സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും ഇന്ന് ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്. എന്നാൽ, ഏകദേശം 10 വർഷങ്ങൾക്കു മുൻപ് “ഫിറ്റ്നസോ…? അതെന്താ?” എന്നു ചോദിക്കുന്നവരായിരുന്നു മലയാളികൾ. ആ സമയത്താണ് ഐനസ് ആന്റണി എന്ന ചെറുപ്പക്കാരൻ ഫിറ്റ്നസ് കരിയറായി തിരഞ്ഞെടുക്കാനുള്ള ധൈര്യം കാണിച്ചത്. നാട്ടിൽനിന്നും കുടുംബത്തിൽനിന്നുമുള്ള കളിയാക്കലുകൾക്കിടയിലും തന്റെ പാഷൻ വിട്ടുകളയാൻ ഐനസ് തയ്യാറായില്ല. ഒടുവിൽ ആ ലക്ഷ്യം നേടിയെടുത്തപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു ഐനസിന്.
ഇന്ന് രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരുടെ ഫിറ്റ്നസ് ട്രെയിനറാണ് ഐനസ് ആന്റണി. സെലിബ്രിറ്റികൾക്കിടയിലും ഐനസ് താരമാണ്. സൂപ്പർ സ്റ്റാർ മോഹൻലാൽ, ജയസൂര്യ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, വിപിൻ ജോർജ്, എം.ജി.ശ്രീകുമാർ എന്നിവരെ ഐനസ് പരിശീലിപ്പിച്ചിട്ടുണ്ട്.
ഫിറ്റ്നസ് ട്രെയിനറിലേക്കുള്ള വരവ്
ചെറുപ്പം മുതലേ സ്പോർട്സിൽ ആക്ടീവായിരുന്നു. 10 വർഷം മുൻപ് നോക്കുകയാണെങ്കിൽ ഫിറ്റ്നസ് എന്നൊരു കരിയർ ഇവിടെ ഇല്ലായിരുന്നു. സ്കൂളുകളിൽ പിടി സാർ ഉണ്ട്. അതുപോലെ ആകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒട്ടുമിക്ക സ്കൂളുകളിലെയും പിടി സാർ ശാരീരികമായി ഫിറ്റായിരിക്കില്ല. ഞാൻ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കുട്ടികളെ ഫിറ്റാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ വളരും തോറും ഫിറ്റ്നസിന്റെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി. ഭാവിയിൽ ഇവിടെ ഫിറ്റ്നസിന് നല്ലൊരു ഭാവി ഉണ്ടെന്ന് മനസിലാക്കി. ഫിറ്റ്നസ് പ്രൊഫഷനാക്കാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ജോലി ആയിട്ടല്ല, എന്റെ പാഷൻ ആയിട്ടാണ് കണ്ടത്. ഒരാളെ പരിശീലിപ്പിച്ച് അയാളിൽ മാറ്റം വരുന്നത് കാണുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. അതിനുശേഷമാണ് ഫിറ്റ്നസ് കരിയർ ആയി തിരഞ്ഞെടുത്തത്.
ഫിറ്റ്നസ് ട്രെയിനർ ആകണമെന്ന ആഗ്രഹം തോന്നിയത്
കോളേജ് കഴിഞ്ഞാൽ എന്ത് ജോലി ചെയ്യുമെന്ന ചിന്തയാണ് പലർക്കും. എന്റെ അച്ഛൻ പൊലീസുകാരനായതുകൊണ്ട് നല്ല ഫിറ്റാണ്. പക്ഷേ, ജോലി തിരക്ക് കാരണം വർക്ക്ഔട്ട് ചെയ്യാൻ സമയം കിട്ടാറില്ല. അങ്ങനെ പല ആൾക്കാരെയും ഞാൻ കണ്ടിട്ടുണ്ട്. വർക്ക്ഔട്ട് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കുന്ന കുറേ ജോലി അന്വേഷിച്ച് നടന്നു. ഒന്നും ശരിയായില്ല. അതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് ഫിറ്റ്നസ് ട്രെയിനറെ കുറിച്ച് അറിയുന്നത്. യുഎസ് പോലുള്ള വിദേശ രാജ്യങ്ങളിലാണ് കൂടുതൽ പേരെയും കണ്ടത്. അവിടെ പ്രശസ്തരായ ഫിറ്റ്നസ് പരിശീലകരിൽ മാസം 10 ലക്ഷം, 5 ലക്ഷം സമ്പാദിക്കുന്നവരുണ്ട്. 10 വർഷം മുൻപേ തന്നെ ഫിറ്റ്നസ് ട്രെയിനർ കരിയറാക്കി വിജയിച്ചവരുണ്ടെന്ന് ഞാൻ മനസിലാക്കി. ഇന്ത്യയിലും ഭാവിയിൽ ഈ കരിയർ വളർന്നു വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനായി ഞാൻ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാഷൻ ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന മേഖലയിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തിയത്.
നേരിടേണ്ടി വന്ന പ്രതിസന്ധികൾ
ഇന്ന് ഓരോ ഭൂഖണ്ഡത്തിലും ഓരോ രാജ്യത്തിലും ഞാൻ ആളുകൾക്ക് ട്രെയിനിങ് നൽകുന്നുണ്ട്. ചൈനയിലും ഗ്രീൻ ലാൻഡിലും ഒഴികെ ഓസ്ട്രേലിയ, യുകെ, കാനഡ, ഫ്രാൻസ്, ജർമ്മനി തുടങ്ങി പല രാജ്യങ്ങളിലും ഓൺലൈനിലും ഓഫ്ലൈനിലും ആളുകളെ പരിശീലിപ്പിക്കുന്നുണ്ട്. പക്ഷേ, ഇന്നു കാണുന്ന ഇവിടം വരെ എത്താൻ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തിട്ടുണ്ട്.
10 വർഷം മുൻപ് ഇതൊരു കരിയറായി തിരഞ്ഞെടുത്ത് ബോംബൈയിലേക്കാണ് ആദ്യം പോയത്. അന്ന് കേരളത്തിൽ ഫിറ്റ്നസിനോട് ആൾക്കാർക്ക് താൽപര്യം തുടങ്ങിയിട്ടില്ല. ബോംബൈയിലെ പേരുകേട്ട പല ജിമ്മുകളിലും ട്രെയിനറാകാൻ ഇന്റേൺഷിപ് നൽകാമോ എന്നു ചോദിച്ചിട്ടുണ്ട്. എനിക്ക് അതിനുള്ള കഴിവില്ലെന്നു പറഞ്ഞ പ്രശസ്ത ജിം ബ്രാൻഡുകളുണ്ട്. അന്നൊരു കാര്യം തീരുമാനിച്ചു. ഒരു ജിമ്മിന്റെ കീഴിലോ ഫിറ്റ്നസ് ക്ലബിന്റെ കീഴിലോ പ്രവർത്തിക്കില്ല. എന്റെ പേരായിരിക്കും എന്റെ ബ്രാൻഡ് എന്ന വാശിയുണ്ടായി.
ആദ്യമൊക്കെ ട്രെയിനർ ആണെന്ന് പറയുമ്പോൾ ആൾക്കാര് ചോദിക്കും എന്തു ട്രെയിനിങ്, എന്തു ജോലിയാണത്. കാരണം അവർക്ക് അതിനെക്കുറിച്ച് അറിയില്ല. ഇതൊരു ജോലിയാണോ എന്ന് ചോദിക്കുന്ന ഒരു കാലമായിരുന്നു. വീട്ടിലും എതിർപ്പായിരുന്നു. എല്ലാ മലയാളി കുടുംബങ്ങളെയും പോലെ എന്റെ മകനും സർക്കാർ ജോലി വേണമെന്ന വാശിയായിരുന്നു. പക്ഷേ, ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. കാരണം ഇതെന്റെ ജീവിതമാണ്. ഫിറ്റ്നസ് ട്രെയിനർ പ്രൊഫഷനിൽ ഞാൻ വിയജിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടുകാർക്കും വിശ്വാസം വന്നത്.
എന്റെ കുടുംബത്തിലും പലരും കളിയാക്കിയിട്ടുണ്ട്. എന്നാൽ അന്ന് കളിയാക്കിയ ബന്ധുക്കളിൽ പലരുടെയും മക്കൾ ഇന്ന് എന്നെപ്പോലെ ട്രെയിനർ ആകാൻ ആഗ്രഹിക്കുന്നവരാണ്.
മോഹൻലാലിനെ പരിചയപ്പെടുന്നത്
കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ജിം ട്രെയിനറായിരുന്നു ഞാൻ. അവിടെ വരുന്ന വിദേശത്തുനിന്നുള്ള പല ആൾക്കാരെയും ഞാൻ ട്രെയിൻ ചെയ്യും. കേരളത്തിലെ പ്രശസ്തനായൊരു ബിനിസുകാരനും അവിടെ വന്നു. അദ്ദേഹത്തെ ഞാൻ ട്രെയിൻ ചെയ്തു. 6 മാസം കൊണ്ട് അദ്ദേഹത്തിന് നല്ല മാറ്റമുണ്ടായി. അദ്ദേഹമാണ് ലാലേട്ടനെ പരിചയപ്പെടുത്താമെന്ന് പറയുന്നത്. വെറുതെ കളളം പറയുകയാണെന്നാണ് ഞാൻ കരുതിയ്. പക്ഷേ, ഒരു ദിവസം വന്നിട്ട് ലാലേട്ടനെ ട്രെയിൻ ചെയ്യിപ്പിക്കണമെന്ന് എന്നോട് പറഞ്ഞു. ലൂസിഫർ സിനിമയുടെ സമയത്തായിരുന്നു അത്. ആദ്യമായിട്ടാണ് ഒരു സെലിബ്രിറ്റിയെ ട്രെയിൻ ചെയ്യുന്നത്. അതും മോഹൻലാലിനെ. ആദ്യമൊക്കെ ടെൻഷൻ ഉണ്ടായിരുന്നു പിന്നെ പതുക്കെ അത് മാറി.
മോഹൻലാലിന്റെ വർക്ക്ഔട്ടിനെ കുറിച്ച്
നല്ല ഫിറ്റും ഫ്ലക്സിബിളുമാണ് ലാലേട്ടൻ. എന്തു ചെയ്യാനും ഒരു മടിയുമില്ലാത്ത ആളാണ്. നമ്മൾ ഒരു കാര്യം പറഞ്ഞു കൊടുത്താൽ മാത്രം മതിയാകും. അതുപോലെ ചെയ്യും. എപ്പോഴും ആക്ടീവായിട്ടുള്ള ഒരാളാണ്. എല്ലാം പോസിറ്റീവായി ചിന്തിക്കുന്ന ആളാണ്. നമ്മൾ എത്ര ഡൗൺ ആണെങ്കിലും ലാലേട്ടനുമായി അഞ്ചു മിനിറ്റ് സംസാരിച്ചാൽ അതൊക്കെ മാറി ഓകെ ആകും. അത്രയ്ക്കും പോസിറ്റീവ് എനർജിയുള്ള ആളാണ്. ഒന്നിനും മടിയില്ല. ഒരു വ്യായാമം 10 തവണ ചെയ്യാൻ പറയുകയാണെങ്കിൽ 12 തവണ ചെയ്യാൻ ശ്രമിക്കും. ഏതൊരു വ്യായാമവും ചെയ്തു നോക്കും. എല്ലാ വ്യായാമത്തെക്കുറിച്ചും നല്ല അറിവുണ്ട്. എപ്പോഴും വർക്ക്ഔട്ടിനു വേണ്ടി സമയം കണ്ടെത്തും. ദിവസവും 40 മിനിറ്റ് എങ്കിലും വ്യായാമത്തിനുവേണ്ടി മാറ്റി വയ്ക്കും. വിദേശത്താണെങ്കിലും വ്യായാമം മുടക്കാറില്ല. എനിക്ക് മെസേജ് അയച്ച് കാര്യങ്ങൾ പറയാറുണ്ട്.
മോഹൻലാലിന്റെ ഡയറ്റ്
ഭക്ഷണം ഇഷ്ടമുള്ള ആളാണ് ലാലേട്ടൻ. ഒന്നും നിയന്ത്രണം വയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ല. ഫിറ്റായിരിക്കാൻ നിങ്ങൾക്ക് എന്തും കഴിക്കാമെന്ന രീതിയാണ് എന്റേത്. പക്ഷേ, അളവ് ശ്രദ്ധിക്കണമെന്നു മാത്രം. ലാലേട്ടന് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ അറിയാം. ഒന്നും അമിതമായി കഴിക്കില്ല. ഇഷ്ടമുള്ള ഭക്ഷണം കുറച്ച് മാത്രമേ കഴിക്കൂ. അതിനാൽ തന്നെ അദ്ദേഹത്തിന് ഡയറ്റിന്റെ ആവശ്യം ഇല്ല. ഷൂട്ടിങ് സെറ്റിലായാലും ലാലേട്ടൻ തനിക്ക് ആവശ്യമുള്ള അളവ് മാത്രമേ ഭക്ഷണമേ കഴിക്കുകയുള്ളൂ. ഒരിക്കലും അമിതമായി കഴിക്കില്ല. ഇഷ്ടമുള്ള ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുന്ന ഒരാളാണ് ലാലേട്ടൻ.
മോഹൻലാലിന്റെ ആരോഗ്യ രഹസ്യം
ആരോഗ്യത്തിൽ ലാലേട്ടൻ വളരെ ശ്രദ്ധാലുവാണ്. എന്ത് കഴിക്കണം, കഴിക്കരുത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ലാലേട്ടന്റെ ആരോഗ്യ രഹസ്യവും അതു തന്നെയാണ്. ഈ സമയം ഈ ഭക്ഷമാണ് കഴിക്കേണ്ട്, ഏതു സമയത്താണ് കഴിക്കേണ്ടത്, എത്ര നേരം ഉറങ്ങണം തുടങ്ങി ഒരു ദിവസത്തിലെ എല്ലാ കാര്യത്തിനും ചിട്ടയുണ്ട്. തോന്നുന്ന സമയത്ത് കഴിക്കുക, തോന്നുന്ന സമയത്ത് ഉറങ്ങുക അങ്ങനെ ഒരു ലൈഫ് സ്റ്റൈൽ അദ്ദേഹത്തിന് ഇല്ല. എല്ലാ കാര്യത്തിലും നല്ല അച്ചടക്കമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ജോലി ചെയ്യാനും വർക്ക്ഔട്ട് ചെയ്യാനും കഴിയുന്നത്. ഇത്ര എനർജറ്റിക് ആയിരിക്കുന്നതും അതിനാലാണ്. ചിലപ്പോഴൊക്കെ എന്റെ കൂടെ വർക്ക്ഔട്ട് ചെയ്യും. എന്റെ അതേ എനർജിയിലാണ് അദ്ദേഹവും വർക്ക്ഔട്ട് ചെയ്യുക.
ഫിറ്റ്നസിനോടുള്ള മലയാളികളുടെ കാഴ്ചപ്പാട്
ഫിറ്റ്നസിന്റെ കാര്യത്തിൽ മലയാളികൾ മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും, ഇപ്പോഴും വ്യായാമത്തെക്കുറിച്ച് പലർക്കും കൂടുതൽ അറിയില്ല. ജിമ്മിൽ പോയാൽ പൊക്കം കുറയുമോ, മുടി കൊഴിച്ചിൽ ഉണ്ടാകുമോ എന്നൊക്കെ ഇപ്പോഴും എന്നോട് ചോദിക്കുന്നവരുണ്ട്. ഇപ്പോൾ കുറച്ചുകൂടി കാര്യങ്ങൾ മാറി വരുന്നുണ്ട്. സെലിബ്രിറ്റികളും അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പൃഥ്വിരാജ്, മോഹൻലാൽ, ടൊവിനോ തോമസ് തുടങ്ങിയവരൊക്കെ വ്യായാമത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതുകൊണ്ട് പലരിലും മാറ്റം വന്നിട്ടുണ്ട്. ശാരീരികമായും ആരോഗ്യപരമായും വ്യായാമം ശരീരത്തിന് ഗുണം ചെയ്യുമെന്ന തോന്നൽ ആളുകൾക്കിടയിൽ വന്നിട്ടുണ്ട്. നടന്മാരും നടികളും ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിലൂടെ യുവാക്കൾക്കിടയിലും കൂടുതൽ മാറ്റം വരുന്നുണ്ട്.
ഐനസ് ആന്റണിയുടെ ഫിറ്റ്നസ് ടിപ്സുകൾ
ഒരു ദിവസം ഞാൻ 1-2 മണിക്കൂർ വ്യായാമം ചെയ്യും. തിരക്കുള്ള ദിവസങ്ങളിൽ 30 മിനിറ്റ് ചെയ്യും. വിവാഹം പോലുള്ള എന്തെങ്കിലും ആഘോഷങ്ങളോ അല്ലെങ്കിൽ ഡോക്ടർ ഭാരം കുറയ്ക്കാൻ പറയുമ്പോഴോ മാത്രമാണ് നമ്മളിൽ പലരും വ്യായാമം ചെയ്യുന്നത്. നമ്മളൊക്കെ രാവിലെ എഴുന്നേറ്റ ഉടൻ പല്ലു തേക്കും, കുളിക്കും, ഭക്ഷണം കഴിക്കും. എന്റെ കാഴ്ചപ്പാടിൽ അതുപോലൊരു ദിനചര്യയാക്കി വ്യായാമം മാറ്റാൻ എന്നു പറ്റുന്നുവോ അതാണ് ഫിറ്റ്നസ്. നമുക്കൊരു ആരോഗ്യ പ്രശ്നം വരുമ്പോഴല്ല വ്യായാമത്തിനു പുറകേ പോകേണ്ടത്. കുട്ടികളാണെങ്കിലും ചെറുപ്പം മുതലേ വ്യായാമം പരിശീലിക്കണം. ഞാൻ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. ഫിറ്റ്നസ് കാര്യത്തിൽ ശ്രദ്ധിക്കുന്നതുകൊണ്ടാണ് എനിക്കതിനോട് താൽപര്യം തോന്നാത്തത്. ആരൊക്കെ പറഞ്ഞിട്ടും ഞാനത് ചെയ്തു നോക്കിയിട്ടില്ല. ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ടതും അതാണ്. ഫിറ്റ്നസ് ജീവിതത്തിന്റെ ഭാഗമാക്കിയാൽ യുവാക്കൾക്കിടയിലുള്ള മദ്യപാനവും പുകവലിയും ലഹരിമരുന്ന് ഉപയോഗവും മാറ്റാൻ സാധിക്കും.
ഫിറ്റ്നസിനെക്കുറിച്ചുള്ള ബോധവത്കരണം
സ്‌പോർട്സിനോ ഫിറ്റ്നസിനോ പ്രാധാന്യം കൊടുക്കാത്തതിനാലാണ് യുവാക്കൾ ലഹരിക്ക് അടിമപ്പെടുന്നത്. സ്കൂളുകളിൽ അതിനെക്കുറിച്ച് കൂടുതൽ അവരെ പഠിപ്പിച്ചിട്ടില്ല. ബാക്കിയെല്ലാം കുട്ടികളെ പഠിപ്പിക്കും. ഫിറ്റ്നസിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കണം. പുകവലിയും മദ്യപാനവും ലഹരി മരുന്നും ജീവിതത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും, അവ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും സ്കൂൾതലത്തിലേ പഠിപ്പിച്ചാൽ അവർ അത് ഉപയോഗിക്കില്ല. സ്കൂളുകളിൽ അതിനെക്കുറിച്ചുള്ള ബോധവത്കരണം ഇല്ല. ഈ സിസ്റ്റം മാറിയാൽ തന്നെ ഇതൊക്കെ കുറയും
കുടുംബം
ഭാര്യ അനു ഷാരോൺ. അച്ഛൻ പി.ജെ.ആന്റണി. അമ്മ അന്റോണിയ. സഹോദരൻ അലൻ ജോർജ്.