തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. തുടർഭരണം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും പുതിയ സർക്കാർ അത്ര പോരെന്നും പ്രതിനിധികൾ വിമർശിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പൊതുചർച്ചയിലാണ് സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള ചില ആശങ്കകളും വിമർശങ്ങളും പ്രതിനിധികൾ ഉന്നയിച്ചത്.
ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ തുടർഭരണത്തിലൂടെ അധികാരത്തിലേറിയ രണ്ടാം സർക്കാർമികവുതെളിയിക്കുന്നില്ലെന്നാണ് മിക്ക ഏരിയകളിൽ നിന്നും സംസാരിച്ച പ്രതിനിധികൾ വിമർശിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിൽ ഒരു ചടുലതയും ഊർജവുമുണ്ടായിരുന്നു. എന്നാൽ പുതിയ സർക്കാർ ഇതുവരെയും അത്തരത്തിലൊരു ചലനശേഷി പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ട്. തദ്ദേശഭരണ വകുപ്പ് നിർജീവമാണെന്നും വിമർശമുണ്ടായി.
കെ-റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിക്കും മരുമകനും കമ്മീഷൻ തട്ടാനാണ് കെ-റെയിൽ പദ്ധതിയെന്ന് രാഷ്ട്രീയ എതിരാളികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിനെ വേണ്ടവിധം പ്രതിരോധിക്കാൻ സർക്കാരിനും പാർട്ടിക്കും കഴിയുന്നില്ല. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സാധിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
Content highlights: CPM Thiruvananthapuram district conference criticizes government