ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് കാണാൻ ഇതുവരെ 10 ലക്ഷത്തിലധികം ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് വന്നതായി സ്ഥിരീകരിച്ച് ഐസിസി. ഏറ്റവുമധികം ആളുകൾ പങ്കെടുത്ത ഐസിസി ടൂർണമെന്റെന്ന റെക്കോർഡ് തകർക്കാനുള്ള ട്രാക്കിലൂടെയാണ് ടൂർണമെന്റ് മുന്നോട്ട് പോകുന്നത്. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയാണ് കാഴ്ചക്കാരുടെ എണ്ണം ഒരു മില്ല്യൺ കടന്നത്.
ടൂർണമെന്റ് ഇതിനോടകം തന്നെ മികച്ച വിജയമാണെന്നും നോക്കൗട്ട് ഘട്ടത്തിൽ കൂടുതൽ റെക്കോർഡുകൾ തകർക്കാൻ കാത്തിരിക്കുകയാണെന്നും ഐസിസി ഇവന്റ്സ് ഹെഡ് ക്രിസ് ടെറ്റ്‌ലി പറഞ്ഞു. “ഒരു ദശലക്ഷത്തിലധികം പേർ ഇന്ത്യയിൽ ലോകകപ്പ് കാണാനെത്തി. ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് ഏറ്റവും ഉയർന്ന റെക്കോർഡ് കാഴ്ചക്കാരാണിത്.
2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനോടും, ഏകദിന ക്രിക്കറ്റിനോടും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്കുള്ള താൽപ്പര്യത്തെയാണ് ഇത് കാണിക്കുന്നത്. ലോകം ക്രിക്കറ്റ് ലോകകപ്പിനെ എത്രത്തോളം വിലമതിക്കുന്നുവെന്ന് എടുത്തു കാണിക്കുന്നതാണ് ഈ കണക്കുകൾ. നോക്കൗട്ട് ഘട്ടങ്ങളിലേക്ക് നോക്കുമ്പോൾ, ഈ ഇവന്റ് കൂടുതൽ റെക്കോർഡുകൾ തകർക്കുന്നതിനും, ഒരു ദിവസം ക്രിക്കറ്റിലെ ഏറ്റവും മികച്ച പങ്കാളിത്തം കാണാനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ടെറ്റ്‌ലി കൂട്ടിച്ചേർത്തു.
നവംബർ 19ന് ലോകകപ്പ് ഫൈനൽ നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ, പരമാവധി കപ്പാസിറ്റിയായ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം കാണികൾ നിറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ രാജ്യാന്തര സ്റ്റേഡിയമാണിത്.