I imagine this midnight moment’s forest
Something else is alive
Beside the clock’s loneliness
And this blank page where my fingers move
The Thought Fox- Ted Hughes (The Hawk in the Rain)
ഘടികാരത്തിന്റെ ഏകാന്തതയില്‍ നിന്നും നിമിഷങ്ങളുടെ വനത്തില്‍ നിന്നും ഇരുണ്ട മഞ്ഞില്‍ നിന്നും ജനലിലൂടെ വെളളയിലേക്ക് ചാടിയ ടെഡ് ഹ്യൂസിന്റെ ചിന്തക്കുറുക്കന് ഈ കഥ സമര്‍പ്പിച്ചു കൊളളുന്നു. ഗുഹന്‍ എന്ന ഞാന്‍ വെള്ളക്കടലാസിലേക്ക് ഇങ്ങനെ എഴുതുകയാണ്. വെള്ളയെന്നു പറഞ്ഞാല്‍ ഈ കഥയില്‍ വെള്ളക്കടലാസിന്റെ ധവളിമയാണ്. ഈ ധവളിമ ചിലപ്പോള്‍ അനന്തതയാണ്. ചിലപ്പോള്‍ സാധ്യതയും. കടലാസുകളാല്‍ തീര്‍ത്ത ഈ ലോകത്തെക്കുറിച്ചുളള അപാരമായ സാധ്യതകളും എളിയ കാഴ്ചപ്പാടുകളുമാണ് ഗുഹനെ ഞാനെഴുതുന്ന കഥ. പലപ്പോഴും ഞാനും ഗുഹനും വെളളയില്‍ ഒന്നാവുകയും രണ്ടാവുകയും ചെയ്യും. നീട്ടിപ്പരത്തി പറയാതെ കഥയിലേക്ക് വരാം. വെളളയിലേക്ക്…
വീണ്ടുമവര്‍ പിറുപിറുക്കലുകള്‍ തുടങ്ങിയപ്പോള്‍ ഗുഹന് എഴുത്ത് നിര്‍ത്തേണ്ടി വന്നു. കുറച്ചു മുമ്പ് കുറുക്കന്‍ ചൂരോടെ, ഒന്ന്, രണ്ട് ഓരിയിട്ടുകൊണ്ട് തിളങ്ങുന്ന രണ്ടു കണ്ണുകളുമായി രാവില്‍ ഈ ജാലകത്തിനപ്പുറം നിന്ന് ടെഡ് ഹ്യൂസിന്റെ കുറുക്കനിപ്പോള്‍ വെളളയിലേക്ക് എടുത്തുചാടിയിരിക്കുന്നു. കുറുക്കന്‍ ചൂര് ഗുഹനൊന്നു മണത്തുനോക്കി. മുറിയില്‍ അവനിട്ട ഒന്ന് രണ്ട് കാഷ്ഠങ്ങള്‍ ഉണങ്ങിത്തുടങ്ങുന്നു. എങ്കിലും വെളളയിലേക്ക് ചാടി നിശബ്ദമായവന്റെ മൂത്രത്തിന് നാറ്റമുണ്ട്. ഏതൊക്കെയോ അടവികളുടെ മണം. കാട്ടുപൊന്തകളുടെ ചിന്തകളെ ഗുഹന്‍ ഘ്രാണശക്തിയാല്‍ ആവാഹിക്കുന്നു. ഗുഹനിപ്പോള്‍ കുളിമുറിയില്‍ നിന്നും ഒരു ബക്കറ്റില്‍ വെളളമെടുത്തുകൊണ്ടു വന്ന് തറ നന്നായി കഴുകി. ടെഡ് ഹ്യൂസിന്റെ ചിന്താക്കുറുക്കനെ കഴുകിത്തുടച്ചു. ജനലിനപ്പുറം വീണ്ടും ചിലപ്പ് തുടങ്ങുന്നു. നീലരാവിന്റെ തണുത്ത കാറ്റ്, ഇലകളില്‍ നിന്നും അടര്‍ന്നുവീഴുന്ന ജലകണങ്ങള്‍. പുറത്തുളളവരെല്ലാം തന്നെ വെളളയിലേക്ക് നൂണ്ടിറങ്ങാനും ചാടാനും ഓടിക്കയറാനും വെളളയില്‍ മാത്രം ജീവിച്ചിരിക്കാനും ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഗുഹന്‍ നിത്യതയുടെ പ്രതീകമാണ്.
ഗുഹനിപ്പോള്‍ ധിഷണാശാലിയായ ഒരു ഗദ്യകാരനെപ്പോലെ എഴുതുകയാണ്. ചില നിരിക്ഷണങ്ങളില്‍ നിന്നും തുടങ്ങാം ശക്തമായ ചില പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വെളളയുടെ നിലനിൽപ്പിനെതന്നെയും ചോദ്യം ചെയ്യുന്നുണ്ട്. കാണാക്കാടുകളുടെ അടിത്തട്ടില്‍ നിന്നും വെട്ടിയെടുക്കുന്ന ഈറ്റകള്‍ പള്‍പ്പായി ഫാക്ടറിയില്‍ നിന്നും ഇറക്കിവിടുന്ന കടലാസുകള്‍ പാരിസ്ഥിതിക നാശമാണ് വരുത്തുന്നത്. എങ്കിലും ടെക്‌നോളജിയുടെ മുന്നേറ്റം വെളളയെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ സാധ്യതകളിലേക്ക് വലിച്ചിടുന്നുണ്ടെന്നുള്ളത് ആശ്വാസകരമാണ്. എങ്കിലും ഗൃഹാതുരമായ കടലാസ് അഥവാ വെള്ള അഥവാ ധവളിമ ഇവയുടെ മഹിമ മറ്റൊന്നു തന്നെയാണ്. വെള്ളയിലേക്ക് വീഴുന്ന മഷിത്തുള്ളികളെ മഴത്തുള്ളി മായിക്കുന്ന അനുഭവം ഒരിക്കലും വേഡ് എന്ന മൈക്രാസോഫ്റ്റ് കൃത്രിമ വെള്ളയ്ക്ക് സമ്മാനിക്കാന്‍ കഴിയില്ല.
ഗുഹനൊരു കാൽപ്പനികനാണ്. കാൽപ്പനിക ഭാവനകളാണ് അവനെ സന്തോഷിപ്പിക്കുന്നത്. പക്ഷേ, ഞാനെന്ന എഴുത്തുകാരന്‍ ഗുഹനെ മാറിനിന്നു നോക്കുമ്പോള്‍ അതില്‍ തെറ്റൊന്നും പറയാനില്ല. നഗ്നയായി നില്‍ക്കുന്ന ഒരു കന്യകയെപ്പോലെയാണ് വെള്ള. ഗുഹന്‍ വീണ്ടുമെഴുതിത്തുടങ്ങി. ഈ കന്യകയായ വെള്ളയുടെ ശരീരത്തിലേക്ക് അക്ഷരങ്ങള്‍ എടുത്തണിയുമ്പോള്‍, വെള്ളയെ അവ ഉടുപ്പിക്കുമ്പോള്‍ അവള്‍ അതിലും സുന്ദരിയാകുന്നു. ഉദാഹരണത്തിന് ഇപ്പോള്‍ ഇവള്‍ക്ക് ആധുനിക യുവതിയാവാം അതേസമയം തന്നെ മധ്യകാലഘട്ടങ്ങളിലെ ഒരു രാഞ്ജിയുമാകാം. സമയം, സ്ഥലം, ഇവയെല്ലാം എത്ര നിസ്സാരമായിട്ടാണ് നമുക്ക് വെള്ളയില്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയുന്നത്.
എലിസബേത്തന്‍ വസ്ത്രങ്ങളുടെ കിലുക്കം ജനലരികില്‍ കേട്ട് ഗുഹന്‍ നോക്കി. വര്‍ഷങ്ങളോളം നിദ്രാടനവുമായി ജനാലയ്ക്കല്‍ കാത്തുനില്‍ക്കുന്ന ലേഡി മാക്‌ബെത്താണ്. നിശബ്ദമായി വെള്ളയിലേക്ക് നടന്നു കയറിയപ്പോഴും ലേഡി മാക്ബത്തിന്റെ കയ്യിലൊരു മെഴുകുതിരിക്കാലുണ്ടായിരുന്നു. കൈകള്‍ കഴുകിയെങ്കിലും ലേഡി മാക്ബത്തിന്റെ കൈകളില്‍ നിന്നും രക്തക്കറ മുറിയില്‍ ഇറ്റുവീണു.
ഇപ്പോള്‍ പുറത്ത് ഒരു കുതിരക്കുളമ്പടിയും ഒരു എട്ടുവയസ്സുകാരി പെൺകുട്ടിയുടെ വിങ്ങിവിങ്ങിയുളള കരച്ചിലും ഗുഹന്‍ കേള്‍ക്കുകയാണ്. കുതിരത്തല ജനാലയിലൂടെ പ്രത്യക്ഷ്യമായി. കുതിരയുടെ പുറത്തിരുന്ന് പെൺകുട്ടി സംസാരിച്ചു തുടങ്ങി.
ഞാന്‍ …യാണ് ഭായീ… കത്വായിലെ പെൺകുട്ടി… അങ്ങനെയാണല്ലോ എല്ലാവരും എന്നെയിപ്പോ അറിയുക.ദയവായി ഞങ്ങളെ വെള്ളയിലേക്ക് കടത്തിവിടൂ. കഴിഞ്ഞ ജനുവരിയിലെ തണുത്ത ആ പ്രഭാതത്തില്‍ ഞാനിവനെ തിരക്കി. ഈ ചെമ്പന്‍ കുതിരയെ തിരഞ്ഞ് വനത്തിലേക്ക് പോയതാണ്. കശ്മീരിലെ … എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ എല്ലാം എന്ത് മനോഹരമായിരുന്നന്നോ? പിന്നീടുണ്ടായ കഥയെല്ലാം ഭയ്യാക്ക് അറിയാമല്ലോ. ഞങ്ങളെ ദയവായി വെള്ളയിലേക്ക് കടത്തിവിടൂ. പെൺകുട്ടി വിങ്ങിവിങ്ങി കരയാന്‍ തുടങ്ങി. കരച്ചിലിനിടയിലും കുതിരയുടെ ചിനപ്പ് ഗുഹന്‍ കേട്ടു. അവനും കരച്ചില്‍ വരുന്നുണ്ടായിരുന്നു.
ഗുഹന് വിയര്‍ക്കുന്നതായി തോന്നി. ജനലിനപ്പുറം വെടിയൊച്ച. ആരൊക്കെയോ ഓടിപ്പോകുന്ന ശബ്ദം കേട്ടു. ഗുഹന് പേടി തോന്നി. ഒരു സ്ത്രീയുടെ കരച്ചിലുയര്‍ന്നു. പിന്നീടെല്ലാം നിശ്ബദമായി. രക്തം പുരണ്ട മുഖവുമായി ഗൗരി ലങ്കേഷ്, ഗുഹനെ നോക്കി.
ഞാന്‍ വര്‍ഷങ്ങളായി പറയുകയല്ലെ ഈ ഭീകരതയെക്കുറിച്ച്. അപ്പോള്‍ നിനക്ക് വിശ്വാസം വന്നില്ല. ഇതാ എന്റെ രക്തം ഇപ്പോള്‍ നിലവിളിക്കുന്നു. ഗുഹാ, വെള്ളയിലേക്ക് വെടിയുതിര്‍ത്ത രക്തത്തുള്ളികള്‍ വീഴട്ടെ. വെള്ള സത്യം വിളിച്ചുപറയട്ടെ. നിനക്ക് പേടിയായോ ഗുഹാ? എനിക്കിപ്പോഴും പേടിയില്ല.
കുതിരയില്‍ വന്ന പെൺകുട്ടിയും വെടിയൊച്ചകളുടെ ഗൗരിയും ഗുഹനെ തകര്‍ത്തുകളഞ്ഞു. കഥയെക്കാള്‍ ഭേദം ഉപന്യാസമെഴുതുന്നതാണ്. അവന്‍ ജാലകങ്ങളടച്ച് വീണ്ടും എഴുത്തുമേശയിലെത്തി. ‘ഡാർക്ക് ആര്‍ട്ട്, വാമ്പയറിസം, തുടങ്ങിയ ഗൂഢശാസ്ത്രങ്ങളൊക്കെ വെള്ളയുടെ നിഗൂഢതയാണ്. അല്ലങ്കില്‍ കാര്‍പ്പാത്യന്‍ മലനിരകളിലെ വ്ലാദർ തെപ്‌സായ ഡ്രാക്കുള പ്രഭു നമ്മളെ ഇത്ര ഭയപ്പെടുത്തുകയില്ലല്ലോ. വെള്ളയില്‍ തലകീഴായി നിരങ്ങിയിറങ്ങുന്ന ഡ്രാക്കുള. അങ്ങനെ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുളള സര്‍ഗാത്മകതയുടെ അവനവന്‍ കണ്ടെത്തുന്ന ആരും ഇതുവരെയും ചെന്നെത്തിയിട്ടില്ലാത്ത ഒറ്റപ്പെട്ട ദ്വീപുകളാണ് വെള്ള. മരമായും പുഴയായും വനമായും മഴയായും പ്രകൃതി വെള്ളയില്‍ നിറയുന്നു. കാൽപ്പനികതയുടെ ഈ വര്‍ണ്ണഭംഗിയില്‍ തന്നെ ലോകമഹായുദ്ധങ്ങളുടെ ക്രൂരതകളും മനുഷ്യന്റെ മഹത്തായ അതിജീവനത്തിന്റെ ഇതിഹാസങ്ങളും വെള്ളയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. ഹെമിങ്ങ്‌വേയുടെ സാന്റിയാഗോ എന്ന കടല്‍ക്കിഴവന്‍. ഗുഹന്‍ എന്തോ ആലോചിച്ചെന്നപോലെ എഴുത്തുനിര്‍ത്തി.
മൂക്കിനെ തുളച്ചെത്തുന്ന സ്രാവുമത്സ്യത്തിന്റെ ഗന്ധത്തോടൊപ്പം ബിയറില്‍ പുതഞ്ഞ് സാന്റിയാഗോ കടല്‍നീലിമയില്‍ നിന്നും താഴ്വാരം കയറി ഗുഹന്റെ ജനാലയ്ക്കലെത്തി. അയാളുടെ മുഖത്ത് നിശ്ചയദാര്‍ഢ്യത്തിന്റെയും ഏകാന്തതയുടെയും ഹെമിങ്ങ്വേയിയന്‍ ചോര ഓടുന്നുണ്ടായിരുന്നു. ഉപ്പുവെളളം വെള്ളയിലേക്ക് വീണു.
പ്രിയപ്പെട്ട ഗുഹാ, ഒരുവനെ തോല്‍പ്പിക്കാനാവും പക്ഷേ, നശിപ്പിക്കാനാവില്ല.
ഗുഹനപ്പോള്‍ തകഴിയുടെ പളനിയെപ്പറ്റി ഓര്‍ക്കുകയായിരുന്നു. വെള്ള ചിലപ്പോള്‍ ഒരു കടലാണ്. അനന്തമായ ആഴങ്ങളുളള കടല്‍. നീലത്തിമിംഗലങ്ങള്‍ ഒഴുകിനടക്കുന്ന കടല്‍. സാന്റിയാഗോയും പളനിയും കൂടി വെള്ളയിലിപ്പോള്‍ തിമിംഗലവേട്ട തുടങ്ങിയിരിക്കുന്നു.
ജാലകത്തില്‍ വീണ്ടും ആരവങ്ങള്‍. ഗുഹന് എഴുത്തുനിര്‍ത്തേണ്ടതായി വന്നു. എഴുത്തോ നിന്റെ കഴുത്തോ? പെരുമാള്‍ മുരുകനും എസ് ഹരീഷും തമ്മിലിപ്പോള്‍ ജനാലയ്ക്കല്‍ ശബ്ദമുയര്‍ത്തി ചര്‍ച്ച ചെയ്യുന്നു. ഗുഹന് ഒളിഞ്ഞുനിന്നു കേള്‍ക്കേണ്ടിവന്നു.
“വാക്കുകള്‍, വാക്കുകള്‍ ചിലപ്പോളതു മതി നമ്മളെ വല്ലാത്ത അപകടത്തില്‍ കൊണ്ടെത്തിക്കാന്‍…” പെരുമാള്‍ മുരുകന്‍ പറഞ്ഞു.
“എന്റെ കഥാപാത്രങ്ങളെ എനിക്കിപ്പോള്‍ വല്ലാത്ത പേടിയാണ്. വെള്ള വല്ലാതെ ഭയപ്പെടുത്തുന്നു,” ഹരീഷ് പറഞ്ഞു.
ഗുഹനിപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയാണ്. പക്ഷേ, അവന്‍ സംസാരിക്കുന്നതെല്ലാം ആത്മഗതമായി മാറുകയാണ് ഗദ്ഗദം പോലെ.
ചിലപ്പോള്‍ വിശ്വസിക്കാന്‍ കൊളളാത്തവയെന്നും കളളത്തരമെന്നും പറഞ്ഞു ജനക്കൂട്ടം തളളുന്നവയാണ് സാമുഹികവിപ്ലവം കൊണ്ടു വരുന്നത്. വൈരുദ്ധ്യാത്മിക ഭൗതികവാദമൊക്കെ പിറന്ന വെള്ളയെപ്പറ്റിയാണ് എനിക്കിപ്പോള്‍ നിങ്ങളോട് പറയാനുള്ളത്. ഗുഹന്‍ ബ്രഷ്‌നാരുപോലുളള മീശ തടവി.
രാത്രി വളര്‍ന്ന് വളര്‍ന്ന് രോഗബാധിതയായിരിക്കുന്നു. പുലരിയുടെ വെള്ളപ്പുതപ്പ് നിശീഥിനിയുടെ ശരീരം മറവ് ചെയ്യാന്‍ ഇനി ഏതാനം മണിക്കൂറുകള്‍ മാത്രം. ഘടികാരത്തിലെ പക്ഷിയോട് ഗുഹനെന്തോ വല്ലാത്ത സ്‌നേഹം തോന്നി. സമയത്തിന്റെ തടവുകാരീ. എന്റെ ചെല്ലപക്ഷീ. അവനങ്ങനെ വിളിക്കണമെന്ന് തോന്നി.
ജാലകച്ചില്ലുകള്‍ തകരുന്ന ശബ്ദം കേട്ട് ഗുഹന്‍ ഞെട്ടി. ജനാലച്ചില്ലകള്‍ തകര്‍ത്ത് അകത്തേക്ക് കുതിക്കുകയാണവര്‍. വെള്ളയിലേക്ക് തള്ളിക്കയറാനാണ് അവരുടെ ശ്രമം. അവരെല്ലാവരും മഞ്ഞുകാറ്റടിച്ച് തണുക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായ ഈ ആക്രമണം ഗുഹനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
മുറിയിലെ ഭിത്തിയോട് ചേര്‍ന്ന് നിന്ന് നിരാശാഭരിതനായ ഒരു യുവാവ് അലറി “എത്ര നേരമായെന്നോ. ഈ തണുപ്പത്ത് കൂനിക്കൂടി നില്‍ക്കാന്‍ തുടങ്ങിയിട്ട്. എന്റെ തീവ്രമായ പ്രണയ നഷ്ടത്തെക്കുറിച്ച് പറയാനായി ഞാന്‍ എത്ര നേരമായെന്നോ കാത്തുനില്‍ക്കുന്നു.” യുവാവ് നെരുദയുടെ കവി ബാലചന്ദ്രന്‍ ചുളളിക്കാട് വിവര്‍ത്തനം ചെയ്ത പ്രണയ കവിത പാടിത്തുടങ്ങി
‘കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍.’
ഗുഹന്റെ മുറിയില്‍ കവിത അലയടിച്ചു. യുവാവ് കരയുകയായിരുന്നു. കനത്ത നിശബ്ദത ദുഃഖം പോലെ മുറിയില്‍ തങ്ങിനിന്നു. ഗുഹന് അയാളെ കെട്ടിപ്പിടിക്കണമെന്നും ആശ്വസിപ്പിക്കണമെന്നും ഒരുവേള തോന്നി.
പെട്ടെന്നാണ് യുവാവിന് ദേഷ്യം വന്നത്. അയാള്‍ അലറിവിളിക്കാന്‍ തുടങ്ങി.
“നിങ്ങളൊരു ചതിയനാണ്..അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിങ്ങളെന്നെ വെള്ളയിലേക്ക് കടത്തിവിടാത്തത്. നോക്കൂ അവളെക്കുറിച്ചുളള ഓര്‍മ്മയാല്‍ പ്രണയനഷ്ടത്താല്‍ ഓരോ നിമിഷവും തകരുകയാണ്.വഞ്ചകിയാണെങ്കിലും ഓമനയാണവള്‍.” ഏകാങ്ക നാടകത്തിലെ സംഭാഷണം പോലെ യുവാവ് പറഞ്ഞു.
ദുഃസ്വപ്‌നത്തിന്റെ ഭ്രാന്തുപോലെ ഗുഹന്‍ മുറിയിലെ കലാപത്തെ തിരിച്ചറിഞ്ഞു. ഗുഹന് ഭയം തോന്നി. ആരൊക്കെയാണിവര്‍. വെള്ളയിലേക്ക് നൂണ്ടിറങ്ങാനായി ഈ തണുപ്പത്ത്, രാവില്‍ ഒറ്റവിളക്കിന്റെ ചുവട്ടിലൂടെ കാതങ്ങള്‍ താണ്ടി ഇവിടെ എത്തിയിരിക്കുന്നവര്‍. അവരുടെ നിലവിളി. അനാഥര്‍, രാജ്യം നഷ്ടപ്പെട്ടവര്‍, തിരസ്‌കൃതര്‍, പാമ്പും പഴുതാരയും സിംഹവും , ശവം പോലെ ഭയപ്പെടുത്തുന്നവര്‍. അവര്‍ ഗുഹനു ചുറ്റും കൂട്ടംകൂടി. യുവാവ് നെഞ്ചോരം സൂക്ഷിച്ചിരുന്ന കത്തി. ഗുഹന്റെ വയറ്റിലേക്കാഴ്ത്തി. അവന് ഒന്ന് നിലവിളിക്കാന്‍ പോലും കഴിഞ്ഞില്ല. വെള്ളയുടെ മറ്റൊരു സാധ്യത പോലെ ഗുഹന്റെ രക്തം ധവളിമയിലേക്ക് ചിതറി. മരണത്തിന് മുമ്പ് ടെഡ് ഹ്യുസിന്റെ ചിന്താക്കുറുക്കന്‍ ജാലകത്തിനരുകില്‍ നിന്ന് ഓരിയിടുന്നത് അവന്‍ കേട്ടു.