കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. ആലുവ കീഴ്മാട് പഞ്ചായത്തിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. പഞ്ചായത്തിലെ ആറാം വാർഡിലാണ് കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയത്.
എന്നാൽ അപ്പോഴേക്കും നാട്ടുകാരും കെ-റെയിൽ വിരുദ്ധ സമരക്കാരും ഇവിടേക്ക് എത്തി. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന സർവേ കല്ലുകൾ വാഹനത്തിൽ നിന്ന് പുറത്തിറക്കിയെങ്കിലും സമരക്കാർ ഇത് വാഹനത്തിലേക്ക് തിരിച്ച് കയറ്റുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ ആലുവയിൽനിന്ന് കൂടുതൽ പോലീസ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കല്ല് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതിന് അനുവദിക്കില്ലെന്ന നിലപാടുമായി പ്രതിഷേധക്കാരും നിലയുറപ്പിച്ചിട്ടുണ്ട്.
Content Highlights: Protest against KRail at Aluva