“അഴകെന്നു വരയ്ക്കും കുറുവ നിറമളവിലുമേറിയ ചിത്രം” അരുണ നാരായണൻ ആലഞ്ചേരി എഴുതിയ കവിത
കൊടുവേനൽ കൈവിരൽ നീട്ടി
ഇളപച്ചത്തളിരില തൊട്ടു
അതു പൊന്നല പോലെ
പുഴ തന്നുടലിൽ
നെടുനീളെ വീണു.
ചെന്തളിരുകൾ മുഖമാഴ്ത്തി
പുഴനനവിൻ വിരിനെഞ്ചിൽ
ഇളനീലം കൊണ്ടാകാശം
ചോരുന്നു,
തെളിയുന്നു.
അഴകെന്നു വരയ്ക്കും കുറുവ
നിറമളവിലുമേറിയ ചിത്രം
മുടി നിറയെ മാമ്പൂ ചൂടിയ
വന്മാവുകൾ ചൊരിയും പൂക്കൾ
ഉരുളൻ കല്ലുകളുടെ കൂട്ടം
കുളിരും കബനി-
പ്പുഴയുടെയാഴം
പല കൂട്ടം മീൻ പാർപ്പുകളുടെ നീന്തലിനൊപ്പം
പുഴയിളകുന്നു.
അതിനിശബ്ദമായൊരു ചിത്രം
അതിവശ്യം മായാസ്വർഗം!
അതിനിടയിൽ കനമേറിയ
ചിറകടിയുടെ വന്യമൊരൊച്ച!
മണ്ണിൻ തിട്ടകളിൽ പടരും മരവേരുകൾ
ഒരു വേരിലിരിക്കും നമ്മൾ
പിണയുന്ന മരങ്ങൾ
തണലുകൾ.
തലയൊന്ന് ചെരിച്ചതിശയമീ
പ്രതിബിംബം കാണുന്നൂ ഞാൻ
പുഴയിൽ കാണുവതോ മായ?
മുകളിൽ കാണുവതോ സത്യം?
ഒരു പൂർണചിത്രം മാത്രം
തെളിയുന്നു കണ്ണിൻ മുന്നിൽ
മുള കെട്ടിയ ചങ്ങാടത്തിൽ
തിരികെ പോയാരോ ഞാനോ?