ഫിറ്റ്നെസ് നിലനിർത്തുന്നതിന് വ്യായാമത്തിന് പുറമെ ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കൊളസ്ട്രോൾ വർധിപ്പിക്കുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്‌യും.
ആരോഗ്യപരമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ചെറിയൊരു മാറ്റത്തിന് വിധേയമായിരിക്കുകയാണ്. മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന കാന്റീനിൽ ഇനി മുതൽ വറുത്തതും പൊരിച്ചെടുത്തതുമായ ഭക്ഷണങ്ങൾ ലഭിക്കില്ല. സമൂസ, ബ്രഡ് പക്കാവട തുടങ്ങിയവയെല്ലാം കാന്റീനിലെ മെനുവിൽനിന്ന് നീക്കം ചെയ്തിരിക്കുകയാണ്. പകരം ദാൽ ഛില്ല, ആരോഗ്യപ്രദമായ കറികൾ, മില്ലറ്റ് റൊട്ടികൾ, മില്ലറ്റ് പുലാവ് എന്നിവയെല്ലാമാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം തുച്ഛമായ വിലയ്‍ക്ക് ലഭിക്കുകയും ചെയ്‌യും. ദാൽ ഛില്ലയ്‍ക്ക് പത്ത് രൂപയാണ് വില. പ്രഭാതഭക്ഷണത്തിന് 25 രൂപയും ഉച്ചയൂണിന് 40 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മെനുവിലെ മാറ്റം തുടക്കം മാത്രമാണെന്നും ആളുകളുടെ പ്രതികരണം അറിഞ്ഞതിനുശേഷമായിരിക്കും പൂർണതോതിൽ നടപ്പാക്കുകയെന്നും മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധാലുവായ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ നീക്കത്തിന് പിന്നിൽ. മന്ത്രിയായതിന് ശേഷം ഇത് നടപ്പാക്കുന്നതിന് അദ്ദേഹം ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷം ഒക്‍ടോബറിലാണ് പുതിയ നീക്കത്തിന് അദ്ദേഹം അനുമതി നൽകിയത്.
സൈക്കിളിൽ പാർലമെന്റിൽ എത്തുന്ന മൻസുഖ് മാണ്ഡവ്യയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദിവസവും നിശ്ചിത സമയം വ്യായാമവും യോഗയും ചെയ്‌യുന്ന അദ്ദേഹം എല്ലാ ദിവസവും 20 കിലോമീറ്റർ സൈക്കിൾ സവാരി നടത്താറുമുണ്ട്.
Content highlights: no more fried foods at health ministry canteen