ബാലുശ്ശേരി: പാചകവാതകത്തിന്റെയും ഭക്ഷ്യസാധനങ്ങളുടെയും വില കുതിച്ചുകയറിയതിനൊപ്പം മാസങ്ങളായി സർക്കാർ സബ്സിഡികൂടി മുടങ്ങിയതോടെ സംസ്ഥാനസർക്കാരിന്റെ അഭിമാനപദ്ധതിയായ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ കടക്കെണിയിൽ. സബ്സിഡിയിനത്തിൽ ലക്ഷങ്ങൾ കിട്ടാതായതോടെ പലചരക്ക്, പച്ചക്കറിക്കടകളിലും മത്സ്യമാർക്കറ്റിലുമൊക്കെയായി വൻ തുകയാണ് ഹോട്ടൽ നടത്തിപ്പുകാരായ സ്ത്രീകൾ കൊടുക്കാനുള്ളത്.
50,000 മുതൽ 25 ലക്ഷം വരെ സബ്സിഡി കിട്ടാനുള്ള ഹോട്ടലുകളുണ്ട്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും പ്രതിസന്ധിയുണ്ട്. മൂന്നുമുതൽ ആറു മാസംവരെയാണ് വിവിധ ജില്ലകളിൽ സബ്സിഡി വിതരണം മുടങ്ങിയത്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 2020-21 ബജറ്റിലാണ് കുടുംബശ്രീ വഴി 1000 ഹോട്ടലുകൾ തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. 20 രൂപ നിരക്കിൽ രണ്ട് ഒഴിച്ചുകറിയും ഉപ്പേരിയും അച്ചാറുമടങ്ങിയ ഉച്ചയൂണ് കിട്ടിയതോടെ സാധാരണക്കാർ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പല തദ്ദശസ്വയംഭരണ സ്ഥാപനങ്ങളും ഒന്നിൽക്കൂടുതൽ ഹോട്ടലുകൾ തുറന്നതിനാൽ ഇപ്പോൾ സംസ്ഥാനത്താകെ 1171 എണ്ണം പ്രവർത്തിക്കുന്നുണ്ട്. ദിവസം രണ്ടുലക്ഷത്തോളംപേരാണ് നിലവിൽ ഇവയെ ആശ്രയിക്കുന്നത്.
20 രൂപയ്‍ക്ക് ഊൺ കൊടുക്കുമ്പോൾ 10 രൂപയാണ് സർക്കാർ നൽകേണ്ടത്. മാസത്തിൽ ആറുകോടിരൂപയോളമാണ് ഇതിനു കണ്ടെത്തേണ്ടത്. പല ജില്ലകളിലും ഒരു ഹോട്ടലിൽനിന്നുതന്നെ ആയിരത്തിലേറെപ്പേർക്ക് ഊണ് വിതരണം ചെയ്‌യുന്നുണ്ട്. ആറുമാസത്തെ തുകയായ 20-25 ലക്ഷം രൂപയാണ് ഇത്തരത്തിൽ വലിയ കച്ചവടം നടക്കുന്ന യൂണിറ്റുകൾക്ക് കിട്ടാനുള്ളത്. പലചരക്ക്- പച്ചക്കറിക്കടയിൽ 20 ലക്ഷംരൂപവരെയാണ് ഇവരുടെ ബാധ്യത. സപ്ലൈകോവഴി കുറഞ്ഞ നിരക്കിൽ റേഷനരി സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകൾ താത്‌പര്യം കാണിക്കാത്തതിനാൽ പൊതുവിപണിയിൽനിന്ന് തന്നെയാണ് അരി വാങ്ങുന്നത്. മറ്റുഹോട്ടലുകളിൽ 50 രൂപ ഈടാക്കുന്ന ചോറ് 20 രൂപയ്‍ക്ക് നൽകേണ്ടിവരുമ്പോൾ ലാഭമുണ്ടാക്കാൻ കഴിയാറില്ലെങ്കിലും പൊരിച്ച മീൻ, ചിക്കൻ, ബീഫ് തുടങ്ങിയ പ്രത്യേകവിഭവങ്ങളിലൂടെയാണ് ഇവർ പിടിച്ചുനിൽക്കുന്നത്.
സബ്സിഡി ഇനിയും കിട്ടിയില്ലെങ്കിൽ ഹോട്ടൽ അടച്ചിടുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് പല യൂണിറ്റുകളും പറയുന്നത്. എന്തുചെയ്‌യണമെന്ന ചോദ്യവുമായി കുടുംബശ്രീ ജില്ലാമിഷൻ ഓഫീസുകളിലേക്ക് വിളിക്കുന്ന ഇവർക്ക് പണമെത്തിയിട്ടില്ല എന്ന മറുപടിമാത്രമാണ് ലഭിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് കാലയളവിൽ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി മൂന്നുമാസത്തോളം സബ്സിഡി നൽകിയിരുന്നില്ല. ജൂണിലാണ് ഇത് കൊടുത്തുതീർത്തത്. മിക്ക ജില്ലകളിലും അതിനുശേഷം തുക വിതരണം ചെയ്തിട്ടില്ല. ഈ വർഷം 60 കോടി രൂപ ആവശ്യപ്പെട്ടതിൽ 20 കോടി മാത്രമാണ് സർക്കാർ അനുവദിച്ചതെന്നും ലഭ്യമായ തുക മുഴുവൻ ജില്ലാ മിഷനുകൾക്ക് കൈമാറിയിട്ടുണ്ടെന്നും കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ് അധികൃതർ അറിയിച്ചു.
Content highlights: kudumbasree popular hotels are in debt lakhs of government subsidy to be received