“നീ ചിറകൊതുക്കുമ്പോഴേ അറിയാറാവും അത്ര നാളും പറന്നെത്തിയ ദൂരങ്ങളുടെ ആഴം” രാജന്‍ സി എച്ച് എഴുതിയ കവിത
1
പറക്കാന്‍
ചിറകുകള്‍ വേണ്ടെന്നു
നീ പറഞ്ഞപ്പോള്‍
ആരും വിശ്വസിച്ചില്ല.
എന്നാല്‍,
മനസ്സു ചിതറിയ
ഈ കിടപ്പില്‍
ആളുകള്‍ തിരിച്ചറിയുന്നുണ്ട്
പറന്നൊടിഞ്ഞ ചിറകുകള്‍.
2
കുഞ്ഞുങ്ങളെ
ഒതുക്കിപ്പിടിച്ചുള്ള
ഇരിപ്പില്‍
അറിയാനാവും
നിന്നെ,
അതിന്റെ
തൂവല്‍ത്തുടിപ്പില്‍.
3
ചിറകിലാണ് ജീവൻ
എന്ന് നിന്നെക്കാണുമ്പോഴൊക്കെ
നീ അറിയിച്ചു.
നീ ചിന്തിക്കുമ്പോൾ
ചിറകുകളൊതുക്കി.
നീ ദ്വേഷിക്കുമ്പോൾ
ചിറകുകൾ വിറച്ചു.
നീ, നീയാകുമ്പോൾ
ചിറകുകൾ വിരുത്തി.
നിന്റെ പ്രണയമായിരുന്നു
പലമട്ടിൽ തുടിച്ച
തൂവലുകൾ.
4
ഒറ്റച്ചിറകില്‍ പറക്കാനാവില്ലെന്ന്
നീ പറഞ്ഞു.
തേടുകയാണതിനാല്‍
ഇണച്ചിറകെന്നു
തേടലായോ നിന്റെ ജന്മം?
5
നീ കുടഞ്ഞിട്ട
ഒരു തൂവല്‍ മതിയായിരുന്നു
എനിക്ക്.
ഞാനതിനെയൊരു ചിറകാക്കി
നിനക്കു തന്നേനേ.
6
മഴപ്പാറ്റച്ചിറകുകളാകും
നിനക്കെന്നു കരുതിയത്
തെറ്റി.
അഗ്നിയിലേക്കാഹൂതി ചെയ്യും
നനുത്ത ചിറകുകള്‍
നിനക്കൊട്ടും പാകമാകുകയില്ല.
അദൃശ്യമെങ്കിലും
സൂര്യനേയും ദഹിപ്പിക്കും
അഗ്നിച്ചിറകുകളായിരുന്നല്ലോ
നിനക്ക്.
നീയായിരുന്നു
സ്ത്രീ.
7
ചിറകുകള്‍ക്ക്
മഴവില്‍ വിരുത്തിയ
വര്‍ണഭംഗിയാവുമെന്ന്
നീ പറഞ്ഞത്
വിശ്വസിക്കാനാവുകില്ലെനിക്ക്.
അത്രയും ദുരന്തങ്ങളുടെ
ഇരുള്‍ക്കടലിലൂടെയല്ലോ
തുഴയുന്നത്
നിന്റെ ദുര്‍ബലമായ
ചിറകുകള്‍!
8
പറക്കാനെന്തിനാണ്
ആകാശമെന്ന്
നീ ചോദിക്കുമായിരുന്നു.
പറക്കാനായുമ്പോള്‍
എല്ലായിടവും
നീ ആകാശമാക്കി.
കരയിലും കടലിലും
ഉടലിലും മനസ്സിലും
നിന്റെ ചിറകുകള്‍
തടസ്സങ്ങളേതും
ഗൗനിക്കാതെ പറന്നു.
നീയായിരുന്നു
ആകാശം.
9
സംസാരിക്കുമ്പോള്‍
അവരുടെ ചുണ്ടുകള്‍ ശ്രദ്ധിക്കണം,
നീ പറഞ്ഞു:
സ്നേഹമുള്ളവരെങ്കില്‍
ചുണ്ടുകള്‍
ചിറകടിക്കുകയാണെന്നു തോന്നും.
പിന്നൊന്നും കേള്‍ക്കാനാവുകയില്ല.
അവരുടെ ചിറകുകളില്‍
നമ്മളങ്ങനെ പറക്കുകയാണെന്നു തോന്നും.
മൗനം ദുസ്സഹമാകുന്നത്
ചിറകുകള്‍ നിശ്ചലമാകുമ്പോഴാണ്
10
നീ
ചിറകൊതുക്കുമ്പോഴേ
അറിയാറാവും
അത്ര നാളും പറന്നെത്തിയ
ദൂരങ്ങളുടെ
ആഴം.
11
ചിറകുകളില്‍
ജീവിതഭാരമത്രയും പേറി
എത്ര കാലം പറക്കാനാവും?
എന്നു ചോദിക്കുന്നവരോടൊക്കെ
നീ പ്രതികരിക്കും:
പറക്കാനല്ലെങ്കില്‍
പിന്നെന്തിനാണീ
ചിറകുകള്‍?