ഒരു പാട്ടിന്‍റെ അര്‍ത്ഥം പരിപൂര്‍ണതയിലെത്തുക എപ്പോഴാണ്? എങ്ങിനെയാണ്? സംഗീതത്തെ പ്രണയിക്കുന്നവരെല്ലാം മനസ്സില്‍ പലവട്ടം ചോദിക്കുന്ന ചോദ്യമാണിത്.
ഒരു പാട്ടു കഥ പറയാം.
ഒരിക്കല്‍ ഒരു യാത്ര പോയി. മുന്‍കൂട്ടി തയാറെടുക്കാത്ത, അപ്രതീക്ഷിതമായി മുന്നിലെത്തിയ ഒരു യാത്ര. ഉച്ചയോടെ ആരംഭിച്ചു, മലകയറ്റം. വളഞ്ഞും തിരിഞ്ഞുമുള്ള മലമ്പാതകള്‍. അവ പിന്നിട്ടപ്പോള്‍ സന്ധ്യയായി. സ്‌നോ ലൈനിനപ്പുറത്ത് അനന്ത നിശ്ചലത. മഹാമൗനത്തില്‍ ഉറഞ്ഞ മഞ്ഞുമലകള്‍ മാനത്തേക്ക് മുഖമുയര്‍ത്തി നില്‍ക്കുന്നു. കരിനീലയില്‍ മഞ്ഞിന്‍റെ അടരുകള്‍. അവയില്‍ പ്രതിഫലിക്കുന്ന സന്ധ്യയുടെ ചായക്കൂട്ടുകള്‍.
കൊളറാഡോയിലെ റോക്കി മലനിരകളിലെ ചെറിയൊരു ഗ്രാമമായിരുന്നു ലക്ഷ്യം. ഒരു വൈകുന്നേരം, സുഹൃത്ത് വീടിന്‍റെ താക്കോല്‍ തന്നു പറഞ്ഞു: ‘ഈ വീക്കെന്‍ഡ് പ്രകൃതിയോടൊപ്പമാക്കൂ.’
യാത്രയുടെ അവസാനം, മഞ്ഞിലൂടെ നടന്നു ചെന്നത് മരവും കല്ലും കൊണ്ട്, വലിയ സ്റ്റീല്‍ പില്ലറില്‍ ഉയര്‍ത്തിയ രണ്ടു നിലവീട്ടിലേക്ക്. അപ്പോഴേക്കും രാത്രി അതിന്‍റെ പരവതാനി വിരിച്ചിരുന്നു. അടിമുടി വിറപ്പിക്കുന്ന തണുപ്പ്. വീടിന്‍റെ ഹീറ്റിങ് സിസ്റ്റം ഓണാക്കിയിട്ടുണ്ടെന്ന് പറഞ്ഞ്, അന്നേരം പരിചയപ്പെട്ട അയല്‍ക്കാരി സ്വാഗതം പറഞ്ഞു. അവര്‍ കൊണ്ടു തന്ന സൂപ്പും റൊട്ടിയും കഴിച്ച് നന്ദി പറഞ്ഞു.
രണ്ടാം നിലയിലൊരു വലിയ തളം. തടിക്കസേരകളും കട്ടിയുള്ള കാര്‍പ്പറ്റും. ഇളം ചൂടു കൂടിയായപ്പോള്‍ കണ്ണുകളടഞ്ഞു. ക്ഷീണം കൊണ്ട് കാര്‍പ്പെറ്റില്‍ കിടന്നു പോയി. അല്‍പ്പം കഴിഞ്ഞ്, സൈഡ് കര്‍ട്ടന്‍ നീക്കിയപ്പോള്‍ ഒറ്റ ഗ്‌ളാസില്‍ തീര്‍ത്ത ചുമര്‍. അതിനുമപ്പുറം മഞ്ഞ് പൊഴിയുന്ന മലനിരകള്‍. ഉദിച്ചുയരുന്ന ചാന്ദ്രപ്രഭ. ദൂരെദൂരെ നക്ഷത്രങ്ങള്‍. അവയ്ക്ക് വലിപ്പവും തിളക്കവും കൂടുതലെന്നു തോന്നി. അകലെ, പൈന്‍ മരങ്ങളുടെ തലപ്പുകള്‍ കാറ്റിലാടി.
ഇന്നേരം കാതോര്‍ക്കാന്‍ പറ്റിയ പാട്ടേതാണ്?
‘പാഹി പര്‍വ്വത നന്ദിനി…’
കണ്ണടച്ചപ്പോള്‍ ഏതോ വിദൂരതയില്‍ നിന്നും ആ ഗാനം മുറിയിലേക്ക് ഒഴുകി വന്നു. കാട്ടിലെ എല്ലാ കാഴ്ചകളും ധവളമാക്കുന്ന മഞ്ഞിന്‍റെ ഇന്ദ്രജാലത്തിലൂടെ, ഒത്ത ഉയരമുള്ള ഒരു സ്ത്രീ നടന്നു പോകുന്നു. ഇളം മഞ്ഞുകാറ്റില്‍ അവളുടെ അഴിച്ചിട്ട മുടി കാറ്റില്‍ പറക്കുന്നു. ആകാശത്തേക്ക് പറക്കാനോങ്ങുന്നു, അവളുടെ ചുവന്ന സാരിയുടെ പല്ലാവ്. ആ നടത്തം കൊടുമുടികളുടെ മുകളിലേക്കാണ്…
അതവളല്ലാതെ മറ്റാര്! പര്‍വ്വതങ്ങളുടെ പുത്രിയുടെ വിഹാരരംഗമല്ലാത്ത ഏത് മലനിരകളുണ്ട് ഈ ലോകത്ത്?
ആഴത്തിലാഴത്തില്‍ കണ്ണുനട്ട്, അഭൗമമായ ഏതോ പ്രഭയിലേക്ക് ഉള്ളു നട്ട്, ഉറങ്ങി പോയി. നിദ്രാടനങ്ങളിലെപ്പോഴോ, നവരാത്രി മണ്ഡപത്തിലെത്തി.
നവരാത്രി മണ്ഡപത്തില്‍ കണ്ണടച്ചിരുന്ന് ആരഭി കേള്‍ക്കുമ്പോള്‍ കണ്ടു, ചുവന്ന സാരിയില്‍ കത്തിത്തിളങ്ങി അതേ രൂപം. തീജ്വാല പോലെ അവള്‍. ഒരൊറ്റ പാട്ടിന്‍റെ ഇലയനക്കങ്ങളിലൂടെ, അവള്‍ എനിക്കൊപ്പം വന്നു റോക്കി മൗണ്ടന്‍സിലേക്ക്. അവള്‍ എന്നെത്തേടി വന്ന നേരം, ഞാനോ, മഞ്ഞിന്‍റെ മറനീക്കി അവളെത്തേടി നടന്നു നടന്നു ചെന്നു, നവരാത്രി മണ്ഡപത്തിലേക്ക്.
സൗന്ദര്യത്തിന്‍റെ അനന്ത പ്രഭയില്‍, സംഗീതത്തിന്‍റെ അഗാധതകളില്‍, ഭക്തിയുടെ കൊടുമുടികളില്‍ നവരാത്രി. അതിന്‍റെ മൂര്‍ത്തരൂപമായി നവരാത്രി മണ്ഡപം. സ്വാതി സംഗീതത്തിന്‍റെ ശുദ്ധിയും സമര്‍പ്പണവും നറുമണവും കണ്ണീരും പാട്ടര്‍ച്ചനയായി ത്രിപുരസുന്ദരിയുടെ പാദങ്ങളില്‍ സമര്‍പ്പിതമാകുന്നത് ഇവിടെയാണ്.
കുട്ടിക്കാലത്തെ ഓര്‍മ്മയാണ്.
അമ്മയുടെ കൈപിടിച്ച് നവരാത്രിമണ്ഡപത്തില്‍ തൊഴാന്‍ പോയി. ചന്ദന നിറത്തില്‍ ചുവപ്പും ബ്രൗണും കളം ചേര്‍ന്ന ബോര്‍ഡറുള്ള അമ്മയുടെ പട്ടുസാരിയുടെ മണം. മിണ്ടാതെ അനങ്ങാതിരുന്ന് പാട്ടു കേള്‍ക്കണം. കണ്ണടച്ച് തൊഴുതിരുന്നോളൂ എന്ന് അമ്മ ചെവിയില്‍ പതിയെ പറഞ്ഞു.
അന്നാണ് മനസ്സില്‍ പതിഞ്ഞത്, ദേവിയുടെ നവരാത്രിക്കാലത്തെ വാസസ്ഥലം. പാട്ടമ്പലമെന്ന് അന്ന് മനസ്സിലതിന് പേരുമിട്ടു.
‘യാ ദേവീ സര്‍വ്വ ഭൂതേഷു കലാ രൂപേണ സംസ്ഥിതാ’ എന്നു മനസില്‍ പറഞ്ഞു നോക്കൂ. ആ നാമജപത്തിലൂടെ ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും നേരെ നടക്കാം നവരാത്രി മണ്ഡപത്തിലേക്ക്. അനേകം വിളക്കുകള്‍. പൂക്കളും കരിമ്പിന്‍ തണ്ടുകളും നാരങ്ങാമാലകളും കൊണ്ട് അലങ്കരിച്ച മണ്ഡപം. അവിടെ അവള്‍; നാഞ്ചിനാട്ടില്‍ നിന്നു വന്ന സുന്ദരി. ശുഭ്ര വസ്ത്രധാരിണി. വീണാപാണി. കുങ്കുമരാഗശോണ. സംഗീത രസിക.
ഈ ആസ്വാദകക്ക് മുന്നിലാണ് ഒന്‍പതു ദിവസവും ഇവിടെ നവരാത്രി കച്ചേരികള്‍ നടക്കുന്നത്. കാതോര്‍ക്കുന്നത്, സര്‍വ്വ സംഗീതത്തിനും ആധാരമായവള്‍. ഓരോ പാട്ടും അങ്ങനെ ദിവ്യമായ ഓരോ അര്‍ച്ചന.
ശങ്കരാഭരണം, കല്യാണി, സാവേരി, തോടി, ഭൈരവി, കാമവര്‍ദ്ധിനി, ശുദ്ധസാവേരി, നാട്ടക്കുറിഞ്ഞി, ആരഭി എന്നിവ ഒന്‍പതു ദിവസങ്ങളിലായി പാടും. തുടക്കത്തില്‍ മുല്ലമൂട് ഭാഗവതര്‍മാരുടെ തോടയവും ഗണപതി സ്തുതിയും.
നവരാത്രി മണ്ഡപം സംഗീത കച്ചേരികള്‍ നടക്കുന്ന ഒരിടമാണോ?
അതെ. എന്നാല്‍ അതിനുമപ്പുറം ചരിത്രവും ആചാരങ്ങളും വിശ്വാസവും കൂടിച്ചേരുന്ന ഒരു ഭൂമികയാണത്. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് വലതുവശം ചേര്‍ന്ന് കുതിരമാളികയുടെ വടക്കേ കെട്ടാണ് നവരാത്രി മണ്ഡപം. എല്ലായിടവും ശ്രീകോവില്‍ എന്ന് തോന്നിക്കുന്ന കെട്ടുകളും അറയും നിരകളും കൂറ്റന്‍ തൂണുകളും.
പാട്ടിന് കാതോര്‍ക്കുന്നവര്‍ ഒരിക്കലെങ്കിലും ഇവിടെ വരണം. ഒരു സന്ധ്യയില്‍ ദേവിക്കൊപ്പം പാട്ടു കേള്‍ക്കണം. ഒരു സ്വാതി കൃതി ആ സന്ധ്യയില്‍ വിരിയും. കല്യാണിയില്‍, സാവേരിയില്‍, നാട്ടക്കുറിഞ്ചിയില്‍ തീര്‍ത്ത ഓരോ കീര്‍ത്തനവും ശുദ്ധഭക്തിയുടെ വിശുദ്ധിയും ഗംഭീര രാഗങ്ങളുടെ സൗന്ദര്യവും ഒത്തു ചേര്‍ന്നതാണ്.
മുന്നൂറോ അതിലധികമോ വര്‍ഷങ്ങളായി നടന്നു വരുന്ന സംഗീതാര്‍ച്ചനയാണ് നവരാത്രിമണ്ഡപത്തിലെ കച്ചേരികള്‍. ശുചീന്ദ്രത്തും പിന്നീട് പദ്മനാഭപുരത്തും അതിന് ശേഷം തിരുവനന്തപുരത്തുമായി തുടരുന്ന വലിയൊരു തുടര്‍ച്ചയുണ്ട് ഈ പാട്ടുത്സവത്തിന്. തെക്കേ ഇന്ത്യയുടെ സംഗീത പാരമ്പര്യത്തിലേക്ക് നാഞ്ചിനാടും തിരുവനന്തപുരവും കൂട്ടിച്ചേര്‍ത്ത അമൂല്യ അനുഭവം. ഇവിടെ കയറുന്നതിനും തൊഴുന്നതിനും കച്ചേരി കേള്‍ക്കുന്നതിനുമെല്ലാമുണ്ട് ആചാരരീതികള്‍. അമ്പലത്തില്‍ കയറും പോലെ കുളിച്ച് വൃത്തിയും ഭംഗിയുമുള്ള വസ്ത്രം ധരിച്ച് ചെരുപ്പില്ലാതെ അകത്തു കയറണം. നിശ്ശബ്ദതയുടെ ഒരു അറയാണത്. ദേവി ഇരിക്കുമിടം. രാജകുടുംബവും നിശ്ചിത എണ്ണം കേള്‍വിക്കാരും മാത്രമെ മണ്ഡപത്തിനുള്ളില്‍ കച്ചേരി കേള്‍ക്കാനുണ്ടാവൂ. പാട്ടു മാത്രം മുഴങ്ങും. മറ്റെല്ലാം നിശ്ചലം. നിശ്ശബ്ദം.
വര്‍ഷമെത്ര കഴിഞ്ഞാലും അവിടേക്ക് കാലെടുത്ത് വെക്കുമ്പോള്‍ മനസ്സാലെ, അമ്മയുടെ കൈപിടിക്കും. അമ്മയെ കാണാന്‍ പോകേണ്ടത് അമ്മയുടെ കൈ പിടിച്ചു തന്നെയെന്ന് ഉള്ളില്‍ പറയും. അറിയാതെ കണ്ണു നിറയും.
എത്രയോ പകലുകള്‍ കുട്ടിയായ എന്നെയും കൊണ്ട് പദ്മനാഭസ്വാമി ക്ഷേത്രത്തിലും ചുറ്റുമുള്ള കൊട്ടാര കെട്ടുകളിലും തിങ്ങി നിറഞ്ഞ തെരുവുകളിലും കഥയും കാഴ്ചകളുമായി അമ്മ നടന്നു. തിരുവനന്തപുരത്തിന്‍റെ കാഴ്ചകള്‍, മണങ്ങള്‍, രുചികള്‍ രക്തത്തില്‍ കലര്‍ന്നത് അങ്ങനെയൊക്കെയാണ്. ചരിത്രത്തിന്‍റെ വലിയ നാടകങ്ങള്‍, ദുഖങ്ങള്‍, നഷ്ടങ്ങള്‍ -അവയെ പാട്ടിലൂടെ മറികടക്കാന്‍ ശ്രമിച്ച സ്വാതിയുടെ കഥകള്‍, നേരില്‍ കാണും പോലെ ഉള്ളില്‍ കൊത്തിവെച്ചു. പാട്ടുകളുടെ പശ്ചാത്തലം, സാഹിത്യം, ഭക്തി തുടങ്ങി, പാട്ടെങ്ങനെ കേള്‍ക്കണമെന്നു വരെ ആ യാത്രകളിലൂടെ പഠിപ്പിക്കുകയായിരുന്നു.
മണ്ഡപത്തിനുള്ളില്‍ പാട്ടു കേള്‍ക്കും പോലെ ദിവ്യവും മനോഹരമാണ് പദ്മനാഭന്‍റെ പടികളിലിരുന്ന് പാട്ടു കേള്‍ക്കുക. അതും അമ്മ പറഞ്ഞതാണ്. എന്നെ വയറ്റില്‍ ചുമന്ന്, അഛന്‍റെ കൈപിടിച്ച്, പടിക്കെട്ടിലിരുന്ന് പാട്ടു കേട്ടുവെന്നും. വയറ്റിലെ കുഞ്ഞിന്‍റെ ചവിട്ടിന് താളമുണ്ടായിരുന്നുവെന്നും പറഞ്ഞപ്പോള്‍ ആ കണ്ണില്‍ കണ്ണീരും തിളക്കവും ഒപ്പം ചേര്‍ന്നു.
കോവിലിന്‍റെ പടവുകളില്‍ പോയിരിക്കാം. പുറകില്‍ മഹാഗോപുരം. അതിനുമുള്ളില്‍ അനന്തപദ്മനാഭന്‍. മുകളില്‍ നക്ഷത്രാങ്കിതമായ വാനം. ശംഖുമുഖത്തു നിന്നെത്തുന്ന കാറ്റില്‍ പരന്നൊഴുകുന്നു, സാവേരി… ദേവി പാവനേ…
ആ പടിക്കെട്ടിലിരിക്കുന്നതില്‍ ഒരാള്‍ക്ക് താമരക്കണ്ണുകളാണ്. ബാലമുരളീ കൃഷ്ണയുടെ, കെ. വി. നാരായണ സ്വാമിയുടെ, പാറശ്ശാല പൊന്നമ്മാളുടെ ഒക്കെ പാട്ടുകേള്‍ക്കാന്‍ ഈ സംഗീത പ്രിയന്‍ പടിക്കെട്ടില്‍ വന്നിരിക്കുക തന്നെ ചെയ്യും. സ്വാതിയുടെ പൂക്കള്‍ സ്വരങ്ങളില്‍ വിടരുമ്പോള്‍ താമരക്കണ്ണുകള്‍ നിറയും. നവരാത്രി മണ്ഡപത്തിനുള്ളില്‍ പദ്മനാഭ സഹോദരി ദീര്‍ഘമായി ഒന്ന് നിശ്വസിക്കും.
പദ്മനാഭപുരത്തു നിന്ന് തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറിയപ്പോള്‍ ആരംഭിച്ചതാണ് ദേവീ-ദേവന്‍ മാരുടെ ആഘോഷത്തോടെയുള്ള നവരാത്രി വരവ്. രാജഭരണ കാലത്തെ ചില ശേഷിപ്പുകള്‍ ഇന്നും തുടരുന്നു. ഉടവാള്‍ കൈമാറ്റവും പൊലീസിന്‍റെ ഗാര്‍ഡ് ഒഫ് ഓണറും. എത്ര മാറിയാലും തിരുവനന്തപുരം മനസ്സിന്‍റെ ഒരു കോണില്‍ മറ്റൊരു കാലം സൂക്ഷിക്കുന്നുവെന്ന് തോന്നും. നാഞ്ചിനാടിന്‍റെ ഭരണ രീതികള്‍, സംഗീതം, ആചാരങ്ങള്‍, ജീവിത രീതി-ഇങ്ങനെ പലതും ഇന്നും നിലനിന്നു പോകുന്നു. തമിഴ് സംസ്‌കൃതിയുമായുള്ള വിശുദ്ധ ബന്ധവും അറ്റുപോയിട്ടില്ല. അത് പാട്ടായും ഭാഷയായും വേഷമായും ഭക്ഷണ രീതിയായും എല്ലാം ഇന്നും തിരുവനന്തപുരത്ത് നിലനില്‍ക്കുന്നു.
നവരാത്രികളില്‍ ഈ നഗരത്തോളം സംഗീതം നിറഞ്ഞ മറ്റൊരു ദേശം കേരളത്തിലുണ്ടാവില്ല. നവരാത്രി മണ്ഡപം അതിന്‍റെ കേന്ദ്ര ബിന്ദു. എല്ലാ ക്ഷേത്രങ്ങളിലും സംഗീത കച്ചേരികള്‍. സഭകളിലും കലാകേന്ദ്രങ്ങളിലും പാട്ടും നൃത്തവും നിറയും. സ്വാതിയും നീലകണ്ഠ ശിവനും തുടങ്ങി കര്‍ണാടക സംഗീതത്തിന്‍റെ ത്രിമൂര്‍ത്തികളിലൂടെ ആധുനിക കാലത്തെ കംപോസര്‍മാരില്‍ വരെ എത്തി നില്‍ക്കും ഈ കച്ചേരികള്‍. അനേകം പവിഴമല്ലി മരങ്ങള്‍ ഒരുമിച്ചു പൂക്കുന്ന ഉദ്യാനം പോലെയാകും അന്നേരം ഈ നഗരം. സംഗീതം, പുഷ്പങ്ങള്‍ പോലെ വിരിയുന്ന നവരാത്രി കാലം.
അന്നേരം പാട്ടു കേള്‍ക്കാന്‍ പോകുക ഏറ്റവും നിറവാര്‍ന്ന അനുഭവമാണ്. മഴ നിലാവിന്‍റെ കുളിരും ഗഗനചാരികളായ നക്ഷത്രങ്ങളും നെഞ്ചേറ്റി നടക്കാം. അതിലേറെ ചാരുതയുണ്ട്, നവരാത്രി കാലത്തെ സംഗീത-നൃത്ത കച്ചേരികള്‍ക്ക്. നല്ലൊരു കുഭകോണം കാപ്പി രുചിക്കാം. നാവിലലിയും മൈസൂര്‍ പാക്കും ചൂട് ബോളിയും കൂടിയാകാം. തിരുവനന്തപുരത്തിന്‍റെ മാത്രമായ രുചിക്കൂട്ടുകള്‍. അതു പോലൊക്കെയാണ് ഈ നഗരത്തിന്‍റെ ജീവിതവും.
കൊഴുന്തും മുല്ലപ്പൂവും തുളസിയും മണക്കുന്ന, കല്യാണിയും ഭൈരവിയും ശങ്കരാഭരണവും ഒഴുകുന്ന രാവുകള്‍. പാട്ടുകളുടെ പുണ്യകാലം. അതിതാ വീണ്ടും വന്നിരിക്കുന്നു.
ആനന്ദ കുമാര സ്വാമി മുതല്‍ ഷീല ധാര്‍ വരെ കലയെയും പാട്ടിനെയും കുറിച്ചുള്ള പുസ്തകങ്ങള്‍ വായിപ്പിച്ച അമ്മയെ, ആദ്യം സംഗീതം പഠിപ്പിച്ച ടീച്ചറെ, വീണ പഠിച്ച് കുഞ്ഞി വിരല്‍ മുറിയുമ്പോള്‍ ഉമ്മ വെച്ച് നോവകറ്റിയ ചെറിയമ്മയെ, നൃത്തം പഠിപ്പിച്ച കലാക്ഷേത്രക്കാരിയെ, കൂടെ പാട്ടു മൂളാനും പാട്ടിനെ കുറിച്ച് പറയാനും ഉത്സാഹിക്കുന്ന കൂട്ടുകാരനെ മനസ്സിലേറ്റി ഇനിയും ഇനിയും ഞാന്‍ നവരാത്രി കച്ചേരികള്‍ക്കു പോകും.
പാഹി പര്‍വ്വത നന്ദിനി! മാമയി
പാര്‍വ്വണേന്ദു-സമവദനേ
പാട്ട് നിറയുകയാണ് ഒന്‍പത് രാവുകളിലും. മണ്ഡപക്കെട്ടുകളില്‍, പദ്മതീര്‍ഥത്തിന്‍റെ ഓളങ്ങളില്‍, നഗര കാന്താരങ്ങളില്‍, ഗഗനനീലിമയില്‍, കണ്ണീരിലൂടെ കാണട്ടെ, എന്നുമെന്നും ഒപ്പം നടക്കുന്ന, എത്രകണ്ടാലും മതിവരാത്ത, ചെമ്പട്ടുടുത്ത അവളെ.