കുഴൽമന്ദം: കോവിഡ് കാലത്ത് കച്ചവടമൊക്കെ കുറവായിരിക്കുമ്പോൾ നല്ലൊരു ഓർഡർ കിട്ടണേ എന്നാകും എല്ലാ ഹോട്ടലുടമകളുടെയും ചിന്ത. അങ്ങനെയിരിക്കുമ്പോൾ വരുന്ന ഓർഡർ എടുക്കുംമുമ്പ് രണ്ടുവട്ടമൊന്ന് ചിന്തിച്ചില്ലെങ്കിൽ കൈയിലുള്ളതുംകൂടി പോയേക്കാം. കുഴൽമന്ദം ചിതലി അഞ്ചുമുറിയിലെ ഹോട്ടലുടമയുടെ അനുഭവം ഇതാണ്.
കഴിഞ്ഞദിവസം സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലുടമയ്ക്ക് ഒരാളുടെ ഫോൺവിളി വന്നു. 20 പേർക്കുള്ള ഉത്തരേന്ത്യൻ ഭക്ഷണമാവശ്യപ്പെട്ട് ഹിന്ദിയിലായിരുന്നു സംസാരം. കോവിഡിന്റെ രഹസ്യ വിവരശേഖരണത്തിനായിവന്ന സൈനികസംഘത്തിന്റെ തലവനെന്നാണ് വിളിച്ചയാൾ പറഞ്ഞത്.
ഹോട്ടലുടമയെ വിശ്വസിപ്പിക്കാൻ സൈനികന്റേതെന്ന് തോന്നിപ്പിക്കുന്ന തിരിച്ചറിൽകാർഡ് വാട്സാപ്പിൽ അയയ്‍ക്കുകയും ചെയ്തു. രാത്രിയായിട്ടും ഭക്ഷണംകഴിക്കാൻ ഇവർ എത്താതിരുന്നതോടെ ഹോട്ടലുടമ വിളിവന്ന നമ്പറിലേക്ക് തിരിച്ചുവിളിച്ചു. ജോലിത്തിരക്കിൽ പെട്ടുപോയെന്നും ഭക്ഷണത്തിന്റെവില ഓൺലൈനിൽ അടയ്‍ക്കാമെന്നുമായിരുന്നു മറുപടി. ഇതിനായി എ.ടി.എം. കാർഡിന്റെ രണ്ടുവശത്തിന്റെയും ഫോട്ടോയെടുത്ത് അയച്ചുതരാനും പറഞ്ഞു.
തട്ടിപ്പിനുള്ള ശ്രമമാണോയെന്ന് സംശയംതോന്നിയ ഹോട്ടലുടമ എ.ടി.എം. കാർഡിന്റെ ഫോട്ടോ അയയ്‍ക്കാൻ തയ്‌യാറായില്ല. വീണ്ടും ഫോണിൽ അവരെ വിളിച്ചെങ്കിലും എടുത്തില്ല. പതിനായിരംരൂപ വിലവരുന്ന ഭക്ഷണവിഭവങ്ങളാണ് തയ്‌യാറാക്കിവെച്ചത്. ഇത് പാഴാവുകയും ചെയ്തു. തട്ടിപ്പിന് ശ്രമംനടന്നതായ വിവരം വ്യാപാരികളുടെ സമൂഹമാധ്യമ കൂട്ടായ്മയിൽ ഹോട്ടലുടമ പങ്കുവെച്ചു. ഇതുകണ്ട കുഴൽമന്ദം പ്രദേശത്തെ നാല് ഹോട്ടലുടമകൾ മുമ്പ് തങ്ങളെ ഇങ്ങനെ കബളിപ്പിക്കാൻ ശ്രമംനടന്നെന്ന കാര്യം വെളിപ്പെടുത്തി. ഉണ്ടാക്കിവെച്ച ഭക്ഷണവും അതിന്റെ ചെലവും അധ്വാനവും നഷ്ടപ്പെട്ടെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന ആശ്വാസത്തിലാണ് എല്ലാവരും.
കുഴൽമന്ദം പോലീസിൽ പരാതിനൽകിയതായി ഹോട്ടലുടമ പറഞ്ഞു. അന്വേഷണത്തിൽ ഉത്തർപ്രദേശിലെ വിലാസത്തിലുള്ള ഫോൺനമ്പരിൽനിന്നാണ് വിളി വന്നതെന്ന് മനസ്സിലായി.
Content Highlights: kuzhalmannam anjumuri hotel, food order, atm card fraud