വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് മലയാളി സംബന്ധിച്ച് വ്യവസ്ഥയ്ക്കുള്ളിലെ വിപ്ലവങ്ങളുടെയും വിയോജിപ്പുകളുടെയും സഖാവാണ്. പാർട്ടിക്കുള്ളിലും പുറത്തും തനിക്ക് അനീതിയാണ് എന്ന് ബോധ്യപ്പെടുന്ന ഏതിനോടും കലഹിക്കുന്നതിൽ വി എസിന് വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. ഒരു വ്യാഴവട്ടക്കാലം സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കേരളത്തിൽ സി പി എമ്മിനെ നയിച്ച വി എസിനെ എക്കാലത്തും നയിച്ചത് ലെനിനിസ്റ്റ് സംഘടനാ ബോധ്യങ്ങളുടെ നേർരേഖയായിരുന്നു. സംഘടനാ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് കലഹിക്കുമ്പോഴും അച്ചടക്കത്തിന്റെ ചാട്ടവാർ വീശുമ്പോൾ അദ്ദേഹം അതനുസരിച്ച് അച്ചടക്കമുള്ള പാർട്ടിക്കാരനാകും. 1923 ഒക്ടോബർ 20 ന് ജനിച്ച് വി എസ് അച്യുതാനന്ദൻ ഈ നൂറാം വയസിലും നൂറ് ശതമാനം പാർട്ടിക്കാരനായാണ് തുടരുന്നത്.
തിരുവിതാംകൂറിലെ തൊഴിലാളിയൂണിയൻ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച കൗമാരക്കാരൻ 1939ൽ തന്റെ പതിനാറാം വയസിൽ സ്റ്റേറ്റ് കോൺഗ്രസിലംഗമായി. അടുത്തവർഷം തന്നെ ആ കൈകളിൽ ചെങ്കൊടിയേന്തി. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരിക്കെ അതിക്രൂരമായ പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയെങ്കിലും വി എസിലെ പോരാട്ട വീര്യത്തെ തകർക്കാൻ അതിനൊന്നുമായില്ല. അഞ്ച് വർഷത്തിലേറെ നീണ്ട ജയിൽ വാസവും നാല് വർഷത്തോളം നീണ്ട ഒളിവു ജീവിതവും വി എസ് എന്ന രാഷ്ട്രീയ മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1964 ൽ സി പിഐ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സി പി എം രൂപീകരിച്ച 32 സഖാക്കളിൽ ഒരാളാണ് വി എസ്.
വി എസ് ഏഴ് തവണ കേരള നിയമസഭയിൽ അംഗമായി. ഒരു തവണ മുഖ്യമന്ത്രിയായ വി എസ് മൂന്ന് തവണ പ്രതിപക്ഷ നേതാവായിരുന്നു. പ്രതിപക്ഷ നേതാവ് എങ്ങനെയാകണം എന്നതിന് റോൾ മോഡലായി വി എസ് മാറി.
പലരും കരുതുന്നത് പോലെയോ അവകാശപ്പെടുന്നത് പോലെയോ സി പി എമ്മിലെ വിഭാഗീയതെന്നും ഉൾപ്പാർട്ടി സമരമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന അധികാരമത്സരങ്ങളായിരുന്നില്ല വി എസിനെ ജനങ്ങൾക്കിടയിലേക്ക് ഇറക്കിയത്. 1980 കളുടെ രണ്ടാം പകുതി മുതൽ അതായത് സി പി എം സംസ്ഥാന സെക്രട്ടറിയായി തുടരുന്ന കാലത്താണ് വി എസ് ജനകീയ പ്രശ്നങ്ങളിൽ സജീമായി ഇടപെട്ടു തുടങ്ങിയത്. കേരളത്തിൽ ഉയർന്നു വന്ന നിരവധി തൊഴിൽ സമരങ്ങളിൽ വി എസ് സജീമായി ഇടപെട്ടിരുന്നുവെന്ന് അക്കാലം ഓർമ്മയുള്ള തൊഴിലാളികൾ സാക്ഷ്യം പറയുന്നു. പ്രത്യേകിച്ച് കയർ, കശുവണ്ടി മേഖലയിലെ സമരമുഖങ്ങളിൽ വി എസ് എന്ന രണ്ടക്ഷരം വ്യക്തതയോടെ തൊഴിലാളികൾക്കൊപ്പം നിന്നു.
1985ൽ പൊട്ടിപ്പുറപ്പെട്ട ഇടമലയാർ അഴിമതിക്കേസിൽ കാൽനൂറ്റാണ്ടിന് ശേഷം സുപ്രിം കോടതിയിൽ നിന്നും ചരിത്ര വിധിയുണ്ടായപ്പോൾ ആർക്കും മറക്കാനാകാത്ത പേരായത് വി എസ് അച്യുതാന്ദൻ എന്ന അഴിമതി വിരുദ്ധ പോരാളിയുടേതായിരുന്നു. കേരള ചരിത്രത്തിലാദ്യമായി ഒരു മന്ത്രി അഴിമതിക്കേസിൽ ജയിലടയ്ക്കപ്പെടുന്നത് അന്നായിരുന്നു.
ഇടമലയാറിൽ ഒതുങ്ങിനിന്നില്ല വി എസ് നടത്തിയ പോരാട്ടം. കേരളത്തെ പിടിച്ചു കുലുക്കിയ പാമോയിൽ, മുല്ലപ്പെരിയാർ, മതികെട്ടാൻ, മൂന്നാർ തുടങ്ങി നിരവധി വിഷയങ്ങളിൽ വി എസ് കുരിശുയുദ്ധം നടത്തി. പലപ്പോഴും വി എസിന്, തന്റെ നിലപാട് ഉയർത്തിപ്പിടിക്കാൻ പാർട്ടിക്കുള്ളിലും പുറത്തും ഒരുപോലെ പോരാടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കാൻ വി എസ് ശ്രമിച്ചിട്ടുമുണ്ട്.
സി പി എമ്മിലെ ഗലീലിയോയാണ് വി എസ് അച്യുതാനനന്ദൻ എന്ന് പറയാം. പാർട്ടി തെറ്റാണ് എന്ന് പറഞ്ഞ് വി എസിനെ ശിക്ഷിക്കുമ്പോഴും താൻ ശരിയാണെന്ന് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ആ ശിക്ഷ ഏറ്റുവാങ്ങുന്ന വി എസ് അച്യുതാനന്ദൻ. താൻ പറഞ്ഞ നിലപാടുകളിൽ താൻ കണ്ടെത്തിയ ശരികളിൽ തെറ്റുണ്ടെന്ന് ബോധ്യപ്പെടുന്നത് വരെ പിന്മാറാൻ ഒരിക്കലും അദ്ദേഹം തയ്യാറായിട്ടില്ല. പാർട്ടി പറഞ്ഞാൽ മൗനത്തിലേക്ക് മടങ്ങും പക്ഷേ, നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കും.
പത്ത് തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച വി എസ് മൂന്ന് തവണ തോൽവിയും ഏഴ് തവണ വിജയവുമാണ് നേടിയത്. 1965 ലും 1977 ലും അമ്പലപ്പുഴയിലും 1996ൽ മാരാരിക്കുളത്തുമാണ് വി എസിന് തോൽവി നേരിടേണ്ടി വന്നത്. രണ്ട് തവണ അമ്പലപ്പുഴയുടെയും ഒരു തവണ മാരാരിക്കുളത്തെയും നാല് തവണ മലമ്പുഴയിലേയും എം എൽ എയായി വി എസ്.
പാർട്ടിക്ക് പിന്നിൽ പാറപോലെ ഉറച്ചു നിൽക്കുന്ന വി എസ്, പതറിപ്പോയത് രണ്ട് ഘട്ടങ്ങളിലാണ്. 1996ൽ മുഖ്യമന്ത്രിയാകുമെന്ന് വിശ്വാസത്തോടെ മത്സരിക്കുമ്പോൾ മാരാരിക്കുളത്ത് വി എസ് പരാജയം ഏറ്റുവാങ്ങി. ഒപ്പമുണ്ടായിരുന്നവർ പിന്നിൽ നിന്നും കുത്തിയതാണെന്ന് പാർട്ടി കണ്ടെത്തി. അതിന് വി എസ് പകരം വീട്ടിയത് രണ്ട് ഘട്ടമായിട്ടായിരുന്നു. തന്നെ തോൽപ്പിച്ചവരുടെ മനക്കോട്ടകളെ തകർത്ത് മുഖ്യമന്ത്രിയായി മൂന്നാമതും ഇ കെ നായനാരെ കൊണ്ടുവരുന്നതിൽ വി എസ് വിജയിച്ചു.
അടുത്ത ഊഴം പാലക്കാട് പാർട്ടി സമ്മേളനത്തിലാണ്. ഇ എം എസ്സിനോട് പോലും എതിരിട്ടുകൊണ്ടാണ് വി എസ് പാർട്ടിയിൽ തനിക്കുള്ള അപ്രമാദിത്വം പാലക്കാട് സമ്മേളനത്തിൽ ഉറപ്പിച്ചത്. എതിരാളികളെ വെട്ടിനിരത്തി വി എസ് പാർട്ടിയെ സ്വന്തമാക്കി. എന്നാൽ അത് അധികകാലം തുടർന്നില്ല. അടുത്ത കണ്ണൂർ സമ്മേളനം മുതൽ പാർട്ടിയിൽ പുതിയ ശക്തി കേന്ദ്രവും ശാക്തിക ചേരിയും രൂപപ്പെട്ടു. അതിന്റെ തുടർച്ചയിൽ 2003 ലെ മലപ്പുറം സമ്മേളനത്തിൽ വി എസ് പക്ഷം വെട്ടിനിരത്തപ്പെട്ടു. ആ തുടർച്ചയിൽ പാർട്ടിക്ക് പാളുന്ന കാഴ്ചകൾ പിന്നാലെ വന്നു.
സി പി എം എന്ന പാർട്ടിയെ കൊണ്ട് അവരെടുപ്പിച്ച തീരുമാനം അണികൾ തിരുത്തിച്ചത് വി എസ് എന്ന അവരുടെ കണ്ണും കരളുമായ നേതാവിന് വേണ്ടിയായിരുന്നു. ഒരുപക്ഷേ, ഒരാളെ സ്ഥാനാർത്ഥിയാക്കണെമെന്ന ആവശ്യം ഉന്നയിച്ച് അണികളും പൊതുജനങ്ങളുമൊക്കെ രംഗത്തിറങ്ങിയത് വി എസ് എന്ന രണ്ടക്ഷരം ഉയർത്തിയായിരുന്നു. 2006ൽ സി പി എമ്മിന് തങ്ങളെടുത്ത തീരുമാനം തിരുത്തേണ്ടി വന്നു. വി എസിനെ സ്ഥാനാർത്ഥിയും പിന്നീട് മുഖ്യമന്ത്രിയുമാക്കേണ്ടി വന്നു. അടുത്ത തിരഞ്ഞെടുപ്പിലും വി എസ് തന്നെയായിരുന്നു മുഖ്യസ്ഥാനാർത്ഥി.
ഒരുപക്ഷേ, 2006 ലും 2011 ലും കേരളത്തിലെ എല്ലാ മണ്ഡലത്തിലും നിറഞ്ഞ സാന്നിദ്ധ്യമായത് വി എസ് അച്യുതാനന്ദനായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിലും വി എസിന് നിർണായക റോളാണ് ഉണ്ടായിരുന്നത്. ചുരുക്കി പറഞ്ഞാൽ ഈ മൂന്ന് തിരഞ്ഞെടുപ്പുകളിലും യു ഡി എഫിന് നേരിടേണ്ടി വന്നത് വി എസ് അച്യുതാനന്ദൻ എന്ന ഏക എതിരാളിയെയിരുന്നു. വി എസിനെ എതിർത്തിരുന്നവർ പോലും മത്സര രംഗത്തെത്തിയപ്പോൾ വി എസ് ചിത്രം വച്ച് പോസ്റ്റർ അച്ചടിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വി എസ്സിനെ രംഗത്തിറക്കാൻ വേണ്ടി ഓടിനടക്കുകയും ചെയ്തത് കേരളം കണ്ടു.
ട്രേഡ് യൂണിയനിസ്റ്റും കർക്കശ പാർട്ടിക്കാരനുമായ വി എസ് 1990 കൾക്ക് ശേഷം കൂടുതൽ ജനകീയനാകുന്നതാണ് കേരളം കണ്ടത്. ഇടമലയാറും പാമോയിലും കേസുകളിലെ പോരാട്ട ശൈലിയായിരുന്നില്ല 1996 മുതൽ വി എസ് സ്വീകരിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള വി എസ്സിന്റെ യാത്ര വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീക്കാരനിൽ വരുത്തിയ കാതലായ മാറ്റം അടയാളപ്പെടുത്തുന്നതായിരുന്നു. പിന്നീട് വി എസ് നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് മാതൃകകളായി മാറി. 2011 ൽ പരമോന്നത കോടതി ഇടമലയാർ കേസിൽ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചതോടെ വി എസ് എന്ന പോരാളിയുടെ വീര്യം നിശ്ചയദാർഢ്യം കേരളത്തിന് ബോധ്യപ്പെട്ടു.
കേരളീയ പൊതുജീവതത്തിൽ ഇത്രയധികം സ്വന്തം ശൈലി പരാവർത്തനം ചെയ്ത് പരിവർത്തനം വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് വി എസ് അല്ലാതെ വേറൊരാൾ ഉണ്ടാകില്ല. പാർട്ടി അച്ചടക്കം പോലെ തന്റെ ശൈലിയിലും കാർക്കശ്യം പുലർത്തിയിരുന്ന വി എസ് പിന്നീട് അതിനെ പൊതുസമൂഹത്തിന് ഇണങ്ങുന്ന വിധത്തിൽ തന്റേതായ രീതിയിൽ മാറ്റിയെഴുതി. ആശയങ്ങളിലും നിലപാടുകളിലും അണുവിട വ്യത്യാസപ്പെട്ടില്ലെങ്കിലും സമീപനത്തിൽ വി എസ് മറ്റൊരു രീതി സ്വീകരിച്ചു.
തൊഴിലാളി യൂണിയനുകളുടെയും പാർട്ടി പരിപാടികളുടെയും ഒപ്പം മാത്രമായിരുന്ന വി എസ് അച്യുതാനന്ദൻ കേരളീയരുടെ പൊതുവിഷയങ്ങളിൽ ഇടപെടുന്ന നേതാവായി ജനഹൃദയങ്ങളിൽ സ്ഥാനം നേടി. വിശ്വസിക്കാൻ കഴിയുന്ന രാഷ്ട്രീയനേതാവായി, മനുഷ്യനായി വി എസിനെ മലയാളി കണ്ടു. രാഷ്ട്രീയ എതിരഭിപ്രായങ്ങൾക്കപ്പുറം വി എസ് ഉയർന്നു വന്നു. 1996ലെ എൽ ഡി എഫ് സർക്കാർ ഭരിക്കുമ്പോൾ എൽ ഡി എഫ് കൺവീനറായിരുന്ന വി എസ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടുന്നത്. അത് വി എസ് എന്ന മനുഷ്യന്റെ രാഷ്ട്രീയ ശൈലിയിൽ വന്ന മാറ്റങ്ങളുടെ ആരംഭത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. പിന്നീട് അങ്ങോട്ട് ഏറ്റവും ചെറിയൊരു കാര്യം മുതൽ ഏതു വിഷയത്തിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾക്ക് സമീപിക്കാവുന്ന നേതാവായി വി എസ് ഉയരുകയായിരുന്നു.
കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളിൽ ഒരു പക്ഷേ, സി പി ഐയിലെ കെ വി സുരേന്ദ്രനാഥിനെ മാറ്റി നിർത്തിയാൽ ആരും കൈകൊണ്ട് തൊടാത്ത ഒന്നായിരുന്നു പരിസ്ഥിതി രാഷ്ട്രീയം. ആ രാഷ്ട്രീയത്തെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഉൾച്ചേർത്തതിൽ വി എസ് എന്ന രാഷ്ട്രീയ നേതാവ് ചെറുതല്ലാത്ത പങ്ക് വഹിച്ചു. കണ്ടൽ സംരക്ഷണം, തീരസംരക്ഷണം, കുന്നുകളുടെയും നീരുറവകളുടെയും സംരക്ഷണം തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രിയെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും വി എസ് നടത്തിയ പോരാട്ടങ്ങൾ കേരളത്തിലെ പരിസ്ഥിതി ചരിത്രത്തിലെ നിർണായക ഇടപെടലുകളായിരന്നു.
വി എസ്സിനോളം മാധ്യമങ്ങളെ സമൂഹത്തിന് വേണ്ടി ഉപയോഗിച്ച രാഷ്ട്രീയനേതാക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. ജനകീയ വിഷയങ്ങളിൽ വി എസ് എത്തുന്നിടത്ത് മാധ്യമങ്ങൾ എത്തുന്നതോടെ വിഷയം ജനശ്രദ്ധയിൽ വരുന്നതായിരന്നു വി എസ് സ്വീകരിച്ച സമീപനം. അതിന് മലയെന്നോ പുഴയെന്നോ വ്യത്യാസമില്ലാതെ വി എസ് എത്തി. വിഷയങ്ങൾ ജനങ്ങളിലേക്കും എത്തി. ഭരണാധികാരികൾക്ക് ഇടപെടാതിരിക്കാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടു. അങ്ങനെ കുട്ടികൾക്ക് മുതൽ വയോധികർക്ക് വരെ പ്രിയപ്പെട്ടവനായി വി എസ് എന്ന രണ്ടക്ഷരം. ഇങ്ങനെ സ്വയം മാറുകയും മലയാളികളെ മാറ്റുകയും ചെയ്തപ്പോൾ വി എസിന് പ്രായം എഴുപതുകൾ കഴിഞ്ഞിരുന്നുവെന്ന് കൂടി ഓർമ്മിക്കുമ്പോഴാണ് ആ മനുഷ്യന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ വേരോട്ടം എത്രത്തോളം ആഴമേറിയതും ദൃഢവുമായിരന്നുവെന്ന് തിരിച്ചറിയാൻ കഴിയുന്നത്. വി എസ് ഇന്നും ഒരു പാഠപുസ്തകമാണ് പ്രത്യേകിച്ച് കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്ക്.
ഇന്ന് മറ്റൊരു രാഷ്ട്രീയ നേതാവിലും കാണാത്ത ഏറ്റവും വലിയ ഒരു ഗുണം താൻ ഏറ്റെടുക്കുന്ന വിഷയങ്ങൾ പഠിക്കാനുള്ള വി എസ് അച്യുതാനന്ദൻ എന്ന മനുഷ്യന്റെ താൽപര്യവും അതിനുള്ള അധ്വാനവുമായിരുന്നു. ഏഴാം ക്ലാസ് വരെ മാത്രം ഔദ്യോഗിക വിദ്യാഭ്യാസമുള്ള വി എസ്, ഏതെങ്കിലും ഒരു വിഷയം ഏറ്റെടുത്ത് രംഗത്ത് വരുന്നുണ്ടെങ്കിൽ അതിന് മുമ്പ് ആ വിഷയത്തെ കുറിച്ച് കഴിയുന്നത്ര പൂർണ്ണമായി പഠിച്ചിരിക്കും. അതിനായി ആ വിഷയങ്ങളിൽ ലഭിക്കാവുന്ന വിവരങ്ങൾ മുഴുവൻ അദ്ദേഹം ശേഖരിക്കും. അതിൽ അറിവുള്ളവരുമായി സംസാരിക്കും. സംശയങ്ങൾ ദൂരികരിക്കും. അതിന് ശേഷം മാത്രമേ അതിലൊരു പ്രസ്താവന നടത്തുകയുള്ളൂ. മൈക്ക് കൊണ്ട് വെക്കുമ്പോൾ പറയുന്ന മറുപടിയല്ല വി എസ് ഏറ്റെടുക്കുന്ന വിഷയങ്ങളിൽ സ്വീകരിക്കുന്ന സമീപനം. ഇടമലയാർ മുതൽ അവസാനം ഇടപെട്ട സോളാർ വരെയുള്ള വിഷയങ്ങളിൽ വി എസ് ഉയർത്തിയ ഈ സമീപനം കാണാവുന്നതാണ്.
ഏത് വിഷയത്തിലും വി എസ് എന്തു പറയുന്നുവെന്ന് അനുകൂലികളും പ്രതികൂലികളും ഏറെ ശ്രദ്ധയോടെ കാത്തിരുന്നു. ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷ മനസ് സൂക്ഷിച്ച രാഷ്ട്രീയക്കാരനായിരുന്നു വി എസ്. ഇന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുമ്പോഴും കേരളത്തിൽ നിറഞ്ഞനിൽക്കുന്നൊരു ശൂന്യതയുണ്ട്. വി എസ് എന്ന രണ്ടക്ഷരത്തിന്റെ വില മലയാളിയെ തിരിച്ചറിയിക്കുന്ന ശൂന്യത. സമീപകാല കേരള രാഷ്ട്രീയത്തിൽ വി എസ്സിനോളം കേരളത്തിൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും ജനങ്ങളിലൊരാളായി നിലകൊള്ളുകയും ചെയ്തൊരു നേതാവ് വേറെയുണ്ടോ എന്നത് സംശയമാണ്. പാർട്ടിക്കതീതമായി ജനങ്ങളിലേക്ക് വളർന്ന അപൂർവ്വം നേതാക്കളിൽ ഒരാളാണ് വി എസ്.