അയാളവിടിരുന്ന് പള്ളിപ്പാട്ടുകൾ പാടി അതുകേട്ട് മാലാഖാമാർ കൊള്ളിമീൻ പോലിറങ്ങിവന്നു അവരൊന്നിച്ച്, പാടിയ പാട്ടിൽ ദേശത്താകെ പാലുപോലെ വെളിച്ചം പടർന്നു അമലു എഴുതിയ കവിത
Aug 29, 2023 12:20 IST
പെരുമഴയത്ത് ഒടിഞ്ഞുവീണ
എകരങ്ങൾ ദേശത്താകെ
ഇരുട്ട് പടർത്തിയിട്ട്
ഒരു രാവും ഒരു പകലുമായപ്പോളാണ്
തോട്ടിയുമെടുത്ത്
അയാൾ *ടച്ച് വെട്ടാൻ ഇറങ്ങിയത്
മലമുകളിലെ കാറ്റിനൊപ്പം
കറണ്ട് പോയപ്പോൾ
ഇനിയും പ്രാകിനേർന്ന് അടച്ചിരുന്നാൽ
നടപ്പില്ലയെന്ന് പറഞ്ഞ്
അമ്മയോട് തോട്ടിയും വാക്കത്തിയും ചോദിച്ചു
ഒറ്റക്ക് പോകണ്ടാന്നു പറഞ്ഞപ്പോൾ
രണ്ടുമെടുത്ത്
മിണ്ടാത്തൊരു പോക്ക്
ത്രിസന്ധ്യക്ക് പോയപോക്കിൽ
അയാൾ പതിവില്ലാതെ
തിരിഞ്ഞൊന്നു നോക്കി
ചില്ലുകുപ്പിയിൽ മണ്ണെണ്ണയൊഴിച്ച്
തിരിയിട്ട് കത്തിച്ച വെളിച്ചത്തിൽ
അരണ്ട് തെളിയുന്ന വീട്
അയാൾ വെളിച്ചം
കൊണ്ടുവരുന്നതും കാത്ത്
തിരുഹൃദയരൂപത്തിന് മുന്നിലെ
അണഞ്ഞുപോയ മെഴുകുതിരിബൾബ്
വെളിച്ചം വന്നില്ല
പോയ ആളും
പിന്നീടങ്ങോട്ട്
ഓരോ മഴക്കാലത്തും
ദേശത്തിരുട്ട് പടരുമ്പോൾ
കെട്ടുപോയജീവനെ ഊതിക്കത്തിച്ച്
അയാൾ പോസ്റ്റുകൾ തോറും നടന്നു
വഴിവിളക്കിനുമേലിരുന്ന് ചിരിച്ചു
ചിരിച്ച ചിരിയിൽ ദേശത്താകെ
പാലുപോലെ വെളിച്ചം പടർന്നു
രാത്രിനടപ്പുകാർക്ക്
വെളിച്ചമായി അയാൾ കൂട്ടുചെന്നു
ചിലർക്ക് മുൻപേ നടന്നു
അയാൾ സ്ഥിരമായിരുന്ന സ്ഥലം
തങ്കച്ചൻവളവായി
അവിടെത്തുമ്പോൾ ആളുകൾ
നടപ്പിന് വേഗം കൂടി
അയാളവിടിരുന്ന് പള്ളിപ്പാട്ടുകൾ പാടി
അതുകേട്ട് മാലാഖാമാർ
കൊള്ളിമീൻ പോലിറങ്ങിവന്നു
അവരൊന്നിച്ച്
പാടിയ പാട്ടിൽ ദേശത്താകെ
പാലുപോലെ വെളിച്ചം പടർന്നു
*ടച്ച് വെട്ടുക- വൈദ്യുതി കമ്പികളിൽ തട്ടി നിൽക്കുന്ന ശിഖിരങ്ങളും ഇലകളും മറ്റും വെട്ടി മാറ്റുന്നത്.