിലേക്ക് തുറന്നു കിട്ടിയ കിളിവാതിലുമായി. ഇറാനില്‍ നിന്ന് പഠിച്ച കിര്‍ഗിസ് ഭാഷ വലിയ സഹായമായി. ഇറാന്‍-കിര്‍ഗി പൈപ്പ് ലൈന്‍ നിര്‍മാണത്തിന്റെ മസ്തിഷ്‌കമെന്ന നിലയില്‍ ഈ മലയാളിയുടെ കഴിവ് കിര്‍ഗിസ്ഥാനില്‍ ആദ്യം കണ്ടറിഞ്ഞത് അവിടത്തെ അന്നത്തെ പ്രതിപക്ഷനേതാവ് കുര്‍മാന്‍ ബാകിയേവ് ആയിരുന്നു. ക്രാന്തദര്‍ശിയായിരുന്ന അദ്ദേഹവുമായുള്ള അടുപ്പം റഫീഖ് ഷെയ്ഖിന് കിര്‍ഗിസ്ഥാനിലെ വ്യവസായ ഭൂപടത്തിലെന്ന പോലെ രാഷ്ട്രീയമേഖലയിലും അദ്വിതീയ സ്ഥാനമുറപ്പിച്ചു. മില്യണില്‍ നിന്ന് ബില്യണിലേക്ക് വളരുകയായിരുന്നു ഇവരുടെ ഉരുക്ക് നിര്‍മാണക്കമ്പനി. നിരവധി ഇറാനികളും കിര്‍ഗിസുകളും വന്‍തുക മുടക്കാന്‍ സന്നദ്ധമായി.
പ്രസിഡന്റ് അസ്‌കര്‍ അകായേവിനെതിരെ 2005 ല്‍ കിര്‍ഗിസ്ഥാനില്‍ ജനകീയ സമരം പൊട്ടിപ്പുറപ്പെട്ടു. തലസ്ഥാനമായ ബിഷ്‌കേകില്‍ കൊള്ളയും കൊള്ളിവെപ്പും. ‘ടുളിപ് വിപ്ലവം’ എന്ന പേരിലറിയപ്പെട്ട പ്രക്ഷോഭക്കൊടുങ്കാറ്റില്‍ പ്രസിഡന്റ് പുറത്തായി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവായിരുന്ന കുര്‍മാന്‍ബെക് ജയിച്ച് പ്രസിഡന്റായി. ഈ തെരഞ്ഞെടുപ്പില്‍ റഫീഖും അദ്ദേഹത്തിന്റെ കമ്പനിയും കുര്‍മാന്‍ബെകിനെ ആളും അര്‍ഥവും നല്‍കി സഹായിച്ചു. ഇതനുഗ്രഹമായി. സഹായിച്ചവരെ പ്രസിഡന്റ് വിസ്മരിച്ചില്ല. കിര്‍ഗിസ്ഥാന്റെ മണ്ണില്‍ വേരുറപ്പിക്കാന്‍ നിമിത്തമായ കുര്‍മാന്‍ ബെക് ബകിയേവിന്റെ അധികാരാരോഹണത്തില്‍ വി.വി.ഐ.പി നിരയില്‍ റഫീഖുമുണ്ടായിരുന്നു.
അധികം വൈകാതെ അദ്ദേഹത്തിന് കിര്‍ഗിസ്ഥാന്‍ പൗരത്വം ലഭിച്ചു. വിദേശ വ്യവസായികളെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിനുള്ള ഫോറിന്‍ ഇക്കണോമിക് ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടറായും പ്രസിഡന്റിന്റെ ഉപദേശകരിലൊരാളായും അന്ന് 30 വയസ്സ് പോലും തികയാത്ത റഫീഖ് ഷെയ്ഖ് നിയമിതനായി. ഇക്കഴിഞ്ഞ ഡിസംബര്‍ 30 നാണ് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ ഷെയ്ഖ് റഫീഖ് മുഹമ്മദിനെ ഉന്നത സൈനിക ബഹുമതിയായ മേജര്‍ ജനറല്‍ പദവി നല്‍കി ആദരിച്ചത്. കിര്‍ഗിസ്ഥാന്‍ പ്രതിരോധമന്ത്രി അലി മിര്‍സ ഔദ്യോഗിക ചടങ്ങില്‍ അദ്ദേഹത്തെ സ്ഥാന ചിഹ്നം അണിയിച്ചു.”
മുസഫറിന്റെ സന്ദേശം കിട്ടിയപ്പോഴേക്കും ഞങ്ങൾ ബിഷ്കെക്ക് വിട്ടിരുന്നു. അതുകൊണ്ട് നിർഭാഗ്യവശാൽ റഫീഖിനെ കാണാൻ കഴിഞ്ഞില്ല. ബിഷ്കെക്കിൽ മെഡിസിന് പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയും ഇടയ്ക്ക് വിളിച്ചിരുന്നു. ആ കുട്ടിയേയും കാണാൻ കഴിഞ്ഞില്ല.
ബിഷ്കെക്കിൽ നിന്ന് ജലാലാബാദിലേക്കുള്ള പാത അറുനൂറോളം കിലോമീറ്റർ വരും. ഞങ്ങൾ ഒരു ഷെയർ ടാക്സിയിലാണ് യാത്ര ചെയ്തത്. ഞങ്ങളെ കൂടാതെ ആറോളം സ്ത്രീകൾ ആ വണ്ടിയിലുണ്ട്. അവർ കൗതുകത്തോടെ ഞങ്ങളെ നോക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഒരാൾക്കും ഇംഗ്ലീഷ് അറിയില്ല. ഞങ്ങൾ കിർഗിസിന്റെ അരികും മൂലയും വച്ച് ചില സംസാരങ്ങൾ തുടങ്ങിയിട്ടും ഒന്നും അങ്ങ് ഫലിച്ചില്ല.
ഇതാണ് ഫെർഗാന താഴ്വര വഴി ഉസ്ബക്കിസ്ഥാനിലേക്കുള്ള റോഡ്. ഈ വഴിയിലൂടെയുള്ള യാത്ര കിർഗിസ്താന്റെ ജൈവ ഭൂ പ്രകൃതി വൈവിധ്യങ്ങളുടെ അപാര സാധ്യത കണ്ടറിഞ്ഞുള്ള യാത്രയാണ്. എം 41 എന്ന പേരിൽ പ്രശസ്തമായ പാമിർ ഹൈവേയുടെ ഭാഗമാണ് മനോഹരമായ ഈ റോഡ്. താജികിസ്ഥാനെയും കിർഗിസ്ഥാനെയും ഉസ്ബെക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന പാമിർ ഹൈവേ സോവിയറ്റ് കാലത്താണ് പണിതത്.
എന്നാൽ, ഈ വഴിയിൽ എത്തുമ്പോൾ ചരിത്ര പ്രസിദ്ധമായ സിൽക്ക് റോഡിൽ നമ്മൾ വീണ്ടും കയറുകയാണ്. ഈ വഴിയിലെവിടെയോ ആണ് പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ നടന്നത്. വ്യാപാരത്തിനെത്തിയ സാമഗ്രികൾക്കൊപ്പം ഭാഷയും ആചാരങ്ങളും ജീവിതരീതികളും മത വിശ്വാസങ്ങളുമെല്ലാം അന്യോന്യം കൈമാറ്റം ചെയ്യപ്പെട്ടു. ഈ റോഡിലൂടെയാണ് മാർക്കോ പോളോ യാത്ര ചെയ്തത്. തുടർന്ന് അനേകം സഞ്ചാരികളും വ്യാപാരികളും ഭരണാധികാരികളും ഈ വഴി നടന്നു. ഇവർ നടന്നു നടന്നാണ് ചരിത്രം നാമിപ്പോൾ കാണുന്ന രീതിയിൽ രൂപപ്പെട്ടത്.
ഒരു ഷെയർ ടാക്സിയിൽ അപരിചിതരായ എന്നാൽ സൗഹൃദം തുളുമ്പുന്ന ഒരു സംഘം സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ചരിത്രത്തിന്റെ അപൂർവ സ്പർശം ഞങ്ങൾക്ക് അനുഭവപ്പെട്ടു.
മനുഷ്യചരിത്രത്തിലെ ഗതി മാറ്റിയത് സിൽക്ക് റോഡുകൾ ആയിരുന്നെങ്കിൽ ഇനി വരുന്ന കാലത്തും ഇതേ റോഡുകൾ ആയിരിക്കും ഭാവി രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുക എന്ന് സിൽക്ക് റോഡുകളുടെ ചരിത്രമെഴുതിയ പീറ്റർ ഫ്രാങ്കോപാൻ പറയുന്നുണ്ട്. സിൽക്ക് റോഡ് എന്ന പേര് ഇന്നിപ്പോൾ പുരാതന ചരിത്രത്തിന്റെ മാസ്മരികത ആവാഹിക്കുന്ന മാജിക് വാക്ക് ആയിക്കഴിഞ്ഞു. ഞങ്ങളുടെ യാത്രയിലെല്ലാം ടൂറിസ്റ്റ് ലഘുലേഖകളിലെല്ലാം ഈ റോഡിന്റെ പരാമർശമുണ്ട്. ഖസഖിസ്‌ഥാന്റെ തലസ്ഥാനമായ അസ്താനയിലെ പ്രമുഖ മാളിന്റെ പേരും കാതെ പസിഫിക് എയർലൈനിന്റെ ഇൻ ഹൌസ് മാസികയുടെ പേരും സിൽക്ക് റോഡ് എന്നാണ്.
ഞങ്ങളുടെ ടാക്സിക്ക് അഭിമുഖമായി വരുന്ന വലിയ ട്രക്കുകളിൽ ഏറിയ പങ്കും ചൈനയിൽ രജിസ്റ്റർ ചെയ്തതാണ്. ചൈന അടുത്ത ഒരു സഹസ്രാബ്ദത്തെ മുൻകൂട്ടിക്കണ്ട് നിർമിക്കാൻ ആസൂത്രണം ചെയ്യുന്ന വൺ ബെൽറ്റ് വൺ റോഡ് അഥവാ OBOR എന്ന പാത അറുപത്തിനാല് രാജ്യങ്ങളെ ബന്ധിപ്പിച്ചു ആധുനിക കാലത്തേ സിൽക്ക് റോഡ് ആയി വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഞങ്ങൾ ഇപ്പോൾ പോകുന്ന റോഡും ക്രമേണ ചൈനയുടെ ഒബോറിന്റെ ഭാഗമായി മാറും. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ആഗോള റോഡ് നെറ്റ് വർക്ക് ഏതു തരത്തിലായിരിക്കും ലോക രാഷ്ട്രീയത്തെ ബാധിക്കുക?
യാത്രക്കിടയിൽ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ സഹ യാത്രികരായ സുന്ദരികൾ ഞങ്ങൾക്ക് ഒരു വെളുത്ത പലഹാരം സമ്മാനമായി തന്നു. കഷ്‌ക് എന്നാണ് ഇതിന്റെ പേര്, അവർ പറഞ്ഞു. കുറച്ചു പുളിയും ചവർപ്പുമുള്ള ഈ ഭക്ഷണം കിർഗിസ്താന്റെ എല്ലാ പ്രധാന തെരുവുകളിലും വിൽപ്പനക്ക് വെച്ചിരിക്കുന്നത് കാണാം. തൈര് ഉണക്കി പൊടിച്ചു പരമ്പരാഗതമായ രീതിയിലാണ് കഷ്‌ക്ക് ഉണ്ടാക്കുന്നത്. മധ്യേഷ്യൻ രാജ്യങ്ങളിൽ തണുപ്പിനെ തടുക്കാൻ കുറച്ചൊക്കെ ഈ പലഹാരം സഹായിക്കുന്നുണ്ടാവണം. അതിന്റെ പുളിയും ചവർപ്പും ഞങ്ങളെ കുറച്ചു ബുദ്ധിമുട്ടിച്ചെങ്കിലും അത് പുറത്തുകാട്ടാതെ ആസ്വദിച്ചു എന്ന് നടിച്ചു കഴിച്ചുതീർത്തു.
നമുക്ക് അസഹനീയം എന്ന് തോന്നുന്ന രുചിയുള്ള ചില ഭക്ഷണങ്ങൾ പല സമൂഹത്തിലുമുണ്ട്. ആൻഡമാൻ യാത്രയ്ക്കിടയിൽ ഞങ്ങൾ കണ്ട, കാരൻ വംശജരുടെ നപ്പി ഇതിനൊരുദാഹരണമാണ്. മനുഷ്യർക്കിടയിൽ തന്നെ ഒരേ ഭക്ഷണം പല ജനവിഭാഗങ്ങൾക്ക് പല രുചിയിലാവും അനുഭവപ്പെടുക. ചില സ്വാദുകൾ ചില സംസ്കാരങ്ങളുമായി അഗാധമായി ബന്ധപ്പെട്ടും നിൽക്കും.
വളരെ സ്നേഹത്തോടെ തന്ന പട്ടിയിറച്ചി കഴിക്കാൻ മടി കാണിച്ചപ്പോൾ ഞങ്ങൾ നിങ്ങളുടെ സാമ്പാർ പോലും കഴിച്ചിട്ടില്ലേ എന്ന് ചോദിച്ച വാൻ ഭാ ഷൂലെ എന്ന ഖാസി സുഹൃത്തിനെ എനിക്ക് ഓർമ്മ വന്നു.
ടൂ അഷൂ മലനിരകളെ തുറന്നു നിർമിച്ചിരിക്കുന്ന വലിയ തുരങ്കങ്ങൾ, വിശാലമായ പുൽമേടുകൾ, കുതിരകൾ മേയുന്ന വലിയ പാടങ്ങൾ, മഞ്ഞു തൂകിയ ശിഖരങ്ങളുമായി അകലെ വിശാലമായ പർവതങ്ങൾ ഇവയെ പിന്നിട്ട് നറീൻ നദിയുടെ കരയിലൂടെ ഞങ്ങൾ തോക്തോകൂൾ റിസർവോയറിൽ എത്തി. നറീൻ നദിയിൽ പണിത വലിയ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ റിസർവോയർ ആണിത്.
“ഈ തൊക്തോഗുൽ എന്ന പേര് നമ്മൾ വേറെ എവിടെയോ കണ്ടിരുന്നല്ലോ?”, ബിന്ദു പറഞ്ഞു.
അതെ, ബിഷ്കെക്കിലെ ബാലേ തീയേറ്ററിന് സമീപമുള്ള വലിയ പ്രതിമ തൊക്തോഗുൽ സതിൽഗാനോവ് എന്ന കിർഗിസ് സംഗീതജ്ഞന്റെതാണ്. അദ്ദേഹത്തിന്റെ പേരിലാണ് ഈ നഗരവും ഈ റിസർവോയറും. 1864 ൽ ജനിച്ചു 1933 ൽ മരിച്ച ഈ ഗായകൻ സാറിസ്റ്റ് റഷ്യയും സോവിയറ്റ് കാലഘട്ടവും തന്റെ ജീവിത കാലത്തു തന്നെ കണ്ടു. സാറിന്റെ ഭരണകാലത്തും അദ്ദേഹം ഒരു ജനാധിപത്യ വാദിയായിരുന്നു. അദ്ദേഹം അക്കാലത്തു തടവിലാക്കപ്പെടുകയും സൈബീരിയയിലേക്ക് അയക്കപ്പെടുകയുമുണ്ടായി. സോവിയറ്റ് കാലത്തു ഇദ്ദേഹം ഒരു ജനകീയ ഗായകനായി വാഴ്ത്തപ്പെട്ടു. ഇദ്ദേഹത്തിന്റെ ഗാനങ്ങൾ വർഗ സംഘർഷത്തിന്റെ ഗാനങ്ങളാണ് എന്ന് വ്യാഖ്യാനമുണ്ടായി. എന്നാൽ ഇതൊക്കെ ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളായിരുന്നു എന്ന പഠനങ്ങളാണ് പിന്നീട് വന്നത്. എന്തായാലും ലെനിനെ പ്രകീർത്തിച്ചുകൊണ്ടൊക്കെ അദ്ദേഹം ഗാനങ്ങൾ രചിച്ചു. ഇദ്ദേഹം ജനിച്ച ഗ്രാമം ഇന്ന് ഈ റിസർവോയറിനു കീഴിലാണ്. എന്നാൽ ഈ ഓർമ്മക്കായി ഈ പട്ടണത്തിനു അദ്ദേഹത്തിന്റെ പേര് നൽകുകയും ചെയ്തിരിക്കുന്നു.
“സ്വർണത്തിന്റെ കിലുക്കം പോലെ
സത്യത്തിന്റെ വാക്ക് മുഴങ്ങണം.”
എന്ന അദ്ദേഹത്തിന്റെ കവിതയുടെ വരികൾ കിർഗിസ്ഥാനിൽ പൊതു സ്ഥാപനങ്ങളിൽ എഴുതിവച്ചിരിക്കുന്നത് ഞങ്ങൾ പലയിടത്തും കണ്ടു.
ചിങ്കിസ് ഐത്മതോവ് എഴുതിയ സ്റ്റെപ്പികളുടെ കഥകളുടെ ആമുഖത്തിൽ ഞങ്ങൾ ഇപ്പോൾ കടന്നുപോകുന്ന ഈ റോഡിനെപ്പറ്റി എഴുതിയിട്ടുണ്ട്:
“നിങ്ങൾ നറീൻ എന്ന് പേരുള്ള പ്രചണ്ഡമായ കാട്ടാറിനരികിലൂടെ വണ്ടിയോടിച്ചു പോകുമ്പോഴായിരിക്കും സൂര്യൻ അസ്തമിക്കുന്നത്. പെട്ടെന്ന് വിളക്കുകൾ തെളിയുന്നു. അതാ ഒരു ഗർജനം കേൾക്കാം. മുന്നോട്ട് പോകുന്തോറും ഊറ്റത്തോടെ അത് കാതിൽ മുഴങ്ങുന്നു…ഇതാണ് തൊക്തോഗുൾ വൈദ്യുതി നിർമ്മാണകേന്ദ്രത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ.” പാറപൊട്ടിക്കുന്നതും റോഡ് പണിയുന്നതും പിന്നീട് വൈദ്യുതി ഉൽപ്പാദന കേന്ദ്രം വരുന്നതുമൊക്കെ ഈ കഥകളുടെ ഭാഗമാണ്.
ഈ കഥകളൊക്ക ഞങ്ങൾ കണ്ടെത്തിയത് ഫേസ്ബുക്കിലാണ്. ഈ ഫേസ്ബുക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ചിലപ്പോൾ അത്ഭുതങ്ങളുടെ ഒരു അനർഘ ഖനിയാണ്. അച്ഛന്റെ ബാല്യവും ചിങ്കിസ് ഐത്മതോവിന്റെ കഥകളും പപ്രശ്ശനായ കുരുവിയും അടക്കം ധാരാളം പഴയ പുസ്തകങ്ങൾ നമുക്ക് ഇവിടെ വായിക്കാം.
യാത്ര തുടരുമ്പോൾ തുടർന്നുള്ള വഴികളിൽ ഇരുവശവും ചുവന്ന മണ്ണ് നിറഞ്ഞ മലനിരകളാണ്. ഞങ്ങളുടെ ഡ്രൈവർ കൂടെയുള്ള എല്ലാ സ്ത്രീകളെയും അവരുടെ ഗ്രാമത്തിൽ വീട്ടിന് മുൻപിൽ തന്നെയാണ് ഇറക്കിയത്. അവരെല്ലാം ഇറങ്ങിയിട്ട് ഞങ്ങളെ ഞങ്ങളുടെ താമസസ്ഥലത്തെത്തിച്ചു.
ജലാലാബാദിൽ എത്തിയപ്പോൾ രാത്രിയായി. അതേവരെ താമസിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഞങ്ങൾക്ക് കിട്ടിയത് ഒരു ഡോർമിറ്ററിയാണ്. വൈൻ കുപ്പികൾ നിരത്തിവച്ചിരിക്കുന്ന ഒരു ഇരുണ്ട മുറിയിൽ കൂട്ടുകാരികൾ എന്ന് തോന്നുന്ന രണ്ട് സത്രം സൂക്ഷിപ്പുകാരുണ്ട്. അവരെ കണ്ടയുടൻ മുറിയുടെ താക്കോൽ ചോദിക്കുന്നതിന് മുൻപ് തന്നെ ‘സ്തോപ്പേർ ..സ്തോപ്പേർ ..’ എന്ന് അബു അലമുറയിടുന്നത് കേട്ടു. ഞങ്ങളുടെ കയ്യിലെ ഇനിയും പൊട്ടിക്കാത്ത വൈൻ കുപ്പിയെ അവൻ പ്രതീക്ഷയോടെ ഓർത്തു. മുറിയിൽ ഇരിക്കുന്ന സത്രം സൂക്ഷിപ്പുകാരി വലിയ സ്നേഹത്തോടെ ഞങ്ങൾക്ക് മുറിയുടെ ചാവിയും വൈൻ കുപ്പി തുറക്കാനുള്ള ‘സ്തോപ്പേറും’ തന്നു.
ഈ യാത്രയിൽ ആദ്യമായാണ് ഞങ്ങൾ ഇതേപോലെ ഒരു ഡോർമിറ്ററിയിൽ കഴിയുന്നത്. നാല് പേർക്ക് കിടക്കാവുന്ന ബങ്കുകളുള്ള ഒരു ചെറിയ മുറി. ബെഡിലെ സ്ട്രിങ്ങുകൾ പൊട്ടി വെളിയിലേക്ക് തള്ളി നിൽക്കുകയാണ്. മാത്രമല്ല വാതിൽ അടയ്ക്കാനോ ലോക്ക് ചെയ്യാനോ കഴിയില്ല. ഇതൊന്നും അലോസരപ്പെടുത്തുന്ന കുടുംബമല്ല ഞങ്ങളുടേത്. ഈ പരിമിതി മറികടക്കാൻ പുതുതായി കിട്ടിയ സ്തോപ്പേർ കൊണ്ട് എത്ര ശ്രമിച്ചിട്ടും വൈൻ കുപ്പി തുറക്കാൻ കഴിഞ്ഞില്ല എന്നത് മാത്രം സങ്കടമായി അവശേഷിച്ചു.
രാത്രി ഞങ്ങൾ നഗരത്തിലൂടെ ചെറുതായി ഒന്ന് കറങ്ങി. ഞങ്ങളുടെ സത്രത്തിനടുത്താണ് ഫ്രുൻസിന്റെ വലിയ പ്രതിമ. ഇദ്ദേഹത്തിന്റെ പേരാണ് ഈ രാജ്യത്തിന്റെ തലസ്ഥാനത്തിന് സോവിയറ്റുകാർ നൽകിയത്.പിൽക്കാലത്താണ് ബിഷ്കെക്ക് എന്ന പേര് വരുന്നത്. ഇദ്ദേഹം ഈ നാട്ടുകാരനാണ് എന്ന് തോന്നുന്നു. അതുകൊണ്ടാണ് ബിഷ്കെക്കിൽ കാണാത്ത വലിയ പ്രതിമ ജലാലാബാദിൽ ഉള്ളത്.
രാത്രിയിൽ നഗരം ശാന്തവും സുന്ദരവുമായിരുന്നു. എട്ട് മണി ആയപ്പോഴേക്കും വിജനമായ തെരുവുകൾ. വലിയ വിശാലമായ പാതകൾക്ക് ഇരുവശവും മധ്യത്തിലും വളർന്നുനിൽക്കുന്ന വലിയ വൃക്ഷങ്ങളിൽ കാറ്റടിച്ച് ഇലയനങ്ങുന്നതിന്റെ ശബ്ദം മാത്രമേ ഉള്ളൂ. അപരിചിതവും ഇരുണ്ടതുമായ നഗരത്തിൽ ഏറെ സമയം രാത്രിയിൽ ചുറ്റിക്കറങ്ങുന്നതിൽ വലിയ സാഹസികത കാണാത്തതിനാൽ ഞങ്ങൾ തൊട്ടടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. എന്നാൽ പുറത്തെ ശാന്തതയിൽ നിന്ന് വിഭിന്നമായി അവിടെ വലിയ മേളമാണ്. ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളൂം ഒരുമിച്ചിരുന്ന് ഹുക്ക വലിക്കുകയാണ്. ഇവിടെ യുവതീയുവാക്കൾ വളരെ പാശ്ചാത്യമായ വേഷവും ആശയങ്ങളും ജീവിത രീതിയും വളരെ സ്വാഭാവികമായി സ്വീകരിച്ചു കഴിഞ്ഞു.
ഇതേവരെ മനോഹരമായ ഈ രാജ്യത്തെക്കുറിച്ച് ഞങ്ങൾ നല്ല കാര്യങ്ങൾ മാത്രമേ പറയുന്നുള്ളല്ലോ എന്ന് നിങ്ങൾക്ക് തോന്നിയേക്കും. എങ്കിൽ ഇനിയിപ്പോൾ കിർഗിസ്ഥാനിലെ പൊതു കക്കൂസുകളെ കുറിച്ചുപറയാം. ബിഷ്കെക്കിലെ റെയിൽവേ സ്റ്റേഷൻ മുതൽ ഇത്തരം കക്കൂസുകൾ കണ്ടു ഞങ്ങൾ ഞെട്ടിത്തുടങ്ങിയതാണ്. സുജനമര്യാദയോർത്ത് അതൊന്നും ഇതേവരെ പറഞ്ഞില്ല എന്നേയുള്ളു. കോൺക്രീറ്റ് തറയിലെ ത്രികോണാകൃതിയിലുള്ള ഒരു തുള മാത്രമാണ് ഇവിടെ കക്കൂസ്. അവിടെ ഇരിക്കാനൊന്നും പ്രത്യേക സംവിധാനമില്ല. ഈ കുഴിയെ ലക്ഷ്യമാക്കി ഇരുന്നോ നിന്നോ നിങ്ങൾ കാര്യം സാധിക്കണം. മുൻപ് ഇതൊക്കെ ചെയ്യാൻ ശ്രമിച്ചവരുടെ അവശിഷ്ടങ്ങൾ പലപ്പോഴും ചിതറിക്കിടക്കുകയാവും.
ഡ്രൈ ടോയ്‌ലെറ്റ് എന്നാണ് ഇത്തരം സംവിധാനത്തെ പറയുന്നത് എന്ന് കക്കൂസിന്റെ കാര്യത്തിൽ ഞങ്ങളുടെ ഉപദേശകനായ കെ എൻ ഷിബു പറഞ്ഞു. ജലം കുറഞ്ഞ സ്ഥലങ്ങളിലാണ് ഇത് കൂടുതലും കാണുന്നത്. ഇത് പിന്നീട് കമ്പോസ്റ്റായും മാറും. എങ്കിലും ഈ രാജ്യത്തെ സ്വിറ്റ്സർലാൻഡ് പോലെ ടൂറിസ്റ്റ് കേന്ദ്രമാക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഭരണാധികാരികൾ ഇക്കാര്യം ആലോചിക്കാത്തത് എന്താണോ? ഈ രാജ്യത്തിലൂടെ സഞ്ചരിക്കുന്നവർ അധികാരികളോട് ആവശ്യപ്പെടുന്ന ഒരു പ്രധാന കാര്യം നല്ല ടോയ്‌ലെറ്റ്സ് ആണ്.
ജലാലാബാദ് മനോഹരമായ നഗരം തന്നെ. ഇവിടെയാകട്ടെ ധാതു ലവണങ്ങൾ കലർന്ന വെള്ളവും മണ്ണുമുള്ള പ്രശസ്തമായ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളുമു ണ്ട്. എന്നാൽ ഞങ്ങൾക്ക് ഇവിടെ ഏറെ സമയമില്ല. പിറ്റേന്ന് രാവിലെ സത്രത്തിനോട് യാത്ര പറഞ്ഞു ഒരു യാൻഡെക്സ് പിടിച്ചു ബസ് സ്റ്റാൻഡിലേക്ക് പോയി. ഇവിടെനിന്നാണ് ആർസലാൻബോബിലേക്ക് പോകേണ്ടത്. മഞ്ഞു മൂടിയ മലനിരകളും അവയ്ക്കിടയിലെ തടാകങ്ങളും കുതിര സവാരിയും തേടി കിർഗിസ്താനിൽ വരുന്ന സഞ്ചാരികൾ അത്രയേറെ വരാത്ത ഒരു വന മേഖലയാണ് ആർസലാൻബോബ്. ഈ സമൂഹത്തിന്റെ നൊമാഡിക് സംസ്കാരവുമായി ഇഴചേർന്നു കിടക്കുന്ന ഒരു സ്ഥലം. ഇവിടെ പോകണം എന്നത് ഞങ്ങളുടെ തുടക്കം മുതലേയുള്ള ആഗ്രഹം ആയിരുന്നു.