1.
ഞങ്ങള്‍ സ്വതന്ത്രരാണെന്ന് വേണമെങ്കില്‍ വാദിക്കാം. ഇവിടെ മനുഷ്യരില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. പണ്ട് അങ്ങനെയായിരുന്നില്ല. ഈ തെരുവില്‍ നിരവധി മനുഷ്യര്‍ ഉണ്ടായിരുന്നു. അവര്‍ പച്ചക്കറിയും മാംസവും വാങ്ങുകയും ചെയ്യുമായിരുന്നു. പറങ്കി മാങ്ങ വില്‍ക്കാന്‍ ഒരു തടിച്ച വയസ്സന്‍ വരാറുണ്ടായിരുന്നു. മനുഷ്യര്‍ക്ക് വംശനാശം സംഭവിക്കുമെന്ന് ഞങ്ങള്‍ അന്ന് കരുതിയിരുന്നില്ല. എന്നാല്‍ അങ്ങനെ ഒന്നുണ്ടാകും എന്നത് സത്യമാണ്. ആളില്ലാത്ത ആ തെരുവില്‍ മനുഷ്യനോ മൃഗങ്ങളോ അവശേഷിക്കുന്നില്ല.
2.
നെറ്റ്ഫ്ലിക്സില്‍ ‘ലസ്റ്റ് സ്റ്റോറീസ്’ കണ്ട അന്നുരാതി ഞാന്‍ സീരീസ് ആതിരക്ക് സജസ്റ്റ് ചെയ്തു. ആളൊഴിഞ്ഞ ഈ നഗരത്തില്‍ ഞങ്ങള്‍ മൂന്നുപേര്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതാണ് ഒരാശ്വാസം. മറ്റാരെയും ഞങ്ങള്‍ കാണുന്നില്ല. വംശനാശം സംഭവിച്ചവരുടെ നഗരങ്ങള്‍ ലോകമെമ്പാടും രൂപം കൊള്ളുന്നുണ്ട്. മനുഷ്യര്‍ എവിടേക്ക് പോകുന്നുവെന്ന ധാരണയില്ലാതായിരിക്കുന്നു.
എട്ടുമണിക്ക് ഞങ്ങള്‍ ചാറ്റ് റൂമിന് വെളിയില്‍ ഒരു പൂച്ചയെ കണ്ടെത്തി. ഒരു പൂച്ചയെ കണ്ടെത്തി എന്നാല്‍ മറ്റനേകം കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് എന്നുകൂടി അര്‍ത്ഥമുണ്ട്.
ആകെയുള്ള ഒരു വിനോദം ക്യാമറയാണ്. ക്യാമറ കൊണ്ട് ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുക .അസാധാരണമായ കാഴ്ചകള്‍ മറ്റെവിടെയോ ഉള്ള ആളുകളെ വിസ്മയപ്പെടുത്തുമെന്നത് സത്യമാണ്.
3.
സായന്തന്‍ ഘോഷ് എന്ന ബംഗാളി നര്‍ത്തകന്‍ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഒച്ച നിലയ്ക്കാത്ത ഒരു പ്രവാഹമായി മാറിയിട്ടുണ്ട്. എക്കോ എവിടെയൊക്കെയോ ആവര്‍ത്തിക്കുന്നു. ഘോഷിന്റെ പൂച്ച ടെറസ്സിനു മുകളില്‍ കയറി ആകാശത്തേക്ക് നോക്കുകയും കരയുകയും ചെയ്യുന്നു.
ആതിരയുടെ ഫോട്ടോ ഷൂട്ടുകള്‍ മിക്കതും പ്ലാന്‍ ചെയ്തത് ഈ കെട്ടിടത്തിന്റെ മുകളില്‍ വെച്ചാണ്. സായന്തന്‍ പാടുകയും ഗുരു കേളു ചരണ്‍ മഹാപാത്രയുടെ ശിഷ്യന്‍ എന്ന ധൈര്യത്തില്‍ അനായാസമായി നൃത്തം ചെയ്യുകയും ചെയ്തു. പക്ഷേ, എവിടെയാണയാള്‍?
ഇപ്പോഴും ആളുകളുള്ള അനേകം നഗരങ്ങളില്‍ വെര്‍ച്വല്‍ ലോകത്ത് ഞങ്ങളുടെ നഗരത്തെപ്പറ്റി സംസാരം നടക്കുന്നുണ്ട്. അവര്‍ ഈ നഗരത്തില്‍ ജീവിച്ചിരുന്നവരുടെ സ്വഭാവ സവിശേഷതകളെ പഠിക്കുന്നുണ്ട്.
ശൂന്യമായ ഇതിന്റെ കോണുകളില്‍ പൂച്ചകളെ കാണാറുണ്ട്. പക്ഷേ അവ തടിച്ചു കൊഴുത്തതിന്റെ കാരണം മനസ്സിലാകുന്നില്ല.
4.
രാധികാ ആപ്തേയുടെ കലങ്ങിയ കണ്ണുകളും വിട്ടുമാറാത്ത മൈഗ്രൈനും എന്നെ ടെറസ്സിന്റെ മുകളില്‍ കൊണ്ട് ചെന്നെത്തിച്ചു. ഈ ടെറസും ഞാനും തമ്മിലുള്ള ഉടമ്പടി ഒരു രഹസ്യത്തിന്റേതാണ്.
ഇപ്പോള്‍ അയയില്‍ വിരിച്ചിരിക്കുന്ന തുണി കാറ്റില്‍ സ്വതന്ത്രമായി പറക്കാന്‍ ശ്രമിക്കുന്നതൊഴിച്ചാല്‍ മറ്റൊന്നും അവിടെയില്ല. ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷനിലെ ഒരു ചെറിയ നീല ബിന്ദു ദാ, താനിവിടെയാണ് എന്നു സൂചിപ്പിക്കുന്നു.
നീലയ്ക്ക് അസാധാരണമായ ഒരു കൗതുകമുണ്ട്. ബോണക്കാട്ടിലെ തേയില തോട്ടങ്ങള്‍ക്കിടയില്‍ മാരി എന്ന പകുതി തമിഴും പകുതി മലയാളവും പറയുന്ന സ്ത്രീ തന്റെ നെറ്റിയില്‍ തൊട്ട പൊട്ട് ചുവപ്പായിരുന്നില്ലല്ലോ. ഞാനതവരോട് ചോദിക്കുമ്പോള്‍ അവരുടെ പെണ്‍കുട്ടികള്‍ ചുറ്റുപാടും വളര്‍ന്നു നിന്ന കാട്ടു ചെടികളില്‍ നിന്നും പൂവുകള്‍ പൊട്ടിച്ചെടുത്ത് നെറ്റിയില്‍ പതിച്ചു. എന്റെ നെറ്റിമേല്‍ ഒരാകാശമുണ്ടെന്ന് ആ സ്ത്രീയെന്നെ ഓര്‍മിപ്പിച്ചു.
എത്രയോ കാലങ്ങള്‍ക്ക് ശേഷം ബോണക്കാട്ടിലെ പഴയ തേയില ഫാക്ടറിയുടെ അരികിലൂടെ നടക്കുമ്പോള്‍ മാരിയെ ഞാന്‍ തിരഞ്ഞെങ്കിലും കണ്ടില്ല. ഉയരെ നില്‍ക്കുന്ന നീല ആകാശവും പൊന്തയില്‍ പൂത്തു നില്‍ക്കുന്ന ചെടികളായും ഞാന്‍ അവരേയും അവരുടെ പെണ്‍കുട്ടികളെയും കണ്ടു.
മാരിയെ ഞാന്‍ എപ്പോഴും കാണുന്നുണ്ട് എന്റെ, മുകളില്‍ പരന്ന ആകാശം. ടെറസ്സിന് മുകളിലെ നിഗൂഡമായ ഈ ആനന്ദം കണ്ടുകൊണ്ട് കിടക്കുകയാണ്.
നഗരം ശൂന്യമാണ്.
5.
ഘോഷിന്റെ വീട്ടിലെ ടിവി എന്നെ സംബന്ധിച്ച് ഭയത്തെ നിര്‍മ്മിക്കുന്നുണ്ട്. ഏതോ കാലത്ത് കൊമ്പുകളുള്ള ഒരു മനുഷ്യന്‍. അയാളുടെ പേര് ഡേവിഡ് വിറ്റ് ബ്രഡ് എന്നാണ് കെട്ടിടങ്ങളില്‍ ടെലിവിഷനുകളില്‍ അയാള്‍ ഒളിഞ്ഞിരിക്കുന്നു. ഇത്തരം സാധനങ്ങള്‍ നഗരത്തില്‍ പാടില്ല എന്നുപറഞ്ഞ പുരോഹിതന്മാരും രഹസ്യമായി ടെലിവിഷന്‍ ആസ്വദിക്കുന്നു.
താനൊരു പരസ്യ മോഡല്‍ ആണെന്നറിയാമായിരുന്നിട്ടും ഞങ്ങളുടെ തെരുവിലെ ഏതോ കെട്ടിടത്തില്‍ അയാള്‍ ഒളിഞ്ഞിരിക്കുകയും വീണ്ടും പരസ്യങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്നു. ആളുകള്‍ അങ്ങനെയാണ് ഉറങ്ങാതെയായത്.
6.
ഒരിക്കല്‍ രണ്ടു കള്ളന്മാര്‍ തങ്ങളുടെ മോഷണ രീതികള്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചത് ചെകുത്താനെയും ഒനിഡ ടെലിവിഷനേയും ഭയന്നിട്ടാണ് എന്നൊരു വാര്‍ത്ത തന്നെയുണ്ടായി. ഡേവിഡ് കെട്ടിടങ്ങളുടെ ഇടയില്‍ സ്വതന്ത്രനായിരുന്നു. പക്ഷേ, അയാള്‍ക്കൊരു ടെലിവിഷന്‍ സ്വന്തമായുണ്ടായിരുന്നില്ല. പക്ഷേ, പരസ്യ നിര്‍മ്മാണ കമ്പനി അയാളെ നിങ്ങളൊരു ചെകുത്താനാണ് എന്നുതന്നെ ബോധ്യപ്പെടുത്തിയതിനാല്‍ പുറത്തിറങ്ങല്‍ അസാധ്യമായിരുന്നു. പൂച്ചകളെ വളര്‍ത്താന്‍ ഡേവിഡിന് പ്രത്യേക കഴിവുണ്ടായിരുന്നു. അതുകൊണ്ട് മാര്‍ക്കറ്റിലും വീട്ടിലും ഊടുവഴികളിലും നിറയെ കറുത്ത പൂച്ചകള്‍ നിറഞ്ഞു.
കറുപ്പിനെ ഭയപ്പെടുക എന്നത് ഞങ്ങളുടെ സങ്കല്‍പ്പങ്ങളിൽപ്പെട്ടതായിരുന്നല്ലോ.
7.
മഞ്ഞ ടാക്സിയില്‍ യേശുദാസിന്റെ എണ്‍പതുകളിലെ പാട്ടും കേട്ട് ഓവര്‍ ബ്രിഡ്ജ് വഴി വണ്ടിയോടിക്കുന്ന ജോര്‍ജ്ജ് അവന്റെ ചാച്ചനോട് നഗരത്തില്‍ മഴപെയ്യാന്‍ പോകുന്നെന്നു പറയാന്‍ പോകുകയാണ്. പക്ഷെ ചാച്ചന്‍ എവിടെയോ മറഞ്ഞിരിക്കുന്നു.
ഞാനും അവനും ആതിരയും തേടുന്നത് ഒരു മനുഷ്യനെയാണ്. എന്നെങ്കിലും ഒരിക്കല്‍ ഈ നഗരത്തില്‍ നിന്നും ആളുകള്‍ മറയുമ്പോള്‍ അയാളിവിടെ വരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
നാലുമണിക്ക് ശേഷം നേരം ഇരുളാന്‍ തുടങ്ങുമ്പോള്‍ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനില്‍ പ്രത്യേക്ഷപ്പെടുന്ന ഒനിഡയിലെ കൊമ്പുള്ള ചെകുത്താന്‍ പുറത്തേക്കിറങ്ങുന്നു. അപ്പോള്‍ കാക്കകള്‍ അലൂമിനിയം ആന്റിനകളില്‍ കയറിയിരുന്നു കരഞ്ഞു.
ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ അയാളെപ്പറ്റി പിന്നീടുവന്ന വാര്‍ത്തകള്‍ കേള്‍ക്കാം ഏതോ നഗരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന പഴയ ചെകുത്താന്‍.
ഡേവിഡ് വിറ്റ്ബ്രെഡ്
8.
ലോകം ഒരു വലിയ വിപണിയാണ്. ഞങ്ങളുടെ കെട്ടിടങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം എകാന്തതയുടെ കൂടിയാണ്. മറ്റൊന്നും ചെയ്യാനില്ല. വംശനാശം എന്ന ഒറ്റപ്പദം കൊണ്ട് തീര്‍പ്പാക്കാവുന്നതാണോ എന്നറിയില്ല. പക്ഷേ, വംശനാശം ഉണ്ടാകുന്നുണ്ട്.
മനുഷ്യരുടെ ഒരു മ്യൂസിയം ഉണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. മനുഷ്യര്‍ക്ക് മനുഷ്യരുടെ പ്രദര്‍ശനം ഇഷ്ടമാണ്.
ലൈംഗിക പ്രദര്‍ശനത്തിനുള്ള ഒരു നാടകശാല വേണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. അവര്‍ നിരാകരിച്ചു.
മനുഷ്യര്‍ക്ക് മനുഷ്യനെ അറിയാന്‍ ആര്‍ത്തിയാണ്. ഒടുവില്‍ ഈ നഗരത്തില്‍ ഞങ്ങള്‍ മാത്രം അവസാനിച്ചു എന്ന ബോധ്യം വന്നപ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ ശരീരത്തെ പ്രദര്‍ശിപ്പിക്കാന്‍ പോകുകയാണ്. വണ്‍ മില്ല്യൺ കാഴ്ചക്കാരുള്ള ഒരു വീഡിയോ സീരീസായി മാറുകയാണ് ലക്ഷ്യം. പക്ഷേ, ശ്രദ്ധിക്കുക ഇവിടെ മനുഷ്യരില്ല. അവര്‍ എവിടെയോ ഒളിഞ്ഞിരിക്കുകയാണ്. അവര്‍ നടക്കാറില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഒരുപക്ഷേ, കമ്പനികള്‍ ആ രൂപത്തില്‍ ഭക്ഷണം നല്‍കുന്നുണ്ടാകാം.
ഡേറ്റ നിലയ്ക്കാതെ ഒഴുകുന്നുണ്ട്. മനുഷ്യര്‍ അതിനുള്ളില്‍ രഹസ്യമായി ചുറ്റിത്തിരിയുന്നുണ്ട്. ഈ നഗരത്തില്‍ കെണി വെച്ച് മനുഷ്യനെ പിടിച്ച് ഇണക്കി വളര്‍ത്താന്‍ ശ്രമിക്കാം എന്നൊരു ആശയം തോന്നിയിരുന്നു. അതുനടക്കുമോ കാത്തിരുന്ന് കാണണം.
ഒരു രാത്രി വെച്ച കെണിയിലാണ് ഡേവിഡ് വിറ്റ് ബ്രഡ് കുടുങ്ങിയത്. തെരുവില്‍ അലയുന്ന ഒരു പരസ്യ മോഡലിനെ കെണിയില്‍ വീഴ്ത്തിയത് ഞങ്ങളെ സംബന്ധിച്ച് സന്തോഷമാണ്.
9.
ഡേവിഡ് വിറ്റ് ബ്രഡ് എന്ന കൊമ്പുള്ള പഴയ ടെലിവിഷന്‍ പരസ്യമോഡല്‍ കെണിയില്‍ വീണെന്ന് ജോര്‍ജ്ജ് അറിഞ്ഞതും അയാളെ കണ്ടതും അവന് അല്‍പ്പം അസൂയ ഉണ്ടാക്കാതിരുന്നില്ല. ആതിരയും ചെകുത്താനും തമ്മില്‍ ഉണ്ടാകാന്‍ പോകുന്ന ഉടമ്പടികള്‍ പ്രവചനാതീതമാണല്ലോ.
കെട്ടിടങ്ങള്‍ മാത്രമുള്ള മനുഷ്യര്‍ക്ക് വംശനാശം വന്ന ആ സ്ഥലത്ത് അയാള്‍ ചെകുത്താന്റെ വേഷം ധരിക്കണം. ഞാനത് നിരന്തരം പകര്‍ത്തും. ജോര്‍ജിനും ആതിരക്കും അവരുടെ പ്രേമം തുടരാം.
ഞങ്ങള്‍ സ്വതന്ത്രരാണ്. എന്നാൽ, ഡേവിഡ് എപ്പോഴും ഒരു കയറാല്‍ ബന്ധിക്കപ്പെട്ടിരിക്കും.
കറുത്ത പൂച്ചകള്‍ അപ്പാര്‍ട്ട്മെന്റുകളില്‍നിന്നും താഴേക്ക് ഓടുന്നതും ആതിരയും ജോര്‍ജും ബന്ധപ്പെടുന്നതും ചെകുത്താന്‍ ജനാലയില്‍ കയറിയിരിക്കുന്നതും പകര്‍ത്തി.
സജീവമായ നഗരങ്ങളിലുള്ളവര്‍ അതുകണ്ട് അന്തം വിട്ടിരിക്കണം. അതുവരെ അങ്ങനെയൊരു സീരീസ് അവര്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ടാകില്ല.
പ്രേമവും രതിയും നിശബ്ദമായ ഒരു നഗരത്തിന്റെ സാധ്യതയാണ്. പഴയ മോഡല്‍ ഡേവിഡ് പൂച്ചകളുമായി സന്തോഷത്തിലിരിക്കുന്നു.
അസാധാരണമായ ഒരനുഭവത്തോടെ ഞാനിത് അവസാനിപ്പിക്കുകയാണ്. ഇന്നലെ മുതല്‍ അവരെ ആരെയും കാണാനില്ല. എന്റെ ക്യാമറയുമായി ചുറ്റിത്തിരിഞ്ഞിട്ടും അവരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. പൂച്ചകളുടെ എണ്ണം കൂടുകയാണ്. വല്ലാതെ അതുപെരുകി, പെരുകി ജനാലയിലൂടെ ഉറക്കെ നിലവിളിച്ചു കൊണ്ടിരിക്കുന്നു.
പഴയ ഒരു ടെലിവിഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യരാരുമില്ല. നിറയെ പൂച്ചകളാണ്. അവ മാത്രം.