നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. കെഎസ്ഇബിയുടെ നിലനിൽപ്പ് കൂടി പരിഗണിക്കേണ്ടതുണ്ട്. വൈദ്യുതി നിരക്കുമായുള്ള എല്ലാ സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. ചെലവ് ചുരുക്കാൻ കഴിയുമോ എന്ന് പഠിക്കും. ജീവനക്കാർക്ക് ശബളമുൾപ്പെടെ നൽകേണ്ടതുണ്ട്. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വിഷയത്തിൽ തീരുമാനം ഉണ്ടാകുകയെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയ ശേഷമാകും നിരക്കിലെ മാറ്റങ്ങൾ തീരുമാനിക്കുക. ചെറിയ വർധനയുണ്ടായാലും അതിശയിക്കാനില്ല. കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. അഞ്ച് പദ്ധതികൾ ഈ വർഷം ഉണ്ടാകും. ആതിരപ്പള്ളി പോലെയുള്ള വിവാദ പദ്ധതികൾ തൽക്കാലമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
വൈദ്യതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ച് വർഷത്തേക്ക് പരാമാവധി ഒന്നര രൂപയുടെ വർധനയാണ് ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചിയിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബി തയ്യാറാക്കി താരിഫ് പെറ്റീഷൻ അംഗീകാരത്തിനായി റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കാനിരിക്കെയാണ് വിഷയത്തിൽ മന്ത്രി പ്രതികരണം നടത്തിയത്.