I’ve loved the stars too fondly to be fearful of the night
– Galileo
നാരങ്ങ പൊളിച്ച മണവും പേറി ഇന്നൊരുഗ്രന്‍ ഐറ്റം ഓഫീസില്‍ ജോയിന്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് റഷീദ് തുടങ്ങിയത്. കല്യാണം മുടങ്ങിയതിന് ശേഷം മൂന്നാല് മാസം ഡിപ്രഷനടിച്ചു നടന്ന അവന്‍ പിന്നെ എന്നെ വിളിക്കുന്നത് ഈയൊരു കാര്യം പറയാന്‍ വേണ്ടിയായിരുന്നു.
“സെന്റും പൂശി വന്നതാണോ ഇത്ര വല്യ സംഭവം?” സത്യത്തില്‍, അവന്‍ ഐറ്റം എന്നൊക്കെ പറഞ്ഞത് എനിക്കത്ര പിടിച്ചിരുന്നില്ല.
“സെന്റല്ല, ലിപ്സറ്റിക്ക്…”
എന്‍റെ തൊള്ള പിളര്‍ന്നു! നാരങ്ങാമണമുള്ള ലിപ്സ്റ്റിക്കിനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
“അല്ലെങ്കിലും അണക്കെന്ത് കുന്താണ് അറിയ!” റഷീദ് കളിയാക്കി.
ശരിയാണ്. എനിക്ക് ഈവക കാര്യങ്ങളൊന്നും അറിയില്ലായിരുന്നല്ലോ.ഫ്ലേവറുകളുള്ള കോണ്ടത്തിനെ കുറിച്ച് അറിയില്ലായിരുന്നു, പെണ്ണുങ്ങളുടെ മാസ്റ്റര്‍ബേഷനെ കുറിച്ച് അറിയില്ലായിരുന്നു, നാപ്കിന്‍ പകരം സ്ത്രീകള്‍ ഉപയോഗിക്കുന്ന മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച് അറിയില്ലായിരുന്നു. എല്ലാം പലപ്പോഴായി അവനാണ് പറഞ്ഞുതന്നിരുന്നത്.
എന്തായാലും റഷീദിന്റെ ഓഫീസില്‍ അതിസുന്ദരിയായ വിനോദിനിചേച്ചി ജോയിന്‍ ചെയ്ത ആ ദിവസം മുതല്‍ എനിക്ക് മനസമാധാനമില്ലാതെയായി എന്നു പറയാം. എപ്പോള്‍ ഫോണ്‍ ചെയ്താലും അവരെ കുറിച്ച് മാത്രമാണ് വര്‍ത്തമാനം. ആദ്യമാദ്യം രസം തോന്നിയെങ്കിലും പിന്നീട് അവന്‍റെ കോളുകള്‍ പലപ്പോഴും എന്‍റെ തലയ്ക്ക് മുകളില്‍ ഗില്ലറ്റിന്‍ പോലെ തൂങ്ങിയാടി.
“ന്റെ മോനേ, ആ ചിരിയൊന്ന് കാണണം യ്യ്…”
“മൂപ്പത്തിക്കെന്താ രണ്ട് തൊള്ളണ്ടോ?” ഫോണ്‍വിളികളും വര്‍ണനകളും വല്ലാതെ അസഹ്യമായപ്പോള്‍ ഒരു തവണ എനിക്കല്‍പ്പം പരുക്കനാകേണ്ടി വന്നു.
അതോടെ രണ്ടുമൂന്ന് ദിവസത്തിന് അവന്റെ വിളികള്‍ക്ക് നേരിയ ആശ്വാസം കിട്ടി. ഇല്ല, നാലാം ദിവസം വീണ്ടും വിളിച്ചു. അന്നേരം ഞാന്‍, കാര്‍ന്നോരുടെ ഇളയമോള്‍ മഞ്ചാടിക്കുരു മൂക്കിലിട്ടത് എടുപ്പിക്കാനായി ഹോസ്പിറ്റലില്‍ ഇരിക്കുകയായിരുന്നു. വീടടക്കി ഹോസ്പിറ്റലിലേക്ക് എത്തിയിട്ടുണ്ട്. തേങ്ങലുകളും ഭീതിയുമാണ് ചുറ്റുവട്ടത്തും.
“ഇന്നൊരു നീല സാരീം ചുറ്റിയായിരുന്നു വരവ് മോനേ… ആ നീലനിറവും ശരീരവടിവും. ഹോ!”
വേദന കൊണ്ട് മടിയില്‍ കിടന്ന് പുളയുന്ന കുഞ്ഞിന്‍റെ മൂളക്കവും ഹോസ്പിറ്റലിന്റെ മണവും ഒരുപോലെ അസ്വസ്ഥതപ്പെടുത്തുന്നതിനിടയിലേക്കാണ് അവന്റെ ഒലക്കമ്മലെ ഫോണ്‍. ദേഷ്യപ്പെട്ട് ഒരു പാ’യും കനത്തിലൊരു മാ’യും ചാമ്പി ഫോണ്‍ കട്ട് ചെയ്തതിന് ശേഷം കുറേ കാലത്തേക്ക് പിന്നെ വിളിയൊന്നും ഉണ്ടായില്ല.
രക്ഷപ്പെട്ടെന്ന് ഞാനും കരുതി. പക്ഷേ വളരെ അപ്രതീക്ഷിതമായി ഞങ്ങള്‍ രാമനാട്ടുകര വായനശാലയില്‍ വച്ച് നേരിട്ട് കണ്ടുമുട്ടി. അതൊരു ഞായറാഴ്ചയിലായിരുന്നു. കുട്ടികളുടെ കലപില നിറഞ്ഞ തൊട്ടപ്പുറത്തെ പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ അവന്‍ പക്ഷേ വലിയ നിരാശയിലായിരുന്നു.
“ഓഫീസിലുള്ള സുഹൈലില്ലേ, ഓന്‍ ഓലെ ട്യൂണ്‍ ചെയ്ത് ഏറെക്കുറെ സെറ്റാക്കിയെടാ. മൂപ്പത്തിയിപ്പോള്‍ എന്നെയൊന്ന് നോക്കുന്നുപോലുമില്ല. അല്ല, നോക്കണതും നോക്കാത്തതുമൊക്കെ ഓലെ ഇഷ്ടവും സ്വാതന്ത്ര്യവുമൊക്കെയാണ് ട്ടോ. എന്നാലും…”
ഞാനവനെ തുറിച്ചുനോക്കി. സുഹൈല്‍ ഓഫീസിലെ അവന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് എനിക്കറിയാം. ”അല്ല റഷീദേ, അണക്കിത് എന്തിന്റെ കേടാണ്? ആ കേസ് വിട്ടുപിടിക്കെടാ യ്യ്.” ഞാന്‍ അലസത ഭാവിച്ചു.
“നിനക്കത് പറഞ്ഞാല്‍ മനസ്സിലാവൂല. അങ്ങനെ വിട്ടുകൊടുക്കാനൊന്നും പറ്റൂലഡാ.” അവന്‍ സീരീയസായിരുന്നു. “ഞാനെന്തായാലും ഓലോട് ഇന്നലെ ഒരു മെസേജിലൂടെ സംഗതി ചോദിച്ചു”
“എന്ത് സംഗതി?” എന്റെ അണ്ണാക്കിലെ വെള്ളം വറ്റി.
“ങ്ങളും സുഹൈലുമായി എന്താ ബന്ധമെന്ന്?”
“നശിപ്പിച്ചു.” ഞാന്‍ തലയ്ക്ക് കൈ കൊടുത്തിരുന്നു. അവന്‍ ചുറ്റുപാടും ഒന്നു പരതി നോക്കിയ ശേഷം രഹസ്യം പോലെ പറഞ്ഞു. “അണക്കറിയോ? ഇന്നലെ ഉച്ചക്ക് ശേഷം സുഹൈല്‍ ലീവാണ്.”
“അതിനെന്താണ്?” എനിക്കൊന്നും മനസ്സിലായില്ല.
“ഇന്നലെ വിനോദിനിചേച്ചിയും രാവിലെ മുതല്‍ വന്നിട്ടില്ലെഡാ. ഒരുമിച്ച് ലീവെടുത്താല്‍ എല്ലാരും അറിയൂലേ? അതിന് പറ്റിച്ച പണിയാ. ഉച്ചക്ക് ശേഷം രണ്ടുംകൂടി വല്ല ബീച്ചിലോ കടപ്പുറത്തോ പൊങ്ങീണ്ടാവും ഉറപ്പാണ്.” അവന്‍ നിരാശയോടെ മുഖം ചുളിച്ച് ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.
ഞാനവനെ ദയനീയമായി നോക്കി. ഇനി അഥവാ അവര് ബീച്ചില്‍ പോയാല്‍ തന്നെ ഇവനെന്താണ്! പൊടുന്നനെ അവന്‍ എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. “എടാ ഞാന്‍ എപ്പോ വിളിച്ചാലും യ്യ് ഫോണെടുക്കണംട്ടോ. എനിക്കിതൊക്കെ വിശ്വസിച്ച് പറയാന്‍ യ്യ് മാത്രമേയുള്ളൂ. ആരോടും പറയാണ്ടിരുന്നാല്‍ ചെലപ്പോ പ്രാന്ത് പിടിക്കും. അതാ.”
എനിക്കൊന്ന് ഉറക്കെ കരയാന്‍ തോന്നി. ലോകത്തിലെ ഏറ്റവും നിസ്സഹായനായ ജീവിയെപ്പോലെ കണ്ണില്‍ വെള്ളം നിറച്ച് ഞാന്‍ തലയാട്ടി.
അതില്‍ പിന്നെ ഒട്ടുമിക്ക ദിവസങ്ങളിലും ഫോണ്‍ വന്നുകൊണ്ടിരുന്നു. ചില ദിവസങ്ങളില്‍ ഉച്ചക്ക്, അതല്ലെങ്കില്‍ വൈകുന്നേരം. അതുമല്ലെങ്കില്‍ രാവിലെ. വിനോദിനിചേച്ചി തൊടാറുള്ള വലിയ കളര്‍പൊട്ടിനെപ്പറ്റി, അല്ലെങ്കില്‍ അവരുടെ തിളങ്ങുന്ന മൂക്കുത്തിയെ കുറിച്ച്, അവര്‍ പൂശിയ പൗഡറും വിയര്‍പ്പും കെട്ടിപ്പിണഞ്ഞ മണത്തെ കുറിച്ച്, അവരുടെ ചായംപൂശിയ വിരല്‍നഖങ്ങളെ കുറിച്ച്, നിഴലിക്കുന്ന ബ്ലൗസിനുള്ളിലൂടെ കാണുന്ന ബ്രായെക്കുറിച്ച്, കാല്‍വിരലുകളിലണിഞ്ഞ മിഞ്ചിയെകുറിച്ച് അവനങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.
പെരുന്നാളിന്റെ തലേന്ന് വിളിച്ചത് നട്ടാപ്പാതിരായ്ക്കാണ്. ഞാനാണെങ്കില്‍ അന്ന് കിടക്കാനും നേരം വൈകിയിരുന്നു. ഫസീലയുമായുള്ള പ്രണയം വീട്ടിലറിഞ്ഞ് ആകെ കുളമായ ദിവസമായിരുന്നു അന്ന്. എത്രയും പെട്ടെന്ന് നിക്കാഹ് ഉറപ്പിച്ചില്ലെങ്കില്‍ ഉപ്പ വേറെ ആള്‍ക്ക് കെട്ടിക്കും എന്ന് അവള്‍ പറയുന്നത് വല്ലാത്ത ഞെട്ടലോടെയാണ് ഫോണിലൂടെ കേട്ടത്. കരഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ വെച്ചുകഴിഞ്ഞപ്പോള്‍ കുറേനേരം ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീടെപ്പോഴോ ഒന്നു മയങ്ങിയതായിരുന്നു. അപ്പോഴുണ്ട് ഫോണ്‍ പിന്നെയും ബെല്ലടിക്കുന്നു. അവളാണെന്ന് കരുതിയാണ് എടുത്തത്, നോക്കിയപ്പോള്‍ റഷീദ്.
“ഡാ സുഹൈലിപ്പോ സ്ഥിരമായി വൈകുന്നേരം സീറ്റില്‍ നിന്നും ബാത്റൂമില്‍ പോയി വരുമ്പോള്‍ ഇന്‍സൈഡ് പുറത്തേക്കിടുന്നുണ്ട്.”
സമയം നോക്കിയപ്പോള്‍ ഒന്നരമണി! ഇന്‍സൈഡും ഔട്ട് സൈഡുമൊക്കെ പറയാന്‍ പറ്റിയ സമയം.
“അതെന്തിന്?”
“എളുപ്പത്തില്‍ കളിക്കാന്‍.”
എന്റെ കിളി പോയി. ക്ഷമയുടെ നെല്ലിപ്പലകയിലായിരുന്നു ഞാനപ്പോള്‍. “ഒക്കെ അന്റെ തോന്നലാ റഷ്യേ..” ഞെരിയുന്ന അണപ്പല്ലിന്റെ ഒച്ച അവന്‍ കേള്‍ക്കാതിരിക്കാന്‍ ആവതും ശ്രമിച്ചു.
“ഒരു തോന്നലുമല്ല. എല്ലാരും പോയതിന് ശേഷം ഓല് തമ്മില്‍ എന്തോ കളിയുണ്ട്. ഇനി ഞാനെന്തായാലും മറച്ചുവെക്കുന്നില്ല. ഓലെ കെട്ട്യോനെ അറിയിക്കാന്‍ പോവ്വാണ്. മൂപ്പര് ഇടയ്ക്കിടെ മൂപ്പത്തീനെ പിക്ക് ചെയ്യാന്‍ ഓഫീസില്‍ വരലുണ്ട്. വിടില്ല ഞാന്‍..”
“ഈദ് മുബാറക്.” ഞാന്‍ വേഗം ഫോണ്‍ കട്ട് ചെയ്ത് സ്വിച്ച് ഓഫാക്കി.
പിന്നെയുള്ള ദിവസങ്ങളില്‍ അവന്‍ വിളിക്കുമ്പോള്‍ ഞാന്‍ അതിനെ കുറിച്ച് ഒരക്ഷരം ചോദിച്ചില്ല. അവനാണെങ്കില്‍ വിനോദിനിചേച്ചിയെ കുറിച്ച് പറഞ്ഞതുമില്ല. എനിക്കും ആശ്വാസമായി. ഞാനും ഫസീലയും ഇരുവീട്ടുകാരുടെയും എതിര്‍പ്പിനെ ചൊല്ലി റജിസ്ട്രര്‍ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്ത്, ഒരു കോള്‍ഡ് കോഫി കഴിക്കുന്ന നേരമാണ് പിന്നെ അവന്‍ വിളിക്കുന്നത്. അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോള്‍ ടൗണിലേക്ക് വരാന്‍ പറഞ്ഞു.
ഫോണ്‍ കട്ടായപ്പോള്‍ വിളിച്ചത് ആരാണെന്ന് ഫസീല പതിവുപോലെ ചോദിച്ചു. അത് അവളുടെയൊരു സ്വഭാവമാണ്. കൂടെയുള്ളപ്പോള്‍, ആരുടെ ഫോണ്‍ വന്നാലും വിശദീകരിച്ചു കൊടുക്കണം. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു, അവള്‍ അന്തം വിട്ട് എല്ലാം കേട്ടിരുന്നു.
“ഓലങ്ങനെ നടക്കണേന് ങ്ങളെ ചെങ്ങായിക്കെന്താണ്?”
അതെനിക്കും അറിയില്ലായിരുന്നു. ഞാന്‍ കൈ മലര്‍ത്തി.
അന്ന് നേരില്‍ കാണുമ്പോള്‍ റഷീദ് വളരെ ഹാപ്പിയായിരുന്നു. എന്താ കാര്യമെന്ന് തിരക്കിയപ്പോള്‍ അവന്‍ ഹൃദ്യമായി ചിരിച്ചു.
“അണക്കറിയാലോ അഞ്ചുമണിയാവുമ്പോള്‍ ഞങ്ങളെ ഓഫീസിലെ വര്‍ക്ക് തീരുംന്ന്. കൊറച്ചീസായിട്ട് വിനോദിനിചേച്ചീം സുഹൈലും അഞ്ചുമണിക്ക് ഓഫീസീന്ന് ഇറങ്ങല്‍ല്ല. മാത്രല്ല, മൂപ്പത്തി വൈകുന്നേരം അവന്റെ തൊട്ടപ്പുറത്തെ ചെയറില്‍ വന്നിരിക്കാനും തുടങ്ങീണ്ട്. ക്ലാര്‍ക്ക് ദിവാകരേട്ടനും സംഗതി കത്തീണ്. ഞാനന്ന് ഇന്‍സൈഡിന്‍റെ കാര്യം പറഞ്ഞത് ഓര്‍മയില്ലേ അണക്ക്. എല്ലാരും പോയിട്ടാണ് കലാപരിപാടി. വിടാമ്പറ്റ്വോ? കൊറേ ദിവസമായിട്ടിപ്പോ ഞാനും, ഓല് രണ്ടും ഇറങ്ങണ വരെ ഓഫീസില്‍ ഇരിക്കാന്‍ തുടങ്ങീണ്. ഒന്നിനും കഴിയാതെ രണ്ടുമിപ്പോ ഏറെക്കുറെ പെട്ട മട്ടാ. ഹ ഹ ഹ…” എത്ര ശ്രമിച്ചിട്ടും ആ ചിരിക്ക് മനുഷ്യന്റെ ചിരിയുമായി യാതൊരു സാമ്യവും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.
ഞങ്ങളന്നേരം മിഠായിത്തെരുവില്‍ അവന് കണ്ണിനുള്ള കോണ്‍ടാക്ട് ലെന്‍സ് തിരഞ്ഞ് നടക്കുകയായിരുന്നു. ഒപ്റ്റിക്കല്‍സില്‍ നിന്നും തിരഞ്ഞെടുത്ത കാപ്പിക്കളറുളള്ള ലെന്‍സ് ഘടിപ്പിച്ച് അവന്‍ കണ്ണാടിയില്‍ അവനെത്തന്നെ സംശയത്തില്‍ തുറിച്ചുനോക്കി.. എന്നിട്ട് എന്റെ നേരെ മുഖംനീട്ടി രഹസ്യം പോലെ പറഞ്ഞു.
“വിനോദിനിചേച്ചിക്ക് സാദാ കണ്ണുള്ളവരെ ഇഷ്ടമല്ല. സുഹൈലിന് പൂച്ചക്കണ്ണാണ്.”
റഷീദിന് ഏറെക്കുറെ ഭ്രാന്തായെന്ന് എനിക്ക് ഉറപ്പായി. അവരെ കുറിച്ചുള്ള പരദൂഷണത്തെ ഇനിയും വല്ലാതെ പ്രോല്‍സാഹിപ്പിക്കണ്ടതില്ല എന്നും തീരുമാനിച്ചു. അതോടെ, വൈകുന്നേരങ്ങളില്‍ യൂണിവേഴ്സിറ്റിയിലെ എ.ടി.എമ്മിനടുത്തുള്ള പാലമരത്തിന് ചുവട്ടില്‍ പഫിട്ട് നില്‍ക്കുന്ന സമയത്ത് വരാറുള്ള അവന്റെ കോളുകള്‍ അറ്റന്റ് ചെയ്യുന്നത് ഞാന്‍ നൈസായിട്ടങ്ങട്ട് നിര്‍ത്തി. എന്നിട്ടുണ്ടോ വല്ല രക്ഷയും! കോള് എടുക്കാതെയായതോടെ വിളിയോട് വിളി. ഒടുക്കം നമ്പര് മ്യൂട്ടാക്കി. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു വൈകുന്നേരമുണ്ട് എന്റെ മൂത്ത അമ്മോന്‍ വിളിക്കുന്നു. മൂപ്പരങ്ങനെ വിളിക്കാത്തതാണ്, അതുകൊണ്ടുതന്നെ നേരിയ ബേജാറോടെയാണ് ഫോണെടുത്തത്.
“യ്യെന്താഡാ റഷി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തത്? അവന്‍ എന്നെ വിളിച്ച് സങ്കടം പറഞ്ഞല്ലോ.”
അമ്മോന്റെ പറച്ചില് കേട്ടപ്പോള്‍ ഞാനാകെ അന്തംവിട്ടു. ഇവനെന്ത് തേങ്ങയ്ക്കാണ് ഇതെല്ലാം പോയി അമ്മോനോട് വിളമ്പുന്നത്! പേണായി അടക്കം ഒന്ന് പൊട്ടിക്കാന്‍ തോന്നി എനിക്ക്. മൂത്ത അമ്മോന്റെ വീടിനടുത്തുള്ള പെണ്‍കുട്ടിയുമായിട്ടാണ് റഷീദ് പുതിയ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നത്. എങ്ങനെയോ പെണ്ണ് തിരഞ്ഞ് അവിടെ എത്തിപ്പെട്ടതാണ്, അല്ലാതെ ഞാന്‍ മുഖാന്തിരമൊന്നുമല്ലായിരുന്നു. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിലും അവന് ഇടയ്ക്ക് അവിടേക്ക് ഒരു പോക്കുവരവുണ്ട്. ആ സമയത്ത് അമ്മോനോട് പറഞ്ഞതായിരിക്കും. ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റിലേക്കിടാന്‍ തുനിയുമ്പോള്‍ പിന്നെയും കോള്‍. നോക്കുമ്പോള്‍ ഹരീഷാണ്.
“അണക്കെന്താണ്ടാ റഷീദുമായി പ്രശ്നം? എന്തെങ്കിലുണ്ടെങ്കി പറഞ്ഞുതീര്‍ക്കെടാ യ്യ്.. ഫോണെടുക്കാതെ ആ പാവത്തിനെ വെറുതെ കളിപ്പിക്കാന്‍ നിക്കണോ?”
ഹരീഷ് വെച്ചപ്പോഴേക്കും ബിനോയിയുടെ കോള്. അത് കഴിഞ്ഞപ്പോള്‍ രവ്യേട്ടന്‍, രവ്യേട്ടനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങാടിയിലെ വാഴക്കുല കച്ചവടക്കാരന്‍ നാസറാക്ക. അങ്ങനെ നാട്ടുകാര് മൊത്തം വിളിയോട് വിളി. ഏറെക്കുറെ പള്ളിക്കല്‍ അംശംദേശം മുഴുവന്‍ ഞാനവന്റെ ഫോണ്‍ അറ്റന്റ് ചെയ്യാത്തത് അറിഞ്ഞുകഴിഞ്ഞു എന്നായപ്പോള്‍ വേഗം അവനെ തിരിച്ചുവിളിച്ചു. അവന് പക്ഷേ യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
“ഡാ.., ഞാനിന്നലെ ചേച്ചിയുടെ ഹസ്സിനെ കണ്ടു. എല്ലാം പറയാം എന്ന് കരുതിയിട്ടാണ് മൂപ്പരെ പോയി പരിചയപ്പെട്ടത്. അയാള് ഒരക്ഷരം മിണ്ടിയില്ലെടാ എന്നോട്, ന്തൊരു മന്‍ഷ്യനാണ്!”
ഫോണിലൂടെ രണ്ട് തെറി പൊട്ടിക്കാനോങ്ങിയ എനിക്ക് പെട്ടെന്ന് ചിരി വന്നു. ആകാംക്ഷയും കൂടി. വളരെ പണിപെട്ട് രണ്ടും ഞാന്‍ അടക്കി നിര്‍ത്തി.
“എന്നാലും അയാളെന്താ എന്നോട് ഒന്നും ചോദിക്കാഞ്ഞത്. വെറുതെയല്ല സുഹൈല് കേറിക്കളിക്കണത്. അയാളൊരു മൊയന്താണ്ടാ.”
ഞാന്‍ ഫോണ്‍ ചെവിയില്‍ നിന്നെടുത്ത് അതിലേക്ക് ദയനീയമായി നോക്കി. നാളിതുവരെ റഷീദിനെ ഒരു അല്‍പ്പനായി തോന്നിയിട്ടേയില്ലായിരുന്നു. ഒരല്‍പ്പം ഐ.ക്യു കൂടുതലുണ്ടോ എന്ന് മാത്രമായിരുന്നു സംശയം. നല്ല വായനക്കാരനാണ്. പ്രത്യേകിച്ച് ഇംഗ്ലീഷ് പുസ്തകങ്ങള്‍. മലയാളം എഴുത്തുകാരെ അവന് പുച്ഛമാണ്. ഞാനവനെ പരിചയപ്പെടുന്നത് തന്നെ സി.എച്ച് ലൈബ്രറിയിലെ ഇംഗ്ലീഷ് പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ വെച്ചാണ്. വര്‍ത്തമാനം പറഞ്ഞുതുടങ്ങിയപ്പോള്‍ ലോകത്തിനെ കുറിച്ച് നല്ല ധാരണയുള്ളയാളാണെന്ന് മനസ്സിലായി. അല്‍പ്പം ബഹുമാനവും തോന്നി.
അന്ന് അവന് ജോലി യൂണിവേഴ്സിറ്റിയിലല്ല, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലാണ്. ആ ജോലി കിട്ടി രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവന്റെ ആദ്യത്തെ നിക്കാഹ് ഉറപ്പിച്ചു. കുട്ടി ഡിഗ്രിക്ക് പഠിക്കുകയാണ്. നിക്കാഹ് കഴിഞ്ഞപ്പോള്‍ പെണ്ണിനെയും കൊണ്ട് അവന്‍ ഒരു യാത്ര സംഘടിപ്പിച്ചു. നിലമ്പൂര്‍ കാട്ടിലേക്കായിരുന്നു റഷീദിന്റെ പദ്ധതി. ചുംബനവും കെട്ടിപ്പിടുത്തവുമെല്ലാം സ്വപ്നം കണ്ട് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി കനത്ത വെയിലില്‍ അങ്ങേയറ്റം ദാഹവും സഹിച്ച് മരങ്ങളെകുറിച്ചുള്ള വിശദീകരണവും കേട്ട് തേക്കിന്‍കൂട്ടത്തിന് ഇടയിലൂടെ നിസ്സഹായയായി നടന്നു.
പൊടുന്നനെ റഷീദ് നിന്നു. “ഈ തേക്ക് ഏതാണെന്നറിയാമോ?” അവന്‍ ദൂരെയുള്ള മരത്തിന് നേരെ കൈ ചൂണ്ടി.
സങ്കടത്താല്‍ കരയാന്‍ മുട്ടിയ പെണ്‍കുട്ടി ഇല്ല എന്ന് തലയാട്ടി.
“ഇതാണ് ടെക്ടോണ ഫിലിപ്പിനെന്‍സ്. അതായത് ഫിലപ്പൈന്‍ തേക്ക് എന്നും പറയും. ലാമിയേസി കുടുംബത്തില്‍ പെട്ടതാണ്. ലാമിയേസിയില്‍ ഏകദേശം ഇരുന്നൂറ്റിമുപ്പത്തിയാറ് വിഭാഗങ്ങളുണ്ട് എന്നാണ് വെപ്പ്. ഈ ലാമിയേസി എന്നൊക്കെ പറഞ്ഞാല്‍ ചെലപ്പോ മനസ്സിലാവൂല. കുറച്ചൂടി സിംപിളായി പറഞ്ഞാല്‍ മ്പളെ തുളസിയും കാശിത്തുമ്പയുമൊക്കെയില്ലേ അതൊക്കെ ഈ വകുപ്പില്‍ പെട്ടവയാണ്. ഫിലിപ്പീന്‍സില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക ഐറ്റം. പണ്ടൊരു സായ്പ്പ് കൊണ്ടുവന്ന് കുഴിച്ചിട്ടതാണെന്നാണ് കേട്ടുകേള്‍വി. ടീമ് ഇപ്പോ വംശനാശ ഭീഷണിയിലാണ്. കണ്ടുവെച്ചോ കുറേ കഴിഞ്ഞാല്‍ ചെലപ്പോ കാണാന്‍ കൂടി കിട്ടൂല.”.
ടെക്ടോണ ഫിലിപ്പിനെന്‍സിനെ നോക്കിയുള്ള വിശദീകരണം നിര്‍ത്തി റഷീദ് തിരിഞ്ഞുനോക്കിയപ്പോള്‍ നവവധുവിനെ കാണാനില്ല! വൈകുന്നേരം വരെ നിലമ്പൂര്‍ കാട്ടില്‍ റഷീദ് രമണനെപ്പോലെ അലഞ്ഞു നടന്നത് കണ്ടവരുണ്ട്. പക്ഷേ പെണ്‍കുട്ടിയുടെ പൊടി പോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാന്‍.
കല്യാണം മുടങ്ങി.
നിക്കാഹ് വല്ലാതെ ആരോടും പറയാത്തതുകൊണ്ട് കല്യാണം മുടങ്ങിയതും അങ്ങനെ ആരും അറിഞ്ഞില്ല എന്നുമാത്രം.
വിനോദിനിച്ചേച്ചിയുടെ ഹസ്ബെന്റിനെ കണ്ടതിന് ശേഷം അവന്‍ പിന്നെ എന്നെ വിളിക്കുന്നത് അഭിയുടെ രണ്ടാമത്തെ കുട്ടിയുടെ ബെര്‍ത്ഡേയുടെ അന്ന് ഉച്ചക്കാണ്. അവന്റെ നമ്പര്‍ കണ്ടപ്പോള്‍, സദ്യ വിളമ്പിയ ഇലയ്ക്ക് മുന്നിലിരുന്ന് എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചുപോയി കുറച്ചുനേരം. എടുത്താലും ഇല്ലെങ്കിലും സദ്യ കുളമാവും. രണ്ടാമതും റിങ്ങ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അഭിയുടെ വല്യച്ഛനെ എന്റെ സ്ഥാനത്ത് ഇരുത്തി ഞാന്‍ അടുത്ത ട്രിപ്പിലിരുന്നോളാം എന്നും പറഞ്ഞ് പതിയെ തൊട്ടപ്പുറത്തേക്ക് നടന്നു.
“ഡാ.. പണി പാളി. ചേച്ചി ഇപ്പോ കൊറച്ചീസായിട്ട് ഓന്റെ ചെയറിലേക്കുള്ള വരവ് നിര്‍ത്തീണ്. ഓനങ്ങട്ട് പോവാണ് ചെയ്യണ്‍ത്. അതോണ്ട് എന്താണ് സംഭവിക്കണ്‍ണതന് ഒരു പിടുത്തവുമില്ല. വല്ലാത്ത തരായി സാധനങ്ങള്! എത്ര ദെവസായീന്നറ്യോ ഞാനൊന്ന് സമാധാനായി ഉറങ്ങീട്ട്.”
അലകും തട്ടും വേറിട്ടവനെപ്പോലെ ഞാന്‍ ഒരുവിധത്തില്‍ ചുമര് പിടിച്ച് നിന്നു. “റഷ്യേ കൊറേയായെടാ ഞാന്‍ അന്നോടൊരു കാര്യം പറയണംന്ന് വിചാരിക്കണ്. നാളെ ഞായറാഴ്ചയല്ലേ, മ്പക്കൊന്ന് നേരിട്ട് കണ്ടാലോ.”
“ഇത് ഞാനും പറയാനിരിക്ക്യേനി. ഒരു കാര്യം ചെയ്യ്, യ്യ് വൈകുന്നേരം ഒരു മൂന്നുമണിയാവുമ്പോ അറേബ്യന്‍ ഹട്ടിലേക്ക് പോര്. മ്പക്ക് അവിടെരിക്കാം കൊര്‍ച്ച് നേരം.”
കാക്കാഞ്ചേരി പതിമൂന്നിലെ ഒരുഗ്രന്‍ ഭക്ഷണശാലയാണ് അറേബ്യന്‍ ഹട്ട്. എന്തുകൊണ്ട് അവിടേക്കെന്ന് ഞാന്‍ ചോദിച്ചില്ല. അരുവി പോലെ പാട്ടൊഴൂകി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഹട്ടിലിരുന്ന് വര്‍ത്തമാനം പറയാന്‍ നല്ല വൈബാണ്. ഞാനും ഫസീലയും മൂന്നാല് തവണ അവിടെ പോയി ഇരുന്നിട്ടുണ്ട്. എന്തായാലും അവന് ചെറിയൊരു കൗണ്‍സിലിംഗ് വളരെ അത്യാവശ്യമാണ്. ഇനിയും അത് നീട്ടിക്കൊണ്ടുപോയിക്കൂടാ.
ഓടമുള ചീന്തി അടിച്ചുപരത്തിയ ബെഞ്ചിലിരുന്ന് അവന്‍ ഏറ്റവും നിഷ്ക്കളങ്കമായി എന്നെ നോക്കി ചിരിച്ചു.
“കൊറേ ദിവസമായിട്ട് അണക്കൊരു ചെലവു ചെയ്യണംന്ന് വിചാരിച്ചിരിക്ക്യേനി ഞാന്‍.”
“എന്തിന്?”
“യ്യെനിക്ക് അത്ര വേണ്ടപ്പെട്ടവനാണ്ടാ. ഞാനീ കാര്യൊക്കെ വേറെ ആരോടേല്വാണ് പറഞ്ഞതെങ്കി ഓല് എന്നെ പിടിച്ച് സൈക്കോ എന്ന പേരില്‍ ഒന്നുകില്‍ കുതിരവട്ടത്തേക്കോ അതല്ലെങ്കി ഏതേലും കൗണ്‍സിലിംഗ് സെന്ററിലേക്കോ എപ്പം പാര്‍സല് ചെയ്തെന്ന് ചോദിച്ചാ മതി.” അതും പറഞ്ഞ് അവന്‍ പൊട്ടിച്ചിരിച്ചു. ഞാനവനെ തുറിച്ചുനോക്കി. “പക്ഷേ യ്യ്ണ്ടല്ലോ, മുത്താണ്. മുത്ത്! മനസ്സറിയാന്‍ പറ്റ്യ അന്നേപ്പോലത്തെ ചങ്ങായിനെ കിട്ട്യേതാണ് എന്‍റെ ഏറ്റവും വലിയ ഭാഗ്യം.”
ചെറുനാക്കിറങ്ങിയവനെപ്പോലെ ഞാന്‍ മരവിച്ചിരുന്നു. അവന്‍ ഓര്‍ഡര്‍ ചെയ്തത് പ്രകാരം മുന്നിലേക്ക് എത്തപ്പെട്ട പെപ്പര്‍ അല്‍ഫാമും മന്തിയും തന്തൂരിയുമെല്ലാം ഒരു യന്ത്രമനുഷ്യനെപ്പോലെ ഞാന്‍ തിന്നുതീര്‍ത്തു.
ആയിടക്ക് മറ്റൊരു അത്ഭുതം എന്റെ ജീവിതത്തില്‍ സംഭവിച്ചു. ഫസീലയുമായുള്ള കല്യാണത്തിന് എന്റെ വീട്ടുകാര്‍ പാതിസമ്മതം മൂളി. അവളുടെ വീട്ടുകാര്‍ അപ്പോഴും ഇടഞ്ഞുതന്നെ നിന്നു. അതുകൊണ്ടുതന്നെ കല്യാണം ചെറുതായിട്ടാണ് നടത്തിയത്. ക്ഷണിച്ച ചുരുക്കം ചില ആളുകളില്‍ ഞാന്‍ റഷീദിനെ ഉള്‍പ്പെടുത്തിയില്ല. കല്യാണത്തിന്റെ ആ ദിവസമെങ്കിലും എനിക്ക് ഇത്തിരി മനസ്സമാധാനം വേണമായിരുന്നു. പക്ഷേ, അന്ന് രാത്രി കുറേ പ്രാവശ്യം അവന്‍ എന്നെ വിളിച്ചു. ഞാന്‍ ഫോണെടുത്തില്ല. ചിലപ്പോള്‍ ആരെങ്കിലും മുഖാന്തിരം കല്യാണം അറിഞ്ഞ് ആദ്യരാത്രിക്ക് മുമ്പ് ഒരു കണ്‍ഗ്രാജുലേഷന്‍ പറയാന്‍ വിളിക്കുന്നതായിരിക്കാം. അതല്ലെങ്കില്‍ ഉറപ്പാണ് വിഷയം വിനോദിനിച്ചേച്ചി ആയിരിക്കും.
കല്യാണം അല്‍പം ആശങ്കയുള്ളതായിരുന്നെങ്കിലും അതിന് ശേഷമുള്ള തക്കാരങ്ങള്‍ക്ക് ആ വിധ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. വിളിക്കേണ്ടവരെല്ലാം മത്സരിച്ച് വിളിക്കാന്‍ തുടങ്ങി, ഞങ്ങള്‍ ഒരു പുരയില്‍ നിന്നും മറ്റൊരു പുരയിലേക്കും അവിടെ നിന്നും വേറൊരു പുരയിലേക്കും മാറിമാറി സഞ്ചരിച്ചു. ബിരിയാണിയുടെയും ഇറച്ചിയുടെയും മണം കിട്ടുമ്പോള്‍ ഫസീല ഛര്‍ദ്ദിക്കുമെന്ന മട്ടായി.
അതിനിടയില്‍ വരുന്ന അവന്റെ ഫോണ്‍ കോളുകള്‍ പലതും എനിക്ക് എടുക്കാന്‍ പറ്റാതെയായി. കോളുകള്‍ അറ്റന്റ് ചെയ്യാതെയാപ്പോള്‍ എനിക്ക് ഉള്ളില്‍ ബേജാറുണ്ടായിരുന്നു. ഏത് നിമിഷം വേണമെങ്കിലും കൂട്ടക്കാരും കുടുംബക്കാരും എന്നുവേണ്ട നാട്ടുകാര്‍ വരെ വിളിച്ചു ചോദിക്കാം എന്താണ് റഷീദിന്റെ ഫോണെടുക്കാത്തത് എന്ന്.
ഒരു മനസമാധാനത്തിന് ഫസീലയോട് കാര്യങ്ങളെല്ലാം പറയാമെന്ന് വെച്ചാല്‍ അവന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ അവള്‍ കണ്ണുരുട്ടും. കൂടുതല്‍ വല്ലതും പറഞ്ഞാല്‍ അവള്‍ അവനെ ചിലപ്പോള്‍ വീട്ടില്‍ കയറി തല്ലുമെന്ന് വരെ എനിക്ക് തോന്നി. അങ്ങനെ ഞാന്‍ ഫസീലയുടെയും റഷീദിന്റെയും വിനോദിനിചേച്ചിയുടെയും ഇടയില്‍ കിടന്ന് ദ്രവിച്ചുതീരാന്‍ തൂടങ്ങി. അതിനിടയില്‍ വളരെ രഹസ്യമായി ഒരു കുട്ടിനേതാവ് വഴി അവന്റെ സെക്ഷന്‍ മാറ്റാനുള്ള ശ്രമവും നടത്തി നോക്കി. ഒരു രക്ഷയുമില്ലായിരുന്നു.
സത്യത്തില്‍ എനിക്ക് മടുത്തു. ഫോണ്‍ ബെല്ലടിക്കുമ്പോള്‍ ചങ്ക് നിലയ്ക്കുന്നതുപോലെയായി കാര്യങ്ങള്‍. എടുത്താലും പ്രശ്നം, എടുത്തില്ലെങ്കിലും പ്രശ്നം. ഒടുവില്‍, അറ്റ കൈക്ക് ഞാന്‍ എന്റെ ഏറ്റവും ഇളയ അന്ത്രക്കാരനെ വിളിച്ചു.
“ഡാ എനിക്ക് പറ്റിയ കടലാസ് വല്ലോം ഉണ്ടോ അന്റെ അണ്ടറില്‍?”
“അന്നോട് ഞാന്‍ കാലമെത്രയായി പറയണ്‍താ ഇങ്ങോട്ട് കേറാന്‍. അല്ലെങ്കിലും നാട്ടില്‍ കിടന്ന് പട്ടി പേറുന്നതുപോലെ പേറീട്ട് എന്ത് ചൊട്ട ബാക്കിയാവാനാ.. ഇപ്പോഴെങ്കിലും ബോധോദയമുണ്ടായല്ലോ, ഭാഗ്യം.” അവന്‍റെ ആദ്യ പ്രതികരണം അങ്ങനെയായിരുന്നു.
ആദ്യമൊന്നും ഫസീല സമ്മതിച്ചിരുന്നില്ല. വീട്ടുകാരുടെ ഇടയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയില്ല എന്ന് അവള്‍ തീര്‍ത്തുപറഞ്ഞു. ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ദാരിദ്ര്യത്തിന്റെ വിശദീകരണവും അവിടെയെത്തി ഉടനെ അങ്ങോട്ട് കൊണ്ടുപോകാം എന്ന വാഗ്ദാനവും കേട്ടപ്പോള്‍ അവള്‍ തല്‍ക്കാലം ഒന്നടങ്ങി.
എയര്‍പോര്‍ട്ടില്‍ അവസാന നിമിഷം ഹഗ്ഗ് ചെയ്ത് തിരിയുമ്പോള്‍ അവള്‍ കണ്ണുകള്‍ നിറച്ചുകൊണ്ട് പതിയെ എന്‍റെ കൈ പിടിച്ചു.
“കാക്ക ഒരു കാര്യം ചോദിച്ചാ സത്യം പറയോ?”
“ന്ത്ത്താണ് ഫസീലാ ദ്, ഞാന്‍ അന്നോട് എപ്പളെങ്കിലും കളവ് പറഞ്ഞിണാ?”
“ങ്ങള് ഗള്‍ഫില് പോണത് ശരിക്കും ആ റഷീദിനെ പേടിച്ചിട്ടല്ലേ.”
സൂചി കുത്തിയ പോലെ എന്റെ ചങ്കൊന്ന് പിടഞ്ഞു. പൊടുന്നനെ ഉയര്‍ന്നുപൊങ്ങിയ ഏതോ വിമാനത്തിന്റെ ഒരമാനത്തില്‍ എന്റെ മറുപടിയും റിയാക്ഷനും എല്ലാം മുങ്ങിപ്പോയി.
ഗള്‍ഫിലെത്തി ശമ്പളം കിട്ടിയപ്പോള്‍ ആദ്യമായി സ്വന്തമാക്കിയത് ഒരു സ്മാര്‍ട്ട് ഫോണായിരുന്നു. അതില്‍ സിമ്മിട്ട ശേഷം ഒരു ദിവസം മുഴുവന്‍ റഷീദ് വിളിക്കാത്ത സ്വന്തം ഫോണിലേക്കും നോക്കി ഞാന്‍ ലീവാക്കിയിരുന്നു. ഫോണിനെ നോക്കി കുറേ ക്രോക്കി കാട്ടി. കിടക്കാന്‍ നേരം ഫോണ്‍ മേശപ്പുറത്ത് വെച്ച് ബെഡ്ഡില്‍ തല കുത്തി മറിഞ്ഞു. ഫോണിനെ നെഞ്ചോട് ചേര്‍ത്ത് ഉമ്മ വെച്ചു.
വാട്സാപ്പ് മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നുള്ളൂ. അതെടുക്കാതെ തരമില്ലായിരുന്നു. ഫസീലയെ കാണാതെ അങ്ങനെ കൂടുതല്‍ കാലം കഴിയാന്‍ എനിക്ക് കഴിയില്ലായിരുന്നു. വാട്സാപ്പിലെ ഒരു ഗ്രൂപ്പിലും ഞാന്‍ അംഗമായിരുന്നില്ല. സെറ്റിങ്ങ്സ് പെര്‍മിഷന്‍ ഓണ്‍ലി ആക്കി മാറ്റി. ആര്‍ക്കും നമ്പര്‍ ഷെയര്‍ ചെയ്തില്ല. കൊടുക്കണ്ട എന്ന് ഫസീലയോടും പറഞ്ഞു.
ആദ്യതവണ നാട്ടില്‍ പോയപ്പോള്‍ റഷീദിനെ കാണരുതേ എന്ന് പ്രാര്‍ത്ഥിച്ചു. അതുപോലെത്തന്നെ സംഭവിച്ചു. അപ്പോഴേക്കും സൗദിയിലെ അര്‍ബാബ് എന്നെ വല്ലാതെ സ്നേഹിക്കുകയും മൂന്നാല് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. അതോടെ ഫസീലയ്ക്കും വിസ കിട്ടി. അവളും അക്കൗണ്ടന്‍റായി അതിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിപ്പറ്റുകയും ചെയ്തു.
ഞങ്ങളുടെ ജീവിതം ആകെ മാറി. എപ്പോഴെങ്കിലുമായി എട്ടോ പത്തോ ദിവസത്തിന്റെ ലീവിന് വരുന്നതൊഴിച്ചാല്‍ നാടുതന്നെ മറന്നു. അതിനിടയില്‍ അനിയന്റെ കല്യാണം കഴിഞ്ഞു. നാല് വര്‍ഷത്തെ ഇടവേളകളിലായി ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ടായി.
അന്ന് മഞ്ചാടിക്കുരു മൂക്കിലിട്ടവള്‍ക്ക് കുഞ്ഞു പിറന്ന് ആ കുഞ്ഞ് ഒരിക്കല്‍ നാലുമണിക്കായ മൂക്കിലിട്ടു. ഉമ്മ മരിച്ചു. കാര്‍ന്നോര് പുതിയ വീട് വെച്ചു. ബാപ്പ ഹജ്ജ് ചെയ്തു.
ഒടുവില്‍, വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് പെട്ടിയും കിടക്കയുമായി ഞങ്ങള്‍ നാലുപേര്‍ നാട്ടില്‍ തിരിച്ചെത്തിയത് കഴിഞ്ഞ നബിദിനത്തിന്റെ അന്നായിരുന്നു. കണ്ണൂരില്‍ നിന്നും പള്ളിക്കലിലേക്കുള്ള ആറുവരിപ്പാത യാത്രയില്‍ ആകെ മാറിമറിഞ്ഞ നാടിനെ നോക്കി ഞങ്ങളിരുന്നു. പല ചെറിയ അങ്ങാടികളും നഗരങ്ങളായി.
പ്രണയകാലത്ത് കാപ്പി കുടിച്ച സ്ഥലങ്ങള്‍, വര്‍ത്തമാനം പറഞ്ഞിരുന്ന ചീനിമരച്ചുവടുകള്‍, ആദ്യ ചുംബനം കഴിഞ്ഞ് ആര്‍മാദിച്ച് ഓടിച്ച റോഡുകള്‍… ഒന്നും ബാക്കിയില്ല.
പഞ്ചായത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വീട് വെച്ച് കൂടുമ്പോള്‍ ആരെയും വിളിച്ചിരുന്നില്ല. രണ്ടുമാസം കൂടി കഴിഞ്ഞാല്‍ പൂവിയുടെ കല്യാണമാണ്. അത് പറയാം ഇനി എല്ലാവരോടും എന്നു വിചാരിച്ചു. വീട്ടുകൂടല്‍ കഴിഞ്ഞ് ഒരു ദിവസം ഞാനും ഫസീലയും മക്കളും കൂടി ഹൈലൈറ്റ് മാളില്‍ ഷോപ്പിങ്ങ് ചെയ്യുമ്പോഴാണ് പൊടുന്നനെ റഷീദ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അപ്പോഴേക്കും അവന്റെ താടിയും മുടിയും നരച്ചുകഴിഞ്ഞിരുന്നു. എന്റെ നെഞ്ചെല്ലിനിടയിലൂടെ ഒരു വാള്‍ത്തല പാഞ്ഞു. അല്ലെങ്കിലും കൂടെയുണ്ടായിരുന്നവരെ കുറേക്കാലത്തിന് ശേഷം കാണുമ്പോഴാണ് സ്വന്തം പ്രായത്തിനെ കുറിച്ച് ബോധോദയമുണ്ടാവുക.
“അണക്കൊരു മാറ്റവുമില്ലഡാ…” അവന്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു. അവനിലെ സ്വാത്വിക ഭാവം എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. കൂടുതല്‍ പക്വതയാര്‍ജ്ജിച്ചതുപോലെ. ആ കാര്യം ഞാനവനോട് പറയുകയും ചെയ്തു.
“റിട്ടേറാവാന്‍ ഇനി രണ്ടുകൊല്ലം കൂട്യേ ഉള്ളൂ.. ഞ്ഞ്യങ്ങട്ടാ പക്വതയാവാണ്ട്?” അവന്‍ ചിരിച്ചു.
തമാശയ്ക്ക് ‘നമ്മുടെ വിനോദിനിച്ചേച്ചിയുടെ സുഹൈലിന്റെയും പാടെന്താണ്?’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ മിണ്ടിയില്ല. അതെല്ലാം ഒരുപക്ഷേ അവന്‍ ഒരു പഴങ്കഥ പോലെ മറന്നിട്ടുണ്ടായിരിക്കും. പഴയൊരു സെന്‍ കഥയിലെപ്പോലെ യുവതിയെ പേറിനടക്കുന്ന ശിഷ്യനായി മാറേണ്ടതില്ലല്ലോ ഞാന്‍.
ഒരിക്കല്‍ വീട്ടിലേക്ക് വാ എന്നു പറഞ്ഞ് അവന്‍ ക്ഷണിച്ചു. ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ഞാനൊന്ന് പതറി. അല്ലെങ്കില്‍ തന്നെ വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ട് ഇനി ഫോണ്‍ നമ്പര്‍ കൊടുക്കാതിരിക്കുന്നതെന്തിനാ? നമ്പര്‍ പറഞ്ഞുകൊടുത്തയുടനെ വീട്ടില്‍ വരണമെന്നും പറഞ്ഞ് അവന്‍ ലൊക്കേഷന്‍ അയച്ചുതന്നു. പിരിയാന്‍ നേരം ഒരിക്കല്‍ക്കൂടി കെട്ടിപ്പിടിച്ചു. റഷീദ് നടന്നുനീങ്ങുന്നത് നോക്കി നിന്ന എന്റെയരികിലേക്ക് ഫസീല ചുളിഞ്ഞ നെറ്റിയുമായി കടന്നുവന്നു.
“ആദ്യകാല കാമുകി വല്ലോം ആണോ?” അവള്‍ ഞാന്‍ നോക്കുന്ന ദിക്കിലേക്ക് ആഞ്ഞുനോക്കി.
“ആ മനുഷ്യനെ അറിയുമോ നീ?”
അപ്പോഴേക്കും അവള്‍ക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ മാളിലെ ആള്‍ക്കൂട്ടത്തിലേക്ക് റഷീദ് കലര്‍ന്നു കഴിഞ്ഞിരുന്നു.
“ആരാണത്?” ഫസീല അത്ഭുതത്തോടെ ചോദിച്ചു.
“നമ്മളെ ഇപ്പോഴത്തെ നമ്മളാക്കിയ ആള്, പഴയ റഷീദ്.”
“ശ്ശെടാ. ആ ഞെരമ്പനെ എനിക്കൊന്ന് നേരിട്ട് കാണാന്‍ പറ്റിയില്ലാലോ.” അവള്‍ നിരാശയോടെ പറഞ്ഞു.
“നീയൊന്ന് മിണ്ടാതിരുന്നേ. അതൊക്കെ അവന്‍ എപ്പോഴേ മറന്നുപോയിട്ടുണ്ട്. ഇക്കാര്യമൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ അവന്‍ നമ്മളെ കളിയാക്കും.”
“എന്നാലും വിളിച്ചിരുന്നേല്‍ എനിക്കൊന്ന് കാണാമായിരുന്നു.”
“അതിന് കുഴപ്പമില്ല. നമ്മളെ കുടുംബസമേതം അവന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പോവുമ്പോള്‍ പൂവിയുടെ കല്യാണം അഡ്വാന്‍സായി വിളിക്കുകയും ചെയ്യാം നമുക്ക്.”
“ആഹാ, അത് കലക്കി.” ഫസീലക്ക് സന്തോഷമായി. കാലം അപ്പോഴേക്കും അവളുടെ സമീപനത്തിലും മാറ്റം വരുത്തിയിട്ടുണ്ടായിരുന്നു.
എനിക്ക് സത്യത്തില്‍ റഷീദിനോട് ഉള്ളില്‍ വല്ലാത്ത ബഹുമാനമായിരുന്നു. ഒരര്‍ത്ഥത്തില്‍ അവന്‍ കാരണമാണ് ഇത്തരത്തിലുള്ള ജീവിതം ഉണ്ടായത്. ഇല്ലേല്‍ ഇപ്പോഴും വല്ല കൂലിപ്പണിയും എടുത്തോണ്ട് ഇവിടെയെല്ലാം ചുറ്റിത്തിരിഞ്ഞ് നടന്നേനെ. അതുകൊണ്ടുതന്നെ അവന്റെ ക്ഷണത്തിനെ അത്ര ലഘൂകരിച്ച് കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
തൊട്ടടുത്ത ദിവസം തന്നെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. മക്കള് രണ്ടും ഇല്ലെന്ന് പറഞ്ഞു. അത് നന്നായെന്ന് എനിക്കും തോന്നി. പരസ്പരം പറയാന്‍ പഴയകാലത്തെ കഥകള്‍ ഒരുപാടുണ്ടാവുമല്ലോ. ലൊക്കേഷന്‍ നോക്കിയപ്പോഴാണ് അവന്‍ വീട് മാറിയ വിവരം ഞാനറിയുന്നത്. പേരാമ്പ്ര ഭാഗത്താണ് ഇപ്പോഴത്തെ വീട്. രാവിലെത്തന്നെ ഞാനും ഫസീലയും പുറപ്പെട്ടു.
ഞങ്ങള്‍ക്ക് നല്ല ഭക്ഷണം തന്നെ ഒരുക്കിയിരുന്നു അവന്‍. ഭക്ഷണമെല്ലാം കഴിഞ്ഞപ്പോഴേക്കും ഫസീലയും റഷീദിന്റെ കെട്ട്യോള്‍ ബുഷ്റയും തമ്മില്‍ നല്ല കൂട്ടായി. റഷീദിന് ഇരട്ടക്കുട്ടികളായിരുന്നു. ഒരാളെ കെട്ടിച്ചത് പൊന്നാനിയിലേക്കും മറ്റെയാളെ കെട്ടിച്ചത് കടലുണ്ടിയിലേക്കുമായിരുന്നു. ഞാന്‍ വീടിനെ കുറിച്ചും സ്ഥലത്തിനെ കുറിച്ചുമെല്ലാം അവനോട് തിരക്കി.
“അല്ലെടാ നീയെങ്ങനെ ഇവിടെയെത്തി?”
ഞാന്‍ ആലോചിച്ചിട്ട് റഷീദ് ഒരു തരത്തിലും പേരാമ്പ്രയില്‍ എത്താനുള്ള സാധ്യതയില്ലായിരുന്നു. ചോദ്യം കേട്ടപ്പോള്‍ അവനൊരു വല്ലാത്ത ചിരിചിരിച്ചു. വര്‍ഷങ്ങളുടെ പഴക്കമുള്ള അതേ ചിരി!. പിന്നെ എന്നെയും കൊണ്ട് ഗോവണി കയറി തെക്ക് വശത്തുള്ള ചെറിയ ഓപ്പണ്‍ ടെറസ്സിലെത്തി. അപ്പോഴേക്കും അവനും ഞാനും കിതച്ചുപോയിരുന്നു. കിതപ്പ് മാറ്റാന്‍ ഞാന്‍ പതിയെ പാരപ്പറ്റിലേക്ക് ചാരി. അവന്‍ പാരപ്പറ്റില്‍ കൈയ്യും കുത്തി പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്. എനിക്കൊന്നും മനസ്സിലായില്ല.
“ഡാ, ഓല് തമ്മില്‍ ഇപ്പളും ബന്ധണ്ട്.” അതുവരെയില്ലാത്ത ഒരു മുറുക്കം അവന്റെ മുഖത്ത് പൊടുന്നനെ പ്രത്യക്ഷപ്പെട്ടത് ഞാന്‍ കണ്ടു.
“ആര് തമ്മില്‍?”
“മ്പളെ സുഹൈലും വിനോദിനിചേച്ചീം തമ്മില്‍.”
കൈയ്യുംകാലും കുഴയുന്നതുപോലെ തോന്നി എനിക്ക്. ഞാനവനെ തുറിച്ചുനോക്കി. “നീയിപ്പോഴും അത് വിട്ടില്ലേ റഷ്യേ..”
“അങ്ങനെ വിടാമ്പറ്റ്വോ മ്പക്ക്?” റഷീദ് പ്രായാധിക്യത്താല്‍ ഒന്ന് ചുമച്ചു.
എന്റെ തൊണ്ട വരണ്ടു.
“നീയെങ്ങനെയാ ഇതൊക്കെ അറിയുന്നത് ഇപ്പോഴും?”
ആ ചോദ്യം കേട്ടതും നനഞ്ഞ ചിരിയോടെ അവന്‍ തൊട്ടുമുന്നിലേക്ക് വിരല്‍ ചൂണ്ടി. “അതാണ് വിനോദിനിചേച്ചീന്റെ വീട്.”
അവന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക് ഞാന്‍ നോക്കി. അവരുടെ മതിലിന്റെ തൊട്ടപ്പുറത്ത് ഒഴുക്കന്‍ മട്ടിലുള്ള ഒരു അപ്സ്റ്റയര്‍ വീട്. നിറയെ ലില്ലിച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന മുറ്റം.
“വിനോദിനിചേച്ചീന്റെ ഹസ് കഴിഞ്ഞകൊല്ലം മരിച്ചു. ഇപ്പോള്‍ ചോദിക്കാനും പറയാനും ആരും ഇല്ലാണ്ടായി. അണക്കറിയോ, സൂഹൈലിപ്പോ ആഴ്ചയില്‍ മൂന്ന് ദിവസം കൂടുമ്പഴെങ്കിലും മൂപ്പത്തീന്റെടുത്ത് വരല്ണ്ട്. മിക്ക ദിവസങ്ങളിലെ വരവും രാത്രിയിലാ…”
അതും പറഞ്ഞ് റഷീദ് ആ വീട് നില്‍ക്കുന്നിടത്തേക്ക് മുഖാമുഖമായി ഇട്ടിരുന്നിരുന്ന പഴഞ്ചന്‍ ചാരുകസേരയിലേക്ക് പതിയെ അമര്‍ന്നു.