ചിത്രപ്പണികളുള്ള തേക്കുകട്ടിലിൽ ധ്യാനത്തിലെന്നോണം അയാൾ നീണ്ടുനിവർന്നുകിടന്നു. ആറരയടിയിലധികം ഉയരമുണ്ട്. അയഞ്ഞ ഉടുപ്പിനടിയിലെ ശരീരമെന്ന പോലെ ചർമ്മത്തിനടിയിൽ അസ്ഥി മാത്രമായ കൈകൾ. കാലുകൾ കട്ടിലിനുപുറത്തേക്കു തള്ളിനിൽക്കുന്നു. പേരിനുമാത്രമേ ശ്വാസമെടുക്കുന്നുണ്ടായിരുന്നുള്ളൂ. തൊണ്ടയിലെ മുഴ തെളിഞ്ഞു കാണുന്നുണ്ട്. കുറ്റിത്തലമുടി. ചെറിയ നെറ്റി. നീളൻ മുഖം. ചെറിയ മൂക്ക്. രൂപത്തിലെന്തോ പൊരുത്തക്കേടുണ്ട്. നിർമാണത്തിനിടെ മയങ്ങിപ്പോയ ശിൽപ്പി ഉണർന്നപ്പോൾ ജോലിത്തുടർച്ച കിട്ടാതെ വന്ന് ഒരുവിധത്തിൽ ഒപ്പിച്ചൊഴിഞ്ഞ ശിൽപ്പം പോലെ.
ആത്മാരാമന്റെ തലയ്ക്കുള്ളിൽ അവ്യക്തമായ ഒരു ലഹരി ഒളിച്ചുകളിക്കുന്നുണ്ട്. സുഖകരമായ ആലസ്യം. മനോഹരമായ സ്വപ്നങ്ങൾ. ഏറെക്കാലത്തിനുശേഷ മാണ് ഇത്രയും സമാധാനമായി നടുനിവർക്കാൻ അയാൾക്കു കഴിഞ്ഞത്. ഈ അവസ്ഥ അവസാനിക്കാതിരുന്നെങ്കിൽ എന്ന് അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. ഉറക്കത്തിനും മയക്കത്തിനുമിടയിലെ അവസാന നിമിഷങ്ങൾ എത്ര മനോഹരമാണ്!
അപ്പോഴാണ് അകലെനിന്നും കാലടി ശബ്ദം കേട്ടത്. കൺപോളകൾ വലിച്ചുതുറക്കാൻ നല്ല ആയാസമുണ്ടായിരുന്നു അയാൾക്ക്. നന്നായി പ്രകാശസംവിധാനം ചെയ്ത ഒരു കൂറ്റൻ ഹാളിലാണ് അയാൾ കിടക്കുന്നത്, അല്ല അയാളെ കിടത്തിയിരിക്കുന്നത്. നല്ല തണുപ്പ്. വെളുത്ത നിറമുള്ള ചുമരുകൾ, ദീപാവലിക്കെന്നോണം നിരത്തിയ വിളക്കുകൾ പ്രകാശിക്കുന്ന മച്ച്. ഇടയ്ക്ക് ചിത്രങ്ങൾ വെച്ചിട്ടുണ്ട്, വളരെ പ്രസാദാത്മകമായ പെയിന്റിംഗുകൾ. എവിടെയോ പൈപ്പ് തുറന്നിട്ടിരിക്കുന്ന പോലെ തുള്ളിത്തുള്ളിയായി വെള്ളം പതിക്കുന്ന ശബ്ദം.
എഴുന്നേൽക്കണമെന്ന് അയാൾക്ക് തോന്നി. നീളൻ കൈയുകൾ കട്ടിലിലമർത്തി മെല്ലെ ഉയരാൻ ശ്രമിച്ചപ്പോഴാണ് അയാൾക്ക് മനസ്സിലായത്, തന്റെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചിരിക്കയാണെന്ന്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അസ്വസ്ഥനായ ആത്മാരാമൻ കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചുനോക്കി. തനിക്ക് ഭ്രാന്ത് വന്നതിനെത്തുടർന്ന് കെട്ടിയിട്ടതാണോ? അയാൾ സംശയിച്ചു. അപ്പോഴേയ്ക്കും കാലടിശബ്ദം അദ്ദേഹത്തിനു മുന്നിലെത്തി. അത് കാൽച്ചുവട്ടിലെത്തിയപ്പോഴാണ് കണ്ണടവെച്ച ഒരു യുവാവിന്റെ മുഖം മിന്നി മറഞ്ഞത്. അയാൾ നേരെ അടുത്തുവന്നു, വലത്തുവശത്ത് കസേര നീക്കിയിട്ട് ചാരിയിരുന്നു. കയ്യിലുണ്ടായിരുന്ന ഫ്ലാസ്കും പൊതികളും അയാൾ അടുത്തുണ്ടായിരുന്ന മേശപ്പുറത്തുവച്ചു.
“ഹലോ, മി. ആത്മാരാമൻ. ക്ഷമിക്കണം, നമുക്ക് നേരത്തേ പരിചയപ്പെടാനായില്ല. ആം ജോബ് അലക്സാണ്ടർ. നിങ്ങളുടെ ഒരു അഭ്യുദയകാംക്ഷിയാണ്. എ ജെനുവിൻ വെൽ വിഷർ…” ന്യൂജനറേഷൻ കച്ചവടസ്ഥാപനങ്ങളിലെ സെയിൽസ്മൻമാരെപ്പോലെ ആകർഷകമായി സംസാരിക്കുന്ന സുമുഖൻ. നീണ്ട നാസിക, കൂട്ടുപുരികങ്ങൾ. കട്ടിമീശ. അതീവ ശ്രദ്ധയോടെ വേഷം ധരിച്ചിട്ടുണ്ട്. ഫുൾ സ്ലീവ്. ചുവപ്പിൽ സ്വർണവരകളുള്ള ടൈ. മാന്യതയുടെ ആൾരൂപം പോലെ. ആഴമുള്ള ശബ്ദമാണ്, പക്ഷേ ഒച്ച താഴ്ത്തി, നിർത്തി നിർത്തിയാണ് സംസാരം.
സംസാരിക്കാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ആത്മാരാമന് പിടിച്ചുനിൽക്കാനായില്ല. “ചോദിക്കുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്. എനിക്കെന്താണ് പ്രശ്നം? എന്നെയെന്തിനാണ് ഇവിടേക്ക് കൊണ്ടുവന്നത്? ഇത് ഭ്രാന്താശുപത്രിയാണോ? അങ്ങ് ഡോക്ടറാണോ? അതോ, ഞാനെന്തെങ്കി ലും കടുംകൈ ചെയ്തതിനുള്ള ശിക്ഷയാണോ?” സംസാരിച്ചതിന്റെ ആയാസത്തി ൽ അയാൾ കിതച്ചു, ചുമച്ചു.
ആഗതൻ അയാളുടെ അടുത്തേയ്ക്ക് കസേര നീക്കിയിട്ടു. “മി. ആത്മാരാമൻ, പ്ലീസ്. താങ്കൾ വളരെ ക്ഷീണിതനാണ്. വളരെ കുറച്ചു സമയം ബോധത്തോടെ ഇരിക്കാനുള്ള ശേഷിയേ താങ്കൾക്കുള്ളൂ. അതുകൊണ്ട് ഊർജം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം.. ഇനി താങ്കൾ ഉന്നയിച്ച ചോദ്യങ്ങൾ. അങ്ങ് എന്റെ ഫാം ഹൗസിലാണുള്ളത്. സ്ഥലം മൂന്നാർ. താങ്കൾക്ക് ഭ്രാന്തുണ്ട്, ഈ ലോകത്തിലെ മറ്റുള്ള എല്ലാവരെയും പോലെ. എണ്ണൂറുകോടി രോഗികളുള്ള മനോരോഗാശുപത്രി! അവരെ ചികിത്സിക്കാൻ എനിക്കെന്നല്ല, ആർക്കും കഴിയില്ല. ഇവിടെ കൊണ്ടുവന്നത് താങ്കളെ സഹായിക്കാനാണ്. അങ്ങയുടെ യഥാർത്ഥവും ഉണ്ടെന്ന് തോന്നുന്നതുമായ ദുഃഖങ്ങളെല്ലാം ഇന്നവസാനിക്കും.”
ജോബ് പത്രം മടക്കിവെച്ച് എഴുന്നേറ്റു. മേശപ്പുറത്തുനിന്നും ഫ്ലാസ്കെടുത്ത് ഒരു കവിൾ വെള്ളം കുടിച്ചു. പെട്ടെന്നാണ് ആത്മാരാമന് ബോധമുണ്ടായത്. ചുണ്ട് നനയ്ക്കാൻ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിലെന്ന്. ഇരക്കുന്നതിലെ സങ്കോചത്തോടെ പരിക്ഷീണമായി അയാൾ വിളിച്ചു, “സാർ, ഒരിറക്കുവെള്ളം…” ഒന്നും പറയാതെ ജോബ് ഫ്ലാസ്കിന്റെ അടപ്പിൽ കുറച്ചുവെള്ളമെടുത്തു. സർജിക്കൽ കൈയുറ ധരിച്ച് പഞ്ഞിയിൽ വെള്ളം മുക്കി അയാൾ ആത്മാരാമന്റെ ചുണ്ടിൽ തുടച്ചു. പിന്നെ പഞ്ഞി മാലിന്യക്കുട്ടയിലുപേക്ഷിച്ചു. ചുണ്ടിൽ ഈർപ്പം തട്ടിയതോടെ അയാൾക്ക് ദാഹം കൂടി. ദയനീയമായ നോട്ടത്തോടെ അയാൾ പിന്നെയും വിളിച്ചു, “സാർ…”
യുവാവ് അൽപ്പം അക്ഷമനായതുപോലെ തോന്നി. “നിങ്ങൾക്ക് ദ്രോഹം വരുത്തുന്ന യാതൊന്നും ഞാൻ ചെയ്യില്ല എന്നു മി. ആത്മാരാമൻ വിശ്വസിക്കണം. ഒരു ഇടപാട് ഭംഗിയായി നടക്കണമെങ്കിൽ ക്ലയന്റിനും ഉത്തരവാദിത്തം വേണം. എന്റെ ഭാഗത്തും തെറ്റുണ്ട്,” കിടക്കയിൽ വന്നിരുന്നുകൊണ്ട് ജോബ് പറഞ്ഞു.
“കാര്യങ്ങൾ വ്യക്തമാക്കിത്തരാം. താങ്കൾ മരണത്തിൽ നിന്നും പരമാവധി രണ്ടു മണിക്കൂർ മാത്രം അകലെയാണ്.” അയാൾ പറഞ്ഞുനിർത്തുമ്പോൾ അകാരണമായ ഒരു ഭയം മനസ്സിൽ വന്നു നിറയുന്നത് ആത്മാരാമനറിഞ്ഞു. അടിവയറ്റിൽ ഒരു അസ്വസ്ഥത. ആദ്യമായി ജയന്റ് വീലിൽ കയറിയപ്പോൾ തോന്നിയ പോലെ. മൂന്നുസെക്കന്റ് ഇടവേളയിൽ ബക്കറ്റിൽ പതിക്കുന്ന ജലത്തുള്ളിയുടെ ശബ്ദം ഉച്ചത്തിലാവും പോലെ അയാൾക്കുതോന്നി. ‘ഒന്ന്, രണ്ട്, മൂന്ന്…’ അയാൾ മനസ്സിലെണ്ണാൻ തുടങ്ങി.
“വെൽ, വെൽ മി. ആത്മാരാമൻ,” സാന്ത്വനിപ്പിക്കുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു. “താങ്കൾ കേൾക്കുന്നത് രക്തത്തുള്ളികൾ വീഴുന്ന ശബ്ദമാണ്. നാല് മണിക്കൂറുകൾക്കുമുമ്പ് താങ്കളുടെ കഴുത്തിന്റെ ഇടത്തുഭാഗത്ത് ചെറിയൊരു മുറിവുണ്ടാക്കിയിട്ടുണ്ട്. ഇനി കഷ്ടിച്ച് രണ്ടുമണിക്കൂറിനുള്ളിൽ അവസാനതുള്ളി രക്തവും ഒഴുകിപ്പോവും. ഹൃദയവും മറ്റവയവങ്ങളും നിശ്ചലമാവാനും അവസാന വിസിൽ മുഴങ്ങാനും തലച്ചോറിലെ വിളക്കുകൾ മുഴുവനണഞ്ഞ് പുതിയ നാടകത്തിന് അരങ്ങൊരുങ്ങാനും ഇനി അധികം നേരമില്ല. വെറുതെ വെള്ളമൊക്കെ കുടിച്ച് അനിവാര്യതയെ വൈകിപ്പിക്കണോ? ബീ എ ഗുഡ് ബോയ്. എൻജോയ്! ഉള്ള സമയം പൂർണമായും പ്രയോജനപ്പെടുത്തൂ!”
ആത്മാരാമന് ചിരിക്കാനാണ് തോന്നിയത്. പക്ഷേ, ചില കാറ്റുശബ്ദങ്ങൾ മാത്രമേ പുറത്തുവന്നുള്ളൂ. ‘എൻജോയ്!’ അൽപ്പമകലെയുള്ള അലമാരിയിൽ എന്തോ തിരയുകയായിരുന്ന യുവാവ് ഒരു തടിയൻ രജിസ്റ്ററുമായി കട്ടിലിനരികിലേക്കു വന്നു. ആത്മാരാമന്റെ ചിരി അയാളെ അത്ഭുതപ്പെടുത്തി.
“സത്യം പറയണമല്ലോ. എനിക്ക് താങ്കളെ ഇഷ്ടമായി. മരിക്കാൻ ഇനി സമയം അധികമില്ല എന്നു പറഞ്ഞപ്പോൾ അലറിക്കരഞ്ഞവരും പൊട്ടിത്തെറിച്ചവരും മനുഷ്യകുലത്തെത്തന്നെ വെറുത്തുപോവും വിധം കാലുപിടിച്ചവരുമായിരുന്നു ഏതാണ്ടെല്ലാവരും. താങ്കൾ വ്യത്യസ്തനാണ്. ധീരനാണ്.”
അയാൾ മെല്ലെ കുനിഞ്ഞ് അയാളുടെ നെറ്റിയിൽ ചുംബിച്ചു. ആത്മാരാമന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി അയാൾ പറഞ്ഞു, “എന്തായാലും ഇനി അധികം സമയം ബാക്കിയില്ല. താങ്കളുടെ കഥയൊന്നു പറയാമോ? പറ്റുംപോലെ പതുക്കെപ്പറഞ്ഞാൽ മതി. ഇവിടെ ഇതു പതിവുള്ളതാണ്. ഈ ലെഡ്ജറിൽ രേഖപ്പെടുത്തി വെക്കും. അല്ലാ, എന്തിനാണ് താങ്കൾ ചിരിച്ചത്?”
നാക്കുനീട്ടി നാവുനനച്ച് ആത്മാരാമൻ പറഞ്ഞു, “ആരായാലും ചിരിച്ചു പോവില്ലേ? പൂർണാരോഗ്യവാനായിരുന്നപ്പോൾ ജീവിതം ആസ്വദിക്കാനായിട്ടില്ല. എന്റെ സ്വപ്നത്തിൽ പോലും! ഈ 36ാ-ം വയസ്സുവരെ ഓട്ടമായിരുന്നു, പോരാട്ടമായിരുന്നു. ഒരുനിമിഷം പോലും സ്വൈരമില്ലാതെ. എന്നിട്ടും നിങ്ങൾ പറയുന്നു എൻജോയ് ചെയ്യാൻ.” അയാൾ വീണ്ടും ചിരിച്ചു.
“പക്ഷേ, പ്രിയപ്പെട്ട സുഹൃത്തേ. സോറി, സാർ. ഞാനിപ്പോൾ റിലാക്സ്ഡാണ്. ചിരിക്കാനും തോന്നുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് സാർ. പക്ഷേ, എന്റെ കഥ പറയുംമുമ്പ് അങ്ങാരാണ്, ഉദ്ദേശ്യമെന്താണ്, എന്തിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത് എന്നൊക്കെ അറിയാൻ താൽപ്പര്യമുണ്ട്. അവസാന അന്ധകാരത്തിൽ അപ്രത്യക്ഷനാവും മുമ്പ് അങ്ങയെക്കുറിച്ചും എന്റെ അവസ്ഥയെക്കുറിച്ചുമുള്ള അന്ധകാരമെങ്കിലും നീങ്ങട്ടെ!”
യുവാവ് വീണ്ടും ഫ്ലാസ്ക് തുറന്ന് ഒരു കവിൾ വെള്ളം കുടിച്ചു. ചെറുചിരിയോടെ കട്ടിലിന് ഒരു ചുറ്റു വലംവെച്ചു. “മി. ആത്മാരാമൻ, കാര്യകാരണബന്ധം അന്വേഷിച്ച് ജീവിക്കുന്നവരുടെ ജീവിതം വളരെ വിരസമായിരിക്കും. ഷെർലക് ഹോംസിന്റേതു പോലും. ചിലപ്പോൾ ത്രസിപ്പിക്കുന്ന, രസകരമായ വഴിത്തിരിവു കളുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും പൊതുവേ എല്ലാറ്റിനും യുക്തിസഹമായ കാര്യകാരണങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. അല്ലെങ്കിൽ തന്നെ, നമ്മുടെ പ്രപഞ്ചത്തിനു പോലും ഗണിതശാസ്ത്ര കൃത്യതയില്ല. അതുകൊണ്ടുതന്നെ എല്ലാ ചോദ്യങ്ങൾക്കും യുക്തിസഹമായ ഉത്തരം പ്രതീക്ഷിക്കുന്നത് ജീവിതം അസ്വസ്ഥമാക്കും. സ്വൈരവും സമാധാനവും ആഗ്രഹിക്കുന്നവർക്ക് ചോദ്യോത്തരങ്ങൾ വേണ്ടേ വേണ്ട.” അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു. എന്നിട്ടു തുടർന്നു.
“താങ്കളുടെ ചോദ്യത്തിന് ഞാൻ പറയാൻ പോവുന്ന ഉത്തരം ജീവിക്കാൻ ബാക്കിയുള്ള കുറച്ചുസമയം കൂടി അപഹരിക്കും, അത്ര തന്നെ. അതിനുമുമ്പ് ഒരു ചോദ്യം.” യുവാവ് ടാബിൽ വിരലുകളോടിച്ചു. ഫെയ്സ്ബുക്കിലെ ഒരു പ്രൊഫൈലെടുത്തു. രാജലക്ഷ്മി 001 എന്നാണ് പേര്. ചിത്രം കാവ്യാ മാധവന്റേതും. ആത്മാരാമനെ ടാബ് കാണിച്ചിട്ട് അയാൾ ചോദിച്ചു. “ഇത് താങ്കളുടെ പ്രൊഫൈലല്ലേ?”
കുറച്ചുനേരം അതിൽ നോക്കിയിരുന്ന ശേഷം ആത്മാരാമൻ മെല്ലെ കണ്ണടച്ചു. എന്നിട്ട് “അതേ” എന്ന അർത്ഥത്തിൽ തലയാട്ടി. “എന്തുകൊണ്ടാണ് താങ്കൾ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫെയ്സ്ബുക്കിൽ സജീവമായ സമാന്തര ജീവിതം നയിച്ചതെന്ന് ഞാൻ അന്വേഷിക്കേണ്ട കാര്യമില്ല. ഏതൊക്കെ ചെറുപ്പക്കാരെയാണ് പെൺകുട്ടിയായി ഭാവിച്ച്… മെഡിക്കൽ വിദ്യാർത്ഥിനി, 22 വയസ്സ്. ഹഹഹ! എനിക്കതിഷ്ടപ്പെട്ടു. രണ്ടാഴ്ച കൂടുമ്പോൾ കൊടുംനിരാശയുടെ കാൽച്ചങ്ങല വലിച്ച് മരണത്തിലേക്ക് മാർച്ച് പാസ്റ്റിന് ആഹ്വാനം. ഇതു വായിക്കട്ടേ.’ മൃത്യുദേവത കാത്തിരിക്കുന്നു, വയലറ്റുപൂക്കൾ നിറഞ്ഞ, ചെമ്പകപ്പൂവിന്റെ ചൊരുക്കുന്ന മണം നിറഞ്ഞ താഴ്വരയിൽ. ആദ്യചുംബന ത്തിന്റെ മിന്നലിൽ നാം മൃത്യുവിലേക്കുള്ള പാത കാണുമാറാകട്ടെ. നമ്മുടെ ആദ്യത്തെ ആലിംഗനം അവസാനത്തേതുമാകട്ടെ. നമ്മുടെ ശരീരങ്ങൾ കെട്ടുപിണഞ്ഞ് പരസ്പരം ദംശിക്കട്ടെ. നിത്യപ്രണയത്തിന്റെ അവസാനിക്കാത്ത രാവുകളിലേക്ക് നാം ഓടിക്കയറുമ്പോൾ ലോകം ലജ്ജിച്ചു നോക്കി നിൽക്കട്ടെ.’
“രാജലക്ഷ്മീകാമുകൻമാർ ഒരുമിച്ചു മരിക്കാൻ പ്രതിജ്ഞയെടുക്കുന്നു. കടപ്പുറത്തും, റെയിൽവേപ്പാളത്തിലും സൂയിസൈഡ് പോയിന്റിലുമൊക്കെ രാജലക്ഷ്മിയെ കാത്തിരിക്കുന്നു. ചിലർ കാണാത്ത കാമുകിക്കായി ഫ്യൂരിഡാനും ഉറക്കഗുളികകളുമായി ഹോട്ടൽ മുറിയെടുത്തു കാത്തിരിക്കുന്നു. മൂന്നേ മൂന്നുമാസം. 20 ആത്മഹത്യാശ്രമങ്ങൾ. നാലുമരണം. പ്രിയപ്പെട്ട രാജലക്ഷ്മിക്ക് സ്വന്തം ചോരയിൽ കത്തെഴുതിവച്ച് മരണത്തിലേക്കിറങ്ങിയവർ.”
യുവാവ് ഉറക്കെ ചിരിച്ചു. “ഈ ക്ഷുദ്രസാഹിത്യം വായിച്ച് ഒരു പെൺകുട്ടിയോട് പ്രണയം തോന്നാനും അവൾ ക്ഷണിക്കുന്നിടത്ത് ചാകാൻ തയ്യാറായി ചെല്ലാനും മാത്രം ദുർബലമനസ്കർ ഇപ്പോഴും ഈ ലോകത്തുണ്ടോ? അല്ല, അങ്ങനെയുള്ളവർ മരിക്കുന്നതു തന്നെയാണ് നല്ലത്! എന്റെ സംശയം, താങ്കൾ ഒരിക്കലെങ്കിലും അവരെ പോയി കണ്ടിട്ടുണ്ടോ എന്നുള്ളതാണ്. അവരെ ക്ഷണിച്ചത് ഒരുമിച്ച് മരിക്കാനാണ്. ഭക്ഷണം കഴിക്കാനല്ലല്ലോ!”
രക്തച്ചോർച്ച കാരണം മയക്കത്തിലേക്ക് വീഴാൻ തുടങ്ങിയപ്പോഴാണ് ഫെയ്സ്ബുക്ക് കഥ യുവാവ് പുറത്തിട്ടത്. ആത്മാരാമൻ ഒന്നു മുരടനക്കി. “അതേ, ഞാൻ അകലെ നിന്ന് നോക്കുമായിരുന്നു. ആത്മഹത്യകളെല്ലാം കാണാൻ നല്ല രസമാണ്. കാട്ടാക്കടക്കാരൻ ഷുഹൈബിന്റെ കൈത്തണ്ട മുറിച്ചുള്ള മരണമായിരുന്നു ഏറ്റവും മനോഹരം. അവൻ കട്ടിലിൽ കയറിക്കിടന്നു, ഇപ്പോൾ ഞാൻ കിടക്കുന്ന പോലെ. അമ്മയെ കാണാത്ത കുഞ്ഞുങ്ങളെപ്പോലെ രാജലക്ഷ്മീ എന്നു വിളിച്ചു കരഞ്ഞു. ഒരു പൈന്റ് റമ്മിൽ വിഷം കലക്കി പാലുകുടിക്കും പോലെ കുടിച്ചു, പാർക്കിൽ ചരിഞ്ഞുകിടന്നുറങ്ങി. സോറി, എനിക്കതൊന്നും പറഞ്ഞിരിക്കാൻ സമയമില്ലല്ലോ. ഒരാളെ ഞാൻ രക്ഷിച്ചിട്ടുമുണ്ട്. വാഗമൺകാരി തെരേസാ മാത്യുവിനെ. അവൾക്കും എന്നോട് പ്രണയമായിരുന്നു. സ്വവർഗ ദമ്പതികളായി ജീവിക്കണമെന്ന് അവളാശിച്ചിരുന്നു. മരക്കൊമ്പിൽ ജീവനൊടുക്കാൻ തുടങ്ങുമ്പോൾ ഞാൻ തന്നെയാണ് ആളെക്കൂട്ടിയത്. പാവത്തിന് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ!”
ആത്മാരാമൻ ശക്തിയായി കിതക്കാൻ തുടങ്ങി. വെള്ളം വേണമെന്ന് അയാൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. യുവാവാകട്ടെ, മുമ്പത്തെപ്പോലെ, പഞ്ഞിയിൽ വെള്ളം നനച്ച് ചുണ്ടിൽ തേച്ചുകൊടുത്തു. അയാൾ കൈയുറ ഊരി മാറ്റി വാച്ചുനോക്കി. രാവിലെ ആറുമണി. അയാൾ പതുക്കെ കട്ടിലിനു താഴെ മടക്കിവെച്ചിരുന്ന ട്രെഡ്മിൽ എടുത്തുപുറത്തുവെച്ച് അത് ഓണാക്കി നടപ്പാരംഭിച്ചു. നടപ്പിനിടെ ആത്മാരാമനെ നോക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു, “കുറച്ചുനേരം വിശ്രമിക്കൂ. ഉറങ്ങേണ്ട. ചിലപ്പോൾ ഉണരാനായില്ലെങ്കിലോ? പത്തുമിനിട്ടിൽ ഞാനീ പരിപാടി തീർക്കാം. കുറച്ചുനേരം രാജലക്ഷ്മിക്കു വേണ്ടി മരിച്ച ആ കിഴങ്ങൻമാരെ ഓർമിക്കൂ. പിന്നെ സ്വന്തം കഥ എത്ര ചുരുക്കിപ്പറയാമെന്നും. എന്തുവന്നാലും ഞാൻ കൃത്യസമയത്തെ വ്യായാമം മുടക്കില്ല!” ജോബ് ട്രെഡ്മില്ലിൽ അതിവേഗം ഓട്ടമാരംഭിച്ചു.
പക്ഷേ, മയങ്ങാതിരിക്കാൻ അയാൾക്കായില്ല. ചില ഓർമകൾ യാഥാർത്ഥ്യമെന്ന് ശരിക്കും തോന്നിക്കുംവിധം മുന്നിൽ വന്നു നിന്നെങ്കിലും. സ്വപ്നവും ജീവിതവും ഇടകലരുന്ന നിമിഷങ്ങൾ. പെട്ടെന്ന് അയാൾക്ക് സംശയം തോന്നി, പാലക്കാട്ടെ ശ്രീരാമനാണോ തന്റെ മുന്നിൽ നിൽക്കുന്നതെന്ന്. ആത്മഹത്യാശ്രമത്തിലേക്ക് വളച്ചെടുക്കാൻ ഏറ്റവും പാടുപെട്ടത് ശ്രീരാമന്റെ കാര്യത്തിലായിരുന്നു. അയാളെ ഊട്ടിയിലെ ആത്മഹത്യാമുനമ്പിലേക്കാണ് വിളിച്ചിരുന്നത്. വൈകിട്ട് ആറുമണി മുതൽ അയാളെ കാത്തിരുന്നെങ്കിലും വന്നില്ല. പക്ഷേ, രാത്രി ഹോട്ടലിൽ ഉറങ്ങാൻ കിടക്കുമ്പോൾ ആരോ ജനാലക്കൽ വന്നു നിൽക്കുന്നതു പോലെ. ചാടിയെണീറ്റ് അവിടേക്കെത്തുമ്പോഴേയ്ക്കും അയാൾ ഓടി മറഞ്ഞു. ആഗതൻ ശ്രീരാമനാണെന്ന് അയാൾക്ക് എന്തുകൊണ്ടോ, ഉറപ്പായിരുന്നു!
“ശ്രീരാമാ, നിൽക്കവിടെ! ഞാനൊന്നു പറഞ്ഞോട്ടെ!”
“ഏതു ശ്രീരാമൻ? ഊട്ടിയിലേക്ക് നിങ്ങളെത്തേടി വരുന്ന വഴിക്ക് ബസ് മറിഞ്ഞു മരിച്ച ശ്രീരാമനെ നിങ്ങൾക്ക് നേരിട്ടു കാണാമല്ലോ. ഇനി ഒന്നരമണിക്കൂർ കാത്തിരുന്നാൽ മതി!” കണ്ണു മെല്ലെത്തുറക്കുമ്പോൾ ചുമലിൽ പിടിച്ചുകുലുക്കിക്കൊണ്ട് യുവാവ് നിൽക്കുന്നു. “എന്നാൽപ്പിന്നെ നമുക്കു കഥ തുടരാം. അതിനുമുമ്പ് നിങ്ങളുടെ കൈകളിലെ കെട്ടുകൾ ഞാനഴിച്ചുതരാം. ചിലർക്ക് അത്യാവശ്യം അംഗവിക്ഷേപങ്ങളില്ലെങ്കിൽ സംസാരിക്കാൻ ഒരു ഗുമ്മുണ്ടാവില്ല!”
കെട്ടുകളഴിച്ച ജോബ് അലമാരിക്കരികിൽ നിന്നും ഒരു കൂറ്റൻ ചാരുകസേര വലിച്ചുകൊണ്ടുവന്നു. മാർബിളിൽ അത് വലിച്ചിഴയ്ക്കുന്ന ഒച്ച ആത്മാരാമനെ അസ്വസ്ഥനാക്കി. അയാൾ മുഷ്ടികൾ ചുരുട്ടി. കൈകൾ ഇപ്പോഴും ചലിപ്പിക്കാനാവുന്നുണ്ട്. “ഇവിടെനിന്നും രക്ഷപ്പെടാനാണോ വിധി? എല്ലാം ഇവിടെ അവസാനിച്ചാൽ മതിയായിരുന്നു!” കണ്ണുകളടച്ച് അയാൾ ദൈവത്തെ വിളിച്ചു.
അയാളുടെ കട്ടിലിന് അഭിമുഖമായി ചാരുകസേര വലിച്ചിട്ട ശേഷം യുവാവ് രണ്ടുമൂന്നു തലയണകളുമായി അയാളുടെ അടുത്തേക്കു വന്നു. ആത്മാരാമന്റെ തല നന്നായി ഉയർത്തി വച്ചു, ചോര കൃത്യമായി വീഴാൻ പാകത്തിൽ ബക്കറ്റ് നീക്കിവച്ചു. പിന്നെ ചിരിച്ചുകൊണ്ടു സ്നേഹത്തോടെ അയാളുടെ കവിളിൽ തലോടി. മേശപ്പുറത്തിരുന്ന പൊതിയഴിച്ച് ഒരു വിസ്കി ബോട്ടിലും സോഡയും രണ്ടു ഗ്ലാസുകളും പുറത്തെടുത്തു. രണ്ടു ഗ്ലാസുകളിൽ മദ്യം പകർന്ന്, ഒരു ഗ്ലാസ് കൈയിലെടുത്ത് അയാൾ ചാരുകസേരയിൽ മലർന്നു കിടന്നു. ഒരു നിമിഷനേരത്തെ മൗനത്തിനു ശേഷം “അപ്പോൾ മി. ആത്മാരാമൻ, ചിയേഴ്സ്! ഇപ്പോൾ താങ്കൾക്ക് എന്നെ ശരിക്കും കാണാനാവുന്നുണ്ടെന്ന് വിചാരിക്കുന്നു. എനിവേ, ലെറ്റ് ദി ഗെയിം ബിഗിൻ!”
ആത്മാരാമൻ പതുക്കെ കൈകൾ ചലിപ്പിച്ചുകൊണ്ട് പറഞ്ഞു, “ഒരു കാര്യം കൂടി. സാറാരാണെന്ന് പറയണം. അതറിഞ്ഞാലേ പറയാൻ ഒരു സുഖം കിട്ടൂ!”
അയാൾ നിർത്തി നിർത്തി ചിരിച്ചു, സിനിമാവില്ലൻമാരെ ഓർമിപ്പിക്കുന്ന രീതിയിൽ. ശബ്ദം താഴ്ന്ന സ്ഥായിയിലാണെന്നേയുള്ളൂ. “സുഖമാണല്ലോ എല്ലാവരുടെയും പ്രശ്നം. എനിക്കും നിങ്ങൾക്കും കള്ളനും കൊലപാതകിക്കും രാഷ്ട്രീയക്കാരനും വ്യവസായിക്കും രണ്ടുവയസുകാരിയെ പീഡിപ്പിക്കുന്ന വൃദ്ധനും സ്വത്തു തട്ടിയെടുത്ത ശേഷം പെറ്റ തള്ളയെ നടതള്ളുന്ന മക്കൾക്കും പത്തുമിനിട്ടു സംസാരിച്ചാൽ തീരുന്ന കാര്യത്തിന് ബോംബ് വർഷം നടത്തുന്ന ഭരണാധികാരികൾക്കും എന്റെ ദൈവമാണ് കൂടുതൽ കേമനെന്നു സ്ഥാപിക്കാൻ വേണ്ടി കലാപങ്ങളഴിച്ചുവിടുന്ന ആത്മീയ വ്യാപാരികൾക്കുമെല്ലാം. ഈ സുഖം പക്ഷേ, വളരെ അസ്ഥിരമായ ഒന്നാണ്. കൈയിലെത്തുമ്പോൾ അപ്രത്യക്ഷമാവുന്ന ഒരു മായ. ശാശ്വതമായ സുഖം എത്രത്തോളം സാധ്യമാണെന്ന് എനിക്കു പറയാൻ കഴിയില്ല, പക്ഷേ ഏറെക്കുറെ അസാധ്യമാണെന്ന് ഞാൻ പറയും. കാരണം, ഞാൻ എന്ന വിചാരമുണ്ടെങ്കിലേ സുഖം എന്ന സാധ്യതയുള്ളൂ. ആ വിചാരമുണ്ടെങ്കിൽ സുഖത്തിന് നിലനിൽപ്പുമില്ല. ഹെയ്സെൻബെർഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം പോലെ, അല്ലേ?” അയാൾ മുന്നോട്ടാഞ്ഞ് ചാരുകസേരയിലെ കൈപിടിയിൽ വച്ചിരുന്ന ഗ്ലാസെടുത്ത് ഒറ്റവലിക്ക് കാലിയാക്കി.
ജോബ് തന്നോടെന്ന വണ്ണം ചിരിച്ചു. “ക്ഷമിക്കണം മി. ആത്മാരാമൻ! നിങ്ങളുടെ സുഖം കുറയ്ക്കേണ്ട. ഞാൻ ജോബ് അലക്സാണ്ടർ. ഐ വുഡ് ലൈക് ടു കോൾ മൈസെൽഫ് എ ഡേറ്റാ സൈക്കോ അനാലിസ്റ്റ്. നിരുപദ്രവമായ സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ നിന്നും വ്യക്തിത്വം ഗണിച്ചെടുക്കുന്നയാൾ. ഉദാഹരണത്തിന് താങ്കളുടെ കാര്യം. രണ്ടുവർഷം മുമ്പാണ് രാജലക്ഷ്മിയെ ശ്രദ്ധിച്ചത്. അവളുടെ മൃത്യുപ്രേമവും. പിന്നെ അതിവേഗം യഥാർത്ഥ വ്യക്തിയെ കണ്ടെത്തി. 26 വ്യാജ വിലാസങ്ങൾക്കപ്പുറമായിരുന്നു താങ്കൾ ഫെയ്സ്ബുക്കിൽ രാജലക്ഷ്മിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. ഒരിക്കൽപോലും സ്വന്തം ഫോണോ, കംപ്യൂട്ടറോ ഉപയോഗിക്കാതെ, കഫേകളെ മാത്രം ആശ്രയിച്ചു. അതൊക്കെ കണ്ടുപിടിക്കുന്നത് നിസ്സാരകാര്യം. പിന്നെയുള്ള മാസങ്ങളിൽ ഞാൻ താങ്കളെ നിരീക്ഷിച്ചു. ഓരോ ശ്രമവും കൗതുകത്തോടെ നോക്കിക്കണ്ടു. ആ നാലു ആത്മഹത്യകളും ഞാൻ അടുത്തുനിന്നു കണ്ടു. യൂ നോ വാട്ട്? ഈ പാവങ്ങൾ ചാകുന്നതുകാണാൻ നിങ്ങൾക്ക് പിന്നിൽ ഞാനുമുണ്ടായിരുന്നു. പക്ഷേ, ആരാണ് ഈ രാജലക്ഷ്മിയെന്ന് കണ്ടെത്താൻ എനിക്കു കഴിഞ്ഞതുമില്ല!”
ചാരുകസേരയിൽ നിന്ന് ജോബ് എഴുന്നേറ്റു. മേശപ്പുറത്ത് നിറച്ചുവച്ചിരുന്ന രണ്ടാമത്തെ ഗ്ലാസ് കൈയിലെടുത്തുകൊണ്ട് അയാൾ കട്ടിലിനടുത്തു വന്ന് ആത്മാരാമന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. “നിങ്ങൾക്കറിയാമോ? അന്ന് ശ്രീരാമൻ സഞ്ചരിച്ച ബസിൽ ഞാനുമുണ്ടായിരുന്നു! ആ അപകടത്തിൽ നിന്നും ഞാൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എങ്കിലും നിങ്ങൾ അന്നുരാത്രി എങ്ങനെ ചെലവാക്കുമെന്നറിയണമെന്ന് എനിക്കു തോന്നി. അന്നു രാത്രി നിങ്ങൾ ജനാലയ്ക്കൽ കണ്ട രൂപം എന്റേതായിരുന്നു!”
ആത്മാരാമൻ കൈകൾ നെഞ്ചിൽ ചേർത്തുപിണച്ചു വച്ചു. പെട്ടെന്ന് തണുപ്പു കൂടിയതുപോലെ. ചുണ്ടിൽ വിഷാദം കലർന്ന പുഞ്ചിരി മടിച്ചുമടിച്ചു കടന്നുവന്നു. ജോബ് ആ കൈകളിൽ കൂട്ടിപ്പിടിച്ചിട്ടു ചോദിച്ചു, “പറയൂ സുഹൃത്തേ, എന്തിനാണ് നിങ്ങൾ ഈ പാവങ്ങളെ പ്രണയം നടിച്ചു വശീകരിച്ചത്? വെളിച്ചത്തിലേക്ക് ഈയാംപാറ്റകളെന്നോണം അവരെ മരണത്തിലേക്ക് മാടിവിളിച്ചത്? ജീവനെടുക്കാൻ മാത്രം കൊടിയ പാതകങ്ങൾ അവർ താങ്കളോട് ചെയ്തിരുന്നോ? അതോ, ഈ പാവങ്ങളുടെ ജീവിതം കൊണ്ട് താങ്കൾ പന്തുതട്ടുകയായിരുന്നോ? മാസങ്ങൾ ശ്രമിച്ചിട്ടും എനിക്കു മനസ്സിലാവുന്നില്ല മിസ്റ്റർ. എന്താണ് ഈ കളിയുടെ തത്വം? യുധിഷ്ഠിരൻ പത്നിയുടെയും സഹോദരൻമാരുടെയും സ്വാതന്ത്ര്യവും മാനവും പണയം വെച്ചു ചൂതാടിയപ്പോൾ താങ്കളാകട്ടെ, അപരിചിതരുടെ ജീവൻ വെച്ചു കളിക്കുന്നു. യുധിഷ്ഠിരന്റെ പ്രവൃത്തിയെ വേണമെങ്കിൽ ക്ഷത്രിയധർമ്മമെന്ന് വ്യാഖ്യാനിക്കാം. ഇനി അങ്ങനെ അല്ലെന്നു വച്ചോളൂ. അപ്പോഴും ചെയ്യാൻ നിർബന്ധിതമാവുന്ന കർമ്മത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യവും ദുഃഖവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് കാണാം. പക്ഷേ, താങ്കളുടെ കാര്യത്തിൽ ഒരു വ്യക്തതയുമില്ല.”
ജോബ് മേശപ്പുറത്തുനിന്നും ലെഡ്ജർ എടുത്തു. “പ്രിയമുള്ള ചങ്ങാതീ, എനിക്കറിയാൻ ആത്മാർത്ഥമായ താൽപ്പര്യമുണ്ട്. അതിലുമേറെ കൗതുകവും. താങ്കൾ പറഞ്ഞാൽ ഞാൻ രേഖപ്പെടുത്തി വെക്കാം.”
കുറച്ചുനേരം ആത്മാരാമൻ കണ്ണുകൾ ഇറുക്കിയടച്ചുകിടന്നു. എന്താണ്, എങ്ങനെയാണ് പറയേണ്ടത്? എവിടെയാണ് തുടങ്ങേണ്ടത്? ജോബ് കട്ടിലിന്റെ വലതുവശത്തേക്ക് ഒരു സ്റ്റൂൾ നീക്കിയിട്ടു; ആത്മാരാമന്റെ ദുർബലമായ ശബ്ദത്തിൽ ചില വാക്കുകൾ വ്യക്തമാകുന്നുണ്ടായിരുന്നില്ല. എങ്കിലും ഒരു വിശുദ്ധദൗത്യം നിർവഹിക്കുന്ന പോലെ അയാൾ മന്ത്രിക്കാൻ തുടങ്ങി.
“കടുത്ത അപകർഷതാബോധമുള്ള കൂട്ടത്തിലാണ് ഞാൻ. ഒരുപക്ഷേ, ജനിതകപ്പിഴവാകാം, അല്ലെങ്കിൽ ഈ ലോകജീവിതത്തിന് പറ്റുന്ന മിടുക്ക് കുറവായതുകൊണ്ടാവാം. എന്തിനും ഏതിലും പതർച്ചയാണ്. എല്ലാവരും അനായാസം ചെയ്യുന്ന കാര്യങ്ങൾ പോലും കുളമാക്കും. ഞാൻ എവിടെയും തോറ്റു. ആരും തോൽപ്പിച്ചില്ലെങ്കിലും തോറ്റെന്നു സ്വയം വിശ്വസിപ്പിച്ചു. ഈ ലോകത്തിലേക്കും നികൃഷ്ടനും നിന്ദ്യനും അപമാനാർഹനും ഞാനാണെന്ന് വിശ്വസിച്ചു. ലോകത്തിന്റെ തെറ്റുകളുടെയെല്ലാം ഉത്തരവാദിത്തം ഞാനേറ്റെടുത്തു. എന്റെ ജീവിതം അപമാനത്തിന്റെ കൊയ്ത്തുപാടമായിരുന്നു. വാക്കും പ്രവൃത്തിയും ചിന്തയും കൊണ്ട് ഉറ്റവരുടെയും സമൂഹത്തിന്റെയും തുപ്പൽ കോളാമ്പിയാവാൻ ഞാനേറെ പണിപ്പെട്ടു, വ്യക്തിത്വത്തിനേൽക്കുന്ന ക്ഷതങ്ങൾ സമ്മാനിച്ച ലഹരിയിലും വിഷാദത്തിലും ഞാൻ ആഴത്തിൽ മുങ്ങി. ജീവിതത്തിന്റെ കുരിശിൽ ഞാൻ രക്തമൊലിപ്പിച്ചു കിടന്നു. പാവം, ആത്മാരാമൻ. അവനെന്തുമാത്രം സഹിച്ചു!” അയാളുടെ ശബ്ദമിടറി. കണ്ണുകൾ നിറഞ്ഞു. ജോബ് തെല്ലു നോക്കിനിന്ന ശേഷം കൈയുറ ധരിച്ച് പഞ്ഞിയെടുത്തു. മേശപ്പുറത്തെ വിസ്കിയിൽ ഒന്നു നനച്ച് അയാളുടെ ചുണ്ടുകളിൽ നനച്ചു.
ആത്മാരാമൻ മെല്ലെ ചുമയ്ക്കാൻ തുടങ്ങി. ജോബ് ചാരുകസേരയിൽ നിന്നെഴുന്നേറ്റു വന്നു. “സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ? ഞാനീ ലേപ്പൽ മൈക്കുവെച്ചു തരാം!” അയാളടുത്തുവന്ന് ഉടുപ്പിൽ മൈക്ക് കുത്തിവെച്ചു. “എന്തെങ്കിലും പറയൂ, കേൾക്കട്ടേ.”
ആത്മാരാമൻ ദുർബലമായി ചുമച്ചു. സ്പീക്കറിൽ സുവ്യക്തമായി അത് കേട്ടു. നേരിയ പ്രതിധ്വനിയുണ്ട്. ചാരുകസേരയിൽ വീണ്ടും ആസനസ്ഥനായ ജോബ് സംതൃപ്തിയോടെ ചിരിച്ചു. “ദാറ്റ്സ് ഗ്രെയ്റ്റ്! പതുക്കെ പറഞ്ഞാൽ മതി. ഇനി അടുത്ത പേഷ്യന്റ് എത്തുമ്പോഴേയ്ക്കും സ്റ്റീഫൻ ഹോക്കിങ്ങിന്റേതുപോലത്തെ ഒരു ചക്രക്കസേര സംഘടിപ്പിക്കണം. ഒന്നാലോചിച്ചു നോക്കൂ മി. ആത്മാരാമൻ! ഹോക്കിംഗ് ഇവിടിരുന്ന് ജീവിതകഥ പറയുന്നു. ഈ ചാരുകസേരയിൽ ഞാനും. ഹ ഹ ഹ!”
എന്തുകൊണ്ടെന്നറിയില്ല, ആത്മാരാമനും ചിരിച്ചു, ദീർഘനേരം. കാറ്റുനിറഞ്ഞ ആ ചിരി കുറച്ചുനേരം ഹോളിൽ പ്രതിധ്വനിച്ചു, സർപ്പങ്ങൾ കൂട്ടമായി ചീറ്റുന്ന പോലെ. അയാൾ തന്നോടെന്ന പോലെ പറയാൻ തുടങ്ങി. “താരമോളുടെ ചിരിയും കരച്ചിലുമൊക്കെ എന്നെ പുതിയൊരു മനുഷ്യനാക്കി. വിഷാദവും അപകർഷതയും വേദനയുമൊക്കെ ഞാൻ മറക്കാനാഗ്രഹിക്കുന്ന ഓർമകൾ മാത്രമായി. പക്ഷേ, രണ്ടുവർഷമേ അതു നീണ്ടുനിന്നുള്ളൂ. പെട്ടെന്നൊരു ദിവസം ഗ്ലോറി അപ്രത്യക്ഷയായി, എന്റെ പൊന്നുമോളെയും കൊണ്ട്. നല്ല ഭക്ഷണവും ജോലിയും പത്രാസുമൊക്കെയായപ്പോൾ വിരൂപനായ ജിറാഫ് തനിക്ക് ചേർന്നവനല്ലെന്ന് അവൾക്ക് ബോധ്യമായിക്കാണും. എന്റെ സാറേ, ഒരു ഫെയ്സ്ബുക്ക് പ്രണയമായിരുന്നു അത്.
കുറച്ചുകാലം ഞാനെന്റെ വിഷാദകാലജീവിതത്തിലേക്ക് മടങ്ങി. ഞാനവളെ അന്വേഷിക്കാനൊന്നും പോയില്ല. കാരണം, മുമ്പെന്നത്തേക്കാളും ഞാനർഹിച്ച അപമാനമായിരുന്നു ഇത്. ആത്മഹത്യക്ക് പലതവണ ആലോചിച്ചു. പക്ഷേ, ധൈര്യം വന്നില്ല. ഒരിക്കൽ അറച്ചറച്ച് വീട്ടിലെ ഫാനിൽ തൂങ്ങി. ഫാൻ ഇളകിവീണ് കഴുത്തൊടിഞ്ഞു, അത്ര തന്നെ.”
വലത്തേ കൈ പതിയെ ഉയർത്തി അയാൾ കഴുത്തിൽ തടവി. ചാരുകസേരയിൽ പലകവെച്ചിരുന്ന് ആത്മാരാമന്റെ കഥ കേട്ടെഴുതുകയായിരുന്ന ജോബ് പലക മാറ്റി വെച്ച് മേശക്കടുത്തു വന്നു. ഒരു ഗ്ലാസ് മദ്യം കൂടി നിറച്ചു.
“മനുഷ്യൻ ഉത്തരം കിട്ടാത്ത പ്രഹേളികയാണെന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല.”
“നോക്കൂ. ഒരുമിനിട്ടു മതി മരിക്കാന്‍. മരിച്ചാല്‍ പിന്നെ വേദനകളുമില്ല. പക്ഷേ, അവനു പേടിയാണ്. മാസങ്ങളും വര്‍ഷങ്ങളും നീളുന്ന വേദന അവന്‍ പരാതിയില്ലാതെ സഹിക്കും. അത് ശരീരത്തിനായാലും മനസ്സിനായാലും ശരി. മരിക്കാന്‍ വേദനയില്ലാത്ത എന്തെല്ലാം മാര്‍ഗങ്ങളുണ്ട്! ആ, അതൊക്കെ പോട്ടെ. ഇപ്പോഴത്തെ സാഹചര്യത്തിലേക്കു വരൂ, മി. ആത്മാരാമന്‍. പ്ലീസ്!”
കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷമാണ് ജോബിന് സംശയം തോന്നിയത്. അടുത്തുചെന്ന് നോക്കിയപ്പോള്‍ അയാള്‍ കൊടുംജ്വരത്തിലെന്ന പോലെ കിടുങ്ങിവിറയ്ക്കുകയാണ്. കൃഷ്ണമണികള്‍ കാണാനില്ല. കഥ മുഴുവന്‍ പറഞ്ഞു തീരുംമുമ്പേ ആത്മാരാമന്‍ ആത്മാവ് മാത്രമാവുമോ? ജോബ് ശരിക്കും ഭയന്നു. ഓക്‌സിജന്‍ മാസ്ക് വെച്ചു, അല്‍പ്പം ഗ്ലൂക്കോസ് വായിലിറ്റിച്ചു. അല്‍പ്പനേരം കഴിഞ്ഞ് അയാള്‍ വീണ്ടും ശ്വസിച്ചുതുടങ്ങി.
കരുതലോടെ അടുത്തുനില്‍പ്പുണ്ടായിരുന്ന ജോബ് സ്‌നേഹത്തോടെ അയാളെ നോക്കി. “വെറുതെ പേടിപ്പിച്ചു. ഞാന്‍ പറഞ്ഞ സമയത്തില്‍ ഒരു മണിക്കൂര്‍ ബാക്കി കിടക്കുന്നു. നമുക്ക് അടിച്ചുപൊളിക്കാമെന്നേ! ഇപ്പോള്‍ ഒരു പാട്ടുവെച്ചുതരാം. അതുകേട്ട് വിശ്രമിക്ക്. പക്ഷേ, ഉറങ്ങരുത്, കേട്ടോ!”
‘ജിമിക്കി കമ്മല്‍’ എന്നുതുടങ്ങുന്ന ജനപ്രിയഗാനം സ്പീക്കറിലൂടെ പുറത്തേക്കൊ ഴുകി. ചാരുകസേരയില്‍ കണ്ണടച്ചിരുന്ന് താളം പിടിക്കുകയായിരുന്നു ജോബ്, ഒരു കര്‍ണാട്ടിക് കച്ചേരി ആസ്വദിക്കുന്ന പോലെ. “സാര്‍!” പാട്ടു പകുതിയായപ്പോള്‍ മുഖത്തുനിറയെ വലിയ ഉണ്ണികളുള്ള ഒരു മുടന്തന്‍ യുവാവ് വാതില്‍ക്കല്‍ വന്ന് അയാളെ വിളിച്ചു. ജോബ് ഒന്നും പറയാതെ അയാളെ പിന്നാലെ പോയി.
“താങ്കളുടെ വിലപ്പെട്ട പത്തുമിനിട്ടു സമയം അപഹരിച്ചതിന് ക്ഷമിക്കണം. വല്യമ്മച്ചി കട്ടിലില്‍ വെളിക്കിറങ്ങിയതിനാണ് വിളിച്ചത്. വൃത്തിയാക്കി കുളിപ്പിച്ചു കൊണ്ടുകിടത്താന്‍ പത്തുമിനിട്ടെടുത്തു. അവര്‍ക്ക് 95 ആയി, ഓര്‍മ്മ ക്ഷയമുണ്ട്. കുട്ടികളേക്കാളും കഷ്ടം. പക്ഷേ, അവരെ പരിചരിക്കുന്നത് എനിക്കിഷ്ടമാണ്. ഞാനതാസ്വദിക്കുന്നു. ഓക്കെ മി. ആത്മാരാമന്‍. ലെറ്റ്‌സ് ഗോ ബാക്ക് ടു ദി ഗെയിം!” ജോബ് മെല്ലെ മാസ്ക് എടുത്തുമാറ്റി.
ആത്മാരാമൻ തുടർന്നു, “പിന്നെയാണ് ഞാനാലോചിച്ചത്. എനിക്ക് ആത്മഹത്യ പറ്റില്ല. അതിനുള്ള ധൈര്യം തീരെയില്ല. പക്ഷേ, എന്നെക്കാളും മിടുക്കും ഗ്ലാമറുമുള്ള പുരുഷ കേസരികള്‍ക്ക് അതു ചെയ്യാനുള്ള കഴിവുണ്ടല്ലോ. അവരെ അതിന് സഹായിച്ചുകൂടേ എന്ന്. എന്റെ ഗ്ലോറിയെപ്പോലെ ദുര്‍ബലരായ സ്ത്രീകള്‍ക്കായി വലവിരിച്ചു കാത്തിരിക്കുന്ന മിടുക്കന്മാര്‍. ഒരു ഇരയെ വശത്താക്കുന്നത് യുദ്ധവിജയം പോലെ ആഘോഷിക്കുന്ന വീരന്മാര്‍. ഒക്കെ ഞരമ്പുരോഗികളാണു സാര്‍! എല്ലാവരും…”
“താങ്കളുടെ കഥ നല്ലതാണ്. തനിക്കുപകരം മറ്റുള്ളവരെ ബലി കൊടുക്കുന്ന വിദ്യ. താങ്കള്‍ക്ക് കുറ്റവും ശിക്ഷയുമില്ല. കുറ്റം ചെയ്ത് ശിക്ഷ ചോദിച്ചു വാങ്ങുന്നത് പാവം ബലിയാടുകള്‍. 20 പേരാണ് കഴിഞ്ഞ മൂന്നുമാസത്തിനു ള്ളില്‍ സ്വയം മരിക്കാന്‍ ശ്രമിച്ചത്. ഇവരെല്ലാവരും താങ്കള്‍ കരുതുന്ന പോലെ അതിസമര്‍ത്ഥരും ലോകത്തെ ചതിച്ചു ജീവിക്കുന്നവരുമായിരുന്നില്ല. പലരും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. നോക്കൂ, തൊട്ടടുത്ത കെട്ടിടത്തില്‍ താങ്കളുടെ, അല്ല, രാജലക്ഷ്മിയുടെ, രണ്ട് ഇരകളുണ്ട്. ഒരാള്‍ ജീവച്ഛവമായി കിടപ്പാണ്. മറ്റേയാള്‍ രാജലക്ഷ്മി, രാജലക്ഷ്മി എന്ന് മന്ത്രം പോലെ ഉരുവിട്ട് സ്ഥലകാല ബോധമില്ലാതെ ജീവിക്കുന്നു. ആരോരുമില്ലാത്ത രോഗികള്‍ക്കുള്ള ആ പരിചരണാലയം നടത്തുന്നതും ഞാനാണ്. താങ്കളെ ഞാന്‍ അന്വേഷിച്ചു കണ്ടെത്തുന്നത് അങ്ങനെയാണ്…”
“അപ്പോള്‍ എന്നെ കൊല്ലാന്‍ സാര്‍ തീരുമാനിച്ചത് അതുകൊണ്ടാണോ?” മെല്ലെ മുരടനക്കിക്കൊണ്ട് പരിഹസിക്കുന്നതു പോലെ ആത്മാരാമന്‍ ചോദിച്ചു. ജോബ് തലകുലുക്കി. “അങ്ങനെയെങ്കില്‍ വിരാട് കോലി പുറത്തായതിനും ബ്രസീല്‍ തോറ്റതിനും കെട്ടിത്തൂങ്ങുന്നവരുടെ, എം ജി ആറും ജയലളിതയും മരിക്കുമ്പോള്‍ സ്വയം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുന്നവരു ടെ കാര്യമോ? ആത്മഹത്യ എല്ലാ മനുഷ്യന്റെയും ഉള്ളില്‍ പതുങ്ങിയിരിക്കുന്ന വേട്ടമൃഗമാണ്. സാഹചര്യമൊത്തുവന്നാല്‍ യജമാനനെ തിന്നുന്ന വളർത്ത്മൃഗം. ഞാനല്ലെങ്കില്‍ മറ്റൊരു കാരണം. അവരെന്തായാലും സ്വയം കൊലപ്പെടുത്തു മായിരുന്നു!”
ജോബ് കയ്യിലിരുന്ന ഗ്ലാസ് ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു, കട്ടിലിനടുത്ത് കസേര നീക്കിയിട്ടിരുന്നു. “താങ്കള്‍ നന്നായി സംസാരിക്കുന്നു. ദീര്‍ഘകാലത്തെ ആത്മാന്വേഷണത്തിന്റെ ഫലം, അല്ലേ, മി. ആത്മാരാമന്‍? അറിയുന്ന കാര്യമാണ് താങ്കള്‍ പറഞ്ഞത്, ശരി. പക്ഷേ, ആത്മഹത്യ മാത്രമല്ല, ഉഗ്രവീര്യമുള്ള നിരവധി വാസനകള്‍ മനുഷ്യന്റെ ഉള്ളില്‍ മയങ്ങിക്കിടക്കുന്നു. അല്ലെങ്കില്‍ സംസ്‌കാരത്തിന്റെ പടവുകള്‍ കയറുന്നതിനിടെ നമ്മള്‍ പൂട്ടിയിട്ടിരിക്കുന്നു. പക്ഷേ, പറ്റിയ സാഹചര്യത്തില്‍ ആ ദുര്‍വാസനകള്‍ ഉണര്‍ന്നെണീക്കും, മനുഷ്യരക്തം കിട്ടിയാല്‍ ജീവന്‍ വെക്കുന്ന ഡ്രാക്കുളയെപ്പോലെ. കുഴിച്ചുമൂടിയ തിന്മകളെയെല്ലാം തോറ്റിയെടുക്കണമെന്നാണോ? അതനുവദിക്കില്ല ആത്മാരാമന്‍, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം അതു നടക്കില്ല!”
ശബ്ദം നേരേ പുറത്തുവന്നില്ലെങ്കിലും അയാളുടെ ചിരി ഉരുളന്‍ പന്തുകള്‍ പോലെ പുറത്തേക്ക് ചിതറി. സംസാരിക്കുമ്പോള്‍ വേനലില്‍ വറ്റിക്കൊണ്ടിരിക്കുന്ന പുഴ പോലെ ഇടയ്ക്കിടെ വാക്കുകള്‍ മുറിഞ്ഞ് അപ്രത്യക്ഷമായി. എങ്കിലും അയാള്‍ തുടര്‍ന്നു, “സാറിന് ഭ്രാന്താണെന്ന് നേരത്തേ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. ഒറ്റയ്ക്ക് ലോകം നന്നാക്കാമെന്നാണോ? സാറേ, ആരു വിചാരിച്ചാലും ഈ ലോകം ഗതി പിടിക്കില്ല. ഞാനുടനെ ചാകും, സാറും മരിക്കും, ഈ ലോകം ഇങ്ങനെ തന്നെ തുടരും. പിന്നല്ലാതെ!” ആത്മാരാമന്‍ നിശബ്ദമായി ചിരിച്ചു, തര്‍ക്കത്തില്‍ ജയിച്ചിട്ടെന്നപോലെ.
ജോബ് ആത്മാരാമനെ നിസ്സംഗമായി നോക്കി. മരിക്കാന്‍ ഒരു മണിക്കൂര്‍ പോലും ബാക്കിയില്ല. ബോധം മറയാന്‍ കഷ്ടിച്ച് അരമണിക്കൂര്‍ പോലുമില്ല. അപ്പോഴും ഈ മനുഷ്യന്‍ എത്ര നിഷേധാത്മകമായാണ് ജീവിതത്തെ കാണുന്നത്? എങ്കിലും നിശബ്ദനാവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. “മി. ആത്മാരാമന്‍, ഞാനോര്‍ക്കുന്നു, എന്‍ജോയ് എന്നു പറഞ്ഞപ്പോള്‍ താങ്കള്‍ ഹയനയെപ്പോലെ വൃത്തികെട്ട ഒരു ചിരി ചിരിച്ചത്. ഒരുപക്ഷേ, താങ്കളെപ്പോലെ നിരവധിപ്പേര്‍ അങ്ങനെ കരുതുന്നുണ്ടാവും. ജീവിതം ആസ്വദിക്കാനാവില്ല എന്ന്. ശുഭപ്രതീക്ഷയില്ലാത്ത ഒരാള്‍ക്ക് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നരകമാണ്. അയാളുടെ സ്വര്‍ഗമാകട്ടെ, മറ്റുള്ളവരുടെ നരകവും. തിരമാലകള്‍ പോലെ തിരിച്ചടികള്‍ വന്നുപോവുമ്പോഴും സന്തോഷത്തിന്റെ നിമിഷങ്ങള്‍ പിന്നാലെയുണ്ടെന്ന് പ്രതീക്ഷിച്ചു നോക്കൂ. ഞാനുറപ്പു തരുന്നു ആത്മാരാമന്‍, വേദന കൊണ്ടുപുളയുമ്പോഴും താങ്കള്‍ ചിരിക്കുന്ന നിമിഷങ്ങള്‍ സ്വപ്‌നം കാണും, അത് താങ്കളെയും പരിസരത്തെയും പുതിയ ചൈതന്യം കൊണ്ടു പൊതിയും. പ്രിയസുഹൃത്തേ, ഇതു കേള്‍ക്കൂ. തൂക്കുമരത്തിന് തൊട്ടുമുന്നില്‍ വച്ച് അവസാനനിമിഷം വധശിക്ഷ ഇളവുചെയ്യപ്പെട്ട് ജീവിതത്തിലേക്ക് വന്നവരുണ്ട്! പക്ഷേ, നമ്മില്‍ ഭൂരിഭാഗവും പരിപൂര്‍ണ സ്വതന്ത്രരായി ജീവിക്കുമ്പോള്‍ തന്നെ ഇരുളടഞ്ഞ ദിനങ്ങളെ ഭയക്കുന്നു, അവയെ മനപ്പൂര്‍വമല്ലെങ്കിലും വിളിച്ചുവരുത്തുന്നു…”
“സാര്‍, എനിക്ക് തത്വചിന്തയൊന്നും അറിയില്ല. വലിയങ്ങാടിയിലെ ചുമട്ടുകാരനില്‍ നിന്നും അങ്ങ് കൂടുതല്‍ പ്രതീക്ഷിക്കരുത്. നിര്‍ദ്ദയമായ ഈ ലോകം തകര്‍ത്തുകളഞ്ഞതാണ് എന്റെ ജീവിതം. എല്ലായിടത്തും തോറ്റുപോയ, ആരും സ്‌നേഹിക്കാനില്ലാത്ത ഒരാള്‍ ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. കിട്ടിയത് മടക്കിക്കൊടുക്കാന്‍ ശ്രമിച്ചു. അതില്‍ ഇപ്പോഴും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.” ആത്മാരാമന്റെ വാക്കുകളടഞ്ഞു, കണ്ണുകള്‍ ആയാസം കൊണ്ട് പുറത്തേക്കുതള്ളി.
അനുകമ്പയോടെ ജോബ് അയാള്‍ക്കരികിലേക്ക് വന്നു. പതിവുപോലെ പഞ്ഞിയില്‍ വെള്ളം മുക്കി ചുണ്ടുവെറുതേ നനയ്ക്കുക മാത്രമല്ല, കുറച്ചു വായ്ക്കകത്തേക്ക് ചരിക്കുകയും ചെയ്തു. ആത്മാരാമന്‍ ഒരു പെരുമ്പാമ്പിനെപ്പോലെ നാക്കുനീട്ടി ചുണ്ടില്‍ പറ്റിപ്പിടിച്ചിരുന്ന അവസാനതുള്ളിയും അകത്താക്കി നന്ദിയോടെ പുഞ്ചിരിച്ചു. ജോബ് ഒന്നും പറയാതെ തന്റെ ചാരുകസേരയില്‍ ചെന്നിരുന്നു, മച്ചിലേക്കുനോക്കി ചിന്തയില്‍ മുഴുകി.
“സാറൊന്നും പറഞ്ഞില്ല?”
“എന്തു പറയാനാണ്? ഉറഞ്ഞുപോയ വിശ്വാസങ്ങളെ തിരുത്താന്‍ ഞാന്‍ ആളല്ല മി. ആത്മാരാമന്‍. യുദ്ധക്കെടുതികളില്‍ പെട്ടുപോയ മനുഷ്യരെക്കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടോ? ഉറ്റവരും ഉടയവരും കിടപ്പാടവും ഭക്ഷണവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവര്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പുഴുക്കളെപ്പോലെ അഴുകുന്നവര്‍? താങ്കള്‍ക്ക് ഭയാനകമായി തോന്നുന്ന സംഭവങ്ങള്‍ പലതും അവര്‍ക്ക് ഒരിക്കലും നടക്കാനിടയില്ലാത്ത സ്വര്‍ഗീയാനുഭവങ്ങളായിരിക്കും. വിഭജനകാലത്തെ പഞ്ചാബും ബംഗാളും. രണ്ടാംലോകയുദ്ധകാലത്തെ ജൂതന്‍മാര്‍. സിറിയ, പലസ്തീന്‍. മയാന്‍മറിലെ രോഹിംഗ്യകള്‍, പലായനം ചെയ്യുന്ന യുക്രൈന്‍കാര്‍… അവരില്‍ കുറേപ്പേര്‍ ആ സാഹചര്യങ്ങളെ അതിജീവിക്കും, ലോകത്തെ സ്‌നേഹിക്കും, സന്തോഷിക്കാന്‍ പഠിപ്പിക്കും. എനിക്കൊന്നേ പറയാനുള്ളൂ മി. ആത്മാരാമന്‍. നമ്മളെല്ലാവരും ജനിക്കുന്നത് സ്വതന്ത്രരായാ ണ്. പക്ഷേ, പതുക്കെപ്പതുക്കെ ഇല്ലാദു:ഖങ്ങളുടെയും ദുരനുഭവങ്ങളുടെയും ദുശ്ശീലങ്ങളുടെയും ഇഷ്ടികകള്‍ ഓരോന്നായി ചേര്‍ത്തുവെച്ച് നാം നമുക്കു ചുറ്റും നിരാശയുടെ ഇരുട്ടറകള്‍ നിര്‍മിക്കും. നമുക്കുതന്നെ അവയെ ഭേദിക്കാന്‍ കഴിയാതെ വരും. താങ്കളെപ്പോലെ. ഒരിക്കല്‍പോലും അതു തകര്‍ക്കാന്‍ ആരും ശ്രമിക്കില്ല. ഒന്നു ശക്തിയായി തുമ്മിയാല്‍ തകരുന്ന ചുമരാണെ ങ്കിലും!” ബുക് ഷെല്‍ഫിനടുത്തുള്ള ചുമര്‍ ക്ലോക്കില്‍ നോക്കി നിന്നുകൊണ്ട് ജോബ് തന്നോടുതന്നെയെന്നോണം പറഞ്ഞു നിര്‍ത്തി.
ആത്മാരാമന്‍ ജോബിനെ അവസാന ശക്തിയുമെടുത്ത് അടുത്തേക്ക് വിളിച്ചു. അടക്കിപ്പിടിച്ച കുരപോലെ തോന്നിച്ചു ആ ശബ്ദം. പരിചയം കൊണ്ട് അയാള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ജോബിന് മനസ്സിലാവുന്നതുപോലെ തോന്നി. “ഞാന്‍ പറയുന്നത് സാറിന് മനസ്സിലാവുമോ എന്നറിയില്ല. എങ്കലും കേള്‍ക്കണം. നിരാശയുടെ ഇരുട്ടറകളില്‍ നിലവെള്ളം ചവുട്ടിനിന്നവരാണ് ഇന്നു കാണുന്ന ലോകമുണ്ടാക്കിയത്, മനുഷ്യനെ സൃഷ്ടിച്ചത്. സ്‌നേഹമാഘോഷിച്ച് ആനന്ദം പകുത്തവരല്ല, നിന്ദിതരും പീഡിതരും അസംതൃപ്തരും അസന്തുഷ്ടരു മാണ് അത്ഭുതങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് എന്റെ വിശ്വാസം. കട്ടിപിടിച്ച നിരാശയുടെ ഇരുട്ടില്‍ അരിശത്തോടെ, പ്രതികാരവാഞ്ഛയോടെ അവര്‍ പുതിയ പോരാട്ടങ്ങള്‍ തുടങ്ങിവെക്കുന്നു. സാറൊന്നാലാചിച്ചു നോക്കൂ, ഉള്ളില്‍ അല്‍പ്പമെങ്കിലും കലാപവാസനയില്ലാത്തയാളിന് സൃഷ്ടി നടത്താനാവുമോ? ഓരോ സംഹാരവും ഓരോ സൃഷ്ടിയുടെ തുടക്കമാണ്.”
പെട്ടെന്ന് തലയ്ക്കടി കിട്ടിയതുപോലെ തോന്നി ജോബിന്. പക്ഷേ, ആത്മാരാമന്‍ നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. ‘സാര്‍ അഭയാര്‍ത്ഥികളുടെയും യുദ്ധക്കെടുതികളുടെയും അത് അതിജീവിക്കുന്നവരുടെയും കാര്യം പറഞ്ഞില്ലേ? സാറിനെപ്പോലെ അറിവുള്ളവര്‍ അങ്ങനെ പറയരുത്. ഇവിടെ നമ്മുടെ തലച്ചോറിലാണ് ജീവിതം അതിന്റെ എല്ലാ അനുഭവങ്ങളോടെയും അരങ്ങേറുന്നത്. ഐസിസ് ക്യാമ്പിലകപ്പെട്ട യസീദി പെണ്‍കുട്ടി അനുഭവിക്കുന്നതിനേക്കാള്‍ ഭീകരമായ അനുഭവം മൂന്നാറില്‍ തന്റെ ലായം വിട്ടുപുറത്തിറങ്ങാത്ത ഒരു പെണ്‍കുട്ടിക്കുണ്ടാവാം. വേണ്ടതിലധികം കപ്പാസിറ്റിയുള്ള ഈ മനസ്സാണ് സാര്‍ പ്രശ്നം, വക്കുപൊട്ടിയ എന്റെയീ മനസ്സ്!”
അറിയാതെ ഒരു തേങ്ങല്‍ ആത്മാരാമന്റെ കണ്ഠം വിട്ടു പുറത്തുവന്നു. അയാളുടെ കണ്ണുകള്‍ തെരുതെരെ മിന്നിയടഞ്ഞു. എന്തോ ജോബിന് ഒന്നും പറയണമെന്ന് തോന്നിയില്ല. നിശബ്ദമായി അയാള്‍ വീണ്ടും ഒരു ഗ്ലാസ് മദ്യം നിറച്ചു. ഗ്ലാസുമായി ഹോളില്‍ അലക്ഷ്യമായി ഉലാത്തി. തിരിച്ചുവന്ന് മേശപ്പുറത്തെ പൊതിയഴിച്ച് ഒരു ആപ്പിളെടുത്തു മുറിച്ചു കഴിക്കാന്‍ തുടങ്ങി.
“സാര്‍, തുടര്‍ന്നോട്ടെ? ആരോടെങ്കിലും ഇതൊക്കെ പറയണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ഞാനും ജീവിതം എന്‍ജോയ് ചെയ്തിട്ടുണ്ട്. രാജലക്ഷ്മിയായതില്‍പ്പിന്നെ ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഓരോ ആത്മഹത്യാശ്രമവും എനിക്ക് അളവില്ലാത്ത ആനന്ദം തന്നു. പച്ചമുറിവില്‍ സ്പിരിറ്റ് തേക്കുമ്പോഴുണ്ടാവുന്ന അനുഭവം! ഓരോ സിരകളിലും കത്തിക്കയറുന്ന നീറ്റല്‍… ജീവന്‍ പണയംവെച്ച് മലകയറുന്നയാള്‍ക്ക് ഒടുവില്‍ കിട്ടുന്ന ഒരു സുഖമുണ്ട് സാര്‍. കൈകാലുകള്‍ കഴച്ച് പൊട്ടുമ്പോഴും, അത്യദ്ധ്വാനം കാരണം ഹൃദയം ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് ഭയപ്പെടുത്തുമ്പോഴും അതിനുമുപരിയായി നില്‍ക്കുന്ന ഒരുന്മാദം. പിടയുന്ന ജീവനുകളുടെ അവസാന നിമിഷങ്ങളെക്കാള്‍ രോമാഞ്ചകാരിയായി മറ്റൊന്നുമില്ല സാറേ. അവരുടെ പരാജയങ്ങള്‍ എന്നെ വേദനിപ്പിച്ചു, വിജയങ്ങള്‍ സ്വര്‍ഗീയനുഭൂതിയായി. അരമണിക്കൂറപ്പുറം കാത്തിരിക്കുന്ന മരണവും എന്നെ സന്തോഷിപ്പിക്കുന്നു. വളരെ നന്ദി സാര്‍.” അയാള്‍ നിറഞ്ഞ ആനന്ദത്തോടെ ചിരിച്ചു. ജോബിനെ കഴയ്ക്കുന്ന കണ്ണുകളാല്‍ നന്ദിപൂര്‍വം തഴുകി.
“വിരോധമില്ലെങ്കില്‍ സാര്‍, ഒന്നു ചോദിച്ചോട്ടെ. ഇനി ചോദിക്കാന്‍ പറ്റിയില്ലെങ്കിലോ? അങ്ങ് ജീവിതം ആസ്വദിക്കുകയാണോ? അതിന് കഴിഞ്ഞിട്ടുണ്ടോ?”
ജോബിന് പെട്ടെന്ന് കോപം ഇരച്ചുകയറുന്നതുപോലെ തോന്നി. “വൃത്തികെട്ട മനുഷ്യാ, യൂ ആര്‍ ദി ലിമിറ്റ്! എന്റെ ആനന്ദം മറ്റുള്ളവരുടെ… അതായത്… അല്ലെങ്കില്‍ വേണ്ട. ഞാനതൊക്കെ തന്റെ മുമ്പില്‍ വിളമ്പേണ്ട കാര്യമില്ല. അല്ലെങ്കില്‍ പറയാം. ഞാനും നിങ്ങളെപ്പോലെ… ഓ, ഹോളി ഷിറ്റ്!” ജോബിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതുപോലെ അയാള്‍ക്ക് തോന്നി.
അയാള്‍ മെല്ലെ ജോബിന്റെ കൈപിടിച്ചു. വിനയത്തോടെ ചോദിച്ചു. “ഞാനിവിടെ എത്രാമത്തെ രോഗിയാണ് സാര്‍?” ജോബ് ഞെട്ടിപ്പോയി. അയാള്‍ ഗ്ലാസെടുത്ത് ഒരിറിക്കു മദ്യം കൂടി അകത്താക്കി. പിന്നെ ടൈ അഴിച്ചു, ഷേര്‍ട്ടിന്റെ മുകളിലത്തെ മൂന്നു കുടുക്കുകള്‍ അഴിച്ചിട്ടു. 17 ഡിഗ്രി ചൂടിലും അയാള്‍ വിയര്‍ത്തൊഴുകി. സുഗന്ധം പൂശിയ തൂവാല പുറത്തെടുത്ത് മുഖവും കഴുത്തും ഒപ്പിയശേഷം ജോബ് വീണ്ടും കട്ടിലിനടുത്തു വന്നു. “മി. ആത്മാരാ മന്‍, വേണ്ടാത്ത കാര്യങ്ങള്‍ താങ്കളന്വേഷിക്കണ്ട. വിജ്ഞാനദാഹം തീര്‍ക്കാന്‍ പറ്റിയ സമയമല്ലിത്.’ പുച്ഛവും പരിഹാസവും ചേര്‍ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. മേശപ്പുറത്തിരുന്ന ലെഡ്ജര്‍ അലക്ഷ്യമായി അയാള്‍ മറിക്കാന്‍ തുടങ്ങി.
“എനിക്കറിയാം സാര്‍, ഞാന്‍ പതിമൂന്നാമനാണ്. എന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് 13-ാം പേജിലാണ്! പന്ത്രണ്ടുപേരെയും സാര്‍ ഇതുപോലെ പുറത്ത് അഴുക്കും ചോരയും പറ്റാതെ കൃത്യസമയത്ത് പറഞ്ഞയച്ചോ? സാറിന്റെ വിജയം നൂറുമേനിയാണ്. പതിമൂന്നില്‍ പതിമൂന്ന്. ഞാന്‍ തോറ്റു. ഇരുപതില്‍ നാല്. വെറും 20 ശതമാനം!” ആത്മാരാമന്‍ ചിരിക്കാന്‍ തുടങ്ങി, ഒച്ചയില്ലാത്ത, എന്നാല്‍ പേടിപ്പിക്കുന്ന ചിരി. അതിന്റെ അധ്വാനത്തില്‍ അയാളുടെ മുഖമാകെ വലത്തേക്ക് കോടിപ്പോയി.
ജോബിന്റെ കൈകള്‍ തരിച്ചു. കഴുത്തുഞെരിച്ചു കൊല്ലാനെന്ന വണ്ണം കട്ടിലിനടുത്തേക്കു പാഞ്ഞെങ്കിലും സ്വയം അടക്കി. “ചില്‍ ബേബി, ചില്‍” എന്നു പത്തു പ്രാവശ്യം സ്വയം പറഞ്ഞു. ഒരിറിക്കു മദ്യം കൂടി. അയാള്‍ മെല്ലെ പഴയ താളം വീണ്ടെടുത്തു. എന്നിട്ട് യാന്ത്രികമായ കൃത്യതയോടെ സംസാരിച്ചു തുടങ്ങി.
“മി. ആത്മാരാമന്‍, ഇത്രയും മാത്രം ഞാന്‍ പറയാം. ലോകത്ത് ശുഭാപ്തി വിശ്വാസമുള്ളവരുടെ ശതമാനം നന്നേ കുറവാണ്. പക്ഷേ, നമ്മുടെ വംശം ഇന്നു കാണുന്ന ഉയരങ്ങളിലെത്തിയത് ശുഭാപ്തിവിശ്വാസമുള്ള കുറച്ചുപേരുടെ സ്വപ്‌നങ്ങളുടെയും പ്രയത്‌നങ്ങളുടെയും ബലത്തിലാണ്. നമ്മള്‍ അതിനെ ഊതിപ്പെരുപ്പിക്കുകയാണ് വേണ്ടത്, കെടുത്തുകയല്ല. കെടുത്തേണ്ടത് നിങ്ങളെപ്പോലെ നിരാശയും നിഷേധാത്മകതയും ഒളിച്ചോട്ടവും പഠിപ്പിക്കുന്നവരെയാണ്. ഇനി 20 മിനിട്ട്. താങ്കള്‍ക്ക് ഉറങ്ങുകയോ, സ്വപ്‌നം കാണുകയോ ആവാം. ശുഭരാത്രി, സോറി ശുഭമൃത്യു, ആത്മാരാമന്‍!”
ജോബ് തിരിഞ്ഞു നടക്കുമ്പോൾ അയാൾ പിന്നിൽ നിന്നും ദയനീയമായി വിളിച്ചു. “സാർ!, അവസാനമായി ഒരു ഹസ്തദാനം എനിക്ക് തരില്ലേ?”
എന്തോ മറന്നതുപോലെ, തെല്ലു കുറ്റബോധത്തോടെ ജോബ് തിരിച്ചുവന്ന് അയാളുടെ കൈ പിടിച്ചുകുലുക്കി. പെട്ടെന്നാണ് കൈയിലെ പിടിത്തത്തിന് ശക്തി കൂടുന്നതും കട്ടിലിലേക്ക് ആത്മാരാമൻ തന്നെ ബലമായി വലിച്ചടുപ്പിക്കുന്നതും ജോബ് മനസ്സിലാക്കിയത്. കുതറി മാറാൻ അയാൾ ശ്രമിക്കുന്നതിനിടെ ആത്മാരാമൻ കട്ടിലോടെ നിലത്തേക്കുമറിഞ്ഞു. ആലിംഗനബദ്ധരായി ആത്മാരാമനും ജോബും, മുകളിൽ ഭാരമേറിയ തേക്കു കട്ടിൽ. അവർക്കു ചുറ്റും രക്തം തളംകെട്ടി നിന്നു. ബക്കറ്റ് മറിഞ്ഞ് ഒഴുകിപ്പരന്ന ചോര.
സമചിത്തത വീണ്ടെടുക്കുമ്പോൾ ഭ്രാന്തമായി എന്തോ പറയാൻ ശ്രമിക്കുന്ന ആത്മാരാമനെയാണ് ജോബ് കണ്ടത്. അയാൾ കൈത്തണ്ടയിലേക്ക് വിരൽ ചൂണ്ടി.
“സമയം? ഏഴേമുക്കാലായി,” ജോബിന് ചിരി വന്നു. സമയം നോക്കാൻ പറ്റിയ സമയം! തന്നെ കെട്ടിപ്പുണർന്ന് കിടക്കുന്ന അയാളുടെ തല പിളർന്നിട്ടുണ്ട്. തലച്ചോർ പുറത്തുകാണാം. രക്തത്തിന്റെ നിഴലാട്ടം മാത്രമേയുള്ളൂ.
“ഇനി പതിനഞ്ചു മിനിട്ട്,” ശബ്ദമാകാൻ വെമ്പുന്ന ആത്മാരാമന്റെ ശ്വാസം പറഞ്ഞു.
“ഒരാഗ്രഹം കൂടി സാർ. പറ്റില്ലെന്നു പറയരുത്,” ആത്മാരാമന്റെ ശ്വാസം വീണ്ടും. കട്ടിൽ തള്ളിമാറ്റി എഴുന്നേൽക്കുകയായിരുന്നു ജോബ്.
“താങ്കൾ പറയൂ, കേൾക്കട്ടേ.”
ആത്മാരാമൻ പറയാൻ ശ്രമിച്ചെങ്കിലും ശ്വാസം പുറത്തുവന്നില്ല. അത്രയ്ക്ക് അയാൾ അവശനായിരുന്നു.
സർവശക്തിയുമെടുത്ത് അയാൾ തറയിലുരുണ്ടു. അതിനിടെ ഒന്നുരണ്ടുകവിൾ രക്തം അയാൾ കുടിച്ചുവോയെന്ന് ജോബ് സംശയിച്ചു. രക്തം അധികം പടരാത്ത ഭാഗത്തേക്ക് ജോബ് അയാളെ നീക്കിക്കിടത്തി. ആത്മാരാമൻ എന്തിനുള്ള പുറപ്പാടാണെന്ന് ഊഹിക്കാൻ ജോബ് കിണഞ്ഞു ശ്രമിച്ചു.
കമിഴ്ന്ന് കിടന്ന് അയാൾ ചോര പുരണ്ട നിലത്ത് എന്തോ എഴുതുന്നുണ്ടായിരുന്നു. ചോരയിൽ മുങ്ങിയ ഷേർട്ട് പിഴിഞ്ഞ് കുടയുന്നതിനിടെ കുനിഞ്ഞുനിന്ന് ജോബ് അത് വായിച്ചു. “സാർ, ആത്മഹത്യ. എന്റെ ഏറ്റവും വലിയ സ്വപ്നം. ആ കത്തി എടുത്തു തരണം. സഹായിക്കണം!”
ഒന്നും പറയാതെ ജോബ് മേശപ്പുറത്തുനിന്നും കത്തിയെടുത്ത് അയാൾക്കടുത്തേക്ക് നീക്കിയിട്ടുകൊടുത്തു. പിന്നെ, ഒരു ഗ്ലാസ് മദ്യം നിറച്ച് ചാരുകസേരയിൽ കിടന്നു കണ്ണടച്ചു. ആത്മാരാമനാകട്ടെ, ഒരു ആപ്പിൾ മുറിക്കുന്ന ഭാവത്തോടെ കത്തി സ്വന്തം കഴുത്തിൽ വെച്ചു.
എത്രനേരമാണ് ഉറങ്ങിയതെന്ന് ജോബിനറിയില്ല. ഉണരുമ്പോഴും നിറഞ്ഞ മദ്യഗ്ലാസ് കൈയിലുണ്ടായിരുന്നു. ആത്മാരാമനെവിടെ എന്നാലോചിച്ച് അയാൾ മുന്നോട്ടുനടന്നു. അതാ അവിടെ, അയാൾ ചത്തുമലച്ചു കിടക്കുന്നു! കാലുകൾ ചേർത്തുവെച്ച്, കൈകൾ ഇരുഭാഗത്തും ഭൂമിക്ക് സമാന്തരമായി നീട്ടിവെച്ച്. ചോരപുരണ്ട ഒരു നീളൻ മരക്കുരിശുപോലെ. അതിന്റെ ചുവട്ടിൽ ചോരകൊണ്ട് അയാൾ എഴുതിവച്ചിരിക്കുന്നു.
“സഹോദരാ, ഞാനുണ്ട് കൂടെ. നമ്മളൊന്നാണ്!”
പൊട്ടിക്കരഞ്ഞുകൊണ്ട് ജോബ് ആത്മാരാമന്റെ കാൽച്ചുവട്ടിൽ മുട്ടുകുത്തി. ചോര ഉണങ്ങിപ്പിടിച്ച എല്ലിച്ച പാദങ്ങളെ പ്രാർത്ഥനാപൂർവം ചുംബിച്ചു.