കേരളത്തിലെ കെട്ടിട നിർമ്മാണം സംബന്ധിച്ച ധാരണകൾക്ക് മേൽ കനത്ത പ്രഹരം ഏൽപ്പിച്ച ദർശനവും പ്രവർത്തനവും ആയിരുന്നു ലാറി ബേക്കറിന്റേത്. യോജിപ്പുകളും വിയോജിപ്പുകളും ബേക്കർ കേരളത്തിൽ നിർമ്മാണം തുടങ്ങിയ കാലം മുതലുള്ളതാണ്. ബേക്കറുടെ ശിഷ്യപരമ്പരയിൽപ്പെട്ടവരെ കുറിച്ചും വിമർശനങ്ങളുണ്ട്. ബേക്കർ കേരളത്തിലേക്ക് വരുന്ന കാലഘട്ടമോ അദ്ദേഹത്തിന്റെ ജീവിതകാലത്തോ ഉള്ള സ്ഥിതിയല്ല കേരളവും ലോകവും ഇന്ന് കടന്നുപോകുന്നത്. സാങ്കേതിക വിദ്യയിലും മറ്റും വലിയ മുന്നേറ്റങ്ങളുടെ കാലമാണിത്. കെട്ടിടത്തിന്റെ ദർശനമല്ല, കെട്ടിട നിർമ്മാണത്തിലെ ദർശനത്തെ കുറിച്ചാണ് ലാറിബേക്കർ ചിന്തിച്ചത്. വർത്തമാന ബേക്കറുടെ ദർശനത്തിനും സാങ്കേതിക വിദ്യയ്ക്കും എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് അന്വേഷിക്കുകയാണ് സാജൻ ഗോപലൻ. അതിനായി അദ്ദേഹം ആരംഭിച്ച സംവാദത്തിലെ ആദ്യ ഭാഗമാണിത്. ഇതിൽ കൊച്ചി സർവകലാശാലയിലെ മെക്കാനിക്കൽ എഞ്ചിനീറിങ് പ്രൊഫസർ അജിത്കുമാറും പ്രശസ്ത ആർക്കിടെക്റ്റായ ബെന്നി കുര്യാക്കോസുമാണ് പങ്കെടുക്കുന്നത്.
സുന്ദറിന്റെയും ഗിരിജയുടെയും വീട്ടിലേക്കു കടക്കുമ്പോൾ നാം അമ്പരന്നു പോവും. നേരെ കയറുന്നത് അടുക്കളയിലേക്കാണ്. സാധാരണ നമുക്ക് പരിചിതമായ എല്ലാ വീടുകളിലും ഏറ്റവും പിറകിലാണ് അടുക്കള. വീട്ടിൽ കയറുന്നവർ അടുക്കള കാണരുത് എന്നാണു നാം വീട് പണിയുമ്പോൾ ആദ്യം കൊടുക്കുന്ന നിർദേശം.
“എന്താ അത്ര മോശം സ്ഥലമാണോ ഈ അടുക്കള?” ഗിരിജ ചോദിച്ചു. “ഭക്ഷണം കഴിക്കാൻ നമുക്ക് മടിയില്ലല്ലോ. പിന്നെ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്തിന് എന്താണിത്ര അവഗണന?”
ഈ വീടിന്റെ രൂപകൽപ്പനയും നിർമ്മാണവും ലാറി ബേക്കറാണ്. ബേക്കറിനെ സംബന്ധിച്ച് വീട് എന്നാൽ ഒരു കെട്ടിടം മാത്രമല്ല. അതൊരു ജീവിത വീക്ഷണമാണ്. ദർശനമാണ്. ലോകത്തെയും വികസനത്തെയും കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ്.
എന്തായിരുന്നു ബേക്കറിന്റെ ദാർശനിക സ്വാധീനങ്ങൾ?
ലാറി ബേക്കർ 1944ലാണ് മഹാത്മാ ഗാന്ധിയെ കാണുന്നത്. ചൈനയിലെ യുദ്ധഭൂമിയിൽ നിന്നാണ് ബേക്കർ ഇന്ത്യയിലേക്ക് വരുന്നത്. യുദ്ധവിരോധിയും സമാധാനവാദിയുമായ Quaker ആയിരുന്നതിനാൽ രണ്ടാം ലോക മഹായുദ്ധ കാലത്തു ചൈനയിൽ ആർമിയുടെ ആംബുലൻസ് സർവീസിലായിരുന്നു ബേക്കർ.
ബേക്കറിനെ കണ്ടയുടനെ ഗാന്ധി ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ ചെരുപ്പാണ്. ചൈനയിലെ ഗ്രാമങ്ങളിലെ സ്ത്രീകൾ പഴയ തുണികൾ പശയിൽ മുക്കി ഉണക്കി മുറിച്ചെടുത്തുണ്ടാക്കുന്ന ചെരിപ്പായിരുന്നു ബേക്കർ ഇട്ടിരുന്നത്. ഗാന്ധിക്ക് ഈ ആശയം വളരെ ഇഷ്ടപ്പെട്ടു. ഇത്തരം നാടൻ സാങ്കേതിക വിദ്യകളാണ് ഇന്ത്യയിൽ നമ്മൾ പരിചയപ്പെടുത്തേണ്ടത്, ഗാന്ധി പറഞ്ഞു.
പ്രശസ്തമായ ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബിരുദവുമായി ഇന്ത്യയിൽ എത്തിയതാണ് ബേക്കർ .
ബിരുദം കൊണ്ടൊന്നും കാര്യമില്ല, ഇന്ത്യൻ ഗ്രാമങ്ങളിൽ പോയി പണിയെടുക്കണം… ഗാന്ധി ഉപദേശിച്ചു.
ഗാന്ധിയുമായുള്ള ഈ കൂടിക്കാഴ്ച ബേക്കറിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു ഹിമാലയത്തിലെ രണ്ട് വർഷത്തിന് ശേഷം മലയാളിയായ ഭാര്യയുമൊത്ത് പിന്നീടുള്ള കാലം കേരളത്തിലാണ് ബേക്കർ ജീവിച്ചത്. കേരളത്തിന്റെ വാസ്തുശില്പ രംഗത്ത് നിർണായകമായ മാറ്റമാണ് അദ്ദേഹം വരുത്തിയത്.
എൺപതുകളിൽ ബേക്കറിനെക്കുറിച്ചു തിരുവനന്തപുരം ദൂരദർശൻ ചെറിയൊരു ഡോക്യുമെന്ററി ചെയ്തിരുന്നു ..ശ്യാമപ്രസാദ് ആയിരുന്നു അതിന്റെ സംവിധായകൻ. ശ്യാമിനൊപ്പം ഞാനും ബൈജു ചന്ദ്രനുമൊക്കെ ബേക്കറിന്റെ വീട്ടിൽ ചെന്നു.
എന്തിനു വേണ്ടിയാണ് ഈ ചിത്രം നിർമിക്കുന്നത്? ബേക്കർ ചോദിച്ചു.
“To educate, inform, entertain… ”
ബേക്കർ ചിരിച്ചു. ”Or to provoke?”
കമ്മ്യൂണിക്കേഷനെക്കുറിച്ച് പരമ്പരാഗതപാഠങ്ങളിൽ നിന്ന് വേറിട്ട പാത കാണിക്കുകയായിരുന്നു ബേക്കർ ആ ചോദ്യത്തിലൂടെ.
ഷൂട്ടിങ്ങിനിടെ മുകളിലുള്ള ബാൽക്കണിയിൽ നിന്ന് ചുറ്റുപാടുമുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ ചൂണ്ടിക്കാട്ടി ബേക്കർ പറഞ്ഞു: “ഇതാണ് എനിക്ക് എന്റെ അയൽക്കാരിലുള്ള സ്വാധീനം …”
എന്തായിരുന്നു ബേക്കർ കേരളത്തെ പഠിപ്പിക്കാൻ ശ്രമിച്ചത്?
വേസ്റ്റ് എന്ന സങ്കൽപ്പമില്ലാത്ത നിർമാണ രീതിയാണ് ബേക്കർ പഠിപ്പിച്ചത്. സസ്റ്റെയിനബിലിറ്റി അഥവാ സുസ്ഥിരത എന്ന ആശയം അദ്ദേഹത്തിന്റെ വാസ്തുവിദ്യയുടെ അടിസ്ഥാനം ആയിരുന്നു. പ്രാദേശികമായി ലഭ്യമായ പദാർത്ഥങ്ങൾ ഉപയോഗിച്ചാവണം നിർമാണമെന്ന് ബേക്കർ കാണിച്ചുതന്നു. കഴിയുന്നത്ര പ്രകൃതിയെ പരിക്കേൽപിക്കാത്ത രീതിയിൽ ആയിരിക്കണം. കാറ്റും വെളിച്ചവും ധാരാളം കടക്കുന്ന നിർമാണ രീതി ആയിരിക്കണം. അക്കാലത്ത് ബേക്കർ നിർമിച്ച കെട്ടിടങ്ങൾ പ്രകൃതി സ്നേഹികളുടെയും സൗന്ദര്യാസ്വാദകരുടെയും തീർത്ഥാലയങ്ങൾ ആയി മാറി.
ബേക്കറിന്റെ കെട്ടിടങ്ങൾ രണ്ടു വർഷം പോലും നിലനിൽക്കില്ല എന്ന് പ്രവചിച്ച വിദഗ്ധർ അക്കാലത്തുണ്ടായിരുന്നു. സി ഡി എസ് ക്യാമ്പസിലെ മനോഹരമായ കെട്ടിടങ്ങൾ അൻപത് വർഷത്തിന് ശേഷവും അതേ ചാരുതയിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നു.
ഏകദേശം ഏഴ് ദശകത്തിന് മുൻപാണ് ബേക്കർ കേരളത്തിൽ എത്തുന്നത്. പിന്നീടുള്ള നാല്പതോളം വർഷം കൊണ്ട് നമ്മുടെ വാസ്തുശില്പ ശൈലിയെയും വീടുകളെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും ബേക്കറിനോളം സ്വാധീനിച്ച മറ്റൊരു വാസ്തുശില്പി ഉണ്ടാവില്ല. എന്നാൽ എഴുപത് വർഷത്തിന് ശേഷം ബേക്കർ നിർദേശിച്ച ദർശനവും സാങ്കേതിക വിദ്യയും അപ്രസക്തമായോ?
ദർശനം പ്രസക്തമാണെങ്കിലും സാങ്കേതിക വിദ്യ അപ്രസക്തമായി കഴിഞ്ഞു എന്നാണ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയില്‍ (കുസാറ്റ്) മെക്കാനിക്കൽ എഞ്ചിനീറിങ് വിഭാഗം പ്രൊഫസർ ആയ അജിത്കുമാർ അഭിപ്രായപ്പെടുന്നത്.
ഇതേക്കുറിച്ചു നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അജിത്കുമാർ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെ:
“വസ്ത്രവും ആഹാരവും പോലെ പാർപ്പിടം മനുഷ്യന് ആവശ്യമുള്ള ഒരു ഉൽപ്പന്നം ആണ്. വ്യാവസായിക അടിസ്ഥാനത്തിൽ വസ്ത്രവും ആഹാരവും ഉൽപ്പാദനം നടത്തിയില്ലെങ്കിൽ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് വസ്ത്രമില്ലതെ, ആഹാരമില്ലതെ കഷ്ടപ്പെടുമായിരുന്നു. ഒന്നാം ലോക സമൂഹത്തിൽ പാർപ്പിടവും ഒരു ഉൽപ്പനം മാത്രമാണ്. അനേകം ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച വാഹനം പോലെയുള്ള ഒരു ഉൽപ്പനം. ഇന്ത്യയിൽ വസ്ത്രം വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്നതിന് മുൻപ് ചർക്കയിൽ നൂറ്റ നൂലുകൊണ്ട് നെയ്ത വസ്ത്രങ്ങൾക്ക് ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രസക്തി മാത്രമേ ബേക്കർ ഉപയോഗിച്ച നിർമാണ സാങ്കേതിക വിദ്യക്കും നിർമാണ വസ്തുക്കൾക്കും ഇന്നുള്ളൂ. ബേക്കറുടെ ആശയങ്ങളും തത്വ ശാസ്ത്രവും കാലാതിവർത്തിയായി നില കൊള്ളും. പക്ഷേ മാറ്റമില്ലാത്ത മാറ്റം സാങ്കേതിക വിദ്യക്കും ബാധകമാണ്.
ബേക്കറുടെ ശിഷ്യന്മാർ എന്ന് അവകാശപ്പെട്ടു അദ്ദേഹത്തിന്റെ ലെഗസി ന്യായമായും അന്യായമായും കൈവശപ്പെടുത്തിയ ആൾക്കാർ , അദ്ദേഹം 30 വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ച, ഇന്ന് കാലഹരണപ്പെട്ട സാങ്കേതിക വിദ്യയുടെ തുലോം മോശപ്പെട്ട പ്രയോക്തക്കൾ മാത്രമാണ്.
അവർ മോശപ്പെട്ട സാങ്കേതിക വിദ്യയും മോശപ്പെട്ട വസ്തുക്കളും ഉപയോഗിച്ച് നിർമിച്ച മോശപ്പെട്ട ഉൽപ്പനം പൊതു ജനങ്ങൾക്കും സർക്കാരുകൾക്കും സംഘടനകൾക്കും വിറ്റു പേരും സമ്പത്തും ഉണ്ടാക്കുകയും ചെയ്തു.”
കേരളത്തിൽ,ബേക്കറിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ആ പാതയിൽ ഏറെ സഞ്ചരിക്കുകയും ചെയ്ത ഏറെ വാസ്തുശില്പികളുണ്ട്. അവരിൽ ശങ്കർ, കോസ്റ്റഫോർഡിലെ സാജൻ, ലത, ജയഗോപാൽ, ബെന്നി കുര്യാക്കോസ് എന്നിങ്ങനെ അജിത്തിന്റെ ഈ നിരീക്ഷണങ്ങൾ ഞാൻ അവരുമായി പങ്കു വച്ചു.
അജിത് ഉന്നയിച്ച വാദങ്ങൾക്കുള്ള ബെന്നി കുര്യാക്കോസ് നൽകുന്ന മറുപടി ഇങ്ങനെയാണ്:
“ചർച്ച തുടങ്ങുന്നതിനു സഹായകരം എന്ന നിലയിൽ അജിത്തിന്റെ വാദങ്ങളെ ഞാൻ ബഹുമാനിക്കുന്നു. ശിഷ്യന്മാർ ബേക്കറിന്റെ പാരമ്പര്യത്തെ പിന്തുടർന്നില്ലെന്നും പണവും പ്രശസ്തിയും നേടുന്നതിനായി ബേക്കറിന്റെ പാരമ്പര്യം വിറ്റു എന്നതുമാണ് വാദങ്ങളിൽ ഒന്ന്. ഞാനും ഒരു പരിധിവരെ ഇതിനോട് യോജിക്കുന്നു. ബേക്കർ വളരെ ഉന്നതനായ വ്യക്തിത്വം ആണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരാരും അതിനടുത്തെങ്ങും വരില്ല. തീർച്ചയായും, ബേക്കറിന്റെ തത്ത്വങ്ങൾ പിന്തുടർന്ന നൂറുകണക്കിന് പേരിൽ വളരെ കുറച്ചുപേർ മാത്രമേ പ്രശസ്തിയും പണവും സമ്പാദിച്ചുള്ളൂ.
എന്നാൽ ഒരാൾ ബേക്കറിന്റെ തത്ത്വങ്ങൾ പിന്തുടരുന്നുണ്ടോ എന്നത് നമുക്ക് നോക്കാവുന്ന ഒന്നാണ്. എന്റെ കരിയറിന്റെ ആദ്യ ആറേഴ് വർഷം ഞാൻ ബേക്കറിന്റെ തത്ത്വങ്ങൾ കർശനമായി പിന്തുടർന്നു. 1985 ൽ ഞാൻ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങിയപ്പോൾ, കോസ്റ്റഫോര്‍ഡ്, നിർമ്മിതി കേന്ദ്രം, ഹാബിറ്റാറ് ടെക്നോളജി ഗ്രൂപ്പ് എന്നിവയൊന്നും ഇല്ല. എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ അതിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചു.
ലോറി ബേക്കറിന്റെ തത്ത്വങ്ങൾ അന്ധമായി പിന്തുടരുന്നതിൽ അർത്ഥമില്ലെന്ന് ഞാൻ കരുതുന്നു. നാം ഇത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകണം, പ്രത്യേകിച്ചും ചില ആളുകൾ ഇതിനെ അന്ധമായി പിന്തുടരുമ്പോൾ. ശങ്കർ, ജയ്‌ഗോപാൽ, കോസ്റ്റ്‌ഫോർഡിലെ സാജൻ തുടങ്ങി നിരവധി പേർ സ്വന്തം രീതിയിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ ബേക്കറിന്റെ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിച്ചെങ്കിലും പുതിയ അറിവുകളുടെയും അനുഭവത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ എന്റെ ശൈലിയിൽ ധാരാളം മാറ്റങ്ങൾ വരുത്തി. ഇത്തരം ഒരു മാറ്റം ആവശ്യമാണ് എന്നാണ് ഞാൻ കരുതുന്നത്.
1992 ൽ നടൻ മമ്മൂട്ടിക്കു വേണ്ടി ഞാൻ ഒരു വീടുണ്ടാക്കി. (അന്നുതന്നെ അദ്ദേഹം ഒരു സൂപ്പർ താരമായിരുന്നു) ഇഷ്ടിക പുറത്തു കാണുന്ന തരം കെട്ടിടം ആയിരുന്നു അത്. കോൺക്രീറ്റ് ലിന്റലുകൾ ഒഴിവാക്കി. വരാന്ത ഒഴികെ മുഴുവൻ വീടിനും ഞങ്ങൾ കളിമൺ ടൈൽ ഫ്ലോറിങ് ഉപയോഗിച്ചു. കുമ്മായംഉപയോഗിച്ചാണ് പ്ലാസ്റ്റർ ചെയ്തത്. പഴയ കെട്ടിടങ്ങളിൽ നിന്ന് പൊളിച്ചുമാറ്റിയ റീസൈക്കിൾ ചെയ്ത തടിയും അതുപോലെ മറ്റ് നിരവധി കാര്യങ്ങൾ ഞങ്ങൾ ഉപയോഗിച്ചു.
അക്കാലത്ത്, മമ്മൂട്ടി മറ്റുള്ളവരോട് തമാശയായി പറയാറുണ്ടായിരുന്നു, “ഞാൻ ബെന്നിയോട് കുറഞ്ഞ ചെലവിൽ ഒരു വീട് പണിയാൻ പറഞ്ഞിട്ടുണ്ടെന്നും എത്ര തുക ചെലവായാലും കുഴപ്പമില്ല എന്നും…”
ഞാനൊരിക്കലും ഇതിനെ കുറഞ്ഞ ചെലവിലുള്ള വീട് എന്ന് വിളിച്ചിട്ടില്ല, കുറഞ്ഞ ചെലവ് എന്നത് വളരെ ആപേക്ഷികമാണ്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു കെട്ടിടത്തിന്റെ ചുമരുകൾ പണിയുന്നതിന്റെ ചെലവ് കെട്ടിടത്തിന്റെ മൊത്തത്തിലുള്ള ചെലവിന്റെ 15 ശതമാനം മാത്രമാണ്. അതിനാൽ, മണ്ണുകൊണ്ട് ചുമരുകൾ പണിയുകയും അതിനെ ബലപ്പെടുത്താൻ സിമന്റ് തേക്കുകയും ചെയ്‌താൽ മൊത്തത്തിലുള്ള ചെലവിൽ ലാഭിക്കുന്നതു വെറും അഞ്ച് ശതമാനമാണ്. മണ്ണ് കൊണ്ട് ധാരാളം വീടുകൾ ചെയ്ത അനുഭവം വെച്ചാണ് ഞാൻ ഇത് പറയുന്നത്.
സിമന്റ് സ്റ്റബിലൈസ്ഡ് എർത്ത് ബ്ലോക്ക്സ് ഉപയോഗിക്കുന്നതിലൂടെ കെട്ടിടത്തിന്റെ മൊത്തം ചെലവിന്റെ 30 ശതമാനം ലാഭിക്കുമെന്ന് പൊതുജനങ്ങൾ വിശ്വസിക്കുന്നു. എന്നാൽ നിർമ്മാണത്തിലെ മറഞ്ഞിരിക്കുന്ന ചെലവുകൾ നാം കാണുന്നില്ല
ഞാൻ കൂടി ഭാഗമായ കെട്ടിട നിർമാണ സംഘം എല്ലായ്പ്പോഴും സത്യം മാത്രമല്ല പറയുന്നത്. പരമ്പരാഗത നിർമ്മാണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ചെലവ് എങ്ങനെ ലാഭിക്കുന്നു എന്നതിന്റെ കണക്കുകൂട്ടലുകൾ ആരെങ്കിലും പ്രസിദ്ധീകരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ലാറി ബേക്കർ ഈ രംഗത്തെ കൂടുതൽ സുതാര്യമാക്കിയപ്പോൾ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരായ ഞങ്ങൾ ഈ ഫീൽഡിനെ കൂടുതൽ രഹസ്യാത്മകമാക്കുകയാണ് ചെയ്തത്.”
ബേക്കറിന്റെ സാങ്കേതിക വിദ്യ കാലഹരണപ്പെട്ടോ?
ബേക്കർ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകൾ കാലഹരണപ്പെട്ടു എന്നാണ് അജിത്തിന്റെ അഭിപ്രായം. കാലം മാറി. പുതിയ പദാർത്ഥങ്ങളും സാങ്കേതിക വിദ്യകളും വന്നു. സുസ്ഥിരതയുടെ സങ്കൽപ്പം തന്നെ മാറി എന്നും അജിത് വാദിക്കുന്നു.
“മൂന്ന് കാരണങ്ങൾ കൊണ്ടാണ് സാങ്കേതിക വിദ്യകൾ കാലഹരണപ്പെടുന്നത്:
1 .നിലവിലുള്ള സാങ്കേതിക വിദ്യക്ക് ആവശ്യമായ വിഭവങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുകയോ വില കൂടുകയോ ചെയ്യുന്നു
2 കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉണ്ടാകുന്നു
3 .നിലവിലുള്ള സാങ്കേതിക വിദ്യയെക്കാൾ ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ ഉണ്ടാകുന്നു
ബേക്കർ ശൈലിയിലുള്ള നിർമാണത്തിന് പ്രധാനമായും ചുടുകട്ടകളാണ് ഉപയോഗിച്ചിരുന്നത്. ഈ ചുടുകട്ട നിർമ്മിച്ചിരുന്നത് കൃഷി സ്ഥലങ്ങളിലെ മേൽമണ്ണ് ഉപയോഗിച്ചായിരുന്നു. കൃഷി ആദായകരമല്ലായിരുന്ന കർഷകരാണ് അവരുടെ പാടങ്ങൾ ഇഷ്ടിക നിർമാണത്തിനായി വിട്ടു കൊടുത്തത്. ഇത് എത്രമാത്രം പാരിസ്ഥിക നാശം ഉണ്ടാക്കി എന്ന് പറയേണ്ടതില്ലല്ലോ. ഇന്ന് നിയമം മൂലം ഇത്തരം ഇഷ്ടിക നിർമാണം നിരോധിച്ചിട്ടുള്ളതിനാൽ ഇഷ്ടിക അയൽ സംസ്ഥാനത്തു നിന്ന് കൊണ്ട് വരേണ്ടി വരികയും തൽഫലമായി വില കൂടുകയും ചെയ്തു.
ഇപ്പോൾ സിമന്റ് ഇഷ്ടികകളാണ് പ്രധാനമായും കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ പരിസ്ഥിതി സൗഹാർദ്ദമായ ഫ്ലൈ ആഷ് ഉപയോഗിച്ചുള്ള ഇഷ്ടികകളും ഉപയോഗിക്കുന്നു. സ്വദേശമായ ഇംഗ്ലണ്ടിൽ 19 ആം നൂറ്റാണ്ടിലും 20 നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും (മനുഷ്യാദ്ധ്വാനത്തിന് വിലയില്ലാതിരുന്ന കാലത്ത്) ധാരാളമായി ഉപയോഗിച്ച നിർമാണ രീതിയാണ് ബേക്കർ കേരളത്തിൽ പ്രയോഗിച്ചത്. കേരം തിങ്ങും കേരളനാട്ടിൽ, ഇഷ്ടിക വർണം പച്ചപ്പിനോട് സൗന്ദര്യശാസ്തപരമായി ഇണങ്ങി നിന്നതിനാൽ (ധാരാളം പച്ചപ്പുള്ള ഇംഗ്ലണ്ടിലേതു പോലെ), ഈ നിർമാണ ശൈലി പരക്കെ അംഗീകരിക്കപെട്ടു. എന്നാൽ സിമന്റ് ഇഷ്ടിക ഉപയോഗിച്ച് ഇത്തരം കെട്ടിടങ്ങൾ നിർമ്മിക്കാൻ അതിന്റെ സൗന്ദര്യശാസ്തപരിമിതി കാരണം ആരും തയ്യാറാകുന്നില്ല.
ബേക്കർ ശൈലിയിലുള്ള കെട്ടിട നിർമാണം പ്രധാനമായും നൈപുണ്യമുള്ള മനുഷ്യാധ്വാനത്തെ ആശ്രയിച്ചാണ് നിലനിന്നത്. ചുടുകട്ടകളെ പോലെ തന്നെ, നൈപുണ്യമുള്ള മനുഷ്യാധ്വാനത്തിന്റെ അഭാവവും, അതിന്റെ കുത്തനെയുള്ള വിലവർദ്ധനവും, ഈ രീതിയിലുള്ള നിർമ്മാണം ലാഭകരമല്ലാതാക്കി.”
സാങ്കേതിക വിദ്യ അപ്രസക്തമായി എന്ന വാദത്തിന് ബെന്നിയുടെ മറുപടി യഥാർത്ഥത്തിൽ ബേക്കറിന്റെ പ്രസക്തി നിരവധി മടങ്ങ് വർധിച്ചിരിക്കുന്നു എന്നാണ്. അതേ കുറിച്ച് ബെന്നി ഇങ്ങനെ വിശദീകരിക്കുന്നു:
“ബേക്കർ ഇവിടെ പ്രവർത്തനം ആരംഭിക്കുന്ന 1970 കളിലും 1980 കളിലും “സുസ്ഥിരത”എന്ന പദം വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല. എന്നാൽ സുസ്ഥിര വാസ്തുവിദ്യയുടെ അടിസ്ഥാന തത്വങ്ങളായ മെറ്റീരിയൽസ് ലാഭിക്കുക, ഊർജ്ജം ( energy) ലാഭിക്കുക, പഴയ വസ്തുക്കൾ പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു.
രൂപകൽപ്പന ചെയ്യുമ്പോഴും നിർമ്മിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചോദ്യം “ഇത് ആവശ്യമുള്ളതാണോ, ഇല്ലെങ്കിൽ ഉപയോഗിക്കരുത്.” എന്നായിരുന്നു. അദ്ദേഹത്തിന്റെ തത്ത്വചിന്തയുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനം ഈ ചോദ്യത്തിലാണ്. ഇതിലാണ് അദ്ദേഹത്തിന്റെ മുഴുവൻ സുസ്ഥിരതാ തത്ത്വങ്ങളും വേരൂന്നിയത്. ഇത് പറയുന്നതിൽ തന്റെ കാലത്തേക്കാൾ മുന്നിലായിരുന്നു അദ്ദേഹം. എല്ലാ ശിഷ്യന്മാരും ഈ തത്ത്വങ്ങൾ പാലിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
മാറ്റങ്ങൾ വളരെ വേഗത്തിൽ സംഭവിക്കുന്ന ഒരു സമയത്താണ് നാം ജീവിക്കുന്നത്. 1975 ൽ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന് വേണ്ടി കേംബ്രിഡ്ജ് സർവകലാശാലയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ എമെറിറ്റസ് പ്രൊഫസറായ റോബിൻ സ്പെൻസ് നടത്തിയ പഠനം, ലാറി ബേക്കർ കെട്ടിടങ്ങളുടെ സാമൂഹിക നേട്ടങ്ങൾ വളരെ ഉയർന്നതാണെന്ന് പറഞ്ഞിരുന്നു .
ബേക്കർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കൂടുതൽ ലേബർ ഇന്റെൻസീവ് ആണെന്നും ഉപയോഗിക്കുന്ന കുമ്മായം പോലുള്ള പദാർത്ഥങ്ങൾ വളരെ കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്ന താണെന്നും ആണ് മറ്റൊരു വാദം.
1970 കളിലും 1980കളുടെ തുടക്കത്തിലും സിമൻറ് ഒരു നിയന്ത്രിത ഇനമായിരുന്നു. നാം അത് കൊറിയയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ നാല് ദശകങ്ങളായി കെട്ടിട വ്യവസായത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പണിക്കൂലി 25 മടങ്ങ് വർദ്ധിച്ചു, അതേസമയം സിമന്റിൽ ഉണ്ടായ വില വർധന 10 മടങ്ങിൽ കുറവാണ്. ഈ മാറ്റങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
സുസ്ഥിരതയെക്കുറിച്ചുള്ള നിർവചനങ്ങൾ ക്രമേണ മാറിവരും. എല്ലാ കെട്ടിട പ്രൊഫഷണലുകളും ഈ യാഥാർത്ഥ്യം മനസിലാക്കുകയും സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യേണ്ടി വരും. അങ്ങനെ ചെയ്യാത്തവർ മത്സരത്തിൽ നിന്ന് പുറത്താകും.
ചുട്ട ഇഷ്ടികകൾ ഉപയോഗിക്കുന്നത് ഒരു പ്രശ്നമാണ്. കൂടുതൽ അകലേക്ക് കൊണ്ടുപോകണമെങ്കിലുള്ള ബാധ്യതകൾ, മണ്ണോ ലാറ്ററൈറ്റോ ഉപയോഗിക്കുന്നതും പ്രശ്നമാണ്. സിമൻറ് ബ്ലോക്കുകൾ ഉപയോഗിക്കുന്നതിലും നിരവധി പ്രശ്നങ്ങളുണ്ട്, സിമന്റ് ബ്ലോക്കുകളിൽ ഫ്ലൈ ആഷ് (Fly Ash) ചേർക്കുന്നത് അതിനെ മെച്ചപ്പെടുത്തുന്നു.
വിഭവങ്ങളുടെ കുറവ് ഗുരുതരമായ പ്രശ്നമാണ്. അതുകൊണ്ടാണ് പഴയ കെട്ടിടം സംരക്ഷിക്കുന്നത് ഹരിത പ്രോട്ടോകോൾ രീതികൾക്ക് അനുരൂപവും സുസ്ഥിരവുമാണെന്ന് ഞാൻ എപ്പോഴും പറയുന്നത്. ഇവിടെ നമ്മൾ മുഴുവൻ കെട്ടിടവും പുനരുപയോഗം ചെയ്യുന്നു. കൂടാതെ വർഷങ്ങൾക്കു മുൻപ് നിർമിച്ച കെട്ടിടമാണ് ഏറ്റവും ഗ്രീൻ ആയ കെട്ടിടം. ഇത് സംരക്ഷിച്ചെടുക്കുമ്പോൾ കുറഞ്ഞത് 40 ശതമാനം കുറവ് മെറ്റീരിയലുകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
എന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെ 50 ശതമാനം എങ്കിലും പഴയ കെട്ടിടങ്ങളുടെ സംരക്ഷണമാണ്. പഴയ കെട്ടിടങ്ങളിലെ വാതിലുകൾ, ജനാലകൾ, റാഫ്റ്ററുകൾ, തടികൊണ്ടുള്ള ബീമുകൾ, ഇഷ്ടികകൾ എന്നിവ പുനരുപയോഗിക്കുക എന്നതാണ് ഞാൻ ചെയ്യുന്ന മറ്റൊരു കാര്യം. അവാർഡ് നേടിയ ചില പ്രോജക്ടുകളിൽ പോലും പഴയ വാതിലുകളും ജനാലകളും ഉപയോഗിച്ചിട്ടുണ്ട്. ഇക്കാലത്തു ലോ കോസ്റ് കെട്ടിടങ്ങൾ എന്നാൽ റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾ ഉപയോഗിച്ച കെട്ടിടം എന്നാണ് അർത്ഥം.
ഇഷ്ടികകൾ പുറത്തു കാണുന്ന നിർമാണ ശൈലി ബേക്കർ പടിഞ്ഞാറ് നിന്ന് ഇറക്കുമതി ചെയ്ത ആശയമാണ് എന്ന് പറയുന്നത് ശരിയല്ല. വടക്കൻ കേരളത്തിൽ പലയിടത്തും ലാറ്ററൈറ്റ് ഇഷ്ടിക ഉപയോഗിച്ചുള്ള പുറം തേക്കാത്ത മനോഹരമായ കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
ബേക്കർ ഇഷ്ടിക ജാലികൾ ഉപയോഗിച്ചുവെങ്കിലും തടി കൊണ്ടുള്ള ജാലികൾ കേരളത്തിൽ പത്മനാഭപുരം കൊട്ടാരം അടക്കമുള്ള പല നിർമാണങ്ങളിലും കാണാമായിരുന്നു. കല്ല് കൊണ്ടുള്ള ജാലികൾ ഉത്തരേന്ത്യയിൽ സാധാരണമാണ്
ബേക്കർ ചെയ്തത് കേരളത്തിൽ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതായായിരുന്നു. അതേസമയം നമ്മുടെ നാട്ടിൽ നിന്നുള്ള ഡിസൈനർമാർ അവരുടെ ചിന്താരീതിയിൽ പടിഞ്ഞാറൻ രാജ്യങ്ങളെയാണ് ആശ്രയിച്ചത്. അങ്ങനെ അവർ രൂപകൽപന ചെയ്ത കെട്ടിടങ്ങൾ നമ്മുടെ പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തവ ആയി മാറി. 1970 കളിലും 1980കളിലും നാം എഞ്ചിനീയറിങ് ചെയ്ത കെട്ടിടങ്ങൾ പരന്ന മേൽക്കൂരയുള്ളവയായിരുന്നുവെന്ന് നാം ഓർക്കണം. ഈ കെട്ടിടങ്ങളിൽ കമാനങ്ങൾ (arches ) ഉണ്ടായിരുന്നില്ല.
ആ സമയത്താണ് ബേക്കർ കെട്ടിടങ്ങളുടെ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റിയത്. വാസ്തുവിദ്യയിൽ വ്യത്യസ്തമായ ഒരു മാർഗ്ഗമുണ്ടെന്ന് അദ്ദേഹം നമുക്കെല്ലാവർക്കും കാണിച്ചുതന്നു. അത് ഓരോ നാടിന്റെയും കാലാവസ്ഥയെയും അവിടെ ലഭ്യമായ വസ്തുക്കളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ചരിഞ്ഞ മേൽക്കൂര അടക്കമുള്ള ഈ നിർമാണ ശൈലി ബേക്കറിന്റെ ശിഷ്യന്മാർ തുടരുകയാണ്. ബേക്കറിന്റെ കെട്ടിടങ്ങൾ നിർമിക്കുന്നതിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ വേണ്ടി വരുന്നു എന്ന വാദം ശരിയാണ്. മാത്രമല്ല ഈ നിർമ്മാണം തൊഴിലാളിയുടെ വൈദഗ്ധ്യത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു.
ഈ ജോലികൾ ചെയ്യുന്ന മേസൺസ് വെറും നിർമ്മാണ തൊഴിലാളികളല്ല, അവർ ശരിക്കും കരകൗശല തൊഴിലാളികളായിരുന്നു. ഈ ആളുകളിൽ നിന്നാണ് ഞാൻ എന്റെ കരിയറിൽ വളരെയധികം പഠിച്ചത്. മനോഹരമായ തുറന്ന ഇഷ്ടികപ്പണികൾ ചെയ്യുന്നതിൽ അവർ വളരെയധികം അഭിമാനിച്ചു.
ഇത്തരത്തിലുള്ള കെട്ടിടങ്ങൾ 10 വർഷത്തിൽ കൂടുതൽ നിലനിൽക്കില്ലെന്ന് പറഞ്ഞ എൻജിനീയർമാരും വാസ്തു ശിൽപ്പവിദഗ്ധരും അക്കാലത്തു ഉണ്ടായിരുന്നു. 1500 രൂപയ്ക്ക് അക്കാലത്തു തിരുവനന്തപുരത്ത് ബേക്കർ നിർമ്മിച്ച ആദ്യത്തെ കെട്ടിടം ഇപ്പോഴും നിൽക്കുന്നു, മറ്റൊരു 100 വർഷത്തേക്ക് കൂടി ആ കെട്ടിടം നിലനിൽക്കും. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് കെട്ടിടം ഒരു പ്രശ്നവുമില്ലാതെ 500 വർഷത്തേക്ക് കൂടി നിൽക്കും. തിരുവനന്തപുരത്ത് എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച കെട്ടിടം സിമന്റൊന്നും ചേർക്കാതെ മണ്ണ് കൊണ്ട് പണിതതാണ് . അതിനിപ്പോൾ 100 വർഷത്തിലേറെ പഴക്കമുണ്ട്.
യു കെയിൽ നിന്നാണ് ഞാൻ മാസ്റ്റേഴ്സ് ചെയ്തത്. അവിടെ 200/ 300 വർഷം പഴക്കമുള്ള നിരവധി ഇഷ്ടിക കെട്ടിടങ്ങളുണ്ട്. 130 ദിവസത്തിൽ കൂടുതൽ മഴ പെയ്യുന്ന സ്ഥലങ്ങൾ. പകൽ സമയത്ത്, ഇഷ്ടികകൾ വെള്ളം ആഗിരണം ചെയ്യുന്നു. രാത്രിയിൽ താപനില പൂജ്യത്തിനും താഴെയായി മാറുന്നു. എക്സ്പോസ്ഡ് ബ്രിക്‌സ് നിർമാണ രീതി അവലംബിച്ച കെട്ടിടങ്ങൾക്കു അത്തരം മോശം കാലാവസ്ഥയെ നേരിടാൻ കഴിയും. കൂടാതെ ഞാൻ പഠിക്കുന്ന കെട്ടിട ശാസ്ത്രം എന്നോട് പറയുന്നത്, ഓപ്പൺ ബ്രിക്‌സ് നിർമാണം പ്ലാസ്റ്റേഡ് ഇഷ്ടികപ്പണികളേക്കാൾ കൂടുതൽ നിലനിൽക്കും എന്നാണ്.”
ബേക്കർ ചെലവ് കുറച്ചത് എങ്ങനെ?
കെട്ടിടങ്ങളുടെ ഗുണനിലവാരവും ആയുസ്സും കുറച്ചുകൊണ്ടാണ് ബേക്കർ ചെലവിൽ കുറവ് വരുത്തിയതെന്ന് വിമർശനം അജിത് മുന്നോട്ട് വെക്കുന്നു:
“ റാറ്റ് ട്രാപ് ബോണ്ട് ബ്രിക്ക് വർക്ക് (Rat trap bond brickwork), ഫില്ലർ സ്ലാബ് റൂഫ്, ഇഷ്ടിക കൊണ്ടുള്ള കമാനങ്ങൾ (ആർച്ചുകൾ) എന്നിങ്ങനെ വളരെ ലളിതമായ സാങ്കേതിക വിദ്യകളാണ് ബേക്കർ ഉപയോഗിച്ചിരുന്നത്. മേൽക്കൂരയുടെ കനം 7.5 cm ആയി കുറച്ചതോടെ മേൽക്കൂരയുടെ ഭാരം 25 ശതമാനം കുറഞ്ഞു. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ലിന്റലുകളുടെ ആവശ്യം ഒഴിവാക്കി. വൈദഗ്ധ്യത്തോടെയുള്ള റബിൾ മസണറി rubble masonry വർക്കിലൂടെ ഭിത്തി പണിയാൻ ആവശ്യമായ റീ ഇൻഫോഴ്സ്ഡ് (reinforced) കോൺക്രീറ്റ് ബെൽറ്റിന്റെ ആവശ്യവും കുറച്ചു. ഇഷ്ടിക ജാലികളിലൂടെ വിലകൂടിയ ജനലുകളുടെ എണ്ണം കുറച്ചു. ബിയർ കുപ്പികൾ ഉപയോഗിച്ച് മുറിയിൽ വെളിച്ചം നിറച്ചു.
കെട്ടിടങ്ങളുടെ ഗുണനിലവാരവും ആയുസ്സും കുറഞ്ഞുവെങ്കിലും 80കളിലും 90കളിലും കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്ക് ഒരു വീട് വെക്കുന്നതിനു വേണ്ടി വരുന്ന മൊത്തം മൂലധന ചെലവിൽ ഗണ്യമായ കുറവുണ്ടായി (നിരന്തരം പരിപാലനം ചെയ്തില്ലെങ്കിൽ 30-40 വർഷം മാത്രമാണ് ഒരു കെട്ടിടത്തിന്റെ ആയുസ്. ലാറി ബേക്കറിന്റെ അഭിപ്രായത്തിൽ ഒരാൾ വയ്ക്കുന്ന വീട് അയാളുടെ കാലയളവിൽ മാത്രം നിലനിന്നാൽ മതി.
കൂലി കുറവും ഓരോ വീടിന്റെയും മേൽനോട്ടത്തിന് ധാരാളം സമയവും ലഭ്യമായിരുന്ന കാലത്ത് ഇത്തരം വിദഗ്ധമായ നിർമാണരീതി സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷം വിവിധ തരം മണ്ണിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ 300 വീടുകൾ വരെ ചെയ്യുന്ന സ്ഥാപനങ്ങൾ ഉള്ള കാലത്തു ഇത്തരം മേൽനോട്ടം സാധ്യമല്ല. അതുകൊണ്ടാണ് മധ്യവർഗ്ഗത്തെ ലാക്കാക്കി നിലവാരം കുറഞ്ഞ ധാരാളം കെട്ടിടങ്ങൾ ഉണ്ടായത്.
ഭൂമിയും അധ്വാനവും നിർമാണ വസ്തുക്കളുമാണ് ആണ് കെട്ടിട നിർമാണത്തിന് വേണ്ട വിഭവങ്ങൾ. കൂടുതൽ അധ്വാനം ചെലവഴിച്ച് സിമെന്റും സ്റ്റീലും അടക്കമുള്ള നിർമാണ സാമഗ്രികളുടെ ഉപയോഗം കുറയ്ക്കാനാണ് ബേക്കർ ശ്രമിച്ചത്. പണിക്കൂലി താരതമ്യേന കുറഞ്ഞിരുന്ന അക്കാലത്തു അത് യുക്തിസഹമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഭൂമിയുടെ വില 100 -200 മടങ്ങ് കൂടി. കൂലി 20 -25 മടങ്ങും കൂടി. അതെ സമയം മണൽ ഒഴിച്ചുള്ള നിർമാണ സാമഗ്രികളുടെ വില 8 -10 മടങ്ങു മാത്രമേ കൂടിയിട്ടുള്ളു. അതുകൊണ്ടു തന്നെ ചെലവ് കുറഞ്ഞ വീടുകൾക്ക് വേണ്ടിയുള്ള പഴയ സങ്കേതങ്ങൾ പലതും കാലഹരണപ്പെട്ടു.
ഉയർന്ന ഗുണമേന്മയുള്ളതും കാണാൻ അഴകുള്ളതുമായ ധാരാളം പുതിയ നിർമാണ സാമഗ്രികൾ ഇപ്പോൾ വിപണിയിൽ ഉണ്ട്. ഘടനാപരമായും സൗന്ദര്യശാസ്ത്രപരമായും പല തരത്തിൽ ഉപയോഗിക്കാവുന്ന സോളിഡ് ആൻഡ് ഹോളോ ( solid and hollow) സ്റ്റീൽ നിർമിതികൾ ലഭ്യമാണ്. വിലകുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പവുമായ റൂഫിങ് മെറ്റീരിയലുകളും സുന്ദരമായ ചെറിയ ബിൽഡിങ് ബ്ലോക്കുകളും ലഭ്യമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ചുവന്ന ഇഷ്ടികകൾ വില കൂടിയതാണ്
അദ്ദേഹത്തിന്റെ ഗാന്ധിയൻ ആശയങ്ങൾക്കനുസൃതമായി, ചെറിയ കെട്ടിടങ്ങൾക്കും വീടുകൾക്കും പറ്റിയ ചെലവ് കുറഞ്ഞ നിർമ്മാണ രീതികൾ ബേക്കർ ആവിഷ്കരിച്ചു .എന്നാൽ ഈ സാങ്കേതിക വിദ്യ പൊതു സ്ഥാപനങ്ങൾക്കും വലിയ കെട്ടിടങ്ങൾക്കുമായി സ്കെയിൽ അപ്പ് ചെയ്യുന്നത് അസ്വീകാര്യമാണ്.
തിരുവല്ലയിലെ കോൺ ആകൃതിയിലുള്ള പള്ളി നിർമ്മിച്ച് 20 വർഷത്തിനുശേഷം പൊളിച്ചുമാറ്റി. വിജെടി ഹാളിന് 124 വർഷവും സിഇടി കെട്ടിടത്തിന് 70 വർഷവും പഴക്കമുണ്ട്. സിഡിഎസ് കെട്ടിടങ്ങൾ 100 വർഷം നിലനിൽക്കുമോ?”
ബേക്കറിന്റെ കെട്ടിടങ്ങൾ ഗുണനിലവാരം സംബന്ധിച്ച് അജിത്തിന്‍റെ വിമർശനത്തിന് ബെന്നിയുടെ മറുപടി ഇങ്ങനെയാണ്:
“ഗുണ നിലവാരം കുറഞ്ഞ കെട്ടിട നിർമ്മാണ സാമഗ്രികളാണ് നിങ്ങൾ ഉപയോഗിച്ചതെങ്കിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ദൈർഘ്യം വർക്ക്മാൻഷിപ്പിനെയും ഡിസൈൻ വിശദാംശങ്ങളെയും ആശ്രയിച്ചിരിക്കുന്നു. കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് വർക്ക്മാൻഷിപ്പ് മോശമാണെങ്കിൽ, കോൺക്രീറ്റ് മേൽക്കൂരകളിൽ ചോർച്ച ഉണ്ടാവുകയും ഈടുനിൽപ്പിനെ ബാധിക്കുകയും ചെയ്യും. മേസൺ മോശമായി പ്ലാസ്റ്ററിംഗ് നടത്തിയിട്ടുണ്ടെങ്കിൽ, കുറച്ച് വർഷത്തിനുള്ളിൽ ഇത് ഇളകി തുടങ്ങും. നല്ല ജോലിക്കായി ഷോർട്ട് കട്ട് ഇല്ല. തന്റെ കെട്ടിടങ്ങളിൽ മികച്ച നിലവാരമുള്ള ജോലി ഉറപ്പാക്കാൻ ബേക്കർ എങ്ങനെ ശ്രദ്ധിച്ചിരുന്നുവെന്ന് എനിക്കറിയാം. അതിനാൽ അദ്ദേഹത്തിന്റെ കെട്ടിടങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല.
ഒരു അണക്കെട്ട് രൂപകൽപ്പന ചെയ്യുമ്പോൾ, പ്രത്യേക ആയുർദൈർഘ്യം കണക്കിലെടുത്താണ് അത് ചെയ്യുന്നത്. എന്നാൽ കെട്ടിട രൂപകൽപ്പനയിൽ കെട്ടിടങ്ങൾക്കു പരിമിതമായ ആയുസ് ഉണ്ടെന്നു പറയാൻ അത്തരം ഘടകങ്ങളൊന്നുമില്ല. നന്നായി നിർമ്മിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്താൽ, കെട്ടിടങ്ങൾ വളരെക്കാലം നിലനിൽക്കും. വർഷങ്ങളായി ജോലിയുടെ ഗുണനിലവാരം കുറഞ്ഞുവെന്ന് ഞാൻ സമ്മതിക്കുന്നു. രാഷ്ട്രീയം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും ഈ ഗുണനിലവാര തകർച്ച ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടേണ്ട വലിയ പ്രശ്നമാണ്.
തീർച്ചയായും, കെട്ടിടങ്ങൾ 25 വർഷമേ നിലനിൽക്കൂ എന്ന് ബേക്കർ പറഞ്ഞിരുന്നുവെന്നത് ശരിയാണ്. സമൂഹം മാറുകയാണ്, ആവശ്യകതകൾ മാറുകയാണ്. 20 വർഷം മുമ്പ് വളരെ ആധുനികമായി കണക്കാക്കപ്പെട്ടിരുന്ന ഒരു ടോയ്‌ലറ്റ് ഇപ്പോൾ പഴയതായി. അടുക്കളകളിലും കുളിമുറിയിലും ധാരാളം മാറ്റങ്ങൾ സംഭവിക്കുന്നു. തീർച്ചയായും, ഇവ വളരെ മധ്യവർഗ സങ്കൽപ്പങ്ങളാണ്. ഈ മാറ്റങ്ങളെ ഉദ്ദേശിച്ചാണ് ബേക്കർ പറഞ്ഞത്.
എന്നാൽ എല്ലാവർക്കും പുതിയ വീടുകൾ നിർമ്മിക്കാനുള്ള വിഭവങ്ങൾ നമ്മുടെ പക്കലില്ലെന്ന് ഇപ്പോൾ നമുക്കറിയാം. സർക്കാരിന്റെ വിവിധ കമ്മിറ്റികളിൽ അംഗമാണ്. കഴിഞ്ഞ 20 വർഷമായി വീടില്ലാത്തവരുടെ എണ്ണം അഞ്ച് ലക്ഷമായി നിൽക്കുന്നു. നമ്മൾ പ്രതിവർഷം നിരവധി വീടുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും വീടുകളുടെ കുറവ് തുടരുകയാണ്. കാരണം, 10 പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ മറ്റൊരു 10 വീടുകൾ നമ്മൾ പൊളിക്കുന്നു. ഒരു ബ്രിട്ടീഷ് ആർക്കിടെക്റ്റ് ഒരിക്കൽ പറഞ്ഞത് പോലെ നിങ്ങൾ ഒരു വീട് സ്വന്തമാക്കുന്നതോടെ ആ വീടിന്റെ ഫാഷൻ പഴയതായി കഴിഞ്ഞു.
സുസ്ഥിരതയുടെ പ്രധാന പാഠം പഴയ കെട്ടിടങ്ങളുടെ സംരക്ഷണത്തിൽ നിന്നാണ് തുടങ്ങേണ്ടത്. ബേക്കർ കെട്ടിടങ്ങളെ സംബന്ധിച്ചിടത്തോളം ധാരാളം അറിവില്ലായ്മയുണ്ട്. ഞാൻ അദ്ദേഹത്തോടൊപ്പം ജോലിചെയ്യുമ്പോൾ, അദ്ദേഹം ഒരിക്കലും ഒരു മേൽക്കൂര സ്ലാബിന്റെ കനം 7.5 സെന്റിമീറ്ററായി കുറച്ചില്ല. ഗുണനിലവാരം കുറച്ചുകൊണ്ട് അല്ലെങ്കിൽ വേണ്ട കാര്യങ്ങൾ ചെയ്യാതെ ചെലവ് കുറയ്ക്കാൻ ആർക്കും കഴിയും. എന്നാൽ ഒരേ നിലവാരം നിലനിർത്തി ചെലവ് കുറക്കുന്നതിന് നിങ്ങൾക്ക് വളരെ ഉയർന്ന അറിവുണ്ടാവണം. ഇതാണ് ബേക്കർ ഞങ്ങളെ പഠിപ്പിച്ചത്. വാതിലിന്റെയും ജനലിന്റെയും വലിപ്പം കുറച്ചു ചെലവ് കുറയ്ക്കുന്നതിൽ അർത്ഥമില്ല. അതല്ല ബേക്കർ ചെയ്തതതും. അദ്ദേഹത്തിന്റെ കെട്ടിടങ്ങൾ കൂടുതൽ തണുത്തതും താമസിക്കാൻ സുഖപ്രദവും ആയിരുന്നു.
യുകെയിൽ നടത്തിയ പഠനത്തിൽ കോൺക്രീറ്റ് സ്ലാബുകളിൽ മൂന്നിലൊന്ന് ചോരുന്നു എന്ന് കണ്ടെത്തി. ഇന്ത്യയിലെ വാട്ടർ പ്രൂഫിങ് കമ്പനികൾ പണം വാരുകയാണ്. പരമ്പരാഗത കോൺക്രീറ്റ് മേൽക്കൂരയായാലും ഫില്ലർ സ്ലാബ് മേൽക്കൂരയായാലും ശരിയായി ചെയ്തില്ലെങ്കിൽ അത് ചോർന്നൊലിക്കും. നിർമ്മാണ വ്യവസായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നിർമ്മാണത്തിന്റെ മോശം ഗുണനിലവാരമാണ്. തെറ്റുകൾ സംഭവിക്കുന്നത് വളരെ സ്വാഭാവികമാണ്. എല്ലാവരും ലോറി ബേക്കറിനെപ്പോലെയല്ല. തെറ്റുകളിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകേണ്ടത് വളരെ പ്രധാനമാണ്. ഞാൻ വളരെ ശുഭാപ്തിവിശ്വാസിയാണ് കേരളത്തിലെ പല യുവ വാസ്തുശില്പികൾക്കും വളരെ വ്യത്യസ്തമായ രീതിയിൽ ചിന്തിക്കാനും രൂപകൽപ്പന ചെയ്യാനും കഴിയും. അവർ കേരളത്തിന്റെ ഭാവി പ്രതീക്ഷയായിരിക്കും.”
ബേക്കറിന്റെ പ്രസക്തി നഷ്ടമായോ?
ഈ വാദങ്ങലുടെ അടിസ്ഥാനത്തിൽ ബേക്കറിന് ഇനി കേരള സമൂഹത്തിൽ പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരുന്നു. അതിന് തന്റെ വാദങ്ങൾ ക്രോഡീകരിച്ചുകൊണ്ടു അജിത് ഇങ്ങനെ പറയുന്നു:
“ഞാൻ പറഞ്ഞത് ബേക്കറുടെ പ്രസക്തി കുറഞ്ഞു എന്നല്ല, ബേക്കർ വീടുകളുടെ പ്രസക്തി കുറഞ്ഞു എന്നാണ്. ആശയങ്ങൾക്ക് മരണമില്ലല്ലോ? “സുസ്ഥിരത” എന്ന ആശയത്തിന് എന്നും പ്രസക്തി ഉണ്ട്. എന്നാൽ അത് കൈവരിക്കാനുള്ള ഉപാധി എന്ന നിലയിൽ ബേക്കർ നിർമ്മിതികളുടെയും ബേക്കർ സാങ്കേതിക വിദ്യകളുടെയും പ്രസക്തി നഷ്ടമായി എന്നാണ് ഞാൻ പറഞ്ഞത്.
ബേക്കർ നിർമിതിയുടെ സ്വത്വം മേൽ മണ്ണ് ഉപയോഗിച്ച് നിർമിക്കുന്ന ചുവന്ന ഇഷ്ടികകളാണ്. ചുടുകട്ടകളുടെ നിർമ്മാണം പാരിസ്ഥിതികമായും സാമ്പത്തികമായും നിലനിൽപ്പ് ഇല്ലാത്തത് പോലെ,ബേക്കറുപയോഗിച്ച ലളിതവും എന്നാൽ മനുഷ്യാധ്വാനവും നൈപുണ്യവും വേണ്ട സാങ്കേതിക വിദ്യകളും മനുഷ്യാധ്വാനത്തിനും നൈപുണ്യത്തിനും വില കൂടിയ ഇന്നത്തെ അവസ്ഥയിൽ കാലഹരണപ്പെട്ടു.
45 വർഷങ്ങൾക്ക് മുൻപ് ബേക്കർ ഉപയോഗിച്ച സങ്കേതങ്ങളല്ലാതെ, ചെലവ് കുറയ്ക്കാനായി ഇന്നത്തെ പുതിയ ഏതെങ്കിലും സാങ്കേതിക വിദ്യ ബേക്കർ മോഡൽ നിർമ്മിതികൾക്കു വേണ്ടി ഉപയോഗിക്കാൻ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കു കഴിഞ്ഞിട്ടുണ്ടോ?
മുള, പുല്ല്, ചെളി എന്നിവയൊക്കെ ഉപയോഗിച്ചുള്ള നിർമ്മിതി എല്ലാം തന്നെ വ്യാപകമായി പ്രയോഗിക്കാൻ ബുദ്ധിമുട്ടുള്ളതും (ഇതിന് വേണ്ട നിർമാണ വസ്തുക്കളുടെ ലഭ്യത, നിർമാണ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ, വേണ്ട നൈപുണ്യമുള്ള തൊഴിലാളികൾ എന്നിവ) ,മേൽപ്പറഞ്ഞ സാമ്പത്തിക പരിപാലന ചെലവുകളും, ആയുസ്സും, ഭൂമി ലഭ്യതയും-ഒരു ചതുരശ്ര അടിമേൽ പണിയാവുന്ന പ്ലിന്ത് ഏരിയ കണക്കിലെടുത്താൽ) പരിമിതികളുള്ളതും ആണ്.
.”തീർച്ചയായും പഴയ കെട്ടിടങ്ങളുടെ പുനരുപയോഗം വളരെ പ്രസക്തവും നല്ലതുമാണ്. പക്ഷെ അത് ഒരു നയപരമായ മാറ്റം മാത്രമാണ്. അത് പാർപ്പിട പ്രശ്‌നപരിഹാരത്തിന് ഉതകുന്നതും, വ്യാപകമായി ഉപയോഗിക്കാൻ പറ്റുന്നതും അല്ല. എന്നാൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ തന്നെ അതിനുപയോഗിക്കുന്ന നിർമാണ വസ്തുക്കൾ 30 -40 വർഷങ്ങൾക്ക് ശേഷം പുനരുപയോഗിക്കാൻ പറ്റുന്നവിധം രൂപകൽപന ചെയ്യണം.
ഇപ്പോൾ പരന്ന മേൽക്കൂരയുള്ള പെട്ടി രൂപങ്ങളുള്ള കെട്ടിടങ്ങൾ തിരികെ വരുന്നുണ്ടല്ലോ. ഭൂമിയുടെ ലഭ്യതയുടെ കുറവും, ടെറസ് കൃഷിയുടെ ആകർഷണവും, പാരിസ്ഥിതിക മെച്ചമുള്ള സൗരോർജ പാനലുകൾ സ്ഥാപിക്കാനുള്ള എളുപ്പവും, ഗുണമേന്മ കൂടിയ കമ്പി, സിമന്റ്, മറ്റു നിർമാണ വസ്തുക്കൾ മുതലായവയുടെ ലഭ്യതയും സർവോപരി ഭാവന സമ്പന്നരായ യുവ വാസ്തു ശില്പികളുടെ സാങ്കേതിക വിദ്യയിലൂന്നിയുള്ള പരീക്ഷണാത്മകമായ രൂപകൽപ്പനാ സമീപനങ്ങളും കേരളത്തിൽ പുതിയ ഒരു കെട്ടിട സൗന്ദര്യ ശാസ്‌ത്രാവബോധം കൊണ്ടുവന്നു. ഇത് തീർച്ചയായും ബേക്കർ ശൈലിയുടെ പിന്തുടർച്ച അല്ല.”
ചർച്ചയുടെ ഭാഗമായി പലരും ബേക്കർ ചെയ്ത ചില വീടുകളുടെ പ്രശ്നങ്ങൾ പ്രത്യേകമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പ്രശ്നങ്ങൾ എല്ലാത്തരം വീടുകൾക്കുമുണ്ടാവാം എന്ന് ബെന്നി പറയുന്നു.
ബേക്കറിന്റെ വീടുകൾ ജീവിക്കാൻ കൂടുതൽ സുഖമാണ് എന്ന് പരിമിതമായ ചില പഠനങ്ങളുടെ പിന്തുണയോടെ ചിലർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വേണം എന്നാണ് അജിത് പറയുന്നത്.
വികസനത്തെക്കുറിച്ചുള്ള രണ്ട് സമാന്തര കാഴ്ചപ്പാടുകൾ കൂടി ഈ സംവാദത്തിൽ പ്രതിഫലിക്കുന്നുണ്ട്. സാങ്കേതിക വിദ്യകളുടെ പ്രയോഗം എന്ന രീതിയിൽ മാത്രമല്ല നാം ബേക്കറിന്റെ ചിന്തയെ സമീപിക്കേണ്ടത്. ഈ ലോകത്ത് പരിമിതമായ വിഭവങ്ങൾ മാത്രമേ ഉള്ളൂ എന്നും അത് സമതുലിതമായി പങ്കുവെക്കണം എന്നുമുള്ള ചിന്തയാണിത്. തൊഴിലാളികൾക്ക് കൂടുതൽ കൂലി കൊടുക്കേണ്ടി വരും എന്നത് വിഭവത്തിന്റെ കൂടുതൽ നീതിപൂർവകമായ വിതരണം എന്ന് കൂടിയാണ് അർത്ഥമാക്കുന്നത്. വ്യാവസായിക ഉൽപ്പന്നം എന്ന നിലയ്ക്കായാൽ പ്രത്യക്ഷമായ ചെലവ് കുറഞ്ഞു എന്ന് വരാം. എന്നാൽ ഭൂമിയിൽ അതുണ്ടാക്കുന്ന പരിക്കുകൾ ആരാണ് ശ്രദ്ധിക്കുന്നത്?
ഈ ചർച്ച ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. കൂടുതൽ മാനവികമായ സാങ്കേതിക വിദ്യകൾ രൂപപ്പെട്ടു വരുന്നത് വരെ. അങ്ങനെയൊരു ചർച്ചയ്ക്ക് തുടക്കമിടുക എന്ന ലക്ഷ്യം കൂടി ഈ സംവാദത്തിനുണ്ട്.