മൺചട്ടിയിൽ ചുട്ടെടുത്ത സ്പെഷ്യൽ കൈപ്പത്തിരിയും കപ്പയും ചെറുപയറും വാഴയ്‍ക്കയും ചേർത്ത പുഴുക്കും കഴിക്കണമെങ്കിൽ ചന്ദ്രേട്ടന്റെ അടുത്തേക്ക് പോരൂ… കാരന്തൂർ-കുന്ദമംഗലം റോഡിൽനിന്ന് താഴേക്കിറങ്ങി ചെറിയ പാലം കടന്ന് കോണോട്ടെത്തുമ്പോൾ ഒരു ഇടവഴിയിലൂടെ നടന്ന് ചന്ദ്രേട്ടന്റെ ചായക്കടയിലേക്കെത്താം. ഓലമേഞ്ഞും നിലത്ത് മണ്ണുപാകിയും പഴയകാലത്തെ ചായപ്പീടികയുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബെഞ്ചും റേഡിയോയിലെ പഴയപാട്ടുകളുമാണ് ഇവിടുത്തെ ആകർഷണം. ആകെ മൂന്ന് മേശകൾ മാത്രമേയുള്ളൂവെങ്കിലും ആളുകൾ കാത്തിരിക്കും ചന്ദ്രേട്ടന്റെ പുഴുക്കും മീൻപൊരിച്ചതും കഴിക്കാൻ.
ഇവിടുത്തെ സ്പെഷ്യൽ പുഴുക്കും പത്തിരിയുമാണ്. എങ്കിലും ചോറിനൊപ്പം കഴിക്കാനുള്ള ചിക്കൻ കറിയും കടുക്ക, ആകോലി, ചെമ്പല്ലി, അയല തുടങ്ങിയ മീൻപൊരി വിഭവങ്ങളന്വേഷിച്ചും ആളുകൾ എത്താറുണ്ട്. രാവിലെ 7.30 മുതൽ വൈകീട്ട് നാലുവരെ ഇവിടെ ചായയും ചോറുമടക്കം ഗംഭീരവിഭവങ്ങളാണ് നൽകുക. ഭാര്യ ഗീതയും മകൻ ധനേഷും ചേട്ടൻ സദാനന്ദനും വീടിനു തൊട്ടടുത്തുള്ള രണ്ടുപേരുമാണ് ചന്ദ്രേട്ടന് സഹായമായി ഇവിടെയുള്ളത്. ജില്ലയ്‍ക്കുപുറത്തുനിന്നുള്ളവർപോലും ചന്ദ്രേട്ടന്റെ ചായക്കടയിൽ എത്താറുണ്ട്. ഞായറാഴ്ച ചന്ദ്രേട്ടന്റെ ചായക്കടയ്‍ക്ക് അവധിയാണ്. അതിനാൽ ഏറ്റവും തിരക്ക് ശനിയാഴ്ചയിലാണ്. മറ്റുദിവസങ്ങളിൽ 300-ലധികം ആളുകൾ ഇവിടെ എത്താറുണ്ടെന്ന് ചന്ദ്രേട്ടൻ പറയുന്നു. 7.30 മുതൽ ഉച്ചയ്‍ക്ക് ഒരുമണിവരെ ചായയാണ്. അതു കഴിഞ്ഞാൽ വൈകീട്ട് നാലുവരെ ചോറും.
ചന്ദ്രേട്ടന്റെ വീടിന്റെ തൊട്ടടുത്തുതന്നെയാണ് ചായക്കട. ഇവിടെ 21 വർഷത്തോളമായി ചായക്കട നടത്തുന്നു. ഇത്ര ഉള്ളിലോട്ട് ചായക്കടവെച്ചാൽ ആളുകൾ എത്തുമോ എന്ന ചോദ്യത്തിന് ഉത്തരം ചന്ദ്രേട്ടൻ പറയേണ്ടതില്ല. അവിടെ കണ്ട തിരക്കുതന്നെ മറുപടി.
മീൻ പൊരിക്കുന്നതും പത്തിരിചുടുന്നതുമെല്ലാം നമുക്ക് കാണാം. ”ആളുകൾ മനസ്സറിഞ്ഞ് കഴിക്കുന്നതാണ് എനിക്കിഷ്ടം. അതാണ് മനസ്സിന് സന്തോഷവും. മടുപ്പുവരാതെ ആളുകൾ കഴിക്കണം” -33 വർഷത്തോളം ചായക്കട നടത്തുന്ന കോഴിക്കോട്ടുകാരുടെ സ്വന്തം ചന്ദ്രേട്ടൻ പറയുന്നു.
Content Highlights: local food of kerala, fish recipe, puzhukku, calicut food