ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പോലും മറന്ന് ജോലി ചെയ്‌യുന്നവർ ധാരാളമുണ്ട്. കോവിഡ് തീർത്ത അപ്രതീക്ഷിത പ്രതിസന്ധി ഇവരുമേൽ കനത്തപ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടേക്കുള്ള യാത്രയിലാണ് അവർ.
പ്രായത്തിന്റെ അവശതകൾ മറന്ന് ഡൽഹിയിൽനിന്നുള്ള കടലമിഠായി വിൽപ്പനക്കാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. തണുപ്പുനിറഞ്ഞ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും അദ്ദേഹം കടലമിഠായി വിൽക്കുകയാണ്. ദഫൂഡിഹാറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിറയ്‍ക്കുന്ന കൈകളോടെ അദ്ദേഹം മിഠായി വിൽക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. ഡൽഹിയിലെ നെഹ്റു പ്ലെയ്സിലാണ് അദ്ദേഹം മിഠായി വിൽക്കുന്നത്. ഒരു കൂട് മിഠായിക്ക് പത്ത് രൂപയാണ് വില.
അദ്ദേഹത്തിന്റെ വീഡിയോ ബോളിവുഡ് നടി പരിതീനി ചോപ്രയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഡൽഹിയിലുള്ള തന്റെ സുഹൃത്തുക്കളാരെങ്കിലും അദ്ദേഹത്തിന്റെ സഹായിക്കണമെന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ച് പരിനീതി കുറിച്ചു.
ദഫുഡീഹാറ്റ് പങ്കുവെച്ച വീഡിയോ ഇതുവരെ 43 ലക്ഷം പേരാണ് കണ്ടത്. ഏഴുലക്ഷം പേർ വീഡിയോ ലൈക്ക് ചെയ്തു. ഈ മിഠായി വിൽപ്പനക്കാരനെ അഭിനന്ദിച്ച് നൂറുകണക്കിന് കമന്റുകളാണ് വീഡിയോയ്‍ക്ക് ലഭിച്ചത്. വലിയ കടയിൽനിന്ന് വാങ്ങുന്നതിനേക്കാൾ ഇവരുടെ അടുത്തുനിന്ന് മിഠായി വാങ്ങണമെന്ന് ഒരാൾ കമന്റ് ചെയ്തു. വീഡിയോ ഹൃദയ സ്പർശിയാണെന്ന് മറ്റൊരാൾ പറഞ്ഞു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് വേറൊരാൾ കമന്റ് ചെയ്തു.
Content highlights: delhi vendor selling sweets at ten has united desi viewers parineeti chopra share video