Chandra Grahan 2023: ശരത്കാലത്തെ പൂർണ്ണ ചന്ദ്രന് ശേഷം കാണുന്ന ചന്ദ്രനെ ആണ് ഹൺഡേഴ്സ് മൂൺ എന്ന് വിളിയ്ക്കുന്നത്. ഈ വർഷം ഒക്ടോബർ 28ന് രാത്രി ആയിരിക്കും ഇത് ദൃശ്യമാവുക. യാദൃശ്ചികമായി ഇതേദിവസം അർദ്ധരാത്രി കഴിയുന്നതോടെ ഭാഗിക ചന്ദ്രഗ്രഹണവും കാണാൻ സാധിയ്ക്കും.
ഇന്ത്യയിൽ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകുമോ?
ഒക്ടോബർ 14ന് സംഭവിച്ച സൂര്യഗ്രഹണത്തിന്റെ അഗ്നിവലയത്തിൽ നിന്ന് വ്യത്യസ്തമായി ഒക്‌ടോബർ 28ന് രാത്രിയിൽ സംഭവിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം കൂടുതൽ ഭാഗങ്ങളിൽ ദൃശ്യമാകും. ലോകത്തിന്റെ കൂടുതൽ ഭാഗങ്ങളിലും ഇത് ദൃശ്യമായിരിക്കും. ചന്ദ്രൻ ചക്രവാളത്തിനു മുകളിൽ കാണുന്ന സ്ഥലങ്ങളിലൊക്കെ തന്നെ ഇവ ദൃശ്യമാവും, ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു.
ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ സമയം എപ്പോഴാണ്?
ഒക്ടോബർ 29ന് ഇന്ത്യൻ സമയം 1.06 മണിയ്ക്കും 2.23 മണിയ്ക്കും ഇടയിലായിരിക്കും ഭാഗിക ചന്ദ്രഗ്രഹണം സംഭവിയ്ക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പരമാവധി ഗ്രഹണ സമയം ഇന്ത്യൻ സമയം 1.45 മണി ആയിരിക്കും. ചന്ദ്രന്റെ 12 ശതമാനവും ഭൂമിയുടെ ഇരുണ്ട ഭാഗം കൊണ്ട് മൂടിയിരിക്കും ആ സമയത്ത്.
ഭാഗിക ചന്ദ്രഗ്രഹണം എങ്ങനെ കാണാം?
ന്യൂഡൽഹിയിൽ നിന്ന് നോക്കുമ്പോൾ ഗ്രഹണ സമയത്ത് പൂർണ്ണചന്ദ്രൻ ആകാശത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് ആയിരിക്കും. കൂടാതെ പരമാവധി ഗ്രഹണസമയത്ത് അത് ചക്രവാളത്തിന് ഏകദേശം 62 ഡിഗ്രി മുകളിലായിരിക്കും. താഴെ നൽകിയ ഞങ്ങളുടെ തത്സമയ സ്ട്രീമിലൂടെയും ലൈവ് അപ്ഡേറ്റ് ലിങ്കിലൂടെയും നിങ്ങൾക്ക് ഇത് കാണാനാവും.
എങ്ങനെയാണ് ചന്ദ്രഗ്രഹണം സംഭവിയ്ക്കുന്നത്? ഭാഗികവും പൂർണ്ണവുമായ ചന്ദ്രഗ്രഹണങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്?
ചന്ദ്രന്‍ ഭൂമിയെ പരിക്രമണം ചെയ്യുമ്പോള്‍ ഭൂമി സൂര്യനെ ചുറ്റുന്നു. സൂര്യനും ചന്ദ്രനും ഭൂമിയും ഒരുമിച്ച് എത്തുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രന് മുകളിൽ പതിയ്ക്കുമ്പോൾ ആണ് ചന്ദ്രഗ്രഹണം സംഭവിയ്ക്കുക . 3 ആകാശഗോളങ്ങളും കൃത്യമല്ലാതെ ചേരുമ്പോൾ ഭാഗിക ചന്ദ്രഗ്രഹണവും കൃത്യമായി ചേരുമ്പോൾ പൂർണ്ണചന്ദ്രഗ്രഹണവും സംഭവിയ്ക്കുന്നു.
പൂര്‍ണം, ഭാഗികം എന്നിങ്ങനെ രണ്ടു തരത്തിലുള്ള ചന്ദ്രഗ്രഹണങ്ങളുണ്ട്. ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയുടെ നിഴലില്‍ പ്രവേശിക്കുമ്പോഴാണു ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ഗ്രഹണ സമയത്ത്, ഭൂമിയുടെ നിഴല്‍ സാധാരണയായി ചന്ദ്രന്റെ വശത്ത് വളരെ ഇരുണ്ടതായി കാണപ്പെടുന്നു. എന്നാല്‍, സൂര്യനും ഭൂമിയും ചന്ദ്രനും എങ്ങനെ ചേര്‍ന്നുവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭൂമിയില്‍നിന്ന് ആളുകള്‍ എന്ത് കാണുന്നുവെന്നത്. പൂർണ്ണ ചന്ദ്രഗ്രഹണമാണെങ്കിൽ, ഗ്രഹണത്തിന്റെ കൊടുമുടിയിൽ ഭൂമിയുടെ നിഴൽ മുഴുവൻ ചന്ദ്രനെ മൂടുന്നതായി കാണും.