ലിറ്റിൽ ഫ്ലവർ കോൺവെന്റിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നു കൃത്യം പതിനെട്ടു രൂപ ബസ് ചാർജിന്റെ ദൂരത്തായിരുന്നു സെൻട്രൽ ജയിൽ. മെറ്റിൽഡ സിസ്റ്ററും അനുമേരി സിസ്റ്ററും ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ സ്ത്രീകളുടെ ജയിലിലെത്തി തടവുപുള്ളികളെ സന്ദർശിക്കുകയും കുറ്റവിമോചനത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിട്ട് തിരിച്ചുപോകും. ആ ദിവസങ്ങളിൽ ബസ് സ്റ്റോപ്പിനടുത്തുള്ള ഫുഡ് ഔട്ട്‌ലെറ്റിൽ നിന്ന് അവർ ചപ്പാത്തി വാങ്ങിക്കാറുണ്ട്. വെള്ളിയാഴ്ചയല്ലെങ്കിൽ നമുക്കു ബിരിയാണി വാങ്ങാമായിരുന്നു എന്ന് അവർ രണ്ടു പേരും മനസ്സിലോർക്കുകയും ഉറക്കെ പറയാതിരിക്കുകയും ചെയ്യും. ആശയടക്കത്തിന്റെ കഠിനപാതകളെത്ര താണ്ടിയിട്ടാണ് ഇരുവരും ഇവിടെ വരെയെത്തിയിരിക്കുന്നത്.
വളരെ മുന്നേ മരിച്ചുപോയൊരു ഡോക്ടർ തന്റെ സമ്പാദ്യം മുഴുവൻ ചെലവഴിച്ച് ഉണ്ടാക്കിയിട്ട വീടായിരുന്നു ലിറ്റിൽ ഫ്ലവർ കോൺവെന്റായി മാറിയത്. പഴകിയും ദ്രവിച്ചും നാനാവിധമായിക്കിടന്ന കാലത്ത് കുറഞ്ഞ വിലയ്ക്കു രൂപത വാങ്ങിയിട്ടതായിരുന്നു ആ വീട്. നഗരത്തോടത്രയും ചേർന്നുള്ള ഒന്നരയേക്കർ സ്ഥലമായിരുന്നു യഥാർത്ഥ ആകർഷണം. വീടു പൊളിച്ചു കളഞ്ഞ് പുതിയതായി അംഗീകാരം കിട്ടിയ സെൽഫ് ഫിനാൻസിങ് കോളേജിനു കെട്ടിടം പണിയാമെന്നായിരുന്നു രൂപതയുടെ തീരുമാനമെങ്കിലും ചില നിയമക്കുരുക്കുകളിൽ പെട്ട് കെട്ടിടം പണി ഉടനെ ആരംഭിക്കാനാവില്ലെന്നു വന്നപ്പോഴാണ് കന്യാസ്ത്രീകൾക്ക് താൽക്കാലികമായി അതു വിട്ടു നൽകിയത്.
വയസ്സായവരും രോഗികളുമായ പതിനാലു കന്യാസ്ത്രീകളും അവരെ നോക്കാനുള്ള ചുമതലയുമായി മെറ്റിൽഡ സിസ്റ്ററും അനുമേരിയും ഒരു അടുക്കളക്കാരിയുമടക്കം പതിനേഴു പേർ ‘നന്ദാവനം’ എന്നു പേരുണ്ടായിരുന്ന ആ വീട്ടിൽ താമസമാക്കിയിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞു. വൈകാതെ പൊളിച്ചുകളയേണ്ടതായിരുന്നതുകൊണ്ട് പഴയ ഗേറ്റിൽ വെൽഡു ചെയ്തു പിടിപ്പിച്ച നന്ദാവനം എന്ന പേര് ഇപ്പോഴും അവിടെയുണ്ട്. മതിൽ ഇടിഞ്ഞു പൊളിഞ്ഞിടത്തൊക്കെ മുള്ളുവേലി കെട്ടിയിരിക്കുന്നു. കാലങ്ങളായി പെയിന്റുചെയ്യുകയോ മെയിന്റനൻസ് നടത്തുകയോ ചെയ്യാത്തതുകൊണ്ട് ഭയപ്പെടുത്തും വിധം പ്രാചീനത തോന്നിപ്പിക്കുന്ന വീടിന്റെ ചുവരിൽ ലിറ്റിൽഫ്ലവർ കോൺവെന്റ് എന്നു പെട്ടന്നാരുടെയും ശ്രദ്ധയിൽ പെടാത്ത വളരെച്ചെറിയൊരു ബോർഡ് തൂക്കിയിട്ടുണ്ട്. നാട്ടുകാർക്ക് ഇപ്പോഴുമതു ‘നന്ദാവനം’ ആണ്. രവീന്ദ്രനാഥൻ ഡോക്ടറുടെ ‘നന്ദാവനം എന്നതിനു പകരം കന്യാസ്ത്രീകൾ താമസിക്കുന്ന ‘നന്ദാവനം’ എന്നു പറയുമെന്നു മാത്രം.
കൈക്കൂലിക്കാരനും ദുഷ്ടനുമായ ആ ഡോക്ടർ ഹൃദയാഘാതം വന്നായിരുന്നു മരിച്ചത്. അയാളുടെ വീട്ടുകാരൊക്കെ ദൂരെയേതോ ക്ഷേത്രത്തിൽ തൊഴാൻ പോയ ദിവസം രാത്രി അയാൾ കിടപ്പുമുറിയിൽ മരിച്ചുവീണു. പിറ്റേന്നുരാത്രി ഭാര്യയും മക്കളും തിരിച്ചെത്തി സ്പെയർ കീ കൊണ്ടു വാതിൽ തുറന്നകത്തു കയറി വീട്ടിനുള്ളിലെ ജീവിതം പുനരാരംഭിച്ചെങ്കിലും തൊട്ടടുത്ത മുറിയിൽ അയാൾ മരിച്ചു കിടപ്പുണ്ടെന്നു അവരറിഞ്ഞത് പിറ്റേന്ന് ദുർഗന്ധം പരക്കാൻ തുടങ്ങിയപ്പോഴാണ്. പുറത്തുള്ളവരോടെന്ന പോലെ വീട്ടിലുള്ളവരോടും അയാൾ അകലം പാലിച്ചിരുന്നിരിക്കണം. കണക്കു പറഞ്ഞുറപ്പിച്ച കാശു മുഴുവൻ കിട്ടാത്തതിന്റെ പേരിൽ ഓപ്പറേഷൻ തീയേറ്ററിൽ കേറാതെ ഇറങ്ങിപ്പോയതിന്റെയും അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന രോഗി മരിച്ചു പോയതിന്റെയുമൊക്കെ കഥകൾ വ്യാപകമായി പ്രചരിക്കപ്പെട്ടത് ഡോക്ടറുടെ മരണാനന്തരമാണ്.
നല്ല കൈപ്പുണ്യമുള്ള ഡോക്ടറായിരുന്നിട്ടും അയാളുടെ കൈകളാൽ രക്ഷപ്പെട്ടവർ ആയിരക്കണക്കിനുണ്ടായിട്ടും മരണശേഷം ആളുകൾ ചർച്ച ചെയ്തത് അതിനെപ്പറ്റിയല്ലെന്നതു വിചിത്രമായിരുന്നു. മരണം ആരെയും വിശുദ്ധനാക്കില്ലെന്നതു സത്യമാണെങ്കിലും മരണം ഒരാളുടെ വിശുദ്ധിയെ ഒട്ടാകെ ഉന്മൂലനം ചെയ്യുന്നതു ദുഃഖകരമാണെന്നു മെറ്റിൽഡ ഓർക്കാറുണ്ട്. മരിച്ചു പത്തു മുപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാവരും അതേ തിന്മ നിറഞ്ഞ കഥകൾ മാത്രം ഡോക്ടറെക്കുറിച്ചു പറയുന്നു.
കുട്ടിക്കാലത്ത് ആവർത്തിച്ചു വരുന്ന ചുഴലിദീനത്തിന് ചികിത്സ തേടി ദൂരെയൊരു മലയോരഗ്രാമത്തിൽ നിന്നു മെറ്റിൽഡയും അപ്പനും ഈ ഡോക്ടറെ കാണാൻ വലിയാശുപത്രിയിൽ വന്നിട്ടുണ്ട്. അക്കാലത്ത് അവളുടെ പേര് റീബ എന്നായിരുന്നു. അന്നവൾക്കു നാലു വയസ്സായിരുന്നു . ഡോക്ടറുടെ പേരെഴുതി വെച്ച വലിയ മുറിയും ഡെറ്റോൾ മണക്കുന്ന ഇടനാഴികളും ആശുപത്രിക്കടുത്തുള്ള ഹോട്ടലിൽ നിന്നു കഴിച്ച മസാലദോശയും മാത്രമാണവളുടെ ഓർമ്മയിലവശേഷിച്ചിരുന്നത്.
കാണുമ്പോൾ കൊതിയുണർത്തിയെങ്കിലും ഉള്ളിൽ ഉരുളക്കിഴങ്ങും ഉള്ളിയും കുത്തിനിറച്ച മസാലദോശ അവളുടെ നാലു വയസ്സുനാവിനു ഇഷ്ടപ്പെടാനായില്ല. അവൾ മൊരിഞ്ഞ തോടു മാത്രം നുള്ളിപ്പെറുക്കിത്തിന്നു, അവളെ നിർത്താതെ വഴക്കു പറഞ്ഞു കൊണ്ട് അതിന്റെ ബാക്കി മുഴുവൻ തിന്നത് അപ്പനായിരുന്നു. എരിവും അപ്പന്റെ വഴക്കുപറച്ചിലും കാരണം റീബയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അപ്പന്റെ കൈയ്യിൽ കാശു കുറവായിരുന്നു. ഗ്യാസിന്റെ ഉരുണ്ടു കേറ്റമുണ്ടാകുമെന്നതുകൊണ്ട് ഉരുളക്കിഴങ്ങു തിന്നാൻ അപ്പനും ഇഷ്ടമായിരുന്നില്ല, പൈസ കൊടുത്തു വാങ്ങിയത് ചുമ്മാ കളയാൻ പറ്റാത്തതു കൊണ്ടു മാത്രം അപ്പനതു തിന്നു തീർത്തു. ഡോക്ടരുടെ മരുന്നു കഴിച്ചതിനുശേഷം പിന്നീടൊരിക്കലും റീബയ്ക്കു ചുഴലിദീനം വന്നില്ല.
പതിനാലു വൃദ്ധസ്ത്രീകളെയും കൊണ്ടു ആ മനുഷ്യപ്പറ്റില്ലാത്ത ഡോക്ടറുണ്ടാക്കിയിട്ട ‘നന്ദാവന’ത്തിലെത്തിയപ്പോൾ മെറ്റിൽഡ സിസ്റ്റർക്കു ഭയവും വേവലാതിയും കുറച്ചൊന്നുമായിരുന്നില്ല. പേടിപ്പിക്കുന്ന അന്തരീക്ഷം, കൂട്ടിന് രോഗിണികളായ, സന്തോഷിക്കാൻ മറന്നു പോയ സ്ത്രീകൾ. അവരെ സ്ത്രീകളെന്നു വിളിക്കാമോയെന്നു പോലും മെറ്റിൽഡയ്ക്കു സംശയം തോന്നാറുണ്ട്. പ്രായം ചെല്ലുമ്പോൾ താനും പെണ്ണിന്റെ പുറന്തോടു മാത്രമാകുമെന്നവൾ ഭയന്നു.
കൗൺസിലിങ്ങിൽ ഡിപ്ലോമ നേടിയ അനുമേരി സിസ്റ്റർ കൂടി വന്നപ്പോഴാണ് സാമൂഹ്യപ്രതിബദ്ധതയുള്ള എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ഈ വിരസത മറികടക്കണമെന്നും മെറ്റിൽഡ തീരുമാനിച്ചത്. അടുത്തുള്ള കോളനിയിലെ വീടുകൾ സന്ദർശിക്കുക, സ്ത്രീകൾക്ക് ആത്മീയ കാര്യങ്ങളിലും മാതൃകാപരമായി കുടുംബം നടത്തുന്നതിലും ഉപദേശം കൊടുക്കുക, തുടങ്ങിയ ചില്ലറ കാര്യങ്ങളാണവരാദ്യം തുടങ്ങിയത്. അതൊക്കെയും വളരെപ്പെട്ടന്നു നിഷ്ഫലമായിത്തീർന്നു.
കോളനിയിലെ പ്രായം ചെന്ന സ്ത്രീകൾ പാൽപ്പൊടി, വെണ്ണ, ബിസ്‌ക്കറ്റ് തുടങ്ങിയ പ്രലോഭനങ്ങളിൽ കുടുങ്ങി ആദ്യമൊക്കെ അവരെ കാത്തിരിക്കുകയും പറയുന്നതു കേൾക്കാൻ തയ്യാറാവുകയും ചെയ്തിരുന്നു. ആ സ്ത്രീകളുടെ ചെറുപ്പകാലത്ത് പള്ളിയിൽ നിന്നു അതൊക്കെ കിട്ടിയിരുന്നത്രേ! വെറും കൈയ്യോടെ ഉപദേശിക്കാൻ വരുന്ന കന്യാസ്ത്രീകളോട് അവർക്കുള്ള വിമുഖത പ്രകടമായിത്തന്നെ മനസ്സിലാവാൻ തുടങ്ങിയതോടെ മെറ്റിൽഡയും അനുമേരിയും വൈകാതെ ആ യാത്രകളവസാനിപ്പിച്ചു.
സ്വന്തം മക്കളെ വിഷം കൊടുത്തുകൊന്നിട്ട് തൂങ്ങി മരിക്കാൻ ശ്രമിച്ച് ഇപ്പോൾ ജയിലിൽ കിടക്കുന്ന ഒരു നാട്ടുകാരിയെപ്പറ്റി അടുക്കളയിലെ മേരിച്ചേട്ടത്തി സാന്ദർഭികമായിപ്പറഞ്ഞ നിമിഷമാണ് ജയിലിൽ കഴിയുന്ന സ്ത്രീകളെ സന്ദർശിക്കുകയും ഉപദേശിച്ചു നേരായ വഴികളിലേക്കവരെ തിരിച്ചുവിടുകയും ചെയ്യുന്നതു സദ് പ്രവൃത്തിയായിരിക്കുമല്ലോ എന്നു മെറ്റിൽഡ ആലോചിച്ചത്. കോൺവെന്റിലെ ,വാർദ്ധക്യവും രോഗങ്ങളുമലട്ടുന്ന വൃദ്ധകൾക്കു കൗൺസിലിങ്ങ് നടത്തുന്നതിലെ നിരർത്ഥകത ബോധ്യപ്പെട്ടതു കൊണ്ടു അനുമേരിയും ആ തീരുമാനത്തോടനുഭാവം പ്രകടിപ്പിച്ചു.
വലിയ പ്രയാസങ്ങളൊന്നുമില്ലാതെ തന്നെ അവർക്കു ജയിലിനുള്ളിലേക്കു പ്രവേശനം കിട്ടുകയും ചെയ്തു. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ ഉച്ചതിരിഞ്ഞ് അവർ രണ്ടുപേരും വലിയ കവാടം കടന്ന് ഇരുവശവും പൂച്ചെടികൾ തഴച്ചു നിൽക്കുന്ന വഴിയിലൂടെ സ്ത്രീകളുടെ ജയിലിലേക്കു നടക്കുന്നതു കാണുമ്പോൾ കാവിസാരിയും മൂന്നു മണി നേരത്തെ വെയിലും കൂടി മെറ്റിൽഡയെയും അനുമേരിയെയും തുടുത്ത ആപ്പിളുകൾ പോലാക്കിയിട്ടുണ്ടെന്നു ജയിൽ സൂപ്രണ്ടിനു തോന്നും.
അത്തരമൊരുപമ കന്യാസ്ത്രീകളെപ്പറ്റി തോന്നാൻ പാടില്ലാത്തതു കൊണ്ട് മാത്യുസ് എന്നു പേരുള്ള അയാൾ കുറ്റബോധത്തോടെ ഉള്ളിൽ കുരിശു വരയ്ക്കുകയും ആണുങ്ങളുടെ ജയിലിലും കൂടി പ്രാർത്ഥനയും കൗൺസിലിങ്ങും നടത്തണമെന്നു മെറ്റിൽഡയോടു ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ സ്ത്രീകളെ ഉപദേശിക്കുന്നതു പോലെ എളുപ്പമായിരിക്കില്ല പുരുഷന്മാരായ കുറ്റവാളികളോടിടപഴകുന്നതെന്നു മെറ്റിൽഡയ്ക്കു തോന്നി. സ്ത്രീകളെ ക്രിമിനലുകളായി സങ്കൽപ്പിക്കാൻ പോലും അവർക്കു പ്രയാസമായിരുന്നു. ചെറിയ കളവുകൾ, കുഞ്ഞുകുഞ്ഞു നുണകൾ, കൂടിപ്പോയാൽ ഇച്ചിരെ വ്യഭിചാരം. അതിലപ്പുറമൊക്കെ എന്തു കുറ്റമാണു പെണ്ണുങ്ങൾ ചെയ്യുക! അവരുടെയടുത്തു നമുക്ക് എളുപ്പമായിരിക്കും , കർത്താവു നിന്റെ രക്ഷയുടെ പരിച, നിന്റെ വിജയത്തിന്റെ വാൾ, അനുതപിക്കുവിൻ എന്നവരോടു പറയാം. അവർ കേൾക്കും
മെറ്റിൽഡ ജയിലിലേക്കുള്ള യാത്രയിൽ അനുമേരിയോടു ഇതുതന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അത്രയെളുപ്പമായിരിക്കില്ല എന്നു തോന്നിയെങ്കിലും അനുമേരിക്കും ശുഭപ്രതീക്ഷയുണ്ടായിരുന്നു. അവരിരുവരും മാത്യൂസിനോടു ഞങ്ങൾ ശ്രമിക്കാമെന്നോ മറ്റോ വിനയപൂർവ്വം പറഞ്ഞൊഴിയും.
സ്ത്രീകളുടെ ജയിലിനകത്ത് തടസ്സങ്ങളില്ലാതെ പ്രവേശിക്കാമെന്നും തങ്ങളുടെ വാക്ചാതുരി കൊണ്ട് അന്തേവാസികളെല്ലാവരിലും മനസ്താപത്തിന്റെ വിത്തുകൾ പെട്ടന്നു വിതക്കാമെന്നുമായിരുന്നു മെറ്റിൽഡ വിചാരിച്ചിരുന്നത്. പക്ഷേ അതിനൊന്നും അനുമതിയില്ലെന്നും , ഓഫീസിനടുത്തുള്ള ചെറിയ മുറിയിൽ കാത്തിരിക്കണമെന്നും ഷീലാ റാണിയെന്ന വാർഡൻ അവരെ അറിയിച്ചു. “പ്രാർത്ഥനയ്ക്കായി കന്യാസ്ത്രീകൾ വന്നിട്ടുണ്ടെന്നു ഉള്ളിലെ സ്ത്രീകളോടു പറയാം, അവരിൽ താൽപ്പര്യമുള്ളവരെ ഓരോരുത്തരായി മുറിയിലേക്കു കൊണ്ടു വരാം. ഒരു മണിക്കൂർ സമയത്തിനുള്ളിൽ പരമാവധി പേരോടു സംസാരിച്ചുകൊള്ളൂ,” ഷീലാ റാണി ഔദാര്യത്തോടെ പറഞ്ഞു.
യൂണിഫോമിനുളളിൽ ഏതാണ്ടൊരേ പോലത്തെ പരുക്കൻഭാവമുള്ള സ്ത്രീകൾ ആദ്യമൊക്കെ കൗതുകത്തോടെ വന്നു. ചിലരുടെ മുഖത്ത് വിദ്വേഷം മാത്രമായിരുന്നു. മെറ്റിൽഡയുടെ പ്രാർത്ഥനകളവരെ ചിരിപ്പിച്ചു. അനുമേരി അവരുടെ കൈകൾ സ്വന്തം കൈകളിലെടുത്ത് അലിവോടെ സംസാരിക്കാൻ നടത്തിയ ശ്രമങ്ങളോടു ആ സ്ത്രീകൾ നിസഹകരണം പ്രഖ്യാപിച്ചു. മിക്ക വെള്ളിയാഴ്ചകളിലും കടുത്ത നിരാശയോടെയായിരുന്നു അവർ തിരിച്ചുപോയിരുന്നത്.
അപൂർവ്വം ചില ദിവസങ്ങളിൽ ഏതെങ്കിലുമൊരു സ്ത്രീ മെറ്റിൽഡയുടെ തോളിൽ തലചാരുകയും കുറ്റബോധത്തോടെ പ്രാർത്ഥനകളേറ്റു ചൊല്ലുകയും ചെയ്തെന്നു വരും. “എന്റെ പിഴ, എന്റെ പിഴ” എന്നവർ വിതുമ്പും. “എന്റെ ഇരിക്കപ്പൊറുതിയില്ലായ്മയുടെ കണക്കു നീ സൂക്ഷിച്ചിരിക്കുന്നുവെന്നും നിന്റെ കുപ്പിയിൽ എന്റെ കണ്ണീർ ശേഖരിച്ചിരിക്കുന്നുവെന്നും നീയെന്നെ രക്ഷിക്കുമെന്നും ഞാൻ നിർഭയം നിന്നിൽ ആശ്രയമർപ്പിക്കുന്നുവെന്നും” അവൾ പൂർണമായി ദൈവത്തിലേക്കു ചായും. പ്രാർത്ഥനയ്ക്കു മുടക്കം വരുത്തില്ലെന്നു ഇടർച്ചയോടെ മെറ്റിൽഡയ്ക്കു വാക്കു കൊടുക്കും. ഉള്ളുതുരക്കുന്ന അനുമേരിയുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞുതീരുമ്പോഴേക്ക് പിന്നെയും കുറ്റബോധത്തിലലിയും. മനുഷ്യരത്ര ചീത്തയല്ലെന്നും ലോകം ദൈവകൃപയാൽ ജ്വലിക്കുന്നുവെന്നും പാദങ്ങൾ വഴുതാനനുവദിക്കാതെ അവൻ തന്റെ ജനതയെ കാക്കുമെന്നുമൊക്കെ മെറ്റിൽഡയും അനുമേരിയും പ്രത്യാശാഭരിതരാവും. അത്തരം ദിവസങ്ങളിൽ തങ്ങളുടെ ഈ വരവും കഷ്ടപ്പാടുമൊന്നും വെറുതെയായില്ലെന്നവരാശ്വസിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും കലാവതിയെ കാണുന്നതു വരെ ഒന്നിടവിട്ട വെള്ളിയാഴ്ചകളിലൊരു ഔട്ടിങ് എന്നതിനപ്പുറം വളരെ സീരിയസായൊന്നും തങ്ങളുടെ ഈ പ്രാർത്ഥനായാത്രകളെപ്പറ്റി മെറ്റിൽഡയും അനുമേരിയും ആലോചിച്ചിരുന്നില്ലെന്നതാണു വാസ്തവം. ഇടയ്ക്കൊരു ദിവസം ലിറ്റിൽഫ്ലവർ സന്ദർശിക്കാൻ വന്ന മദറിനെ തങ്ങൾ ചെയ്യുന്നത് പുണ്യകരമായ സാമൂഹ്യ സേവനമാണെന്നു ബോധ്യപ്പെടുത്താൻ അവർ വളരെ ക്ലേശിക്കേണ്ടി വന്നു. പ്രതിഫലമൊന്നുമില്ലാതെ സ്വന്തം കൈയ്യിൽ നിന്നു പണം ചെലവഴിച്ചു ജയിലിലേക്കു നടത്തുന്ന യാത്രകളെ എങ്ങനെയൊക്കെ ന്യായീകരിച്ചിട്ടും മദറിനൊട്ടു മനസ്സിലായതുമില്ല. ദൈവഹിതം അങ്ങനെയായതുകൊണ്ടാണ് അവർ തടവറയിലായത്, ആ പാപങ്ങൾക്കു മോചനം കൊടുക്കാൻ നമുക്കർഹതയില്ല എന്നു മൂക്കടഞ്ഞ പോലത്തെ ഒച്ചയിൽ മദർ പറഞ്ഞുകൊണ്ടിരുന്നു.
“പമോചനമല്ല ,കുറ്റബോധമുണ്ടാക്കുക, ദൈവവിചാരമുണ്ടാക്കുക അതാണു ഞങ്ങൾ ചെയ്യുന്നത്, അതിന്റെ പ്രതിഫലം ഈശോയുടെ കണക്കുപുസ്തകത്തിൽ ചേർത്തിട്ടുണ്ടാവും” മെറ്റിൽഡയുടെ യാചനകലർന്ന വിശദീകരണത്തിന് “എന്തേലും ചെയ്യ്, ഇവിടത്തെ വൃദ്ധരും ദുർബ്ബലരുമായ കന്യാസ്ത്രീകളുടെ കാര്യം നോക്കാനാണു നിങ്ങളെയേൽപ്പിച്ചിരിക്കുന്നത്. അതിനു തടസ്സം വന്നെന്നറിഞ്ഞാൽ ഇവിടന്നു ട്രാൻസ്ഫർ ചെയ്യാൻ മടിക്കില്ല” എന്നവർ അരിശപ്പെട്ടു. “എന്തേലും ചെയ്യ്” എന്ന പാതിസമ്മതം ധാരാളമായിരുന്നു മെറ്റിൽഡയ്ക്ക്. കോൺവെന്റിലെ കാര്യങ്ങൾക്കു മുടക്കമില്ലെങ്കിൽ വെള്ളിയാഴ്ചകളിലെ ജയിൽ സന്ദർശനം ആർക്കു പ്രശ്നമുണ്ടാക്കാനാണ്.
കലാവതി മെലിഞ്ഞു നീണ്ടുറച്ച സ്ത്രീയായിരുന്നു. അവൾക്കു മുന്നിൽ നിൽക്കുമ്പോൾ മെറ്റിൽഡയ്ക്ക് പതിവില്ലാതെ കടുത്ത ആത്മവിശ്വാസക്കുറവ് തോന്നി. വെടുപ്പും വൃത്തിയുമുള്ള വസ്ത്രങ്ങളും ഒറ്റ മുടിയിഴ പോലും കാണാത്ത വിധമണിഞ്ഞ ശിരോവസ്ത്രവും കുരിശു തൂക്കിയിട്ട സ്റ്റീൽമാലയും ചമയങ്ങളില്ലാത്ത, പക്ഷേ വിശുദ്ധിയുടെ വെണ്മ ചിതറുന്ന മുഖവും കണ്ണുകളുമൊക്കെയായി ഇതൊന്നുമില്ലാത്ത തടവുകാരികളുടെ മുന്നിലിരിക്കുമ്പോൾ അരുതെന്നു ഉൾവിലക്കുണ്ടായാലും ഇത്തിരി അഹന്തയോടെത്തന്നെ അവരോടു സംസാരിക്കുകയായിരുന്നു എന്നും പതിവ്. പക്ഷേ കലാവതിയുടെ മുഷിഞ്ഞ വസ്ത്രങ്ങളും ഇരുണ്ട മുഖവും മെറ്റിൽഡയെ തളർത്തുകയും ആത്മനിന്ദയുണ്ടാക്കുകയും ചെയ്തു. ഒട്ടും മെരുങ്ങാത്തവളെന്നു ഷീലാറാണി അവരോടു പിറുപിറുത്തു.
“അവളായിട്ടു വന്നതല്ല, ഞാൻ നിർബന്ധപൂർവ്വം വിളിച്ചുകൊണ്ടു വന്നതാണ്, എന്തേലും ഉപദേശിച്ച് ഒന്നു മയപ്പെടുത്ത്, ഒണ്ടേൽ ഒരു ബൈബിളു കൊടുക്ക്, അതു വായിച്ചിട്ടേലും ഈ പിശാചിന് മാനസാന്തരം ഒണ്ടാവട്ടെ, പറ്റുമെങ്കിൽ ഒന്നു ഹിപ്നോട്ടൈസു ചെയ്തോ. രാത്രി മുഴുക്കെ ഒറക്കമില്ലാതെ കുത്തിയിരിപ്പാ. പകലായാലും വാ തുറക്കാതെ ഒരക്ഷരം മിണ്ടാതെ കല്ലുപോലെ നടക്കും. പറയുന്ന പണി ചെയ്യും, പക്ഷേ, ഇവിടൊരു കമ്മ്യൂണിറ്റി ലൈഫല്ലേ, മിണ്ടാതേം പറയാതേം എങ്ങനാ? കഴിഞ്ഞദിവസം ഏതാണ്ടു ചോദിച്ച് മറുപടി പറയാത്തപ്പോ ഒരുത്തി ഇവൾടെ കിറിക്കിട്ടൊരു കുത്ത്. അവൾടെ കൈയിപ്പം പ്ലാസ്റ്ററിട്ടേക്കുവാ, അമ്മാതിരി പിടുത്തമായിരുന്നു ഇവളു പിടിച്ചത്…”
ഷീലാറാണി ഇതൊക്കെ പറയുമ്പോൾ മരവിച്ച മുഖവുമായി കലാവതി മെറ്റിൽഡയ്ക്കു മുന്നിലിട്ട ബഞ്ചിൽ നെടുങ്ങനെയിരിക്കുന്നുണ്ടായിരുന്നു. ഷീല ശബ്ദം താഴ്ത്തിയാണു പറഞ്ഞതെങ്കിലും അതു മുഴുവൻ കലാവതി കേൾക്കുന്നുണ്ടെന്നുറപ്പായിരുന്നു. പക്ഷേ അന്നേരം കൊത്തിയുണ്ടാക്കിയ ആവിയും പൊടിയും പൊന്തുന്നൊരു കൽപ്രതിമ പോലെ ഭാവഭേദങ്ങളില്ലാതെ കലാവതി നിശ്ചലമിരുന്നു. ഷീലാറാണി പോയതിനു ശേഷം അനുമേരി കലാവതിയുടെ പിന്നിലെത്തി അവളുടെ തോളത്തു കൈ വെച്ച് “ചേച്ചീ”യെന്നു അരുമയോടെ വിളിച്ചു. അങ്ങനെയാണ് അവൾ അവരുടെ മനസ്സിലേക്ക് ആദ്യത്തെ പാലം പണിയുക. “അമ്മേ,മോളേ,ചേച്ചീ…” എന്നിങ്ങനെ തരം പോലെയുള്ള സംബോധനകൾ. മിക്കവാറും അതു വിജയിക്കുകയും ചെയ്യും.
പക്ഷേ കലാവതി തോൾ കുലുക്കി അനുമേരിയുടെ കൈകൾ അനായാസം കുടഞ്ഞ് കളഞ്ഞ് എന്റെ പേരു കലാവതിയാണെന്നും അങ്ങനെ വിളിച്ചാൽ മതിയെന്നും പ്രഖ്യാപിച്ചു.
“എന്നോടു സംസാരിക്കേണ്ട ആവശ്യം നിങ്ങൾക്കില്ല, ഉണ്ടെങ്കിൽ പേരു മാത്രം വിളിക്ക്, ചേച്ചി കീച്ചി ഒന്നും വേണ്ട!”
അനുമേരിയുടെ മുഖം വിളറി. മെറ്റിൽഡയ്ക്ക് പ്രാർത്ഥനാപുസ്തകം തുറക്കാൻ പോലും ധൈര്യം വന്നില്ല. ഇനിയത്തെ വരവിനാകട്ടെ എന്നു ഷീലാ റാണിയോടു പറഞ്ഞപ്പോൾ ”പല വരവു വേണ്ടി വരും. കണ്ടില്ലേ, അത്രേം മുറ്റാ.” എന്നു പിറുപിറുത്തു കൊണ്ട് അവൾ കലാവതിയെ അകത്തേക്കു കൊണ്ടുപോയി. അന്നു തിരിച്ചുപോകുമ്പോൾ അവർ നിരാശരും നിശ്ശബ്ദരുമായിരുന്നു. ചപ്പാത്തി വാങ്ങാൻ മറന്നതു കൊണ്ട് അടുക്കളയിലെ മേരിച്ചേട്ടത്തിക്ക് രാത്രി കഞ്ഞി വെക്കാനും ചമ്മന്തിയരക്കാനും മെനക്കേടേണ്ടി വന്നു. കടലാസുകനവും നേരിയ മധുരവുമുള്ള ആ ചപ്പാത്തികളിഷ്ടമുള്ള മൂന്നാലു സിസ്റ്റർമാർ കഞ്ഞികുടിക്കാൻ വിസമ്മതിച്ചപ്പോൾ മേരിച്ചേട്ടത്തിക്കു അരിശവും വന്നു.
”വയ്യാത്ത കാലും വെച്ച് മെനക്കെട്ടുണ്ടാക്കിയ അന്നമാണ്! അമ്മമാരു കഴിക്കണ്ട. അല്ലേലും എല്ലാ അടുക്കളക്കാരികൾക്കും പണിക്കാരികൾക്കും മേരീന്നായിരിക്കും പേര്. ജീവിതം മുഴോനും കഷ്ടപ്പാടും അലച്ചിലും ആട്ടും തുപ്പും മാത്രം!” പറഞ്ഞുപറഞ്ഞ് അവർ വിങ്ങിക്കരയാൻ തുടങ്ങി. പിന്നെ മെറ്റിൽഡ വന്നു രണ്ടുകൂട്ടരെയും സമാധാനിപ്പിക്കേണ്ടി വന്നു.
ദുഃഖവെള്ളിയും നോമ്പുവീടലും ലിറ്റിൽ ഫ്ലവറിലെ ഏറ്റവും സീനിയറായിരുന്ന ഗ്ലോറിയ സിസ്റ്ററിന്റെ മരണവും മേരിച്ചേട്ടത്തിയുടെ വീട്ടിലെ കല്യാണം പ്രമാണിച്ചുള്ള അവരുടെ അവധിയുമെല്ലാം കാരണം പിന്നെ വന്ന നാലഞ്ചു വെള്ളിയാഴ്ചകൾ മെറ്റിൽഡയ്ക്കും അനുമേരിക്കും ജയിലിലേക്കു പോകാൻ കഴിഞ്ഞതേയില്ല. ഓരോ വെള്ളിയാഴ്ചയും ഇന്നുപോകാൻ പറ്റില്ലെന്നറിയുമ്പോൾ മെറ്റിൽഡ കടുത്ത നിരാശയിലാവുകയും കലാവതിയെ കാണേണ്ടല്ലോ എന്നോർത്തു അത്ര തന്നെ ആശ്വസിക്കുകയും ചെയ്തു.
വേനലിന്റെ ഒടുക്കം കുറിച്ചു കൊണ്ട് ഇടിവെട്ടി മഴപെയ്യാൻ തുടങ്ങിയൊരു വെള്ളിയാഴ്ചയാണ് അവരിരുവരും വീണ്ടും ജയിലിലേക്കു പോയത്. “കണ്ടിട്ട് ഒത്തിരിയായല്ലോ, ഞങ്ങളു പാവങ്ങളെയൊക്കെ മറന്നോ,” എന്നു ഷീലാറാണി ലോഹ്യം പറയുകയും സിസ്റ്റർമാരെ അന്വേഷിച്ച ചില തടവുകാരികളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. അവരുടെ നിസ്വാർത്ഥസേവനത്തിന്റെ ഫലമായി പലരുടെയും സ്വഭാവം പട്ടു പോലായെന്നു പറഞ്ഞ് മെറ്റിൽഡയെയും അനുമേരിയെയും പ്രശംസിക്കുക കൂടി ചെയ്തു ഷീലാ റാണി.
“നിങ്ങള് ആഴ്ചേല് എല്ലാ ദിവസോം അല്ലേ വേണ്ട ഒന്നരാടം വന്നാ മാത്രം മതി, പെണ്ണുങ്ങടെ ജയിലിലെ തൊണ്ണൂറുശതമാനം പ്രശ്നങ്ങളും തീരും, അവരാരും പുറത്തെറങ്ങിയാ പിന്നെ പെഴച്ച വഴിക്കു പോകുകേമില്ലെന്ന് അച്ചട്ടാ!”
ഷീലയുടെ വാക്കുകളിൽ ആത്മാർത്ഥതയുടെ തരിമ്പുപോലുമില്ലാത്ത അതിശയോക്തി നുരഞ്ഞുപതഞ്ഞു. മെറ്റിൽഡയ്ക്കും അനുമേരിക്കും ലജ്ജ തോന്നി.
“സിസ്റ്റർമാര് വന്ന കാര്യം ഞാനകത്തു പറയാം, പക്ഷേ നിങ്ങളിന്ന് ആ മറ്റേ പെണ്ണിനെ ഒന്നുപദേശിച്ചോ പ്രാർത്ഥിച്ചോ നേരെയാക്കിത്തരൂ. ഒരു രക്ഷേമില്ല അതിനെക്കൊണ്ട്. ഓരോ ദിവസവും സ്വഭാവം വഷളാവുന്നു. എല്ലാരോടും വഴക്ക്. എന്തേലും ചോദിച്ചാലോ തല്ലിയാപ്പോലുമോ അനക്കമില്ല. കല്ലുണ്ട പോലൊരു നിൽപ്പാ…”
ഷീലാറാണി പറഞ്ഞപ്പോൾ തീയിൽ തൊട്ടാലെന്ന പോലെ മെറ്റിൽഡയ്ക്കു പൊള്ളി. അവളെ കാണണമെന്നു തോന്നിയ അത്രയും തന്നെ അവളിങ്ങോട്ടു വരരുതെന്നും അവരാഗ്രഹിച്ചു.
ഷീലയ്ക്കു പിന്നാലെ കലാവതി നടന്നു വന്ന അതേ നിമിഷമാണ് വെട്ടിത്തിളങ്ങുന്ന ഒരു മിന്നലുണ്ടാവുകയും ഇടിമുഴങ്ങുകയും വെളിച്ചം കെട്ടു പോവുകയും ചെയ്തത്.
“അയ്യോ കറന്റ് പോയല്ലോ,” ന്നു ഷീല ഒച്ച വെച്ചു. “ഇതിനാത്ത് അല്ലെങ്കിലേ ഇരുട്ടാ, ലൈറ്റുംകൂടിയില്ലാണ്ടെങ്ങനാ സിസ്റ്റർമാരേ,” എന്നു ഖേദിച്ചു. “പിന്നെ നിങ്ങക്കു ചുമ്മാ വർത്തമാനം പറയാനും പ്രാർത്ഥിക്കാനുമല്ലേ, അതിനു വെളിച്ചമെന്നാത്തിനാ,” എന്നാ പ്രതിസന്ധിയെ ലഘൂകരിച്ചു.
ചരലുവാരിയെറിയുന്നതു പോലെ പുറത്തു മഴ പെയ്യാൻ തുടങ്ങിയിരുന്നു, കാറ്റിൽ ജയിൽവളപ്പിലെ മരങ്ങളാഞ്ഞുലഞ്ഞു. ഇന്നിനി പ്രാർത്ഥനയും കൗൺസിലിങുമൊന്നും വേണ്ടെന്നു വെച്ചാലും ഈ പെരുമഴയത്ത് തങ്ങൾക്കു പുറത്തിറങ്ങാൻ പറ്റില്ലെന്നു മെറ്റിൽഡയ്ക്കു മനസ്സിലായി. വേനലൊടുവിലെ മഴയ്ക്കു സംഹാര സ്വഭാവം കൂടുതലാണ്. അടക്കിവെച്ചതൊക്കെ കെട്ടഴിഞ്ഞു ചിതറുന്നതു പോലെ, തടഞ്ഞുവെച്ചതു ചിറ പൊട്ടിച്ചൊഴുകുന്നതു പോലെ അതെല്ലായിടത്തേക്കും പടരുന്നു, വിനാശത്തിന്റെയാ സ്പർശത്തിൽ നിന്നു ഒന്നും രക്ഷപെടുകയുമില്ല.
ഇനി മഴയെല്ലാം തോർന്നാലേ പുറത്ത് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചറിയാൻ കഴിയൂ, തിരിച്ചു പോകാനുള്ള വഴികൾ മിക്കവാറും മരച്ചില്ലകൾ വീണു ബ്ലോക്കായിട്ടുണ്ടെന്നു വരാം. ‘നന്ദാവന’ത്തിലെ വളർന്നു മുറ്റിയ പഴയ മരങ്ങളെക്കുറിച്ചോർത്തപ്പോൾ മെറ്റിൽഡയ്ക്കു ഭീതി തോന്നി. ഈ കാറ്റ് അവിടെയും വീശുന്നുണ്ടെങ്കിൽ ഉറപ്പായും അതിലൊന്നെങ്കിലും ചാഞ്ഞു കടപുഴകി വീഴാൻ സാധ്യതയുണ്ട്. അത് വീടിനു മുകളിലേക്കാവാതിരിക്കട്ടെ കർത്താവേ. അവർ അറിയാതെ കുരിശു വരച്ചു പോയി.
ആ ചെറിയ മുറിയിലിട്ട ബഞ്ചിൽ കലാവതിയിരിക്കുകയായിരുന്നു. അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം വ്യക്തമായിരുന്നില്ല. ഇടയ്ക്ക് പുളഞ്ഞു കേറി വരുന്ന മിന്നലിൽ അതിന്റെ കടുപ്പമൊട്ടും കുറഞ്ഞിട്ടില്ലെന്നു മാത്രം മെറ്റിൽഡയ്ക്കു മനസ്സിലായി. ആദ്യം കാണുമ്പോഴത്തെ അതേ ഭാവം! ഇവളോട് എന്താണു പറഞ്ഞു തുടങ്ങേണ്ടതെന്നവർക്കു മനസ്സിലായില്ല. വേദപുസ്തകത്തിലെ ഏതു ഭാഗമാണ് ഇപ്പോൾ അവൾക്കും തനിക്കും തുണയാവുക?
“എനിക്കു പോണം, വല്ലോം ചോദിക്കാനുണ്ടെങ്കിൽ വേഗമാവട്ടെ. എന്നെ പ്രായശ്ചിത്തപ്പെടുത്താനോ മതം മാറ്റാനോ പാപമോചനത്തിനോ ഒന്നും ശ്രമിക്കണ്ട. ഒറ്റ ദൈവത്തേം എനിക്ക് വിശ്വാസമില്ല, എല്ലാം കണക്കാ! പാവങ്ങൾടെ കാശു പിടുങ്ങാൻ കൊറെ അമ്പലോം പള്ളീം. നിങ്ങൾടെ വക ചേച്ചി, അനിയത്തീന്നു പുന്നാരവും വേണ്ട. ഒക്കെ കുറെ കേട്ടതാ.”
കലാവതി വ്യക്തതയോടെ പറഞ്ഞു. പതർച്ചയോ വേദനയോ ഇല്ലാത്ത ഉറച്ച ശബ്ദം. വെണ്മയുള്ള നിരയൊത്ത പല്ലുകളുടെ തുമ്പുകൾ ആ മങ്ങിയ വെളിച്ചത്തിൽ അവളെ കൂടുതൽ സുന്ദരിയാക്കുന്നു.
ഭയത്തോടെ, കലാവതിയുടെ നാടെവിടാണെന്നു മെറ്റിൽഡ ചോദിച്ചു. ശരിക്കും അതല്ല ചോദിക്കേണ്ടതെന്ന് അറിയാതെയല്ല, എന്തു കുറ്റമാണു ചെയ്തതെന്നാണു ഒരു തടവുകാരിയോടു ചോദിക്കേണ്ടത്. അവൾ ചില്ലറക്കാരിയല്ലെന്നും കെട്ടിയോനെ വെട്ടിക്കൊല്ലാൻ നോക്കിയതിനും പ്രായപൂർത്തിയാവാത്ത മകളെ വെച്ച് ശരീരക്കച്ചവടം നടത്തിയതിനും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവളാണെന്നു ഷീലാ റാണി പറഞ്ഞു മെറ്റിൽഡക്കും അനുമേരിക്കും അറിയാം. അത് അവളാദ്യം സമ്മതിക്കണമെന്നില്ല. പക്ഷേ, ഏറ്റവും കരുണയോടെ അവളുടെ മനസ്സിന്റെ ആഴങ്ങളിലൊളിപ്പിച്ച രഹസ്യങ്ങൾ കോർത്തുവലിക്കുന്ന ചൂണ്ടകളിടാൻ മെറ്റിൽഡക്കറിയാം. ചിലപ്പോഴതു ഫലപ്രദമാകും. കലാവതി കരയും, പശ്ചാത്തപിക്കും, ഇടറിയ ഒച്ചയിൽ ഇനിയൊരിക്കലും പാപത്തിന്റെ വഴുക്കലുള്ള പാതകളിലൂടെ നടക്കില്ലെന്നുറപ്പു തരും. അതൊക്കെയോർത്തപ്പോൾ മെറ്റിൽഡയ്ക്കു രോമാഞ്ചമുണ്ടായി.
“എവിടുന്നു വന്നു എന്നറിഞ്ഞിട്ടെന്താണ്? അവിടെ തിരിച്ചു കൊണ്ടുവിടാൻ പറ്റുമോ? ഇല്ലല്ലോ? ഇപ്പോ ഇവിടെയാണ് ,അത്ര തന്നെ.”
കലാവതി മെറ്റിൽഡയ്ക്ക് ഒരു പഴുതും കൊടുക്കാതെ അറുത്തുമുറിച്ചു പറഞ്ഞു. ഓടിട്ട മേൽക്കൂരയ്ക്കു മേൽ മഴ പെയ്യുന്നതിന്റെ ഒച്ച പിന്നെയും കനത്തു. ചിലപ്പോഴത് ഐസുകട്ടകളായിരിക്കുമെന്നു മെറ്റിൽഡയ്ക്കു തോന്നി. ആലിപ്പഴം! അവൾക്കു തണുത്തു. പണ്ട് ‘നന്ദാവന’ത്തിലെ ഡോക്ടറെക്കണ്ടു മടങ്ങിയ ദിവസം മലകയറുന്ന അവരുടെ ബസ്സിനു തടസ്സമുണ്ടാക്കിക്കൊണ്ട് ആലിപ്പഴം വീണത് അവളോർത്തെടുത്തു. താഴ്ത്തിയിട്ട ടാർപോളിൻഷീറ്റു പൊക്കി റീബയെന്ന നാലു വയസ്സുകാരി കൈകളും പിന്നെ മുഖവും പുറത്തേക്കു നീട്ടി ആലിപ്പഴങ്ങളുടെ തണുതണുത്ത സ്പർശമറിഞ്ഞു. അപ്പൻ അവളെ ഉച്ചത്തിൽ ശാസിച്ചു, “അല്ലെങ്കിലേ ദീനക്കാരി, പുതുമഴ നനഞ്ഞ് കൂടുതലുവല്ലോം വരുത്തിവെക്കരുത്!”
അതു കേട്ടപ്പോൾ ചൂടുള്ള കണ്ണീരും അലിഞ്ഞ ആലിപ്പഴങ്ങളും അവളുടെ കവിളുകളിലൂടെ ഇടകലർന്നൊഴുകി.
മുറിക്കു പുറത്തെ ഇടനാഴിയിൽ ഷീലാ റാണി ഇങ്ങോട്ടുതന്നെ നോക്കി നിൽക്കുന്നുണ്ട്, ശാസനകൾ കൊണ്ടും ലാത്തി കൊണ്ടും അവർക്കിതുവരെ മെരുക്കാനാവാത്ത ഈ വന്യമൃഗത്തെ ശരിയാക്കാൻ പറ്റുമോന്നു നോക്ക് എന്നൊരു വെല്ലുവിളി ഷീലയുടെ കണ്ണുകളിലുണ്ടെന്നു തോന്നിയ നിമിഷം യാന്ത്രികമായി മെറ്റിൽഡ പറഞ്ഞു തുടങ്ങി.
“കലാവതിക്ക് ഒരു ദിവസം ഇവിടെ നിന്നിറങ്ങണ്ടേ, അതു കഴിഞ്ഞുള്ള ജീവിതത്തെപ്പറ്റിയും ആലോചിക്കണ്ടേ? എല്ലാം പോട്ടെ, നന്നായിട്ടൊന്നു ഉറങ്ങാൻ പറ്റണ്ടേ? പ്രാർത്ഥനകളിലോ ദൈവത്തിലോ എന്തിലെങ്കിലുമൊക്കെ മനസ്സുറപ്പിച്ചാൽ ആശ്വാസം കിട്ടും കലാവതീ. അതല്ലെങ്കിൽ ഉള്ളിലുള്ള വിഷമങ്ങളൊക്കെ ഞങ്ങളോടു തുറന്നു പറയൂ.”
അനുമേരിയും ഏതാണ്ടതൊക്കെത്തന്നെ ആവർത്തിച്ചു. കലാവതി മുഖം കുനിക്കാതെയും ഒരു ദീർഘനിശ്വാസം പോലുമില്ലാതെയുമാണെങ്കിലും അവർ പറയുന്നതു നിശ്ശബ്ദം കേട്ടിരുന്നു. അവളിൽ നിന്നു അനുകൂലമായ പ്രതികരണമുണ്ടായേക്കുമെന്നും തങ്ങളുടെ ദൗത്യം വിജയിക്കുമെന്നുമുള്ള പ്രത്യാശ രണ്ടു പേർക്കുമുണ്ടായി. അന്നത്തെപ്പോലെ തീർത്തും പരാജിതരായി ഇറങ്ങിപ്പോവേണ്ടി വരില്ല. മെറ്റിൽഡ പുറത്തു നിൽക്കുന്ന ഷീലയോടു ശബ്ദമില്ലാതെ പിറുപിറുത്തു “ഞങ്ങൾ കരുണയും അലിവുമുള്ള വാക്കുകൾ കൊണ്ടു കലാവതിയിലുറഞ്ഞു പോയ കാഠിന്യം അലിയിച്ചു കൊണ്ടിരിക്കു കയാണ്. അവളിപ്പോൾ വിതുമ്പിത്തുടങ്ങും ,കണ്ണുകൾ നിറഞ്ഞു തുളുമ്പും. പിന്നെ ആർത്തലച്ചൊരു കരച്ചിൽ. ഞങ്ങളവളുടെ രോഗഗ്രസ്തമായ മനസ്സിനെ സുഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇനിയിവൾ ഒരു പ്രശ്നവുമുണ്ടാക്കില്ല.”.
മെറ്റിൽഡ സങ്കല്പിച്ചതു പോലൊന്നുമല്ല പക്ഷേ നടന്നത് .
കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നലിനൊപ്പം കലാവതി പെട്ടന്നു പൊട്ടിത്തെറിച്ചു. മെറ്റിൽഡയും അനുമേരിയും മാത്രമല്ല, വരാന്തയിൽ നിൽക്കുന്ന ഷീലാ റാണി കൂടി ഞെട്ടിപ്പോയിട്ടുണ്ടാവണം.
” ഞാനൊന്നും ജീവിച്ച നരകം നിങ്ങൾക്കറിയില്ല… നിങ്ങളീ തുടച്ചു മിനുക്കിയിട്ട വല്യപള്ളിക്കകത്ത്, അലങ്കരിച്ച അൽത്താരയ്ക്കു മുന്നിലിരുന്ന്, നല്ല ഉടുപ്പുകളുമിട്ട് ബൈബിളും പിടിച്ചോണ്ടു ദൈവത്തെ പുകഴ്ത്തി പാട്ടു പാടുന്നതും പ്രാർത്ഥിക്കുന്നതുമല്ല ജീവിതം. അതിലു നെറയെ ചോരേം കണ്ണീരുമാ. നിങ്ങള് എപ്പഴേലും തണ്ടും തടിയുള്ള ആണൊരുത്തൻ ഒടലു കീറിപ്പറിക്കുന്നതും കടിച്ചു കുടയുന്നതും അറിഞ്ഞിട്ടൊണ്ടോ? തിരിച്ചും മറിച്ചും പിന്നെ അവനു തോന്നും പോലൊക്കെ കെടത്തീട്ടും നിർത്തീട്ടും ബലാൽസംഗം ചെയ്യുമ്പഴത്തെ വേദന അറിയാവോ? എന്നിട്ട് സുഖിച്ചില്ലേന്ന ചോദ്യം കേക്കുമ്പോ ആട്ടിത്തുപ്പാൻ പറ്റാതെ കണ്ണീരിറക്കി നിന്നിട്ടൊണ്ടോ? അവൻ കൂട്ടിക്കൊണ്ടു വരുന്നവന്മാർക്കൊക്കെ കെടന്നു കൊടുക്കേണ്ടി വന്നിട്ടൊണ്ടോ? പട്ടിണി കെടന്ന് സഹികെട്ട് അവനോടു കാശു ചോദിക്കുമ്പോ തേവിടിശ്ശീന്നു വിളിച്ച് തല്ലിച്ചതക്കുമ്പഴത്തെ സുഖം അറിയാവോ? ഈ നരകത്തിനെല്ലാമെടേല് പെറ്റിട്ടൊണ്ടോ? അതും പെമ്മക്കളെ? അവറ്റകളെ വളർത്തീട്ടൊണ്ടോ? ഇല്ലല്ലോ? എന്നാ എന്നെ ഉപദേശിക്കാൻ വരരുത്. എന്നെ നന്നാക്കാനും വരരുത്. “
കലാവതിയുടെ കണ്ണുകളിൽ നിന്നാണു മിന്നൽ ചിതറുന്നതെന്നു മെറ്റിൽഡയ്ക്കു തോന്നി. പിന്നാലെ വന്ന ഇടി കുടുങ്ങുന്ന ഒച്ചയിൽ ചെവികൾ പൊടിഞ്ഞു തകരുന്നതു പോലെ!
” എങ്ങനേലും പരോളിലിറങ്ങണം. അവനന്നു കഷ്ടിക്കാ രക്ഷപെട്ടത്. അവന്റെ വക്കീല്, ആ ചെറ്റ, എന്റെ ശരീരം വിറ്റ്ണ്ടൊക്കിയ കാശാ മറ്റവൻ ഫീസായിട്ടു കൊടുത്തതെന്നെനിക്കറിയാം, അതും വിഴുങ്ങീട്ട് ആ നാറി, പറഞ്ഞതെന്താന്നറിയോ, ഞാൻ എന്റെ കൊച്ചുങ്ങളെ കൂട്ടിക്കൊടുക്കുന്നത് തടഞ്ഞതിന്റെ അരിശത്തിനാ അവനെ വെട്ടിയതെന്ന്. പന്ത്രണ്ടും പതിനാലും വയസ്സൊള്ള കൊച്ചുപിള്ളേര്! കണ്ണിലെണ്ണയൊഴിച്ച് ഞാനതുങ്ങളെ കാത്തോണ്ടിരുന്നതാ. വക്കീലു വാദിച്ചത് കോടതീം വിശ്വസിച്ചു. ഞാനിങ്ങു പോരുമ്പം അവൻ നടു തളർന്ന് കെടപ്പാ. ഇപ്പോ എണീറ്റു കാണും. എന്റെ കുഞ്ഞുങ്ങളെ അവനിപ്പോ എന്താ ചെയ്യുന്നേന്നു ആർക്കറിയാം! അതോർത്താ എനിക്കുറക്കം വരുമോ? എനിക്കെന്തിലെങ്കിലും വിശ്വസിക്കാൻ പറ്റുമോ? ആരോടെങ്കിലും ചിരിക്കാനും മിണ്ടാനും പറ്റുമോ? നിങ്ങളു പ്രാർത്ഥനക്കാരികളല്ലേ, പറയ്യ്! നിങ്ങടെ ദൈവം എന്നേം എന്റെ മക്കളേം രക്ഷിച്ചതു കണ്ടില്ലേ? എന്നിട്ടിനീം ഞാൻ ദൈവത്തിൽ വിശ്വസിക്കണം! നാണമാകുന്നില്ലേ നിങ്ങക്ക് ഇതു പറയാൻ? ദൈവോമില്ല ഒരു മണ്ണാങ്കട്ടയുമില്ല! ഒള്ളത് ചെകുത്താന്മാരു മാത്രമാ. എങ്ങനേലും പൊറത്തിറങ്ങീട്ട് അവനെ വെട്ടിക്കീറി പട്ടിക്കിട്ടു കൊടുക്കണം. അതിനാ ഞാൻ ചാവാതെ പിടിച്ചു നിക്കുന്നത്.”
മെറ്റിൽഡയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കൈ നീട്ടി കലാവതിയെ തൊടണമെന്നും ചേർത്തുപിടിക്കണമെന്നും അവർക്കു തോന്നി.
“എന്നാ സിസ്റ്ററുമാര് ചെല്ല്. മഴ കുറയാനൊന്നും നിക്കണ്ട. എല്ലാര്ടെ പ്രശ്നങ്ങൾക്കുമൊള്ള ഒറ്റമൂലിയൊന്നുമല്ല നിങ്ങളടെ പ്രാർത്ഥന. ക്ഷമിക്ക്, മറക്ക് എന്നു കുറെ ഉപദേശിച്ചാല് ഒന്നും ക്ഷമിക്കാനൊട്ടു പറ്റുകേമില്ല. എന്റെ വിഷമം തീരണമെങ്കില് അവന്റെ എറച്ചി വെട്ടിക്കൂട്ടണം. ഞാനതു ചെയ്യും. നിങ്ങളുചെല്ല്.”
കലാവതിയുടെ ഒച്ച തളർന്നുവെന്നു തോന്നിയ നിമിഷം മെറ്റിൽഡയും അനുമേരിയും പിടഞ്ഞെഴുന്നേറ്റു. ആർത്തു പെയ്യുന്ന മഴയത്തേക്ക് കാവിസാരിയുടെ അരികുകൾ പൊക്കിപ്പിടിച്ചു ഇറങ്ങുമ്പോൾ പെട്ടന്നു മെറ്റിൽഡയ്ക്കു കലാവതിയോടു പറയേണ്ടിയിരുന്ന തിരുവചനമെന്തെന്നോർമ്മ വന്നു.
“എന്റെ വൈരികളോടു ഞാൻ പ്രതികാരം ചെയ്യും. എന്നെ വെറുക്കുന്നവരോടു പകരം വീട്ടും, എന്റെ അസ്ത്രങ്ങളെ രക്തപാനം കൊണ്ടു ലഹരിപിടിപ്പിക്കും, എന്റെ വാളിനു മാംസം ഭക്ഷണമാക്കും”
മഴ അവ്യക്തമാക്കിയ വഴികളിലൂടെ തന്റെ കുടയിൽ അനുമേരിയെക്കൂടി ചേർത്തുപിടിച്ചു ബസ്സ്റ്റോപ്പിലേക്കു നടക്കുമ്പോഴൊക്കെ മെറ്റിൽഡ സങ്കീർത്തന പുസ്തകത്തിലെ ആ വാചകങ്ങൾ ഉറക്കെപ്പറഞ്ഞു കൊണ്ടിരുന്നു.
- രാത്രിയോ അതിദീർഘം – ഇയ്യോബിന്റെ പുസ്തകത്തിലെ വാചകം