അടുക്കളയിൽ എലിയുടെ അരാജകത്വം. ഫ്ലാറ്റാണ്. നാലാം നിലയാണ്. ബന്ധവസാണ്. എന്നിട്ടാണിങ്ങനെ. ജനാലകൾ തോറും പാകിയ ലോഹനൂലുകൾ കോർത്ത കൊതുകരിപ്പകളിലൊന്ന് കടിച്ചു മുറിച്ചാണവൻ അകത്തു കയറാറുള്ളതെന്ന് കണ്ടെത്തിക്കഴിഞ്ഞു. നേരിട്ടാരും അതിനെ ഇതുവരെയും കണ്ടിട്ടില്ല. ഒറ്റയ്ക്കാണോ അധികം പേരുണ്ടോ എന്നൊന്നും ഒരൂഹവുമില്ല. അടുക്കള അടയ്ക്കുന്ന രാത്രിനേരം നോക്കി വരികയും നേരം വെളുക്കും മുമ്പ് സ്ഥലം കാലിയാക്കുകയുമാണ് പതിവെന്നൂഹിക്കാം.
അടുക്കളയിലെ ജനൽ പാളികളിലൊന്നിലൂടെ ബയോഗ്യാസിന്റെ ട്യൂബ് കടന്നു വരുന്നതിലൂടെയാണ് അവന്റെ പോക്കുവരവ് തിരിച്ചറിഞ്ഞിട്ടും പ്രതിരോധിക്കാനാകാത്തതിന്റെ പ്രധാനകാരണം. ട്യൂബ് കാരണം ആ പാളി അടയ്ക്കാനൊക്കില്ല. ബയോഗ്യാസ് ട്യൂബിന് സമീപം കൊതുക് വലയിൽ അവനുണ്ടാക്കിയ ഓട്ട ആദ്യം കുറച്ച് തുണി തിരുകിയടച്ചു. തുണിയവൻ കച്ചറം പുച്ചറം വലിച്ചുകീറി. പിന്നെ, കട്ടിയുള്ള തെർമ്മോകോൾ കഷ്ണം കൊണ്ടടച്ചു നോക്കി. പിറ്റേന്ന് പാതാമ്പുറത്തും അടുക്കളത്തറയിലും തെർമ്മോകോളിന്റെ സ്ഫടിക മുത്തുകൾ പറന്നു നടന്നു.
”വെഷം വയ്ക്കണം. ശവത്തിന്റെ അഹങ്കാരം അതോടെ തീരും.” അമ്മയ്ക്ക് ഹാലിളകി
”കൊല്ലണ്ട രമണീ, ഓടിച്ചു വിട്ടാമതി. അതെവിടേലും പോയി ജീവിക്കട്ടെ.” അച്ഛൻ ഫോണീന്ന് കണ്ണെടുക്കാതെ പറഞ്ഞു.
”ഓ… ഒരു മഹാത്മാഗാന്ധി! ആ നശിച്ച ഫോണെടുത്ത് ദൂരെക്കളഞ്ഞിട്ടു അടുക്കളേലൊന്ന് കേറി നോക്ക് മനുഷ്യാ. എന്നിട്ടാ നശൂലം കാണിച്ച് വച്ചേക്കണത് കണ്ടിട്ട് പ്രസംഗിക്ക്. സകലതും തള്ളിയിട്ടു. സകലതും കുത്തിക്കീറി. അതിനെ എന്റെ കയ്യീ കിട്ടണം.” അമ്മ നിന്നു വിറച്ചു.
അച്ഛൻ ചായകുടീം പത്രപാരായണവും മിനിട്ടിനു മിനുട്ടുള്ള സോഷ്യല്‍ മീഡിയ പ്രവര്‍ത്തനവും മുറപോലെ പൂർത്തിയാക്കി പതിവ് തെറ്റിച്ച് അടുക്കളയിലേക്ക് ചെന്നു. ശരിയാണ്, കുറേയേറെ പാത്രങ്ങളും ടിന്നുകളും മറിച്ചിട്ടിരിക്കുന്നു. അരിയും മാവും മുളകുമെല്ലാം സൂക്ഷിച്ചിരുന്ന ചെറിയ സഞ്ചികൾ കുത്തിക്കീറി ഉള്ളിലുള്ളതെല്ലാം പുറത്താക്കിയിരിക്കുന്നു. ഭാര്യയുടെ പ്രതിഷേധ പ്രകടനത്തിൽ കാര്യമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് അച്ഛന് തോന്നി.
അച്ഛൻ കട്ടിയുള്ളൊരു തടിക്കഷ്ണം കിട്ടുമോ എന്നന്വേഷിച്ചു കുറേസമയം കളഞ്ഞു. അതുവച്ച് ഓട്ടയടക്കാനായിരുന്നു പ്ലാൻ. തടിയാവുമ്പോൾ എലിയ്ക്ക് തുരക്കാൻ പാടാണല്ലോ. ഫ്ലാറ്റിലെ സെക്യൂരിറ്റിയോടും ചോദിച്ചു നോക്കി. അടുത്ത ഫ്ലാറ്റുകളിലന്വേഷിക്കാൻ അച്ഛന്റെ ഈഗോ അനുവദിച്ചതുമില്ല, അതുമൊരു നിസാരനായ എലിയെ തളയ്ക്കാൻ വേണ്ടി. ഒടുവിൽ അങ്കിൾ സാം ഐസ്ക്രീം വാങ്ങിയ പാട്ടയുടെ പ്ലാസ്റ്റിക് അടപ്പുകൊണ്ട് അച്ഛനൊരു പരിചയുണ്ടാക്കി, കട്ടിയുള്ള ഇൻസുലേഷൻ ടേപ്പ് കൊണ്ടൊട്ടിച്ച് എലിയുടെ പോക്കുവരവ് പാതയുടെ മുഖമങ്ങടച്ചു.
ആദ്യമായി അച്ഛൻ വീട്ടുകാര്യങ്ങളിൽ ഇടപെട്ടതിൽ അമ്മയും ഹാപ്പിയായിട്ടുണ്ടാവും. അന്നു രാത്രിയവർ ഉറങ്ങും മുമ്പ് കുറച്ചു നേരം പരസ്പരം നോക്കി കിടന്നിട്ടുണ്ടാവും. ചിലപ്പോളൊരൽപ്പം മനസ് തുറന്ന് ചിരിച്ചിട്ടുമുണ്ടാവും. അതോർത്തപ്പോൾ എനിക്കും ചിരി വന്നു. അനവസരത്തിൽ വരുന്ന ചില അതിഥികളായിരിക്കും പലപ്പോഴും നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ.
പക്ഷേ, പിറ്റേന്ന് കാലത്ത് അടുക്കളയുടെ അവസ്ഥ കണ്ട അമ്മ, ദിവസം തുടങ്ങിയത് തന്നെ ആ മൂഷികനെ കുടുംബമടക്കം പ്രാകിക്കൊണ്ടായിരുന്നു.
”ആ നശിച്ച ജന്തു ഈ ഫ്ലാറ്റിനകത്തു തന്നെയുണ്ട്…” തലവഴി പുതച്ച് അതിനകത്തൊരു എലി പോലെ ചുരുണ്ടു കിടന്നുറങ്ങിയ അച്ഛനെ അമ്മ കുലുക്കിയുണർത്തി അട്ടഹസിച്ചു.
”ഒന്നുകിലത്. അല്ലേൽ ഞാൻ. ഒരാൾ മതിയിവിടെയിനി. ആരുവേണമെന്ന് നിങ്ങളിപ്പൊ തീരുമാനിക്കണം.”
അങ്കിൾ സാം ഐസ്ക്രീം പാട്ടകൊണ്ട് അച്ഛനുണ്ടാക്കിയ പ്ലാസ്റ്റിക് ഭിത്തി സുരക്ഷിതമായി അവിടെത്തന്നെയുണ്ട്. മറ്റെങ്ങും പുതിയ ദ്വാരങ്ങളുമില്ല. അപ്പൊ ആള് അകത്തു തന്നെയുണ്ട്. ഒരെലിപ്പെട്ടി വാങ്ങി ബുദ്ധിപൂർവ്വമതിനെ ട്രാപ് ചെയ്ത് ദൂരെയെവിടേലും കൊണ്ട് കളയാമെന്ന് അച്ഛൻ പറഞ്ഞു. പക്ഷെ, മരണത്തിൽ കുറഞ്ഞൊരു ശിക്ഷയ്ക്കും അമ്മയ്ക്ക് സമ്മതമല്ലായിരുന്നു. ഗത്യന്തരമില്ലാതെ ഒരു കൊലപാതകത്തിന് അച്ഛൻ സമ്മതിച്ചു. കൊല ചെയ്യാനുള്ള റെഡിമെയ്ഡ് വിഷക്കൂട്ട് വാങ്ങി വരേണ്ട ചുമതല കൂടി അഹിംസാവാദിയായ അച്ഛന് ഏറ്റെടുക്കേണ്ടി വന്നു. കടയിലേക്ക് നടക്കുന്ന വഴി അച്ഛനൊരു കുറിപ്പെഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു,
‘അദൃശ്യനായൊരു ശത്രു നമുക്കിടയിൽ എപ്പോഴുമുണ്ട്. ഓരോ നിമിഷവും അതവിടെയുണ്ടെന്നുള്ള ബോധ്യം തന്നെയാണതുള്ളതിന്റെ തെളിവും. അദൃശ്യനായതുകൊണ്ടുതന്നെ നേരിട്ടെതിർക്കുക പ്രയാസം. തഞ്ചത്തിൽ കീഴ്പ്പെടുത്തണം. പുതിയ സൂത്രങ്ങൾ മെനയണം.’
അന്ന് ഈ പോസ്റ്റ് വായിക്കുമ്പോൾ, അച്ഛനേതോ പുതിയ ബ്രാൻഡ് ട്രൈ ചെയ്തതാണെന്നേ ഞാൻ കരുതിയുള്ളൂ. അടുക്കളയിൽ പലയിടങ്ങളിലായി വിഷമൊളിപ്പിക്കുമ്പോൾ, ഫ്രിഡ്ജിന്റെ മറവിലോ കബോഡിന് പിറകിലോ ഇരുന്ന് എലി ആ കാഴ്ച കാണുന്നുണ്ടെന്ന് കരുതി, ‘വാടാ വന്ന് തിന്നെടാ, ഇതാണ് നിന്റെ ലാസ്റ്റ് സപ്പർ’ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷേ, വിഷപ്രയോഗവും പരാജയമടഞ്ഞു. പിറ്റേന്നും അടുക്കളയുടെ ഗതി തഥൈവ. എലിയുടെ പൂർവ്വികർ അതിരാവിലെ അവരവരുടെ ഫോസിലുകൾക്കുള്ളിൽ എണീറ്റുനിന്നു തുമ്മിക്കാണണം. സകല പരാക്രമങ്ങളും കാണിച്ച ആ എലി, വിഷം മാത്രം തൊട്ടിട്ടില്ലാന്ന് അമ്മ കണ്ടുപിടിച്ചു.
ഇനി എലിതന്നെയല്ലേ വില്ലൻ? വേറെ ആരെങ്കിലുമാണോ? അമ്മയുമച്ഛനും കൂടിയാലോചന നടത്തി. സാഹചര്യത്തെളിവുകൾ എലിയിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്. എതിരാളി അദൃശ്യനായി നിൽക്കുന്നിടത്തോളം ഇനിയെന്ത് ചെയ്യുമെന്നത് ഒരു പ്രഹേളികയാണെന്ന് അച്ഛൻ പറഞ്ഞു. ഈ പ്രഹേളിക എന്താണെന്നാലോചിച്ച് അമ്മ കൈയിൽ താടി താങ്ങിയിരുന്നു. ആള് അകത്തുണ്ടെന്ന് ഉറപ്പായ സ്ഥിതിക്ക്, പുറത്തേക്ക് പോകാനുള്ള ഏകവഴിയിലെ അങ്കിൾ സാം നിർമ്മിത ബാരിക്കേഡ് തൽക്കാലം നീക്കം ചെയ്തു കൊടുക്കാൻ തീരുമാനമായി.
പിന്നീടുള്ള മൂന്നു നാല് ദിവസത്തേക്ക് യാതൊരു പ്രശ്നവുമുണ്ടായില്ല. അച്ഛനും അമ്മയും വീടും അടുക്കളയും എല്ലാം പഴയപടിയായി. എലികരണ്ട കൊതുകുവല മാറ്റി പുതിയതിടുന്ന കാര്യം അമ്മ അച്ഛനെ ദിവസേന രണ്ടുതവണ വീതം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നത് മാത്രമാണ് പുതിയ വിശേഷം.
പക്ഷേ, അഞ്ചാം നാൾ കഥ മാറി. അവർ ഉറക്കമുണർന്നത് തന്നെ അസഹ്യമായൊരു ദുർഗന്ധം മൂക്കിലേക്കാഞ്ഞു പതിച്ചതിന്റെ ഉഗ്ര പ്രഹരമേറ്റുകൊണ്ടാണ്. ഫ്ലാറ്റിനകം മുഴുവൻ നാറ്റം. രണ്ടാൾക്കും ഓക്കാനം തികട്ടി. അപ്പൊ ശത്രു കീഴ്പ്പെട്ടിരിക്കുന്നുവെന്നത് തീർച്ച. ഓക്കാനിക്കുമ്പോഴും വിഷമേറ്റതിൽ അമ്മ ഹാപ്പിയായി. മൂക്കുമൂടിക്കെട്ടി, ജീർണിച്ച മൂഷികശവം തേടി അവർ വീടിനകം മുഴുവൻ തപ്പി. കഠിനമായ നാറ്റം കാരണമവർക്ക് വിശന്നില്ല. ദുര്‍ഗന്ധം കൂടി ചേർന്നൊരു കൊഴുത്ത ദ്രാവകം തൊണ്ടയിൽ തടയുമ്പോളതുമാത്രം കുടിച്ചിറക്കി. അതുകൊണ്ടുതന്നെ ബ്രേക്ഫാസ്റ്റോ ഉച്ചയൂണോ ഉണ്ടാക്കാത്തതെന്തെന്ന് ചിന്തിക്കുകയോ പരിഭവം പറയുകയോ ഉണ്ടായില്ല.
വൈകുന്നേരത്തോടെ ആ നാറ്റമവർക്ക് വലിയൊരു ബുദ്ധിമുട്ടല്ലാതായി. കുറേക്കൂടി കഴിഞ്ഞപ്പോൾ തീരെ നാറ്റമില്ലാതായെന്ന് തന്നെ തോന്നി. അപ്പോഴേക്കും വിശന്നു. അമ്മ അടുക്കളയിലേക്കു പോയി. അച്ഛൻ ശവം തിരയൽ തുടർന്നു. വസ്ത്രങ്ങളും പുസ്തകങ്ങളും പാത്രങ്ങളും ഫയലുകളും മറിച്ചിട്ട് പരിശോധന തുടർന്നു. കട്ടിലും മെത്തയും അലമാരയും ഫ്രിഡ്ജും വാഷിംഗ് മെഷീനും സ്ഥാനം മാറ്റി വച്ചു തിരഞ്ഞു. ഇനി ഈ നാറ്റം പുറത്തുനിന്നാണോ വരുന്നതെന്നറിയാൻ അച്ഛൻ പതിവില്ലാതെ പുറത്തൊക്കെ ഒന്നു കറങ്ങി നടന്നു. ഒന്നും കിട്ടിയില്ല. ഫ്ലാറ്റിനകം ഒരു മരണവീടുപോലെ മൂകവും ശ്മശാനം പോലെ ഭീതിതവുമായിരുന്നു അന്നേരാത്രി.
പിറ്റേന്നുച്ചയോടെ ഞാനെത്തുമ്പോഴും സ്ഥിതി ഇതുതന്നെ. ദുർഗന്ധത്തിന്‍റെ ബോക്സിംഗ് ഗ്ലൗസ് കൊണ്ട് മൂക്കിലാഞ്ഞിടിച്ചു കൊണ്ടാണ് ഫ്ലാറ്റെന്നെ സ്വീകരിച്ചത്. അകത്ത് കയറിയയുടനെ ഞാൻ ഛർദ്ദിച്ചു. നിലയ്ക്കാത്ത ഓക്കാനം കാരണം തളർന്നിരിക്കുമ്പോഴാണ് അമ്മ ഈ കഥയൊക്കെ പറയുന്നത്. അന്നത്തെ തിരച്ചിലിന് ഞാനും കൂടി. ഓരോ മുറിയിലെയും ഓരോ സാധനവും പ്രത്യേകം പ്രത്യേകം എടുത്ത് മാറ്റി വച്ച് സൂക്ഷ്മമായ സെർച്ചാണ് ഞാൻ നടത്തിയത്. രാത്രിയോടെ ഞാനുമാ ഗന്ധത്തോട് സമവായത്തിലായി.
”ഈ നാറ്റം മാത്രമിവിടെയിട്ടിട്ടീ ശവമിതെവിടെപ്പോയി?!” അത്താഴത്തിനിടയിൽ ആത്മഗതം പോലെ അച്ഛൻ ചോദിച്ചു.
ഇനി തിരയാന്‍ ഒരിഞ്ചു സ്ഥലവും ബാക്കിയുണ്ടായിരുന്നില്ല. അതിനാല്‍ രണ്ടരദിവസം നീണ്ടുനിന്ന തിരച്ചില്‍ പിറ്റേന്നുച്ചയോടെ ഔദ്യോഗികമായി ഞങ്ങള്‍ അവസാനിപ്പിച്ചു. പക്ഷെ നാറ്റമുണ്ടെന്നത് സത്യമാണ്. എന്തായാലും മറ്റു ഫ്ലാറ്റുകാരൊന്നും പരാതിയുമായി വന്നില്ല. ദുർഗന്ധം അവിടെ വരെ എത്തുന്നുണ്ടാവില്ല. കറണ്ട് ബിൽ കൊണ്ടത്തരാൻ വന്നപ്പോൾ സെക്യൂരിറ്റി മാത്രം പറഞ്ഞൂ,
‘എന്തോ ചത്തു ചീഞ്ഞ് നാറുന്നുണ്ട് കേട്ടോ സാറേ.’
‘ആണോ. ആ നോക്കാം’ എന്നു പറഞ്ഞ് അച്ഛൻ വേഗം കതകടച്ചു.
പിന്നീടങ്ങോട്ട് ശ്വാസം മുട്ടലിന്റെ ദിവസങ്ങളായിരുന്നു. ‘ഫോർ എഫീന്നൊരു നാറ്റമുണ്ടല്ലോ, എന്താണതെ’ന്ന് ആരെങ്കിലും ചോദിക്കുന്നതും ഭയന്ന് ഞങ്ങളീ ചുമരുകൾക്കുള്ളിലിരുന്ന് വീര്‍പ്പുമുട്ടി. നാറ്റമല്ലേ, കുറച്ചു ദിവസം കഴിയുമ്പോഴങ്ങ് പോകുമെന്നാശ്വസിച്ച് ഞങ്ങളിതിനകത്ത് ജീവിച്ചു പോന്നു. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും അതിവിടെത്തന്നെയുണ്ടായിരുന്നു. പുറത്തെവിടേലും പോയി വന്ന് ഫ്ലാറ്റിൽ കയറുമ്പോൾ അത് ശരിക്കുമറിയാൻ പറ്റും. നാറ്റം പുറത്തു അറിയാതിരിക്കാൻ ഒരാൾക്ക് കഷ്ടിച്ച് പുറത്തിറങ്ങാൻ പാകത്തിന് മുൻവാതിൽ തുറക്കാനും പെട്ടന്നടയ്ക്കാനും ഞങ്ങൾ ശീലിച്ചു. പുറത്തു നിന്ന് അധികമാരും ഞങ്ങളെ തേടി വരാറില്ലാത്തത് ഭാഗ്യമാണെന്ന് അമ്മ പലനേരം പറഞ്ഞാശ്വസിക്കും. എന്നാലും ഒരു പേടിയാണ്. അപ്രതീക്ഷിതമായി ആരെങ്കിലും വന്നാലോ?
പുറത്തിറങ്ങുമ്പോഴും ആൾക്കാരുടെ അടുത്തു ചെല്ലാൻ ഞങ്ങൾക്ക് ഭയമായിരുന്നു. ശരീരത്തിനും വസ്ത്രത്തിനും നാറ്റമുണ്ടാകാതെ തരമില്ലല്ലോ. നമ്മളറിയുന്നില്ലെങ്കിലും നമ്മളോട് ചേർന്നുള്ള അന്തരീക്ഷം നിറയെ അതാണെന്ന് നമുക്കിപ്പോ അറിയാം. ‘രമേശാ / രമണീ/ രതീഷേ എന്താടേ നിന്നെയൊരു നാറ്റ’മെന്നാരെങ്കിലും പറയുമോയെന്ന് ഭയന്ന് ഞങ്ങൾ പിന്നെ തീരെ പുറത്തിറങ്ങാതായി.
ദുർഗന്ധപൂരിതമായൊരു അവധിക്കാലം കഴിഞ്ഞിട്ടും എനിക്ക് ഹോസ്റ്റലിലേക്ക് തിരികെ പോകാന്‍ തോന്നിയില്ല. പുറത്തിറങ്ങിയാല്‍, ബസില്‍ കേറിയാല്‍, ഹോസ്റ്റലില്‍ ചെല്ലുമ്പോള്‍, ക്ലാസ്സിലിരിക്കുമ്പോള്‍ ഒക്കെ ആള്‍ക്കാര്‍ എന്നെ നോക്കി മൂക്കുപൊത്തുന്നത് ഞാന്‍ സ്വപ്നം കണ്ടുണർന്നു. ചിക്കന്‍ പോക്സ് പിടിപെട്ടെന്നും കാലൊടിഞ്ഞെന്നും ഗ്രാൻഡ് ഫാദർ ഡെഡായെന്നും പല കള്ളങ്ങൾ കോളേജിലും കൂട്ടുകാരെയും വിളിച്ചു പറഞ്ഞു.
വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങളെല്ലാം മൊബൈൽ ആപ്പു വഴി വരുത്താൻ തുടങ്ങി. ‘ഐറ്റം ഡെലിവേഡ്’ എന്ന മെസ്സേജ് വരുമ്പോള്‍ വാതില്‍ തുറന്ന് സാധനമെടുത്ത് പെട്ടന്നകത്ത് കയറും. ഞങ്ങൾ പുറത്തിറങ്ങാത്തതു കൊണ്ട് ഈ ലോകത്തിനൊരു പ്രശ്നവുമില്ലായിരുന്നു. വിശാലമായ പുറം ലോകത്തെ ആരുമാരും ഞങ്ങളെ കാണുന്നില്ല. ആരുമാരും ഞങ്ങളെ തിരക്കുന്നുമില്ല. എല്ലാവരും അവരവരുടെ ശവപ്പെട്ടികള്‍ക്കുള്ളില്‍ ഞങ്ങളെ പോലെ കഴിഞ്ഞുകൂടുകയായിരിക്കുമെന്നു എനിക്ക് തോന്നി. അവിടെയും ഇതുപോലെ നാറ്റങ്ങൾ കാണുമായിരിക്കും. അവരുടെ നാറ്റം നമ്മളറിയാത്ത പോലെ, നമ്മുടേത് അവരും അറിയുന്നുണ്ടാവില്ല. എന്തായാലും വിചാരിച്ചത്ര ബുദ്ധിമുട്ടില്ലാതെ വളരെ വേഗത്തില്‍ ഞങ്ങളീ ജീവിതത്തോട് പൊരുത്തപ്പെട്ടു.
മാസങ്ങള്‍ എലിവാണം പോലെ പാഞ്ഞുപോയി. ഞാനേതാണ്ട് പഠിത്തം നിര്‍ത്തിയത് പോലായി കാര്യങ്ങള്‍. ഈ യുട്യൂബ് ചാനല്‍ തുടങ്ങാനുള്ള പ്ലാൻ അപ്പോഴാണുണ്ടായത്. പാഷനൊന്നുമല്ല, വീട്ടിലിരുന്നാലും വരുമാനം കിട്ടുന്ന ഒരു ഓണ്‍ലൈന്‍ സെറ്റപ്പ്. അത്രേയുള്ളൂ. ക്ലിക്കായാ പിന്നെ ജീവിതം പരമസുഖം. ശബ്ദവും വെളിച്ചവും പോലെ നാറ്റം വീഡിയോയില്‍ പതിയില്ലല്ലോ. നല്ലൊരു പേരിന് വേണ്ടി ഇത്രയും നാൾ കാത്തിരിക്കുവായിരുന്നു.
പുറത്തിറങ്ങുന്നില്ലെന്നത് ഒഴിച്ചാല്‍ അച്ഛന്റെയും അമ്മയുടെയും ജീവിതവും പഴയ പടിയായി. അച്ഛന്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളെഴുതിയും ക്ലബ് ഹൗസിൽ ലോക കാര്യങ്ങൾ സംവദിച്ചും ജീവിതം ക്രിയാത്മകമാക്കി. അമ്മയും സീരിയലുകളും റിയാലിറ്റി ഷോകളും കുറച്ച്, ക്ലബ് ഹൗസിലെ സ്ഥിരം സാന്നിധ്യമായി.
“അച്ഛാ, എലി കടിച്ചറുത്ത ആ ഹോൾ എന്തേലും വച്ചടക്കണ്ടേ? അതുവഴി ഇനീം വല്ലതും കേറിയാലോ?”
ഒരുദിവസം രാവിലെ കാപ്പികുടിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു. അച്ഛൻ മൊബൈൽ സ്ക്രീനീന്ന് ബലപ്പെട്ട് കണ്ണെടുത്തു കൊണ്ട് പറഞ്ഞു,
“ശരിയാ. ഞാനതങ്ങ് മറന്നു.”
കേട്ടുകൊണ്ടു വന്ന അമ്മ പെട്ടന്ന് പറഞ്ഞു, “ഇനിയിപ്പൊ അതടയ്ക്കണ്ടാ. പുറത്തേക്കാണെങ്കിലും ആകെ ഒരു വഴിയല്ലേ ഉള്ളൂ.”
അതും ശരിയാണല്ലോ എന്നോർത്തു കാപ്പിയൂതി കുടിക്കുമ്പോള്‍ പെട്ടന്നെന്റെ മനസ്സിലേക്ക് പുതിയ യൂട്യൂബ് ചാനലിന്റെ പേരിങ്ങനെ തെളിഞ്ഞു വന്നു