തിരുവമ്പാടി: സമാനതകളില്ലാത്ത കരുണയുടെ പെരുമ തീർത്ത് നാട്ടിൻപുറങ്ങളിൽ ബിരിയാണി ചലഞ്ച് തരംഗം. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുക സ്വരൂപിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തേകുകയാണ് ബിരിയാണി, മന്തി ചലഞ്ചുകൾ. മഹാപ്രളയവും കോവിഡും തീർത്ത സാമ്പത്തികമാന്ദ്യം ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതോടെയാണ് പുത്തൻ ആശയം രൂപപ്പെടുന്നത്.
കാരുണ്യനിധിയിലേക്ക് നിർലോഭമായി സാമ്പത്തികസഹായം നൽകിവന്നിരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും എണ്ണം നന്നേകുറഞ്ഞ സാഹചര്യത്തിലാണ് ഭക്ഷ്യമേളകളിലൂടെ ധനം സ്വരൂപിക്കുന്നത് വ്യാപകമാകുന്നത്. പ്രവാസികളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നുമെല്ലാം ലഭിച്ചിരുന്ന സഹായങ്ങളും കുറഞ്ഞു. ഒരുനേരത്തെ ഉച്ചഭക്ഷണത്തിനുള്ള തുകയായി നിശ്ചിതസംഖ്യ ആളുകളിൽനിന്ന് മുൻകൂട്ടി ഈടാക്കി ഭക്ഷണം നേരിട്ടെത്തിക്കുകയാണ് ചെയ്‌യുന്നത്.
നൂറുരൂപയാണ് പൊതുവിൽ ചലഞ്ചിൽ ഇതിന് ഈടാക്കുന്നത്. നാടിന്റെ നന്മയെ മുൻനിർത്തി വിവിധ സന്നദ്ധസംഘടനകൾ ഒത്തൊരുമിച്ച് നടത്തുന്ന പരിപാടികളായതിനാൽ വൻ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. കഴിക്കുന്നവരുടെ വയറും വിറ്റവരുടെ മനവും നിറച്ച് ബിരിയാണി ചലഞ്ചുകൾ ആഘോഷമാകുന്നു. പതിനായിരക്കണക്കിന് ഭക്ഷണപ്പൊതികൾ വിറ്റഴിഞ്ഞ മേളകളുണ്ട്.
കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മലയോരപഞ്ചായത്തുകളിൽ ചെറുതും വലുതുമായി ഏതാണ്ട് അമ്പതിൽപ്പരം ബിരിയാണി ചലഞ്ചുകൾ നടന്നിട്ടുണ്ട്. ചെലവുകഴിഞ്ഞ് അമ്പതുലക്ഷത്തിലധികം രൂപ ലാഭമുണ്ടാക്കിയ സന്നദ്ധസംഘടനകൾ വരെയുണ്ട്. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളെക്കുറിച്ച് ജനങ്ങൾക്കുള്ള മതിപ്പും വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നിൽ.
കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ, ആംബുലൻസ്, സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങൾക്ക് വീട് നിർമിക്കൽ, കോവിഡ് പ്രതിരോധപ്രവർത്തനം, വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കൽ, റോഡ് വികസനം, ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമാണം തുടങ്ങി നീണ്ടുപോകുന്നു ബിരിയാണി ചലഞ്ചുകൾക്ക് പിന്നിലെ ആവശ്യങ്ങളുടെ പട്ടിക.
അരക്കോടിയിലേറെ ലാഭം
മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കഴിഞ്ഞവർഷം ചേന്ദമംഗലൂരിൽ നടത്തിയ ബിരിയാണി ചലഞ്ച് മേഖലയിലെ റെക്കോഡാണ്.
18 ലക്ഷം രൂപ ചെലവിൽ 71 ലക്ഷം രൂപ മൊത്തം സ്വരൂപിച്ചു. ചെലവുകഴിഞ്ഞു 53- ലക്ഷം രൂപ ബാക്കി ലഭിച്ചതായി കോ-ഓർഡിനേറ്റർ ടി.പി. അബൂബക്കർ പറഞ്ഞു. കിടപ്പുരോഗികളുടെ സാന്ത്വനപരിചരണരംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സംഘടനയായതിനാൽ വൻ ജനകീയപങ്കാളിത്തമാണുണ്ടായത്.
താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വികസനസമിതി വിവിധ പദ്ധതികൾക്കായി കഴിഞ്ഞയാഴ്ച നടത്തിയ ബിരിയാണി ചലഞ്ചിൽ 10-ലക്ഷം രൂപ സ്വരൂപിക്കാനായി. രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ ടീംസ് ഓഫ് നെല്ലാനിച്ചാൽ കഴിഞ്ഞദിവസം നടത്തിയ ബിരിയാണി ചലഞ്ചും വലിയ വിജയമായിരുന്നു.
സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ്., എസ്.വൈ.എസ്., വെസ്റ്റ് കൊടിയത്തൂർ ശിഹാബ് തങ്ങൾ മെമ്മോറിയൽ കൾച്ചറൽ സെന്റർ, മുതപ്പറമ്പ് ജനകീയ കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെ ഈയിടെ നടന്ന ബിരിയാണി ചലഞ്ചുകളും വൻവിജയമായവയാണ്. പുല്ലൂരാംപാറ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസിനായി അടുത്തമാസം മന്തി ചലഞ്ച് നടത്തുന്നുണ്ട്.
Content highlights: biriyani challenge for collecting money, to help poors