കൊച്ചി: പത്ത് വർഷം മുമ്പാണ്… എട്ടാം ക്ലാസുകാരനായ ശങ്കർ സ്കൂളിൽനിന്നു വന്നത് പുതിയൊരു ആവശ്യവുമായാണ്, നാളെ എനിക്കുള്ള ചോറിനു പുറമേ ഒരു പൊതിച്ചോറും കൂടി വേണം. അതുകേട്ട് അച്ഛൻ അനിൽകുമാർ അന്തംവിട്ടു. എന്തിനാ അത് എന്നു ചോദിച്ചപ്പോൾ, സ്കൂളിൽനിന്ന് പറഞ്ഞതാണെന്ന് ശങ്കറിന്റെ മറുപടി. അനിൽകുമാർ, മകൻ പഠിക്കുന്ന കലൂർ മോഡൽ ടെക്നിക്കൽ സ്കൂളിലേക്ക് ഫോൺ ചെയ്തു. ഭക്ഷണം കിട്ടാതെ വലയുന്ന പാവപ്പെട്ടവർക്ക് നൽകാനാണെന്ന് മറുപടി ലഭിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നൽകുന്ന ഡോ. എൻ.ആർ. മേനോനാണ് പൊതിച്ചോർ വിതരണത്തിന് മുൻകൈയെന്നും അറിഞ്ഞു.
ഡോ. മേനോനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ, ഇടപ്പള്ളി നൈസ് കെമിക്കൽസിലെ ജനറൽ മാനേജരായ ഡോ. അനിൽകുമാറിന് തന്റെ സ്ഥാപനം വഴിയും പാവപ്പെട്ടവർക്ക് പൊതിച്ചോർ നൽകണമെന്നു തോന്നി. ജീവനക്കാരുമായി സംസാരിച്ചു. അവരും തയ്യാർ. അങ്ങനെ 2011 ഡിസംബർ 19-ന് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് വിശന്നിരുന്നവർക്ക് അനിൽകുമാറും സംഘവും ചേർന്ന് പൊതിച്ചോർ വിതരണം ചെയ്തു. അതൊരു തുടക്കമായിരുന്നു, ആ സ്നേഹമൂട്ട് പത്ത് വർഷമായി തുടരുന്നു. ഡോ. എൻ.ആർ. മേനോനും ലൗ ആൻഡ് കെയർ സംഘടനയും ഇപ്പോഴും ഒപ്പമുണ്ട്.
മാസത്തിലൊരിക്കലാണ് അമ്പതുപേർക്ക് പൊതിച്ചോർ വിതരണം ചെയ്യാറുള്ളത്. എല്ലാ മാസവും 14-ന് അല്ലെങ്കിൽ 15-ന് എറണാകുളം നഗരത്തിൽ പൊതിച്ചോറുകളുമായി അവരെത്തും. ഇപ്പോൾ ഇടപ്പള്ളി നൈസ് കെമിക്കൽസിനു പുറമേ സഹോദര സ്ഥാപനമായ ചേരാനെല്ലൂർ സ്റ്റെർലിങ് പ്രിന്റ് ഹൗസും ഇതിൽ പങ്കാളികളാണ്.
സത്യത്തിൽ അമ്പതിലധികം പേർക്ക് പൊതിച്ചോർ നൽകാൻ സാധിക്കും. പക്ഷേ, പൊതിച്ചോർ 12-നും രണ്ടിനുമിടയിൽ വിതരണം ചെയ്തുകഴിഞ്ഞില്ലെങ്കിൽ കേടാകും. അതാണ് അമ്പതിൽ നിർത്തിയിരിക്കുന്നത് – അനിൽകുമാർ പറയുന്നു.
നൈസ് കെമിക്കൽസിലും സ്റ്റെർലിങ് പ്രിന്റ് ഹൗസിലുമായി 250 ജീവനക്കാരുണ്ട്. ആരോടും നിർബന്ധം പറയാറില്ല. ചിലർ 20 രൂപ തരും. മറ്റു ചിലർ 200 രൂപ തരും.
ആ തുക സമാഹരിച്ചാണ് അന്നമൂട്ടിന് പണം കണ്ടെത്തുന്നത്. പത്ത് വർഷത്തിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ വന്നപ്പോൾ മാത്രമാണ് പൊതിച്ചോർ വിതരണം മുടങ്ങിയത്. അപ്പോഴും അനിൽകുമാറും സംഘവും അരിയും പലവ്യഞ്ജനങ്ങളും പാവപ്പെട്ടവർക്ക് വാങ്ങി നൽകി. നിയന്ത്രണങ്ങൾ മാറിയപ്പോൾ വീണ്ടും പൊതിച്ചോർ വിതരണം തുടങ്ങി. സൗത്ത്-നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് വിതരണമിപ്പോൾ.
ബെർത്ത് ഡേ ഹാപ്പിയാകാൻ
ജീവനക്കാരുടെ പിറന്നാളിന്റെയന്ന് കമ്പനിയിൽ നിന്ന് അവർക്ക് സമ്മാനം നൽകാറുണ്ട്. ആ ദിവസം അവർ കമ്പനിയിൽ മധുരം വിതരണം ചെയ്യും. മധുരത്തിനു പകരം, അതിന് ചെലവാകുന്ന പണം കൂടി പൊതിച്ചോർ വിതരണത്തിലേക്ക് മാറ്റാനാണ് ജീവനക്കാർ ഒന്നടങ്കം തീരുമാനിച്ചിരിക്കുന്നത്. ഈ തുക നിക്ഷേപിക്കാൻ കാരുണ്യനിധി എന്ന പേരിൽ ഒരു കുടുക്കയും കമ്പനിയിൽ വെച്ചിട്ടുണ്ട്.
ലൗ ആൻഡ് കെയർ
ഓണം, വിഷു പോലുള്ള വിശേഷാവസങ്ങളിൽ അഗതിമന്ദിരങ്ങളിൽ സദ്യ നൽകും. ജീവനക്കാരുടേതുൾപ്പെടെയുള്ള വീടുകളിൽ അധികം ഉപയോഗിക്കാത്ത നല്ല തുണിത്തരങ്ങൾ അലക്കി തേച്ച് ഭംഗിയാക്കി തീരെ പാവപ്പെട്ടവരുടെ വീടുകളിൽ എത്തിക്കും. മേനോൻ സാറാണ് പ്രചോദനം, അതിൽനിന്നാണ് ഇതെല്ലാം നടക്കുന്നതും – അനിൽകുമാർ പറയുന്നു.
Content highlights: food serves in ernakulam nice chemicals sterling print house dr n r menon