നിറമില്ലാത്ത മുറിക്കയ്യൻ ഷർട്ട്, ഒറ്റമുണ്ട്, സാധാരണ വിലകുറഞ്ഞ ചെരുപ്പ്, ചരിച്ച് ചീകി ഒതുക്കിയ മുടി, മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ, പ്രസന്നമായ മുഖം, വിടർന്ന, നിഷ്ക്കളങ്കമായ, ഉള്ളുതുറന്ന ചിരി, ചാട്ടുളി ഫലിതം, നിർദോഷമായ പരദൂഷണം, സാഹിത്യത്തേക്കാൾ കൂടുതൽ മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് സിനിമകളുടെ കഥകളും പിന്നാമ്പുറക്കഥകളും ചരിത്രവും, സമകാലികരാഷ്ടീയത്തിലെ ആണ്ട്, തിയ്യതി തെറ്റാതെയുള്ള സൂക്ഷ്മമായ വിവരണം, വ്യാഖ്യാനം, വിശദീകരണം. ഇതാണ് ഞങ്ങളുടെ എല്ലാവരുടേയും ഓമനയായ ഓമനക്കുട്ടൻ മാഷ്.
അദ്ദേഹത്തെ സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം “എടാ ഓമനേ” എന്നാണ് വിളിച്ചിരുന്നത്. “പ്രൊഫസർ ” എന്ന വിശേഷണം സാറിന് ഒട്ടും താൽപ്പര്യമില്ലാത്തതായിരുന്നു. മാത്രമല്ല വെറുപ്പുമായിരുന്നു. പല നോട്ടീസുകളിൽ നിന്നും ഇത് മാറ്റണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചിരുന്നു. ഓമനക്കുട്ടൻ മാഷ് ആരായിരുന്നു എന്ന് ചോദിക്കുന്നതിനേക്കാൾ നല്ലത് എന്തായിരുന്നില്ല അഥവാ ആരായിരുന്നില്ല എന്ന വിലയിരുത്തലാകും ഏറ്റവും ഉചിതം.
ഇത് വെറുമൊരു വാഴ്ത്തുപാട്ടോ സ്തുതിഗീതമോ അല്ല. അഭിനേതാവ് , അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, കോളമിസ്റ്റ്, പരിഭാഷകൻ, പ്രഭാഷകൻ, ചെറുകഥാകൃത്ത്, നോവലിസ്‌റ്റ്, തമിഴ് – ഇംഗ്ലീഷ് – മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ളയാൾ, ആക്ഷേപഹാസ്യകാരൻ, ജീവചരിത്രകാരൻ, പാരഡീയൻ, ഇടതുപക്ഷ / ഹൃദയപക്ഷക്കാരൻ, നിരൂപകൻ, കുസൃതിക്കാരൻ ഇതിനൊക്കെയുപരി കറകളഞ്ഞ മനുഷ്യസ്നേഹി.
നാടകവും അഭിനയവുമായിരുന്നു സാറിന്റെ മനസ്സുനിറയെ. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ അവതാരികയിൽ കെ ജി എസ് വിശേഷിപ്പിച്ചത്. ‘കൊൺവെർസേഷനിസ്റ്റ്’ എന്നാണ് – സംസാരിച്ചു നിന്നാൽ പല വിഷയങ്ങളും വരും എൻ. എൻ പിള്ള , ബഷീർ, ചാപ്ലിൻ, താരാശങ്കർ ബാനർജി , കോമൾ സ്വാമിനാഥ്, കോട്ടയം പുഷ്പനാഥ്, എസ്.പി. പിള്ള, ആർ. ശങ്കർ , ശബരിമല ശാസ്താവ്, ടി. ആർ., വയലാർ രവി, എ.കെ.ജി., വൈക്കം സത്യാഗ്രഹം, കൊല്ലത്തെ സുന്ദരിമാർ, അഭയദേവ്, പി.ജെ.ആന്റണി. മാത്തൂട്ടിച്ചായൻ, എലിസബത്ത് ടെയ്ലർ, തിരുനക്കര, ജോൺ എബ്രഹാം, എഴുത്തച്ഛൻ, കാരിക്കാമുറി ഷാപ്പ്. അഴീക്കോടൻ, തിക്കുറിശ്ശിയുടെ മേൽത്തരം അശ്ലീല കഥകൾ, രത്ന കഫേ, പി.ടി. ചാക്കോ, എ. അയ്യപ്പൻ, വിമോചന സമരം, രാഘവൻ വക്കീൽ… തീരുന്നില്ല, പറഞ്ഞ് തീർന്നിട്ടില്ല.
ഒരിക്കൽ സാറ് പറഞ്ഞു ഫലിതരൂപത്തിലുള്ള എന്തെങ്കിലും കുത്തിക്കുറിക്കുവാൻ പേടിയാണ്. കാരണം മറ്റൊന്നുമല്ല,അവരുടെ ജീവിതം ദുരന്തപൂർണ്ണമായിരിക്കും. ഉദാഹരണവും നിരത്തും. സഞ്ജയൻ, ബഷീർ, വി.കെ. എൻ, ചാപ്ലിൻ തുടങ്ങിയവരുടെ ജീവിതം ഉയർത്തിക്കാട്ടും. ഏതായാലും അവിടെ സാറിന് തെറ്റിയെന്നു തോന്നുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ, വേദനിപ്പിക്കാതെ,സന്തോഷത്തോടെ, സംതൃപ്തിയോടെ, നിറഞ്ഞ തെളിഞ്ഞ മനസ്സോടെയുള്ള തിരിച്ചു പോക്ക്. ഭാഗ്യജന്മം. ‘അഘശംസി’ എന്ന അദ്ദേഹത്തിന്റെ തൂലികാ നാമത്തിന്റെ അർത്ഥം അഘം – പാപം, ശംസി – നശിപ്പിക്കുന്നത്. അതായത് സമൂഹത്തിലേയും രാഷ്ട്രീയത്തിലേയും തിന്മകൾക്കെതിരെയുള്ള കൂരമ്പും ചാട്ടവാറടിയുമൊക്കെയായിരുന്നു ആ പംക്തി. വ്യക്തമായ ഇടതുപക്ഷ അടിത്തറയുടേയും ബോധ്യത്തിന്റേയും അടിസ്ഥാനത്തിലായിരുന്നു നിഷ്കാമമായ, അപകടകരമായ ഈ കർമ്മം. അത് വളരെ ലാഘവത്തോടെയാണ് സാറ് കൈകാര്യം ചെയ്തിരുന്നത്.
സ
ഇതിൽ പലതും സമാഹരിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പ്രാധാന്യമുള്ള ചിലത് ചില മിനുക്ക് പണികളിലൂടെ പുനഃപ്രസിദ്ധീകരിച്ചു കൂടെ ഒരു കുസൃതി ഞാൻ എറിഞ്ഞു. അതിന് ഒരു പശ്ചാത്തലവുമുണ്ട്. മനോരമയിലെ ചുമ്മാർ സാറാണ് ശ്രീലനായി അവതരിക്കുന്നത്. എന്റെ സുഹൃത്ത് ശ്രീകുമാർ മനോരമയിലെ മീറ്റിംഗിൽ സാറിന്റെ കോളത്തെക്കുറിച്ച് ചുമ്മാർ സാർ വളരെ നല്ല അഭിപ്രായം പറയുന്ന കാര്യം ഞാൻ സൂചിപ്പിച്ചു. സാർ ഒരു കണ്ടീഷൻ മുന്നോട്ടുവച്ചു. ചുമ്മാർ സാർ അവതാരിക എഴുതുകയാണെങ്കിൽ നമുക്ക് പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞു. ഞങ്ങൾ പല ചർച്ചകളും നടത്തി. ചുമ്മാർ സാർ രോഗബാധിതനായി. പദ്ധതി എങ്ങും എത്തുകയും ചെയ്തില്ല. അതായത് രാഷ്ട്രീയ ശത്രുക്കളോടു പോലും കാണിച്ച മര്യാദയും ആദരവും സ്നേഹവായ്പുമെല്ലാം ഇതിൽ വ്യക്തമാണ്.
സാറിന്റെ ‘അഭിനവ ശാകുന്തളം’ നാടകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ലീലാവതി ടീച്ചറാണ്. ഈ നാടകത്തെക്കുറിച്ച് സംസാരിച്ചപ്പോഴുള്ള വെറ്റിലത്തരികൾ തെറിപ്പിച്ച് പൊട്ടിച്ചിരിച്ചു കൊണ്ടുള്ള സാറിന്റെ മറുപടി “ഏതായാലും കാളിദാസനേക്കാൾ നന്നായില്ലേ. അത് മതി.” നാടകത്തിലെ ഒന്നു രണ്ട് നുറുങ്ങുകൾ …. ‘മുല്ലവള്ളി തേന്മാവിനോടല്ലാതെ മറ്റെന്തിനോടാണ് ചേരുക’ ” പാരഡി… ‘എയ്‌റോപ്ലെയിൻ എയറോഡ്രോമിലല്ലാതെ മറ്റെവിടെയാണ് ഇറങ്ങുക.’ ‘പുക കൊണ്ട് കണ്ണ് മറഞ്ഞിരുന്നുവെങ്കിലും ഹോതാവ് ഹോമിച്ചത് ഭാഗ്യവശാൽ അഗ്നിയിൽ തന്നെ പതിച്ചു’ …. “ഇരുട്ട് കൊണ്ട് കണ്ണ് കാണുവാൻ പാടില്ലായിരുന്നെങ്കിലും വെടി കൊള്ളേണ്ടിടത്തു തന്നെ ചെന്നു കൊണ്ടു.’ ‘ദുഷന്തൻ എന്ന പൊലീസുദ്യോഗസ്ഥൻ, ദുർവാസന എന്ന മഞ്ഞപത്രത്തിന്റെ പ്ര. ലേ…’ ‘ദീർഘാപാംഗനു പകരം ദീർഘാപാണ്ടൻ എന്ന ചാവാലി പട്ടി’ ഇങ്ങനെ സംഭവങ്ങൾ ശാകുന്തളം വായിച്ചിട്ടുളളവർ ഈ കൃതി നിലത്തു വയ്ക്കാതെ വായിക്കും. നമ്മൾ കാണാത്തതും ശ്രദ്ധിക്കാത്തതുമായ മാനങ്ങൾ, തലങ്ങൾ, അടയാളങ്ങൾ അദ്ദേഹം ശ്രദ്ധിക്കും.
കമ്മ്യൂണിസ്റ്റ് പാർട്ടി 1964 ൽ പിളർന്നപ്പോളാണ് എൻ. എൻ. പിള്ള ‘ക്രോസ് ബെൽറ്റ്’ രചിച്ചത്. ഇതിൽ തളർവാതം പിടിച്ചു കിടക്കുന്നത് മാർക്സിസ്‌റ്റ് പാർട്ടിയും മുഴുവട്ടായി ഉറഞ്ഞു തുള്ളുന്ന പട്ടാളം ഭവാനി സി പി ഐയും. കൈയ്യിൽ ആയുധവുമായി നടക്കുന്ന നിരാലംബയായ പെൺകുട്ടി നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധിയുമാണെന്ന് സാറ് ലേഖനത്തിലൂടെ സ്ഥാപിച്ചു. വെറുമൊരു കുടുംബ കഥ മാത്രമായിരുന്ന നാടകത്തിൽ ഇത്തരത്തിലൊരു പൊളിറ്റിക്കൽ ഡൈമൻഷനുണ്ടെന്ന് സാറ് വായിച്ചു, പഠിപ്പിച്ചു, ഓർമ്മിപ്പിച്ചു. ഇങ്ങനെ വായനയുടെ പുതിയ വിതാനങ്ങളും വാതായനങ്ങളും അജ്ഞന്മാരായ ഞങ്ങൾക്കുമുന്നിൽ തുറന്നിട്ടു. എങ്ങനെ പുതിയ കൃതികളും സിനിമകളും രാഷ്ട്രീയ പരിപ്രേഷ്യത്തിൽ വായിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ഈ കെട്ട കാലത്ത് അനിവാര്യമാണെന്ന് സാറ് പറയാതെ പറഞ്ഞു. ഇത് ക്ലാസ്സ് മുറിയിലെ പൊടി പിടിച്ച സിലബസ്സിൽ തൂങ്ങി നിന്നല്ല പറഞ്ഞത്.
മക്ബത്തിലെ ത്രീ വിച്ചസിനെക്കുറിച്ച് പറയുകയാണ്. അപ്പോഴാണ് മാഷിന്റെ കമന്റ്: ” ഇവിടെ രണ്ടെണ്ണമേയുള്ളൂ” (പരിഭാഷ :- മലയാളം ഡിപ്പാർട്ട്മെന്റിൽ അപ്പോൾ രണ്ട് അദ്ധ്യാപികമാരേയുള്ളൂ) ‘പാര’ എന്ന ഹാസ്യമാസികയുടെ പത്രാധിപരായിരുന്നപ്പോൾ സുഹൃത്തും ശിഷ്യനുമായ എം വി ബെന്നി ഒരു കാച്ച് കാച്ചി. “ശത്രുക്കൾക്ക് പാരക്കുട്ടനും മിത്രങ്ങൾക്ക് അപാരക്കുട്ടനും” ഉള്ളു തുറന്ന പൊട്ടിച്ചിരിയോടെയാണ് മാഷ് ആ ബിരുദവും സ്വീകരിച്ചത്.
ഉള്ളിൽ വിഷമില്ലാതെ ഉള്ളം തുറന്നു ചിരിച്ചതുകൊണ്ടാകാം എൺപത് പടികൾ ചുറുചുറുക്കോടെ ചാടിക്കയറിയത്. എം.എ. ക്ലാസ്സിൽ മാഷ് പഠിപ്പിക്കുന്നത് തുള്ളൽ കൃതിയാണ്. ക്ലാസ്സ് എടുക്കുന്നില്ലെന്ന് ചില അദ്ധ്യാപകരുടെ പ്രേരണയിൽ കുട്ടികൾ വകുപ്പ് തലവന് പരാതി നൽകി. മാഷ് അവിടേയും ഡയലോഗടിച്ച് സ്കോർ ചെയ്തു. “ഇനി വേണമെങ്കിൽ ഞാൻ തുണിയുരിഞ്ഞ് തുള്ളിക്കാണിക്കാം.” വകുപ്പിനാശാൻ ഫ്ലാറ്റ്.
ഹൈറോഗ്ലിഫിക്സ് ലിപി പോലെ ചാരുതയോടെയുള്ള മാഷിന്റെ സുന്ദരമായ ഒപ്പ് കണ്ട് അത്‌ഭുതപ്പെട്ടിട്ടുണ്ട്. ഒറിജിനൽ ഒത്തുനോക്കി വായിച്ചു നോക്കാതെ ഒപ്പിട്ടു കൊടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ ഇതാ വരുന്നു ഇടിവെട്ട് മറുപടി “എന്റെ മോനേ വായിക്കുവാൻ ലോകത്തിൽ എത്രയോ ക്ലാസിക്കുകളുണ്ട്!” ഇങ്ങനെ നിഷ്ക്കളങ്കമായ, ഹൃദയ നൈർമ്മല്യത്തോടെയും ആത്മാർത്ഥതയോടെയും വിദ്യാർത്ഥികളോടുള്ള ഉപാധികളില്ലാത്ത വിശ്വാസമാണ് മാഷിന്റെ നന്മയുടെ മുഖമുദ്ര.
ഒരിക്കൽ എറണാകുളം ടൗൺഹാളിലെ ഒരു പുസ്തകോത്സവം. ഞാനും കുറേ അലമ്പന്മാരും ഒരു പെൺകുട്ടിയെ കുറേ നേരം പതിവ് കുസൃതിയോടെ നോക്കിക്കൊണ്ട് നിന്നു. മാഷ് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: “മകളാണ് ” ആ നിഷ്‌ക്കളങ്ക സ്വരൂപമാണ് മാഷ്. കുട്ടിത്തമാണ് ഓമനത്തമാണ് നിഷ്‌ക്കളങ്കതയാണ് ലാളിത്യമാണ് നാട്യങ്ങളില്ലാത്തതാണ് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന ഓമനക്കുട്ടിയാണ് സി. ആർ. വിശപ്പ് എന്താണെന്ന് രുചിച്ചറിഞ്ഞതു കൊണ്ടാകാം പോക്കറ്റടിക്കാരൻ ദയവ് കാണിച്ച് രക്ഷിച്ച ബഷീറും, ഷൂസ് പുഴുങ്ങിത്തിന്ന ചാപ്ലിനുമെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും നിറഞ്ഞുനിന്നത്.
ഇംഗ്ലീഷ് സാഹിത്യം പഠിക്കുവാൻ ചേർന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് തൽക്കാലത്തേക്ക് വിടവാങ്ങിയാണ് അദ്ദേഹം മലയാള സാഹിത്യത്തിന്റെ പന്തിയിൽ തൂശനിലയിട്ട് ചമ്രം പടിഞ്ഞിരുന്നത്. അൻപതുകൾ മുതലുള്ള രാഷ്ട്രീയ, സാമൂഹികം, സിനിമ, നാടക മേഖലയിലെ ഏത് ചരിത്രവും തപ്പാതെ തടയാതെ തട്ടുംതടവുമില്ലാതെ മാഷിൽ നിന്ന് അനർഗളമായി പ്രവഹിക്കും. തിലകനടനത്തിലെ നവരസങ്ങളെ നാട്യശാസ്ത്ര വിധിയനുസരിച്ച് ഉദാഹരണസഹിതം നിർദ്ധാരണം ചെയ്തപ്പോളാണ് മാഷിന്റെ അകക്കണ്ണിലെ സൂക്ഷ്മജ്ഞാനദൃഷ്ടി അനുഭവവേദ്യമായത്.
അതിവിപുലമായ സുഹൃദ് വലയമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ പ്രസാധകർ, എഴുത്തുകാർ, സിനിമാ പ്രവർത്തകർ, നാടക പ്രവർത്തകർ, തൊഴിലാളികൾ, മദ്യപാനികൾ, തട്ടിപ്പുകാർ, ചായക്കടക്കാർ, കോളേജിലെ തൂപ്പുകാരികൾ, പട്ട ഷാപ്പിലെ വിളമ്പുകാർ എല്ലാം എല്ലാം ഈ പച്ച മനുഷ്യന്റെ ഹൃദയം സ്പർശിച്ചവരാണ്.
മാഷ് പലപ്പോഴും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. “ഒരു പക്ഷേ എന്നേക്കാൾ കൂടുതൽ, എന്റെ വീട്ടുകാരേക്കാൾ കൂടുതൽ എന്നെ മനസ്സിലാക്കിയിട്ടുള്ളത് സുഗതനാണ്.” അടിയന്തരാവസ്ഥയ്ക്ക് ശേഷം എറണാകുളം ടൗൺഹാളിൽ രാജൻ സംഭവത്തെ ആസ്പദമാക്കി പി.ജെ. ആന്റണിയുടെ ‘കാളരാത്രി’ നാടകം തിലകൻ തിളങ്ങി വിളങ്ങി വിലസുകയാണ്. ജനക്കൂട്ടം ഇരമ്പിയാർത്ത് ഗേറ്റ് പൊളിച്ച് വലിച്ചെറിഞ്ഞാണ് ടൗൺഹാളിലേക്ക് കയറിയതെന്ന് മാഷ് പറഞ്ഞാണ് എന്റെ തലമുറ അറിഞ്ഞത്. ഒരു പക്ഷേ മാഷ് ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് ആന്റണിയാശാനെക്കുറിച്ചായിരിക്കും.
തമാശ പറഞ്ഞ്, കുസൃതി കാണിച്ച് നടക്കുന്ന മാഷിന് മറ്റൊരു മുഖമുണ്ട്. വ്യക്തമായ രാഷ്ട്രീയ ദിശാബോധവും പ്രത്യയ ശാസ്ത്ര ഉൾക്കാഴ്ചയും കരുത്താർന്ന മനസ്സും നൈതികബോധവുമുള്ള വ്യക്തിത്വം. സ്വാതന്ത്ര്യം തുറുങ്കിലടയ്ക്കപ്പെട്ട, അഭിശപ്തമായ നാളുകളിൽ സുരക്ഷിതത്വത്തിന്റെ നനുത്ത പുതപ്പിനുള്ളിൽ മയങ്ങാതെ പരിഭാഷകളിലൂടെ ചെറുത്ത് നിൽപ്പിന്റെ ചെറുതല്ലാത്ത രാഷ്ട്രീയ ബോധം സൃഷ്ടിക്കുവാൻ അദ്ദേഹം ശ്രമിച്ചു; അതും സർക്കാർ ലാവണത്തിൽ ഇരുന്നു കൊണ്ട്. ഇംഗ്ലീഷ് കൃതികളുടെ പരിഭാഷ നിർവ്വഹിക്കുന്ന കൈത്തഴക്കത്തോടെ തന്നെ കോമൾ സ്വാമിനാഥിന്റെ ‘തണ്ണീർ തണ്ണീർ’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
പിതൃതുല്യനായി കണ്ടിരുന്ന ഈച്ചരവാര്യരുടെ സഹചാരിയായി നടന്ന അടിയന്തരത്തിലെ കാളരാത്രികളിലെ ശവംതീനികൾ ഉണർന്നിരിക്കുന്ന അഭിശപ്തരാവുകൾ. രാജൻ സംഭവവുമായി ബന്ധപ്പെട്ട് പിറ്റേന്ന് സാക്ഷികളെ ഹൈക്കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റീസ് പോറ്റിയുടെ ഉത്തരവ്. എറണാകുളം സൗത്തിലെ എൻസൈൻ സ്റ്റുഡിയോയുടെ മുന്നിൽ നിന്ന് ടാക്സി വിളിച്ച് സാറ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കോട്ടക്കൽ വച്ച് ആക്സിഡന്റ് പറ്റി. ഒരു വിധത്തിൽ ദേവകി, കോരു, ബെൻഹർ തുടങ്ങിയ സാക്ഷികളുമായി രാത്രിയുടെ മുകതയിൽ എറണാകുളത്തേക്ക്. എന്തിനു വേണ്ടി? നീതിക്കു വേണ്ടി, സത്യത്തിനു വേണ്ടി, സഹജീവിക്കുവേണ്ടി. ഇതാണ് ചിരിച്ച് കളിച്ച് തമാശ പറഞ്ഞ് നടക്കുന്ന ഈ പച്ചയായ മനുഷ്യൻ.
ഈ സംഭവത്തെക്കുറിച്ച് മാഷിനോട് ചോദിച്ചപ്പോൾ വളരെ അലസമായി നേർത്ത പുഞ്ചിരിയോടെയുള്ള മറുപടി ഇതായിരുന്നു. “ഈ കരുണാകരന്റെ പൊലീസും പടിക്കലും പുലിക്കോടനുമെല്ലാം പമ്പര വിഡ്ഢികകളല്ലേ. കോടതി ഉത്തരവു വന്ന ഉടനെ തന്നെ സാക്ഷികളെയെല്ലാം ബലം പ്രയോഗിച്ച് മാറ്റാമായിരുന്നു. അതുമല്ലെങ്കിൽ എറണാകുളത്തേക്കുള്ള യാത്രാവഴിയിൽ മലപ്പുറത്തോ മറ്റോ വച്ച് എല്ലാത്തിനേയും തൂക്കിയെടുത്ത് കക്കയം ക്യാമ്പിൽ കൊണ്ടു പോയി ഉരുട്ടുമായിരുന്നു. ലീഡർക്ക് ഗുരുവായൂരപ്പൻ ആ ബുദ്ധി തെളിച്ചില്ല.”
ഭരണകൂടത്തോട് എതിരിട്ട്, സർഗാത്മകമായ ജീവിക്കുമ്പോഴും ബുദ്ധിജീവി ജാഡകളൊന്നുമില്ലാതെ തോളത്തു കൈയ്യിട്ട് എറണാകുളത്തമ്പലത്തിന ടുത്തുള്ള രത്ന ഹോട്ടലിൽ നിന്ന് പപ്പടവടയും ചായയും വാങ്ങിത്തരും. ചേർത്തുപിടിച്ച്,കരുതലോടെ, കരുത്ത് പകർന്ന് ജീവിതാനുഭവ പാഠം പകർന്ന് മാഷ് നടക്കും.
ക്ലാസ് മുറികളിലെ മാറാല പിടിച്ച കാലഹരണപ്പെട്ട അബന്ധപഞ്ചാംഗത്തേക്കാൾ മികച്ച ചൈതന്യവത്തായ ജീവിത ഗന്ധമുള്ള അനവധി പാഠങ്ങൾ ഞങ്ങൾക്ക് പകർന്നു തന്നു. മദ്യപിക്കും. കുഞ്ഞുണ്ണി മാഷിനെ “A” പടം കാണിക്കുവാൻ കൊണ്ടുപോയി പനിപിടിപ്പിച്ചു. ക്ലാസ്സ് എടുക്കാതെ മുങ്ങും. ഇതൊക്കെ വെറും നേരമ്പോക്ക്. ചാപ്ലിന്റെ വിടവാങ്ങൽ ദിനത്തിന് രണ്ട് ദിവസം മുൻപുള്ള ഈറനണിഞ്ഞ ഒരു ശനിയാഴ്ചയാണ് സി.ആറിന്റെ വിടവാങ്ങൽ എന്നത് തികച്ചും യാദൃശ്ചികം. ഊരു തെണ്ടിയായ ചാപ്ലിൻ അരിപ്പത്തിരി പുഞ്ചിരി വിതറി മുറിമീശയും അയഞ്ഞ കാൽസറായിയും വലിയ ഷൂസും വളഞ്ഞവടിയും വട്ടത്തൊപ്പിയുമായി അദൃശ്യനായി ഇത് കാണുന്നുണ്ടാവും.
ചാൾസ് ചാപ്ലിൻ പറഞ്ഞതുപോലെ ഉറ്റവരുടെ കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടിക്കൊണ്ട് നാലും കൂട്ടിമുറുക്കിത്തുപ്പി സഞ്ജയന്റേയും തോലന്റേയും നമ്പ്യാരടേയും ചാപ്ലിന്റേയും ആന്റണി ക്വിന്നിന്റേയും തുറവൂർ വിശ്വംഭരൻ മാഷിന്റേയും സിദ്ദിഖിന്റേയും നായനാരുടേയും തിലകന്റേയും ചിദംബരൻ മാഷിന്റേയും ബേപ്പൂർ സുൽത്താന്റേയും നാണ്വാരുടേയും സി. അയ്യപ്പന്റേയും വിക്ടർ ലീനസിന്റേയും ഭരത – പവികളുടേയും ശങ്കരൻ കുട്ടിയുടേയും അരവിന്ദന്റേയും എൻ.എൻ പിള്ളയുടേയും മരണത്തിന്റെ തിമിര ഗൃഹത്തിലേക്ക് ഒറ്റമുണ്ട് മാടിക്കുത്തി ഒഴിഞ്ഞ കുപ്പായ കീശമായി വാസനച്ചുണ്ണാമ്പും കിളിവാലൻ വെറ്റിലയും കളിയടക്കയും വടക്കൻ പൊകലയും അടങ്ങിയ നിധിപേടകവും പരിപ്പുവടയും ‘അസാധു’വിന്റേയും പൊടി പിടിച്ച വർണ്ണ രഹിതമായ പഴയ ചിതൽ ചുംബിച്ച കോപ്പികളുമായി കരയുവാൻ മാത്രമറിയുന്ന ഞങ്ങളെ വിട്ട് വാട്ടറി പ്ലാനറ്റിൽ നിന്ന് ലോൺലി പ്ലാനറ്റിലേക്ക് പാസ്പോർട്ടും എമിഗ്രേഷൻ ബോറടികളുമില്ലാതെ യാത്രയായി. Never born, never die. Just visit this planet… പുനരപി ജനനം പുനരപി മരണം ജഠരേ ശയനം.
മാഷില്ലാത്ത, ശൂന്യമായ, ഒഴിഞ്ഞ, അടക്കിയ വിതുമ്പലുകൾ മാത്രമുള്ള ‘തിരുനക്കര’ വീട്ടിലേക്ക് ഇനി എങ്ങനെ പോകും?