രണ്ട് വർഷത്തോളമായി ലോകം കോവിഡ് 19 എന്ന മഹാമാരിയോട് പടപൊരുതാൻ തുടങ്ങിയിട്ട്. ഒന്നും രണ്ടും തരംഗങ്ങൾ പിന്നിട്ട് മൂന്നാം തരംഗത്തിന്റെ പിടിയിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ. ഇക്കാലയളവിൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഭക്ഷണങ്ങളെക്കുറിച്ച് നമ്മൾ ഒട്ടേറെ വായിച്ചിട്ടുണ്ട്. എന്നാൽ, ശരീരത്തിന്റെ രോഗപ്രതിരോധശേഷി നശിപ്പിച്ചു കളയുന്ന ചില ഭക്ഷണങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ഉപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ
ചിപ്സുകൾ, തണുപ്പിച്ച ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ കുറയ്ക്കും. ശരീരത്തിലെ കോശങ്ങളിൽ വീക്കമുണ്ടാകുകയും രോഗങ്ങൾ വേഗത്തിൽ പിടിപെടുന്നതിന് കാരണമാകുകയും ചെയ്യും. അമിതമായി ഉപ്പ് ശരീരത്തിലെത്തുന്നത് നമ്മുടെ സാധാരണപ്രതിരോധപ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വറുത്ത ഭക്ഷണങ്ങൾ
വറുത്തഭക്ഷണങ്ങളിൽ എണ്ണയുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾക്ക് കാരണമാകും. കോശങ്ങളിൽ വീക്കത്തിന് കാരണമാകുമെന്നതിനു പുറമെ ശരീരത്തിന്റെ ആന്റി ഓക്സിഡന്റ് സംവിധാനത്തെ ക്ഷയിപ്പിക്കുയും ചെയ്യും. ഇത് രോഗപ്രതിരോധസംവിധാനം വളരെ സാവധാനം പ്രവർത്തിക്കാൻ കാരണമാകും.
മിഠായികൾ
ദഹനവ്യവസ്ഥയ്ക്കും പല്ലിനും മാത്രമല്ല മിഠായികൾ ഹാനികരം. നമ്മുടെ രോഗപ്രതിരോധശേഷിയെ തകർക്കാനും മിഠായികൾക്കു കഴിയും. മിഠായികളിൽ അടങ്ങിയിരിക്കുന്ന കൂടിയ അളവിലെ മധുരം പുറത്തുനിന്നെത്തുന്ന ബാക്ടീരിയകളെ പ്രതിരോധിക്കുന്നതിൽനിന്ന് രോഗപ്രതിരോധകോശങ്ങളെ തടയുന്നു.
സോഡ/ എയറേറ്റഡ് പാനീയങ്ങൾ
സോഡ പോലുള്ള എയറേറ്റഡ് പാനീയങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും. കാർബണേറ്റഡ് പാനീയങ്ങളിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുമെന്നും അരോഗ്യവിദഗ്ദർ പറുന്നു. രോഗപ്രതിരോധകോശങ്ങളെ സജീവമാക്കി നിലനിർത്തുന്നതിന് കാൽസ്യത്തിന് വലിയ പങ്കുണ്ട്. അതായത് ശരീരത്തിൽ കാൽസ്യം കുറവെങ്കിൽ രോഗപ്രതിരോധശേഷിയും കുറവായിരിക്കും.
മദ്യം
ബിയർ, വൈൻ മുതലായവ നമ്മുടെ ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളോട് പ്രതികരിക്കുന്നവയാണ്. മദ്യം അമിതമായി ശരീരത്തിൽ എത്തുന്നത് രക്തത്തിലെ പഞ്ചാസയുടെയും സമ്മർദ ഹോർമോണിന്റെയും അളവ് വർധിപ്പിക്കും. ഇൻസുലിന്റെ അളവും ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശരിയായ രീതിയിൽ പ്രവർത്തിക്കാൻ മദ്യം അനുവദിക്കുന്നില്ല. അമിതമായി മദ്യപിക്കുന്നവരിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
Content highlights: say no to these foods to strengthen immunity covid 19